Friday, October 28, 2011

ഇടമലക്കുടിയിലെ കുരുന്നുകള്‍ പഠിച്ചാലെന്താ? പഠിച്ചില്ലെങ്കിലെന്താ?


29 Oct 2011

നിരക്ഷരതയാണ് ഇടമലക്കുടിയുടെ ശാപം. 2001 ലെ കാനേഷുമാരി പ്രകാരം 2236ട ആണ് ഇടമലക്കുടിയിലെ ജനസംഖ്യ. ഇതില്‍ 95 ശതമാനം പേരും നിരക്ഷരരാണ്.


ദേവികുളത്തിന്റെയും മൂന്നാറിന്റെയും ഭാഗമായിരുന്നപ്പോള്‍ ഇടമലക്കുടിയിലെ ജനങ്ങള്‍ എങ്ങനെയാണെന്ന് നോക്കാന്‍പോലും ആരുമുണ്ടായിരുന്നില്ല. കുറെ ഏകാധ്യാപക വിദ്യാലയങ്ങളും അങ്കണ്‍വാടികളും അവിടവിടെ തുടങ്ങിയതോടെ 'എല്ലാമായി' എന്ന ചിന്തയിലായിരുന്നു അധികാരികള്‍. നാലാംതരം വരെ പഠിക്കാന്‍ കഴിയുന്ന സര്‍ക്കാര്‍ ട്രൈബല്‍ എല്‍.പി. സ്‌കൂള്‍ മാത്രമാണ് അന്നും ഇന്നും ഇടമലക്കുടിയിലെ ഏക അംഗീകൃത വിദ്യാലയം. ഇതു കഴിഞ്ഞാല്‍ ഇടമലക്കുടിയിലെ കുട്ടികള്‍ എവിടെ പഠിക്കും? ഇതിന് തൃപ്തികരമായ ഉത്തരം ഇനിയും കണ്ടെത്താന്‍ അധികാരികള്‍ക്കായിട്ടില്ല.


വിദ്യാഭ്യാസത്തിനുള്ള സാഹചര്യം നന്നേ കുറവായതും പഠനത്തിനായി കുട്ടികളെ നിര്‍ബന്ധിക്കാന്‍ ആരുമില്ലാത്തതും 'വിദ്യാഭ്യാസ' ത്തോട് പ്രതിപത്തിയില്ലാതാക്കി. ഇടമലക്കുടിയില്‍ നാലാം ക്ലാസ്സിനപ്പുറം പഠനം സാധ്യമായത് വളരെ കുറച്ചുപേര്‍ക്കു മാത്രമാണ്. അടിമാലി എസ്.എന്‍.ഡി.പി. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് പ്ലസ് ടു പരീക്ഷ ജയിച്ച് ഇപ്പോള്‍ കോതമംഗലം എം.എ. കോളേജില്‍ ബിരുദപഠനം നടത്തുന്ന ജ്യോതിലക്ഷ്മിയാണ് ഇവരില്‍ പ്രധാനി.


ഏകാധ്യാപക വിദ്യാലയത്തിലെ പഠനംവഴി പത്താംതരം ജയിച്ചവരുണ്ട്. നാലുപേര്‍ പ്ലസ് ടു വിദ്യാഭ്യാസവും നേടി. എന്നാല്‍ തുടര്‍ന്ന് പഠിക്കാനാകാതെ ഇവരിപ്പോള്‍ കാട്ടിനുള്ളില്‍തന്നെ കഴിയുന്നു. ഇടമലക്കുടിയിലെ എസ്.സി. പ്രൊമോട്ടര്‍ രാജപ്രഭു ഇതില്‍ ഒരാളാണ്. വീട്ടിലെ സാഹചര്യങ്ങള്‍ രാജപ്രഭുവിനെ ഏലത്തോട്ടത്തിലെ പണിക്കാരനാക്കി മാറ്റി. പലര്‍ക്കും തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷേ, സാഹചര്യം അവരെ അനുവദിക്കുന്നില്ല.


ഇടമലക്കുടിയിലെ പെണ്‍കുട്ടികളെ അക്ഷരം പഹിപ്പിക്കാന്‍ മഹിളാസമഖ്യയും പ്രധാന പങ്കുവഹിക്കുന്നുണ്ട്. 70 കുട്ടികളാണ് ഇന്ന് അഞ്ചുമുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്നത്. മൂന്നാറിലെ റസിഡന്‍ഷ്യല്‍ സ്‌കൂളിലും കുറച്ചുകുട്ടികള്‍ പഠിക്കുന്നുണ്ട്.


വിദൂര സ്ഥലത്തുനിന്നുള്ള കുടികളില്‍നിന്ന് കൊടുങ്കാട്ടിലൂടെ നടന്ന് ട്രൈബല്‍ സ്‌കൂളിലെത്തി പഠിക്കുക എന്നത് പ്രായോഗികമല്ല. അതുകൊണ്ടുതന്നെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി തുടരുന്നു. ഇന്ന് പഠിക്കാന്‍ വരുന്നവര്‍ നാളെ കാണില്ല. ഇനി വരുന്നവരാകട്ടെ അടുത്ത ദിവസം വരില്ല. ഇതാണ് അവസ്ഥ. ഹാജര്‍ പട്ടികയില്‍ 53 കുട്ടികളുണ്ടെങ്കിലും ദിവസവും എത്തുന്നത് പത്തില്‍ താഴെ പേര്‍മാത്രം. കുട്ടികള്‍ എത്തിയില്ലെങ്കില്‍ അധ്യാപകര്‍ക്കുമില്ല വിഷമം. 'വരുന്നവരെ പഠിപ്പിക്കുക' എന്നതാണ് രീതി.


കുട്ടികളും അധ്യാപകരും ഒന്നിച്ചു താമസിച്ചുപഠിക്കുന്ന സംവിധാനം ഇടമലക്കുടിയില്‍ വന്നാല്‍ ഇന്നത്തെ അവസ്ഥ മാറും. സൊസൈറ്റിക്കുടിയിലെ ട്രൈബല്‍ എല്‍.പി. സ്‌കൂളിനെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളായി ഉയര്‍ത്തിയാല്‍ വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാം. സ്‌കൂളിന്റെ പദവി ഉയര്‍ത്തുന്ന നിര്‍ദ്ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് സ്‌പെഷല്‍ ഓഫീസര്‍ കെ.വിജയകുമാര്‍ പറഞ്ഞു.


എസ്.എസ്.എ.യുടെ കീഴില്‍ 11 ഉം ഐ.ടി.ഡി.പി. യുടെ കീഴില്‍ 5 ഉം ഏകാധ്യാപക വിദ്യാലയങ്ങള്‍ വിവിധ കുടികളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ കുട്ടികളില്ലാത്തതിനാല്‍ ആണ്ടവന്‍ കുടിയിലെയും നടുക്കുടിയിലെയും വിദ്യാലയങ്ങള്‍ പൂട്ടി. പ്രവര്‍ത്തിക്കുന്നവയില്‍ പലതും പൂര്‍ണ വിജയമെന്ന് പറയാനുമാകില്ല. ഇരുപ്പുകല്ല്, കീഴ്‌വളയംപാറ, കണ്ടത്തിന്‍കുടി, നൂറടി, വെള്ളവര, ചാറ്റുപാറ എന്നിവിടങ്ങളിലെ വിദ്യാലയങ്ങള്‍ ശോച്യാവസ്ഥയിലാണ്. മണ്‍ഭിത്തികൊണ്ട് പണിത് പുല്ലുമേഞ്ഞ ഷെഡ്ഡുകള്‍ പലതും ചോര്‍ന്നൊലിക്കുന്നു. ഷെഡ്ഡുകുടിയിലെ വിദ്യാലയം അടുത്തിടെ മഴയില്‍ പൊളിഞ്ഞുവീണു. ഇതേവരെ നന്നാക്കിയിട്ടില്ല. പത്ത് അങ്കണ്‍വാടികള്‍ ഉണ്ടെങ്കിലും ദിവസവും വരുന്നവര്‍ പത്തില്‍ താഴെമാത്രം !


പല കുടികളിലും കുട്ടികളുടെ എണ്ണം എട്ടുവര്‍ഷം കൊണ്ട് ഗണ്യമായി കുറഞ്ഞു. കുട്ടികളില്ലാത്ത നിരവധി ദമ്പതിമാര്‍ ഇടമലക്കുടിയിലുണ്ട്. ആര്‍ത്തവം ഒഴിവാക്കി വാലാപ്പുരകളില്‍ താമസിക്കുന്ന അവസ്ഥ ഇല്ലാതാക്കാന്‍ വന്‍തോതില്‍ ഗര്‍ഭനിരോധ ഗുളികകള്‍ സ്ത്രീകള്‍ ഉപയോഗിക്കുന്നു. ഇതിന്റെ ഫലമായി ജനനനിരക്കിലും ഇടിവുണ്ടായി. മുമ്പ് 80 കുട്ടികള്‍ പഠിക്കാനെത്തിയ സ്ഥാനത്ത് ഇപ്പോള്‍ 20 ല്‍ താഴെയേ പഠിതാക്കളുള്ളൂ എന്ന് എടലിപ്പാറക്കുടിയിലെ അധ്യാപിക എസ്.വിജയലക്ഷ്മി പറഞ്ഞു.


ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപികമാരുടെ ജീവിതവും ദയനീയമാണ്. പ്രതിമാസം 3000 രൂപയാണ് ശമ്പളം. എസ്.എസ്.എ. നിയമിച്ചവര്‍ക്ക് മൂന്നുമാസമായി ശമ്പളവുമില്ല. ഭക്ഷണത്തിനുള്ള സാധനങ്ങള്‍ വീട്ടില്‍ നിന്നു കൊണ്ടുവന്നും, കുടി നിവാസികളുടെ സഹായംകൊണ്ടുമാണ് പലരും പിടിച്ചുനില്‍ക്കുന്നത്. പന്ത്രണ്ട് വര്‍ഷമായി കുടികളില്‍ താമസിച്ച് ആദിവാസി കുട്ടികളെ പഠിപ്പിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.


വാര്‍ത്താമാധ്യമങ്ങളുടെ അഭാവത്തില്‍ തൊഴിലവസരങ്ങളുടെ അറിയിപ്പുകള്‍ ഇടമലക്കുടിയിലെ യുവതീ യുവാക്കള്‍ അറിയാറില്ല. ഇതുകാരണം പി.എസ്.സി.യുടെ തൊഴില്‍ അറിയിപ്പുകള്‍ ഇവരുടെ ശ്രദ്ധയില്‍പ്പെടാറില്ല. ഇനി അറിഞ്ഞാല്‍തന്നെ ഓണ്‍ലൈന്‍ വഴി അപേക്ഷ അയയ്ക്കാന്‍ മൂന്നാറില്‍ പോകണം. പക്ഷേ, ഇതൊക്കെ പറഞ്ഞുകൊടുക്കാന്‍ ആരുമില്ല. ഇതുകാരണം സര്‍ക്കാര്‍ ജോലി കിട്ടിയവരാരും ഇടമലക്കുടിയിലില്ല. ആദിവാസികള്‍ക്ക് ഇത്രയൊക്കെ മതി എന്ന അധികാരികളുടെ ചിന്താഗതി മാറിയാല്‍തന്നെ കാര്യങ്ങള്‍ മെച്ചപ്പെടും. 'കുട്ടികളുടെ പഠനമാണ് ഞങ്ങള്‍ക്ക് ആദ്യം വേണ്ടത്'-എടലിപ്പാറക്കുടിയിലെ മുത്തുലക്ഷ്മിയുടെയും കാമാക്ഷിയുടെയും വാക്കുകള്‍ ഇടമലക്കുടിയുടെ മൊത്തംശബ്ദമായി മാറുകയാണ്

mathrubhumi- 

Wednesday, October 26, 2011

ആകാശകാഴ്ചകളില്‍ കൂവിപ്പാഞ്ഞ്....


 27-Oct-2011
കോഴഞ്ചേരി: ഒരുപാട് കാഴ്ചകളും അതിലേറെ വിശേഷങ്ങളുമായി പഠനയാത്ര സ്വപ്നസാക്ഷാല്‍ക്കാരമായതിന്റെ ആഹ്ലാദത്തിലാണ് നല്ലാനിക്കുന്ന് സിഎംഎസ് യുപി സ്കൂളിലെ കുട്ടികള്‍ . ആകാശമാര്‍ഗ്ഗെ ഗമിച്ചും കൂവിപ്പാഞ്ഞും കുട്ടികള്‍ ഒരു ദിവസം മുഴുവന്‍ ഉത്സവത്തിമിര്‍പ്പിലായിരുന്നു. വിമാനത്തിലും ട്രെയിനിലും സഞ്ചരിച്ച കുട്ടികള്‍ക്ക് പഠനയാത്ര അവിസ്മരണീയ അനുഭൂതിയാണ് ഒരുക്കിയത്. ഒന്നു മുതല്‍ ഏഴു വരെ ക്ലാസ്സുകളുള്ള നല്ലാനിക്കുന്ന് യുപി സ്കൂളിലെ വിദ്യാര്‍ഥികള്‍ ഹെഡ്മാസ്റ്റര്‍ ബിനു ജേക്കബ് നൈനാന്റെ നേതൃത്വത്തിലാണ് പഠനയാത്രയെ നൂതനവല്‍ക്കരിച്ചത്. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്ന് എയര്‍ഇന്ത്യ വിമാനത്തില്‍ എറണാകുളത്തേക്ക് പോയ സംഘം നഗരക്കാഴ്ച കണ്ട് കായലും കപ്പല്‍ശാലയും കണ്ട് ബോള്‍ഗാട്ടി പാലസിലേക്ക് ഉല്ലാസ യാത്രയും നടത്തി രാത്രി വേണാട് എക്സപ്രസിന് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി. വിമാനം ആകാശത്തിലൂടെ പറന്നുപോകുന്നതും ട്രെയിനുകള്‍ ടെലിവിഷന്‍ ചാനലുകളിലുടെ കൂകിപ്പായുന്നതും മാത്രം കണ്ടിട്ടുള്ള കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ വിമാനത്തിലും ട്രെയിനിലും കയറുന്നതിന് അവസരം ലഭിച്ചതില്‍ അഭിമാനമാണുള്ളത്. അധ്യാപക-രക്ഷാകര്‍തൃ യോഗത്തില്‍ ഹെഡ്മാസ്റ്ററുടെ നിര്‍ദേശം രക്ഷാകര്‍ത്താക്കളും സഹഅധ്യാപകരും വിദ്യാര്‍ഥികളും സന്തോഷത്തോടെ നടപ്പിലാക്കുകയാണുണ്ടായത്. ഒന്നാം ക്ലാസില്‍ പഠിക്കുന്ന അലീനയും ആദിത്യനും നന്ദനയും ഒക്കെ അടങ്ങിയ 22 അംഗ സംഘമാണ് പഠനയാത്രയില്‍ പങ്കെടുത്തത്. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവു കാട്ടുന്ന ഈ വിദ്യാലയം ആകാശ-ട്രെയിന്‍ യാത്രയിലൂടെ പഠനയാത്രയിലും പുതിയ ചരിത്രം രചിച്ചിരിക്കുകയാണ്. ഒരു കുട്ടിക്ക് വിമാനയാത്രയ്ക്ക് 1400 രൂപ വീതമാണ് ചെലവായത്. അഞ്ച് അധ്യാപകരും വിനോദസഞ്ചാരസംഘത്തില്‍ ഉണ്ടായിരുന്നു. എറണാകുളത്തെത്തിയ സംഘം ബോള്‍ഗാട്ടി പാലസ്, മറൈന്‍ ഡ്രൈവ്, ഷിപ്പ്യാര്‍ഡ്, നഗരത്തിലെ വ്യവസായ കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് വൈകിട്ട് വേണാട് എക്സ്പ്രസില്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലും തുടര്‍ന്ന് നല്ലാനിക്കുന്നിലും എത്തിയത്. സംഘത്തെ സ്വീകരിക്കാന്‍ രക്ഷാകര്‍ത്താക്കള്‍ ഒന്നാകെ രാത്രിയില്‍ സ്കൂളിലെത്തിയത് പഠനസംഘത്തിന് ആവേശമായി മാറി.

ഞങ്ങള്‍ക്കും പന്തുകളിച്ചാലെന്താ- പെണ്‍കുട്ടികള്‍ ചോദിക്കുന്നു

തേഞ്ഞിപ്പലം: മത്സരങ്ങളില്‍ സഹപാഠികളായ ആണ്‍കുട്ടികളുടെ പന്തുതട്ടല്‍ കണ്ട് കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥിനികളാരെങ്കിലും മോഹിച്ചാല്‍ രക്ഷയില്ല. ഫുട്‌ബോള്‍ കമ്പക്കാരേറെയുള്ള കേരളത്തില്‍ സ്‌കൂള്‍ ഗെയിംസുകളുടെ പട്ടികയില്‍ ഇടംനേടാന്‍ പെണ്‍കുട്ടികളുടെ ഫുട്‌ബോളിന് ഇനിയും സാധിച്ചിട്ടില്ല. മത്സരിക്കാനും കാണാനുമൊക്കെ ആള്‍കുറവുള്ള വാട്ടര്‍ പോളോയിലും ടെന്നിക്കൊയിലുമൊക്കെ ദേശീയതലം വരെ മത്സരിക്കാന്‍ കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് അവസരം ലഭിക്കുന്ന സ്‌കൂള്‍ കായികമേളകളിലാണ് ഫുട്‌ബോള്‍ പടിക്ക് പുറത്തായത്.

ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ ചിട്ടയായ ഫുട്‌ബോള്‍ പരിശീലനം നടത്തുന്ന സംസ്ഥാനത്താണ് സ്‌കൂള്‍ കായികമേളയില്‍നിന്ന് പെണ്‍കുട്ടികളുടെ ഫുട്‌ബോളിനെ തഴഞ്ഞിരിക്കുന്നത്.

പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ സ്‌കൂള്‍ കായികമേളയിലുള്‍പ്പെടുത്തുമെന്ന് മാറിമാറി വരുന്ന കായിക - വിദ്യാഭ്യാസ മന്ത്രിമാര്‍ വര്‍ഷാവര്‍ഷം പ്രഖ്യാപനം നടത്താറുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ലെന്നാണ് പരിശീലകരുടെ ആക്ഷേപം. പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ സ്‌കൂള്‍ ഗെയിംസിലെ ഒരു മത്സരയിനമാക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിക്കുകയേ വേണ്ടതുള്ളൂ. പല കായികയിനങ്ങളിലും മത്സരിക്കാന്‍ വേണ്ട ആളെ കണ്ടെത്താന്‍ ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്ന സര്‍ക്കാറിനും അധികൃതര്‍ക്കും ജനങ്ങള്‍ക്ക് താത്പര്യമുള്ള ഫുട്‌ബോളിനെ പ്രോത്സാഹിപ്പിക്കാന്‍ ഒരു ചെറിയ ഉത്തരവിറക്കാന്‍ പോലുമാകുന്നില്ലെന്ന് പരിശീലകര്‍ കുറ്റപ്പെടുത്തുന്നു.

കോഴിക്കോട്, മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്, വയനാട്, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലെല്ലാം ഫുട്‌ബോള്‍ പരിശീലനം നടത്തുന്ന പെണ്‍കുട്ടികളുണ്ട്. ഇപ്പോള്‍ സീനിയര്‍ തലത്തില്‍ സംസ്ഥാനത്തിനും ജില്ലകള്‍ക്കും വേണ്ടി മത്സരിക്കുന്നവരെല്ലാം പഠനകാലയളവില്‍ത്തന്നെ പരിശീലനം തുടങ്ങിയവരാണ്. ഫുട്‌ബോള്‍ സ്‌കൂള്‍ കായികമേളയിലില്ലാത്തതിനാല്‍ ഇവര്‍ക്കെല്ലാം അവകാശപ്പെട്ട ഗ്രേസ് മാര്‍ക്കടക്കമുള്ള ആനുകൂല്യങ്ങള്‍ നഷ്ടമാവുകയും ചെയ്തു. യാതൊരു പ്രോത്സാഹനവും ലഭിക്കാത്തതിനാല്‍ ഭാവിയുടെ വാഗ്ദാനമാകേണ്ട പെണ്‍കുട്ടികളെല്ലാം പാതിവഴിയില്‍ പരിശീലനം മതിയാക്കി രംഗം വിടാറാണ് പതിവ്.

ഗ്രേസ് മാര്‍ക്കിന് പുറമെ ദേശീയ സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കാനുള്ള അവസരവും കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് നഷ്ടപ്പെടുകയാണ്. 1997-98ല്‍ കശ്മീരില്‍ നടന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ ദേശീയ ഫുട്‌ബോള്‍ മത്സരത്തില്‍ പരിശീലകനായ ഗബ്രിയേല്‍ ജോസഫ് മുന്‍കൈയെടുത്ത് കേരള ടീമിനെ പങ്കെടുപ്പിച്ചിരുന്നു. അന്ന് ഓപ്പണ്‍ സെലക്ഷനിലൂടെയാണ് സംസ്ഥാനടീമിനെ കണ്ടെത്തിയത്. പിന്നീട് ഈ രീതിക്കും ആരും മുന്‍കൈയെടുത്തില്ല.

സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ മത്സരയിനമാക്കണമെന്ന ആവശ്യവുമായി കോഴിക്കോട് വിമന്‍സ് ഫുട്‌ബോള്‍ ക്ലബ്ബ് സെക്രട്ടറിയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചുമായ എം. ഫൗസിയ മുട്ടാത്ത വാതിലുകളില്ല. ഇത്തവണത്തെ സ്‌കൂള്‍ ഗെയിംസിന് മുമ്പും അവര്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിനും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്കും നിവേദനം നല്‍കി. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പണം കെട്ടിവെച്ചാലേ പെണ്‍കുട്ടികളുടെ ഫുട്‌ബോളിന്റെ ദേശീയ സ്‌കൂള്‍ മത്സരത്തില്‍ പങ്കെടുക്കാനാവൂ എന്നാണത്രെ ബന്ധപ്പെട്ട വകുപ്പില്‍നിന്ന് ലഭിച്ച മറുപടി. അതേസമയം സംസ്ഥാനത്തെ വിവിധ തലങ്ങളിലായി നടക്കുന്ന സ്‌കൂള്‍ കായികമേളയില്‍ ഇത് മത്സരയിനമാക്കുന്നതിനെക്കുറിച്ച് യാതൊരു മറുപടിയും അധികൃതര്‍ നല്‍കിയതുമില്ല.
വിജ്ഞാനവും കൗതുകവും പകര്‍ന്ന് ചലച്ചിത്രദൃശ്യവിരുന്ന്

ചവറ: സിനിമയുടെ സങ്കേതങ്ങള്‍ കുഞ്ഞുമനസ്സുകളിലേക്ക് സന്നിവേശിപ്പിച്ച ദൃശ്യാനുഭവവും ക്ലാസ്സും വിദ്യാലയാന്തരീക്ഷത്തില്‍ കൗതുകം പകര്‍ന്നു. ചവറ കൊറ്റന്‍കുളങ്ങര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ചലച്ചിത്രരംഗത്തെ വിവിധ വശങ്ങളെപ്പറ്റി വിജ്ഞാനത്തിന്റെ ചെപ്പുതുറന്നത്. വിവിധ ഭാഷകളിലെ വിഖ്യാത സിനിമകളില്‍നിന്നുള്ള ക്ലിപ്പിങ്ങുകള്‍ പ്രദര്‍ശിപ്പിച്ച്, അവയില്‍ ദൃശ്യവിന്യാസം, എഡിറ്റിങ്, ഡബ്ബിങ്, തിരക്കഥ തുടങ്ങിയവ എങ്ങനെ നിര്‍വഹിച്ചിരിക്കുന്നുവെന്ന് വിശദമാക്കുന്നതായിരുന്നു പഠനക്ലാസ്. യുനെസ്‌കോ പാരീസില്‍ സംഘടിപ്പിച്ച ഷോര്‍ട്ട്ഫിലിം മേളയിലെ അവാര്‍ഡുജേതാവ് അനന്തകൃഷ്ണന്‍, വിഷ്ണു എന്നിവര്‍ ക്ലാസ് നയിച്ചു. സ്‌കൂളിലെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. പഠനക്ലാസ്സിന്റെ ഉദ്ഘാടനം ചവറ തുളസി നിര്‍വഹിച്ചു. ജെ.മോഹനന്‍ പിള്ള, എല്‍.മിനി, ആര്‍.ബി.ശൈലേഷ്‌കുമാര്‍, ശ്യാമളകുമാരി, ശ്രീഹരി, കെ.നടരാജന്‍ എന്നിവര്‍ സംസാരിച്ചു.
മലയാളം നിര്‍ബന്ധഭാഷയായില്ല; ഉത്തരവ് കണ്ണില്‍ പൊടിയിടല്‍

തിരു: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കി യുഡിഎഫ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് കണ്ണില്‍പൊടിയിടല്‍ . ഉത്തരവിറങ്ങി ഒന്നരമാസമാസത്തിലേറെയായിട്ടും ഒരു സ്കൂളില്‍പോലും ഇത് നടപ്പായില്ല. സെപ്തംബര്‍ ഒന്നിനാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. അധികമായി പഠിപ്പിക്കേണ്ട പുസ്തകങ്ങളെക്കുറിച്ച് നിര്‍ദേശം സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയ എസ്സിഇആര്‍ടി ഡയറക്ടര്‍ ഒരു നടപടിയുമെടുത്തില്ല. വിഎച്ച്എസ്ഇയില്‍ മലയാളം പഠിക്കാന്‍ അവസരം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമം രൂപപ്പെടുത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ വിഎച്ച്എസ്ഇ ഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിലും നടപടി ഉണ്ടായില്ല. പ്ലസ്ടുവില്‍ മലയാളം ഒന്നാം ഭാഷയാക്കുന്നതിന് പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറെയും ചുമതലപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പത്താംക്ലാസ് വരെ മലയാളം നിര്‍ബന്ധഭാഷയായിരിക്കണമെന്നും കന്നട, തമിഴ്, ഗുജറാത്തി എന്നിവ മാതൃഭാഷയായുള്ള കുട്ടികള്‍ക്ക് ഇവ ഒന്നാംഭാഷയായി പഠിക്കുന്നതിനോടൊപ്പം മലയാളംകൂടി പഠിക്കാന്‍ സാഹചര്യം ഒരുക്കണമെന്നുമാണ് സര്‍ക്കാര്‍ ഉത്തരവില്‍ പ്രധാനമായും നിര്‍ദേശിച്ചിരുന്നത്. മലയാളം നിര്‍ബന്ധ ഒന്നാംഭാഷയായി പഠിപ്പിക്കണമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവില്‍ ചിലര്‍ എതിര്‍പ്പ്പ്രകടിപ്പിച്ചുവെന്ന പേരില്‍ മലയാളം നിര്‍ബന്ധഭാഷയായിമാത്രം പഠിപ്പിച്ചാല്‍ മതിയെന്ന് യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവിറക്കി. പാര്‍ട്ട് രണ്ട് മലയാളം പാഠാവലി കൂടുതല്‍ ഫലപ്രദമായി പഠിപ്പിക്കുന്നതിന് ആഴ്ചയില്‍ രണ്ടിനുപകരം മൂന്നു പീരിയഡുകള്‍ നീക്കിവയ്ക്കാന്‍ ചൊവ്വാഴ്ചയിലെ ടൈംടേബിള്‍ എട്ടു പീരിയഡായി പുനഃക്രമീകരിച്ച് ഒരു അധിക പീരിയഡ് കണ്ടെത്തുമെന്ന് പറഞ്ഞിരുന്നു. മലയാളപഠനം നിലവിലില്ലാത്ത അറബി, സംസ്കൃതം ഓറിയന്റല്‍ സ്കൂളുകളില്‍ പാര്‍ട്ട് രണ്ട് രണ്ട് പേപ്പറാക്കുകയും ഒന്നാംപേപ്പര്‍ ഇപ്പോഴുള്ള പാര്‍ട്ട് രണ്ടും രണ്ടാം പേപ്പര്‍ മലയാളമാക്കുക എന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഈ സ്കൂളുകള്‍ മലയാളം പഠിപ്പിക്കുന്നതിന് മൂന്നു പീരിയഡ് അധികം കണ്ടെത്തുകയും വേണമായിരുന്നു. എന്നാല്‍ , ഇവയൊന്നും നടപ്പായിട്ടില്ലെന്ന് അധ്യാപകസംഘടനകള്‍ പറഞ്ഞു. മലയാള പഠനത്തിനുള്ള ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിനുതന്നെ താല്‍പ്പര്യമില്ലാത്തപ്പോള്‍ നവംബര്‍ ഒന്നിന് കേരളപ്പിറവിദിനത്തില്‍ സംസ്ഥാനത്തെ എല്ലാ സ്കൂളിലും ഭാഷാപ്രതിജ്ഞയെടുക്കണമെന്ന നിര്‍ദേശം നല്‍കിയ സര്‍ക്കാര്‍ നിലപാട് പരിഹാസ്യമായിരിക്കയാണ്.
അമ്മമാരുടെ കൈപ്പുണ്യത്തില്‍ പറമ്പില്‍ക്കടവ് സ്കൂളില്‍ ഉച്ചയൂണ്

പറമ്പില്‍ ബസാര്‍ : പറമ്പില്‍ക്കടവ് എംഎഎംയുപി സ്കൂളിലെ ആയിരത്തി ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ക്ക് അമ്മമാരുടെ കൂട്ടായ്മയില്‍ വിഭവസമൃദ്ധമായ ഉച്ചയൂണ് "എന്റെ കറി" പദ്ധതി ആരംഭിച്ചു. ആഴ്ചയില്‍ ഒരു ദിവസം ഒരു ക്ലാസ് ഡിവിഷനിലെ അമ്മമാരുടെ നേതൃത്വത്തില്‍ സ്കൂളിലെ ഉച്ചഭക്ഷണത്തെ വിഭവസമൃദ്ധമാക്കുന്ന പരിപാടിയാണിത്. പാചകവും വിളമ്പലുമായി അമ്മമാര്‍ ഒത്തുചേര്‍ന്നത് നവ്യാനുഭവമായി. സ്കൂളില്‍ പതിവു വിഭവത്തിനു പുറമെ കൂട്ടുകറി, എരിശ്ശേരി, ഉപ്പേരി, മോര്, തൈര് എന്നിവയൊരുക്കി. കുരുവട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ മഞ്ജുള ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം കെ സുജയകുമാര്‍ അധ്യക്ഷനായി. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലക്ഷ്മിക്കുട്ടി, പഞ്ചായത്തംഗം ഷിനു, സി കെ വിനോദ്കുമാര്‍ , മാതൃസമിതി ചെയര്‍പേഴ്സണ്‍ പി നിഷ, പി എം സൈനബ, സി പി അശോകന്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ടി പി പ്രകാശന്‍ സ്വാഗതവും എം രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു. 
കുഞ്ഞുകൈകള്‍ വിത്തെറിഞ്ഞു: മണ്ണറിഞ്ഞ് കൊയ്തുകേറാന്‍

കോട്ടക്കല്‍ : "തന്തിനം തിനം... തനതിനന്തിനം തനതിന തിന തന്തിനം നെല്‍ക്കതിരുകള്‍ ആടി ആടി നമുക്ക് നമ്മുടെ വയലില് ഞാറ്റുവേല ഏറ്റുപാടും നമുക്ക് നമ്മുടെ വയലില്... ഉഴുതുമറിച്ച വയലില്‍ യൂണിഫോമിട്ട കുട്ടികളുടെ പാട്ടുയര്‍ന്നു. ചേറിലൂടെ ചെറുചിരിയുമായി നൂറോളം വിദ്യാര്‍ഥികള്‍ ഞാറുനട്ടു. വെയിലിനെ വകവെക്കാതെ കുരുന്നുകള്‍ മണ്ണറിഞ്ഞപ്പോള്‍ കൂടിനിന്നവര്‍ക്കും ആവേശം. ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് വളന്റിയര്‍മാരും ഹരിതസേനാ അംഗങ്ങളുമാണ് കുറ്റിപ്പുറം പാടത്തെ രണ്ടേക്കറില്‍ ഞാറുനട്ടത്. മണ്ണറിയാം വിത്തെറിയാം എന്ന പദ്ധതിയുടെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ കൃഷിയിറക്കിയത്. കര്‍ണാടക ജയ വിത്ത് മുളപ്പിച്ച ഞാറാണ് നട്ടത്. രാജാസിലെ കുട്ടികള്‍ക്ക് കൃഷി പുതുകാര്യമല്ല. നെല്‍കൃഷി കൂടാതെ സ്കൂള്‍പറമ്പില്‍ പച്ചക്കറി, വാഴ, വൃക്ഷതൈ എന്നിവ കുട്ടികള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്. കൂടാതെ മത്സ്യകൃഷിയും നടത്തുന്നുണ്ട്. ഹരിതസേനയുടെ നേതൃത്വത്തില്‍ മരവും കുട്ടിയും എന്ന സംഗീതശില്‍പ്പവും അവതരിപ്പിക്കുന്നുണ്ട്. ഇതിനകം നൂറോളം വേദികളില്‍ "മരവും കുട്ടിയും" അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ സ്കൂള്‍ രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു.  
"വെളിച്ചം" പദ്ധതിക്ക് തുടക്കമായി

കൊച്ചി: വൈപ്പിന്‍ മണ്ഡലത്തിലെ സര്‍ക്കാര്‍ , എയ്ഡഡ് സ്കൂളുകളിലെ കാല്‍ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസരംഗത്തെ മുന്നേറ്റത്തിനു വഴിയൊരുക്കുന്നതിന് എസ് ശര്‍മ എംഎല്‍എ ആവിഷ്കരിച്ച "വെളിച്ചം" തീവ്ര വിദ്യാഭ്യാസപദ്ധതിക്കു തുടക്കമായി. വിദ്യാഭ്യാസപരമായി പിന്നോക്കംനില്‍ക്കുന്ന വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്താനും സംരക്ഷണം ഉറപ്പാക്കാനുമുള്ള പദ്ധതി മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനംചെയ്തു. മണ്ഡലത്തിലെ വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റം ഉണ്ടാക്കാന്‍ പദ്ധതിക്കു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 25,000 വിദ്യാര്‍ഥികളുടെ മുന്നോട്ടുള്ള പ്രയാണത്തിന് പദ്ധതി ആക്കംകൂട്ടും. സാധാരണക്കാരായ വിദ്യാര്‍ഥികളെ സ്വാശ്രയ സ്കൂളുകളിലെ വിദ്യാര്‍ഥികളുമായി മത്സരത്തിന് പ്രാപ്തരാക്കുന്ന ഈ പദ്ധതി മറ്റു മണ്ഡലങ്ങളില്‍ നടപ്പക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. സമ്മേളനത്തിന്റെ ഉദ്ഘാടനം കേന്ദ്രസഹമന്ത്രി കെ വി തോമസ് നിര്‍വഹിച്ചു. വെളിച്ചം പദ്ധതിക്ക് തുടര്‍ച്ചയുണ്ടാകുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകതയെന്ന് അദ്ദേഹം പറഞ്ഞു. തീരദേശമേഖലയായ വൈപ്പിനെ വിദ്യാഭ്യാസരംഗത്ത് വളരെയധികം മുന്നോട്ടു നയിക്കാന്‍ പദ്ധതിക്കു സാധിക്കും. വിദ്യാഭ്യാസത്തിന്റെ ഗുണകരമായ മാറ്റത്തിന് തുടക്കംകുറിക്കുന്ന വലിയ സംരംഭത്തിനാണ് വെളിച്ചത്തിലൂടെ തുടക്കമായതെന്നും കെ വി തോമസ് പറഞ്ഞു. ചെറായി ഗൗരീശ്വരം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എസ് ശര്‍മ എംഎല്‍എ അധ്യക്ഷനായി. വിദ്യഭ്യാസപരമായി പിന്നോക്കംനില്‍ക്കുന്ന വൈപ്പിന്റെ വികസനം ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന്അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ കരിക്കുലത്തിനനുസരിച്ചു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് പിന്തുണ നല്‍കുന്ന രീതിയിലാണ് വെളിച്ചം ആവിഷ്കരിച്ചതെന്നും ശര്‍മ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കുള്ള പുസ്തകങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി ഏറ്റുവാങ്ങി. വെളിച്ചം പദ്ധതിയുടെ നിയോജകമണ്ഡലം ചെയര്‍മാന്‍ സിപ്പി പള്ളിപ്പുറം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ എംഎല്‍എ വി കെ ബാബു, കെ ആര്‍ സുഭാഷ്, എം ജെ ടോമി, വിജയ മോഹന്‍ , അഡ്വ. സൗജത്ത് അബ്ദുള്‍ ജബ്ബാര്‍ , എലിയാമ്മ ഐസക്, ചിന്നമ്മ ധര്‍മന്‍ , ടി ജി വിജയന്‍ , ആന്ദവല്ലി ചെല്ലപ്പന്‍ , ടാജി റോയി, ഷീബ ജയിംസ്, എ കെ ദിനകരന്‍ , ശാന്തിനി പ്രസാദ്, അഡ്വ. ടി ആര്‍ നിലേഷ്, ഡോ. കെ എസ് ജോണ്‍സണ്‍ പങ്കേത്ത്, ശിവദാസ് നായരമ്പലം എന്നിവര്‍ സംസാരിച്ചു. കലക്ടര്‍ പി ഐ ഷേഖ് പരീത് സ്വാഗതവും വിഭ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം ഡി മുരളി നന്ദിയും പറഞ്ഞു


Tuesday, October 25, 2011

വൈപ്പിനില്‍ "വെളിച്ചം" പദ്ധതി ഇന്നു തുടങ്ങും

  26-Oct-2011 01:
കൊച്ചി: വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍ , എയ്ഡഡ് സ്കൂളുകളുടെ സംരക്ഷണത്തിനും വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്താനും ലക്ഷ്യമിട്ട് എസ് ശര്‍മ എംഎല്‍എ ആവിഷ്കരിച്ച സമഗ്ര വിദ്യാഭ്യാസപദ്ധതി "വെളിച്ചം" ബുധനാഴ്ച മിഴിതുറക്കും. വൈകിട്ട് നാലിന് ചെറായി ഗൗരീശ്വരം ഓഡിറ്റോറിയത്തില്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് പദ്ധതി ഉദ്ഘാടനംചെയ്യും. എസ് ശര്‍മ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി കെ വി തോമസ് ഉദ്ഘാടനം ചെയ്യും.
കുട്ടികളുടെ വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുന്നതോടൊപ്പം മല്‍സരശേഷിയും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയില്‍ കംപ്യൂട്ടര്‍ , ലാപ്ടോപ്പ്, സിലബസിനു പുറമേയുള്ള പുസ്തകങ്ങള്‍ , മറ്റ് പഠനോപകരണങ്ങള്‍ എന്നിവ വിതരണംചെയ്യും. ഈവര്‍ഷം 200 കംപ്യൂട്ടറും 20 ലാപ്ടോപ്പും നല്‍കും. 
ഒന്നുമുതല്‍ പ്ലസ്ടുവരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അമ്മമാര്‍ വച്ചുവിളമ്പുന്ന വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ഉറപ്പാക്കുന്ന അമ്മതന്‍ ഭക്ഷണം പദ്ധതിക്ക് നവംബര്‍ ഒന്നിന് തുടക്കമാകും. മാതൃസംഗമം വിളിച്ചുചേര്‍ത്ത് അമ്മമാരെ ഓരോ ദിവസത്തേക്കും തിരിച്ചായിരിക്കും പങ്കാളിത്തം ഉറപ്പുവരുത്തുക. 
മണ്ഡലത്തിലെ കടമക്കുടി, എളങ്കുന്നപ്പുഴ, മുളവുകാട്, ഞാറക്കല്‍ , നായരമ്പലം, കുഴുപ്പിള്ളി, പള്ളിപ്പുറം, എടവനക്കാട് എന്നിങ്ങനെ എട്ടു പഞ്ചായത്തുകളിലെ 70 സര്‍ക്കാര്‍ , എയ്ഡഡ് സ്കൂളുകള്‍ പദ്ധതിയുടെ ഭാഗമാണ്്. 10,532 ആണ്‍കുട്ടികളും 9761 പെണ്‍കുട്ടികള്‍ക്കും ഉള്‍പ്പെടെ 20,293 കുട്ടികള്‍ക്ക് വെളിച്ചം പദ്ധതി അനുഗ്രഹമാകും. 
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വിദ്യാഭ്യാസവിദഗ്ധര്‍ തയ്യാറാക്കുന്ന റഫറന്‍സ് പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് സൗജന്യമായി വിതരണംചെയ്യും. ഓരോ ക്ലാസിലെയും സിലബസ് അനുസരിച്ച് തയ്യാറാക്കുന്ന പുസ്തകത്തില്‍ 80 ശതമാനം സിലബസ് കേന്ദ്രീകരിച്ചും 20 ശതമാനം പൊതുവിജ്ഞാനം കേന്ദ്രീകരിച്ചുമായിരിക്കും. ഈ പുസ്തകത്തെ ആധാരമാക്കി നവംബറില്‍ പരീക്ഷ നടക്കും. 
കുട്ടികളുടെ പ്രശ്നപരിഹാരത്തിന് കൗണ്‍സലിങ്ങും ഏര്‍പ്പെടുത്തും. 
മികച്ച സ്കൂള്‍ , അധ്യാപകന്‍ , പിടിഎ, മാതൃസംഘം എന്നിവയ്ക്ക് എംഎല്‍എ ഫണ്ടില്‍നിന്ന് ഉയര്‍ന്ന തുക സമ്മാനമായി നല്‍കും. ഡിഇഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ തെരഞ്ഞെടുക്കുക. ഈവര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തി മാര്‍ച്ചില്‍ പുരസ്കാരങ്ങള്‍ നല്‍കും. തുടര്‍ന്ന് പുരസ്കാരജേതാക്കളായ സ്കൂളുകള്‍ സമര്‍പ്പിക്കുന്ന പദ്ധതിക്ക് എംഎല്‍എ ഫണ്ടില്‍നിന്ന് തുക അനുവദിക്കും. 
ഭക്ഷണവുമായി ബന്ധപ്പെട്ട പദ്ധതി ഗോശ്രീ ദ്വീപ് വികസന അതോറിറ്റി വഴി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ആരോഗ്യവികസനം, രോഗപ്രതിരോധം, പോഷകാഹാരം എന്നിവയ്ക്കു പദ്ധതിയുണ്ടാകും. കുട്ടികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കും. 
കലക്ടര്‍ ജനറല്‍ കണ്‍വീനറായ സമിതി വര്‍ഷംതോറും പദ്ധതിയുടെ ഓഡിറ്റിങ് നടത്തും. നിയോജകമണ്ഡലം, പഞ്ചായത്ത്തലം, സ്കൂള്‍തലം എന്നിങ്ങനെ മൂന്നു തലങ്ങളിലായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റികളായിരിക്കും പദ്ധതിയുടെ നടത്തിപ്പിന് ചുക്കാന്‍പിടിക്കുക. 
മുഴുവന്‍ സ്കൂളുകളിലും റേഡിയോ മാറ്റൊലി ക്ലബുകള്‍ രൂപീകരിക്കും
കല്‍പ്പറ്റ: വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ദ്വാരകയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി റേഡിയോ യുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലും റേഡിയോ മാറ്റൊലി ക്ലബുകള്‍ രൂപീകരിക്കുമെന്ന് സ്റ്റേഷന്‍ ഡയറക്ടര്‍ ഡോ. ഫാ.ജോസഫ് തേരകം മാനേജിങ് കമ്മറ്റി അംഗങ്ങളായ എം സുരേന്ദ്രന്‍ , മാര്‍ഗരറ്റ് തോമസ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ 93 സ്കൂളുകളിലാണ് ഇപ്പോള്‍ മാറ്റൊലി ക്ലബുകള്‍ ഉള്ളത്. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് എഡ്യുക്കേഷണല്‍ ടെക്നോളജി തയ്യാറാക്കിയ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പഠന പരിപാടിയുടെ പ്രക്ഷേപണം നവംബറില്‍ ആരംഭിക്കും. രണ്ടര വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച റേഡിയോ മാറ്റൊലിക്ക് ജില്ലയില്‍ ആറ് ലക്ഷം ശ്രോതാക്കളുണ്ടെന്ന് സര്‍വേയില്‍ കണ്ടെത്തിയതായി സംഘാടകര്‍ അറിയിച്ചു. രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെയുള്ള പ്രക്ഷേപണത്തിന് നൂറിലേറെ അണിയറ പ്രവര്‍ത്തകരുണ്ട്. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്ന പ്രോജക്ട് ഫണ്ട് ഉപയോഗിച്ചാണ് റേഡിയോ മാറ്റൊലി പ്രവര്‍ത്തിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.
 

അധ്യാപക നിയമനത്തില്‍ കച്ചവടമെന്ന് സാമാജികര്‍


അധ്യാപക നിയമനത്തില്‍  കച്ചവടമെന്ന് സാമാജികര്‍
തിരുവനന്തപുരം : സ്വകാര്യ എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനത്തില്‍  കച്ചവടമാണ് നടക്കുന്നതെന്ന് നിയമസഭാ സാമാജികര്‍ .എയ്ഡഡ് സ്കൂളില്‍ അധ്യാപക നിയമനത്തല്‍ കച്ചവടമാണ് നടക്കുന്നതെന്ന് മുസ്ലിം ലീഗിലെ കെ.എം ഷാജി  പറഞ്ഞത് സഭയില്‍ ചര്‍ച്ചക്കിടയാക്കി. വിദ്യഭ്യാസ കച്ചവടം മാത്രമല്ല , ന്യുനപക്ഷ വിഭാഗങ്ങള്‍ക്ക്  അര്‍ഹതപ്പെട്ട സീറ്റുകള്‍ പോലും വില്‍ക്കുകയാണെന്നും ഷാജി പറഞ്ഞു.
അധ്യാപക നിയമനത്തില്‍ കച്ചവടം നടക്കുന്നത് ഈ സര്‍ക്കാരിന്‍െറ കാലത്ത് മാത്രം നടക്കുന്നതല്ളെന്ന് വിദ്യഭ്യാസ മന്ത്രി പി.കെ അബ്ദുറബ് മറുപടി നല്‍കി. നിയമനാധികാരം സ്കൂള്‍ മാനേജര്‍മാര്‍ക്കാണ്. സ്വകാര്യ എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനം പി.എസി.ക്ക് വിടണമെന്ന  ആവശ്യത്തില്‍  ഇടതു സര്‍ക്കാര്‍ പോലും തീരുമാനമെടുത്തിട്ടില്ലന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സ്വകാര്യ എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനം മാനേജര്‍മാര്‍ക്ക് അനുവദിച്ച് കൊടുത്തത് സുപ്രീംകോടതിയാണ് ചീഫ്വിപ്പ് പി.സി ജോര്‍ജ് പറഞ്ഞു. എന്നാല്‍, ആര്‍ . ശങ്കര്‍ സര്‍ക്കാറാണ് ഇതിനനുമതി നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പി.സി ജോര്‍ജിനെ തിരുത്തി
രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍' ഇംഗ്ലീഷ് അധ്യാപകനിയമനം നടത്തുന്നില്ല


കല്പറ്റ: രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍പ്രകാരം അപ്‌ഗ്രേഡ് ചെയ്ത സ്‌കൂളുകളില്‍ ഇംഗ്ലീഷ് ഭാഷാധ്യാപകര്‍ക്ക് നിയമനം നടത്തുന്നില്ല.

സംസ്ഥാന പിന്നാക്കമേഖലകളിലുള്ള വിദ്യാര്‍ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ആര്‍.എം.എസ്.എ. പദ്ധതി തുടങ്ങിയത്. എന്നാല്‍ ഇതുവരെ പദ്ധതിപ്രകാരം ഇംഗ്ലീഷ് അധ്യാപകനിയമനം നടത്തിയില്ല. കാസര്‍കോട്, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് പദ്ധതി പ്രകാരം 60 സ്‌കൂളുകള്‍ തുടങ്ങിയത്. 360 അധ്യാപക തസ്തികകള്‍ അനുവദിക്കപ്പെട്ടതില്‍ 240 എച്ച്.എസ്.എ. കോര്‍ സബ്ജറ്റും 120 ഭാഷാ അധ്യാപകരും ഉണ്ട്. ഇതില്‍ മലയാളം, ഹിന്ദി എന്നീ അധ്യാപകതസ്തികകള്‍ ഉത്തരവില്‍ പറയുന്നു. അതേസമയം ഇംഗ്ലീഷ് മാത്രം ഉള്‍പ്പെടുത്തിയിട്ടില്ല.

വയനാട്ടില്‍ 12 വിദ്യാലയങ്ങളാണ് ആര്‍.എം.എസ്.എ. പദ്ധതിയിലുള്ളത്. 3000 വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നു. ഇംഗ്ലീഷ് അധ്യാപകരുടെ അഭാവം നികത്താന്‍ പ്രധാനാധ്യാപകരും പി.ടി.എ. ഭാരവാഹികളും പാടുപെടുകയാണ്. മിക്കയിടത്തും ഇംഗ്ലീഷ് ക്ലാസുകള്‍ നടക്കുന്നില്ല. എച്ച്.എസ്.എ. ഇംഗ്ലീഷ് ജില്ലാ റാങ്ക് ഹോള്‍ഡേഴ്‌സ് ഭാരവാഹികള്‍ അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടും പരിഹാരമായിട്ടില്ല.
കുട്ടികള്‍ ക്യൂവിലാണ്; മൂത്രപ്പുരയ്ക്ക് മുന്നില്‍ ഉള്ളത് വൃത്തികേടായി; പുതിയത് പണിയാന്‍ സ്ഥലമില്ല


തിരൂരങ്ങാടി: സ്‌കൂളിന് സ്വന്തമായി സ്ഥലമില്ലാത്തതുകാരണം തൃക്കുളം ജി.ഡബ്ല്യു.യു.പി സ്‌കൂളില്‍ ആവശ്യത്തിന് മൂത്രപ്പുരകളും കക്കൂസ്സുകളും നിര്‍മ്മിക്കാനാകുന്നില്ല. 527 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന് 10 സെന്റ് സ്ഥലം മാത്രമേ സ്വന്തമായുള്ളൂ. 12 ക്ലാസ്മുറികള്‍ വാടകയ്ക്കാണ് പ്രവര്‍ത്തിക്കുന്നത്. സ്ഥലമില്ലാത്തതുകാരണം പ്രാഥമിക സൗകര്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യവുമില്ല. ഇപ്പോള്‍ ആണ്‍കുട്ടികള്‍ക്ക് ഒരു ശൗചാലയവും മൂന്നുപേര്‍ക്ക് ഉപയോഗിക്കാവുന്ന മൂത്രപ്പുരയും മാത്രമേയുള്ളൂ. പെണ്‍കുട്ടികള്‍ക്കും ഇതേക്രമത്തില്‍ തന്നെയാണ് സൗകര്യം.

മുമ്പ് പഞ്ചായത്ത് നിര്‍മ്മിച്ചുനല്‍കിയ മൂത്രപ്പുര വൃത്തിഹീനമായതുകരണം ഉപയോഗ ശൂന്യമായി കിടക്കുന്നുണ്ട്. ഇടവേള സമയത്ത് ആവശ്യക്കാര്‍ക്കെല്ലാം മൂത്രപ്പുര ഉപയോഗിക്കാന്‍ കിട്ടുന്നില്ലെന്നതാണ് ആക്ഷേപം. സ്‌കൂളിലെ 20ഓളം ജീവനക്കാര്‍ക്കായി ഒരു ശൗചാലയം മാത്രമേയുള്ളൂ.

പുതിയ മൂത്രപ്പുര നിര്‍മ്മിക്കാന്‍ പഞ്ചായത്ത് തുക വകയിരുത്തിയിട്ടുണ്ടെന്നും ഇത് ലഭിച്ചാല്‍ ഉടന്‍ നിര്‍മ്മാണം തുടങ്ങുമെന്നും പ്രധാനാധ്യാപിക പറഞ്ഞു. പ്രദേശത്തെ എയ്ഡഡ് സ്‌കൂളുകളിലും വൃത്തിയുള്ളതും ആവശ്യത്തിന് സൗകര്യമുള്ളതുമായ മൂത്രപ്പുരകള്‍ ഇല്ലെന്ന ആക്ഷേപമുണ്ട്. അടിസ്ഥാന സൗകര്യങ്ങളില്‍ പ്രഥമ പരിഗണന നല്‍കേണ്ട ഇവയ്ക്കായി പണം മുടക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാകുന്നില്ലെന്നതാണ് പരാതി.

തിരൂരങ്ങാടി: കെട്ടിടങ്ങള്‍ ഉടമ പൊളിച്ചുനീക്കിയതിന്റെപേരില്‍ പഠനംപോലും കഷ്ടത്തിലായ കക്കാടംപുറം ജി.യു.പി സ്‌കൂളിലും മൂത്രപ്പുര സൗകര്യം കുറവാണ്. സ്‌കൂളിനുള്ള കെട്ടിടം നന്നാക്കാന്‍ അധ്യാപകരും രക്ഷിതാക്കളും കഷ്ടപ്പെടുമ്പോള്‍ ഇക്കാര്യത്തിന് വേണ്ട ശ്രദ്ധ കൊടുക്കാനാകുന്നില്ല. 200ലേറെ കുട്ടികളും 12ഓളം ജീവനക്കാരുമുള്ള സ്‌കൂളില്‍ ഒരു ശൗചാലയവും ആറ് മൂത്രപ്പുരകളും മാത്രമേയുള്ളൂ.
കൈനിറയെ ഏടാകൂടങ്ങളുമായി ശ്രീധരന്‍ മാഷ്

മലപ്പുറം: കൈനിറയെ ഏടാകൂടങ്ങളും ഊരാക്കുടുക്കുകളുമായാണ് കൊണ്ടോട്ടി ജി.എം.യു.പി സ്‌കൂളിലെ ഉറുദു അധ്യാപകന്‍ ശ്രീധരന്‍ മാഷിന്റെ നടപ്പ്. മരക്കഷ്ണങ്ങള്‍ മാത്രം ഉപയോഗിച്ച് നിര്‍മിച്ച പഴയകാല വിനോദോപാധികളാണ് ഏടാകൂടങ്ങളും ഊരാക്കുടുക്കുകളും. കണ്ടാല്‍ മരക്കഷ്ണങ്ങള്‍ പലരീതിയില്‍ കൂട്ടിയോജിപ്പിച്ച ലളിതമായ ഉപകരണം. അഴിച്ചെടുക്കാന്‍ വലിയ പ്രയാസവുമില്ല. എന്നാല്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ ശ്രമിക്കുമ്പോഴാണ് ബുദ്ധിമുട്ട്. അസാമാന്യക്ഷമയും ബുദ്ധിയും വേണം ഇതിന്. ഇപ്പോഴത്തെ ജിഗ്‌സോ പസിലിന്റെ പ്രാകൃത രൂപമാണ് ഏടാകൂടങ്ങള്‍. അഴിക്കാന്‍ ബുദ്ധിമുട്ടുള്ള കുരുക്കുകള്‍ ഉള്ള ഉപകരണമാണ് ഊരാക്കുടുക്കുകള്‍. പത്ത് ചതുരക്കട്ടകള്‍ ഉപയോഗിച്ചുള്ള 'ഖജനാവും കാവല്‍ക്കാരനും' കളി ചെസ്സിനോട് സാമ്യമുള്ളതാണ്. ചാട്ടയും കുരുക്കും, വട്ടക്കുരുക്ക്, ചക്രം കളി എന്നിങ്ങനെ നൂറോളം കളിപ്പാട്ട ഉപകരണങ്ങളുടെ സ്വന്തക്കാരനാണ് കോഴിക്കോട് മുക്കം സ്വദേശിയായ ശ്രീധരന്‍ മാഷ്.

ഇരുപത് വര്‍ഷത്തോളമായി ഇദ്ദേഹം ഈ ശേഖരണം തുടങ്ങിയിട്ട്. കേരളത്തിനകത്തും പുറത്തും പലയിടങ്ങളില്‍ നിന്നായാണ് ഉപകരണങ്ങള്‍ ശേഖരിച്ചത്. പണ്ട് ക്ഷേത്രങ്ങളുടെയും പള്ളികളുടെയും ഇല്ലങ്ങളുടെയും മോന്തായം ഏടാകൂടങ്ങളുടെ പ്രവര്‍ത്തന മാതൃകയിലായിരുന്നു യോജിപ്പിച്ചത്.

ജാപ്പനീസ് കലയായ ഒറിഗാമിയിലും വിദഗ്ധനാണ് ഇദ്ദേഹം. ഹൈദരാബാദ് ആസ്ഥാനമായുള്ള സി.സി.ആര്‍.ടിയില്‍ ഒറിഗാമിയുടെ റിസോഴ്‌സ് പേഴ്‌സണ്‍ ആണ്. എല്‍.പി തലം മുതല്‍ ബി.എഡ്, ടി.ടി.സി വിദ്യാര്‍ഥികള്‍ക്കും ഇദ്ദേഹം ഒറിഗാമിയില്‍ പരിശീലനം നല്‍കുന്നുണ്ട്. തോള്‍സഞ്ചി നിറയെ ഏടാകൂടങ്ങളും ഊരാക്കുടുക്കുകളും കരവിരുതിന്റെ കൗതുകക്കാഴ്ചകളുമായി ശ്രീധരന്‍ മാഷ് നടപ്പ് തുടരുകയാണ്.
കൊണ്ടോട്ടി ഉപജില്ലയിലെ മൂന്ന് സ്‌കൂളുകളില്‍ പ്രാഥമിക സൗകര്യം അപര്യാപ്തം

കൊണ്ടോട്ടി: ഉപജില്ലയിലെ മൂന്ന് സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസൃതമായി പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് സൗകര്യങ്ങളില്ല.

വാഴക്കാട് പഞ്ചായത്തിലെ പണിക്കരപുറായ ജി.എല്‍.പി സ്‌കൂള്‍, നെടിയിരുപ്പിലെ ജി.എല്‍.പി സ്‌കൂള്‍, ജി.എം.എല്‍.പി സ്‌കൂള്‍ എന്നിവയിലാണ് വേണ്ടത്ര സൗകര്യങ്ങളില്ലാത്തത്. വാടകക്കെട്ടിടത്തിലാണ് മൂന്ന് സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നത്.

എല്‍.പി. വിഭാഗത്തില്‍ 100ഉം പ്രീ പ്രൈമറിയില്‍ 22ഉം കുട്ടികള്‍ പണിക്കരപുറായ സ്‌കൂളിലുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഓരോ മൂത്രപ്പുരകളാണ് സ്‌കൂളിലുള്ളത്. ആകെ ഒരു ശൗചാലയവും. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് വാടകക്കെട്ടിടത്തിലായതിനാല്‍ എസ്.എസ്.എ ഫണ്ടടക്കം ഒരു സഹായവും ലഭിക്കുന്നില്ല.

അഞ്ച് അധ്യാപകരും ഒരു അനധ്യാപകനുമടക്കം ആറ് ജീവനക്കാര്‍ സ്‌കൂളിലുണ്ട്. വേണ്ടത്ര മൂത്രപ്പുരകളും ശൗചാലയങ്ങളും ഇല്ലാത്തത് ഇവര്‍ക്കും ബുദ്ധിമുട്ടാകുന്നു. സ്‌കൂളിന് സ്ഥലം കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഒരു പോര്‍ട്ടബിള്‍ ടോയ്‌ലറ്റ് അടക്കം രണ്ട് ശൗചാലയങ്ങളും രണ്ട് മൂത്രപ്പുരകളുമാണ് നെടിയിരുപ്പ് ജി.എല്‍.പി സ്‌കൂളിലുള്ളത്. പ്രീ പ്രൈമറിയിലടക്കം 102 കുട്ടികള്‍ ഇവിടെയുണ്ട്. ഒമ്പത് ജീവനക്കാരുണ്ട്. കഴിഞ്ഞ വര്‍ഷമാണ് പോര്‍ട്ടബിള്‍ ടോയ്‌ലറ്റ് സ്ഥാപിച്ചത്.

നൂറിലേറെ വര്‍ഷത്തെ പാരമ്പര്യമുള്ള നെടിയിരുപ്പ് ജി.എം.എല്‍.പി സ്‌കൂളില്‍ പ്രീ പ്രൈമറിയിലടക്കം 98 കുട്ടികളുണ്ട്, അഞ്ച് അധ്യാപകരും. ഡി.പി.ഇ.പി പദ്ധതിക്കാലയളവില്‍ നിര്‍മ്മിച്ച ഒരു ശൗചാലയം മാത്രമാണ് സ്‌കൂളിലുള്ളത്. പി.ടി.എയുടെ നേതൃത്വത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും താത്കാലികമായി മൂത്രപ്പുരയുണ്ടാക്കിയിട്ടുണ്ട്. സ്‌കൂള്‍ നില്‍ക്കുന്ന സ്ഥലത്തെ സംബന്ധിച്ച് കേസ് നിലവിലുണ്ട്.

സ്വന്തമായി ഭൂമിയില്ലാത്തതാണ് ഈ സ്‌കൂളുകള്‍ നേരിടുന്ന പ്രധാന പ്രശ്‌നം.

Monday, October 24, 2011

കുട്ടികള്‍ക്ക് ആധാര്‍ നല്‍കുന്നതിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളായി

 : 25 Oct 2011

തിരുവനന്തപുരം: 2012 മാര്‍ച്ച് മാസത്തോടെ സംസ്ഥാനത്തെ സ്‌കൂളുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. ഇതനുസരിച്ച് സ്‌കൂളുകളില്‍ യു. ഐ. ഡി. നമ്പര്‍ നല്‍കുന്നതിനുള്ള എന്റോള്‍മെന്റ് നടപടിക്രമങ്ങള്‍ അക്ഷയ, കെല്‍ട്രോണ്‍ തുടങ്ങിയ അംഗീകൃത ഏജന്‍സികള്‍ക്കായിരിക്കും. ഏകോപനം ഐ. ടി Pസ്‌കൂള്‍ പ്രോജക്ടായിരിക്കും. ഇതനുസരിച്ച് ഓരോ കുട്ടിയുടെയും കെ. വൈ. ആര്‍. ഭാഗത്തു പറയുന്ന കാര്യങ്ങള്‍ (പേര്, ജനന തീയതി, ലിംഗം, അച്ഛന്റെ പേര്, അമ്മയുടെ പേര്, വിലാസം, പിന്‍കോഡ്) നിര്‍ബന്ധമായും നല്‍കണം. ഇതുകൂടാതെ സ്‌കൂള്‍ കോഡും കുട്ടിയുടെ അഡ്മിഷന്‍ നമ്പരും റേഷന്‍ കാര്‍ഡ് നമ്പരുണ്ടെങ്കില്‍ അതും കെ. വൈ. ആര്‍. പ്ലസായി നല്‍കണം.

ഫോമുകള്‍ പൂരിപ്പിക്കേണ്ടതും വെരിഫൈ ചെയ്യേണ്ടതും കുട്ടിയുടെ സഹായത്തോടെ അതത് ക്ലാസ് ടീച്ചര്‍മാരാണ്. പൂരിപ്പിച്ച ഫോറം കുട്ടി വീട്ടില്‍ കാണിച്ച് രക്ഷിതാക്കളുടെ അംഗീകാരം വാങ്ങണം. ക്ലാസ് ടീച്ചറിന്റെ ഒപ്പും സ്‌കൂളിന്റെ സീലും പതിച്ച ഓരോ കുട്ടിയുടേയും രജിസ്‌ട്രേഷന്‍ ഫോറം എന്റോള്‍മെന്റ് തീയതിക്ക് മുമ്പ് തന്നെ ബന്ധപ്പെട്ട ഏജന്‍സികളെ ഏല്‍പ്പിക്കണം. സര്‍ക്കുലര്‍ www.education.kerala.gov.in ല്‍ ലഭ്യമാണ്.

9,10 ക്ലാസ്സുകളെ പ്ലസ്ടുവിനോട് ചേര്‍ക്കരുത്കൊച്ചി: ദേശീയ വിദ്യാഭ്യാസ നയത്തിന്‍േറയും, വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയും പേരില്‍ 9,10 ക്ലാസ്സുകളെ ഹയര്‍സെക്കണ്ടറിയുമായി ഏകോപിപ്പിക്കുമെന്ന വകുപ്പ് മന്ത്രിയുടെ പ്രസ്താവന പിന്‍വലിക്കണമെന്ന് എയ്ഡഡ് ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ടി. പ്രസന്നകുമാറും ജന. സെക്രട്ടറി ഷാജു പുത്തൂരും ആവശ്യപ്പെട്ടു.


ഇന്ത്യയിലെ പതിനൊന്നോളം സംസ്ഥാനങ്ങളില്‍ 11,12 ക്ലാസ്സുകള്‍ മാത്രമായി ജൂനിയര്‍ കോളേജ്, സീനിയര്‍ സെക്കണ്ടറി എന്നീ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളെ ആധാരമാക്കിയുള്ള നിര്‍ദേശം കേരളത്തിലും നടപ്പാക്കാനുദ്ദേശിക്കുന്നത് കേന്ദ്ര സഹായം നേടിയെടുക്കാനുള്ള ഗൂഢശ്രമം മാത്രമാണ്. ഇതില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സംയുക്തമായി സമരം ചെയ്യുമെന്നും സംസ്ഥാന കമ്മിറ്റി മുന്നറിയിപ്പു നല്‍കി.


ടീച്ചേഴ്‌സ് ബാങ്ക്: നിബന്ധനകള്‍ അംഗീകരിക്കാനാവില്ലെന്ന് എന്‍.എസ്.എസ്

ചങ്ങനാശ്ശേരി: സംസ്ഥാനത്ത് ടീച്ചേഴ്‌സ് ബാങ്ക് രൂപവത്കരിക്കുന്നതിന് സര്‍ക്കാരുണ്ടാക്കിയ നിബന്ധനകള്‍ എയ്ഡഡ് സ്‌കൂളുകളുടെ നടത്തിപ്പിന് വിഘാതവും സ്‌കൂള്‍ മാനേജ്‌മെന്റുകളും സര്‍ക്കാരും അംഗീകരിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്ക് വിപരീതവുമാണെന്ന് നായര്‍ സര്‍വീസ് സൊസൈറ്റി. അതിനാല്‍ ഇപ്പോഴത്തെ ഉത്തരവിലെ നിബന്ധനകള്‍ പുനഃപരിശോധിക്കണമെന്നുകാട്ടി ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.


2011 മാര്‍ച്ച് 31ന് ശേഷം പെന്‍ഷന്‍, പ്രൊമോഷന്‍, മരണം, രാജി മുതലായ കാരണങ്ങളാല്‍ ഉണ്ടാകുന്ന റെഗുലര്‍ വേക്കന്‍സിയില്‍ നടത്തിയ നിയമനങ്ങള്‍ മാത്രമേ 2011-12ല്‍ അംഗീകരിക്കുകയുള്ളൂ എന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ഇതുകാരണം 2011 ഒക്ടോബര്‍ ഒന്നിനുമുമ്പ,് എട്ടുമാസത്തില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ലീവ് വേക്കന്‍സികളില്‍ നടത്തിയ നിയമനങ്ങള്‍ക്ക് അംഗീകാരം ലഭിക്കാതെവരുമെന്നും നിലവിലുള്ള വ്യവസ്ഥപ്രകാരം ഇത്തരം നിയമനങ്ങള്‍ ശമ്പളസെ്കയില്‍ വ്യവസ്ഥയില്‍ സ്ഥിരമായി അംഗീകരിക്കപ്പെടേണ്ടതാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.


വിദ്യാര്‍ഥി-അധ്യാപക അനുപാതം ക്രമപ്പെടുത്തുമ്പോള്‍ ഉണ്ടാകുന്ന പുതിയ ഒഴിവുകളില്‍ ഒരു സ്‌കൂളില്‍ ഒന്ന് എന്ന ക്രമത്തില്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാരിന്റെ ബാങ്കിലേക്ക് നല്‍കണമെന്നാണ് വ്യവസ്ഥചെയ്തിരിക്കുന്നത്. എന്നാല്‍ മാനേജ്‌മെന്റിന് ലഭിക്കുന്ന മിച്ചമുള്ള ഒഴിവുകളില്‍ ഈ വര്‍ഷം നിയമനം നടത്താനുള്ള അധികാരം നിഷേധിച്ചിരിക്കുകയാണ്. പകരം താത്കാലികാടിസ്ഥാനത്തിലുള്ള വിന്യാസം സര്‍ക്കാര്‍ നടത്തുമെന്നു പറഞ്ഞിരിക്കുന്നത് മാനേജ്‌മെന്റുകളുടെ നിയമനാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. മാനേജ്‌മെന്റുകള്‍ക്ക് ഇന്നുള്ള നിയമനാധികാരം നിലനിര്‍ത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.


ഒഴിവുകള്‍ ഡി.പി.ഐക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഡി.പി.ഐ. അത് പി.എസ്.സി. മോഡലില്‍ നോട്ടിഫൈ ചെയ്യണമെന്നും തുടര്‍ന്ന് ആവശ്യമായ പരസ്യം നല്‍കിവേണം മാനേജര്‍മാര്‍ നിയമനം നടത്തേണ്ടതെന്നുമുള്ള വ്യവസ്ഥയും അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ കെ.ഇ.ആറിലെ നിലവിലെ വ്യവസ്ഥ തന്നെ തുടരണം.


സ്‌പെഷല്‍ ടീച്ചേഴ്‌സിന്റെ നിയമനം അടുത്ത വര്‍ഷം മുതല്‍ പി. എസ്.സി. വഴിയായിരിക്കുമെന്നതും അംഗീകരിക്കാവുന്നതല്ല. അധ്യാപകരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഓഡിറ്റ് കമ്മിറ്റി രൂപവത്കരിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും കമ്മിറ്റിയുടെ ഘടന വ്യക്തമാക്കിയിട്ടില്ല. വിദ്യാഭ്യാസ വകുപ്പിന് പുറത്തുള്ള ആളുകളെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നത് അനുവദിക്കാനാവില്ല. ശമ്പളം ലഭിക്കാതെ ജോലിചെയ്യുന്ന അധ്യാപകേതര ജീവനക്കാരുടെ ശമ്പളവും സര്‍വീസും ക്രമപ്പെടുത്തുന്നതുസംബന്ധിച്ച് യാതൊന്നും ഈ ഉത്തരവില്‍ പറയുന്നില്ല.


ടീച്ചേഴ്‌സ് ബാങ്കിന്റെ പേരില്‍ മാനേജര്‍മാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നത് വിദ്യാഭ്യാസ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും നിവേദനത്തില്‍ എന്‍.എസ്.എസ്. ചൂണ്ടിക്കാട്ടുന്നു.

ക്ലസ്റ്റര്‍ യോഗം പ്രഹസനമാക്കരുത്-കെ.എസ്.ടി.എ

കോട്ടയം:അധ്യാപകരുടെ തുടര്‍ പരിശീലനത്തിന്റെ ഭാഗമായി നടക്കുന്ന ക്ലസ്റ്റര്‍ യോഗങ്ങള്‍ പ്രഹസനമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി ആരോപിച്ചു.

ഏഴാം ക്ലാസ്സുവരെയുള്ള ക്ലസ്റ്ററുകള്‍ ഈ മാസം 29ന് അധ്യാപകസംഗമമാക്കാനാണ് നിര്‍ദ്ദേശം. എസ്.എസ്.എ.യില്‍ ട്രെയിനര്‍മാരെ നിയമിക്കാത്തതിനാല്‍ പരിശീലനം നല്‍കാന്‍ ആളില്ല. എസ്.എസ്.എ.യുടെ സ്റ്റേറ്റ് ഓഫീസില്‍ ഉണ്ടായിരുന്ന പ്രോഗ്രാം ഓഫീസര്‍മാരെയും ട്രെയിനര്‍മാരെയും സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. പൊതുവിദ്യാലയങ്ങളെ ക്ഷീണിപ്പിക്കുന്ന ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് കെ.എസ്.ടി.എ. ജനറല്‍ സെക്രട്ടറി എം.ഷാജഹാന്‍ ആവശ്യപ്പെട്ടു.

Sunday, October 23, 2011

ഒമ്പതും പത്തും ക്ലാസുകള്‍ ഹയര്‍സെക്കന്‍ഡറിക്കൊപ്പം ചേര്‍ക്കും -വിദ്യാഭ്യാസമന്ത്രി

24 Oct 2011

മലപ്പുറം: ഒമ്പതുമുതല്‍ 12വരെയുള്ള ക്ലാസുകളെ ഒന്നിച്ചാക്കി ഹയര്‍സെക്കന്‍ഡറി വകുപ്പ് വിപുലീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന് മന്ത്രി പി.കെ.അബ്ദുറബ്ബ്. മലപ്പുറത്ത് കേരള പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷന്റെ സംസ്ഥാനസമിതി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

അടുത്ത വര്‍ഷത്തോടെ വിദ്യാഭ്യാസ മേഖലയെ വിദ്യാഭ്യാസ അവകാശ നിയമത്തിന് കീഴിലാക്കും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കള്ളനാണയങ്ങളെ തിരിച്ചറിയാന്‍ വേണ്ടിയാണ് എതിര്‍പ്പില്ലാരേഖ നല്‍കാന്‍ സര്‍ക്കാര്‍ ഇതുവരെ കാത്തുനിന്നത്. പ്രൈവറ്റ് സ്‌കൂളുകള്‍ക്ക് എതിര്‍പ്പില്ലാരേഖ നല്‍കുന്നത് ഇപ്പോള്‍ പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതും ഒരു അനുമതി സര്‍ട്ടിഫിക്കറ്റില്‍ പല സ്‌കൂളുകള്‍ പലയിടത്തും ശാഖകളായി പ്രവര്‍ത്തിക്കുന്നതും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊതുവിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്നും വിദ്യാഭ്യാസരംഗത്തെ ന്യായമായ എല്ലാ ആവശ്യങ്ങളും നിര്‍ദേശങ്ങളും സര്‍ക്കാര്‍ ഉള്‍ക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
നിബന്ധന പിന്‍വലിക്കണം-ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി

കാഞ്ഞങ്ങാട്: സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ.സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി.യും അംഗീകാരവും നല്‍കാന്‍ മൂന്ന് ഏക്കര്‍ സ്ഥലം വേണമെന്നതടക്കം നിരവധി നിബന്ധനകള്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനസര്‍ക്കാര്‍ നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് കാസര്‍കോട് ജില്ലാ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജനറല്‍ സെക്രട്ടറി സി.മുഹമ്മദ്കുഞ്ഞി വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. രണ്ട് ഏക്കര്‍ സ്ഥലം മാത്രമേ ആവശ്യമുള്ളൂ എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നിലവിലുള്ള സ്‌കൂളുകള്‍ക്കും ബാധകമാക്കിയതിനാല്‍ നിരവധി സി.ബി.എസ്.ഇ.സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ തടസ്സം നേരിടുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. എന്‍.ഒ.സി.ക്ക് അപേക്ഷിക്കാനുള്ള സമയപരിധി നവംബര്‍ ഒന്നില്‍ നിന്ന് ജനവരി 30 ആക്കുക, കേന്ദ്രീയ വിദ്യാലയങ്ങളിലെ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് വെള്ളിയാഴ്ചകളില്‍ പ്രാര്‍ത്ഥനക്ക് അനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉള്‍പ്പെടുത്തി.

ഇത് ഹരിതപാഠത്തിന്റെ ഹരിശ്രീ


പാടങ്ങളൊക്കെ കാണാമറയത്തായപ്പോള്‍ പാഠശാലയ്ക്കരികില്‍ നെല്‍കൃഷിയുടെ ഹരിതപാഠമെഴുതുകയാണ് പെരുവയല്‍ സെന്റ് സേവ്യേഴ്‌സിലെ കുട്ടികള്‍. പാഠപുസ്തകത്തിലുള്ളത് സ്‌കൂള്‍ മുറ്റത്തിനരികെ യാഥാര്‍ഥ്യമായി പച്ചപിടിച്ചപ്പോള്‍, അത് സ്വന്തം കൈകള്‍കൊണ്ടായപ്പോള്‍ അത് കുട്ടികളില്‍ ഉണ്ടാക്കിയ ആവേശവും ആഹ്ലാദവും ചെറുതല്ല. സ്‌കൂള്‍ ഗ്രൗണ്ടിനടുത്ത് അര ഏക്കര്‍ സ്ഥലത്ത് നെല്ലും തൊട്ടടുത്തായി പയറും വെണ്ടയും കയ്പയും മത്തനും കൃഷി തുടങ്ങിയപ്പോള്‍ അത് പാടങ്ങളില്‍ നിന്ന് പാടത്തേക്ക് കാര്‍ഷിക സംസ്‌കൃതിയുടെ വഴിതുറക്കലായി.

കൃഷിയിറക്കലും അതിന്റെ പരിചരണവും ഒരു ജീവിതമാര്‍ഗം മാത്രമല്ല. ജീവിതരീതിയും സംസ്‌കാരവുമാണെന്ന പാഠം കുട്ടികള്‍ ഇതിലൂടെ തിരിച്ചറിയുന്നു. സൗഹൃദത്തിന്റെ കന്നിപ്പാടത്തിലൂടെ മുന്നേറുമ്പോള്‍ നിലമൊരുക്കുന്നതിലെയും വിത്ത് തിരഞ്ഞെടുക്കുന്നതിലെയും ശ്രദ്ധയും മുളച്ചുപൊന്താനായി കാത്തിരിക്കുന്നതിലെ ക്ഷമയും സംരക്ഷിക്കുന്നതിലെ സ്‌നേഹവും പൂവും കതിരുമണിയുമ്പോഴുണ്ടാകുന്ന ആഹ്ലാദവും അധ്വാനത്തിലെ സഹകരണവും കുട്ടികള്‍ അറിഞ്ഞു.

വിയര്‍പ്പിന്റെയും അധ്വാനത്തിന്റെയും വിലയറിയുന്ന മാതൃകാ കര്‍ഷകന്‍ എം.പി. ജയപ്രകാശാണ് ആദ്യ ഞാറ്റ്പിടി ചെളിയിലൂന്നി ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് കാര്‍ഷിക ക്ലബ്ബിലെ കരുന്നുകള്‍ ഞാറ് നട്ടു. പി.ടി.എ. പ്രസിഡന്റ് കെ.എം. സഹദേവന്റെ നേതൃത്വത്തില്‍ പി.ടി.എ. കമ്മിറ്റിയും പ്രധാനാധ്യാപിക സിസ്റ്റര്‍ ഷോജിയുടെ നേതൃത്വത്തില്‍ അധ്യാപകരും ഉപദേശ നിര്‍ദേശങ്ങളുമായി കൃഷിഓഫീസര്‍ അജയ് അലക്‌സും പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരുമൊക്കെ പാടത്തിറങ്ങിയപ്പോള്‍ കുട്ടികള്‍ക്ക് ശരിക്കും ആവേശമായി. കൃഷിയോടൊപ്പം അന്താരാഷ്ട്ര വനവര്‍ഷത്തില്‍ ഭൂമിക്ക് 101 തണല്‍മരങ്ങളും കുട്ടികള്‍ നട്ടു.

സ്‌കൂള്‍ മുറ്റത്ത് സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ പെരുവയല്‍ പഞ്ചായത്ത് പ്രസിഡന്റ് അസ്മാബി ആദ്യ വൃക്ഷത്തൈ നട്ടുകൊണ്ടായിരുന്നു ഉദ്ഘാടനം

Saturday, October 22, 2011

ടൗണ്‍ യുപി സ്കൂളിന് ബ്രിട്ടീഷ് കൗണ്‍സിലിന്റെ അവാര്‍ഡ്

: 22-Oct-2011
കൊല്ലം: ആഗോള വിദ്യാലയ കൂട്ടായ്മ പദ്ധതിയുടെ ഭാഗമായി ബ്രിട്ടീഷ് കൗണ്‍സില്‍ ജില്ലയിലെ സ്കൂളുകള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പില്‍ മികച്ച പ്രോജക്ടിനുള്ള അവാര്‍ഡ് ഗവണ്‍മെന്റ് ടൗണ്‍ യുപി സ്കൂള്‍ ഏറ്റുവാങ്ങി. ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സ്കൂളിനുവേണ്ടി പ്രഥമാധ്യാപകന്‍ എസ് അജയകുമാര്‍ , കൊല്ലം ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ഇ ജെ ഹാരിസണ്‍ എന്നിവര്‍ തമിഴ്നാട് എലിമെന്ററി വിദ്യാഭ്യാസ ഡയറക്ടര്‍ എം ശങ്കറില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. എസ്എസ്എയുമായി സഹകരിച്ച് ജില്ലയിലെ 12 ബിആര്‍സികളിലെ സ്കൂളുകള്‍ക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച കൊല്ലം, കുണ്ടറ ബിആര്‍സികളെ മൂന്ന് ക്ലസ്റ്ററുകളായി തിരിച്ചു. തെരഞ്ഞെടുത്ത സംഘത്തിനൊപ്പം കൊല്ലം ക്ലസ്റ്ററിലെ ടൗണ്‍ യുപി സ്കൂളില്‍നിന്ന് പ്രഥമാധ്യാപകന്‍ എസ് അജയകുമാറും അധ്യാപകന്‍ ഇ ജെ ഹാരിസണും യുകെയിലെ ഓര്‍ഡം ക്ലസ്റ്ററിലെ നാല് സ്കൂളുകള്‍ സന്ദര്‍ശിച്ചു. യുകെയിലെ ഹത്വര്‍ഷേ ആര്‍ട്ട് ആന്‍ഡ് ടെക്നോളജി കോളേജ്, സെന്റ് മാര്‍ട്ടിന്‍സ് പ്രൈമറി സ്കൂള്‍ എന്നിവയുമായി സഹകരിച്ച് ഇന്റര്‍നെറ്റുവഴി ടൗണ്‍ യുപിഎസിലെ കുട്ടികളുമായി ആശയവിനിമയം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ സ്കൂളിലെ അധ്യാപകര്‍ തയ്യാറാക്കിയ രണ്ട് പ്രോജക്ട് ബ്രിട്ടീഷ് കൗണ്‍സില്‍ തെരഞ്ഞെടുത്തു. കുണ്ടറ കെജിവി ജിയുപിഎസ്, കുരീപ്പുഴ ജിയുപിഎസ്, പട്ടത്താനം ഗവണ്‍മെന്റ് എസ്എന്‍ഡിപി യുപിഎസ് എന്നിവയെയും അവാര്‍ഡിനായി തെരഞ്ഞെടുത്തു.

കരപ്പുറം സ്കൂളില്‍ വയലാര്‍ കാവ്യാഞ്ജലി

ചേര്‍ത്തല: കളവങ്കോടം കരപ്പുറം മിഷന്‍ യുപി സ്കൂളില്‍ 25ന് വയലാര്‍ കാവ്യാഞ്ജലി ഒരുക്കും. പഞ്ചായത്തിലെ സ്കൂള്‍ കുട്ടികള്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുമായി വയലാര്‍ കവിതകളുടെ ആലാപനമത്സരവും ചലച്ചിത്രഗാന മത്സരവും ഉണ്ടാകും. രാവിലെ 10ന് ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനംചെയ്യും. വി ശശി അധ്യക്ഷനാകും. സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാദര്‍ ജേക്കബ് ജോണ്‍സണ്‍ അനുഗ്രഹപ്രഭാഷണവും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജി ഷിബു വയലാര്‍ അനുസ്മരണപ്രഭാഷണവും നടത്തും. വൈകിട്ട് അഞ്ചിന് ചേരുന്ന സമാപനസമ്മേളനം ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ടി എച്ച് സലാം ഉദ്ഘാടനംചെയ്യും. ബീന തങ്കരാജ് സമ്മാനദാനം നിര്‍വഹിക്കും. 
സ്വപ്നം" ഹ്രസ്വ ചിത്രം പൂര്‍ത്തിയായി

വടകര: പരിസ്ഥിതി നാശം കാരണം കൂടുകള്‍ നഷ്ടപ്പെട്ട കിളിയുടെ നൊമ്പരത്തെ നെഞ്ചേറ്റ് വാങ്ങുന്ന പെണ്‍കുട്ടിയുടെ സ്വപ്നങ്ങളാണ് മേപ്പയില്‍ എസ്ബി സ്കൂള്‍ പുറത്തിറക്കുന്ന "സ്വപ്നം" ഹ്രസ്വ ചിത്രത്തിന്റെ പ്രമേയം. ആറാംതരം വിദ്യാര്‍ഥിനിയായ അനുസ്മയ കഥാപാത്രമാകുന്ന ഹ്രസ്വ ചിത്രം പ്രദീപ് മേമുണ്ടയാണ് സംവിധാനം ചെയ്യുന്നത്. പത്ത് മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ സ്ക്രിപ്റ്റ് രചിച്ചത് ടി വി സജേഷാണ്. ചിത്രസംയോജനം അര്‍ജുന്‍ വി രമേഷും ശബ്ദമിശ്രണം സജില്‍ എസ് മേമുണ്ടയും നിര്‍വഹിക്കുന്നു. ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ ആരംഭിച്ച ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ലോക വനവര്‍ഷാചരണത്തിന്റെ ഭാഗമായി നവംബര്‍ ആദ്യവാരം പുറത്തിറങ്ങുന്ന ഹ്രസ്വ ചിത്രം മരങ്ങള്‍ നട്ടുവളര്‍ത്തേണ്ടതിന്റെ പ്രധാനാധ്യത്തെ ഓര്‍മപ്പെടുത്തുന്നു. പ്രകൃതി ചൂഷണത്തിനെതിരെ മനുഷ്യ മനഃസാക്ഷിയെ ഉണര്‍ത്തുന്ന "സ്വപ്നം" ചില്‍ഡ്രന്‍സ് ഫെഡറേഷന്‍ നടത്തുന്ന ചലചിത്രമേളയില്‍ കുട്ടികള്‍ക്കായി നിര്‍മിച്ച ചിത്രങ്ങളുടെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. 
പത്താംക്ലാസ് ചരിത്രപാഠം: തെറ്റായ ഭാഗം പഠിപ്പിക്കില്ല -കെ.എസ്.ടി.എ.


തിരുവനന്തപുരം: പത്താംക്ലാസിലെ ചരിത്ര പുസ്തകം തിരുത്തിയ ഭാഗം പഠിപ്പിക്കാന്‍ കേരളത്തിലെ അധ്യാപകര്‍ തയ്യാറല്ലെന്ന് കെ.എസ്.ടി.എ. പ്രസ്താവനയില്‍ പറഞ്ഞു. 'ജൂണ്‍ മാസം ആധുനികലോകത്തിന്റെ ഉദയം' എന്ന അധ്യായം പഠിപ്പിച്ചു തീര്‍ന്നതിനുശേഷമാണ് ഇത് ഒഴിവാക്കാന്‍ ഡി.പി.ഐ. നിര്‍ദേശിച്ചത്. കരിക്കുലം കമ്മിറ്റി അംഗീകരിച്ച പാഠപുസ്തകത്തില്‍ തിരുത്തല്‍ വരുത്താനോ കൂട്ടിച്ചേര്‍ക്കാനോ മുതിരുന്നത് അക്കാദമിക കാര്യങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ.എസ്.ടി.എ. വിലയിരുത്തുന്നു.

സര്‍ക്കാര്‍ നിലപാട് തിരുത്തി ഈ പാഠഭാഗം നിലനിര്‍ത്തണമെന്ന് കെ.എസ്.ടി.എ. ജനറല്‍സെക്രട്ടറി എം. ഷാജഹാന്‍ ആവശ്യപ്പെട്ടു.
 
 

Wednesday, October 19, 2011

ക്ലസ്റ്റര്‍ പരിശീലനത്തിന് ഇനി പ്രധാനാധ്യാപകരും


20 Oct 2011

കരിപ്പൂര്‍: പ്രധാനാധ്യാപരെകൂടി ഉള്‍പ്പെടുത്തി അധ്യാപകപരിശീലനം വിപുലപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സമീപനരേഖ എല്ലാ ജില്ലാ ഓഫീസുകള്‍ക്കും ബി.ആര്‍.സികള്‍ക്കും അയച്ചുകൊടുത്തിട്ടുണ്ട്. ക്ലസ്റ്റര്‍ റിസോഴ്‌സ് സെന്റര്‍ കണ്‍വീനര്‍, ക്ലസ്റ്റര്‍ കേന്ദ്രങ്ങളിലെ പ്രധാനാധ്യാപകര്‍, പഞ്ചായത്ത് ചുമതലയുള്ള ബി.ആര്‍.സി ട്രെയിനര്‍ എന്നിവര്‍ക്ക് ചുമതലകള്‍ വിഭജിച്ചുനല്‍കുമെന്ന് രൂപരേഖ പറയുന്നു.

പരിശീലനത്തിന്റെ ഒന്നാംഘട്ട ആശയ രൂപവത്കരണ ശില്പശാല ഡി.ഡി.ഇ, ഡയറ്റ് പ്രിന്‍സിപ്പല്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍, സി.ഇ.ഒ, എ.ഇ.ഒമാര്‍, ഡയറ്റ് അധ്യാപകര്‍, എസ്.എസ്.എ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന യോഗത്തിലാണ് നടക്കുക. സ്‌കൂള്‍ മോണിറ്ററിങ് റിപ്പോര്‍ട്ടുകള്‍, പഠന റിപ്പോര്‍ട്ടുകള്‍, സ്‌കൂള്‍ തല ഫീഡ് ബാക്കുകള്‍, ഒ.എസ്.എസ് അനുഭവങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ എല്‍.പി, യു.പി തല വിഷയാടിസ്ഥാനത്തില്‍ നടക്കേണ്ട ക്ലസ്റ്റര്‍ തല കൂടിയിരിപ്പിന്റെ രൂപരേഖ തയ്യാറാക്കും.

മൊഡ്യൂള്‍ ഫ്രെയിം, ക്ലസ്റ്റര്‍തല അധ്യാപക കൂടിയിരിക്കലിന്റെ സംഘാടനവും മാര്‍ഗനിര്‍ദേശവും ജില്ലാതല പരിശീലനകേന്ദ്രങ്ങളുടെ ചുമതല, പങ്കുവെക്കല്‍, ഏകദിന അധ്യാപക പരിശീലനം, രീതി, തിയ്യതി തീരുമാനിക്കല്‍, ക്ലസ്റ്റര്‍ റിസോഴ്‌സ് സെന്റര്‍ കണ്‍വീനറര്‍മാരുടെ യോഗം, ഉള്ളടക്കം, രീതി, തിയ്യതി, മോണിറ്ററിങ് രീതി, തിയ്യതി നിശ്ചയിക്കല്‍ എന്നിവ ഈയോഗമാണ് തീരുമാനിക്കുക. നിലവില്‍ ജില്ലയിലെ മികച്ച റിസോഴ്‌സ് അധ്യാപകരെയും ഡയറ്റ്, എസ്.എസ്.എ അംഗങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് നടക്കുന്ന ശില്‍പ്പശാല ഇല്ലാതാവും. പരിശീലനത്തിന്റെ ഉള്ളടക്കവും ആവശ്യമായ തന്ത്രങ്ങളും ഉപകരണങ്ങളും കൈത്താങ്ങുകളും ജില്ലാതലത്തില്‍ രൂപവത്കരിക്കുന്ന രീതിയും ഇല്ലാതാകും.

ജില്ലാതലത്തില്‍ രണ്ടുദിവസമായി നടക്കുന്ന പരിശീലനത്തില്‍ ബി.ആര്‍.സി. ട്രെയിനര്‍മാര്‍, ക്ലസ്റ്റര്‍ യോഗത്തിന്റെ കണ്‍വീനര്‍മാര്‍, ക്ലസ്റ്റര്‍ ട്രെയിനിങ്ങിന്‌നേതൃത്വം കൊടുക്കേണ്ട അധ്യാപകര്‍, പ്രതിനിധികള്‍, ഡയറ്റ് ഫാക്കല്‍റ്റി, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവരും പങ്കെടുക്കും. വിഷയ, ക്ലാസ് അടിസ്ഥാനത്തിലായിരിക്കും ശില്പശാല. ക്ലസ്റ്റര്‍തല കൂടിയിരിപ്പിന്റെ രൂപരേഖ പരിചയപ്പെടുത്തലും അനുബന്ധ സാമഗ്രികള്‍ വികസിപ്പിക്കലും ഇതില്‍ നടക്കും. ഫീഡ്ബാക്ക് രീതി, പ്രധാനാധ്യാപക പരിശീലന മൊഡ്യൂള്‍ തയ്യാറാക്കല്‍, ക്ലസ്റ്റര്‍ കൂടിയിരിപ്പിന് നേതൃത്വം നല്‍കുന്നവരുടെ ശാക്തീകരണ പ്രവൃത്തി എന്നിവ നടക്കും.

മൂന്നാംഘട്ടത്തില്‍ എ.ഇ.ഒ, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍, ട്രെയിനര്‍, റിസോഴ്‌സ് അധ്യാപകര്‍ എന്നിവര്‍ ബി.ആര്‍.സി തലത്തില്‍ ചേര്‍ന്നിരിക്കും. ഇതിലാണ് ക്ലസ്റ്റര്‍ തല പരിശീലനത്തിന്റെ രൂപരേഖയ്ക്ക് അന്തിമ രൂപം നല്‍കുക. ഇത് ചര്‍ച്ചചെയ്ത് മെച്ചപ്പെടുത്തുകയും അനുബന്ധ സാമഗ്രികള്‍ വികസിപ്പിക്കുകയുംചെയ്യും. ഇതിനുശേഷമായിരിക്കും പ്രധാനാധ്യാപക പരിശീലനവും യോഗവും ചേരുക. ഇതില്‍ ക്ലസ്റ്റര്‍ തല കൂടിയിരിപ്പിന്റെ സംഘാടനം, പരിശീലനത്തില്‍ എസ്.ആര്‍.ജി യോഗത്തിന്റെ ആവശ്യകത, മോണിറ്ററിങ് എന്നീ കാര്യങ്ങള്‍ തീരുമാനിക്കും. ഇതിനുശേഷമാണ് പഞ്ചായത്ത് തലത്തില്‍ അധ്യാപക പരിശീലനം നടക്കുക.

എല്‍.പി വിഭാഗം പഞ്ചായത്ത് തലത്തിലും യു.പി വിഷയങ്ങളില്‍ സി.ആര്‍.സികള്‍ കൂട്ടിച്ചേര്‍ത്തും പരിശീലനം നടത്താം. ബി.ആര്‍.സി തലത്തിലുള്ള പരിശീലനം ഇതോടെ ഇല്ലാതാകും.

ഇപ്പോള്‍ നടക്കുന്ന പരിശീലത്തില്‍ നിന്ന് വ്യത്യസ്തമായി പ്രധാനാധ്യാപകര്‍ക്കും പരിശീലനത്തില്‍ പങ്കാളിത്തം വരും. സംസ്ഥാനതലത്തില്‍ തയ്യാറാക്കുന്ന പരിശീലന രൂപരേഖ ജില്ലാതലത്തില്‍ വികസിപ്പിക്കുകയും അതിനാവശ്യമായ ഉപകരണങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്യുകയും ചെയ്യുന്ന രീതി ഇല്ലാതാകും. ബി.ആര്‍.സി തലത്തില്‍ മാത്രമാവും പരിശീലന മൊഡ്യൂളുകള്‍ രൂപവത്കൃതമാവുക. ബി.ആര്‍.സി തലത്തില്‍ നടക്കുന്ന അധ്യാപക പരിശീലനം ഇനിമുതല്‍ പഞ്ചായത്ത് ക്ലസ്റ്റര്‍ റിസോഴ്‌സ് സെന്റര്‍ കേന്ദ്രീകരിച്ചാവും.
സ്‌കൂളുകള്‍ക്ക് ബസ് വാങ്ങാന്‍ എം.പി.ഫണ്ട്
കാസര്‍കോട്:ജില്ലയിലെ മൂന്നു സ്‌കൂളുകള്‍ക്ക് ബസ്സുകള്‍ വാങ്ങാന്‍ പി.കരുണാകരന്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നു 30,75,572 രൂപ അനുവദിച്ചു. ചായ്യോത്ത് ജി.എച്ച്.എസ്.എസ്., മടിക്കൈ ജി.എച്ച്.എസ്.എസ്. എന്നിവയ്ക്ക് 10ലക്ഷം രൂപ വീതവും കയ്യൂര്‍ ജി.വി.എച്ച്.എസ്.എസിനു 10,75,572 രൂപയുമാണ് അനുവദിച്ചത്. 32 സീറ്റ് കപ്പാസിറ്റിയുള്ള ടാറ്റാ മോഡല്‍ സ്റ്റാര്‍ ബസ്സുകളാണ് വാങ്ങുന്നത്. മടിക്കൈ ചായ്യോത്ത് സ്‌കൂള്‍ പി.ടി.എ. ബസ് വാങ്ങുന്നതിന് 75,572 രൂപവീതം സ്‌കൂള്‍ വിഹിതമായി നല്‍കും.

അധ്യാപക സംഘടനകളുടെ പദവിതര്‍ക്കത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഇറങ്ങിപ്പോയി

പത്തിരിപ്പാല: പത്തിരിപ്പാല ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിസ്‌കൂളില്‍ നടക്കുന്ന പറളി ഉപജില്ലാ ശാസ്ത്രമേളയുടെ സ്വാഗതസംഘം രൂപവത്കരണയോഗം അലങ്കോലമായി.


സി.പി.എം.-കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള അധ്യാപകസംഘടനാ പ്രതിനിധികള്‍തമ്മില്‍ പ്രോഗ്രാം കണ്‍വീനര്‍ സ്ഥാനം ആര് വഹിക്കണമെന്നതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം.


അധ്യാപകസംഘടനാ പ്രതിനിധികള്‍ വീതംവെപ്പില്‍ വിട്ടുവിഴ്ച കാണിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാരാണ് ആദ്യം യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയത്. അധികാരമത്സരം നടത്തുന്ന സംഘടനാപ്രതിനിധികള്‍ നേതൃത്വംനല്‍കുന്ന ശാസ്ത്രമേള തങ്ങള്‍ ബഹിഷ്‌കരിക്കയാണെന്ന് നാട്ടുകാര്‍ അറിയിച്ചു.


പറളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ കൂട്ടാക്കിയില്ല.


ഇതിനിടെ സയന്‍സ്‌ക്ലബ്ബ് അസോസിയേഷന്‍ സബ് ജില്ലാ കണ്‍വീനര്‍ കൂടിയായ പി. പ്രകാശ്‌നാരായണനെ പ്രോഗ്രാം കണ്‍വീനറാക്കിയതായി എ.ഇ.ഒ. വിജയന്‍ യോഗത്തെ അറിയിച്ചു. എ.ഇ.ഒ.യുടെ തീരുമാനം ഏകപക്ഷീയമാണെന്നാരോപിച്ച് കോണ്‍ഗ്രസ് അനുകൂല സംഘടനയായ കെ.പി.എസ്.ടി.യു. പ്രതിനിധികള്‍ യോഗത്തില്‍നിന്നിറങ്ങിയതോടെ അലങ്കോലമായി.


ബുധനാഴ്ചരാവിലെ 10മുതല്‍ ഉച്ചയ്ക്ക് 2വരെ എ.ഇ.ഒ. വിവിധ അധ്യാപകസംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. സംഘടനാ പ്രതിനിധികളുമായി സമവായത്തിലെത്താതെ ഉച്ചയ്ക്ക് 2ന് നാട്ടുകാരെ വിളിച്ചുകൂട്ടി യോഗംതുടങ്ങിയതാണ് പ്രശ്‌നമായത്. യോഗംതുടങ്ങിയ ഉടന്‍ വാദപ്രതിവാദങ്ങള്‍ ശക്തമായതോടെ നാട്ടുകാര്‍ യോഗം ബഹിഷ്‌കരിക്കയായിരുന്നു.


കെ.എസ്.ടി.എ, നേതാവിനെയാണ് എ.ഇ.ഒ. കണ്‍വീനറാക്കിയത്. എ.ഇ.ഒ.യുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസവകുപ്പുമന്ത്രി, ഡി.ഡി. എന്നിവര്‍ക്ക് പരാതിനല്‍കുമെന്ന് കെ.പി.എസ്.ടി.യു. പറളി ഉപജില്ലാ സെക്രട്ടറി സി. വിനയന്‍, പി. രാജീവ് എന്നിവര്‍ പറഞ്ഞു. തീരുമാനത്തെ അംഗീകരിക്കുന്നില്ലെന്ന് കെ.എ.ടി.എഫ്. റവന്യുജില്ല വൈസ് പ്രസിഡന്റ് കെ.എസ്. അനീഷും അറിയിച്ചു.


എന്നാല്‍, തുറന്നചര്‍ച്ച നടത്തിയാണ് കണ്‍വീനറെ തിരഞ്ഞെടുത്തതെന്ന് കെ.എസ്.ടി.എ. ഉപജില്ലാ സെക്രട്ടറി ആറുമുഖന്‍ പറഞ്ഞു.

ബഷീറിന്റെ ലോകത്തെ അടുത്തറിയാന്‍ കുട്ടികള്‍ തലയോലപ്പറമ്പില്‍

തലയോലപ്പറമ്പ്: സാഹിത്യത്തിലെ സുല്‍ത്താനായ ബഷീറിന്റെ ലോകത്തെ അടുത്തറിയാന്‍ കോട്ടയം വെസ്റ്റ് ഉപവിദ്യാഭ്യാസ ജില്ലയിലെ വിദ്യാരംഭം കലാസാഹിത്യവേദി അംഗങ്ങളായ 57 കുട്ടികളും അധ്യാപകരും തലയോലപ്പറമ്പിലെത്തി. ബഷീര്‍ കഥകള്‍ക്ക് പശ്ചാത്തലമൊരുക്കിയ പാലാംകടവിലെ മുവാറ്റുപുഴ ആറിന്റെ തീരം, ബഷീര്‍ സ്മാരക പാലം, മാര്‍ക്കറ്റ് റോഡ്, പാത്തുമ്മയുടെ ആടുകളുടെ പുതുതലമുറ, ബഷീര്‍ സ്മാരകസ്‌കൂള്‍ ഇവയൊക്കെ കുട്ടികളില്‍ ആവേശമുണര്‍ത്തി.

ബഷീറിന്റെ കഥാപാത്രം കൂടിയായ സഹോദരന്‍ കുട്ടികളോട് തന്റെ ഓര്‍മകള്‍ പങ്കുവച്ചു.


വിദ്യാഭ്യാരംഭം കലാസാഹിത്യവേദി കണ്‍വീനര്‍ ഷാജി, ജോയിന്റ് കണ്‍വീനര്‍ ലേഖ, ധന്യ, കല, മോളി ജേക്കബ് എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ എത്തിയത്.

സര്‍ക്കാര്‍ വാക്കുപാലിച്ചില്ല ബദല്‍ സ്കൂള്‍ അധ്യാപകര്‍ വീണ്ടും സമരത്തിലേക്ക്
കല്‍പ്പറ്റ: സമരം ചെയ്തപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പൂര്‍ണമായും പാലിക്കാത്തതിനാല്‍ ബദല്‍ സ്കൂളുകളിലെ അധ്യാപകര്‍ക്ക് വീണ്ടും ശമ്പളം മുടങ്ങി. തൊഴില്‍ ചെയ്തതിന്റെ കൂലിക്കുവേണ്ടി വീണ്ടും സമരരംഗത്തിറങ്ങേണ്ട അവസ്ഥയിലെത്തി അധ്യാപകര്‍ . സര്‍ക്കാര്‍ പ്രഖ്യാപനം വാക്കുകളില്‍ ഒതുങ്ങിയതാണ് കാരണം. കഴിഞ്ഞ അധ്യയനവര്‍ഷം സ്കൂള്‍ അടച്ചുപൂട്ടാതിരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യമായ ഫണ്ട് വകയിരുത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് നിര്‍ത്തലാക്കിയപ്പോഴായിരുന്നു ഇത്. എന്നാല്‍ യുഡിഎഫ് അധികാരത്തിലെത്തിയതോടെ പിന്നോക്കമേഖലയിലുള്ള ആദിവാസി വിദ്യാര്‍ഥികളുടെ പഠനാവസരം ഉറപ്പുവരുത്താനുള്ള ഏകാധ്യാപക വിദ്യാലയങ്ങളോട് നിഷേധാത്മകമായ സമീപനമാണ് സ്വീകരിച്ചത്. ഏപ്രില്‍ മുതല്‍ ശമ്പളം ലഭിക്കാത്തതിനെത്തുടന്ന് സ്കൂളുകള്‍ അടച്ചുപൂട്ടപ്പെടുമെന്ന അവസ്ഥ വന്നപ്പോള്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒന്നടങ്കം തെരുവിലിറങ്ങി. തുടര്‍ന്ന് സര്‍ക്കാര്‍ ഫണ്ട് വകയിരുത്തുമെന്നും മുടങ്ങിയ ശമ്പളം നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനങ്ങള്‍ നടപ്പായില്ല. മുടങ്ങിക്കിടന്ന വേതനം പോലും പൂര്‍ണമായും ലഭിച്ചില്ല. വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ ഉച്ചഭക്ഷണം ഉള്‍പ്പെടെയുള്ള ബാധ്യത അധ്യാപകരാണ് നിര്‍വഹിക്കുന്നത്. ആദിവാസി കുട്ടികള്‍ക്ക് പഠനാവകാശം ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിയോട് സര്‍ക്കാരും മന്ത്രിയും മുഖംതിരിഞ്ഞുനില്‍ക്കുന്നതായാണ് ആക്ഷേപം. സര്‍ക്കാര്‍ ഉടന്‍ ഇടപെട്ടില്ലെങ്കില്‍ വീണ്ടും സമരത്തിനിറങ്ങുമെന്ന് ആള്‍ട്ടര്‍നേറ്റീവ് സ്കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി അറിയിച്ചു. യോഗത്തില്‍ എ ഭാര്‍ഗവി അധ്യക്ഷയായി. സംസ്ഥാനസെക്രട്ടറി ടി ജെ ശാലിനി, ജില്ലാസെക്രട്ടറി ടി സി സുകുമാരന്‍ , ബീന സിബി, വി എം ബിന്ദു, കെ ലാലി, റീന സുകുമാരന്‍ , രശ്മി, പി ജിനീഷ് എന്നിവര്‍ സംസാരിച്ചു.


Tuesday, October 18, 2011

പുതിയ മാനദണ്ഡങ്ങള്‍ക്കെതിരെ മാനേജ്‌മെന്റ് അസോസിയേഷന്‍ കോടതിയെ സമീപിക്കും


കൊച്ചി: സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങളില്‍ അനധികൃതമായി ഇടപെടുകയും ബാധ്യതകള്‍ വരുത്തിവെയ്ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മാനദണ്ഡങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കാനും ശക്തമായ പ്രതിഷേധ പരിപാടികള്‍ ആവിഷ്‌കരിക്കാനും ടോക്-എച്ച് പബ്ലിക് സ്‌കൂളില്‍ ചേര്‍ന്ന സിബിഎസ്ഇ സ്‌കൂള്‍സ് മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹക സമിതി തീരുമാനിച്ചു.

സിബിഎസ്ഇ നിയമങ്ങളില്‍ പോലുമില്ലാത്ത മാനദണ്ഡങ്ങളും വ്യവസ്ഥകളുമുള്‍പ്പെടുത്തി വിദ്യാഭ്യാസ അവകാശ ചട്ടങ്ങളുണ്ടാക്കാന്‍ സംസ്ഥാന ഗവണ്‍മെന്റിന് അധികാരമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി.പി.എം. ഇബ്രാഹിംഖാന്‍ പറഞ്ഞു.

യോഗത്തില്‍ വര്‍ക്കിങ് പ്രസിഡന്റ് ഡോ. കെ. വര്‍ഗീസ്, സെക്രട്ടറി ഇന്ദിര രാജന്‍, ട്രഷറര്‍ എബ്രഹാം തോമസ്, ഓര്‍ഗനൈസിങ് സെക്രട്ടറി ആദര്‍ശ് കാവുങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.-mathrubhumi

അധ്യാപക പാക്കേജ്: വിജ്ഞാപനത്തിന് മുമ്പ് നിയമനക്കച്ചവടം

തിരുവനന്തപുരം: അധ്യാപക പാക്കേജില്‍ വന്‍തോതില്‍ ഒഴിവുകളുണ്ടാകുമെന്ന് പ്രചരിപ്പിച്ച് സ്കൂള്‍ മാനേജര്‍മാര്‍ നിയമനത്തിന് പണം വാങ്ങുന്നു. പല ജില്ലകളിലും  ഉദ്യോഗാര്‍ഥികളില്‍നിന്ന് ചില മാനേജര്‍മാര്‍ പണം വാങ്ങുന്നതായി വിദ്യാഭ്യാസവകുപ്പ് ഉന്നതര്‍ക്ക് വിവരം ലഭിച്ചു.
പണം നല്‍കുന്നതിന് മുമ്പ് തസ്തിaക ഉറപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പുമായി പലരും ബന്ധപ്പെട്ടിരുന്നു. കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് ഇത് കൂടുതല്‍.
എന്നാല്‍ പ്രചരിപ്പിക്കപ്പെടുംവിധം തസ്തികകള്‍ സൃഷ്ടിക്കപ്പെടില്ളെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍െറ വിലയിരുത്തല്‍. അതിനാല്‍ ഒഴിവ് സംബന്ധിച്ച് വിജ്ഞാപനമിറക്കുംമുമ്പ് പണം നല്‍കുന്നവര്‍ കബളിപ്പിക്കപ്പെട്ടേക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
പാക്കേജ് പ്രകാരം പുതുതായുണ്ടാകുന്ന ഒഴിവുകളില്‍ നിയമനത്തിന് വ്യവസ്ഥ വെച്ചിട്ടുണ്ട്. തസ്തിക സര്‍ക്കാര്‍ അംഗീകരിച്ച ശേഷംമാത്രമേ നിയമനം നടത്താവൂ എന്നാണ് പ്രധാനവ്യവസ്ഥ.
കുട്ടികളുടെ എണ്ണമനുസരിച്ച് പുതിയ തസ്തിക വേണമെങ്കില്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. വിദ്യാഭ്യാസവകുപ്പ് അത് പരിശോധിച്ച് ഉറപ്പാക്കിയ ശേഷം 48 മണിക്കൂറിനകം തസ്തിക അംഗീകരിക്കും. ഇതുവരെ, നിയമിക്കപ്പെട്ടശേഷമാണ് സര്‍ക്കാര്‍ തസ്തിക അംഗീകരിച്ചിരുന്നത്.
ഈ രീതിയില്‍തന്നെ പണം വാങ്ങി തസ്തിക വാഗ്ദാനം ചെയ്യുകയാണ് ഇപ്പോള്‍ മാനേജര്‍മാര്‍.
വിജ്ഞാപനം ചെയ്യുന്ന രീതി നിലവില്‍വന്നാല്‍ പണപ്പിരിവ് നടക്കില്ളെന്ന് മുന്നില്‍ കണ്ടാണ് ഇത് ചെയ്യുന്നതെന്നാണ് ആക്ഷേപം. എന്നാല്‍ മുന്‍കൂര്‍ അംഗീകരിക്കാത്ത തസ്തികകളില്‍ ഇക്കൊല്ലം നടത്തുന്ന ഒരു നിയമനവും ഇനി അംഗീകരിക്കില്ല. ഇക്കാര്യം അറിയാത്ത പലരും പണം നല്‍കിക്കഴിഞ്ഞു. സിംഗിള്‍ മാനേജ്മെന്‍റുകള്‍ക്കെതിരെയാണ് കൂടുതല്‍ പരാതി.
അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30/1:35 ആക്കി കുറക്കുന്നതോടെ വന്‍തോതില്‍ തസ്തികകള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രചാരണം. എന്നാല്‍ ഇതിന് സാധ്യത കുറവാണെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ എണ്ണം യു.ഐ.ഡി വഴി കണക്കാക്കിയാണ് ഇനി തസ്തികകള്‍ നിര്‍ണയിക്കുക.
അതിനാല്‍ പരിമിതമായ രീതിയില്‍ മാത്രമേ തസ്തികകളുണ്ടാകൂ.
ഇതില്‍തന്നെ ആദ്യ തസ്തിക നിയമനം അധ്യാപക ബാങ്കില്‍നിന്നായിരിക്കണം. ക്ളെയിമുള്ളവരെ നിയമിക്കണം. സംരക്ഷിതരുണ്ടെങ്കില്‍ അവരെയും നിയമിക്കണം. ഇത്രയും കഴിഞ്ഞാല്‍ പുതിയ നിയമന സാധ്യത തീരെ കുറവായിരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നു.-madhyamam

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണം - കെ.പി.എസ്.ടി.യു.

പാലക്കാട്: സര്‍ക്കാര്‍നടപ്പാക്കിയ വിദ്യാഭ്യാസപാക്കേജിന്റെ വ്യക്തമായ ഉത്തരവ് പുറത്തിറങ്ങിയിട്ടും ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് ആശങ്കകള്‍ സൃഷ്ടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കെ.പി.എസ്.ടി.യു. ആവശ്യപ്പെട്ടു. യോഗത്തില്‍ സംസ്ഥാനപ്രസിഡന്റ് പി.ഹരിഗോവിന്ദന്‍, സംസ്ഥാന ജനറല്‍സെക്രട്ടറി എ.കെ.അബ്ദുള്‍സമദ്, ഖജാന്‍ജി സി.വിനോദ്കുമാര്‍, എ.ഗോപിനാഥന്‍, കെ.ബാലകൃഷ്ണന്‍, കെ.രാമനാഥന്‍, കെ.ആര്‍.മോഹന്‍ദാസ്, പി.എസ്.മുരളീധരന്‍, അശോകന്‍ എന്നിവര്‍ സംസാരിച്ചു.

പരിശീലനം പഞ്ചായത്ത് തലത്തിലേക്ക് അധ്യാപക പരിശീലനത്തില്‍ അടിമുടി മാറ്റംവരുന്നു

കരിപ്പൂര്‍: സംസ്ഥാനത്തെ അധ്യാപക പരിശീലനത്തില്‍ അടിമുടി മാറ്റംവരുത്താന്‍ പദ്ധതി തയ്യാറായി. ബ്ലോക്ക് തലത്തില്‍ നിന്ന് പഞ്ചായത്ത് തലത്തിലേക്ക് പരിശീലനം മാറ്റാനാണ് പദ്ധതി. ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനോന്മുഖ അധ്യാപക പരിശീലനം വട്ടമേശ സമ്മേളനമാക്കി മാറ്റാനാണ് തീരുമാനം. ഓരോ പഞ്ചായത്തിലേയും അതതുവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ പഞ്ചായത്തടിസ്ഥാനത്തില്‍ കൂടിയിരുന്ന് പാഠാസൂത്രണം നടത്താനാണ് ശുപാര്‍ശ. ഇതോടെ റിസോഴ്‌സ് പേഴ്‌സണ്‍, മറ്റ് ഭൗതിക സാഹചര്യങ്ങള്‍ എന്നിവ ഇല്ലാതാവും. അതേസമയം എസ്.എസ്.എ പരിശീലകരുടെ ജോലിഭാരം ഇരട്ടിക്കുകയുംചെയ്യും. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കൂടുതല്‍ ചര്‍ച്ചയ്ക്കായി അടുത്തദിവസം തന്നെ ബി.ആര്‍.സികള്‍ക്ക് കൈമാറും.

പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതോടെയാണ് പരിശീലനപരിപാടിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഏറണാകുളത്ത് സംസ്ഥാനത്തെ പ്രോഗ്രാം ഓഫീസര്‍മാരെ വിളിച്ചുവരുത്തി തീരുമാനം അറിയിക്കുകയും ചെയ്തിരുന്നു.

പുതിയ നിര്‍ദേശപ്രകാരം ഇപ്പോള്‍ നടക്കുന്ന സംസ്ഥാനതല പരിശീലനവും ജില്ലാതല പരിശീലനങ്ങളും ഇല്ലാതാവും. സംസ്ഥാനത്ത് ഏകീകൃത പരിശീലന മെഡ്യൂളോ മറ്റ് കാര്യങ്ങളോ ഇല്ലാതാകും. ഒരു പഞ്ചായത്തില്‍ എല്‍.പി വിഭാഗത്തില്‍ ക്ലാസടിസ്ഥാനത്തിലും യു.പി, എച്ച്.എസ്തലത്തില്‍ വിഷയാടിസ്ഥാനത്തിലും അധ്യാപകര്‍ യോഗംചേരും. പാഠാസൂത്രണവും ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്യുകയുംചെയ്യും. സ്‌കൂള്‍തല എസ്.ആര്‍.ജികളില്‍ പരിഹാരം കാണാനാകാത്ത മേഖലകള്‍ ഇവിടെ ചര്‍ച്ചയ്ക്ക്‌വരും. ബി.ആര്‍.സി തലത്തില്‍ നിയമിക്കപ്പെട്ട ട്രെയിനര്‍മാര്‍ സഹായികളായിട്ടുണ്ടാവും.

പുതിയ തീരുമാനം നടപ്പാകുന്നതോടെ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ലഭ്യമായിരുന്ന വിഭവബാങ്ക് ഇല്ലാതാവും. മുസ്‌ലിംസ്‌കൂളുകള്‍, ജനറല്‍ സ്‌കൂള്‍ എന്നിവയ്ക്ക് തീരുമാനം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. mathrubhumi
ഈ വര്‍ഷംമുതല്‍ സ്‌കൂള്‍ മേളകളുടെ നടപടിക്രമങ്ങള്‍ ഓണ്‍ലൈനില്‍


കോട്ടയം: കേരളത്തില്‍ സ്‌കൂളുകളില്‍ പ്രൈമറിതലംമുതല്‍ ഹയര്‍ സെക്കന്‍ഡറിതലംവരെ നടക്കുന്ന എല്ലാ പ്രധാനമത്സരങ്ങളുടെയും നടപടിക്രമങ്ങള്‍ ഓണ്‍ലൈനില്‍ നടത്താന്‍ സംവിധാനമായി. ഐ.ടി. അറ്റ് സ്‌കൂളിന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള സോഫ്റ്റ്‌വെയറുകള്‍ തയാറാക്കിയത്.

സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് ഇതിന് ഉപയോഗിക്കുന്നത്. സബ്ജില്ലാതലംമുതല്‍ സംസ്ഥാനതലംവരെയുള്ള കലാകായിക ഗണിതശാസ്ത്ര പ്രവൃത്തിപരിചയ ഐ.ടി.മേളകളാണ് ഈ വര്‍ഷം മുതല്‍ കംപ്യൂട്ടര്‍ അധിഷ്ഠിതമായി നടത്തുന്നത്. 2010-11ല്‍ സ്‌കൂള്‍ കലോത്സവങ്ങളും കായിക മത്സരങ്ങളും സോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമായി നടത്തിയിരുന്നു.

സ്‌കൂള്‍തലത്തിലെ മുഴുവന്‍ മത്സരങ്ങളും നടത്തുന്നതിനുള്ള സോഫ്റ്റ്‌വെയറുകള്‍ തയ്യാറാക്കി നല്‍കിക്കഴിഞ്ഞു. സ്‌കൂളുകളില്‍നിന്ന് സബ് ജില്ലാതലത്തില്‍ മത്സരിക്കുന്ന കുട്ടികളുടെ വിവരങ്ങളും ഫോട്ടോയും ഓണ്‍ലൈനായി നല്‍കണം. കലോത്സവത്തില്‍ മത്സരിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ www.schoolkalolsavam.in/kalolsavam2011 എന്ന സൈറ്റിലും കായിക മത്സരങ്ങളുടെ വിവരങ്ങള്‍ www.schoolsports.in എന്ന സൈറ്റിലും ശാസ്ത്രമേളയിലെ കുട്ടികളുടെ വിവരങ്ങള്‍ www.schoolsasthrolsavam.in എന്ന സൈറ്റിലും നല്‍കണം.

ഓരോ സ്‌കൂളുകള്‍ക്കുമുള്ള പാസ് വേഡുകള്‍ എ.ഇ.ഒ. ഓഫീസില്‍ നിന്ന് ലഭിക്കും. മത്സരിക്കുന്ന മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ ഇപ്രകാരം ഓണ്‍ലൈനായി നല്‍കുമ്പോള്‍ സംസ്ഥാനതലംവരെയുള്ള മത്സരങ്ങള്‍ ഈ ഡാറ്റ ഉപയോഗിച്ച് നടത്താനാവുമെന്ന് ഐ.ടി. അറ്റ് സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. കുട്ടികളുടെ മത്സര റിസള്‍ട്ടുകളുടെ ഫോട്ടോ പതിച്ച സര്‍ട്ടിഫിക്കറ്റുകള്‍ തത്സമയം നല്‍കാനാവും
ഹയര്‍സെക്കന്‍ഡറിക്ക് പ്രത്യേക കര്‍മ്മപദ്ധതി വേണം- ജി.എസ്.ടി.യു.


കോട്ടയം:ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസമേഖലയ്ക്ക് പ്രത്യേക കര്‍മ്മപദ്ധതി ആവശ്യമാണെന്ന് ഗവ. സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (ജി.എസ്.ടി.യു). ഇതിന്റെ ഭാഗമായി ഇരുപതിന നിര്‍ദ്ദേശങ്ങളടങ്ങിയ കര്‍മ്മപദ്ധതി യൂണിയന്‍ സംസ്ഥാന സമിതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.

പ്രിന്‍സിപ്പല്‍മാരെ ക്ലാസ് ചാര്‍ജ്ജില്‍ നിന്നൊഴിവാക്കുക, ഹയര്‍സെക്കന്‍ഡറിക്ക് മാത്രമായുള്ള ശനിയാഴ്ചത്തെ പ്രവൃത്തിദിനം ഒഴിവാക്കുക, ഹയര്‍സെക്കന്‍ഡറിക്ക് ജില്ലാതല ഓഫീസുകള്‍ ആരംഭിക്കുക തുടങ്ങി ഇരുപതിന നിര്‍ദ്ദേശങ്ങളടങ്ങിയ പദ്ധതിയാണ് സമര്‍പ്പിച്ചിട്ടുള്ളത്.

പ്രസിഡന്റ് ജെ.ശശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജി.എസ്.ടി.യു സംസ്ഥാനക്കമ്മിറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി എം.സലാഹുദ്ദീന്‍ ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. പ്രൈമറി, സെക്കന്‍ഡറി മേഖലക്ക് പ്രത്യേക പാക്കേജ് അനുവദിച്ച സര്‍ക്കാര്‍, ഹയര്‍സെക്കന്‍ഡറിക്കും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിക്കും കൂടി അതനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

സ്പെഷലിസ്റ്റ് അധ്യാപക പുനര്‍വിന്യാസം തുടങ്ങി; ഡി.ഡി.ഇ ഓഫിസുകളില്‍ അധ്യാപക ബാങ്ക്

കല്‍പറ്റ: സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ സ്പെഷലിസ്റ്റ് അധ്യാപകരെ പുനര്‍വിന്യസിക്കാന്‍ നടപടി തുടങ്ങി. വിദ്യാഭ്യാസ അവകാശ നിയമത്തിന്‍െറയും   ഹൈകോടതി വിധിയുടെയും പശ്ചാത്തലത്തിലാണ് പുനര്‍വിന്യാസം. ഇതിനായി ഡി.ഡി.ഇ ഓഫിസുകളില്‍ ‘അധ്യാപക ബാങ്കുകള്‍’ സ്ഥാപിക്കും. ഓരോ ജില്ലയിലെയും സ്പെഷലിസ്റ്റ് അധ്യാപകരെ ഇതില്‍ പൂള്‍ ചെയ്യും. പിന്നീട്  വിദ്യാലയങ്ങളിലേക്ക് വിന്യസിക്കും. അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ കായികം, സംഗീതം, പ്രവൃത്തി പരിചയം, ഡ്രോയിങ്  അധ്യാപകരുടെ സേവനം വിവിധ സ്കൂളുകളില്‍ ലഭ്യമാക്കാനാണിത്.
സ്കൂളില്‍ സ്പെഷലിസ്റ്റ് അധ്യാപക തസ്തിക ഇനിയുണ്ടാവില്ല. മാനേജുമെന്‍റുകളും കോര്‍പറേറ്റ് മാനേജ്മെന്‍റുകളും ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തല്ല.
അധ്യാപകര്‍ തികയാത്ത ജില്ലകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്താനാണ് തീരുമാനം.
പാര്‍ട്ട് ടൈം ഇന്‍സ്ട്രക്ടര്‍ എന്ന പേരില്‍ 14,440 രൂപ വേതനത്തിന് സ്പെഷല്‍  അസിസ്റ്റന്‍റുമാരെ നിയമിക്കും.
 സ്കൂളുകളില്‍ ആഴ്ചയില്‍ ഒന്നോ, രണ്ടോ ദിവസം സ്പെഷലിസ്റ്റ് അധ്യാപകരുടെ സാന്നിധ്യമുണ്ടാവും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫിസില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരമായിരിക്കും അധ്യാപകര്‍ എത്തുക. ഇതോടെ അധിക സമയ പരിശീലനവും ഇല്ലാതായേക്കും.
ഇപ്പോള്‍ പലയിടത്തും സ്പെഷലിസ്റ്റ് അധ്യാപകര്‍ക്കാണ് ഉച്ചഭക്ഷണം, സൊസൈറ്റി, അച്ചടക്കം  മറ്റ് പൊതുകാര്യങ്ങള്‍ എന്നിവയുടെ ചുമതല.  ഇത് ഫലത്തില്‍ ഇല്ലാതാവും.
വയനാട് ജില്ലയില്‍ യു.പി 76, ഹൈസ്കൂള്‍ 76 എന്നിങ്ങനെയാണ് സ്പെഷലിസ്റ്റ് അധ്യാപകര്‍. ഇവരുടെ സേവനം മറ്റ് സ്കൂളുകളിലേക്കും വ്യാപിപ്പിക്കും. വിദ്യാര്‍ഥികളുടെ കുറവ് മൂലം വിവിധ സ്കൂളുകളില്‍ ഇപ്പോള്‍ സ്പെഷലിസ്റ്റ് അധ്യാപക തസ്തികകളില്ല. ഇവിടങ്ങളിലും പുനര്‍വ്യന്യാസത്തിലൂടെ അധ്യാപകരെത്തും madhyamamMonday, October 17, 2011

ഊരില്ലാത്തോര്‍ക്ക് ഉരിയരിയുമായി കൂട്ടക്കനിയിലെ കുട്ടികള്‍

കാഞ്ഞങ്ങാട്: ഊരും ഉടയോരുമില്ലാത്ത അശരണര്‍ക്ക് അന്നം നല്‍കുക എന്ന സന്ദേശമുയര്‍ത്തി കൂട്ടക്കനി ഗവ. യു.പി.സ്‌കൂളില്‍ ലോക ഭക്ഷ്യദിനം ആചരിച്ചു. കുട്ടികള്‍ ശേഖരിച്ച ഉരിയരി പള്ളിക്കരയിലെ അനാഥമന്ദിരത്തിലെ അശരണരും രോഗപീഡ അനുവഭിക്കുന്നവരുമായ അന്തേവാസികള്‍ക്ക് നല്‍കി. കുട്ടികള്‍ വീട്ടില്‍നിന്ന് കൊണ്ടുവന്ന് ശേഖരിച്ച രണ്ട് ക്വിന്റല്‍ അരിയാണ് അനാഥരായവര്‍ക്ക് കൈമാറിയത്. സ്‌കൂളിലെ സമൂഹികശാസ്ത്ര ക്ലബാണ് പരിപാടി സംഘടിപ്പിച്ചത്. ഭക്ഷ്യദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭ, മനോജ് പിലിക്കോട് എന്നിവര്‍ ക്ലാസെടുത്തു. പി.വി.ബാബു, ഷൈലജ, പ്രധാനാധ്യാപകന്‍ എ.പവിത്രന്‍, രാജേഷ് കൂട്ടക്കനി എന്നിവര്‍ നേതൃത്വംനല്‍കി.

സ്‌പെഷലിസ്റ്റ് അധ്യാപകരാക്കാനുള്ള നീക്കം ഉപേക്ഷിക്കണം

മലപ്പുറം: എയ്ഡഡ് സ്‌കൂളില്‍ ഡിവിഷന്‍ഫോള്‍ വന്നതുകൊണ്ട് സര്‍ക്കാര്‍ സ്‌കൂളിലേക്ക് പ്രൊട്ടക്റ്റഡ് അധ്യാപകരായിപ്പോയവര്‍ക്ക് നിയമന ഉത്തരവ് നല്‍കിയശേഷമേ അധ്യാപക ബാങ്കിലേക്ക് മാറ്റാവൂ എന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ (കെ.എ.എം.എ.) ജില്ലാസെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഭാഷാ അധ്യാപകരെ സ്‌പെഷലിസ്റ്റ് അധ്യാപകരാക്കാനുള്ള നീക്കം ഉപേക്ഷിക്കണം. ഭാഷാ അധ്യാപകര്‍ക്ക് പ്രധാനാധ്യാപകരാവാനുള്ള തടസ്സം നീക്കണമെന്നും യോഗം ആവശ്യപ്പെട്ടു.


കെ.കെ.എസ്. ഫസല്‍ തങ്ങള്‍, വി.എഫ്. മുഹമ്മദ്, ഷിഹാബ്, അബ്ദുല്‍ ലത്തീഫ് ബസ്മല, ഹസൈന്‍ കോഡൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

അധ്യാപക പാക്കേജ് അപാകങ്ങളില്ലാതെ നടപ്പാക്കണം

കോഴിക്കോട്: പുതിയ അധ്യാപകപാക്കേജ് സ്‌പെഷലിസ്റ്റ് അധ്യാപകരെ ദ്രോഹിക്കുന്നതരത്തിലാണെന്നും അതിനാല്‍ പാക്കേജിലെ അപാകങ്ങള്‍ ഇല്ലാതാക്കി വേണം നടപ്പാക്കാനെന്നും പ്രൈവറ്റ് സ്‌കൂള്‍ സ്‌പെഷലിസ്റ്റ് ടീച്ചേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു.

പതിന്നാലുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം അധ്യാപകരുടെ ജോലിസുരക്ഷ ഉറപ്പാക്കുന്നുവെന്ന് പറയുന്ന ഈ പാക്കേജില്‍ സ്‌പെഷലിസ്റ്റ് അധ്യാപകരെ സ്‌കൂളുകളില്‍നിന്ന് തുടച്ചുനീക്കാനുള്ള ശ്രമമാണെന്നും അവര്‍ ആരോപിച്ചു. സ്ഥിരം തസ്തികയില്‍ ജോലി ചെയ്തുവരുന്ന മുഴുവന്‍ സ്‌പെഷലിസ്റ്റ് അധ്യാപകരെയും അതത് വിദ്യാലയങ്ങളില്‍ത്തന്നെ നിലനിര്‍ത്തുക, ഇപ്പോള്‍ ജോലി ചെയ്തുവരുന്ന സ്‌പെഷലിസ്റ്റ് അധ്യാപകരെ കേന്ദ്ര പൂളിലേക്ക് പിന്‍വലിക്കാതിരിക്കുക, കുട്ടികളുടെ എണ്ണം നോക്കാതെ കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും സ്‌പെഷലിസ്റ്റ് അധ്യാപകരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു.


അധ്യാപകപാക്കേജിലെ അപാകം പരിഹരിക്കാതെ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. യൂണിയന്‍ പ്രസിഡന്റ് ജെയിംസ് ചിറ്റിലപ്പള്ളി, ജനറല്‍ സെക്രട്ടറി യൂനുസ് മുസ്‌ല്യാരകത്ത്, എം. ജയകൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.ചിറ്റാട്ടുകര ബി.ഇ.എം.എല്‍.പി.സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ മൂന്ന്- അധ്യാപകരും

ചിറ്റാട്ടുകര:ചിറ്റാട്ടുകര ബാസല്‍ ഇവാഞ്ചലിസ്റ്റിക് മിഷന്‍ ലോവര്‍ പ്രൈമറി സ്‌കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. വിദ്യാര്‍ഥികളില്ലാതെ സ്‌കൂള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. മൂന്ന് വിദ്യാര്‍ഥികളാണിവിടെയുള്ളത്. മൂന്ന് അധ്യാപകരും. നാലാം ക്ലാസ് വിദ്യാര്‍ഥികളായ വൈഷ്ണവ്, അലീന, മൂന്നാം ക്ലാസ് വിദ്യാര്‍ഥി നന്ദുരാജ് എന്നിവര്‍ ഒരേ ക്ലാസിലിരുന്നാണ് പഠനം. ഇവര്‍ക്ക് പുറമെ പാചകത്തിനായി ഒരുതാല്‍ക്കാലിക ജീവനക്കാരിയുമുണ്ട്. നാലാം ക്ലാസുകാരനായ വൈഷ്ണവാണ് മിക്ക ദിവസങ്ങളിലും സ്‌കൂള്‍ തുറക്കുന്നതും ബെല്ലടിക്കുന്നതും. ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ പഠിച്ചിരുന്ന സ്‌കൂളിന്റെ ഇന്നത്തെ സ്ഥിതി ദയനീയമാണ്.


കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാസല്‍ ഇവാഞ്ചലിസ്റ്റിക് മിഷന്റെ കീഴിലുള്ള സ്‌കൂളിന് നൂറു വര്‍ഷത്തിന് മുകളില്‍ പഴക്കമുണ്ട്. രാത്രിയില്‍ സമൂഹ വിരുദ്ധശല്യവും രൂക്ഷമാണ്. നാല് ഡിവിഷനാണുള്ളത്. വര്‍ഷങ്ങള്‍ക്കുമുമ്പ് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളില്‍ സ്‌കൗട്ട്, സാക്ഷരതാ മിഷന്‍, കമ്പ്യൂട്ടര്‍ പഠനം എന്നിവ ഉണ്ടായിരുന്നു. അധ്യാപകരില്ലതെ രക്ഷിതാക്കള്‍ തന്നെ കുട്ടികളെ പഠിപ്പിക്കേണ്ടിവന്നിട്ടുണ്ട്. അണ്‍ ഇക്കണോമിക് സ്‌കൂളായി സര്‍ക്കാര്‍ നിശ്ചയിക്കുമ്പോള്‍ അമ്പതോളം കുട്ടികള്‍ ഇവിടെ ഉണ്ടായിരുന്നു. സ്‌കൂള്‍ കെട്ടിടം പുതുക്കിപ്പണിയാന്‍ സാമ്പത്തിക സഹായം നല്‍കാമെന്ന് പറഞ്ഞ പഞ്ചായത്ത് അധികൃതര്‍ ഇപ്പോള്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് പി.ടി.എ. പ്രസിഡന്റ് രഞ്ജിനി അനില്‍ പറഞ്ഞു. പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വെല്‍ഫെയര്‍ കമ്മിറ്റി രൂപവത്കരിച്ചെങ്കിലും കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ല.


കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ഭക്ഷ്യമേളതിരുവനന്തപുരം: ചെമ്പരത്തിപ്പൂ ജ്യൂസ് മുതല്‍ ഫ്രൈഡ് റൈസും ബിരിയാണിയും വരെ തയാറാക്കി സ്‌കൂള്‍ കുട്ടികളുടെ ഭക്ഷ്യമേള നടന്നു. കിണ്ണത്തപ്പവുംകുമ്പിളപ്പം (തെരളി), അവില്‍ മിക്‌സ്ചര്‍, കളിയടയ്ക്ക, തുടങ്ങി നാടന്‍ വിഭവങ്ങളുടെ വന്‍ശേഖരമാണ് മേളയിലുണ്ടായിരുന്നത്. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് കോട്ടണ്‍ഹില്‍ സ്‌കൂളിലാണ് മേള സംഘടിപ്പിച്ചത്. നാലായിരത്തോളം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് അയ്യായിരത്തോളം വിഭവങ്ങളാണ് ഒരുക്കിയത്. സ്‌കൂളിലെ 111 ക്ലാസുകളും മേളയില്‍ പങ്കെടുത്തു. വില കുറഞ്ഞ നാട്ടുസാധനങ്ങള്‍ ഉപയോഗിച്ച് പോഷകമൂല്യം കൂടുതലുള്ള ആഹാരസാധനങ്ങള്‍ നിര്‍മിക്കുന്നവര്‍ക്ക്
മത്സരവും ഏര്‍പ്പെടുത്തിയിരുന്നു.

കപ്പയും ചമ്മന്തിയും നിരവധി ക്ലാസുകള്‍ വില്‍പ്പനക്കെത്തിച്ചിരുന്നു. കേസരി, ഉണ്ണിയപ്പം, വിവിധതരം അച്ചാറുകള്‍, പച്ചക്കറി പുട്ട്, പച്ചക്കറി ഇഡ്ഡലി തുടങ്ങി വിഭവങ്ങളുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു. പൊതിനയും ക്യാരറ്റും വെള്ളരിയും ചേര്‍ത്തുണ്ടാക്കിയ ഔഷധജ്യൂസ് പ്രത്യേക ശ്രദ്ധ നേടി. മേളയിലെ ഉത്പന്നങ്ങള്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തന്നെ വാങ്ങി. സ്‌കൂളിലെ അധ്യാപകരായ സീമ, ഷീല, വസന്തകുമാരി, ജെസി എന്നിവരുടെ നേതൃത്വത്തിലാണ് മേള നടന്നത്.
കപ്പ പുഡ്ഡിങ്ങ്, ചക്കക്കുരു ബര്‍ഫി... വിശിഷ്ട വിഭവങ്ങളുടെ ഭക്ഷ്യോത്സവ്

കോഴിക്കോട്: കപ്പ പുഡ്ഡിങ്ങ്, കുമ്പളത്തിന്റെ ഹല്‍വ, ചക്കക്കുരു കൊണ്ടുള്ള ബര്‍ഫി ഇങ്ങനെ അപൂര്‍വയിനം വിഭവങ്ങളുമായി രുചി ഭക്ഷ്യോത്സവ്. റഹ്മാനിയ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കപ്പ, ചേന, എന്നിവകൊണ്ടുള്ള നാടന്‍ വിഭവങ്ങളും മധുര പലഹാരങ്ങളും കറികളും അടക്കം 180 ഓളം വിഭവങ്ങളാണ് ഭക്ഷ്യോത്സവത്തില്‍ അണിനിരന്നത്. പത്ത് തരം അച്ചാറുകളും പന്ത്രണ്ട് ഇനം പായസവും പ്രദര്‍ശനത്തില്‍ ഉണ്ടായി. മസാലകളോ കൃത്രിമ കൂട്ടുകളോ ചേര്‍ക്കാത്ത ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ മുഹമ്മദ് ഷെമീം പറഞ്ഞു. 100 എന്‍എസ്എസ് വളണ്ടിയര്‍മാരാണ് പരിപാടിയില്‍ പങ്കെടുത്തത്. ഓരോരുത്തരും വീട്ടില്‍ നിന്ന് ഉണ്ടാക്കിയ വിഭവങ്ങളാണ് പ്രദര്‍ശനത്തിനായി കൊണ്ടുവന്നത്. പ്രിന്‍സിപ്പല്‍ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ ബിഎംഐ ടെസ്റ്റും വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ചു. 
വേറിട്ട അനുഭവമായി "എന്റെ രചന" കൈയെഴുത്ത് മാസിക പ്രകാശനം

മണ്ണാര്‍ക്കാട്: വിദ്യാര്‍ഥികളുടെ സര്‍ഗ സാഹിത്യ ഭാവനകള്‍ പീലിവിടര്‍ത്തി കുണ്ടൂര്‍കുന്ന് ടിഎസ്എന്‍എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ആയിരത്തോളം കൈയെഴുത്ത് മാസികകള്‍ പ്രകാശനം ചെയ്തു. വിദ്യാഭ്യാസ ചരിത്രത്തില്‍ തന്നെ "എന്റെ രചന" കൈയെഴുത്ത് മാസിക പ്രകാശനം അത്യപൂര്‍വ അനുഭവമായി മാറി. ടിഎസ്എന്‍എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസുമുതല്‍ 12-ാം ക്ലാസുവരെയുള്ള 980 വിദ്യാര്‍ഥികളാണ് പ്രത്യേകം കൈയെഴുത്തുമാസികകള്‍ എന്റെ രചനയിലൂടെ തയ്യാറാക്കിയത്. പരസ്പരം കൈമാറി വായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ വിദ്യാര്‍ഥിയും മാസിക തയ്യാറാക്കിയത്. 1962ല്‍ ആരംഭിച്ച് സുവര്‍ണ ജയന്തി ആഘോഷിക്കുന്ന ഈ ഗ്രാമീണ വിദ്യാലയത്തിലെ അക്കാദമിക് ചരിത്രവും പ്രശംസനീയമാണ്. മികവിന്റെ വിദ്യാലയമായി മാറിയ ടിഎസ്എന്‍എംഎച്ച്എസ്എസിലെ സാഹിത്യ രചനകളുടെ കുട്ടിക്കൂട്ടവും ചരിത്രമാവുകയാണ്. കെട്ടിലും മട്ടിലും ഒന്നിനൊന്നു മികച്ച നിലവാരം പുലര്‍ത്തുന്ന മാസികകളുടെ പേരിലുമുണ്ട് വൈവിധ്യം. തൂലിക, സ്പന്ദനം... തുടങ്ങി വ്യത്യസ്തമായ 980 കൈയെഴുത്തുമാസികകള്‍ക്കുമുണ്ട് വെവ്വേറെ പേരുകള്‍ . കഥ, കവിത, ലേഖനം, നാടകം, നോവല്‍ , കൊളാഷ് തുടങ്ങിയ വിഭവങ്ങളാല്‍ സമൃദ്ധമാണ് ഓരോ കൈയെഴുത്തുമാസികകളും. സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഓരോ വിദ്യാര്‍ഥിയും അവരവുരുടെ രചനകള്‍ പ്രകാശനം ചെയ്തു. കവി മണമ്പൂര്‍ രാജന്‍ ബാബു കവിത ചൊല്ലികുരുന്നു പ്രതിഭകളെ അനുമോദിച്ചു. ദേശാഭിമാനി വാരിക പത്രാധിപര്‍ കെ പി മോഹനന്‍ ചിന്ത ബുക്സിന്റെ ഓരോ പുസ്തകം ഓരോ വിദ്യാര്‍ഥിക്കും നല്‍കി. ഒപ്പം വാരികയുടെ ഓരോ പുതിയ ലക്കവും. ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് ഡെപ്യൂട്ടി മാനേജര്‍ രാജീവ്വര്‍മ, ബിജുമലപ്പുറം, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ ടി വിജയന്‍ , ടി മോഹന്‍ദാസ്, എ കെ വിനോദ്, ടി എം അനുജന്‍ , നാടകകൃത്ത് കെ പി എസ് പയ്യനെടം, എന്റെ രചന കണ്‍വീനര്‍ അച്യുതാനന്ദന്‍ , എസ് വി രാമനുണ്ണി എന്നിവര്‍ പങ്കെടുത്തു. എം എന്‍ നാരായണന്‍ സ്വാഗതവും പ്രശാന്ത് കുമാര്‍ നന്ദിയും പറഞ്ഞു.
 
 

Sunday, October 16, 2011

ഊരൂട്ടമ്പലം സ്‌കൂളിന് പിന്തുണയായി 'സാന്ത്വനം' പദ്ധതി

17 Oct 2011

ഊരൂട്ടമ്പലം: നൂറുവര്‍ഷം പിന്നിടുന്ന ഊരൂട്ടമ്പലം ഗവണ്മെന്റ് യു.പി. സ്‌കൂളിന്റെ കരുത്ത് വിദ്യാലയത്തിലെ അധ്യാപക-രക്ഷാകര്‍തൃ സമിതിയാണ്. സര്‍ക്കാര്‍ സ്‌കൂളിന്റെ പരിമിതികള്‍ മറികടക്കാനും വിദ്യാലയാന്തരീക്ഷം മികച്ചതാക്കാനും പി.ടി.എയുടെ സഹായം എപ്പോഴുമുണ്ട്. സുതാര്യവും ചിട്ടയായ പ്രവര്‍ത്തനവുമാണ് സ്‌കൂളിലെ പി.ടി.എയുടേത്. ഇവര്‍ കുട്ടികള്‍ക്കായി നടപ്പാക്കുന്ന സാന്ത്വനം പദ്ധതിയിലൂടെ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, യൂണിഫോം, പഠനോപകരണം എന്നിവ നല്‍കുന്നു. കൂടാതെ രക്ഷിതാവ് നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പ്രത്യേക സഹായം,സൗജന്യ മെഡിക്കല്‍ ക്യാമ്പ് എന്നിവയും പദ്ധതിയുടെ ഭാഗമായി നടത്തുന്നുണ്ട്.

സ്‌കൂളിലെ അധ്യാപകര്‍ തന്നെയാണ് സാന്ത്വനം പദ്ധതിയില്‍ ആദ്യസംഭാവന നല്‍കുന്നത്. തുടര്‍ന്ന് നാട്ടിലെ വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള സഹായവും പി.ടി.എ. സ്വീകരിക്കുന്നു. നാട്ടുകാരില്‍ നിന്ന് പദ്ധതിക്ക് മികച്ച പ്രതികരണമാണുണ്ടായതെന്ന് പി.ടി.എ. പ്രസിഡന്റ് എ. ശശികുമാര്‍ പറഞ്ഞു. ഒന്നാംക്ലാസ് മുതല്‍ ഹിന്ദി, കമ്പ്യൂട്ടര്‍ പഠനവും പ്ലേ സ്‌കൂള്‍ പ്രീ-പ്രൈമറി വിഭാഗവും സ്‌കൂളിലുണ്ട്. കുട്ടികളുടെ സര്‍ഗശേഷി വികസിപ്പിക്കുന്നതിന് 'പ്രതിഭാപോഷണം' എന്ന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.

കലാ,സാംസ്‌കാരിക പരിപാടികള്‍ക്ക് പുറമേ ഗണിതപഠനവും ഇതിലുള്‍പ്പെടുന്നു. സ്‌കൂള്‍ വാര്‍ഷിക പതിപ്പായ 'ഊരൂട്ടമ്പലം ന്യൂസ്' എന്ന മുഖപത്രവും കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രസിദ്ധീകരിക്കുന്നു. 400-ല്‍പ്പരം കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മുന്നിലാണ്. പരിസ്ഥിതി പഠനയാത്രയ്ക്കും പരിസരശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നുണ്ടെന്ന് പ്രധാനാധ്യാപിക എ. സുശീല പറയുന്നു. സ്‌കൗട്ടിന്റെ ഭാഗമായ കബ്ബുള്‍ബുളിന്റെ സാന്നിധ്യവും സ്‌കൂളില്‍ സജീവമാണ്.
 
പാട്ടത്തില്‍ സ്‌കൂളിലെ കുരുന്നുകള്‍ക്ക് പ്രാതല്‍കഴിച്ച് പഠനം തുടങ്ങാം


മംഗലപുരം: തോന്നയ്ക്കല്‍ പാട്ടത്തില്‍ ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളിലും പ്രഭാതഭക്ഷണം പദ്ധതി തുടങ്ങി. കുരുന്നുകള്‍ക്ക് പ്രാതല്‍ കഴിച്ചതിനുശേഷം പഠനം തുടരാം. ജി.ജി. ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മേധാവി ഡോ.ജി.വേലായുധന്റെ സഹായ ഹസ്തങ്ങളാണ് പാട്ടത്തില്‍ സ്‌കൂളിലും എത്തിയത്.

പ്രഭാതഭക്ഷണം പദ്ധതി വി.ശശി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മംഗലപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.കവിത അധ്യക്ഷയായിരുന്നു. ജി.ജി. ചാരിറ്റബിള്‍ ട്രസ്റ്റ് അംഗം രാജേന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ പ്രഭാരാജേന്ദ്രന്‍, ക്ഷേമ കാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ വി.അജികുമാര്‍, വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എസ്.ആര്‍.കവിത, വാര്‍ഡ് പ്രതിനിധികളായ എസ്.പ്രഭുലന്‍, ശ്രീലത, തോന്നയ്ക്കല്‍ സര്‍വീസ് സഹകരണ സംഘം ഭരണസമിതിയംഗം ആര്‍.രാജശേഖരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. പ്രധാനാധ്യാപിക ലൈലാബീഗം സ്വാഗതവും, പി.ടി.എ. പ്രസിഡന്റ് എല്‍.ജീജ നന്ദിയും പറഞ്ഞു.
സ്‌കൂള്‍ അറ്റകുറ്റപണിക്ക് ഡി.വൈ.എഫ്.ഐ. യൂത്ത് ബ്രിഗേഡ്‌സ്

പയ്യന്നൂര്‍: ഡി.വൈ.എഫ്.ഐ. കോറോം വെസ്റ്റ് വില്ലേജ് യൂത്ത് ബ്രിഗേഡ്‌സ് സ്‌കൂള്‍ അറ്റകുറ്റപ്പണി നടത്തി. 50 പേര്‍ ചേര്‍ന്ന് കോറോം മുക്കോത്തടം എല്‍.പി. സ്‌കൂിലെ ചുമരുകള്‍ സിമന്റിട്ട് പെയിന്റിങ് നടത്തി. സ്‌കൂള്‍ പി.ടി.എ.യുടെ പൂര്‍ണ സഹകരണവും ലഭിച്ചു. ഒരാഴ്ചകൊണ്ട് പണിപൂര്‍ത്തിയാക്കുമെന്ന് ബ്രിഗേഡ് ക്യാപ്റ്റന്‍ എം.കെ.ജോഷി, വൈസ് ക്യാപ്റ്റന്‍ കെ.വി.ബിജു എന്നിവര്‍ അറിയിച്ചു
സ്‌പര്‍ശം' പേരാമ്പ്ര ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കും

പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തും പേരാമ്പ്ര ബ്ലോക്ക് റിസോഴ്‌സ് സെന്ററും സംയുക്തമായി നടപ്പാക്കുന്ന 'സ്​പര്‍ശം' പദ്ധതി ബ്ലോക്കിലെ മുഴുവന്‍ പഞ്ചായത്തുകളിലും നടപ്പാക്കാന്‍ പേരാമ്പ്ര ബ്ലോക്ക് വിദ്യാഭ്യാസസമിതി തീരുമാനിച്ചു.

ശാരീരികവൈകല്യമുള്ളവരുടെ വീടുകളില്‍ വിവിധ ഏജന്‍സികളുടെ പങ്കാളിത്തത്തോടെ ഭൗതികസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുക, തൊഴില്‍പരിശീലനം ലഭ്യമാക്കുക എന്നിവയാണ് 'സ്​പര്‍ശം' പദ്ധതി ലക്ഷ്യമിടുന്നത്.

സ്‌കൂളുകളിലെ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആവശ്യമായ പിന്തുണ നല്‍കും. കാഴ്ചക്കുറവുള്ള കുട്ടികള്‍ക്ക് ബ്രെയ്‌ലി പരിശീലനത്തിന് ബി.ആര്‍.സി. നടപടി സ്വീകരിക്കും. സ്‌കൂളുകളില്‍ സാനിറ്റേഷന്‍ ഓഡിറ്റ് നടത്തി മികച്ച വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കാനും യോഗം തീരുമാനിച്ചു.

യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നവംബറില്‍ വാനനിരീക്ഷണ ക്യാമ്പ് സംഘടിപ്പിക്കും. ബ്ലോക്ക് പരിധിയില്‍ വരുന്ന സ്‌കൂളുകളിലെ മികച്ച അധ്യാപകരെ കണ്ടെത്തി അവാര്‍ഡ് നല്‍കും.

ബ്ലോക്ക് വിദ്യാഭ്യാസസമിതി ചെയര്‍മാന്‍ കല്ലൂര്‍ മുഹമ്മദാലി അധ്യക്ഷതവഹിച്ചു. ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആനേരി നസീര്‍, പി.കെ. ജമാല്‍, ബി.പി.ഒ. കെ. വിനോദന്‍, വി.കെ. ബാലന്‍, ടി.പി. ചന്ദ്രശേഖരന്‍, കെ.വി. ശ്രീനിവാസന്‍, പി.എം. അബ്ദുള്‍ഖാദര്‍, എം. മജീദ്, പി.പി. രഘുനാഥ്, വി. രാമചന്ദ്രന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
മേരിക്യൂറിയുടെ ജീവിതകഥയുമായി രസതന്ത്രയാത്രയെത്തി
മലപ്പുറം: മേരിക്യൂറിയുടെ ജീവിതകഥയും രസതന്ത്ര പരീക്ഷണങ്ങളും അവതരിപ്പിച്ചുകൊണ്ട് യുറീക്ക രസതന്ത്ര യാത്ര ജില്ലയില്‍ പര്യടനം തുടങ്ങി. 'ബുണ്‍റാകു' എന്ന പാവനാടകത്തിലൂടെയാണ് ഇക്കാര്യങ്ങള്‍ രസകരമായി അവതരിപ്പിക്കുന്നത്. ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന രസതന്ത്രയാത്രയാണ് ജില്ലയിലെത്തിയത്.

സംസ്ഥാനതല രസതന്ത്രയാത്രയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറത്ത് ഡോ. അനില്‍ ചേലേമ്പ്ര നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് വേണു പാലൂര്‍, സെക്രട്ടറി സജി ജേക്കബ്, എ. ശ്രീധരന്‍, കെ. രാജലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു. രണ്ട് ജാഥകളാണ് ജില്ലയില്‍ പര്യടനം നടത്തുന്നത്. എ.കെ. കൃഷ്ണകുമാര്‍, ചെമ്രക്കാട്ടൂര്‍ സുബ്രഹ്മണ്യന്‍, സി.പി.സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്. 21വരെ ജില്ലയിലെ 40 കേന്ദ്രങ്ങളില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും.
കുട്ടികള്‍ കണ്ടറിഞ്ഞു; കാക്കിക്കുള്ളിലെ സ്‌നേഹവായ്‌പുകള്‍...

മമ്പാട്: കാക്കിക്കുള്ളില്‍ കോണ്‍ഗ്രസ്സും മാര്‍ക്‌സിസ്റ്റും ലീഗുമൊന്നുമല്ല; കര്‍മനിരതയോടെയുള്ള മനുഷ്യത്വം മാത്രം... ലാത്തിയും തോക്കും ലോക്കപ്പുമൊക്കെ നന്‍മയുടെ പുനഃസ്ഥാപനത്തിനു വേണ്ടിയുള്ള ഉപാധികള്‍ മാത്രം.

വണ്ടൂര്‍ പഞ്ചായത്ത് ബാലസഭാംഗങ്ങള്‍ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചതോടെയാണ് അവര്‍ക്ക് ഇക്കാര്യം ബോധ്യപ്പെട്ടത്. തെറ്റിദ്ധരിക്കപ്പെട്ട പോലീസിന്റെ യഥാര്‍ഥമുഖം കണ്ട് കുട്ടികള്‍ സന്തോഷത്തോടെയാണ് മടങ്ങിയത്. അപ്പോഴേക്കും മനസ്സിലുയര്‍ന്ന ചോദ്യങ്ങള്‍ക്കെല്ലാം അവര്‍ക്ക് ഉത്തരം ലഭിച്ചിരുന്നു. വെടിവെക്കുന്ന സാഹചര്യം, പോലീസിന്റെ അധികാരപരിധി, എന്താണ് ടിയര്‍ഗ്യാസ്, ലാത്തിച്ചാര്‍ജ് നടത്തുന്നതെപ്പോള്‍, പ്രതികളെ എത്രസമയം ലോക്കപ്പില്‍ പാര്‍പ്പിക്കാം തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ക്കാണ് സി.ഐ മൂസ വള്ളിക്കാടനും സഹപ്രവര്‍ത്തകരും ഉത്തരം നല്‍കിയത്. ലാത്തി, തോക്ക്, വെടിയുണ്ട, ഗ്രനേഡ്, റൈഫിള്‍, ലോക്കപ്പ് തുടങ്ങിയവയൊക്കെ കുട്ടികള്‍ കണ്ട് വിലയിരുത്തി. പോലീസുകാര്‍ ഇവര്‍ക്ക് മധുരം നല്‍കി.

ബാലസഭാ കോ-ഓര്‍ഡിനേറ്റര്‍ വി.പി. അലിഅക്ബറിന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചത്.
ക്ലാസ്സഭ: ലീഡര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നു

വടകര: ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ക്ലാസ് സഭകള്‍ സംഘടിപ്പിക്കുന്നതിന് ക്ലാസ് ലീഡര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ വിദ്യാലയ ജനാധിപത്യവേദി കണ്‍വീനര്‍മാരുടെ മേഖലാതല യോഗം തീരുമാനിച്ചു. കുട്ടികളുടെ ജനാധിപത്യ അവകാശങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ക്ലാസ്തല വേദികളായ ക്ലാസ് സഭകള്‍ മാസത്തില്‍ രണ്ട് തവണ ചേരാനും ഇതിന് നേതൃത്വം നല്‍കുന്ന കുട്ടികളുടെ മന്ത്രിമാര്‍ക്ക് സ്കൂള്‍ തലത്തില്‍ പരിശീലനം നല്‍കാനും യോഗം തീരുമാനിച്ചു. വടകര, തോടന്നൂര്‍ , പന്തലായനി, മേലടി ബ്ലോക്കുകളില്‍ നിന്നുള്ള കണ്‍വീനര്‍മാര്‍ പങ്കെടുത്തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ കെ കമലം അധ്യക്ഷയായി. ബാലചന്ദ്രന്‍ പാറച്ചോട്ടില്‍ , കെ കെ ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് കണ്‍വീനര്‍മാരായി എന്‍ പ്രകാശന്‍ (മേലടി), പി സി പി അബ്ദുള്‍ നാസര്‍ (വടകര), പി ശ്രീനിവാസന്‍ (തോടന്നൂര്‍), ജി കെ വേണു (പന്തലായനി) എന്നിവരെ തെരഞ്ഞെടുത്തു. 
ശാസ്ത്രത്തിന്റെ ഉള്ളറിഞ്ഞ രംഗപാഠം
മലപ്പുറം: അടങ്ങാത്ത അന്വേഷണവുമായി ജീവിതംമുഴുവന്‍ പരീക്ഷണശാലയില്‍കഴിഞ്ഞ മേരി ക്യൂറിക്ക് പാവനാടകത്തിലൂടെ പുനര്‍ജനി. മേരി ക്യൂറിയുടെ ഇതിഹാസ ജീവിതം അവതരിപ്പിക്കുന്ന ബുണ്‍റാകു ജപ്പാന്‍ പാവനാടകം അന്താരാഷ്ട്ര രസതന്ത്രവര്‍ഷത്തിന്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് ജില്ലയിലൂടനീളം അവതരിപ്പിക്കുന്നത്. രസതന്ത്ര വര്‍ഷാചരണം നടക്കുന്ന ഒരു സ്കൂളിലേക്ക് പൊന്നുച്ചാമി, ഗുണ്ടുച്ചാമി, ചിന്നച്ചാമി എന്നീ പാവകള്‍ എത്തുന്നു. അധ്യാപകനോട് ഏറെ അഭ്യര്‍ഥിച്ചശേഷം നാടകം കളിക്കാന്‍ കിട്ടുന്ന അവസരം ഫലപ്രദമാക്കുന്നതാണ് നാടകത്തിന്റെ ആദ്യഭാഗം. കപടശാസ്ത്രത്തിന്റെ ഇടപെടലുകളും പരോക്ഷമായി പത്മനാഭസ്വാമി ക്ഷേത്രത്തിലെ ദേവപ്രശ്നവുമെല്ലാം പാവകള്‍ വിശദീകരിക്കുന്നു. ശാസ്ത്രത്തെ കൂട്ടുപിടിച്ച് അന്ധവിശ്വാസത്തെ വളര്‍ത്തുന്ന സമകാലിക അവസ്ഥയെ കണക്കറ്റ് പരിഹസിക്കുന്നുമുണ്ട്. പോളണ്ടില്‍ ജനിച്ച മേരി സ്ത്രീകള്‍ക്ക് പഠനാവകാശമില്ലാത്ത ജന്മനാട്ടില്‍നിന്ന് വിടപറഞ്ഞ് പാരീസിലേക്ക് കുടിയേറി പാര്‍ക്കുന്നതും പാരീസിലെ സര്‍വകലാശാലയില്‍ ഗവേഷണങ്ങളില്‍ മുഴുകുന്നതും "പാവകള്‍" അവതരിപ്പിക്കുന്നു. യുറേനിയം എന്ന റേഡിയോ ആക്ടീവ് പദാര്‍ഥത്തെ സംബന്ധിച്ച് ലോകത്തെമ്പാടും ഗവേഷണം നടക്കുന്നകാലത്ത് മേരിയും ഭര്‍ത്താവ് പിയറിയും ഗവേഷണങ്ങളില്‍ മുഴുകുന്നു. ഇതിനിടെ കണ്ടെത്തിയ അതിപ്രകാശശേഷിയുള്ള മൂലകത്തിന് പിറന്ന നാടിന്റെ പേര് നല്‍കി പ്ലോട്ടോണിയം എന്നുവിളിക്കുമ്പോള്‍ വേദിയില്‍ വികാരമുഹൂര്‍ത്തം സൃഷ്ടിക്കുന്നു. തുടര്‍പരീക്ഷണത്തിലാണ് റേഡിയം കണ്ടുപിടിക്കുന്നത്. ഇത് രോഗികള്‍ക്ക് നല്‍കുന്ന ആശ്വാസം മേരിയിലുണ്ടാക്കിയ ആഹ്ലാദം നൊബേല്‍ പുരസ്കാരം താനും ഭര്‍ത്താവും പങ്കിടുമ്പോഴുള്ളതിലും അധികമായിരുന്നു. റേഡിയത്തിന് പേറ്റന്റ് നേടിയെടുക്കാന്‍ വ്യാപാരികള്‍ മേരിയെ ഉപദേശിച്ചിരുന്നെങ്കിലും മേരി ശാസ്ത്രം മനുഷ്യനന്മക്കുള്ള ഉപാധിയാണെന്ന സത്യത്തില്‍ ഉറച്ചുനിന്നു. നിരന്തര പരീക്ഷണങ്ങളില്‍ സഹായിയായിരുന്ന ഭര്‍ത്താവ് 1906ല്‍ റോഡില്‍ കുഴഞ്ഞുവീണ് മരിച്ചത് മേരിയില്‍ പ്രയാസം സൃഷ്ടിക്കുമ്പോഴും മേരി കണ്ടുപിടിത്തങ്ങളില്‍ മുഴുകുന്നതും വീണ്ടും നൊബേല്‍ പുരസ്കാരം ലഭിക്കുന്നതും തന്മയത്വത്തോടെ പാവനാടകത്തില്‍ അവതരിപ്പിക്കുന്നു. എ കെ കൃഷ്ണകുമാര്‍ , അരിയല്ലൂര്‍ സുബ്രഹ്മണ്യന്‍ എന്നിവരാണ് പാവനാടകം രൂപപ്പെടുത്തിയത്. രസതന്ത്ര യാത്രയുടെ ജില്ലാതല ഉദ്ഘാടനം ടൗണ്‍ഹാള്‍ പരിസരത്ത് ഡോ. അനില്‍ ചേലേമ്പ്ര നിര്‍വഹിച്ചു. പരിഷത്ത് ജില്ലാ പ്രസിഡന്റ് വേണു പാലൂര്‍ അധ്യക്ഷനായി. ടി വി ജോയ് സ്വാഗതവും വി ആര്‍ പ്രമോദ് നന്ദിയും പറഞ്ഞു. തിങ്കളാഴ്ച രാവിലെ 10ന് ജിയുപിഎസിലും മറ്റൊരു ജാഥ ഇതേസമയം കൊണ്ടോട്ടി കാരാട് എച്ച്എസ്എസിലും 12ന് ജിആര്‍എച്ച്എസ് കോട്ടക്കലും വാഴക്കാട് എച്ച്എസ്എസിലും പകല്‍ മൂന്നിന് മണ്ണഴി എയുപിഎസിലും ജിഎച്ച്എസ്എസ് അരീക്കോടും വൈകിട്ട് അഞ്ചിന് താണിക്കലും തച്ചമണ്ണയിലും പാവനാടകം അവതരിപ്പിക്കും.
 

Saturday, October 15, 2011

ഇംഗ്ലീഷ്‌സാഹിത്യ ചര്‍ച്ചയുമായി വിദ്യാര്‍ഥികള്‍ മയ്യഴിപ്പുഴയോരത്ത്

 16 Oct 2011

നാദാപുരം: ഇംഗ്ലീഷ് നോവലിസ്റ്റ് തോമസ്‌കാല ഇംഗ്ലീഷ് സാഹിത്യാനുഭവങ്ങള്‍ വിദ്യാര്‍ഥികളുമായി പങ്കുവെക്കാന്‍ മയ്യഴിപ്പുഴയോരത്തെത്തി.

പേരോട് എം.ഐ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഇംഗ്ലീഷ് സാഹിത്യവേദി 'കൈതോലക്കൂട്ടം' അദ്ദേഹം ഉദ്ഘാടനം ചെയ്തു. സ്‌കൂളിന് പിന്നിലെ മയ്യഴിപ്പുഴയോരത്ത് ഓപ്പണ്‍ഫോറവും നടന്നു.

ഭാഷകള്‍ സ്വായത്തമാക്കുന്നത് അവസരങ്ങളിലൂടെയാണെന്നും ഇംഗ്ലീഷ് ഭാഷാ പരിശീലനത്തിന് ഇത്തരം സംരംഭങ്ങള്‍ സ്‌കൂളുകളില്‍ അത്യാവശ്യമാണെന്നും തോമസ്‌കാല ചൂണ്ടിക്കാട്ടി. മുപ്പത് വര്‍ഷത്തിലേറെ ബ്രിട്ടനിലായിരുന്ന തോമസ്‌കാല അടുത്തിടെയാണ് ജന്മനാട്ടില്‍ തിരിച്ചെത്തിയത്. മൂന്ന് നോവലുകള്‍ ഇതിനകം രചിച്ചിട്ടുണ്ട്. ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

'കൈതോലക്കൂട്ടം' കണ്‍വീനര്‍ സുബൈര്‍ തോട്ടക്കാട്ട് അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ മൊയ്തു പറമ്പത്ത്, പ്രധാനാധ്യാപകന്‍ മരുന്നോളി കുഞ്ഞബ്ദുല്ല, ഇംഗ്ലീഷ് സാഹിത്യകാരന്‍ പി.എ. നൗഷാദ്, എം.എ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. കെ. ഹുസ്‌ന നസ്‌റിന്‍ സ്വാഗതവും സി.എച്ച്. മുഹമ്മദ് നന്ദിയും പറഞ്ഞു.

യുറീക്ക രസതന്ത്ര യാത്രക്ക് ഇന്ന് തുടക്കം

മലപ്പുറം: അന്താരാഷ്ട്ര രസതന്ത്ര വര്‍ഷത്തോടനുബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന യുറീക്ക രസതന്ത്ര യാത്ര ഞായറാഴ്ച ആരംഭിക്കും. 21വരെ വരെ നീളുന്ന യാത്രയുടെ ഉദ്ഘാടനം വൈകിട്ട് അഞ്ചിന് മലപ്പുറം ടൗണ്‍ഹാള്‍ പരിസരത്ത് അനില്‍ ചേലേമ്പ്ര നിര്‍വഹിക്കും. അഞ്ച് ദിവസങ്ങളിലായി 40 കേന്ദ്രങ്ങളില്‍ യാത്ര പര്യടനം നടത്തുമെന്ന് ജില്ലാസെക്രട്ടറി ടി വി ജോയി, പ്രസിഡന്റ് വേണു പാലൂര്‍ , വൈസ് പ്രസിഡന്റ് ടി കെ വിമല എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മേരിക്യൂറിയുടെ ജീവിതം ആസ്പദമാക്കി ബുണ്‍റാകു പാവനാടകം അവതരിപ്പിക്കും. ജാപ്പനീസ് പാവനാടക സങ്കേതമാണ് ബുണ്‍റാകു. രസതന്ത്ര പരീക്ഷണങ്ങള്‍ , രസതന്ത്ര പാട്ടുകള്‍ തുടങ്ങി നിരവധി പരിപാടികള്‍ യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എ കെ കൃഷ്ണകുമാര്‍ , ചെമ്രക്കാട്ടൂര്‍ സുബ്രഹ്മണ്യന്‍ , സി പി സുഭാഷ് എന്നിവര്‍ കലാജാഥക്ക് നേതൃത്വംനല്‍കും
ചീക്കിലോട് യു.പി. സ്‌കൂളില്‍ ലളിതകലാ അക്കാദമി
ആയഞ്ചേരി: ചീക്കിലോട് യു.പി. സ്‌കൂളില്‍ ലളിതകലാ അക്കാദമി പ്രവര്‍ത്തനം തുടങ്ങി. പഠനത്തോടൊപ്പം ചിത്രകല, നൃത്തം, സംഗീതം, ഒപ്പന എന്നിവയിലും കുട്ടികള്‍ക്ക് പ്രാവീണ്യം നേടാനാണ് അക്കാദമി. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍ ഉദ്ഘാടനം ചെയ്തു. നൊച്ചാട്ട് കുഞ്ഞബ്ദുള്ള പ്രതിഭകളെ ആദരിച്ചു. വിവിധ പരീക്ഷാവിജയികള്‍ക്ക് സദാനന്ദന്‍ മണിയോത്ത്, അനില്‍ ആയഞ്ചേരി, ഒ.കെ. സാജിത എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.

ടി.എം. താഹിര്‍ അധ്യക്ഷത വഹിച്ചു. കേശോത്ത് രവീന്ദ്രന്‍, കെ.സുരേഷ് ബാബു, മുഹമ്മദ് നാഷിദ്, എം. റഷീദ്, ടി.വി. കുഞ്ഞിരാമന്‍, സി.എച്ച്. മൊയ്തു എന്നിവര്‍ സംസാരിച്ചു.

വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ കവിതാ ക്യാമ്പ്

തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഹൈസ്‌കൂള്‍/പ്ലസ്ടു തലംവരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ഡിസംബര്‍ 29, 30 തീയതികളില്‍ കവിതാ ക്യാമ്പ് സംഘടിപ്പിക്കുന്നു. സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ ഉപജില്ല/ജില്ല/സംസ്ഥാന തലങ്ങളില്‍ പങ്കെടുത്ത് വിജയികളായവര്‍ക്ക് മുന്‍ഗണന നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 30-നകം സ്‌കൂള്‍ അധികൃതരുടെ സാക്ഷ്യപത്രത്തോടൊപ്പം സെക്രട്ടറി, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, നന്തന്‍കോട്, തിരുവനന്തപുരം-3 എന്ന വിലാസത്തിലോ directormpccOgmail.com എന്ന മെയിലിലോ അപേക്ഷിക്കണം. ഭക്ഷണവും താമസവും സൗജന്യമായിരിക്കും. തുടര്‍ന്ന് മറ്റുള്ള ജില്ലകളിലും ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് സെക്രട്ടറി ഡോ. വിളക്കുടി രാജേന്ദ്രന്‍ അറിയിച്ചു. പ്രവൃത്തിദിനങ്ങളില്‍ 0471-2311842 എന്ന ഓഫീസ് നമ്പരിലോ 9495407413 മൊബൈല്‍ നമ്പരിലോ ബന്ധപ്പെടണം.
സി. ബി. എസ്. ഇ. മാനേജ്‌മെന്റിന് സര്‍ക്കാര്‍ കീഴടങ്ങിയാല്‍ പ്രക്ഷോഭം ആരംഭിക്കും - ജിഎസ്ടിയു

കോതമംഗലം: സിബിഎസ്ഇ സ്‌കൂള്‍ അംഗീകാരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന വ്യവസ്ഥകള്‍ റദ്ദു ചെയ്യിക്കാനുള്ള മാനേജ്‌മെന്റുകളുടെ സമ്മര്‍ദതന്ത്രങ്ങളില്‍ സര്‍ക്കാര്‍ കീഴടങ്ങിയാല്‍ പ്രക്ഷോഭം നടത്തുമെന്ന് ഗവ. സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ മുന്നറിയിപ്പ് നല്‍കി.

സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന വ്യവസ്ഥകള്‍ ലംഘിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ചുമതലപ്പെടുത്തുന്ന വ്യവസ്ഥ റദ്ദാക്കണമെന്നും ജിഎസ്ടിയു ആവശ്യപ്പെട്ടു. സ്ഥലസൗകര്യം കുട്ടികള്‍ക്കാവശ്യമായ ടോയ്‌ലറ്റ് തുടങ്ങിയ വിഷയങ്ങളില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന നിബന്ധനകള്‍ റദ്ദാക്കണമെന്നുള്ള മാനേജ്‌മെന്റുകളുടെ ആവശ്യങ്ങള്‍ ബാലിശമാണ്. നിലവിലുള്ള സ്‌കൂളുകളില്‍ സര്‍ക്കാര്‍ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഡിഇഒ പരിശോധിച്ച് ഉറപ്പുവരുത്തണം.

ചട്ടലംഘനം നടത്തുന്ന സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും വ്യവസ്ഥകള്‍ക്ക് വിധേയമായി പുതിയ സിബിഎസ്ഇ സ്‌കൂളുകള്‍ ആരംഭിക്കാന്‍ എന്‍ഒസി നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. എം.എസ്.വര്‍ഗീസ് അധ്യക്ഷതവഹിച്ചു. സിബി.ജെ.അടപ്പൂര്‍, വി.വി.മക്കാര്‍, ടി.വി.സക്കറിയ, സാബു.എം.കൊട്ടാരം, ജിന്‍സ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. വി.എ.മുഹമ്മദ് നന്ദി പറഞ്ഞു.

Monday, October 10, 2011

സി.ബി.എസ്.ഇ. അംഗീകാരം: ദൂരപരിധിയും തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയും ഒഴിവാക്കി


 11 Oct 2011

തിരുവനന്തപുരം: സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കിയപ്പോള്‍ നിര്‍ണായകമായ രണ്ട് വ്യവസ്ഥകള്‍ ഒഴിവാക്കി. ഈ വ്യവസ്ഥകള്‍ ഒഴിവാക്കിയത് ഒരു വിഭാഗം സ്‌കൂളുകളെ സഹായിക്കാനാണെന്നാണ് ആരോപണം.

മുന്‍ സര്‍ക്കാര്‍ രൂപം നല്‍കിയിരുന്ന മാര്‍ഗനിര്‍ദേശത്തില്‍ പുതിയ സി.ബി.എസ്.ഇ. സ്‌കൂളുകള്‍ ആരംഭിക്കുന്നതിന് സ്‌കൂള്‍ മാപ്പിങ് നടത്തിയശേഷമേ അനുമതി നല്‍കൂവെന്ന് വ്യക്തമാക്കിയിരുന്നു. പുതിയ സ്‌കൂളുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ ദൂരപരിധിയും നിശ്ചയിച്ചിരുന്നു. നിലവില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുണ്ടെങ്കില്‍ അതിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലും യു.പി യുണ്ടെങ്കില്‍ അതിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലും ഹൈസ്‌കൂളുണ്ടെങ്കില്‍ അതിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലും സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കില്ലെന്നായിരുന്നു വ്യവസ്ഥ. ഈ നിര്‍ദേശം പുതിയ മാനദണ്ഡം വന്നപ്പോള്‍ അപ്രത്യക്ഷമായി.


സര്‍ക്കാര്‍, എയ്ഡഡ് മേഖലയെ സംരക്ഷിക്കാന്‍ ഇത്തരമൊരു നിബന്ധന വേണമെന്നായിരുന്നു മുന്‍ സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ പൊതുമേഖലാ വിദ്യാലയങ്ങളിലും കേന്ദ്ര സിലബസ് സ്‌കൂളുകളിലും കുട്ടികളെ വിടുന്നത് രണ്ടുതരം രക്ഷിതാക്കളാണെന്നും ദൂരം സംബന്ധിച്ച നിബന്ധന പാലിക്കേണ്ടതില്ലെന്നുമാണ് നിലവിലുളള സര്‍ക്കാര്‍ നിലപാട്. രക്ഷിതാക്കളുടെ താത്പര്യത്തിനനുസൃതമായി കുട്ടികളെ ചേര്‍ക്കാനുള്ള സൗകര്യമാണ് വേണ്ടതെന്ന് സര്‍ക്കാര്‍ കരുതുന്നു.


അതത് തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയോടെയെ സ്‌കൂള്‍ തുടങ്ങാനാകൂവെന്ന നിബന്ധനയും നേരത്തെ നിലവിലുണ്ടായിരുന്നു. പൊതുവിദ്യാലയങ്ങളുടെ താത്പര്യംകൂടി പരിഗണിച്ചേ തദ്ദേശസ്ഥാപനങ്ങള്‍ തീരുമാനമെടുക്കാന്‍ സാധ്യതയുള്ളൂവെന്നതായിരുന്നു ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനം. എന്നാല്‍ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു റോളും നിര്‍ദേശിച്ചിട്ടില്ല. സര്‍ക്കാരിന്റെ അംഗീകാരം നേടാനും സ്‌കൂള്‍ തുടങ്ങാനും തദ്ദേശസ്ഥാപത്തിന്റെ അനുമതിയെക്കുറിച്ചും പുതിയ മാര്‍ഗനിര്‍ദേശം മൗനം പാലിക്കുന്നു.


300 കുട്ടികള്‍ വേണമെന്ന നിബന്ധന മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ടെങ്കിലും അഞ്ചും ഏഴും ക്ലാസ് വരെ മാത്രമുള്ള സി.ബി.എസ്.ഇ. സ്‌കൂളുകള്‍ ഈ നിര്‍ദേശത്തെ എതിര്‍ക്കുന്നുണ്ട്. പത്താംക്ലാസ് വരെയില്ലാത്ത സ്‌കൂളുകളില്‍ 300 കുട്ടികള്‍ ഉണ്ടാകാന്‍ സാധ്യതിയില്ലാത്തതാണ് ഇവരുടെ എതിര്‍പ്പിന് കാരണം. അഞ്ച് വര്‍ഷമായി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തെളിയിക്കാനും പ്രയാസമില്ല. ഇതിനായി സ്‌കൂളധികൃതര്‍ നല്‍കുന്ന സത്യവാങ്മൂലം മതി. ഇക്കാര്യങ്ങളില്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലുള്ളവരുടെ സാക്ഷ്യപത്രം നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നുവന്നിട്ടുണ്ട്.


അധ്യാപകര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ നിരക്കില്‍ ശമ്പളം നല്‍കണമെന്ന നിര്‍ദേശം നടപ്പാകണമെങ്കില്‍ കര്‍ശന വ്യവസ്ഥ ഏര്‍പ്പെടുത്തണം. ഇപ്പോള്‍തന്നെ കൂടുതല്‍ തുകയ്ക്ക് ഒപ്പിട്ടുവാങ്ങിയശേഷം പകുതി ശമ്പളം പോലും അധ്യാപകര്‍ക്ക് മാനേജര്‍മാര്‍ നല്‍കാറില്ല. ബാങ്ക് വഴി അധ്യാപകര്‍ക്ക് ശമ്പളം നല്‍കണമെന്നും അതിന് മോണിറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്നുമാണ് അധ്യാപകരുടെ ആവശ്യം.


ഇതേസമയം പുതിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കിയാല്‍ പരിമിതമായ സ്‌കൂളുകള്‍ക്ക് മാത്രമേ അംഗീകാരം നല്‍കേണ്ടിവരൂ എന്നാണ് അധികൃതര്‍ കരുതുന്നത്.

Sunday, October 9, 2011

അധ്യാപകരുടെ പ്രകടനം വിലയിരുത്താന്‍ ഓഡിറ്റ് കമ്മിറ്റി വരുന്നു

 10 Oct 2011
മഞ്ചേരി: അധ്യാപക പാക്കേജ് സംബന്ധിച്ച് സര്‍ക്കാര്‍ കഴിഞ്ഞദിവസം പുറപ്പെടുവിച്ച ഉത്തരവില്‍ അധ്യാപകന്റെ അധ്യാപനരംഗത്തെ പ്രകടനം വിലയിരുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തി. ഇതനുസരിച്ച് വിദ്യാഭ്യാസ വിചക്ഷണരും വിവിധ വിഷയങ്ങളില്‍ പരിചയസമ്പന്നരായ അധ്യാപകരും ഉള്‍പ്പെട്ട സംസ്ഥാനതല ഓഡിറ്റ് കമ്മിറ്റി രൂപവത്കരിക്കും. ഓഡിറ്റ് കമ്മിറ്റിയുടെ ഘടനയും പ്രവര്‍ത്തനരീതിയും സംബന്ധിച്ച വിശദാംശങ്ങള്‍ ഉടനെ തീരുമാനിക്കും.


സ്‌കൂളില്‍ കുട്ടികള്‍ കുറയുന്നതുമൂലം തസ്തിക നഷ്ടപ്പെടുമെന്ന ആശങ്കയില്‍ അധ്യാപന നിലവാരം മെച്ചപ്പെടുത്താനും ഭൗതികസാഹചര്യം വര്‍ധിപ്പിക്കാനും എയ്ഡഡ് സ്‌കൂളുകള്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ജോലി സുരക്ഷിതമാകുന്നതോടെ അധ്യാപകരും പുതിയ അനുപാതമനുസരിച്ച് തസ്തികകളുണ്ടാകുന്നതോടെ മാനേജ്‌മെന്റും ഇക്കാര്യങ്ങളില്‍ അലംഭാവം കാട്ടാതിരിക്കാനാണ് സമഗ്രമായ ഓഡിറ്റിങ് സംവിധാനവും നിരന്തരമായഅധ്യാപക പരിശീലനവും പാക്കേജിന്റെ ഭാഗമായി നടപ്പാക്കുന്നത്.


സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ജോലിചെയ്യുന്ന സ്‌പെഷലിസ്റ്റ് അധ്യാപകരെ ജില്ലാതലത്തില്‍ രൂപവത്കരിക്കുന്ന ടീച്ചേഴ്‌സ് ബാങ്കുകളിലേക്ക് മാറ്റാനും മറ്റു സ്‌കൂളുകള്‍ക്കുംകൂടി അവരുടെ സേവനം ലഭ്യമാക്കാനും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എയ്ഡഡ് സ്‌കൂളിലേക്കുള്‍പ്പെടെയുള്ള സ്‌പെഷലിസ്റ്റ് അധ്യാപകരെ പി.എസ്.സി വഴി നിയമിച്ച് ടീച്ചേഴ്‌സ് ബാങ്കില്‍ നിലനിര്‍ത്താനാണ് വ്യവസ്ഥ.


അധ്യാപകരുടെ ഹ്രസ്വകാല അവധിമൂലം ഉണ്ടാകുന്ന ഒഴിവുകളില്‍ ടീച്ചേഴ്‌സ് ബാങ്കില്‍നിന്ന് മാത്രമേ നിയമനം നടത്താവൂവെന്നും വ്യവസ്ഥയുണ്ട്. അതേസമയം രണ്ട് ദിവസത്തിനകം മാനേജര്‍മാരുടെ അപേക്ഷ പ്രകാരം പട്ടിക നല്‍കിയില്ലെങ്കില്‍ മാനേജര്‍ക്ക് തന്നെ നിയമിക്കാവുന്നതുമാണ്.


2010-11 അധ്യയനവര്‍ഷത്തെ കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനമാക്കി പുതിയ അനുപാതത്തില്‍ ക്രമീകരിക്കുമ്പോള്‍ 31.3.2011ന് ശേഷം അധിക തസ്തികകളില്‍ ഇതിനകം നിയമിതരായ അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കില്ല. പകരം ദിവസവേതനം നല്‍കും. എന്നാല്‍ നേരത്തെ ഒഴിച്ചിട്ട അധിക തസ്തികകളിലോ, മരണം, വിരമിക്കല്‍, രാജി, സ്ഥാനക്കയറ്റം എന്നിവ കാരണം ഒഴിവുവന്ന തസ്തികകളിലോ നിയമനം നടത്തിയിട്ടുണ്ടെങ്കില്‍ അംഗീകാരം നല്‍കാവുന്നതാണെന്ന് ഉത്തരവില്‍ പറയുന്നു.


നിയമനാംഗീകാരം കിട്ടാത്തവരും നിയമനം ലഭിച്ച് പുറത്തായവരും എയ്ഡഡ് സ്‌കൂളുകളില്‍ ഹ്രസ്വകാല നിയമനം നേടി അവകാശം സ്ഥാപിച്ചവരും ഉള്‍പ്പെടെ എല്ലാവിഭാഗം അധ്യാപകരുടെയും സമ്പൂര്‍ണ വിവരങ്ങള്‍ നവംബര്‍ 30ന് വിദ്യാഭ്യാസവകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. സ്‌കൂളില്‍ ഒഴിവുവരുന്ന ആദ്യ തസ്തിക പ്രൊട്ടക്ടഡ് അധ്യാപകരുടെ നിയമനത്തിനായി നീക്കിവെക്കണം.


അടുത്ത അധ്യയനവര്‍ഷം മുതല്‍ എല്‍.പി സ്‌കൂളുകളില്‍ അഞ്ചാംതരവും യു.പി സ്‌കൂളുകളില്‍ എട്ടാംതരവും ഉള്‍പ്പെടുത്തുന്നമുറയ്ക്ക് പ്രധാനാധ്യാപകരെ അധ്യാപന ജോലിയില്‍നിന്ന് മാറ്റുമ്പോള്‍ വരുന്ന അധിക തസ്തികകളിലും ടീച്ചേഴ്‌സ് ബാങ്കില്‍നിന്നാണ് നിയമനം നടത്തുക.

അധ്യാപക പാക്കേജ്: ഭരണഘടനാവിരുദ്ധ ഭാഗങ്ങള്‍ അംഗീകരിക്കാനാവില്ല - മാര്‍ ജോസഫ് പവ്വത്തില്‍കോട്ടയം: അധ്യാപക പാക്കേജ് സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയിരിക്കുന്ന ഉത്തരവിലെ ഭരണഘടനയ്ക്ക് വിരുദ്ധമായ ഭാഗങ്ങള്‍ അംഗീകരിക്കാനാവില്ല എന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് പവ്വത്തില്‍ അഭിപ്രായപ്പെട്ടു. സംരക്ഷിത അധ്യാപകരെ സൃഷ്ടിക്കാത്ത ക്രൈസ്തവ മാനേജ്‌മെന്റുകള്‍ പ്രശ്‌നപരിഹാരത്തിനായി ഔദാര്യപൂര്‍വ്വം സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറായപ്പോള്‍ അതിന്റെ മറവില്‍ സ്‌പെഷലിസ്റ്റ് അധ്യാപകരുടെ നിയമനവും മറ്റും ഏറ്റെടുക്കാന്‍ നിയമങ്ങള്‍ ഉണ്ടാക്കിയത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ ഏജന്‍സി എന്നനിലയില്‍ സംരക്ഷിത അധ്യാപകരെ സ്വീകരിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ വിട്ടുനില്‍ക്കുന്നത് അനീതിയാണ്. അതുപോലെതന്നെ ഹെഡ്മാസ്റ്റര്‍ തസ്തിക വരുമ്പോള്‍ അവിടെയും ടീച്ചേഴ്‌സ്ബാങ്കില്‍നിന്ന് അധ്യാപകരെ നിയമിക്കണമെന്നുള്ള നിബന്ധനയും അധ്യാപക നിയമന അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണ്.

എയ്ഡഡ് വിദ്യാലയങ്ങള്‍ ഉള്ളതുകൊണ്ടാണ് ഗുണമേന്മയുള്ള വിദ്യാഭ്യാസം സൗജന്യമായി എല്ലാവര്‍ക്കും സര്‍ക്കാരിന് നല്‍കാന്‍ കഴിയുന്നത്. പൊതുവിദ്യാഭ്യാസത്തിനുവേണ്ടി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ഒരു വിദ്യാര്‍ഥിക്കുവേണ്ടി ചെലവഴിക്കുന്ന തുക ഏറ്റവും കുറവുള്ള സംസ്ഥാനം കൂടിയാണ് കേരളം എന്ന കാര്യവും വിസ്മരിക്കരുത്-അദ്ദേഹം പറഞ്ഞു.


കാര്‍ഷികസര്‍വകലാശാലയുടെ 'ഹരിതവിദ്യാര്‍ഥി സേന' എല്ലാ ജില്ലകളിലേക്കുംപാലക്കാട്: കേരള കാര്‍ഷിക സര്‍വകലാശാല തൃശ്ശൂരിലെ ഒരു സ്‌കൂളില്‍ എന്‍.സി.സി.യുടെ മാതൃകയില്‍ ആരംഭിച്ച 'ഗ്രീന്‍ കേഡറ്റ് കോര്‍' (ജി.സി.സി.) മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. സ്‌കൂള്‍ക്കുട്ടികളില്‍ കൃഷിയെപ്പറ്റി അവബോധമുണ്ടാക്കുന്നതിനും അവരെ കൃഷിയുമായി അടുപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതാണ് പദ്ധതി.

തൃശ്ശൂര്‍ജില്ലയിലെ പുതുക്കാട് ഗവ. വി.എച്ച്.എസ്.ഇ.യിലാണ് കഴിഞ്ഞമാസം പരീക്ഷണാടിസ്ഥാനത്തില്‍ 'ഗ്രീന്‍ കേഡറ്റ് കോര്‍' എന്ന ഹരിതവിദ്യാര്‍ഥിസേന തുടങ്ങിയത്. അടുത്ത അധ്യയനവര്‍ഷം എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നത്. തുടക്കത്തില്‍ തിരഞ്ഞെടുത്ത വി.എച്ച്.എസ്.ഇ. സ്‌കൂളുകളിലായിരിക്കും നടപ്പാക്കുന്നത്. ഇതുസംബന്ധിച്ച് ആസൂത്രണബോര്‍ഡുമായി ചര്‍ച്ച നടക്കുന്നുണ്ട്. വിശദമായ പ്രോജക്ട് താമസിയാതെ സംസ്ഥാനസര്‍ക്കാരിനും സമര്‍പ്പിക്കും.

എന്‍.സി.സി. കേഡറ്റുകളെപ്പോലെ ജി.സി.സി. വിദ്യാര്‍ഥികള്‍ക്കും യൂണിഫോമുണ്ട്. പച്ചനിറമാണ് യൂണിഫോമിന്. ശനിയാഴ്ചകളില്‍ രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരംവരെയാണ് കാര്‍ഷികപഠനവും പരിശീലനവും. ഹരിതസേനയിലെ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമും വിത്തും വളവും കാര്‍ഷികോപകരണങ്ങളും പരിശീലനദിവസം ഭക്ഷണവും കാര്‍ഷികസര്‍വകലാശാല നല്‍കും.

തൃശ്ശൂരിലെ സ്‌കൂളില്‍ 'ഹരിതസേന'യില്‍ 53 വിദ്യാര്‍ഥികളുണ്ട്. ഒരുവിദ്യാരഥി ഒരുവിള എന്ന നിലയില്‍ 53 വിളകളാണ് ഇവിടെ കൃഷിചെയ്യുന്നത്. കൃഷിക്കായി ഒന്നരഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്തിട്ടുണ്ട്. അഞ്ചുലക്ഷം രൂപയാണ് ഇവിടെ ഹരിതസേനയ്ക്കായി കാര്‍ഷികസര്‍വകലാശാല ചെലവഴിക്കുന്നത്.

വന്‍ സാമ്പത്തികബാധ്യത വരുന്നതിനാലാണ് പദ്ധതി വ്യാപിപ്പിക്കുന്നതിന് സര്‍ക്കാരിന്റെ സഹായം കാര്‍ഷികസര്‍വകലാശാല തേടുന്നത്. വിദ്യാഭ്യാസ, കൃഷി വകുപ്പുമന്ത്രിമാര്‍ക്കാണ് ഇതുസംബന്ധിച്ച് പ്രോജക്ട് സമര്‍പ്പിക്കുന്നത്. കേന്ദ്രസഹായം പ്രതീക്ഷിക്കുന്നുണ്ട്. സര്‍ക്കാര്‍സഹായം ലഭ്യമായാല്‍ ഘട്ടംഘട്ടമായി സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഹരിതവിദ്യാര്‍ഥിസേന തുടങ്ങാന്‍കഴിയുമെന്നാണ് പ്രതീക്ഷയെന്നും കാര്‍ഷിക സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. കെ.ആര്‍. വിശ്വംഭരനും കാര്‍ഷികസര്‍വകലാശാലയിലെ പ്രൊഫ.ഡോ. യു.ജയകുമാറും പറഞ്ഞു.