Sunday, October 9, 2011

അധ്യാപകരുടെ പ്രകടനം വിലയിരുത്താന്‍ ഓഡിറ്റ് കമ്മിറ്റി വരുന്നു

 10 Oct 2011
മഞ്ചേരി: അധ്യാപക പാക്കേജ് സംബന്ധിച്ച് സര്‍ക്കാര്‍ കഴിഞ്ഞദിവസം പുറപ്പെടുവിച്ച ഉത്തരവില്‍ അധ്യാപകന്റെ അധ്യാപനരംഗത്തെ പ്രകടനം വിലയിരുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തി. ഇതനുസരിച്ച് വിദ്യാഭ്യാസ വിചക്ഷണരും വിവിധ വിഷയങ്ങളില്‍ പരിചയസമ്പന്നരായ അധ്യാപകരും ഉള്‍പ്പെട്ട സംസ്ഥാനതല ഓഡിറ്റ് കമ്മിറ്റി രൂപവത്കരിക്കും. ഓഡിറ്റ് കമ്മിറ്റിയുടെ ഘടനയും പ്രവര്‍ത്തനരീതിയും സംബന്ധിച്ച വിശദാംശങ്ങള്‍ ഉടനെ തീരുമാനിക്കും.


സ്‌കൂളില്‍ കുട്ടികള്‍ കുറയുന്നതുമൂലം തസ്തിക നഷ്ടപ്പെടുമെന്ന ആശങ്കയില്‍ അധ്യാപന നിലവാരം മെച്ചപ്പെടുത്താനും ഭൗതികസാഹചര്യം വര്‍ധിപ്പിക്കാനും എയ്ഡഡ് സ്‌കൂളുകള്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ജോലി സുരക്ഷിതമാകുന്നതോടെ അധ്യാപകരും പുതിയ അനുപാതമനുസരിച്ച് തസ്തികകളുണ്ടാകുന്നതോടെ മാനേജ്‌മെന്റും ഇക്കാര്യങ്ങളില്‍ അലംഭാവം കാട്ടാതിരിക്കാനാണ് സമഗ്രമായ ഓഡിറ്റിങ് സംവിധാനവും നിരന്തരമായഅധ്യാപക പരിശീലനവും പാക്കേജിന്റെ ഭാഗമായി നടപ്പാക്കുന്നത്.


സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ജോലിചെയ്യുന്ന സ്‌പെഷലിസ്റ്റ് അധ്യാപകരെ ജില്ലാതലത്തില്‍ രൂപവത്കരിക്കുന്ന ടീച്ചേഴ്‌സ് ബാങ്കുകളിലേക്ക് മാറ്റാനും മറ്റു സ്‌കൂളുകള്‍ക്കുംകൂടി അവരുടെ സേവനം ലഭ്യമാക്കാനും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എയ്ഡഡ് സ്‌കൂളിലേക്കുള്‍പ്പെടെയുള്ള സ്‌പെഷലിസ്റ്റ് അധ്യാപകരെ പി.എസ്.സി വഴി നിയമിച്ച് ടീച്ചേഴ്‌സ് ബാങ്കില്‍ നിലനിര്‍ത്താനാണ് വ്യവസ്ഥ.


അധ്യാപകരുടെ ഹ്രസ്വകാല അവധിമൂലം ഉണ്ടാകുന്ന ഒഴിവുകളില്‍ ടീച്ചേഴ്‌സ് ബാങ്കില്‍നിന്ന് മാത്രമേ നിയമനം നടത്താവൂവെന്നും വ്യവസ്ഥയുണ്ട്. അതേസമയം രണ്ട് ദിവസത്തിനകം മാനേജര്‍മാരുടെ അപേക്ഷ പ്രകാരം പട്ടിക നല്‍കിയില്ലെങ്കില്‍ മാനേജര്‍ക്ക് തന്നെ നിയമിക്കാവുന്നതുമാണ്.


2010-11 അധ്യയനവര്‍ഷത്തെ കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനമാക്കി പുതിയ അനുപാതത്തില്‍ ക്രമീകരിക്കുമ്പോള്‍ 31.3.2011ന് ശേഷം അധിക തസ്തികകളില്‍ ഇതിനകം നിയമിതരായ അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കില്ല. പകരം ദിവസവേതനം നല്‍കും. എന്നാല്‍ നേരത്തെ ഒഴിച്ചിട്ട അധിക തസ്തികകളിലോ, മരണം, വിരമിക്കല്‍, രാജി, സ്ഥാനക്കയറ്റം എന്നിവ കാരണം ഒഴിവുവന്ന തസ്തികകളിലോ നിയമനം നടത്തിയിട്ടുണ്ടെങ്കില്‍ അംഗീകാരം നല്‍കാവുന്നതാണെന്ന് ഉത്തരവില്‍ പറയുന്നു.


നിയമനാംഗീകാരം കിട്ടാത്തവരും നിയമനം ലഭിച്ച് പുറത്തായവരും എയ്ഡഡ് സ്‌കൂളുകളില്‍ ഹ്രസ്വകാല നിയമനം നേടി അവകാശം സ്ഥാപിച്ചവരും ഉള്‍പ്പെടെ എല്ലാവിഭാഗം അധ്യാപകരുടെയും സമ്പൂര്‍ണ വിവരങ്ങള്‍ നവംബര്‍ 30ന് വിദ്യാഭ്യാസവകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. സ്‌കൂളില്‍ ഒഴിവുവരുന്ന ആദ്യ തസ്തിക പ്രൊട്ടക്ടഡ് അധ്യാപകരുടെ നിയമനത്തിനായി നീക്കിവെക്കണം.


അടുത്ത അധ്യയനവര്‍ഷം മുതല്‍ എല്‍.പി സ്‌കൂളുകളില്‍ അഞ്ചാംതരവും യു.പി സ്‌കൂളുകളില്‍ എട്ടാംതരവും ഉള്‍പ്പെടുത്തുന്നമുറയ്ക്ക് പ്രധാനാധ്യാപകരെ അധ്യാപന ജോലിയില്‍നിന്ന് മാറ്റുമ്പോള്‍ വരുന്ന അധിക തസ്തികകളിലും ടീച്ചേഴ്‌സ് ബാങ്കില്‍നിന്നാണ് നിയമനം നടത്തുക.

അധ്യാപക പാക്കേജ്: ഭരണഘടനാവിരുദ്ധ ഭാഗങ്ങള്‍ അംഗീകരിക്കാനാവില്ല - മാര്‍ ജോസഫ് പവ്വത്തില്‍



കോട്ടയം: അധ്യാപക പാക്കേജ് സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയിരിക്കുന്ന ഉത്തരവിലെ ഭരണഘടനയ്ക്ക് വിരുദ്ധമായ ഭാഗങ്ങള്‍ അംഗീകരിക്കാനാവില്ല എന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് പവ്വത്തില്‍ അഭിപ്രായപ്പെട്ടു. സംരക്ഷിത അധ്യാപകരെ സൃഷ്ടിക്കാത്ത ക്രൈസ്തവ മാനേജ്‌മെന്റുകള്‍ പ്രശ്‌നപരിഹാരത്തിനായി ഔദാര്യപൂര്‍വ്വം സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറായപ്പോള്‍ അതിന്റെ മറവില്‍ സ്‌പെഷലിസ്റ്റ് അധ്യാപകരുടെ നിയമനവും മറ്റും ഏറ്റെടുക്കാന്‍ നിയമങ്ങള്‍ ഉണ്ടാക്കിയത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ ഏജന്‍സി എന്നനിലയില്‍ സംരക്ഷിത അധ്യാപകരെ സ്വീകരിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ വിട്ടുനില്‍ക്കുന്നത് അനീതിയാണ്. അതുപോലെതന്നെ ഹെഡ്മാസ്റ്റര്‍ തസ്തിക വരുമ്പോള്‍ അവിടെയും ടീച്ചേഴ്‌സ്ബാങ്കില്‍നിന്ന് അധ്യാപകരെ നിയമിക്കണമെന്നുള്ള നിബന്ധനയും അധ്യാപക നിയമന അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണ്.

എയ്ഡഡ് വിദ്യാലയങ്ങള്‍ ഉള്ളതുകൊണ്ടാണ് ഗുണമേന്മയുള്ള വിദ്യാഭ്യാസം സൗജന്യമായി എല്ലാവര്‍ക്കും സര്‍ക്കാരിന് നല്‍കാന്‍ കഴിയുന്നത്. പൊതുവിദ്യാഭ്യാസത്തിനുവേണ്ടി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ഒരു വിദ്യാര്‍ഥിക്കുവേണ്ടി ചെലവഴിക്കുന്ന തുക ഏറ്റവും കുറവുള്ള സംസ്ഥാനം കൂടിയാണ് കേരളം എന്ന കാര്യവും വിസ്മരിക്കരുത്-അദ്ദേഹം പറഞ്ഞു.


കാര്‍ഷികസര്‍വകലാശാലയുടെ 'ഹരിതവിദ്യാര്‍ഥി സേന' എല്ലാ ജില്ലകളിലേക്കും



പാലക്കാട്: കേരള കാര്‍ഷിക സര്‍വകലാശാല തൃശ്ശൂരിലെ ഒരു സ്‌കൂളില്‍ എന്‍.സി.സി.യുടെ മാതൃകയില്‍ ആരംഭിച്ച 'ഗ്രീന്‍ കേഡറ്റ് കോര്‍' (ജി.സി.സി.) മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. സ്‌കൂള്‍ക്കുട്ടികളില്‍ കൃഷിയെപ്പറ്റി അവബോധമുണ്ടാക്കുന്നതിനും അവരെ കൃഷിയുമായി അടുപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതാണ് പദ്ധതി.

തൃശ്ശൂര്‍ജില്ലയിലെ പുതുക്കാട് ഗവ. വി.എച്ച്.എസ്.ഇ.യിലാണ് കഴിഞ്ഞമാസം പരീക്ഷണാടിസ്ഥാനത്തില്‍ 'ഗ്രീന്‍ കേഡറ്റ് കോര്‍' എന്ന ഹരിതവിദ്യാര്‍ഥിസേന തുടങ്ങിയത്. അടുത്ത അധ്യയനവര്‍ഷം എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നത്. തുടക്കത്തില്‍ തിരഞ്ഞെടുത്ത വി.എച്ച്.എസ്.ഇ. സ്‌കൂളുകളിലായിരിക്കും നടപ്പാക്കുന്നത്. ഇതുസംബന്ധിച്ച് ആസൂത്രണബോര്‍ഡുമായി ചര്‍ച്ച നടക്കുന്നുണ്ട്. വിശദമായ പ്രോജക്ട് താമസിയാതെ സംസ്ഥാനസര്‍ക്കാരിനും സമര്‍പ്പിക്കും.

എന്‍.സി.സി. കേഡറ്റുകളെപ്പോലെ ജി.സി.സി. വിദ്യാര്‍ഥികള്‍ക്കും യൂണിഫോമുണ്ട്. പച്ചനിറമാണ് യൂണിഫോമിന്. ശനിയാഴ്ചകളില്‍ രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരംവരെയാണ് കാര്‍ഷികപഠനവും പരിശീലനവും. ഹരിതസേനയിലെ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമും വിത്തും വളവും കാര്‍ഷികോപകരണങ്ങളും പരിശീലനദിവസം ഭക്ഷണവും കാര്‍ഷികസര്‍വകലാശാല നല്‍കും.

തൃശ്ശൂരിലെ സ്‌കൂളില്‍ 'ഹരിതസേന'യില്‍ 53 വിദ്യാര്‍ഥികളുണ്ട്. ഒരുവിദ്യാരഥി ഒരുവിള എന്ന നിലയില്‍ 53 വിളകളാണ് ഇവിടെ കൃഷിചെയ്യുന്നത്. കൃഷിക്കായി ഒന്നരഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്തിട്ടുണ്ട്. അഞ്ചുലക്ഷം രൂപയാണ് ഇവിടെ ഹരിതസേനയ്ക്കായി കാര്‍ഷികസര്‍വകലാശാല ചെലവഴിക്കുന്നത്.

വന്‍ സാമ്പത്തികബാധ്യത വരുന്നതിനാലാണ് പദ്ധതി വ്യാപിപ്പിക്കുന്നതിന് സര്‍ക്കാരിന്റെ സഹായം കാര്‍ഷികസര്‍വകലാശാല തേടുന്നത്. വിദ്യാഭ്യാസ, കൃഷി വകുപ്പുമന്ത്രിമാര്‍ക്കാണ് ഇതുസംബന്ധിച്ച് പ്രോജക്ട് സമര്‍പ്പിക്കുന്നത്. കേന്ദ്രസഹായം പ്രതീക്ഷിക്കുന്നുണ്ട്. സര്‍ക്കാര്‍സഹായം ലഭ്യമായാല്‍ ഘട്ടംഘട്ടമായി സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഹരിതവിദ്യാര്‍ഥിസേന തുടങ്ങാന്‍കഴിയുമെന്നാണ് പ്രതീക്ഷയെന്നും കാര്‍ഷിക സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. കെ.ആര്‍. വിശ്വംഭരനും കാര്‍ഷികസര്‍വകലാശാലയിലെ പ്രൊഫ.ഡോ. യു.ജയകുമാറും പറഞ്ഞു.

No comments: