Wednesday, August 24, 2011

789 വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍

  25-Aug-2011
കാസര്‍കോട്: ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 789 വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്യും. സാമൂഹ്യ സുരക്ഷാ മിഷനാണ് സൈക്കിള്‍ നല്‍കുന്നത്. ജില്ലയിലെ പട്ടികവര്‍ഗക്കാരായ 206 അവിവാഹിതരായ അമ്മമാരെ പുനരധിവസിപ്പിക്കാന്‍ സ്വയം തൊഴിലും മറ്റു വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കാന്‍ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ 3.75 കോടി രൂപയുടെ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചു. പട്ടികവര്‍ഗക്കാരുടെ പണി തീരാത്ത 124 വീടുകളുടെ പണി ഉടന്‍ പൂര്‍ത്തിയാക്കും. റേഷന്‍ കാര്‍ഡില്ലാത്ത 1,450 ആദിവാസി കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് ലഭ്യമാക്കാന്‍ പട്ടികവര്‍ഗ വികസന വകുപ്പിലെ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. ജില്ലയിലെ മൂന്ന് പ്രീമെട്രിക് ഹോസ്റ്റലുകളിലും ടിവിയും കംപ്യൂട്ടറും സ്ഥാപിക്കും.

സംഘപഠനത്തിന് പാഠക്കുറിപ്പുകള്‍ നല്‍കും

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വിജയോത്സവം പരിപാടിക്ക് പാഠക്കുറിപ്പുകള്‍ തയ്യാറാക്കുന്ന ശില്പശാലയ്ക്ക് തുടക്കമായി. ഓണപ്പരീക്ഷ കഴിഞ്ഞ് സ്‌കൂളുകളില്‍ നടക്കുന്ന പിയര്‍ ഗ്രൂപ്പ് പഠനത്തിന് പാഠക്കുറിപ്പുകള്‍ വിതരണം ചെയ്യും. ദിവസവും വൈകിട്ട് ഒരു മണിക്കൂര്‍ വീതമാണ് സംഘപഠനം. ഇതിന് നേതൃത്വം നല്‍കുന്ന പിയര്‍ഗ്രൂപ്പ് ലീഡര്‍മാര്‍ക്ക് ബ്ലോക്ക്തലത്തില്‍ പരിശീലനം നല്‍കും. മൂന്നു ഘട്ടമായി പാഠക്കുറിപ്പുകള്‍ വിതരണം ചെയ്യും.

പഠന പിന്നാക്കക്കാര്‍ക്ക് പ്രത്യേക പരിശീലന ക്യാമ്പുകള്‍ ജില്ലാതലത്തില്‍ വിവിധ കേന്ദ്രങ്ങളിലായി സംഘടിപ്പിക്കാനും ശില്പശാലയില്‍ തീരുമാനമായി.
ഓണപ്പരീക്ഷ താറുമാറാക്കുന്നവര്‍ക്കെതിരെ നടപടി വേണം -കെ.പി.എസ്.ടി.യു.

കാഞ്ഞങ്ങാട്: ഓണപ്പരീക്ഷയെ താറുമാറാക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് കേരള പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

കുട്ടികളുടെ "സമ്പൂര്‍ണ"യും അധ്യാപകര്‍ക്ക് ഇത് ദുരിതകാലം

പാലക്കാട്: ഓണപ്പരീക്ഷാ പ്രഹസനം നടത്തി അധ്യാപകരെയും കുട്ടികളെയും ഒരുപോലെ വലച്ച സര്‍ക്കാര്‍ , ഇപ്പോള്‍ കുട്ടികളുടെ സമ്പൂര്‍ണവിവരശേഖരണത്തിലൂടെ മറ്റൊരു ദുരിതം കൂടി അടിച്ചേല്‍പ്പിക്കുന്നു. 31നുള്ളില്‍ എല്ലാ കുട്ടികളുടെയും പൂര്‍ണവിവരങ്ങള്‍ ശേഖരിച്ച് നല്‍കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്. ഒരാഴ്ചയായി ഓണപ്പരീക്ഷയുടെ പിറകെയായിരുന്ന അധ്യാപകര്‍ക്ക് ഇനിയും അതിന്റെ മുഴുവന്‍ ജോലിയും ചെയ്ത്തീര്‍ക്കാനായിട്ടില്ല. ഇപ്പോഴും പരീക്ഷ തുടരുന്നതിനാല്‍ ഒരുദിവസംപോലും ഇതിന്റെ തിരക്കില്‍നിന്ന് മാറിനില്‍ക്കാന്‍ അധ്യാപകര്‍ക്ക് കഴിയില്ല. ഇതിനിടയിലാണ് വിവരശേഖരണത്തിന്റെ അധികഭാരം കൂടി അടിച്ചേല്‍പ്പിച്ചത്. ഓരോ വിദ്യാര്‍ഥിയും മുമ്പ് പഠിച്ച വിദ്യാലയത്തിലെ വിവരങ്ങള്‍ , ഇപ്പോഴത്തെ വിവരങ്ങള്‍ എന്നിവയ്ക്ക് പുറമെ വിദ്യാര്‍ഥിയുടെ രക്തഗ്രൂപ്പ്, പ്രതിരോധകുത്തിവയ്പ്പ് നല്‍കിയ തീയതി എന്നിവയും ശേഖരിക്കണം. "സമ്പൂര്‍ണ ഫോര്‍മാറ്റ്" എന്ന് പേരിട്ടിരിക്കുന്ന ഇതിന്റെ ജോലികള്‍ 31നകം തീര്‍ക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ സമയത്തിനകം ഇത്രയും വിരങ്ങള്‍ ശേഖരിച്ച് നല്‍കുകയെന്നത് അപ്രായോഗികമാണെന്നാണ് അധ്യാപകര്‍ പറയുന്നത്. ഓണപ്പരീക്ഷയുടെ ചോദ്യപേപ്പറിനായി ഓടിയ അധ്യാപകര്‍ ഇപ്പോള്‍ "സമ്പൂര്‍ണ"യുടെ പിറകേ ഓടുകയാണ്. വിലപ്പെട്ട അധ്യയനദിനങ്ങള്‍ നഷ്ടപ്പെടുത്തി നടത്തുന്ന ഓണപ്പരീക്ഷ അധ്യാപകര്‍ക്ക് പരീക്ഷണമായ ഘട്ടത്തിലാണ് മറ്റൊരു ദുരിതംകൂടി അധ്യാപകരുടെ തലയില്‍ കെട്ടിവയ്ക്കുന്നത്. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ എസ്എസ്എല്‍സി പരീക്ഷയുടെ നടത്തിപ്പുപോലും അപഹാസ്യമാക്കിയവര്‍ മൂല്യനിര്‍ണയരീതി അട്ടിമറിക്കാന്‍ നടത്തുന്ന ബോധപൂര്‍വമായ ഇടപെടലാണ് ഈ പരീക്ഷയെന്ന് കെഎസ്ടിഎ കുറ്റപ്പെടുത്തി. അധ്യാപകരെ വലയ്ക്കുന്ന ഇത്തരം കണക്കെടുപ്പുകള്‍ നടത്തുന്നതിന് അനുയോജ്യമായ സമയം കണ്ടെത്തണമെന്നും സമ്പൂര്‍ണ കണക്കെടുപ്പിന്റെ വിവരശേഖരണത്തിനുള്ള സമയം സെപ്തംബര്‍ 30 വരെ ദീര്‍ഘിപ്പിക്കണമെന്നും കെഎസ്ടിഎ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

No comments: