Sunday, October 9, 2011

50 കുട്ടികളുടെ പഠനചെലവ് ഡിവൈഎഫ്ഐ വഹിക്കും

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതത്തിനിരയായ 50 കുട്ടികളുടെ പഠനചെലവ് ഡിവൈഎഫ്ഐ ഏറ്റെടുക്കും. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ്, സെക്രട്ടറി ടി വി രാജേഷ് എന്നിവര്‍ കാസര്‍കോട്ട് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഒരോ കുട്ടിയുടേയും പേരില്‍ 50000 രൂപ സ്ഥിര നിക്ഷേപമായി നല്‍കും. എന്‍ഡോസള്‍ഫാന്‍ ജില്ലാ മോണിറ്ററിങ് സെല്‍ തിരഞ്ഞെടുക്കുന്ന 15 കുടുബങ്ങള്‍ക്ക് വീടുവച്ചു നല്‍കും. എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കായി സൗജന്യ ആംബുലന്‍സ് സേവനം നല്‍കും. രോഗിക്കായി ചികിത്സാനിധി രൂപവല്‍ക്കരിച്ച് സഹായം നല്‍കും. എന്‍ഡോസള്‍ഫാന്‍ വിഷയത്തിലെ കേസുകള്‍ തുടര്‍ന്നും നടത്തും. ഇരകളുടെ നഷ്ടപരിഹാരത്തിനും എന്‍ഡോസള്‍ഫാന്‍ കയറ്റുമതി തടയുകയുമാണ് കേസുകളിലൂടെ ശ്രമിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 87,26804 രൂപ സമാഹരിച്ചതായും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറയിച്ചു.
 
അഞ്ച് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് അംഗീകാരംതിരുവനന്തപുരം: മാനദണ്ഡങ്ങള്‍ പാലിക്കുന്ന സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് പുതുതായി അംഗീകാരം നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കി. സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കാന്‍ മൂന്ന് മാനദണ്ഡങ്ങളാണ് ബാധകമാക്കുക. അഞ്ച് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളെ മാത്രമേ അംഗീകാരത്തിനായി പരിഗണിക്കൂ. കുറഞ്ഞത് 300 കുട്ടികളും മൂന്ന് ഏക്കര്‍ സ്ഥലവും വേണമെന്നതാണ് മറ്റ് രണ്ട് വ്യവസ്ഥകള്‍.


നിലവില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് ഈ വ്യവസ്ഥകള്‍പാലിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷ നല്‍കാം. വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ നേരിട്ട് പരിശോധിച്ച് യോഗ്യത തിട്ടപ്പെടുത്തി സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കും. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നയിടത്തു തന്നെ രണ്ടേക്കര്‍ സ്ഥലം വേണം. ഒരേക്കര്‍ സ്ഥലം സമീപത്തായാലും മതി.പൊതുവിദ്യാഭ്യാസ സെക്രട്ടറി എം.ശിവശങ്കര്‍, ഡി.പി.ഐ ഷാജഹാന്‍ എന്നിവര്‍ തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രിസഭായോഗമാണ് അംഗീകരിച്ചത്.


പൊതുവിദ്യാലയങ്ങളിലെ അധ്യാപകരെ സംരക്ഷിക്കാന്‍ പാക്കേജ് പ്രഖ്യാപിച്ചശേഷമാണ് സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ കേന്ദ്ര സിലബസ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ തീരുമാനമെടുത്തെങ്കിലും ഈ നടപടി പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുമെന്ന വിമര്‍ശം ഉയര്‍ന്നതിനെതുടര്‍ന്ന് തീരുമാനത്തില്‍നിന്ന് പിന്നാക്കം പോവുകയായിരുന്നു.


നിലവില്‍ 310 സ്‌കൂളുകളുടെ അപേക്ഷയാണ് സര്‍ക്കാരിന്റെ മുമ്പില്‍ അംഗീകാരത്തിനായുള്ളത്. ഇതില്‍ 26 സ്‌കൂളുകളെ സംബന്ധിച്ച് സുപ്രീംകോടതി വിധിയുണ്ട്. സര്‍ക്കാര്‍ അടിസ്ഥാനസൗകര്യം പരിശോധിച്ച് തീരുമാനം എടുക്കാനാണ് കോടതിയുടെ നിര്‍ദേശം. ഈ സ്‌കൂളുകള്‍ പരിശോധിച്ച സര്‍ക്കാര്‍ ഇവയില്‍ 16 സ്‌കൂളുകള്‍ക്കേ അംഗീകാരത്തിനുള്ള അര്‍ഹതയുള്ളൂവെന്നാണ് വിലയിരുത്തിയിരിക്കുന്നത്. മുന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കേന്ദ്ര സിലബസ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കേണ്ടെന്ന് തീരുമാനിച്ചിരുന്നു. അന്ന് ഏതാണ്ട് 800 ഓളം സ്‌കൂളുകളാണ ് അംഗീകാരത്തിനായി അപേക്ഷ നല്‍കിയിരുന്നത്. ഇപ്പോള്‍ അപേക്ഷ നല്‍കിയിരിക്കുന്ന സ്‌കൂളുകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിച്ചുവരുന്നവയാണ്.


പുതിയവയ്ക്ക് അംഗീകാരം നല്‍കുന്നതോടൊപ്പം നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. സി.ബി.എസ്.ഇ സ്‌കൂളുകളില്‍ സര്‍ക്കാര്‍ നിരക്കില്‍ ശമ്പളം നല്‍കണമെന്നതാണ് ഇതില്‍ പ്രധാനം. ഈ നിരക്കില്‍ ശമ്പളം നല്‍കുന്നില്ലെങ്കില്‍ അധ്യാപകര്‍ക്ക് സര്‍ക്കാരിന് പരാതി നല്‍കാം. പരാതി ശരിയെന്നുകണ്ടാല്‍ സ്‌കൂളധികൃതരില്‍ നിന്ന് പിഴ ഈടാക്കാനും അംഗീകാരം പിന്‍വലിക്കാനും സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.


ഒമ്പതാംക്ലാസിലാണ് സി.ബി.എസ്.ഇ ബോര്‍ഡിന്റെ അംഗീകാരം ആവശ്യമായി വരിക. ഇതുകൂടി മനസ്സില്‍ കണ്ടാണ് 300 കുട്ടികളെങ്കിലും സ്‌കൂളില്‍ വേണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒരു ക്ലാസില്‍ 30 കുട്ടികള്‍ വീതം എട്ടാം ക്ലാസ് വരെയാകുമ്പോള്‍ 240 കുട്ടികളാകും. ഒമ്പതും പത്തും കൂടിയാകുമ്പോള്‍ 300 കുട്ടികളാകും. നിലവില്‍ അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ ഒമ്പതാംക്ലാസ് മുതല്‍ മറ്റേതെങ്കിലും സ്‌കൂളില്‍ കുട്ടികളെ എന്‍േറാള്‍ ചെയ്ത് പരീക്ഷയ്ക്കിരുത്തിവരികയായിരുന്നു പതിവ്.


ഫീസ് എല്ലാവര്‍ഷവും സ്‌കൂള്‍ അധികൃതര്‍ വിജ്ഞാപനം ചെയ്യണം. ഫീസ് നിശ്ചയിക്കുന്നത് സ്‌കൂളിലെ സൗകര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം. കൂടാതെ കുട്ടികളുടെ തിരിച്ചറിയല്‍ രേഖയും നല്‍കണം. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കേന്ദ്ര സിലബസ് സ്‌കൂളുകളും 25 ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നവര്‍ക്കായി മാറ്റിവെയ്ക്കണം. ഇത് എസ്.സി,എസ്. ടിക്കും സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്കുമാണ്. ഈ സീറ്റുകളിലേക്ക് ഫീസിന്റെ നിശ്ചിത ശതമാനം സര്‍ക്കാരാണ് നല്‍കുക. സി.ബി.എസ്.ഇ സ്‌കൂളുകളില്‍ മലയാള പഠനം നിര്‍ബന്ധമാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.


ഇതേസമയം അധ്യാപക സംഘടനകള്‍ക്ക് സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനോട് എതിര്‍പ്പാണ്. ഇടതുപക്ഷ സംഘടനകളുടെ സംയുക്തവേദി ഈ തീരുമാനത്തിനെതിരെ സമരമാരംഭിക്കാനുള്ള നീക്കത്തിലാണ്. കെ.എസ്.ടി എയും എ.കെ.എസ്.ടിയുവും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തുവരുമെന്ന് ഭാരവാഹികള്‍ പറഞ്ഞു
കൂടുതല്‍ വ്യാപകമെന്നു സൂചന; 108 കുട്ടികളില്‍ക്കൂടി പാദം വിള്ളല്‍
അരീക്കോട്: വിദ്യാര്‍ഥികളുടെ പാദം വിണ്ടുകീറുന്ന രോഗം കൂടുതല്‍ വ്യാപകമെന്ന് സൂചന. അരീക്കോടിനടുത്ത് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ തെരട്ടമ്മല്‍ എ.എം.യു.പി. സ്‌കൂളില്‍ മാത്രം 108 കുട്ടികള്‍രോഗബാധിതരാണ്. 'സെപ്റ്റ്' ഫെസ്റ്റിവല്‍ സ്വര്‍ണമെഡല്‍ ജേതാവായ കായികതാരവും ഏഴാം ക്ലാസ് വിദ്യാര്‍ഥിയുമായ കെ. ഫവാദും ഇവരിലുള്‍പ്പെടുന്നു. മുണ്ടമ്പ്ര ഗ്രാമത്തിലെ കുട്ടികളില്‍ അക്രോഡെര്‍മറ്റൈറ്റിസ് എന്ന ഈ രോഗം വ്യാപകമാണെന്ന 'മാതൃഭൂമി' വാര്‍ത്തയെത്തുടര്‍ന്നാണ് മറ്റിടങ്ങളിലും ഈ രോഗബാധയുള്ളതായി വെളിപ്പെട്ടത്. തെരട്ടമ്മല്‍ എ.എം.യു.പി. സ്‌കൂളിലെ 800ല്‍ പരം വിദ്യാര്‍ഥികളില്‍ 108 കുട്ടികള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന് പ്രധാനാധ്യാപകന്‍ കെ.ടി. തോമസ് വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍ കൊണ്ടു വരാനായി അധ്യാപകര്‍ വിവരം ശേഖരിച്ചുവരികയാണ്. 108ല്‍ 51 കുട്ടികള്‍ക്ക് 5 വര്‍ഷത്തിലധികമായി രോഗമുണ്ട്. തണുപ്പ് കാലത്ത് രോഗം മൂര്‍ച്ഛിക്കും. ചൂട് കാലത്ത് കുറയും. ഈ അസുഖം മൂലം 35ല്‍പരം പേര്‍ക്ക് വര്‍ഷം 10ലേറെ അധ്യയനദിനം നഷ്ടപ്പെടുന്നുണ്ട്. പല മരുന്നും പരീക്ഷിച്ചിരുന്നു. ഇപ്പോള്‍ 90 കുട്ടികള്‍ മാത്രമാണ് മരുന്ന് ഉപയോഗിക്കുന്നത്. വിദ്യാര്‍ഥികള്‍ നല്‍കിയ കണക്കനുസരിച്ച് അവരുടെ വീടുകളില്‍ 43 പേര്‍ക്ക് ഈ രോഗമുണ്ട്. രോഗബാധിരായ വിദ്യാര്‍ഥികള്‍ 70 പേര്‍ കാര്‍ഷിക മേഖലയില്‍നിന്നാണ്. 88 പേര്‍ സ്‌കൂളില്‍ നിന്നാണ് ഉച്ചഭക്ഷണം കഴിക്കുന്നത്. 62 പേര്‍ കുളിക്കാനും മറ്റും പുഴയെ ആശ്രയിക്കുന്നവരുമാണ്. വാസ്‌ലിന്‍, ബെറ്റാഡിന്‍ തുടങ്ങിയ മരുന്നുകളാണ് ചിലര്‍ ഉപയോഗിക്കുന്നത്. മറ്റു ചിലര്‍ ആര്യവേപ്പില, പേരക്കയില, പുല്ലാണിയില എന്നിവയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കാല്‍കഴുകുകയാണ് ചെയ്യുന്നത്. പെരുമ്പാമ്പ് നെയ്യെന്ന പേരില്‍ കിട്ടുന്ന തൈലം പുരട്ടിയവരും ഉണ്ട്. രോഗബാധിതരില്‍ 28 പേര്‍ തെരട്ടമ്മലില്‍ നിന്നും 26 പേര്‍ വടക്കും മുറിയില്‍നിന്നും 21 പേര്‍ ഈസ്റ്റ് വടക്കുംമുറിയില്‍നിന്നും ഉള്ളവരാണ്. കല്ലെരട്ടിക്കല്‍, പത്തനാപുരം, തെക്കുംമുറി, പൂവത്തിക്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍.

No comments: