Friday, October 7, 2011

വിണ്ടുകീറുന്ന പാദവുമായി ഒരു ഗ്രാമത്തിലെ കുട്ടികള്‍


 08 Oct 2011

പരിസരമലിനീകരണമെന്ന് സംശയം


അരീക്കോട്: അരീക്കോട് പഞ്ചായത്തിലെ മുണ്ടമ്പ്ര ഗ്രാമം ആശങ്കയിലാണ്. കുട്ടികളുടെ പാദം വിണ്ടുകീറുന്ന അക്രോഡെര്‍മാറ്റൈറ്റിസ് എന്ന ഒരുതരം ത്വക്‌രോഗമാണ് ഗ്രാമത്തെ ആശങ്കയിലാഴ്ത്തുന്നത്. സമീപ പ്രദേശങ്ങളിലും പ്രശ്‌നമുണ്ടെങ്കിലും മുണ്ടമ്പ്രയില്‍ അടുത്തകാലത്തായി 120-ല്‍പ്പരം കുട്ടികളില്‍ ഇത് വ്യാപകമായിട്ടുണ്ട്.

മുണ്ടമ്പ്ര ഗവ. യു.പി സ്‌കൂളില്‍ ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലെ 700-ല്‍പ്പരം വിദ്യാര്‍ഥികളില്‍ 120 ഓളം കുട്ടികളുടെയും പാദങ്ങള്‍ വിണ്ടുകീറിയിട്ടുണ്ട്. ചിലരുടെ കാല്‍പ്പാദത്തിന്റെ വശങ്ങള്‍ വിണ്ടുകീറിയപ്പോള്‍ ചിലര്‍ക്ക് കാലിന്റെ അടിവശത്താണ് വിള്ളല്‍. ചിലര്‍ക്ക് രണ്ടിടത്തുമുണ്ട്. മറ്റുചിലര്‍ക്ക് ഇതുകൂടാതെ പാദത്തിന്റെ മുകള്‍വശത്തും തൊലിനീങ്ങി ചര്‍മം നേര്‍ത്തിട്ടുണ്ട്. ചിലര്‍ക്ക് കാല്‍പ്പാദത്തിലാകെ തൊലിനീങ്ങി രക്തം കിനിയാറായതുപോലെയുണ്ട്. ചില കുട്ടികളുടെ വിള്ളല്‍ വ്രണമായി നീരൊലിക്കുന്നുണ്ട്. രാവിലെ ഏഴുന്നേല്‍ക്കുമ്പോഴും നടക്കുമ്പോഴുമൊക്കെ വേദന ദുസ്സഹമാണെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ചില വിദ്യാര്‍ഥികളെ രക്ഷിതാക്കള്‍ ചുമന്നാണ് സ്‌കൂളിലെത്തിക്കുന്നതെന്ന് പ്രധാനാധ്യാപകന്‍ എ. ബാബു പറഞ്ഞു. രണ്ടുമൂന്ന് വര്‍ഷമായി ഇത്തരം അസുഖം ഒറ്റപ്പെട്ട് കണ്ടിരുന്നുവെങ്കിലും വ്യാപകമായി ശ്രദ്ധയില്‍പ്പെടുന്നത് അടുത്തകാലത്താണ്.
മഴക്കാലത്താണ് രോഗം മൂര്‍ച്ഛിക്കുന്നത്. ഏതാനും ദിവസം മഴ മാറിനിന്നതിന്റെ ഗുണം കുട്ടികളില്‍ പ്രകടമാണെന്നും അധ്യാപകര്‍ പറയുന്നു.

സ്‌കൂളിലെ സയന്‍സ് ക്ലബ്ബ് ചോദ്യാവലിയുടെ സഹായത്തോടെ ഇതുസംബന്ധിച്ച് പഠനം നടത്തി. കാരിപറമ്പ്, മുണ്ടമ്പ്ര, ഐ.ടി.ഐ, പെരുമ്പറമ്പ്, താഴത്തുംമുറി ഭാഗങ്ങളില്‍ നിന്നുള്ളവരാണ് വിദ്യാര്‍ഥികള്‍. മുണ്ടമ്പ്രയില്‍ മാത്രം 60-ല്‍പ്പരം കുട്ടികള്‍ക്ക് കാല്‍പ്പാദങ്ങള്‍ വിണ്ടുകീറിയിട്ടുണ്ട്. തൊട്ടടുത്ത ഐ.ടി.ഐ ഭാഗത്തുനിന്ന് ഇരുപതില്‍പ്പരം കുട്ടികള്‍ക്കും രോഗം കണ്ടെത്തി. 43 കുട്ടികളുടെ വീടുകളില്‍ മറ്റംഗങ്ങള്‍ക്കും രോഗമുള്ളതായി പഠനത്തില്‍ വ്യക്തമായി. 45 കുട്ടികള്‍ വീടുകള്‍ക്ക് സമീപം കൃഷിസ്ഥലങ്ങളുണ്ടെന്നും ഇവിടെ കീടനാശിനികളും കളനാശിനികളും ഉപയോഗിക്കാറുണ്ടെന്നും പറയുന്നു.

കീടനാശിനികളിലെയും കളനാശിനികളിലെയും രാസവളങ്ങളിലെയും രാസവസ്തുക്കള്‍ മഴക്കാലത്ത് മഴവെള്ളത്തില്‍ ലയിച്ച് കുട്ടികളുടെ പിഞ്ചുതൊലികളില്‍ വിള്ളലുണ്ടാക്കുകയാണെന്നാണ് സ്‌കൂള്‍ സയന്‍സ് ക്ലബ്ബിന്റെ വിലയിരുത്തല്‍. കര്‍ഷകരെ നേരിട്ടുകണ്ട് ഉപയോഗിക്കുന്ന കീടനാശിനികള്‍, കളനാശിനികള്‍, രാസവളങ്ങള്‍ എന്നിവയെക്കുറിച്ചും ഉപയോഗിക്കുന്ന അളവിനെക്കുറിച്ചും പഠിക്കാനൊരുങ്ങുകയാണ് സയന്‍സ് ക്ലബ്ബ്.

അരീക്കോട് പി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. യു. ബാബുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍സംഘം സ്‌കൂള്‍ സന്ദര്‍ശിച്ചു. സമീപത്തെ വിദ്യാലയങ്ങളിലും ചെറിയതോതിലെങ്കിലും ഇത്തരം രോഗം ഉണ്ടെന്നും ചികിത്സാസൗകര്യം ഒരുക്കുമെന്നും ഡോ. ബാബു പറഞ്ഞു.
കുട്ടികള്‍ നടക്കുന്ന മണ്ണ്, വെള്ളം തുടങ്ങിയവയില്‍ ഏതിന്റെയെങ്കിലും മലിനീകരണമാവാം കാരണമെന്നും കോഴിക്കോട് മെഡിക്കല്‍കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ സഹായം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അരീക്കോട്, കീഴ്പറമ്പ്, ഊര്‍ങ്ങാട്ടിരി ഭാഗങ്ങളില്‍നിന്ന് ഒ.പിയില്‍ രണ്ടുമൂന്നു വര്‍ഷമായി ഇത്തരം ഒറ്റപ്പെട്ട കേസുകള്‍ വരാറുണ്ടായിരുന്നു. എന്നാല്‍ രണ്ടാഴ്ച മുമ്പ് മുണ്ടമ്പ്രയില്‍ മെഡിക്കല്‍ ക്യാമ്പില്‍ ഇത് വ്യാപകമായി ശ്രദ്ധയില്‍പ്പെട്ടു. കളിസ്ഥലത്തെ മണ്ണിലെ ഏതെങ്കിലും ഘടകവുമാകാം പ്രശ്‌നകാരണം.

മരുന്നും ഓയിന്റ്‌മെന്റും വഴി കുറയുമെങ്കിലും വീണ്ടും വരുന്നുണ്ട്. പത്തോളം വിദ്യാര്‍ഥികള്‍ക്കാണ് രോഗം കൂടുതല്‍. നടക്കാന്‍പറ്റാത്ത വിധം വ്രണമാകുന്നതുമൂലം ചിലരുടെ പഠനം മുടങ്ങുന്നു. ത്വക്ക് മൃദുലമായ എല്‍.പി, യു.പി വിദ്യാര്‍ഥികളിലാണിത് കൂടുതല്‍.
ഈ മേഖലയിലെ രണ്ട് ഹൈസ്‌കൂളുകളടക്കം 10 സ്‌കൂളുകളിലെ പ്രധാനാധ്യാപകരോട് തങ്ങളുടെ സ്‌കൂളുകളില്‍ എത്ര വിദ്യാര്‍ഥികള്‍ക്ക് അസുഖമുണ്ടെന്നറിയിക്കാന്‍ അഭ്യര്‍ഥിച്ചു. അതറിഞ്ഞശേഷം കൂടുതല്‍ ചികിത്സ നടത്തുകയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തെ അറിയിക്കുകയും ചെയ്യും. നടന്നുവരുന്ന കുട്ടികളിലാണിത് കൂടുതല്‍. ബസ്സില്‍ വരുന്ന കുട്ടികള്‍ക്കും ഷൂ ഉപയോഗിക്കുന്നവരിലും കുറവാണ്.

സമാന രോഗലക്ഷണങ്ങള്‍ കോഴിക്കോട്ടും

കോഴിക്കോട് ജില്ലയിലെ എടക്കര, അന്നശ്ശേരി, തലക്കുളത്തൂര്‍, പാവണ്ടൂര്‍ ഭാഗങ്ങളിലും കുട്ടികളില്‍ സമാന ത്വക്‌രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വന്‍ തോതില്‍ പച്ചക്കറികൃഷിയുള്ള മേഖലയാണിത്. എടക്കര എ. എസ്. വി. യു. പി. സ്‌കൂളിലെ കുട്ടികള്‍ ദേശീയ ബാലശാസ്ത്രകോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കാനായി ഇതിനെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. (mathrubhoomi)

സി.ബി.എസ്.ഇ സ്കൂള്‍ എന്‍.ഒ.സിക്ക് മാര്‍ഗരേഖയായി

സി.ബി.എസ്.ഇ സ്കൂള്‍ എന്‍.ഒ.സിക്ക് മാര്‍ഗരേഖയായി
മലയാളം നിര്‍ബന്ധം
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സി.ബി.എസ്.ഇ സ്കൂളുകള്‍ അനുവദിക്കുന്നതിന് എന്‍.ഒ.സി നല്‍കാന്‍ കര്‍ശന വ്യവസ്ഥകളടങ്ങുന്ന മാര്‍ഗരേഖക്ക് അംഗീകാരമായി. നവംബര്‍ ഒന്നിനകം എന്‍.ഒ.സിക്ക് അപേക്ഷിക്കണം. മാര്‍ഗരേഖ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്കാകും എന്‍.ഒ.സി നല്‍കുക. സ്കൂളുകളില്‍ മലയാളം നിര്‍ബന്ധമായും പഠിപ്പിക്കണം. അതിന് പരീക്ഷ നടത്തുകയും വേണം. അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ച സ്കൂളുകളായിരിക്കണം. പട്ടിക വിഭാഗങ്ങള്‍ക്ക് സീറ്റ് സംവരണം വേണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
  • സ്കൂളുകളില്‍ ചുരുങ്ങിയത് 300 കുട്ടികളെങ്കിലും വേണം. 
  • മൂന്നേക്കര്‍ സ്ഥലവും ഉണ്ടാകണം.
  • 25 ശതമാനം സീറ്റ് പട്ടിക വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസപരമായി പിന്നാക്കംനില്‍ക്കുന്നവര്‍ക്കുമായി നല്‍കണം. ഈ കുട്ടികളുടെ ഫീസ് സര്‍ക്കാര്‍ നിശ്ചയിക്കും. 
  • അധ്യാപകര്‍ക്ക് സര്‍ക്കാര്‍ അനുശാസിക്കുന്ന ശമ്പളം നല്‍കണം. ഡി.എയും ഇന്‍ക്രിമെന്‍റും കൃത്യമായി നല്‍കണം. 
  • അധ്യാപക വിദ്യാര്‍ഥി അനുപാതം 30:1 എന്ന നിലയിലാകണം.
  • അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പ്രോവിഡന്‍റ് ഫണ്ട് ലഭ്യമാക്കണം. പെന്‍ഷന്‍ സംവിധാനം അടക്കമായിരിക്കണം ഈ പി.എഫ്. കുട്ടികളില്‍ നിന്ന് വാങ്ങുന്ന ഫീസ് സുതാര്യമായിരിക്കണം. ഫീസിന്‍െറ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ നല്‍കണം. വിദ്യാഭ്യാസ അവകാശനിയമം വരുന്നതോടെ എല്ലാ സ്കൂളുകള്‍ക്കും ഈ മാനദണ്ഡങ്ങള്‍ ബാധകമാകും.20ഓളം വ്യവസ്ഥകളാണ് മാര്‍ഗനിര്‍ദേശത്തിലുള്ളത്. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളുടെ വിശദാംശങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ സെക്രട്ടറി അംഗീകരിച്ച മാര്‍ഗരേഖയുടെ പൂര്‍ണ രൂപം ഇന്ന് പുറത്തിറങ്ങിയേക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്‍െറ വെബ്സൈറ്റില്‍ മാര്‍ഗരേഖ പ്രസിദ്ധീകരിക്കും.
ഇക്കൊല്ലാം ആദ്യംതന്നെ പുതിയ സ്കൂളുകള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെങ്കിലും അതില്‍വന്ന പ്രായോഗിക പ്രശ്നങ്ങളെ തുടര്‍ന്ന് നടപടി നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീട് കോടതി വിധിയും ഈ വിഷയത്തിലുണ്ടായി. എന്‍.ഒ.സി നല്‍കുന്നതിനായി കൃത്യമായ വ്യവസ്ഥകളാണ് ഇപ്പോള്‍ തയാറായിരിക്കുന്നത്.(madhyamam)

അധ്യാപകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ല: കെഎസ്ടിഎ

കാസര്‍കോട്: വിദ്യാഭ്യാസ പാക്കേജ് സംബന്ധിച്ച് ഇറങ്ങിയ ഉത്തരവില്‍ അധ്യാപക സംഘടനകള്‍ സംയുക്തമായി ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാത്തതില്‍ കെഎസ്ടിഎ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. അധ്യാപക വിദ്യാര്‍ഥി അനുപാതം കുറയുമ്പോഴുണ്ടാകുന്ന ഒഴിവുകളില്‍ സംരക്ഷിത അധ്യാപകരെ മാത്രമേ നിയമിക്കാവൂ. അണ്‍ എക്കണോമിക് സ്കൂളിലെ അഡീഷണല്‍ തസ്തികയില്‍ നിയമിച്ചവര്‍ക്കും നിയമന തീയതി മുതല്‍ അംഗീകാരം നല്‍കണം. എല്‍പി, യുപി വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം നോക്കാതെ പ്രധാനാധ്യാപകനെ ക്ലാസ് ചുമതലയില്‍ നിന്ന് ഒഴിവാക്കുക, പത്താംതരം വരെ അനുപാതം 1 : 30 ആക്കുക, സ്പെഷ്യലിസ്റ്റ് അധ്യാപക തസ്തിക സ്കൂള്‍ തലത്തില്‍ നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളൊന്നും അംഗീകരിക്കാതെയാണ് ഉത്തരവിറങ്ങിയിട്ടുള്ളത്. ഉത്തരവില്‍ ധാരാളം അവ്യക്തതയുണ്ട്. യോഗത്തില്‍ എം കെ സതീശന്‍ അധ്യക്ഷനായി. കെ വി ഗോവിന്ദന്‍ , സി എം മീനാകുമാരി, സി ശാന്തകുമാരി, എ പവിത്രന്‍ , എ കെ സദാനന്ദന്‍ , പി ബാബുരാജ്, ഇ കെ സുലേഖ, കെ രാഘവന്‍ എന്നിവര്‍ സംസാരിച്ചു.(deshabhimani)

No comments: