Friday, August 26, 2011

അധ്യാപക നിയമന പാക്കേജ് അംഗീകരിക്കില്ലെന്ന് കെ.സി.ബി.സി

 27 Aug 2011

കൊച്ചി: സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നപരിഹാരത്തിനായി വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന അധ്യാപക നിയമന പാക്കേജ് അംഗീകരിക്കാനാവില്ലെന്ന് കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷന്‍. അധ്യാപക നിയമന പാക്കേജ് അപര്യാപ്തമാണെന്ന് കൊച്ചി പി.ഒ.സിയില്‍ ചേര്‍ന്ന കത്തോലിക്കാ കോര്‍പ്പറേറ്റ് സ്‌കൂള്‍ മാനേജര്‍മാരുടെ സമ്മേളനം വിലയിരുത്തി.

ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന പാക്കേജ് അവ്യക്തവും സംരക്ഷിത അധ്യാപകരെ സംബന്ധിച്ചുള്ള കണക്കുകള്‍ യാഥാര്‍ഥ്യത്തിന് നിരക്കാത്തതുമാണ്. പഠനത്തിനും കൂടിയാലോചനകള്‍ക്കും ശേഷമേ സര്‍ക്കാര്‍ പാക്കേജുമായി മുന്നോട്ടുപോകാവൂവെന്നും ജനാധിപത്യ മര്യാദയനുസരിച്ച് മാനേജ്‌മെന്റുകളുമായി സഹകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ഫിലിപ്പ് നെല്‍പുരപ്പറമ്പില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അധ്യാപകരെ നിയമിക്കാനുള്ള മാനേജ്‌മെന്റിന്റെ അധികാരത്തിനുമേലുള്ള കടന്നുകയറ്റങ്ങളെ സഭ അംഗീകരിക്കില്ല. കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. സ്റ്റാന്‍ലി റോമന്‍, കത്തോലിക്കാ കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് പ്രതിനിധികളായ ഫാ. മാത്യു ചന്ദ്രക്കുന്നേല്‍, ഫാ.ജോസ് കരിവേലിക്കല്‍ കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ഡോ. സ്റ്റീഫന്‍ ആലത്തറ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
-
മാതൃഭാഷയ്ക്ക് പിഴ: കുട്ടികള്‍ക്ക് ശിക്ഷയില്ല, പിഴപ്പണം തിരിച്ചുനല്‍കും

മാള: മാതൃഭാഷ സംസാരിച്ചതിന് പിഴചുമത്തിയ ഹോളിഗ്രേസ് സി.ബി.എസ്.ഇ. സ്‌കൂള്‍ അധികൃതര്‍ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ചുവടുമാറ്റി. പിഴയായി ചുമത്തിയ തുക തിരിച്ചുനല്‍കാനും ഇപ്പോഴത്തെ ശിക്ഷാനടപടികളില്‍നിന്ന് വിദ്യാര്‍ഥികളെ ഒഴിവാക്കാനും അധികൃതര്‍ തീരുമാനിച്ചു. എന്നാല്‍, തുടര്‍ന്നും ഈ ശിക്ഷ നല്‍കണമോയെന്ന കാര്യം ആലോചിച്ചേ തീരുമാനിക്കാനാകൂവെന്ന നിലപാടിലാണ് അധികൃതര്‍.

സ്‌കൂള്‍ പരിസരത്ത് മലയാളം സംസാരിച്ചതിന് കഴിഞ്ഞദിവസമാണ് പ്ലസ്‌വണ്‍, പ്ലസ്ടു ക്ലാസുകളിലെ 80-ലധികം വിദ്യാര്‍ഥികളോട് പിഴയടയ്ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. ആയിരം രൂപ പിഴയായി ആവശ്യപ്പെട്ടുവെങ്കിലും പിന്നീടത് 250 രൂപയാക്കി ചുരുക്കി. 16 പേര്‍ പിഴ അടയ്ക്കുകയും ചെയ്തു. 11 പേരൊഴികെ മറ്റുള്ളവര്‍ പിഴയടയ്ക്കാമെന്ന് സമ്മതിച്ചതിനെത്തുടര്‍ന്ന് ക്ലാസുകളില്‍ കയറ്റുകയും ചെയ്തു. എന്നാല്‍, പിഴ ഒടുക്കുവാന്‍ വിസമ്മതിച്ച 11 പേരെ ക്ലാസില്‍ കയറ്റാന്‍ അനുവദിച്ചതുമില്ല.

സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ വ്യാപകമായ പ്രതിഷേധമാണുണ്ടായത്. ബി.ജെ.പി., കെ.എസ്.യു. എന്നീ സംഘടനകള്‍ മാര്‍ച്ച് നടത്തി. എങ്കിലും രക്ഷിതാക്കളുടെ അംഗീകാരത്തോടെ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് മാതൃഭാഷ സംസാരിച്ചതിനുള്ള പിഴചുമത്തലെന്ന് സ്‌കൂള്‍ ഭരണസമിതി ചെയര്‍മാന്‍ അഡ്വ. രാജു ഡേവിസ് പെരേപ്പാടന്‍ പിന്നീട് പറഞ്ഞു. മലയാളം നിര്‍ബന്ധവിഷയമായി പഠിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പക്ഷേ, ഈ ശിക്ഷ ഇനിയും നടപ്പാക്കണമോയെന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നാണ് ചെയര്‍മാന്‍ പിന്നീട് പറഞ്ഞത്.

സ്‌കൂളിനെതിരെ നടപടി വേണം-അഴീക്കോട്

തൃശ്ശൂര്‍: ബ്രിട്ടീഷ് ഭരണകാലത്തുപോലും നടക്കാത്തവിധം മലയാളഭാഷയെ അപമാനിച്ചതായി പറയുന്ന മാളയിലെ സ്‌കൂളിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് സുകുമാര്‍ അഴീക്കോട് പറഞ്ഞു. മലയാളം
ഒന്നാംഭാഷയാക്കിക്കൊണ്ടുള്ള ഉത്തരവിലെ ഒപ്പിന്റെ മഷിമായുംമുമ്പ് ഇത്തരം കൃത്യം ചെയ്ത സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുകയാണ് വേണ്ടത്. കുറഞ്ഞപക്ഷം ഇതിന്റെ മാനേജ്‌മെന്റ് ബോഡിയെ അയോഗ്യരായി പ്രഖ്യാപിക്കുകയെങ്കിലും വേണം. ഒഴിവുസമയത്തുപോലും ഇംഗ്ലീഷ് സംസാരിക്കണമെന്ന ശാഠ്യം പഴയ കൊളോണിയലിസത്തിന്റെ പ്രേതബാധയാണ്. മറ്റാരും ഇതിന് മുതിരാത്തവിധം കര്‍ശന നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അഴീക്കോട് പറഞ്ഞു.
-
സി.ബി.എസ്.ഇ നിര്‍ത്തലാക്കിയ പരീക്ഷാ സമ്പ്രദായം പുനഃസ്ഥാപിക്കണം

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ സ്‌കൂളുകളില്‍ നിര്‍ത്തലാക്കിയ പരീക്ഷാസമ്പ്രദായം പുനഃസ്ഥാപിക്കണമെന്ന് ആന്‍േറാആന്റണി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. പഠനമികവ് വിലയിരുത്തുന്ന പരീക്ഷാസമ്പ്രദായത്തിനു പകരം ക്ലാസിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്ഥാനക്കയറ്റം നല്‍കുന്ന രീതിയാണ് നിലവിലുള്ളത്.

ഇത് വിദ്യാഭ്യാസമേഖലയുടെ നിലവാരത്തകര്‍ച്ചയ്ക്ക് കാരണമാകും. വിദ്യാര്‍ഥികളുടെ ഗ്രഹണശക്തി, അപഗ്രഥന-അവതരണ മികവ് എന്നിവ വിലയിരുത്തുന്നതിന് പരമ്പരാഗതമായി നിലനില്‍ക്കുന്ന ശാസ്ത്രീയസംവിധാനമാണ് വേണ്ടത്-ആന്‍േറാ ആന്റണി പറഞ്ഞു.

ഓണപ്പരീക്ഷയ്ക്കിടയില്‍ 'സമ്പൂര്‍ണ'യും; ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് പെടാപ്പാട്


അരീക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സമഗ്ര വിവരശേഖരണവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന 'സമ്പൂര്‍ണ' ഓണപ്പരീക്ഷയ്ക്കിടയില്‍ ധൃതിപിടിച്ച് നടപ്പാക്കുന്നത് ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് ദുരിതമാകുന്നു. സര്‍ക്കാറിന്റെ 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി കേരളത്തിലെ 8, 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ മുഴുവന്‍ വിവരങ്ങളും കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുന്ന പ്രക്രിയയാണ് 'സമ്പൂര്‍ണ'. ഇത് ആഗസ്ത് 30നകം നടത്താനാണ് അധ്യാപകര്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദേശം. ഓണപ്പരീക്ഷയ്ക്ക് തിയ്യതി പ്രഖ്യാപിച്ചതിന്റെ തൊട്ടുപിറകെ 17നാണ് ഇത് സംബന്ധിച്ച നിര്‍ദേശം പ്രധാനാധ്യാപകര്‍ക്ക് ലഭിക്കുന്നത്. 19ന് തന്നെ പ്രധാനാധ്യാപകര്‍ ഇതിനുവേണ്ട ഫോറങ്ങള്‍ ക്ലാസ് അധ്യാപകര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ 20, 21 തിയ്യതികളില്‍ അവധിയായി. 22ന് പരീക്ഷ തുടങ്ങുകയും ചെയ്തു. അതിനിടെയാണ് സുപ്രധാനവും തന്ത്രപ്രധാനവുമായ ഈ ജോലികൂടി വന്നുചേര്‍ന്നത്.

'സമ്പൂര്‍ണ'യുടെ ഫോറത്തില്‍ ഒരുകുട്ടിക്ക് പത്ത് തലക്കെട്ടുകളിലായി 50ല്‍ അധികം കോളങ്ങളാണ് അധ്യാപകര്‍ പൂരിപ്പിക്കേണ്ടത്. 'ആധാര്‍' പദ്ധതിയുടെ മുന്നോടിയായാണ് വിദ്യാര്‍ഥികളുടെ ഈ അടിസ്ഥാന വിവരശേഖരണം നടക്കുന്നത്. അതുകൊണ്ടുതന്നെ കാര്യക്ഷമതയോടെ കുറ്റമറ്റ രീതിയില്‍ ചെയ്യേണ്ട ഈ പ്രവൃത്തി ധൃതിപിടിച്ച് ചെയ്യുന്നത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

കെല്‍ട്രോണിനാണ് വിവരങ്ങളുടെ ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള ചുമതല. ഇതിന് സ്‌കൂളുകളില്‍നിന്ന് ഫോറങ്ങള്‍ ശേഖരിക്കാന്‍ 30ന് അധികൃതരെത്തുമെന്നും അറിയിച്ചിട്ടുണ്ട്. അതിനിടയില്‍ 29നും 30നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധിയും പ്രഖ്യാപിച്ചിരിക്കുകയാണ്. 
പഠനവഴിയില്‍ കൂട്ടാകാന്‍ പാവകളിയും

കോഴിക്കോട്: പാവകളെ ഇഷ്ടപ്പെടാത്ത കുട്ടികളുണ്ടാകുമോ. കുട്ടികള്‍ക്ക് ഏറെ ഇഷ്ടമായ പാവകളെ ഉപയോഗപ്പെടുത്തി പഠനത്തിലും വായനയിലും എങ്ങനെ താല്‍പര്യം വര്‍ധിപ്പിക്കാമെന്ന അന്വേഷണമാണ് ഈ ശില്‍പശാല. പാവകളുടെ പാട്ടും നൃത്തവും കുസൃതിയും നിറഞ്ഞ നാടക ആവിഷ്കാരവുമായി നാഷണല്‍ ചൈല്‍ഡ് ഡവലപ്പ്മെന്റ് കൗണ്‍സില്‍ ആഭിമുഖ്യത്തില്‍ തളി ചാച്ചാജി നഗറില്‍ പാവകളി ശില്‍പശാലയും പാവ നിര്‍മാണ കളരിയും ആരംഭിച്ചു. പാവകളെ കുട്ടികളുടെ ലോകത്തേക്ക് കൊണ്ടുവരുന്നതിന് പ്രീ പ്രൈമറി അധ്യാപികമാര്‍ക്ക് പാവനിര്‍മാണത്തില്‍ പരിശീലനം നല്‍കാനാണ് ശില്‍പശാല. 41 അധ്യാപകരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ചെറിയ കാര്യങ്ങള്‍ പാവയോട് സംവദിക്കുന്ന രീതിയിലാണ് നാടകം. കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുകയാണ് ലക്ഷ്യം. കുട്ടികളില്‍ വായനാശീലം വളര്‍ത്തുകയും പ്രധാനമായി കാണുന്നു. ബഷീറിന്റെ "പൂവന്‍പഴം" കഥ പാവകളെ ഉപയോഗിച്ച് മുഴുവന്‍ പറയാതെ നാടകരൂപത്തില്‍ അവതരിപ്പിച്ചു. പൂവന്‍പഴത്തിലെ പ്രധാന കഥാപാത്രങ്ങളായ ജമീലയുടെയും ഭര്‍ത്താവിന്റെയും ഇണക്കവും പിണക്കവും കലര്‍ന്ന സംസാരം ആണിന്റെയും പെണ്ണിന്റെയും രൂപമുള്ള പാവകളെ വച്ച് അവതരിപ്പിക്കുന്നു. കുട്ടികള്‍ക്കിടയില്‍ പ്രചാരമുള്ള ആമയും മുയലും പന്തയം വച്ച കഥയും ഉപയോഗിക്കുന്നുണ്ട്. മലപ്പുറം സ്വദേശിയായ കൃഷ്ണകുമാര്‍ കിഴിശ്ശേരിയാണ് പാവകളിയും നിര്‍മാണവും പഠിപ്പിക്കുന്നത്. പാവകളെ ഉപയോഗിച്ച് പാഠഭാഗങ്ങള്‍ ലളിതമായി അവതരിപ്പിക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. പ്ലാസ്റ്റിക് കുപ്പി, പാഴായിപ്പോകുന്ന പേപ്പര്‍ , പശ, ചിരട്ട എന്നിവ ഉപയോഗിച്ചാണ് പാവ നിര്‍മിക്കുന്നത്. ഒന്നര മണിക്കൂര്‍കൊണ്ട് പാവകളെ നിര്‍മിക്കാനാകും. പരിപാടി അജയ് കല്ലായി ഉദ്ഘാടനം ചെയ്തു. എം ജഗദീഷ് അധ്യക്ഷനായി. ശനിയാഴ്ച പരിപാടി അവസാനിക്കും.

No comments: