Friday, October 28, 2011

ഇടമലക്കുടിയിലെ കുരുന്നുകള്‍ പഠിച്ചാലെന്താ? പഠിച്ചില്ലെങ്കിലെന്താ?


29 Oct 2011

നിരക്ഷരതയാണ് ഇടമലക്കുടിയുടെ ശാപം. 2001 ലെ കാനേഷുമാരി പ്രകാരം 2236ട ആണ് ഇടമലക്കുടിയിലെ ജനസംഖ്യ. ഇതില്‍ 95 ശതമാനം പേരും നിരക്ഷരരാണ്.


ദേവികുളത്തിന്റെയും മൂന്നാറിന്റെയും ഭാഗമായിരുന്നപ്പോള്‍ ഇടമലക്കുടിയിലെ ജനങ്ങള്‍ എങ്ങനെയാണെന്ന് നോക്കാന്‍പോലും ആരുമുണ്ടായിരുന്നില്ല. കുറെ ഏകാധ്യാപക വിദ്യാലയങ്ങളും അങ്കണ്‍വാടികളും അവിടവിടെ തുടങ്ങിയതോടെ 'എല്ലാമായി' എന്ന ചിന്തയിലായിരുന്നു അധികാരികള്‍. നാലാംതരം വരെ പഠിക്കാന്‍ കഴിയുന്ന സര്‍ക്കാര്‍ ട്രൈബല്‍ എല്‍.പി. സ്‌കൂള്‍ മാത്രമാണ് അന്നും ഇന്നും ഇടമലക്കുടിയിലെ ഏക അംഗീകൃത വിദ്യാലയം. ഇതു കഴിഞ്ഞാല്‍ ഇടമലക്കുടിയിലെ കുട്ടികള്‍ എവിടെ പഠിക്കും? ഇതിന് തൃപ്തികരമായ ഉത്തരം ഇനിയും കണ്ടെത്താന്‍ അധികാരികള്‍ക്കായിട്ടില്ല.


വിദ്യാഭ്യാസത്തിനുള്ള സാഹചര്യം നന്നേ കുറവായതും പഠനത്തിനായി കുട്ടികളെ നിര്‍ബന്ധിക്കാന്‍ ആരുമില്ലാത്തതും 'വിദ്യാഭ്യാസ' ത്തോട് പ്രതിപത്തിയില്ലാതാക്കി. ഇടമലക്കുടിയില്‍ നാലാം ക്ലാസ്സിനപ്പുറം പഠനം സാധ്യമായത് വളരെ കുറച്ചുപേര്‍ക്കു മാത്രമാണ്. അടിമാലി എസ്.എന്‍.ഡി.പി. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് പ്ലസ് ടു പരീക്ഷ ജയിച്ച് ഇപ്പോള്‍ കോതമംഗലം എം.എ. കോളേജില്‍ ബിരുദപഠനം നടത്തുന്ന ജ്യോതിലക്ഷ്മിയാണ് ഇവരില്‍ പ്രധാനി.


ഏകാധ്യാപക വിദ്യാലയത്തിലെ പഠനംവഴി പത്താംതരം ജയിച്ചവരുണ്ട്. നാലുപേര്‍ പ്ലസ് ടു വിദ്യാഭ്യാസവും നേടി. എന്നാല്‍ തുടര്‍ന്ന് പഠിക്കാനാകാതെ ഇവരിപ്പോള്‍ കാട്ടിനുള്ളില്‍തന്നെ കഴിയുന്നു. ഇടമലക്കുടിയിലെ എസ്.സി. പ്രൊമോട്ടര്‍ രാജപ്രഭു ഇതില്‍ ഒരാളാണ്. വീട്ടിലെ സാഹചര്യങ്ങള്‍ രാജപ്രഭുവിനെ ഏലത്തോട്ടത്തിലെ പണിക്കാരനാക്കി മാറ്റി. പലര്‍ക്കും തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷേ, സാഹചര്യം അവരെ അനുവദിക്കുന്നില്ല.


ഇടമലക്കുടിയിലെ പെണ്‍കുട്ടികളെ അക്ഷരം പഹിപ്പിക്കാന്‍ മഹിളാസമഖ്യയും പ്രധാന പങ്കുവഹിക്കുന്നുണ്ട്. 70 കുട്ടികളാണ് ഇന്ന് അഞ്ചുമുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്നത്. മൂന്നാറിലെ റസിഡന്‍ഷ്യല്‍ സ്‌കൂളിലും കുറച്ചുകുട്ടികള്‍ പഠിക്കുന്നുണ്ട്.


വിദൂര സ്ഥലത്തുനിന്നുള്ള കുടികളില്‍നിന്ന് കൊടുങ്കാട്ടിലൂടെ നടന്ന് ട്രൈബല്‍ സ്‌കൂളിലെത്തി പഠിക്കുക എന്നത് പ്രായോഗികമല്ല. അതുകൊണ്ടുതന്നെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി തുടരുന്നു. ഇന്ന് പഠിക്കാന്‍ വരുന്നവര്‍ നാളെ കാണില്ല. ഇനി വരുന്നവരാകട്ടെ അടുത്ത ദിവസം വരില്ല. ഇതാണ് അവസ്ഥ. ഹാജര്‍ പട്ടികയില്‍ 53 കുട്ടികളുണ്ടെങ്കിലും ദിവസവും എത്തുന്നത് പത്തില്‍ താഴെ പേര്‍മാത്രം. കുട്ടികള്‍ എത്തിയില്ലെങ്കില്‍ അധ്യാപകര്‍ക്കുമില്ല വിഷമം. 'വരുന്നവരെ പഠിപ്പിക്കുക' എന്നതാണ് രീതി.


കുട്ടികളും അധ്യാപകരും ഒന്നിച്ചു താമസിച്ചുപഠിക്കുന്ന സംവിധാനം ഇടമലക്കുടിയില്‍ വന്നാല്‍ ഇന്നത്തെ അവസ്ഥ മാറും. സൊസൈറ്റിക്കുടിയിലെ ട്രൈബല്‍ എല്‍.പി. സ്‌കൂളിനെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളായി ഉയര്‍ത്തിയാല്‍ വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാം. സ്‌കൂളിന്റെ പദവി ഉയര്‍ത്തുന്ന നിര്‍ദ്ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് സ്‌പെഷല്‍ ഓഫീസര്‍ കെ.വിജയകുമാര്‍ പറഞ്ഞു.


എസ്.എസ്.എ.യുടെ കീഴില്‍ 11 ഉം ഐ.ടി.ഡി.പി. യുടെ കീഴില്‍ 5 ഉം ഏകാധ്യാപക വിദ്യാലയങ്ങള്‍ വിവിധ കുടികളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ കുട്ടികളില്ലാത്തതിനാല്‍ ആണ്ടവന്‍ കുടിയിലെയും നടുക്കുടിയിലെയും വിദ്യാലയങ്ങള്‍ പൂട്ടി. പ്രവര്‍ത്തിക്കുന്നവയില്‍ പലതും പൂര്‍ണ വിജയമെന്ന് പറയാനുമാകില്ല. ഇരുപ്പുകല്ല്, കീഴ്‌വളയംപാറ, കണ്ടത്തിന്‍കുടി, നൂറടി, വെള്ളവര, ചാറ്റുപാറ എന്നിവിടങ്ങളിലെ വിദ്യാലയങ്ങള്‍ ശോച്യാവസ്ഥയിലാണ്. മണ്‍ഭിത്തികൊണ്ട് പണിത് പുല്ലുമേഞ്ഞ ഷെഡ്ഡുകള്‍ പലതും ചോര്‍ന്നൊലിക്കുന്നു. ഷെഡ്ഡുകുടിയിലെ വിദ്യാലയം അടുത്തിടെ മഴയില്‍ പൊളിഞ്ഞുവീണു. ഇതേവരെ നന്നാക്കിയിട്ടില്ല. പത്ത് അങ്കണ്‍വാടികള്‍ ഉണ്ടെങ്കിലും ദിവസവും വരുന്നവര്‍ പത്തില്‍ താഴെമാത്രം !


പല കുടികളിലും കുട്ടികളുടെ എണ്ണം എട്ടുവര്‍ഷം കൊണ്ട് ഗണ്യമായി കുറഞ്ഞു. കുട്ടികളില്ലാത്ത നിരവധി ദമ്പതിമാര്‍ ഇടമലക്കുടിയിലുണ്ട്. ആര്‍ത്തവം ഒഴിവാക്കി വാലാപ്പുരകളില്‍ താമസിക്കുന്ന അവസ്ഥ ഇല്ലാതാക്കാന്‍ വന്‍തോതില്‍ ഗര്‍ഭനിരോധ ഗുളികകള്‍ സ്ത്രീകള്‍ ഉപയോഗിക്കുന്നു. ഇതിന്റെ ഫലമായി ജനനനിരക്കിലും ഇടിവുണ്ടായി. മുമ്പ് 80 കുട്ടികള്‍ പഠിക്കാനെത്തിയ സ്ഥാനത്ത് ഇപ്പോള്‍ 20 ല്‍ താഴെയേ പഠിതാക്കളുള്ളൂ എന്ന് എടലിപ്പാറക്കുടിയിലെ അധ്യാപിക എസ്.വിജയലക്ഷ്മി പറഞ്ഞു.


ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപികമാരുടെ ജീവിതവും ദയനീയമാണ്. പ്രതിമാസം 3000 രൂപയാണ് ശമ്പളം. എസ്.എസ്.എ. നിയമിച്ചവര്‍ക്ക് മൂന്നുമാസമായി ശമ്പളവുമില്ല. ഭക്ഷണത്തിനുള്ള സാധനങ്ങള്‍ വീട്ടില്‍ നിന്നു കൊണ്ടുവന്നും, കുടി നിവാസികളുടെ സഹായംകൊണ്ടുമാണ് പലരും പിടിച്ചുനില്‍ക്കുന്നത്. പന്ത്രണ്ട് വര്‍ഷമായി കുടികളില്‍ താമസിച്ച് ആദിവാസി കുട്ടികളെ പഠിപ്പിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.


വാര്‍ത്താമാധ്യമങ്ങളുടെ അഭാവത്തില്‍ തൊഴിലവസരങ്ങളുടെ അറിയിപ്പുകള്‍ ഇടമലക്കുടിയിലെ യുവതീ യുവാക്കള്‍ അറിയാറില്ല. ഇതുകാരണം പി.എസ്.സി.യുടെ തൊഴില്‍ അറിയിപ്പുകള്‍ ഇവരുടെ ശ്രദ്ധയില്‍പ്പെടാറില്ല. ഇനി അറിഞ്ഞാല്‍തന്നെ ഓണ്‍ലൈന്‍ വഴി അപേക്ഷ അയയ്ക്കാന്‍ മൂന്നാറില്‍ പോകണം. പക്ഷേ, ഇതൊക്കെ പറഞ്ഞുകൊടുക്കാന്‍ ആരുമില്ല. ഇതുകാരണം സര്‍ക്കാര്‍ ജോലി കിട്ടിയവരാരും ഇടമലക്കുടിയിലില്ല. ആദിവാസികള്‍ക്ക് ഇത്രയൊക്കെ മതി എന്ന അധികാരികളുടെ ചിന്താഗതി മാറിയാല്‍തന്നെ കാര്യങ്ങള്‍ മെച്ചപ്പെടും. 'കുട്ടികളുടെ പഠനമാണ് ഞങ്ങള്‍ക്ക് ആദ്യം വേണ്ടത്'-എടലിപ്പാറക്കുടിയിലെ മുത്തുലക്ഷ്മിയുടെയും കാമാക്ഷിയുടെയും വാക്കുകള്‍ ഇടമലക്കുടിയുടെ മൊത്തംശബ്ദമായി മാറുകയാണ്

mathrubhumi- 

No comments: