Sunday, August 28, 2011

കുടിവെള്ള ഗുണനിലവാര പരിശോധനാ പരിപാടി

29 Aug 2011

മീനങ്ങാടി: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെയും എന്‍.എസ്.എസ്.യൂണിറ്റിന്റെയും നേതൃത്വത്തില്‍ ടൗണില്‍ ജലസുരക്ഷാ പരിപാടി സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് വേണുഗോപാല്‍, പി.ടി.ജോസ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എം.കെ.രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിലെ 19 വാര്‍ഡുകളിലെയും കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കും.
 
 
 
വാരാമ്പറ്റ ഗവ. യു.പി.യില്‍ 'എല്ലാവരും പാടത്തേക്ക്' തുടങ്ങി

വാരാമ്പറ്റ: ഗവ. യു.പി.സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ 'എല്ലാവരും പാടത്തേക്ക്' പദ്ധതി തുടങ്ങി.
കൃഷിഓഫീസര്‍ കെ. മമ്മുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.കെ. മമ്മുട്ടി അധ്യക്ഷതവഹിച്ചു. ഇക്കോ ക്ലബ്കണ്‍വീനര്‍ ബിനോയ് ബേബി, മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍ ടി.വി. ഷിനൂബ്, എം.കെ. കമലാദേവി, കെ.എം. പ്രകാശന്‍, ഒ.നാസര്‍, രവി, എം.പി. മനോജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.ആദിവാസി ഊരുകളില്‍നിന്നെത്തിയ തുടിവാദ്യകലാകാരന്മാരുടെ വാദ്യത്തോടെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് 'കമ്പളനാട്ടി' പുനരാവിഷ്‌കരിച്ചു. വികസനക്കുതിപ്പില്‍ പ്രകൃതിയെ മറക്കുന്ന വര്‍ത്തമാനകാല സമൂഹത്തിന് കൃഷിയുടെ ആവേശം മനസ്സിലാക്കാന്‍ വേണ്ടിയാണ് സംഗീതത്തിന്റെ അകമ്പടിയോടെ നാട്ടിപ്പണി ചെയ്തത്. കുട്ടികള്‍ വയലില്‍ ഇറങ്ങിയത് വാരാമ്പറ്റ ഗ്രാമത്തിന് നവ്യാനുഭവമായി. 
ആരോഗ്യ ശുചിത്വ സര്‍വേയും ബോധവത്കരണ ക്ലാസ്സും

തേറ്റമല: ഗവ.യു.പി.സ്‌കൂള്‍ സീഡ് ക്ലബ്ബിന്റെയും ഗ്രീന്‍ ക്രോസിന്റെയും നേതൃത്വത്തില്‍സ്‌കൂളിനു സമീപത്തുള്ള ബട്ടേരിക്കുന്ന് കോളനിയില്‍ ആരോഗ്യ ശുചിത്വ സര്‍വേയും ബോധവത്കരണ ക്ലാസ്സും നടത്തി.
കോളനി നിവാസികളുടെ പ്രശ്‌നങ്ങള്‍ അടുത്തറിയാന്‍ വിദ്യാര്‍ഥികള്‍ നടത്തിയ യാത്രയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തെത്തിയത്. ഇരുപതോളം കുടുംബങ്ങള്‍ അധിവസിക്കുന്ന കോളനിയില്‍ യാതൊരു അടിസ്ഥാന സൗകര്യവുമില്ല. ഒറ്റ വീടുകള്‍ക്കും കക്കൂസോ, കിണറുകളോ ഇല്ല. കുടിവെള്ളത്തിനായി കേണികളെയാണ് ആശ്രയിക്കുന്നത്.ജില്ലയില്‍ കോളറ പോലുള്ള മാരക രോഗങ്ങള്‍ പിടിപെടുന്ന സാഹചര്യത്തില്‍ കോളനികളില്‍ ജലവിതരണ സംവിധാനമുണ്ടാക്കണം. കക്കൂസുകള്‍ നിര്‍മിച്ച് നല്‍കുകയും വേണം. ഇക്കാലത്ത് കക്കൂസുകളോ കൂടി വെള്ള സൗകര്യമോ ഇല്ലാത്ത കോളനികളുടെ വികസന കാര്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് സീഡ് ക്ലബ്ബംഗങ്ങള്‍.
സര്‍വേയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പി.ടി.എ.പ്രസിഡന്റ് ആര്‍.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സീഡ് കോ.ഓര്‍ഡിനേറ്റര്‍ വി.വി. അജിദര്‍, പ്രധാനാധ്യാപകന്‍ കെ.സത്യന്‍, കെ.ആര്‍.ഹര്‍ഷിന്‍, ഷിനറ്റ് ജോണി, കെ.പി.റമീസ് തുടങ്ങിയവര്‍ സര്‍വേക്ക് നേതൃത്വം നല്‍കി.
 
പൊതുവിദ്യാലയങ്ങളും വിദ്യാഭ്യാസവും സംരക്ഷിക്കണം- ജനകീയ സദസ്
തൊടുപുഴ: പൊതുവിദ്യലായങ്ങളും പൊതുവിദ്യാഭ്യാസവും സംരക്ഷിക്കണമെന്ന ആഹ്വാനംനല്‍കി ജനകീയ വിദ്യാഭ്യാസ സദസ്. കേരളാ വിദ്യാഭ്യാസ സമിതി ജില്ലാഘടകത്തിന്റെ ആഭിമുഖ്യത്തില്‍ വാഴത്തോപ്പില്‍ നടന്ന ജനകീയ വിദ്യാഭ്യാസ സദസാണ് പൊതുനന്മയിലേക്കും മേന്മയിലേക്കും വിദ്യാഭ്യാസത്തെ കൊണ്ടുപോകേണ്ട ആവശ്യത്തിലേക്ക് വിരല്‍ചൂണ്ടിയത്. ജനകീയ വിദ്യാഭ്യാസ സദസ് കെ കെ ജയചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. രാജ്യത്തിനാകെ മാതൃകയായിട്ടുള്ളതാണ് കരളത്തിന്റെ പൊതുവിദ്യാലയങ്ങളും പൊതു വിദ്യാഭ്യാസവുമെന്ന് ജയചന്ദ്രന്‍ പറഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഇടതുപക്ഷ പ്രസ്ഥാനം വലിയ സംഭാവന നല്‍കിയിട്ടുണ്ട്. മിഷനറിമാരും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിന് സംഭാവന നല്‍കിയിട്ടുണ്ട്. ജനകീയ വിദ്യാഭ്യാസത്തിന്റെ അടിത്തറ വിപുലപ്പെടുത്തുകയും അതിനനുയോജ്യമായ വിദ്യാഭ്യാസ ഘടന രൂപപ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നത് 1957ലെ ഈഎംഎസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്. പതിറ്റാണ്ടുകളുടെ ശ്രമഫലമായി കേരളം ആര്‍ജിച്ച വിദ്യാഭ്യാസ നേട്ടങ്ങള്‍ തകര്‍ക്കപ്പെടുകയാണ്. സിബിഎസ്സി മേഖലയില്‍ അനിയന്ത്രിതമായി സ്കൂളുകള്‍ അനുവദിക്കാനുള്ള തീരുമാനം ഈ രംഗത്ത് കുത്തകകള്‍ക്ക് കടന്നുവരാനുള്ള സാഹചര്യം, പാഠ്യപദ്ധതിയും പരീക്ഷാ രീതിയുമെല്ലം തകര്‍ക്കുന്ന സമീപനം ഇവയെല്ലാം പൊതു വിദ്യഭ്യാസത്തെ ദുര്‍ബലപ്പെടുത്തും. പൊതു വിദ്യാഭ്യാസം സംരക്ഷിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളുടെയും യോജിച്ച പോരാട്ടം ആവശ്യമാണെന്നും ജയചന്ദ്രന്‍ പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം ജി എസ് ഗോപിനാഥ് അധ്യക്ഷനായി. കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ ശശീന്ദ്രന്‍ വിഷയം അവതരിപ്പിച്ചു. എല്‍ഡിഡഎഫ് ജില്ലാ കണ്‍വീനര്‍ സി കെ കൃഷ്ണന്‍കുട്ടി, ആംനസ്, കെ ജെ ജയിംസ്, പ്രിന്‍സ് മാത്യു, എ എന്‍ ചന്ദ്രബാബു എന്നിവര്‍ സംസാരിച്ചു. കെഎസ്ടിഎ ജില്ലാ സെക്രട്ടറി ടി എം സുബൈര്‍ സ്വാഗതവും ജി ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. 
 
മലയാളം സംസാരിക്കാനുള്ള അവകാശത്തിനായി പോരാടണം
ചെന്ത്രാപ്പിന്നി: മലയാളം സംസാരിക്കാനുള്ള അവകാശത്തിനുവേണ്ടി പോരാടണമെന്ന് പുരോഗമന കലാസഹിത്യ സംഘം ജില്ലാ കണ്‍വന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ അണ്‍ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ മലയാളം ഉച്ചരിക്കുന്നതുതന്നെ കുറ്റകൃത്യമായി കണക്കാക്കുകയും വന്‍ തുക പിഴ ഈടാക്കുകയും ചെയ്യുന്ന പതിവുമുണ്ട്. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധിതവിഷയമാക്കാനുള്ള ഇടതുസര്‍ക്കാരിന്റെ തീരുമാനത്തെയാണ് യുഡിഎഫ് സര്‍ക്കാര്‍ നഗ്നമായി അട്ടിമറിച്ചിരിക്കുന്നതെന്ന് പ്രമേയത്തില്‍ പറഞ്ഞു. 
സതീര്‍ഥ്യര്‍ക്ക് പുതുവസ്ത്രങ്ങളുമായി തളങ്കരയിലെ വിദ്യാര്‍ഥികള്‍
കാസര്‍കോട്: തളങ്കര ഗവ. മുസ്ലിം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഓണം- പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി അറബി ക്ലബ്ബിന്റെ നേതൃത്വത്തില്‍ എഴുപതോളം വിദ്യാര്‍ഥികള്‍ക്ക് പുതുവസ്ത്രം നല്‍കി. പ്ലസ്ടു വിഭാഗത്തില്‍ സാമ്പത്തികമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് വസ്ത്രം വാങ്ങുമ്പോള്‍ കൂട്ടുകാര്‍ക്കും ഒരുവസ്ത്രം എന്ന ആശയം പ്രാവര്‍ത്തികമാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികളുടെ മാതൃകാ പ്രവര്‍ത്തനത്തിന് അധ്യാപകരും രക്ഷിതാക്കളും പൂര്‍ണ പിന്തുണനല്‍കി.. കാസര്‍കോട് ടൗണിലെ ചില വസ്ത്രവ്യാപാരികളും സഹായവുമായെത്തിയതോടെ പരിപാടി മികവുറ്റതായി. ദാരിദ്ര്യത്തിനും ഇല്ലായ്മക്കും മുന്നില്‍ ജാതി-മത ചിന്ത വഴിമാറിയപ്പോള്‍ കുട്ടികള്‍ തമ്മിലുള്ള സ്നേഹത്തിന്റെയും സഹകരണത്തിന്റെയും വിളംബരമായി മാറി. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എ അബ്ദുള്‍റഹ്മാന്‍ അധ്യക്ഷനായി. എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികള്‍ക്ക് നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുള്ള ഉപഹാരം നല്‍കി.

അധ്യാപക സംരക്ഷണ പാക്കേജ് - ആശങ്ക അകറ്റണം: കെഎസ്ടിഎ
കാസര്‍കോട്: സംസ്ഥാനത്ത് അധ്യാപക സംരക്ഷണ പാക്കേജ് നടപ്പാക്കുമ്പോള്‍ അധ്യാപകരുടെ ജോലിയും കൂലിയും ഉറപ്പ് വരുത്തണമെന്ന് കെഎസ്ടിഎ ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. പ്രൊട്ടക്ഷന്‍ ആനുകൂല്യമുള്ളവരും സര്‍വീസില്‍നിന്ന് പുറത്തുപോയവരും ഉള്‍പ്പെടുന്ന അധ്യാപക ബാങ്ക് രൂപീകരിക്കുമെന്നും താല്‍ക്കാലികമായോ സ്ഥിരമായോ ഒഴിവുകള്‍ വരുമ്പോള്‍ ഇതില്‍നിന്ന് പരിഗണിക്കുമെന്നുമാണ് പാക്കേജില്‍ പറയുന്നത്. ഇവര്‍ക്ക് എന്നുമുതല്‍ ശമ്പളം നല്‍കുമെന്ന് വ്യക്തമാക്കിയിട്ടില്ല. നിലവില്‍ ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കുന്ന പ്രൊട്ടക്ടഡ് അധ്യാപകരെ പാക്കേജില്‍ ഉള്‍പ്പെടുത്തുന്നത് ദോഷകരമാകും. അധ്യാപക- വിദ്യാര്‍ഥി അനുപാതം 1ഃ 30 എല്ലാ ക്ലാസിനും ബാധകമാക്കി സര്‍വീസില്‍ നിന്ന് പുറത്തുപോയവര്‍ക്കും അതത് മേഖലയില്‍ ജോലി നല്‍കണമെന്നും ശമ്പളമില്ലാതെ ജോലിചെയ്യുന്ന മുഴുവന്‍ അധ്യാപകര്‍ക്കും ശമ്പളം നല്‍കണമെന്നും ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. കെ സി അലി ഇക്ബാല്‍ സംഘടനാ റിപ്പോര്‍ട്ടും കെ രാഘവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
 
 
 
 

No comments: