Sunday, July 31, 2011

കുരുന്നുകള്‍ക്ക് ശിശുസൗഹൃദ ക്ലാസ് മുറികള്‍തോപ്രാംകുടി: കളിപ്പാട്ടങ്ങള്‍, വായിക്കാന്‍ പുസ്തകങ്ങള്‍, വര്‍ണശബളമായ അന്തരീക്ഷം. ജില്ലയിലെ സര്‍ക്കാര്‍സ്‌കൂളുകളില്‍ ആവിഷ്‌കരിക്കുന്ന ശിശുസൗഹൃദ ക്ലാസ്മുറികളില്‍ കുട്ടികള്‍ പഠനം ആഹ്ലാദകരമാക്കുന്നു. സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിയുടെ കീഴിലെ 'കളരി'യാണ് ശിശുസൗഹൃദ ക്ലാസ്സുകള്‍ക്ക് രൂപം നല്‍കുന്നത്.

പൂക്കളുടെയും പറവകളുടെയും ചിത്രങ്ങളും വലിയ മാപ്പുകളും ഡയഗ്രങ്ങളും വര്‍ണമനോഹരമായ ചുവരുകളുമെല്ലാം ക്ലാസ്മുറികളുടെ സവിശേഷതയാണ്. കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലയ്ക്ക് കീഴില്‍ പതിനാറാംകണ്ടം, തോപ്രാംകുടി എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ശിശുസൗഹൃദ ക്ലാസ്മുറികള്‍ പ്രവര്‍ത്തനം തുടങ്ങി. സ്‌കൂള്‍ഗ്രാന്റിനൊപ്പം പി.ടി.എ.യുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

കുട്ടികളുടെ കായികവും മാനസികവുമായ വളര്‍ച്ചയ്ക്ക് ഇത്തരം ക്ലാസ്മുറികള്‍ സഹായകമാണ്. കട്ടപ്പന ബ്ലോക്ക് റിസോഴ്‌സ് സെന്ററാണ് ക്ലാസ്മുറികളുടെ രൂപകല്പന നടത്തിയത്.

പരിശീലകന്‍ എം.ആര്‍. ബിനോദ്, ഡയറ്റ് ലക്ചറര്‍ കെ. പ്രമോദ്, അധ്യാപകരായ ബിനു, പ്രസാദ് എന്നിവര്‍ തോപ്രാംകുടിയില്‍ ശിശുസൗഹൃദ ക്ലാസ്മുറികള്‍ സ്ഥാപിക്കാന്‍ നേതൃത്വം നല്‍കി. ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷൈനി സജി സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
-
'അമ്മയറിയാന്‍' പദ്ധതിക്ക് തൊളിക്കോട് സ്‌കൂളില്‍ തുടക്കമായി
പുനലൂര്‍:കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങളില്‍ രക്ഷാകര്‍ത്താക്കളെ സജ്ജമാക്കുന്നതിന്റെ ഭാഗമായുള്ള ''അമ്മയറിയാന്‍'' പദ്ധതിക്ക് തൊളിക്കോട് എല്‍.പി.സ്‌കൂളില്‍ തുടക്കമായി. സമാന്തരപാഠശാലയായ വീട്ടില്‍ അമ്മമാര്‍ അധ്യാപകരായി പഠനത്തില്‍ കുട്ടികളെ സഹായിക്കുന്നതോടൊപ്പം അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് സമഗ്രപരിശീലനം നല്‍കുകയാണ് ലക്ഷ്യമിടുന്നത്.

ആദ്യഘട്ട പരിശീലനക്ലാസ് പുനലൂര്‍ എ.ഇ.ഒ. മുഹമ്മദ് ഷെഫീഖ് ഉദ്ഘാടനം ചെയ്തു. ഭാരരഹിത ബാഗ് എന്ന പദ്ധതിയുടെ ഭാഗമായി കാട്ടുനിലത്ത് കെ.ഐ.അലക്‌സാണ്ടര്‍ ചടങ്ങില്‍ സ്‌കൂളിന് അലമാരകള്‍ സമര്‍പ്പിച്ചു.

പി.ടി.എ. വൈസ് പ്രസിഡന്റ് സജീവ് അധ്യക്ഷനായി. രക്ഷിതാക്കള്‍ക്കുള്ള പരിശീലനക്ലാസിന് അനിത നേതൃത്വം നല്‍കി. വി.രാജന്‍പിള്ള, എം.എസ്.ഉദയന്‍, പ്രഥമാധ്യാപകന്‍ കെ.ജി.എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.
സ്‌കൂളില്‍ സിനിമാറ്റിക് ഡാന്‍സ് നടന്നാല്‍ അധ്യാപകര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: സ്‌കൂളുകളില്‍സിനിമാറ്റിക് ഡാന്‍സിന്റെ നിരോധനം കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പ്, സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഒന്നര വര്‍ഷം മുമ്പ് നിരോധന ഉത്തരവിറക്കിയെങ്കിലും അത് പാലിക്കാന്‍ സ്‌കൂളുകള്‍ തയ്യാറാകാത്തതുകൊണ്ടാണ് വകുപ്പ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് വീണ്ടും സര്‍ക്കുലര്‍ ഇറക്കിയത്.

നിരോധനം കര്‍ശനമായി പാലിച്ചില്ലെങ്കില്‍ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിനിമാറ്റിക് ഡാന്‍സിന്റെ അവതരണവുമായോ പരിശീലനവുമായോ ഒരുതരത്തിലും സഹകരിക്കരുതെന്നാണ് സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം. സ്‌കൂളുകളില്‍ സിനിമാറ്റിക് ഡാന്‍സിന്റെ പേരില്‍ നടക്കുന്ന സംഭവങ്ങളെപ്പറ്റി ഒട്ടേറെ പരാതികള്‍ ഉയര്‍ന്നതായി മുഹമ്മദ് ഹനീഷ് പറഞ്ഞു. സ്‌കൂള്‍ അധ്യാപകരുടെ സഹായത്തോടെ നൃത്ത അധ്യാപകര്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ചൂഷണം ചെയ്യുന്നതായും പരാതികളുണ്ട്. കേന്ദ്ര സിലബസ് പഠിപ്പിക്കുന്ന സ്‌കൂളുകളും സിനിമാറ്റിക് ഡാന്‍സിന്റെ അവതരണം തടയണമെന്നും നിര്‍ദേശത്തിലുണ്ട്.

Saturday, July 30, 2011

പച്ചപ്പിനെ പുണര്‍ന്ന്, അമ്പത് വേദികള്‍

കോട്ടക്കല്‍ : ദുര മൂത്ത മനുഷ്യന്‍ വനനശീകരണം തുടരുമ്പോള്‍ ബോധവല്‍ക്കരണവുമായി "മരവും കുട്ടിയും". കോട്ടക്കല്‍ രാജാസ് ഹൈസ്കൂളിലെ ഹരിതസേനയുടെ സംഗീതശില്‍പ്പമായ "മരവും കുട്ടിയും" അമ്പത് വേദികള്‍ പിന്നിട്ടു.
അന്താരാഷ്ട്ര വനവര്‍ഷത്തിന്റെ ഭാഗമായാണ് സംഗീതശില്‍പ്പം ഒരുക്കിയത്. ഭൂമിയുടെ വികസനത്തില്‍ വനങ്ങള്‍ക്കുള്ള പ്രാധാന്യം, ശോഷിക്കുന്ന വനസമ്പത്ത് സംരക്ഷിക്കുക എന്നീ സന്ദേശമാണ് സംഗീതശില്‍പ്പം നല്‍കുന്നത്. മരങ്ങളെ സ്നേഹിക്കാന്‍ ഒത്തുചേരാം, ഹരിതാഭകാലം തിരികെ ചേര്‍ക്കാം എന്ന വലിയ ഉദ്യമത്തിന് ചെറിയ ചുവടാണ് സംഗീതശില്‍പ്പം.
കരിവള്ളൂര്‍ മുരളി രചനയും കോട്ടക്കല്‍ മുരളി സംവിധാനവും നിര്‍വഹിച്ച സംഗീതശില്‍പ്പത്തിന്റെ നൃത്തസംവിധാനം സ്കൂളിലെ അധ്യാപിക പി കെ ജയശ്രീയാണ്. ഗാനങ്ങള്‍ അധ്യാപിക ചന്ദ്രിക, വിദ്യാര്‍ഥികളായ വാണി, ശ്വേത, ഗ്രീഷ്മ, വിവേക്, അര്‍ജുന്‍ എന്നിവര്‍ ആലപിക്കുന്നു. അഭയ് കൃഷ്ണന്‍ , ഫാക്കിറ, റാഷിദ, അംജദ ഷെറിന്‍ , കെ ആരതി, ആതിര, അവിഷ്ണ, ഗ്രീഷ്മ, പ്രജിത്ത്, ആര്യ, ശ്രീലക്ഷ്മി, നീരജ, ആദിത്യ, ഗ്രീഷ്മ, ഐശ്വര്യ, ആബിദ്ഉമര്‍ എന്നീ വിദ്യാര്‍ഥികളാണ് അഭിനേതാക്കള്‍ . അധ്യാപകനായ കെ മുജീബ് റഹ്മാനും സ്കൂളില്‍നിന്ന് വിരമിച്ച ഡ്രോയിങ് അധ്യാപകന്‍ മൊയ്തുട്ടിയും കുട്ടികള്‍ക്കൊപ്പമുണ്ട്. "മരവും കുട്ടിയും" സംഗീതശില്‍പ്പം ഇതിനകം മലപ്പുറം, കണ്ണൂര്‍ , കോഴിക്കോട് ജില്ലകളിലെ സ്കൂളുകളിലും പൊതുവേദികളിലും അവതരിപ്പിച്ചിട്ടുണ്ട്. അമ്പത് വേദികള്‍ പിന്നിട്ടതിന്റെ ആഘോഷം വനംവകുപ്പ് മന്ത്രിയെ പങ്കെടുപ്പിച്ച് നടത്താനാണ് ഹരിതസേനയുടെ തീരുമാനം. 
-
ചിത്രപ്രദര്‍ശനമൊരുക്കി വാന്‍ഗോഗിന്റെ ചരമദിനം ആചരിച്ചു
Posted on: 31-Jul-2011 12:27 AM
മൂലമറ്റം: കലാപഠനത്തില്‍ പുത്തന്‍ അവബോധം കുട്ടികള്‍ക്ക്് നല്‍കി വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തില്‍ പൂമാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ലോക പ്രശസ്ത ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ഗോഗിന്റെ 121-ാം ചരമദിനം ആചരിച്ചു. 1853 മുതല്‍ 1890വരെയാണ് വാന്‍ഗോഗ് ജീവിച്ചിരുന്നത്. 37-ാം വയസില്‍ ആത്മഹത്യചെയ്യുകയായിരുന്നു. പട്ടിണിയില്‍ ജീവിച്ച വാന്‍ഗോഗ് കര്‍ഷകദുരിതങ്ങളുടെ നൊമ്പരങ്ങള്‍ ഒപ്പിയെടുക്കുന്ന ചിത്രരചനക്കാണ് മുന്‍തൂക്കം നല്‍കിയിരുന്നത്. പൊട്ടറ്റോ ഈറ്റേഴ്സ്, വേദനിക്കുന്ന വൃക്ഷങ്ങള്‍ തുടങ്ങിയ 40 ചിത്രങ്ങളും മൈക്കല്‍ ആഞ്ചലോ, ലിയനാര്‍ഡോ ഡാവിഞ്ചി, പാബ്ലോ പിക്കാസോ, രാജാ രവിവര്‍മ, കെസിഎസ് പണിക്കര്‍ തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. സ്കൂളിലെ കുട്ടികള്‍ വരച്ച ചിത്രങ്ങളും ഇതോടൊപ്പം പ്രദര്‍ശിപ്പിച്ചു. പത്താംക്ലാസിലെ ആര്‍ട് അറ്റാക്ക് എന്ന പാഠത്തിലെ പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികളില്‍ ചിത്രകലാരചനയുടെ വിവിധ വശങ്ങള്‍ പരിചയപ്പെടുത്തുന്നതിനും കലാമൂല്യ ശോഷണത്തെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഐടി കോ-ഓര്‍ഡിനേറ്റര്‍ അധ്യാപകന്‍ വി വി ഷാജി പറഞ്ഞു. സ്കൂളിലെ വിവിധ ക്ലബ്ബുകളില്‍നിന്നും തെരഞ്ഞെടുത്ത കുട്ടികളാണ് ചിത്രരചനയില്‍ പങ്കെടുത്തത്. പ്രദര്‍ശനവും വാന്‍ഗോഗ്് അനുസ്മരണവും ചിത്രകാരന്‍ പി ജി മോഹനന്‍ ഉദ്ഘാടനം ചെയ്തു. പി എന്‍ വിശ്വനാഥന്‍ , അബ്ദുള്‍ നിസാര്‍ എന്നിവര്‍ സംസാരിച്ചു. ഇ എന്‍ ഓമന അധ്യക്ഷയായി. പി എന്‍ സന്തോഷ് സ്വാഗതവും പി വി രാധിക നന്ദിയും പറഞ്ഞു. 
-

Friday, July 29, 2011

നര്‍മ്മത്തിന്റെ മേമ്പൊടി ചാലിച്ച് നവ്യാനുഭവമായി 'കൂത്തരങ്ങ്'

30 Jul 2011ശാസ്താംകോട്ട: നടനഭാവങ്ങളിലും വാക്‌ധോരണിയിലും നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിച്ച ചാക്യാര്‍കൂത്ത് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പുത്തന്‍ അനുഭവമായി.

പത്താംതരം വിദ്യാര്‍ഥികളുടെ പാഠഭാഗമായ 'മുരിഞ്ഞപ്പേരീം ചോറും' എന്നതുമായി ബന്ധപ്പെട്ട് ചാക്യാര്‍കൂത്ത് അനുഭവവേദ്യമാക്കുന്നതിനാണ് കൂത്തരങ്ങ് സംഘടിപ്പിച്ചത്. മൈനാഗപ്പള്ളി മിലാദെ ഷെരീഫ് ഗേള്‍സ്, ബോയ്‌സ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായാണ് ചാക്യാര്‍കൂത്ത് അവതരിപ്പിച്ചത്. വിദ്യാരംഗം കലാസാഹിത്യവേദിയാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. വരികളിലൂടെ വായിച്ചറിഞ്ഞ നര്‍മ്മം തുളുമ്പുന്ന ചാക്യാര്‍കൂത്ത് ഉദാത്തഭാവത്തോടെ കണ്‍മുമ്പില്‍ അവതരിപ്പിച്ചപ്പോള്‍ കുട്ടികള്‍ക്ക് ഏറെ ആസ്വാദ്യമായി. രണ്ട് സ്‌കൂളുകളില്‍ നിന്നുമായി മുന്നൂറോളം കുട്ടികള്‍ ആസ്വാദനക്ലാസില്‍ പങ്കെടുത്തു. കലാമണ്ഡലം ജിഷ്ണു പ്രതാപ്, രാഹുല്‍ അരവിന്ദ് എന്നിവരാണ് അവതരണത്തിന് നേതൃത്വം നല്‍കിയത്. കൂത്ത് അവതരിപ്പിച്ചശേഷം ഇതുമായി ബന്ധപ്പെട്ട് സംവാദവും ഉണ്ടായിരുന്നു.

പ്രിന്‍സിപ്പല്‍ അബ്ദുല്‍സലാംകുട്ടി, ഷാജി തോമസ്, ചന്ദ്രികയമ്മ, കല്ലട ഗിരീഷ്, എബി പാപ്പച്ചന്‍, വി.രാധാകൃഷ്ണന്‍, ശ്രീകുമാര്‍, ഐ.ഷാഹിദ, ജലജകുമാരി, അനസ് എന്നിവര്‍ സംസാരിച്ചു.
--
സ്‌കൂളുകളില്‍ ശുചിത്വമുള്ള ടോയ്‌ലറ്റുകളില്ല; അധ്യാപികമാര്‍ രോഗികളാവുന്നു
30 Jul 2011
കൊല്ലം: ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ശുചിത്വമുള്ള ടോയ്‌ലറ്റുകളില്ലാത്തത് അധ്യാപികമാരിലും വിദ്യാര്‍ഥിനികളിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായി പരാതി. അധ്യാപനസമയത്ത് പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ കഴിയാത്തതിനാല്‍ മൂത്രത്തിലെ അണുബാധയടക്കം പല രോഗങ്ങളും ബാധിക്കുന്ന അധ്യാപികമാരുടെ എണ്ണം കൂടുന്നതായി ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാണ്ടുന്നു.

കൊല്ലം, കൊട്ടാരക്കര, പുനലൂര്‍ വിദ്യാഭ്യാസജില്ലകളിലെ മിക്ക സ്‌കൂളുകളിലും ശുചിത്വമുള്ള ടോയ്‌ലറ്റ് സംവിധാനം ഇല്ലാത്തതാണ് സ്ഥിതി സങ്കീര്‍ണമാക്കുന്നത്. മിക്ക സ്‌കൂളുകളിലും ടോയ്‌ലറ്റ് സംവിധാനം ഉണ്ടെങ്കിലും അതെല്ലാം 'പേരില്‍മാത്ര'മാണെന്നതാണ് വാസ്തവം. സര്‍ക്കാര്‍ സ്‌കൂളുകളിലെ ടോയ്‌ലറ്റുകളുടെ സ്ഥിതിയാണ് ഏറെ ദയനീയം. മിക്കവയും പൊട്ടിപ്പൊളിഞ്ഞ് കാടുമൂടിക്കിടക്കുകയാണ്. ദുര്‍ഗന്ധം കാരണം അവയുടെ അടുത്തുപോലും അധ്യാപകരും വിദ്യാര്‍ഥികളും പോകാറില്ല.

സ്വകാര്യ സ്‌കൂളുകളിലെ മൂത്രപ്പുരകളില്‍ ചിലത് വിറകുപുരയായും പാഴ്‌വസ്തുക്കളിടാനുള്ള സ്ഥലമായും മാറിയിട്ടുണ്ട്. ടോയ്‌ലറ്റുകള്‍ വൃത്തിയാക്കാന്‍ ആളുകളെ നിയോഗിച്ചിട്ടുണ്ടെങ്കിലും യഥാസമയം അത് ചെയ്യാറില്ലെന്നു മാത്രം. ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ അധികൃതര്‍ക്ക് നല്‍കിയിട്ടും ഒരു ഫലവും ഉണ്ടാകുന്നില്ലെന്ന് അധ്യാപികമാരും വിദ്യാര്‍ഥിനികളും പറയുന്നു.

കൃത്യസമയത്ത് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കാത്തത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലും രോഗാവസ്ഥയിലും കൊണ്ടുചെന്നെത്തിക്കുമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായം.

''മുതിര്‍ന്ന ഒരാള്‍ ജോലിസമയത്ത് ചുരുങ്ങിയത് മൂന്നുതവണയെങ്കിലും മൂത്രം ഒഴിക്കേണ്ടതുണ്ട്. അത് ചെയ്യാതെ പിടിച്ചുവച്ചാല്‍ മൂത്രത്തില്‍ അണുബാധയുണ്ടാകാനും വൃക്കയില്‍ കല്ലുണ്ടാകാനും സാധ്യത വളരെക്കൂടുതലാണെന്ന് കൊല്ലം ജില്ലാ ആസ്​പത്രിയിലെ യൂറോളജിസ്റ്റ് ഡോ.മുരളീധരന്‍ ചൂണ്ടിക്കാട്ടുന്നു.

എം.പി.ഫണ്ട് ഉപയോഗിച്ച് എറണാകുളം ജില്ലയില്‍ നടപ്പിലാക്കിയ ഇ-ടോയ്‌ലറ്റ് സംവിധാനം കൊല്ലം ജില്ലയിലെ സ്‌കൂളുകളിലും നടപ്പാക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം. ഇന്ത്യയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ആദ്യ ഇ-ടോയ്‌ലറ്റിന്റെ ഉദ്ഘാടനമാണ് കഴിഞ്ഞദിവസം കൊച്ചിയില്‍ നടന്നത്. പൂര്‍ണമായും ഓട്ടോമാറ്റിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇ-ടോയ്‌ലറ്റില്‍ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശിക്കാനാവും. ശുചിത്വത്തിന്റെ കാര്യത്തിലും ആശങ്കപ്പെടേണ്ടതില്ല. എത്ര സമയം ഒരാള്‍ അവിടെ ചെലവഴിക്കുന്നുവോ അതിനനുസരിച്ചുള്ള ജലം മാത്രമേ ഈ സംവിധാനത്തിലൂടെ ഉപയോഗിക്കാനാവൂ. ഏതെങ്കിലും ഒരാള്‍ ഫ്‌ളഷ് ചെയ്യാതെ പോയിട്ടുണ്ടെങ്കിലും ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ശുചിയാക്കല്‍ നടക്കും.

ജില്ലയിലെ സ്‌കൂളുകളിലും ഇ-ടോയ്‌ലറ്റുകള്‍ സ്ഥാപിക്കാന്‍ എം.പി.മാരും എം.എല്‍.എ.മാരും വിദ്യാഭ്യാസവകുപ്പ് അധികൃതരും മുന്‍കൈ എടുക്കണമെന്നാണ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആവശ്യം.

എസ്.എസ്.എ.യുടെ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വൃത്തിയുള്ള ടോയ്‌ലറ്റുകള്‍ നിര്‍മിച്ചു നല്‍കിവരികയാണെന്ന് കൊല്ലം വിദ്യാഭ്യാസജില്ല ഡെപ്യൂട്ടി ഡയറക്ടര്‍ വി.രവീന്ദ്രന്‍ അറിയിച്ചു. രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാന്‍ പ്രകാരം പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്‌ലറ്റുകള്‍ സ്‌കൂളുകളില്‍ നിര്‍മ്മിക്കാനും പെണ്‍കുട്ടികള്‍ക്ക് സേഫ്റ്റി നാപ്കിന്‍ നല്‍കാനുമുള്ള സംവിധാനം നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
--
സ്‌കൂള്‍കുട്ടികള്‍ക്കുള്ള പാല്‍വിതരണം മുടങ്ങി
പത്തനംതിട്ട: സ്‌കൂള്‍കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം നല്‍കേണ്ട പാലിന്റെ വിതരണം മുടങ്ങി. സ്‌കൂള്‍ തുറന്ന് രണ്ടുമാസം കഴിഞ്ഞിട്ടും ആഴ്ചയില്‍ ഒരുതവണ പോലും പാല്‍ വിതരണം നടത്താന്‍ കഴിയാത്ത സ്‌കൂളുകള്‍ ജില്ലയിലുണ്ട്.

ക്ഷീരസംഘങ്ങള്‍ സ്‌കൂളുകളില്‍ നിന്ന് ദൂരെയായതും രാവിലെ 8 മണിക്കു മുന്‍പ് പ്രഥമാധ്യാപകര്‍ ക്ഷീരസംഘങ്ങളിലെത്തി പാല്‍ വാങ്ങണമെന്നുള്ള നിബന്ധനയുമാണ് സ്‌കൂളുകളില്‍ പാല്‍ വിതരണം ചെയ്യുന്നതിന് തടസമായി നില്‍ക്കുന്നത്. അതത് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് വേണ്ട പാല്‍ ക്ഷീരസംഘങ്ങളില്‍ നേരിട്ടെത്തിവാങ്ങണമെന്നാണ് വ്യവസ്ഥ.

കര്‍ഷകരില്‍ നിന്ന് ലഭിക്കുന്ന പാലിന്റെ അളവ് കുറയുമ്പോള്‍ സ്‌കൂളുകള്‍ക്ക് പാല്‍ നല്‍കാന്‍ സംഘങ്ങള്‍ തയ്യാറാകില്ല. പലദിവസവും സ്‌കൂളുകളില്‍ നിന്ന് പാലിനുപോയി കിട്ടാതെ മടങ്ങേണ്ടിവന്നിട്ടുണ്ട്.

പന്തളം എ.ഇ.ഒ.യുടെ പരിധിയിലുള്ള സ്‌കൂളുകളില്‍ മാത്രമേ ജില്ലയില്‍ പാല്‍വിതരണം പൂര്‍ണമായി നടക്കുന്നുള്ളൂ. പതിനൊന്ന് എ.ഇ.ഒ. മാര്‍ ഉള്ള ജില്ലയില്‍ മറ്റിടങ്ങളിലെല്ലാം ഭാഗികമായി മാത്രമാണ് പാല്‍ വിതരണം. അടൂര്‍ ഏ.ഇ.ഒ. യുടെ കീഴില്‍ മൂന്നു സ്‌കൂളില്‍ പാല്‍ വിതരണം നടക്കുന്നില്ല. കുന്നിട ഗവ. യു.പി.എസ്., ഇളംഗമംഗലം ഗവ. എല്‍.പി.എസ്., മൂന്നാളം ഗവ. എല്‍.പി.എസ്. എന്നിവിടങ്ങളില്‍ ക്ഷീരസംഘങ്ങള്‍ ദൂരെയായതിനാല്‍ പാല്‍ എടുക്കുന്നില്ല.

കോഴഞ്ചേരി ഏ.ഇ.ഒ. യുടെ പരിധിയില്‍ ഏഴുസ്‌കൂളിലും തിരുവല്ലയില്‍ രണ്ടു സ്‌കൂളിലും റാന്നിയില്‍ പത്തു സ്‌കൂളിലും കോന്നിയില്‍ രണ്ടു സ്‌കൂളിലും പാല്‍ വിതരണം മുടങ്ങിക്കിടക്കുകയാണ്. റാന്നിയില്‍ പാല്‍ കിട്ടാത്തതിനാല്‍ ക്ഷീരസംഘങ്ങള്‍ മാറ്റുന്നതിനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. കോന്നിയില്‍ സ്‌കൂളുകള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന സൊസൈറ്റികളില്‍ ആവശ്യത്തിന് പാലില്ലെന്ന് അറിയിച്ചിട്ടുണ്ട്.

പൂര്‍ണമായും കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് സ്‌കൂളുകളില്‍ പാല്‍ വിതരണമെങ്കിലും പാല്‍ കൊണ്ടുവരാനായി ഒരുകുട്ടിക്ക് 40 പൈസ മാത്രമേ ചെലവാക്കാനാകൂ. ഇതുമൂലം കുറച്ചുകുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകാര്‍ക്ക് ദൂരെയുള്ള ക്ഷീരസംഘങ്ങളില്‍ പോയി പാല്‍ എടുത്തുകൊണ്ടുവരുന്നതിനുള്ള സാമ്പത്തികബാധ്യത ഏറെയാണ്. അധ്യാപകരുടെ കൈയില്‍നിന്ന് പണം മുടക്കി പാല്‍ എടുക്കേണ്ടിവരുന്നതിനാല്‍ മിക്ക അധ്യാപകരും പിന്മാറുന്നുമുണ്ട്.

കഴിഞ്ഞവര്‍ഷമാണ് സംസ്ഥാനത്തെ സ്‌കൂള്‍കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസത്തെ സൗജന്യ പാല്‍ വിതരണം തുടങ്ങിയത്. സ്‌കൂളുകളില്‍ നിന്ന് ഉച്ചക്കഞ്ഞി കുടിക്കുന്ന ഒരു കുട്ടിക്ക് ആഴ്ചയില്‍ രണ്ടു ദിവസം 150 മില്ലി ലിറ്റര്‍ വീതം പാല്‍ നല്‍കുന്നതാണ് പദ്ധതി. മില്‍മ നിശ്ചയിക്കുന്ന രണ്ടു ദിവസം അടുത്തുള്ള ക്ഷീരോല്‍പ്പാദക സംഘങ്ങളിലെത്തി സ്‌കൂള്‍ അധികൃതര്‍ പാല്‍ വാങ്ങണം. തട്ടതോലൂഴത്ത് പ്രവര്‍ത്തിക്കുന്ന മില്‍മ പ്ലാന്റിന്റെ നിയന്ത്രണത്തിലാണ് ജില്ലയിലെ സ്‌കൂളുകളില്‍ പാല്‍ വിതരണം നടക്കുന്നത്. പ്രീപ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കാണ് പാല്‍ വിതരണം.

പത്തനംതിട്ട ജില്ലയില്‍ പദ്ധതി തുടങ്ങിയത് കഴിഞ്ഞ വര്‍ഷം ജനവരിയിലാണ്. മറ്റ് ജില്ലകളില്‍ മില്‍മയുടെ കവര്‍പാല്‍ നല്‍കിയപ്പോള്‍ ജില്ലയില്‍ ഇതിന്റെ ലഭ്യത ക്കുറവുകാരണം സഹകരണ സംഘങ്ങളില്‍ നിന്ന് പാല്‍ നല്‍കാനാണ് തീരുമാനമുണ്ടായത്. സ്‌കൂള്‍ അധികൃതര്‍ സംഘങ്ങളില്‍നിന്ന് നേരിട്ട് പാല്‍ ഏറ്റെടുക്കണമെന്ന നിര്‍ദ്ദേശം അന്നേ എതിര്‍പ്പുണ്ടാക്കിയിരുന്നു
--
കേന്ദ്ര പാഠ്യപദ്ധതിയിലും മലയാളം നിര്‍ബന്ധമാക്കണം'
തിരുവല്ല:കേരളത്തിലെ സി.ബി.എസ്.ഇ. ഉള്‍പ്പെടെയുള്ള കേന്ദ്ര പാഠ്യപദ്ധതി സ്‌കൂളുകളില്‍ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ആര്‍.പ്രതാപചന്ദ്രവര്‍മ്മ ആവശ്യപ്പെട്ടു. കേരള സിലബസില്‍ മലയാളം ഒന്നാം ഭാഷയാക്കാന്‍ വിദ്യാഭ്യാസ വുകുപ്പ് ആത്മാര്‍ത്ഥത കാട്ടുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
--
ദുരിതവഴികള്‍ താണ്ടി വെളിച്ചത്തിലേക്ക്.......
എരുമേലി: സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് അകന്നുനില്ക്കുന്നവര്‍ക്കു പോലും അറിവിന്റെ വെളിച്ചമെത്തിക്കാന്‍ യത്‌നിക്കുന്നതിലൂടെ വിദ്യാലയങ്ങള്‍ക്കെല്ലാം മാതൃകയാവുകയാണ് എരുമേലി ഇടകടത്തി ടി. കെ. എം എം. യു. പി. സ്‌കൂള്‍. ചാലക്കയം, പമ്പ, അട്ടത്തോട് വനമേഖലയില്‍ കഴിഞ്ഞിരുന്ന ആദിവാസി കുട്ടികള്‍ രണ്ടുവര്‍ഷമായി സ്‌കൂളില്‍ പഠിക്കുന്നു. ഭക്ഷണമുള്‍പ്പടെ അവര്‍ക്കാവശ്യമായതെല്ലാം അധ്യാപകരും മാനേജ്‌മെന്റും നല്‍കുകയും ചെയ്യുന്നു.

സ്‌കൂള്‍ അധികൃതര്‍ ഒരിക്കല്‍ വനത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് യാദൃച്ഛികമായി കുട്ടികളെ കാണുന്നത്. ഉള്‍വനങ്ങളില്‍ച്ചെന്ന് തേനും കുന്തിരിക്കവും മറ്റും ശേഖരിച്ച്, അതില്‍ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കുന്ന കുടുംബങ്ങളില്‍പ്പെട്ടവരായിരുന്നു അവര്‍. പട്ടിണിയും രോഗവും കൊണ്ട് വലഞ്ഞിരുന്ന കുട്ടികളെ കൂട്ടിക്കൊണ്ടുവന്ന് പഠിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചു. ഒരു വര്‍ഷം മുമ്പാണത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലാം തിയ്യതിയാണ് കുട്ടികളെ ഇടകടത്തിയിലേക്ക് കൊണ്ടുവന്നത്. ഇരുപതോളം കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. മുടിയും നഖവും വെട്ടിച്ച്, നല്ല വസ്ത്രങ്ങള്‍ അണിയിച്ച് അവരെ ക്ലാസ്സിലിരുത്തി പഠിപ്പിക്കാന്‍ തുടങ്ങി. അവരെസ്‌കൂളിനടുത്തുതന്നെ താമസിപ്പിച്ചു. കുട്ടികളുടെ ഊരില്‍ നിന്നുതന്നെയുള്ള ഒരമ്മയെ ഒപ്പം താമസിപ്പിച്ചു. വളര്‍ന്ന ചുറ്റുപാടും ശീലങ്ങളും മറ്റും അറിഞ്ഞ് കുട്ടികളെ താമസിപ്പിക്കാനായിരുന്നു അത്. ഇവരുടെ കാര്യങ്ങള്‍ നോക്കാന്‍ പാചകക്കാരി ഉള്‍പ്പെടെ മൂന്ന് പേരെ സ്‌കൂള്‍ അധികൃതര്‍ ചുമതലപ്പെടുത്തുകയും ചെയ്തു. കെട്ടിടവാടക, ഭക്ഷണം, മരുന്ന്, വാഹനസൗകര്യം, പാചകക്കാരിയുടെ ശമ്പളം എന്നിവ ഉള്‍പ്പെടെ പതിനേഴായിരത്തോളം രൂപയാണ് പ്രതിമാസം ചെലവ് വന്നത്. കുട്ടികള്‍ അവരുടെ കഴിവിനനുസരിച്ച് പഠിക്കുകയും കൃത്യനിഷ്ഠയും അനുസരണയും ശീലിക്കുകയും ചെയ്യുന്നു.

ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് സ്ഥിരമായി ഊരില്‍ താമസിക്കേണ്ടിവന്നതു കാരണം ഈ അധ്യയനവര്‍ഷം കുട്ടികള്‍ വന്നുപോയി പഠിക്കുകയാണ്. എല്ലാ അധ്യയന ദിവസങ്ങളിലും അവരെ ഊരില്‍ നിന്ന് വാഹനത്തില്‍ കൊണ്ടുവരികയും പഠനം കഴിഞ്ഞ് വാഹനത്തില്‍ത്തന്നെ തിരിച്ചെത്തിക്കുകയും ചെയ്യുകയാണിപ്പോള്‍.
--
അറിവിന്റെ അരങ്ങുണര്‍ത്തി നാടകശില്‌പശാല

ആലുവ: നാടകരചന, അഭിനയം, രംഗസംവിധാനം തുടങ്ങിയ മേഖലകളില്‍ കുട്ടികള്‍ക്ക് അറിവു പകര്‍ന്ന് ഏകദിന നാടകശില്പശാല സംഘടിപ്പിച്ചു.

ആലുവ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരിക ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പ്രശസ്ത നാടകരചയിതാവ് കൂടല്‍ ശോഭന്റെ നേതൃത്വത്തില്‍ നാടകശില്പശാല നടത്തിയത്. ആലുവ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് എല്‍.പി.സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം കവി കടുങ്ങല്ലൂര്‍ നാരായണന്‍ നിര്‍വഹിച്ചു.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.ജെ. ലീന അധ്യക്ഷത വഹിച്ചു.

മുനിസിപ്പല്‍ ചെയര്‍മാന്‍എം.ടി. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.

കുട്ടികളെ അറിഞ്ഞ് 'വീട്ടുകൂട്ടം'
സുല്‍ത്താന്‍ബത്തേരി: ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് കൊളഗപ്പാറ ഗവ. യു.പി. സ്‌കൂള്‍ നടപ്പാക്കുന്ന 'വീട്ടുകൂട്ടം' പരിപാടി മീനങ്ങാടി പഞ്ചായത്ത് അംഗം സിന്ധു രാജന്‍ ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് കുട്ടികളുടെ പ്രശ്‌നങ്ങള്‍, മികവുകള്‍ എന്നിവയെക്കുറിച്ച് വീട്ടുകൂട്ടത്തില്‍ ചര്‍ച്ച ചെയ്തു. അരിവയല്‍ രാമന്‍കുട്ടിയുടെ വീട്ടില്‍ നടന്ന യോഗത്തില്‍ സി.വി. രാജന്‍ അധ്യക്ഷതവഹിച്ചു. 'രസതന്ത്രം അടുക്കളയില്‍ നിന്ന്' എന്ന വിഷയത്തില്‍ എം.കെ. സുന്ദര്‍ലാല്‍ ക്ലാസെടുത്തു. പ്രധാനാധ്യാപകന്‍ ആര്‍ ബാബു, ബിജോ പോള്‍, എന്‍. സിദിഷ, വിനിഷ എന്നിവര്‍ പ്രസംഗിച്ചു.
-

Thursday, July 28, 2011

രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളിലെ ഇ-ടോയ്‌ലറ്റ് ഇന്നു തുറക്കും

: 29 Jul 2011
കൊച്ചി: രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ആദ്യ ഇ-ടോയ്‌ലറ്റിന്റെ ഉദ്ഘാടനം എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളിയാഴ്ച ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ നിര്‍വഹിക്കും. എറണാകുളം ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നടപ്പാക്കുന്ന സമഗ്ര ശുചിത്വ പദ്ധതിയുടെ ആദ്യഘട്ടമായി അഞ്ച് ടോയ്‌ലറ്റുകളാണ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ചിരിക്കുന്നത്.

പി.രാജീവ് എം.പിയുടെ വികസന ഫണ്ടും കൊച്ചിന്‍ റിഫൈനറിയുടെ ഫണ്ടും ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ജില്ലയിലെ 25 ഹൈസ്‌കൂളുകളെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായി പി. രാജീവ് എം.പി. പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒന്നര ലക്ഷത്തോളം രൂപയാണ് ഒരു യൂണിറ്റിന് ചെലവ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെല്‍ട്രോണും തിരുവനന്തപുരത്തെ ഇറാം സയന്റിഫിക് സൊല്യൂഷന്‍സും ചേര്‍ന്നാണ് ഇ-ടോയ്‌ലറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പത്രസമ്മേളനത്തില്‍ ഇറാം സയന്റിഫിക് ഡയറക്ടര്‍ മനോഹറും പങ്കെടുത്തു.
-

ഉത്തരവ് കൈപ്പറ്റാന്‍ അധ്യാപകര്‍ വിസമ്മതിച്ചു; ബി.പി.എല്‍ സര്‍വെ അവതാളത്തിലേക്ക്

അരീക്കോട്: ജില്ലാ കളക്ടര്‍ നിയമിച്ച അധ്യാപകര്‍ ചുമതല ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്നതുമൂലം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ കണ്ടെത്തുന്നതിനുള്ള സര്‍വേ അവതാളത്തിലേക്ക്. ആഗസ്ത് 16നകം സര്‍വേ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യം.

2009ല്‍ നടന്ന ബി.പി.എല്‍ സര്‍വേപ്രകാരം തയ്യാറാക്കിയ ലിസ്റ്റിനെക്കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ലിസ്റ്റ് പരിശോധിച്ച് പിഴവുകള്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന് ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതനുസരിച്ച് 22ന് കളക്ടര്‍ ഇറക്കിയ നിയമന ഉത്തരവുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബ്ലോക്ക് ഉദ്യോഗസ്ഥര്‍മുഖേന അധ്യാപകര്‍ക്ക് എത്തിച്ചിരുന്നു. ബ്ലോക്ക് ഉദ്യോഗസ്ഥര്‍ ഒരു വിദ്യാലയത്തിലെ മുഴുവന്‍ അധ്യാപകരുടെയും നിയമനരേഖകള്‍ ഒന്നിച്ച് പ്രധാനാധ്യാപകനെ ഏല്പിക്കുകയാണ് ചെയ്തത്. പ്രധാനാധ്യാപകരില്‍നിന്ന് ഇത് സ്വീകരിക്കാന്‍ അധ്യാപകര്‍ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം.

പ്രധാനാധ്യാപകര്‍ നിയമനരേഖകള്‍ തിരിച്ചേല്‍പ്പിക്കാന്‍ അരീക്കോട് ബ്ലോക്ക് ഓഫീസിലെത്തിയപ്പോള്‍ നിയമനരേഖകള്‍ തിരികെ സ്വീകരിക്കാന്‍ ബി.ഡി.ഒ തയ്യാറായില്ല. വിവരം ജില്ലാ കളക്ടറെ ഫാക്‌സ് മുഖേന അറിയിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

സര്‍വേയുടെ ചുമതല നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇടതുപക്ഷ അധ്യാപകസംഘടനയായ കെ.എസ്.ടി.എ സര്‍വേ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അനുകൂലസംഘടനയായ ജി.എസ്.ടി.യു.വിന്റെയും ലീഗ് അനുകൂല സംഘടനയായ കെ.എസ്.ടി.യു.വിന്റെയും അറബി അധ്യാപകസംഘടനയായ കെ.എ.ടി.എഫിന്റെയും അംഗങ്ങളും സര്‍വേ ഉത്തരവ് കൈപ്പറ്റാന്‍ വിസമ്മതിച്ചിട്ടുണ്ട്.

ടീച്ചേഴ്‌സ് ബാങ്കിലേക്ക് അപേക്ഷിക്കാം


പത്തനാപുരം: പട്ടാഴി ഗ്രാമപ്പഞ്ചായത്തില്‍ 'ടീച്ചേഴ്‌സ് ബാങ്കി'ലേക്ക് ദിവസവേതനവ്യവസ്ഥയില്‍ അധ്യാപകരെ ആവശ്യമുണ്ട്. ടി.ടി.സി.പാസായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അഭിമുഖം ആഗസ്ത് ഒന്നിന് പട്ടാഴി പഞ്ചായത്ത് ഓഫീസില്‍ നടക്കും.
-

പ്ലസ്ടു പാഠഭാഗത്തിന് ഓട്ടന്‍തുള്ളലിലൂടെ ദൃശ്യാവിഷ്‌കരണം

Posted on: 29 Jul 2011പറവൂര്‍: നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃത ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സാമ്പത്തിക ശാസ്ത്രം പാഠഭാഗത്തിന് ഓട്ടന്‍തുള്ളല്‍ ദൃശ്യാവിഷ്‌കാരം നടത്തി.

സാമ്പത്തിക ശാസ്ത്രാധ്യാപകന്‍ പ്രമോദ് മാല്യങ്കരയാണ് ഓട്ടന്‍തുള്ളല്‍ ചിട്ടപ്പെടുത്തിയത്. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും ഓട്ടന്‍തുള്ളല്‍ കലാകാരനുമായ അരുണ്‍ ആര്‍. കുമാര്‍ തുള്ളല്‍ കഥ അവതരിപ്പിച്ചു. കലാമണ്ഡലം പ്രഭാകരന്‍ പിന്‍പാട്ട് പാടി.
-
-

ശ്രദ്ധേയമായി മാതൃകാ പാര്‍ലമെന്റ്‌മട്ടന്നൂര്‍: വിദ്യാര്‍ഥികളില്‍ ജനാധിപത്യബോധം വളര്‍ത്താനായി സര്‍ക്കാറിന്റെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാര്‍ലമെന്ററി കാര്യസമിതി മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച മോഡല്‍ പാര്‍ലമെന്റ് കുട്ടികളുടെ സാന്നിധ്യവും കഴിവുംകൊണ്ട് ശ്രദ്ധേയമായി.

പ്രതീകാത്മക പാര്‍ലമെന്റും നടപടിക്രമങ്ങളും ജനാധിപത്യ സംവിധാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അറിവ്പകരുന്ന തരത്തിലായിരുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെയാണ് നടപടിക്രമങ്ങള്‍ ആരംഭിച്ചത്.

ഭരണപക്ഷത്ത് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ 34 പേരും പ്രതിപക്ഷത്ത് 24പേരും ഉണ്ടായിരുന്നു. ഇതിന് പുറമെ സ്​പീക്കറും ഡെപ്യൂട്ടി സ്​പീക്കറും ഉണ്ട്.

പാര്‍ലമെന്റ് സംവിധാനത്തില്‍ ഉയര്‍ന്നവേദിയില്‍ സ്​പീക്കര്‍ക്ക് പ്രത്യേക ഇരിപ്പിടവും താഴെ സെക്രട്ടറി ജനറലിനുവേണ്ടി പ്രത്യേക ഇരിപ്പിടവും തയ്യാറാക്കിയിരുന്നു.

രാഷ്ട്രീയ കുതിരക്കച്ചവടവും അഴിമതിയും പെട്രോള്‍ വില വര്‍ദ്ധനവും കണ്ണൂര്‍ വിമാനത്താവളവും സംബന്ധിച്ച ചോദ്യങ്ങള്‍ അംഗങ്ങള്‍ ഉന്നയിച്ചു. മന്ത്രിമാര്‍ മറുപടിയും പറഞ്ഞു. പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ അടിയന്തര പ്രമേയത്തിന് അനുമതിനിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയം 21നെതിരെ 30 വോട്ടുകള്‍ക്ക് തള്ളുകയുംചെയ്ത് സഭ താത്കാലികമായി പിരിയുകയും ചെയ്തതോടെയാണ് പാര്‍ലമെന്റ് നടപടികള്‍ അവസാനിച്ചത്.

ചന്തക്കടവ് ജി.എം.യു.പി. സ്‌കൂളില്‍ 'എന്റെ മാമ്പഴക്കാല'ത്തിന് തുടക്കമായി

നഷ്ടപ്പെട്ട മാമ്പഴക്കാലത്തെ വീണ്ടെടുക്കാനൊരുങ്ങുകയാണ് ഫറോക്ക് ചന്തക്കടവ് ഗവ. മാപ്പിള യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍. സ്‌കൂള്‍ മുറ്റത്ത് വിവിധയിനം മാവിന്‍തൈകള്‍ നട്ടുവളര്‍ത്തി. വീണ്ടുമൊരു മാമ്പഴക്കാലത്തെ സ്വാഗതം ചെയ്യുകയാണിവിടെ. സ്‌കൂള്‍ പി.ടി.എ.യും പരിസ്ഥിതി ക്ലബ്ബും ചേര്‍ന്നാണ് 'എന്റെ മാമ്പഴ'ക്കാലം പദ്ധതി നടപ്പാക്കുന്നത്. വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്നാണ് ഇതിനായി മാവിന്‍തൈകള്‍ ശേഖരിക്കുന്നത്. നൂറിലധികം മാവിന്‍തൈകള്‍ ഇതിനകം സ്‌കൂള്‍ വളപ്പില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു.

നാടന്‍ ഇനങ്ങള്‍ക്ക് പുറമേ ഒട്ടുമാവിന്‍തൈകളും ഇക്കൂട്ടത്തിലുണ്ട്. നാട്ടിന്‍പുറങ്ങളില്‍നിന്നുപോലും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നാടന്‍ മാമ്പഴങ്ങളെ സംരക്ഷിക്കാമെന്നതും പദ്ധതിയുടെ നേട്ടമാണ്. ഒളോര്‍, സേലം, കോമാവ് തുടങ്ങി ഒട്ടേറേയിനം മാവിന്‍തൈകള്‍ നട്ടുപിടിപ്പിക്കുന്നതായി സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് ജംഷീദ് അമ്പലപ്പുറം പറഞ്ഞു. അന്താരാഷ്ട്ര വനവര്‍ഷത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പ്രധാന അധ്യാപകന്‍ എ.അച്യുതന്‍, പി.ടി.എ. വൈസ് പ്രസിഡന്റ് സി.ഹംസക്കോയ, സീനിയര്‍ അധ്യാപിക പുഷ്പലത, പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ എ.എം.ബിജു എന്നിവര്‍ മാവിന്‍തൈകള്‍ കുഴിച്ചിടുന്നതിന് നേതൃത്വം നല്കി. അടുത്തവര്‍ഷം വിവിധയിനം പ്ലാവുകള്‍ സ്‌കൂള്‍ പരിസരത്ത് കുഴിച്ചിടാനും പദ്ധതിയുണ്ട്.
-
അക്ഷരലോകം ഇനി വിരല്‍ത്തുമ്പില്‍
Posted on: 28-Jul-2011 11:55 PM
തിരൂരങ്ങാടി: ഇവര്‍ക്കിനി പുസ്തകങ്ങള്‍ തേടി അലയേണ്ടതില്ല, വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലുണ്ട്. മൗസിലൊന്ന്് ക്ലിക്ക്ചെയ്താല്‍ പുസ്തകശേഖരങ്ങള്‍ തിരൂരങ്ങാടി പിഎസ്എംഒ കോളേജ് ലൈബ്രറിയിലെത്തും. പഠന-ഗവേഷണ മേഖലയില്‍ വന്‍ മുന്നേറ്റത്തിനുതകുന്ന ഡിജിറ്റല്‍ ലൈബ്രറി സംവിധാനം വെള്ളിയാഴ്ച മുതല്‍ കോളേജില്‍ ലഭ്യമാകും. ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ലഭ്യമായ ലോകത്തിലെ വിവിധ ഭാഗങ്ങളിലെ പ്രശസ്ത ലൈബ്രറികളിലുള്ള പുസ്തകങ്ങളെല്ലാം കോളേജ് ലൈബ്രറിയിലിരുന്ന് വായിക്കാനാവും. മറ്റ് സര്‍വകലാശാലകളിലെ അക്കാദമിക് പ്രവര്‍ത്തനങ്ങളെ ബന്ധിപ്പിക്കാനും ഉപയോഗപ്പെടുത്താനും ഡിജിറ്റല്‍ ലൈബ്രറി അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സഹായകമാവും. എന്‍ - ലിസ്സിലെ 50,000 പുസ്തകങ്ങളും 2000 ജേണലും ലഭ്യമാകും. ഐബിഎമ്മിന്റെ നൂതന സാങ്കേതിക വിദ്യയാണ് ഇതിനുപയോഗിക്കുന്നത്. ഒരേസമയം 40 കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാം. ഡി സ്പേസ് ഗ്രീന്‍ സ്റ്റോണ്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. അമൂല്യ ഗ്രന്ഥങ്ങളും പുതിയ പുസ്തകങ്ങളും അപ്പപ്പോള്‍ ലഭ്യമാകും. സാധാരണ പുസ്തകവായനപോലെ പേജുകള്‍ മറിച്ച് വായിക്കാനാകും എന്നതും ഇതിന്റെ സവിശേഷതയാണ്. ആദ്യഘട്ടത്തില്‍ അധ്യാപകര്‍ക്കും ഗവേഷക വിദ്യാര്‍ഥികള്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതിന് പ്രത്യേക പാസ്വേഡ് നല്‍കും. കോളേജ് സമയത്തിന് പുറമെയും ലൈബ്രറി പ്രയോജനപ്പെടുത്താം. ഇതോടൊപ്പം ലാംഗ്വേജ് ലാബും ഒരുക്കുന്നുണ്ട്. പിഎസ്എംഒ കോളേജിലെ അലുമ്നി അസോസിയേഷന്‍ ജിദ്ദാ ചാപ്റ്ററാണ് 25 ലക്ഷം രൂപ ചെലവില്‍ ഡിജിറ്റല്‍ ലൈബ്രറി ഒരുക്കിയത്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വെള്ളിയാഴ്ച ഡിജിറ്റല്‍ ലൈബ്രറിയും വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് ലാംഗ്വേജ് ലാബും ഉദ്ഘാടനംചെയ്യും. രാവിലെ 10നാണ് പരിപാടി.


Tuesday, July 26, 2011

Save Our Schools

Welcome to the

Save Our Schools March & National Call to Action!

July 28-31, 2011 in Washington, D.C. and around the country

We’re putting the Public back in public schools!

We, a collection of people from all walks of life and every corner of this nation, embody a mixture of ideas and opinions regarding how we can improve educational opportunities for all children. We stand united by one belief – it’s time for teachers and parents to organize and reclaim control of our schools.

As concerned citizens, we demand an end to the destructive policies and rhetoric that have eroded confidence in our public schools, demoralized teachers, and reduced the education of too many of our children to nothing more than test preparation.

A well-educated society is essential to the future of the United States of America. Our students must have access to a fully funded, world-class public education system, and it is our responsibility to hold our government accountable for providing the means to achieve it. Please join us!

July 30: DC Rally & March

The rally will officially begin at noon at the Ellipse, but arrive early to enjoy performances, art, and more!

At noon, Diane Ravitch, Jonathan Kozol, José Vilson, Deborah Meier, Monty Neill, and other speakers, musicians, performance poets, and more will encourage, educate, and support this movement and the Save Our Schools March demands.

At 1:30 p.m., we will march to the White House, where the demands will be read, we’ll demonstrate, and engage in a call for continued action to reclaim schools as places of learning, joy, and democracy.

If you can’t make it to DC, follow the site to find out more about ways to participate in or plan actions in your local area!

* * *

Visit the Events section to learn more about what is being planned. Follow the March on Twitter and causes.com to stay up-to-date; learn, plan and network on our discussion boards; and explore the rest of the site to get informed and GET INVOLVED!

ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് ഇനി റസിഡന്‍ഷ്യല്‍ പരിശീലന പദ്ധതി

27 Jul ൨൦൧൧

ന്യൂഡല്‍ഹി: നിലവാരം മെച്ചപ്പെടുത്താനായി കേരളത്തിലെ ഹൈസ്‌കൂള്‍ അധ്യാപകരെ ഒരിടത്ത് താമസിപ്പിച്ചുള്ള പരിശീലന പദ്ധതിക്ക് കേന്ദ്രസര്‍ക്കാറിന്റെ അനുമതി. ഒമ്പത്, പത്ത് ക്ലാസുകളിലെ അധ്യാപകരെയാണ് പദ്ധതിയില്‍ പങ്കെടുപ്പിക്കുക. ആറു വര്‍ഷത്തിനുള്ളില്‍ അരലക്ഷത്തോളം ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.പി. മുഹമ്മദ് ഹനീഷ് 'മാതൃഭൂമി'യോടു പറഞ്ഞു.

 • ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് 15 ദിവസത്തെ റസിഡന്‍ഷ്യല്‍ പരിശീലനമാണ് നല്‍കുക. ഇതു സംബന്ധിച്ച പദ്ധതിനിര്‍ദേശം കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം തിരുപ്പതിയില്‍ സംഘടിപ്പിച്ച ദക്ഷിണ മേഖലാ അവലോകനയോഗത്തില്‍ സമര്‍പ്പിച്ച് അംഗീകാരം നേടിയിരുന്നു. എന്‍.സി..ആര്‍.ടി.യുടെ സഹകരണത്തോടെ പരിശീലനപരിപാടിക്ക് അന്തിമരൂപം നല്‍കും. എന്തായാലും കേരളത്തിന്റെ നിര്‍ദേശം തത്ത്വത്തില്‍ കേന്ദ്രം അംഗീകരിച്ചു. -മുഹമ്മദ് ഹനീഷ് പറഞ്ഞു.
 • രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (ആര്‍.എം.എസ്. .) പദ്ധതിയനുസരിച്ച് ഹൈസ്‌കൂളുകളുടെ അടിസ്ഥാനസൗകര്യവികസനത്തിനായി സംസ്ഥാനത്തിന് 345 കോടി രൂപയുടെ കേന്ദ്രസഹായധനം ലഭിക്കും.
 • വര്‍ഷം 200 കോടി രൂപയ്ക്ക് കമ്പ്യൂട്ടര്‍ പരിശീലനം, ലാബുകള്‍ സജ്ജമാക്കല്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുക. ആര്‍.എം.എസ്..യില്‍ ഉള്‍പ്പെടുത്തിയാണ് അധ്യാപക പരിശീലനത്തിനും തുക വകയിരുത്തുക.
 • ആദ്യഘട്ടത്തില്‍ കണക്ക്, ഊര്‍ജതന്ത്രം എന്നീ വിഷയങ്ങളിലാണ് പരിശീലനം നല്‍കുന്നത്. വിദ്യാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ പരാജയപ്പെടുന്നത് വിഷയങ്ങളിലാണ്. കണക്കില്‍ നൂറില്‍ ശരാശരി അമ്പതു മാര്‍ക്കും ഊര്‍ജതന്ത്രത്തില്‍ 52 മാര്‍ക്കുമായാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിജയം. രസതന്ത്രം, സാമൂഹികശാസ്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങളിലും അധ്യാപകര്‍ക്ക് പരിശീലനം നല്‍കാന്‍ സംസ്ഥാനം പദ്ധതി നിര്‍ദേശം സമര്‍പ്പിച്ചിരുന്നു.
 • ന്യൂനപക്ഷങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ പത്ത് സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച കേന്ദ്രം 4.32 കോടി രൂപ സഹായധനം അനുവദിച്ചു. മുസ്‌ലിം സമുദായം നടത്തുന്ന ആറു സ്‌കൂളുകള്‍ക്കും ക്രിസ്ത്യന്‍ സമുദായം നടത്തുന്ന നാലു സ്‌കൂളുകള്‍ക്കും സഹായധനം ലഭിക്കും. കൊണ്ടോട്ടി .എം...ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോഴിക്കോട് കടമേരി ആര്‍..സി.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മലപ്പുറം കടക്കാശ്ശേരി ഐഡിയല്‍ ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഈരാറ്റുപേട്ട മുസ്‌ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാലക്കാട് പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്‌കൂള്‍, കാസര്‍കോട് പള്ളിക്കര ഇസ്‌ലാമിക് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊല്ലം കൊട്ടിയം എന്‍.എസ്.എം.ജി.എച്ച്.എസ്, കിഴക്കമ്പലം സെന്റ് ജോസഫ് എച്ച്.എസ്., ഉടുമ്പഞ്ചോല ചെമ്മണ്ണൂര്‍ സെന്റ് സേവ്യേഴ്‌സ് എച്ച്.എസ്.എസ്. എന്നിവയാണ് സഹായധനത്തിന് അര്‍ഹത നേടിയ സ്‌കൂളുകള്‍.
-മാതൃഭൂമി

ഞാറു നട്ട്, പാട്ടുപാടി കുട്ടിക്ലാസ്‌

മുള്ളേരിയ:മുള്ളേരിയ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒരുകൂട്ടം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ ഞാറു നടാന്‍ നാട്ടിപ്പാട്ടിന്റെ ഈണവുമായി പാടത്തിറങ്ങി. സ്‌കൂളിലെ സീഡ് ക്ലബ് അംഗങ്ങളും എന്‍.എസ്.എസ്. വളന്റിയര്‍മാരും ചേര്‍ന്ന് നടപ്പാക്കുന്ന 'മണ്ണിന്റെ മനസ്സറിയാന്‍' പരിപാടിയുടെ ഭാഗമായാണ് കുട്ടികള്‍ ചേറ്റിലിറങ്ങിയത്.

നെല്‍കൃഷിയെ നെഞ്ചേറ്റിയ കാര്‍ളെയിലെ കര്‍ഷകന്‍ വിശ്വനാഥ ഷെട്ടിയുടെ പാടത്താണ് കുട്ടിക്കര്‍ഷകര്‍ ഞാറുനട്ടത്. രാവിലെ മുതല്‍ വൈകിട്ട് വരെ കൃഷിപാഠങ്ങളറിഞ്ഞ് കുട്ടികള്‍ പാടത്ത് പണിതു. വൈകിട്ട് പാടത്തുനിന്ന് കയറിയ കുട്ടികള്‍ വിശ്വനാഥ ഷെട്ടിയുമായി അഭിമുഖം നടത്തി. മണ്ണിന്റെ മനസ്സറിയാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലായിരുന്നു കുട്ടികള്‍. സീഡ് കോ ഓര്‍ഡിനേറ്റര്‍ ഷാഹുല്‍ ഹമീദ്, പ്രിന്‍സിപ്പല്‍ കെ.ഗംഗാധര, പി.ടി.എ. പ്രസിഡന്റ് കെ.മാധവ ഭട്ട്, സീനിയര്‍ അസിസ്റ്റന്റ് പി.നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ പാടത്തിറങ്ങിയത്.

പരവനടുക്കം:ചെമ്മനാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ നാട്ടിക്കൃഷിയെക്കുറിച്ചറിയാന്‍ പരവനടുക്കം കോട്ടരുവം പാടത്തിറങ്ങി. വിത്തിടുന്നത് മുതല്‍ കൊയ്യുന്നത് വരെയുള്ള വിവിധ ഘട്ടങ്ങളെപ്പറ്റി കുട്ടികള്‍ മനസ്സിലാക്കി. ഓരോസമയത്ത് നടത്തുന്ന നഞ്ച, പുഞ്ച, കൊള്‍ക്ക തുടങ്ങിയ കൃഷിയെക്കുറിച്ച് സീഡ് കോ ഓര്‍ഡിനേറ്റര്‍ ശ്രീനിവാസന്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു. തുടര്‍ന്ന് കുട്ടികള്‍ നാട്ടിപ്പാട്ട് പാടി ഞാറുനട്ടു.
--
ഖാദിവസ്ത്ര പ്രചാരകരായി കൂത്താട്ടുകുളം ഗവ. യുപി സ്‌കൂള്‍

കൂത്താട്ടുകുളം: ആഴ്ചയില്‍ ഒരുദിവസം ഖാദിവസ്ത്രം ഉപയോഗിക്കുക എന്ന സന്ദേശവുമായി കൂത്താട്ടുകുളം ഗവ. യുപി സ്‌കൂള്‍ പ്രവര്‍ത്തന പരിപാടികളാരംഭിച്ചു. വിദ്യാലയത്തിലെ 504 കുട്ടികളും മുഴുവന്‍ അധ്യാപകരും ഖാദിവസ്ത്രത്തിന്റെ പ്രാധാന്യമറിയിച്ചുകൊണ്ട് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. സാമൂഹ്യ-സാംസ്‌കാരിക സംഘടനകള്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, സന്നദ്ധ സംഘടനകള്‍, ഓട്ടോറിക്ഷാ തൊഴിലാളി സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങളെന്ന് പ്രധാന അധ്യാപകന്‍ കെ.വി. ബാലചന്ദ്രന്‍ പറഞ്ഞു.

എല്ലാ ബുധനാഴ്ചയും കുട്ടികളും അധ്യാപകരും ഖാദി വസ്ത്രങ്ങളണിയും. കൂത്താട്ടുകുളം ഫിലിപ്പ് ജോര്‍ജ് സ്മാരക സാംസ്‌കാരിക സമിതിയില്‍ നിന്ന് യൂണിഫോം തുണി ഏറ്റുവാങ്ങി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. സമിതി ഭാരവാഹികളായ അനില്‍ പെരുന്താനത്ത്, ബിജു പള്ളിത്താഴത്ത് എന്നിവര്‍ കുട്ടികള്‍ക്കുള്ള യൂണിഫോം നല്‍കി, പ്രധാന അധ്യാപകന്‍ കെ.വി. ബാലചന്ദ്രന്‍, സി.പി. രാജശേഖരന്‍, കെ.വി. മനോജ്, ആര്‍. വത്സലാദേവി എന്നിവര്‍ പ്രസംഗിച്ചു.
--


പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകളില്‍ ഹെല്‍പ്ഡസ്‌കുകള്‍ തുടങ്ങും

26 Jul 2011
പാലക്കാട്: പെണ്‍കുട്ടികള്‍ നേരിടുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് അത് പരിഹരിക്കാന്‍ അവരെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ സര്‍വശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ ഹെല്‍പ്ഡസ്‌കുക്കള്‍ സ്ഥാപിക്കുന്നു.

അഞ്ച്, ആറ്, ഏഴ്, എട്ട് ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിദ്യാലയങ്ങളിലും ഹെല്‍പ്ഡസ്‌ക് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ ലീലാമ്മ വര്‍ഗീസ്, പ്രോഗ്രാംഓഫീസര്‍ കെ.ജി. ബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ സാന്ത്വനപ്പെട്ടികള്‍ സ്ഥാപിക്കും. കുട്ടികള്‍ക്ക് പ്രയാസങ്ങളും പ്രശ്‌നങ്ങളും ആരുമറിയാതെ ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ഇതിലൂടെ കഴിയും. സാന്ത്വനപ്പെട്ടി സ്ഥാപിക്കാന്‍ 500 രൂപയും ഹെല്‍പ്ഡസ്‌ക് സേവനങ്ങള്‍ വിശദീകരിക്കുന്ന ബോര്‍ഡ് വെക്കാന്‍ 250 രൂപയും സ്‌കൂളുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്. മുഴുവന്‍ അധ്യാപകര്‍ക്കും ഇതുമായി ബന്ധപ്പെട്ട കൈപ്പുസ്തകങ്ങള്‍ നല്‍കി.

ഓരോസ്‌കൂളിലും ഓരോ അധ്യാപകര്‍ക്ക് ഹെല്‍പ്ഡസ്‌കിന്റെ ഉത്തരവാദിത്വം നല്‍കും. ഇതിനുപുറമെ പഞ്ചായത്ത് വാര്‍ഡ്‌മെമ്പറോ നഗരസഭാ വാര്‍ഡ്കൗണ്‍സിലറോ അധ്യക്ഷനും പ്രധാനാധ്യാപകന്‍ കണ്‍വീനറുമായി ഒമ്പതംഗ സ്‌കൂള്‍തല സമിതിയും രൂപവത്കരിക്കും. പി.ടി.എ. പ്രതിനിധികളായി ഒരു പുരുഷനും സ്ത്രീയും സമിതിയിലുണ്ടാകും. ഇതിനുപുറമെ അധ്യാപക, വിദ്യാര്‍ഥി പ്രതിനിധികളും ഈ അനുപാതത്തില്‍ അംഗങ്ങളാകും.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടര്‍ കണ്‍വീനറും എസ്.എസ്.എ. ജില്ലാ പ്രോജക്ട്ഓഫീസര്‍ ജോയന്റ് കണ്‍വീനറും ഡയറ്റ് പ്രിന്‍സിപ്പല്‍ കോ-ഓര്‍ഡിനേറ്ററുമായി ജില്ലാതല മേല്‍നോട്ടസമിതിയുമുണ്ട്. ജില്ലാ സാമൂഹികക്ഷേമ ഓഫീസര്‍, ജില്ലാ മഹിളാ സമഖ്യ കോ-ഓര്‍ഡിനേറ്റര്‍, പെണ്‍കുട്ടികളുടെ ചാര്‍ജുള്ള എസ്.എസ്.എ. പ്രോഗ്രാംഓഫീസര്‍, ഡി.ഇ.ഒ.മാര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും.

ഹെല്‍പ്ഡസ്‌കിന്റെ ജില്ലാതല ഉദ്ഘാടനം ആഗസ്ത് രണ്ടിന് ഒറ്റപ്പാലം ഈസ്റ്റ് ഹൈസ്‌കൂളില്‍ നടക്കും. അതേദിവസം എല്ലാ ബി.ആര്‍.സി.കളിലും പഞ്ചായത്ത് തലത്തിലും സ്‌കൂള്‍തലത്തിലും ഉദ്ഘാടനം നടക്കും. മുഴുവന്‍ പ്രധാനാധ്യാപകര്‍ക്കും ട്രെയ്‌നര്‍മാര്‍ക്കും കണ്‍വീനര്‍മാര്‍ക്കും പരിശീലനം പൂര്‍ത്തിയാക്കിയതായും എസ്.എസ്.എ. പ്രോജക്ട്ഓഫീസര്‍ അറിയിച്ചു.

Monday, July 25, 2011

കുട്ടികളുടെ സുരക്ഷയ്ക്ക് നഗരത്തില്‍ പദ്ധതി

: 26-Jul-2011
തൃശൂര്‍ : കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുമായി തൃശൂര്‍ നഗരത്തില്‍ "നഗരം കുട്ടികളെ സ്നേഹിക്കും" പരിപാടി നടപ്പാക്കും. സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തില്‍ സാമൂഹ്യപ്രവര്‍ത്തകരും മനശാസ്ത്രവിദഗ്ധരും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നുള്ള കൂട്ടായ്മയാണ് ഇതു സാധ്യമാക്കുക. കുട്ടികളിലെ മാനസികസംഘര്‍ഷം വലിയ സാമൂഹ്യപ്രശ്നമാവുന്നുണ്ടെന്ന് തൃശൂര്‍ പ്രസ്ക്ലബില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ കുട്ടികളുടെ അവകാശങ്ങളെസംബന്ധിച്ചുള്ള ബോധവല്‍ക്കരണപരിപാടിയില്‍ സിറ്റി പൊലീസ് കമീഷണര്‍ പി വിജയന്‍ പറഞ്ഞു. മദ്യവും മയക്കുമരുന്നും വഴിവിട്ട ജീവിതവും പതിവാക്കിയ കുട്ടികളുടെ എണ്ണം പെരുകുകയാണ്. ജീവിതത്തോട് വിരക്തി കൗമാരക്കാരില്‍ വര്‍ധിക്കുന്നുണ്ട്. ഇത്തരക്കാരെ ചൂഷണം ചെയ്യുന്ന ക്രിമിനലുകളുണ്ട്. ഇത്തരം പ്രശ്നങ്ങളെ നേരിടുകയാണ് പദ്ധതിയുടെ ലക്ഷ്യം. രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൊതുപ്രവര്‍ത്തകരുടെയും കൂട്ടായ്മയിലൂടെ ഈ സാമൂഹ്യവിപത്തിനെ നേരിടാനാണ് ലക്ഷ്യമിടുന്നത്. ചൈല്‍ഡ് വെല്‍ഫയര്‍കമ്മിറ്റി ചെയര്‍മാന്‍ പി ഒ ജോര്‍ജ്, ചൈല്‍ഡ് ലൈന്‍ തൃശൂര്‍ കോര്‍ഡിനേറ്റര്‍ ലൈസാ പോള്‍ , തൃശൂര്‍ മെഡിക്കല്‍ കോളേജ് മനശാസ്ത്രവിഭാഗത്തിലെ ഡോ.സ്മിതാ രാംദാസ് എന്നിവരും സംസാരിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ പദ്ധതി വരുന്നു

ഷൊറണൂര്‍: അഗ്‌നിബാധയും വിവിധതരം പ്രകൃതിദുരന്തങ്ങളും നേരിടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതിന് ഒരു മാതൃകാപദ്ധതി ഷൊറണൂരില്‍ യാഥാര്‍ഥ്യമാവുന്നു.

അഗ്‌നിശമനവിഭാഗവും ഷൊറണൂര്‍ നഗരസഭയും കൈകോര്‍ത്താണ് പദ്ധതി നടപ്പാക്കുന്നത്. തുടക്കമെന്ന നിലയില്‍ നഗരസഭാപരിധിയിലെ സ്‌കൂള്‍, കോളേജ് പ്രധാനാധ്യാപകര്‍ക്ക് തിങ്കളാഴ്ച പരിശീലനക്ലാസ് നടത്തി. ഓരോ സ്‌കൂളധികൃതര്‍ക്കും പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിന്നും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ നല്‍കിയിട്ടുണ്ട്. ഒരുമാസത്തിനകം സ്‌കൂളടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും.

അവശ്യം വേണ്ട സുരക്ഷാസംവിധാനങ്ങളും അഗ്‌നിശമന ഉപകരണങ്ങളും എല്ലാ സ്‌കൂളുകളിലും ഉണ്ടായിരിക്കണമെന്ന് 2009 ഏപ്രിലില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. തമിഴ്‌നാട്ടിലെ ഒരു സ്‌കൂളിലുണ്ടായ തീപ്പിടിത്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. തുടര്‍ന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പ് കരശനനിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്ന് സ്‌കൂളുകളില്‍ അഗ്‌നിശമന ഉപകരണങ്ങള്‍ വാങ്ങിയെങ്കിലും പ്രവര്‍ത്തിപ്പിക്കുന്നതിന് ആര്‍ക്കും പരിശീലനം നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് അഗ്‌നിശമനവകുപ്പ് മുന്‍കൈയെടുത്ത് വിദ്യാര്‍ഥികളില്‍ സുരക്ഷാ അവബോധം ഉണ്ടാക്കാന്‍ തീരുമാനിച്ചത്.

എല്‍.പി മുതല്‍ കോളേജ്തലംവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ദുരന്തങ്ങളുണ്ടാവുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാന്‍ ആവശ്യമായ പരിശീലനം നല്‍കുകയാണ് ലക്ഷ്യമെന്ന് ഷൊറണൂര്‍ ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ എസ്.എല്‍. ദിലീപ് പറഞ്ഞു. വിദ്യാര്‍ഥികളിലും അധ്യാപകരിലും അവബോധം ഉണ്ടാകുന്നതോടെ സ്‌കൂള്‍സുരക്ഷയും യാതാര്‍ഥ്യമാവും.

ഭൂകമ്പം, വെള്ളപ്പൊക്കം, തീപ്പിടിത്തം, മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങളുണ്ടാവുമ്പോള്‍ അടിയന്തര രക്ഷാപ്രര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള പരിശീലനം, പ്രഥമശുശ്രൂഷാ കിറ്റ് സജ്ജമാക്കല്‍, സമീപ്രദേശങ്ങളിലെ പോലീസ്, ഫയര്‍ഫോഴ്‌സ് ഓഫീസ് നമ്പറുകള്‍ എന്നിവ സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കല്‍ എന്നിവയാണ് ഇപ്പോള്‍ നടപ്പാക്കാനൊരുങ്ങുന്നത്.

ജില്ലയില്‍ ഷൊറണൂര്‍ നഗരസഭയ്ക്കുകീഴിലാണ് പദ്ധതി ആദ്യമായി നടപ്പാക്കുന്നത്. ഇതിനുള്ള ഫണ്ട് നഗരസഭ നല്‍കും. തിങ്കളാഴ്ച നഗരസഭാഓഫീസില്‍ നടന്ന പരിശീലനക്ലാസില്‍ ചെയര്‍മാന്‍ എം.ആര്‍.മുരളി ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്‍ ടി.കെ ഹമീദ് അധ്യക്ഷനായി. സ്റ്റേഷന്‍ ഓഫീസര്‍ എസ്.എല്‍. ദിലീപ് ക്ലാസെടുത്തു.

Sunday, July 24, 2011

ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകര്‍ ദുരിതത്തില്‍


 • കോഴിക്കോട്: ഏകാധ്യാപക വിദ്യാലയ(ആള്‍ട്ടര്‍നേറ്റീവ്സ്കൂള്‍)ങ്ങളിലെ അധ്യാപകരുടെ ജീവിതം ദുരിതമയമാകുന്നു. ജില്ലയിലെ 15 സെന്ററുകളിലെ അധ്യാപകര്‍ ശമ്പളമില്ലാതെ അനിശ്ചിതാവസ്ഥയില്‍ .
 • സ്കൂള്‍ പ്രവര്‍ത്തനത്തിനും സ്വന്തം ചെലവിനും അധ്യാപകര്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ട നിലയാണ്. ആള്‍ട്ടര്‍നേറ്റീവ് സ്കൂളുകളിലെ അധ്യാപകരുടെ ക്ഷേമം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ ഉറപ്പു നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അധ്യാപകര്‍ സമരം നിര്‍ത്തിവെച്ചത്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും തീരുമാനങ്ങളൊന്നും എടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല
 • . പല കാരണത്താല്‍ സ്കൂളില്‍ പോകാന്‍ കഴിയാത്ത കുട്ടികളെ കണ്ടെത്തി പഠിപ്പിച്ചു വളര്‍ത്തിയെടുക്കുക എന്ന കാഴ്ചപ്പാടോടെയാണ് ആള്‍ട്ടര്‍നേറ്റീവ് സ്കൂളുകള്‍ ആരംഭിച്ചത്.
 • ആള്‍ട്ടര്‍നേറ്റീവ് വിദ്യാലയങ്ങളിലെ അധ്യാപകരുടെ കരാര്‍ പുതുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അവരെ സ്ഥിരപ്പെടുത്തി മെച്ചപ്പെട്ട ശമ്പളം നല്‍കണമെന്നും നിയമസഭയില്‍ ഇ പി ജയരാജന്‍ എംഎല്‍എ ആവശ്യപ്പെട്ടിരുന്നു.
 • കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം നടപ്പാകുന്നതോടെ കേന്ദ്രത്തില്‍നിന്ന് ഫണ്ട് ലഭിക്കാത്തതാണ് സ്കൂളുകളുടെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കിയത്
 • . ധനവകുപ്പിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്ന നിലപാടിലാണ് മന്ത്രി പി കെ അബ്ദുറബ്ബ്.
 • പശുക്കടവ്(1), കട്ടിപ്പാറ(1), തലയാട്(2), കൊടുവള്ളി(6), പുതുപ്പാടി(5), കോടഞ്ചേരി(1) എന്നിവിടങ്ങളിലാണ് ജില്ലയില്‍ ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
 • തുച്ഛമായ തുകയാണ് അധ്യാപകര്‍ക്ക് ശമ്പളമായി ലഭിക്കുന്നത്. അതുതന്നെ മുടങ്ങിക്കിടക്കുന്നതിനാല്‍ കടം വാങ്ങി ജീവിക്കേണ്ട സ്ഥിതിയാണെന്ന് പുതുപ്പാടി പഞ്ചായത്തിലെ നാക്കിലംപാട് ഏകാധ്യാപക വിദ്യാലയത്തിലെ ജമീല പറഞ്ഞു.
 • നൂറ്റമ്പതോളം വിദ്യാര്‍ഥികളാണ് ഈ വിദ്യാലയങ്ങളില്‍ പഠിക്കുന്നത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് പുറമേ ജനറല്‍ വിഭാഗത്തിലെ കുട്ടികളും എത്തുന്നുണ്ട്. ഒരാഴ്ചക്കകം പ്രശ്നത്തിന് പരിഹാരം കാണാമെന്നാണ് സമരത്തിലായിരുന്ന അധ്യാപകരോട് മന്ത്രി പറഞ്ഞത്. എന്നാല്‍ ഇതുവരെ നടപടിയുണ്ടായില്ല.
 • മുന്‍വര്‍ഷങ്ങളില്‍ എസ്എസ്എ ഫണ്ടുപയോഗിച്ചാണ് ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്.

ഐസിഎസ്ഇ: വിവാദ പാഠം പിന്‍വലിക്കണം- വി എസ്

25-Jul-2011

തിരു: ഐസിഎസ്ഇ ഏഴാംക്ലാസ് മലയാളം പാഠാവലിയിലെ വിവാദമായ "മുരിക്കന്‍" എന്ന പാഠഭാഗം അടിയന്തരമായി പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മുരിക്കനെക്കുറിച്ചും മുരിക്കന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും തന്റേതായ വീക്ഷണത്തില്‍ ലേഖനമെഴുതാന്‍ ടി ജെ എസ് ജോര്‍ജിന് അവകാശമുണ്ട്. എന്നാല്‍ , വസ്തുനിഷ്ഠവും നിസ്തര്‍ക്കവുമാണെങ്കില്‍മാത്രമേ സ്കൂള്‍ പാഠ്യപദ്ധതിയില്‍ അത് ഉള്‍പ്പെടുത്താന്‍ പാടുള്ളൂ. കുട്ടനാട്ടിലെ കായല്‍നിലങ്ങള്‍ സംബന്ധിച്ച ടി ജെ എസ് ജോര്‍ജിന്റെ വിലയിരുത്തല്‍ ചരിത്രപരമോ വസ്തുനിഷ്ഠമോ അല്ല. റാണി, ചിത്തിര, മാര്‍ത്താണ്ഡം കായല്‍നിലങ്ങള്‍ ആയിരക്കണക്കിന് പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളുടെ വിയര്‍പ്പിന്റെ ഫലമാണ്. ആ പാടങ്ങളുണ്ടാക്കാന്‍ നിരവധി തൊഴിലാളികള്‍ക്ക് ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്നു. ഒരുക്കിയെടുത്ത കായല്‍നിലത്തെ വിളഭൂമിയാക്കി നെല്ലറയാക്കിയത് ആയിരക്കണക്കിന് തൊഴിലാളികളുടെ അധ്വാനം കൊണ്ടാണ്. അതൊന്നും കാണാതെ മുരിക്കന്‍ എന്ന ജന്മിയെ സ്തുതിക്കുകയാണ് പാഠഭാഗം. അതിലെല്ലാമുപരി ഭൂപരിഷ്കരണത്തെയും ഭൂപരിഷ്കരണം കൊണ്ടുവന്ന ഇ എം എസ് സര്‍ക്കാരിനെയും പരിഹസിക്കുകയും ആക്ഷേപിക്കുകയുമാണ് പാഠഭാഗത്ത്.

ഭൂപരിഷ്കരണം കേരളത്തിലെ എല്ലാ കക്ഷികളും അംഗീകരിച്ച ഐതിഹാസികമായ നിയമമാണ്. അത് ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെട്ടതാണ്. കേരളത്തിന്റെ സാമൂഹ്യപുരോഗതിയുടെ അടിസ്ഥാനംതന്നെ ഭൂപരിഷ്കരണമാണെന്ന് അംഗീകരിക്കപ്പെട്ടതാണ്. ഭൂപരിഷ്കരണം പ്രായോഗിക ബോധമില്ലാതെ നടപ്പാക്കിയെന്നും കായല്‍നിലങ്ങളുടെ ജന്മിയായിരുന്ന മുരിക്കനെ അവഗണിച്ചെന്നുമുള്ള പാഠഭാഗത്തെ ആക്ഷേപങ്ങള്‍ സത്യവിരുദ്ധമാണ്. മുരിക്കനും മക്കള്‍ക്കെല്ലാവര്‍ക്കും നിയമാനുസൃതം ലഭിക്കാവുന്നത്ര ഭൂമി പ്രത്യേകമായി തന്നെ ലഭിച്ചിട്ടുണ്ടെന്നതാണ് വസ്തുത. ചരിത്രസത്യങ്ങള്‍ക്കും സാമൂഹ്യനീതിക്കും നിരക്കാത്ത പരാമര്‍ശങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ലേഖനഭാഗം പാഠാവലിയില്‍ ഉള്‍പ്പെടുത്തിയത് അക്ഷന്തവ്യമാണ്. പാഠപുസ്തകത്തിന്റെ ഉപദേശകസമിതി അറിയാതെയാണ് ഈ ലേഖനം പുസ്തകത്തില്‍ തിരുകിക്കയറ്റിയതെന്നാണ് വിവരം. അതുസംബന്ധിച്ച് കേന്ദ്ര മാനവശേഷി മന്ത്രാലയം അന്വേഷിക്കണമെന്നും വി എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

Saturday, July 23, 2011

പഠനനിലവാരം: ആദിവാസിമേഖലയെക്കാള്‍ പിന്നില്‍ കാര്‍ഷികമേഖല

24 Jul 2011
പാലക്കാട്: വിദ്യാഭ്യാസനിലവാരത്തില്‍ ആദിവാസിമേഖലയായ അട്ടപ്പാടിയെക്കാള്‍ പിന്നിലാണ് കാര്‍ഷികമേഖലയെന്ന് ഇതുസംബന്ധിച്ച് ജില്ലാതലത്തില്‍ നടന്ന ഗവേഷണറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജില്ലയിലെ കാര്‍ഷികമേഖലയും ഭാഷാന്യൂനപക്ഷദേശങ്ങളും ഉള്‍പ്പെടുന്ന ആലത്തൂര്‍, കുഴല്‍മന്ദം, കൊല്ലങ്കോട്, ചിറ്റൂര്‍ പ്രദേശങ്ങളിലെ കുട്ടികള്‍ പഠനത്തില്‍ അട്ടപ്പാടിയിലെ ആദിവാസിക്കുട്ടികളെക്കാള്‍ പിന്നാക്കമാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ജില്ലയിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ച് 'യൂണിസെഫി'ന്റെ സഹകരണത്തോടെ പാലക്കാട് ഡയറ്റാണ് ഗവേഷണ പഠനം നടത്തിയത്.

ഇതിന്റെ തുടര്‍ച്ചയായി ജില്ലയിലെ പഠനനിലവാരം ഉയര്‍ത്താന്‍ ഒരു പ്രചാരണശില്പശാല ജൂലായ് 27ന് രാവിലെ 9.30ന് ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

'റീച്ചിങ് അണ്‍റീച്ച്ഡ്' എന്ന് പേരിട്ട ഗവേഷണ പഠനത്തില്‍ ജില്ലയിലെ നാല്, ഏഴ് ക്ലാസുകളിലെ കുട്ടികളെയാണ് ഉള്‍പ്പെടുത്തിയത്. 2010 ഡിസംബര്‍ മുതല്‍ 2011 ജൂണ്‍ വരെയായിരുന്നു ഗവേഷണം. ആദിവാസി-ഭാഷാന്യൂനപക്ഷ-കാര്‍ഷിക മേഖലകളിലെ തിരഞ്ഞെടുത്ത 30 സ്‌കൂളിലായിരുന്നുപഠനം. പ്രൈമറി-അപ്പര്‍പ്രൈമറി വിഭാഗങ്ങളില്‍ 225 വീതം കുട്ടികളെയും അത്രതന്നെ രക്ഷിതാക്കളെയും നേരില്‍ക്കണ്ടാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. കൂടാതെ 15 പ്രൈമറിസ്‌കൂള്‍ അധ്യാപകരില്‍നിന്നും 60 യു.പി.സ്‌കൂള്‍ അധ്യാപകരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

കുട്ടികളുടെ കുടുംബപശ്ചാത്തലം, സാമൂഹികചുറ്റുപാട്, ക്ലാസ്‌റൂം അന്തരീക്ഷം, സ്‌കൂളിലെ സാഹചര്യങ്ങള്‍ എന്നിവയാണ് പഠനവിധേയമാക്കിയത്. ഡയറ്റ് അധ്യാപകര്‍, ബി.ആര്‍.സി. പരിശീലകര്‍, പരിശീലനം നേടിയ ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ എന്നിവരാണ് വിവരശേഖരണം നടത്തിയത്.

ഇതിന്റെ തുടര്‍ച്ചയായി ജൂലായ് 27ന് നടക്കുന്ന സെമിനാര്‍ എം.ബി.രാജേഷ് എം.പി. ഉദ്ഘാടനംചെയ്യും. ഷാഫി പറമ്പില്‍ എം.എല്‍.. ഗവേഷണറിപ്പോര്‍ട്ട് പ്രകാശനംചെയ്യും. യൂണിസെഫിന്റെ ചീഫ് കണ്‍സള്‍ട്ടന്റ് അരുണാരത്‌നം മുഖ്യാതിഥിയാവും.

ശില്പശാലയെക്കുറിച്ച് വിശദീകരിക്കാന്‍ചേര്‍ന്ന പത്രസമ്മേളനത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍.കണ്ടമുത്തന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്‍ എസ്.അബ്ദുള്‍റഹിമാന്‍, പാലക്കാട് ഡയറ്റ് പ്രിന്‍സിപ്പല്‍ സി.ബാബു, സീനിയര്‍ ലക്ചറര്‍ .രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

പഠിപ്പിക്കാന്‍ താല്‍ക്കാലിക അധ്യാപകര്‍ മാത്രം; ബെല്ലടിക്കാനും

തൃശ്ശൂര്‍: ഇങ്ങനെയുമുണ്ടോ ഒരു സ്‌കൂള്‍ എന്ന് ആരും ചോദിച്ചുപോകും പെരുവല്ലൂര്‍ എളവള്ളി സര്‍ക്കാര്‍ സ്‌കൂളിന്റെ സ്ഥിതികണ്ടാല്‍. ഇവിടെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ആകെയുള്ളത് 12 താല്‍ക്കാലിക അധ്യാപകര്‍. ഇവര്‍ക്കാര്‍ക്കും ഒരു വര്‍ഷമായി ശമ്പളവുമില്ല. പ്രിന്‍സിപ്പലോ, സ്ഥിരം അധ്യാപകരോ ഇല്ലെന്നതു പോകട്ടെ; ഒരു പ്യൂണ്‍ പോലുമില്ല ഇവിടെ. ഗേറ്റ് തുറക്കുന്നതും ബെല്ലടിക്കുന്നതുമെല്ലാം അധ്യാപകര്‍ തന്നെ.

പെരുവല്ലൂര്‍ എളവള്ളി സര്‍ക്കാര്‍ വിദ്യാലയത്തിലെ താല്‍ക്കാലിക അധ്യാപകരാണ് അധ്യാപനം അക്ഷരാര്‍ത്ഥത്തില്‍ സേവനമാക്കുന്നത്. ബെല്ലടിക്കുന്നതും ഓഫീസ് ജോലികള്‍ ചെയ്യുന്നതും ക്ലാസ് മുറികള്‍ പൂട്ടുന്നതുമെല്ലാം താല്‍ക്കാലിക അധ്യാപകര്‍ തന്നെയാണ്.

2010-11 അദ്ധ്യയനവര്‍ഷത്തിലാണ് വിദ്യാലയത്തെ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തിയത്. സ്ഥിരം അധ്യാപകരെയൊന്നും നിയമിക്കാത്തതിനാല്‍ മുഴുവന്‍ തസ്തികകളിലും താല്‍ക്കാലിക ജീവനക്കാരാണ്.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ താല്‍ക്കാലിക അധ്യാപകര്‍ക്ക് ഒരു ദിവസം മുന്നൂറു രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ബാച്ചിന് അംഗീകാരം കിട്ടിയെങ്കിലും അധ്യാപക തസ്തികകള്‍ക്ക് അംഗീകാരം ലഭിക്കാത്തതാണ് ശമ്പളം ലഭിക്കാത്തതിനു കാരണം. താല്‍ക്കാലിക അധ്യാപകന്റെ സേവനം അധ്യയനവര്‍ഷത്തിന്റെ അവസാനത്തോടെ തീരുകയും പുതിയ അധ്യയന വര്‍ഷത്തില്‍ വീണ്ടും കൂടിക്കാഴ്ചകളിലൂടെ നിയമിക്കുകയുമാണ് പതിവ്. എന്നാല്‍ എളവള്ളി വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനം നടത്തുന്നതും താല്‍ക്കാലിക അധ്യാപകരാണ്.

ഇരുനൂറിലധികം വിദ്യാര്‍ത്ഥികളാണിവിടെ പഠിക്കുന്നത്. ഒരു വിദ്യാലയത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെയില്ല. ലാബ് സൗകര്യങ്ങള്‍ അപൂര്‍ണമാണ്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ വരാന്തയില്‍ മഴയേല്‍ക്കുന്ന സ്ഥലത്ത് ഒരു വിദ്യാലയത്തിലെ മുഴുവന്‍ താല്‍ക്കാലിക അധ്യാപകരും ശമ്പളം ലഭിക്കാതെ ജോലി ചെയ്യുന്ന വിവരം എം.എല്‍.. യെ ധരിപ്പിച്ചെങ്കിലും ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ല.
--

പാഠപുസ്തക വിവാദം വീണ്ടും: 10-ാംക്ലാസിലെ സാമൂഹ്യപാഠം വെബ്‌സൈറ്റില്‍ തിരുത്തും

തിരുവനന്തപുരം: പാഠപുസ്തകങ്ങളെച്ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല. പത്താംക്ലാസിലെ സാമൂഹ്യശാസ്ത്രം പുസ്തകത്തിനു പിന്നാലെ .സി.എസ്. സിലബസിലെ ഏഴാം ക്ലാസ് മലയാളം പാഠപുസ്തകത്തിലെ ഒരധ്യായത്തെപ്പറ്റിയും പരാതി ഉയര്‍ന്നുകഴിഞ്ഞു.

സംസ്ഥാന സിലബസിലെ പത്താംക്ലാസിലെ വിവാദഭാഗം തിരുത്താന്‍ എസ്.സി..ആര്‍.ടി സംസ്ഥാന സര്‍ക്കാരിന്റെ അനുവാദം തേടിയിട്ടുണ്ട്. കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പരാതി പ്രകാരം സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് പാഠഭാഗം തിരുത്തുന്നത്. തിരുത്തിയ പാഠഭാഗം എസ്.സി..ആര്‍.ടിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അധ്യാപകര്‍ വെബ്‌സൈറ്റില്‍ നിന്നെടുത്ത് ഇത് പഠിപ്പിക്കണം. വിദ്യാര്‍ഥികള്‍ക്ക് തിരുത്തിയ പാഠഭാഗം പ്രത്യേകമായി അച്ചടിച്ചു നല്‍കുന്നതുവഴിയുള്ള അസൗകര്യം ഒഴിവാക്കാനാണ് തീരുമാനം. സര്‍ക്കാരിന്റെ അനുമതി കിട്ടിയാലുടന്‍ തിരുത്തല്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനാണ് എസ്.സി.. ആര്‍.ടിയുടെ തീരുമാനം. എന്നാല്‍ തിരുത്തിയ പാഠഭാഗം പഠിപ്പിക്കില്ലെന്ന നിലപാടിലാണ് ഇടതുപക്ഷ അധ്യാപക സംഘടനയായ കെ.എസ്.ടി..

പത്താംക്ലാസ് സാമൂഹ്യപാഠത്തിലെ 'ആധുനിക സമൂഹത്തിന്റെ ഉദയം' എന്ന തലക്കെട്ടില്‍ യൂറോപ്പിലെ നവോത്ഥാനത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കത്തോലിക്കാ സഭാവിരുദ്ധമാണെന്നായിരുന്നു പരാതി.
--

ക്ലാസ് മുറിയില്‍ ക്ഷേത്രകലകളുടെ രംഗാവതരണം

ചാവക്കാട്: ക്ഷേത്രകലാരൂപങ്ങളായ ചാക്യാര്‍കൂത്തും കഥകളിയും ക്ലാസ് മുറിയിലെ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ അരങ്ങേറിയത് കുട്ടികള്‍ക്ക് നവ്യാനുഭവമായി. 10-ാം ക്ലാസിലെ പാഠ്യപദ്ധതിയുടെ ഭാഗമായാണ് ചാവക്കാട് എം.ആര്‍.ആര്‍.എം. ഹൈസ്‌കൂളിലെ വിദ്യാരംഗം സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ചാക്യാര്‍കൂത്തും കഥകളിയും അവതരിപ്പിച്ചത്. മുരിങ്ങ ഉപ്പേരിയും ചോറും എന്ന പാഠത്തെ ആസ്പദമാക്കിയാണ് ചാക്യാര്‍കൂത്ത് അവതരിപ്പിച്ചത്.

കലാമണ്ഡലം കനകകുമാറും സംഘവുമാണ് ചാക്യാര്‍കൂത്തും കഥകളിയും അവതരിപ്പിച്ചത്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം പി.ടി.. പ്രസിഡന്റ് ഫിറോസ് പി. തൈപ്പറമ്പില്‍ നിര്‍വഹിച്ചു.

Friday, July 22, 2011

സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും ഒത്തുകളി - കെ.എസ്.ടി.എ.

: 23 Jul 2011
തിരുവനന്തപുരം: സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് അനുകൂലമായ കോടതിവിധി വന്നത് സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും ഒത്തുകളിയാണെന്ന് കെ.എസ്.ടി.എ. ജനറല്‍ സെക്രട്ടറി എം.ഷാജഹാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

സി.ബി.എസ്.ഇ. മാനദണ്ഡങ്ങള്‍ പാലിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും എന്‍.ഒ.സി. നല്‍കുന്ന മന്ത്രിസഭ തീരുമാനത്തെത്തുടര്‍ന്നാണ് അനുകൂല വിധി വന്നത്. കോടതിയുടെ പേരുപറഞ്ഞ് സ്വകാര്യ സ്‌കൂളുകള്‍ക്ക് അനുമതി നല്‍കാനാണ് ശ്രമം. ഇത് സര്‍ക്കാരിന്റെ നയംമാറ്റമാണ്.

പാഠ്യപദ്ധതി അട്ടിമറിക്കാനാണ് ശ്രമം. പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ ഒന്നാം അധ്യായം പഠിപ്പിക്കേണ്ടെന്ന തീരുമാനം അംഗീകരിക്കില്ല. കരിക്കുലം കമ്മിറ്റി തീരുമാനിക്കാത്ത ഒരു കാര്യവും അധ്യാപകര്‍ അംഗീകരിക്കേണ്ട. ആരോപണവിധേയനായ ഒരാളെ എസ്.സി.ഇ.ആര്‍.ടി. ഡയറക്ടറാക്കിയെന്നും ഷാജഹാന്‍ ആരോപിച്ചു. ഇതിനെതിരെ 25ന് എസ്.സി.ഇ.ആര്‍.ടിക്ക് മുന്നില്‍ ധര്‍ണ നടത്തും.

കുട്ടികളുടെ എണ്ണം കുറഞ്ഞതിനെത്തുടര്‍ന്ന് പുറത്തുപോയ അധ്യാപകരെ സംരക്ഷിക്കുന്നതിന് നടപടിയെടുക്കണം. മലയാളം ഒന്നാം ഭാഷയാക്കിയ ഉത്തരവിനെ വികലമാക്കി നടപ്പാക്കാനാണ് ശ്രമം. ഭൂപരിഷ്‌കരണത്തെ ആക്ഷേപിക്കുന്ന ഐ.സി.എസ്.ഇ. ഏഴാം ക്ലാസ് പാഠപുസ്തകം പിന്‍വലിക്കണമെന്നും കെ.എസ്.ടി.എ. ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഭാരവാഹികളായ ആര്‍.മുരളി, കെ.പി.സന്തോഷ്‌കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
-

പാദവാര്‍ഷിക പരീക്ഷകള്‍ ഉള്‍ക്കൊള്ളിക്കാതെ വിദ്യാഭ്യാസ കലണ്ടര്‍

കുഴല്‍മന്ദം: സ്‌കൂളുകളില്‍ ഓണം, ക്രിസ്മസ് പരീക്ഷകള്‍ പുനരാരംഭിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും പാദവാര്‍ഷികപരീക്ഷകള്‍ ഉള്‍ക്കൊള്ളിക്കാത്ത വിദ്യാഭ്യാസകലണ്ടര്‍ പുറത്തിറങ്ങി.ഒക്‌ടോബര്‍ മൂന്നാംവാരത്തില്‍ അര്‍ധവാര്‍ഷിക പരീക്ഷകള്‍ തുടങ്ങുമെന്ന അറിയിപ്പുമാത്രമേ കലണ്ടറിലുള്ളൂ. പ്രത്യേക ഉത്തരവിലൂടെ പാദവാര്‍ഷികപരീക്ഷകള്‍ പുനഃസ്ഥാപിക്കുമെന്നാണ് അധ്യാപകര്‍ കരുതുന്നത്.

200 അധ്യയനദിവസങ്ങളാണ് കലണ്ടറിലുള്ളത്. ഓണാവധി സപ്തംബര്‍ രണ്ടുമുതല്‍ 12 വരെയാണ്. ക്രിസ്മസ് അവധിക്ക് ഡിസംബര്‍ 23ന് സ്‌കൂള്‍ അടയ്ക്കും. തുറക്കുന്നത് ജനവരി ഒന്നിനാണ്. എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 12ന് തുടങ്ങും.ഈ അധ്യയനവര്‍ഷത്തില്‍ ഏറ്റവുംകൂടുതല്‍ പ്രവൃത്തിദിനങ്ങള്‍ ജൂണിലായിരുന്നു - 23ദിവസം. ജൂലായ് (21), ആഗസ്ത് (21), സപ്തംബര്‍ (16), ഒക്‌ടോബര്‍ (18), നവംബര്‍ (22), ഡിസംബര്‍ (16), ജനവരി (21), ഫിബ്രവരി (20), മാര്‍ച്ച് (22) എന്നിങ്ങനെയാണ് മറ്റു മാസങ്ങളിലെ പ്രവൃത്തിദിനങ്ങള്‍.എസ്.എസ്.എല്‍.സി. മാതൃകാപരീക്ഷ 2012 ഫിബ്രവരി മൂന്നാംവാരത്തില്‍ തുടങ്ങും. എട്ട്, ഒമ്പത് ക്ലാസുകളിലെ വാര്‍ഷികപരീക്ഷ മാര്‍ച്ച് ആദ്യവാരത്തിലും എല്‍.പി., യു.പി. വാര്‍ഷികപരീക്ഷകള്‍ മാര്‍ച്ച് രണ്ടാംവാരത്തിലും തുടങ്ങും.
--

ജന്മിത്തത്തിന് സ്തുതിപാടുന്ന പാഠഭാഗം പിന്‍വലിക്കണം - പിണറായി

തിരുവനന്തപുരം: ഐ.സി.എസ്.ഇ. ഏഴാംക്ലാസ്സിലെ മലയാള പാഠാവലിയിലെ ജന്മിത്തത്തെ പ്രകീര്‍ത്തിക്കുന്ന ഭാഗം പിന്‍വലിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ടി.ജെ.എസ്.ജോര്‍ജിന്റെ 'ഘോഷയാത്ര' എന്ന പുസ്തകത്തിലെ 'മുരിക്കന്‍' എന്ന ഭാഗമാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അനിവാര്യമായ സാമൂഹ്യമാറ്റത്തെ പരിഹസിക്കുന്ന ഈ ഭാഗം ജനാധിപത്യം നിലനില്‍ക്കുന്ന ഒരു രാജ്യത്തിന് ഭൂഷണമല്ല.

ഭൂപരിഷ്‌കരണത്തിന് നടപടി സ്വീകരിച്ച ഇ.എം.എസ്. സര്‍ക്കാരിനെ പേരെടുത്ത് അധിക്ഷേപിക്കാനുള്ള അഭിപ്രായ സ്വാതന്ത്ര്യം ഒരെഴുത്തുകാരനുണ്ട്. പക്ഷേ അത് സ്‌കൂള്‍ സിലബസിലെ പാഠ്യവിഷയമാക്കുന്നത് അനുചിതമാണ്. കുട്ടനാട്ടില്‍ കായല്‍കൃഷി ഉണ്ടായത് മുരിക്കുംമൂട്ടില്‍ ഔതമന്‍ അഥവാ ജോസഫ് മുരിക്കന്‍ എന്ന കായല്‍ ജന്മിക്ക് വെളിപാടുണ്ടായതുകൊണ്ടാണെന്നാണ് പാഠഭാഗത്തില്‍ പറയുന്നത്. ഇത് ചരിത്ര നിഷേധമാണ്. ചിത്തിര, മാര്‍ത്താണ്ഡം, റാണി എന്നീ കായല്‍ നിലങ്ങള്‍ കൃഷിക്കനുയോജ്യമാക്കാന്‍ എല്ലുനുറുങ്ങി പണിയെടുത്തത് മുരിക്കനെന്ന ഒറ്റയാനാണെന്ന ചിത്രീകരണമാണ് പുസ്തകത്തില്‍. കുട്ടനാട്ടെ കായല്‍ നിലങ്ങളെ കൃഷിയോഗ്യമാക്കാന്‍ ജീവന്‍ വെടിഞ്ഞ കര്‍ഷകത്തൊഴിലാളികളുടെ സംഖ്യ എണ്ണിയാലൊടുങ്ങാത്തതാണ്. അത് കാണാതെ ജന്മിസ്തുതിയില്‍ കേന്ദ്രീകരിച്ച വിവരണം കുട്ടികളെ പഠിപ്പിക്കുന്നത് ചരിത്രത്തെ വികലമാക്കലാണ് - പിണറായി പ്രസ്താവനയില്‍ പറഞ്ഞു.
--

വിദ്യാലയങ്ങളില്‍ മലയാളപ്പെരുമ

തിരുവനന്തപുരം: മാതൃഭാഷാ സ്‌നേഹം പുതുതലമുറയിലേക്കെത്തിക്കുന്നതിനായി തൃശ്ശൂര്‍ സ്വദേശിയായ സജീഷ് കുട്ടനെല്ലൂര്‍ നടത്തുന്ന യാത്രയായ 'മലയാളപ്പെരുമ' ഏകാഭിനയ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പേട്ട ഗവ. ഗേള്‍സ് സ്‌കൂളില്‍ കവി ഗിരീഷ് പുലിയൂര്‍ നിര്‍വഹിച്ചു. സെന്റ് ജോസഫ്‌സ് സ്‌കൂളിലും മോഡല്‍ സ്‌കൂളിലും മലയാളപ്പെരുമ അരങ്ങേറി.

പ്രതിഫലമില്ലാതെ കേരളം മുഴുവന്‍ സഞ്ചരിച്ചാണ് സജീഷ് മലയാളപ്പെരുമ അവതരിപ്പിക്കുന്നത്. ഫോണ്‍ : 9846391755.
--

ചെണ്ടയിലെ താളവൈവിധ്യങ്ങള്‍ അടുത്തറിഞ്ഞ് ...


ഉദിനൂര്‍: ചെണ്ടയിലും അനുബന്ധ തുകല്‍ വാദ്യങ്ങളിലും പരിചയം നേടി വിദ്യാരംഗം കലാസാഹിത്യവേദിക്ക് തുടക്കമായി. ഉദിനൂര്‍ എടച്ചാക്കൈ എ.യു.പി. സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി, ബാലസഭ എന്നിവയുടെ ഉദ്ഘാടനമാണ് തുകല്‍ വാദ്യങ്ങള്‍ കണ്ടറിഞ്ഞും താളങ്ങളിലെ വൈവിധ്യം കേട്ടറിഞ്ഞും സമ്പുഷ്ടമായത്.

തായമ്പക കലാകാരനും പരിശീലകനും ദക്ഷിണേന്ത്യന്‍ സര്‍വകലാശാലാ കലോത്സവത്തില്‍ തായമ്പക ജേതാവുമായ പി.വി. കൃഷ്ണപ്രസാദാണ് സോദാഹരണ വിശദീകരണത്തോടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ചെണ്ടമേളം, തായമ്പക, പഞ്ചവാദ്യം കേളി എന്നിവയിലെ വ്യത്യാസം, ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, ഇവയുടെ നിര്‍മാണഘടകങ്ങള്‍, താളവൈവിധ്യം, കൂറുകള്‍ എന്നിവയെകുറിച്ച് വിശദമാക്കി. തായമ്പകകയിലെ വിവിധ കൂറുകള്‍, ചെണ്ടമേളത്തിലെ താളങ്ങള്‍ എന്നിവ അവതരിപ്പിച്ചു. താളം തീര്‍ക്കാന്‍ കുട്ടികള്‍ക്കും അവസരം ലഭിച്ചപ്പോള്‍ മത്സരിച്ചെത്തിയ കുട്ടികള്‍ക്കും ആവേശമായി.ഇ. രാഘവന്‍ അധ്യക്ഷനായി. കെ. ആദിത്യ സ്വാഗതവും മഞ്ജിമ മഹേഷ് നന്ദിയും പറഞ്ഞു.
--

Thursday, July 21, 2011

സ്‌കൂളുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ സൂപ്പര്‍ ഹൈവേ

22 Jul 2011
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ സൂപ്പര്‍ ഹൈവേയ്ക്ക് രൂപംനല്‍കുമെന്ന് മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ വകുപ്പില്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ പത്രസമ്മേളനത്തില്‍ മന്ത്രി വിശദീകരിച്ചു.

 • പൊതുവിദ്യാഭ്യാസ വകുപ്പിനെ 'പേപ്പര്‍ലെസ്' ഓഫീസാക്കി മാറ്റാനുള്ള ശ്രമം തുടങ്ങും. ബി.എസ്.എന്‍.എല്ലിന്റെ സഹായത്തോടെയാണ് സൂപ്പര്‍ ഹൈവേ സ്ഥാപിക്കുക. ഇതുവഴി എല്ലാ ഓഫീസര്‍മാര്‍ക്കും -മെയില്‍ വിലാസവും ലഭിക്കും. -ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. അപേക്ഷകളില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ത്താല്‍ രജിസ്റ്റര്‍ ചെയ്ത നമ്പറും തീയതിയും ഫലയലിന്റെ നീക്കങ്ങളും എസ്.എം.എസ്. വഴി അറിയാം.
 • എല്ലാ കുട്ടികള്‍ക്കും തിരിച്ചറിയല്‍ നമ്പര്‍ നല്‍കും. സ്‌കോളര്‍ഷിപ്പ്, മേളകള്‍ എന്നിവയില്‍ പങ്കെടുക്കുന്നതടക്കം എല്ലാ വിവരങ്ങളും നമ്പര്‍ അടിസ്ഥാനമാക്കിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. സപ്തംബറോടെ എല്ലാ ഹൈസ്‌കൂളുകളിലും വര്‍ഷാവസാനത്തോടെ എല്ലാ സ്‌കൂളുകളിലും സംവിധാനം നിലവില്‍വരും.
 • എസ്...ടിയുടെ ആഭിമുഖ്യത്തില്‍ ഏഴുമുതല്‍ 12 വരെയുള്ള ക്ലാസ്സിലെ കുട്ടികള്‍ക്കായി വെബ് പോര്‍ട്ടലിന് തുടക്കം കുറിക്കും.
 • പൊതുവിദ്യാലയങ്ങളില്‍ നിലവിലുള്ള സൗകര്യമുപയോഗിച്ച് രക്ഷിതാക്കള്‍ക്കും കമ്പ്യൂട്ടര്‍ പരിശീലനം നല്‍കും.
 • എല്ലാ ഹൈസ്‌കൂളിലും ഗേള്‍സ് ഫ്രണ്ട്‌ലി ടോയ്‌ലറ്റുകള്‍ നിര്‍മിക്കും.
 • വി.എച്ച്.എസ്.. വിദ്യാര്‍ഥികള്‍ക്ക് ഫിനിഷിങ് സ്‌കൂള്‍ ആരംഭിക്കും.
 • എല്ലാ സ്‌കൂള്‍ വിദ്യാര്‍ഥികളെയും ബി.പി.എല്‍. കുടുംബത്തിലെ വിദ്യാര്‍ഥികളുടെ അച്ഛനമ്മമാരെയും ഉള്‍പ്പെടുത്തി ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും.
 • സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ റെക്കോര്‍ഡിങ് സ്റ്റുഡിയോ തുടങ്ങും. യൂണിവേഴ്‌സിറ്റി കോളേജ്, വിക്ടോറിയ കോളേജ്, മഹാരാജാസ് കോളേജ്, ബ്രണ്ണന്‍ കോളേജ് എന്നിവ പൈതൃക സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
 • തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ ഗവേഷണ പാര്‍ക്ക്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്‍ജിനീയറിങ് റിസര്‍ച്ച് സെന്റര്‍ എന്നിവ സ്ഥാപിക്കും.
 • എല്ലാ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജുകളിലും ഡിജിറ്റല്‍ ഡോക്യുമെന്റ് ഫയലിങ് സിസ്റ്റം നടപ്പിലാക്കും.
 • ചെങ്ങന്നൂര്‍ എന്‍ജിനീയറിങ് കോളേജിലെ ലൈബ്രറി ബ്ലോക്കിന്റെയും ആറ്റിങ്ങല്‍, കരുനാഗപ്പള്ളി എന്‍ജിനീയറിങ് കോളേജുകളിലെ അക്കാദമിക് ബ്ലോക്കുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കും.
 • കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജിന്റെ അക്കാദമിക് ബ്ലോക്ക്, എറണാകുളം മോഡല്‍ എന്‍ജിനീയറിങ് കോളേജിന്റെ പി.ജി. ബ്ലോക്ക്, കരുനാഗപ്പള്ളി എന്‍ജിനീയറിങ് കോളേജിന്റെ വര്‍ക്ക്‌ഷോപ്പ്, പെരിന്തല്‍മണ്ണ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അക്കാദമിക് ബ്ലോക്ക് എന്നിവയുടെ നിര്‍മാണം തുടങ്ങും.
 • .എച്ച്.ആര്‍.ഡിയുടെ കീഴില്‍ പത്തനംതിട്ട ജില്ലയിലെ കോന്നിയിലും മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിലും സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കും.
 • കേരള ശാസ്ത്രസാങ്കേതിക മ്യൂസിയത്തില്‍ ആധുനിക ഇലക്ട്രിക്കല്‍ ഗ്യാലറി, ശലഭോദ്യാനം, കള്ളിമുള്‍ച്ചെടി ഉദ്യാനം, പുതിയ പ്ലാനറ്റേറിയ പ്രദര്‍ശനം, പുതിയ ലേസര്‍ പ്രദര്‍ശനം, പോപ്പുലര്‍ സയന്‍സ് പ്രദര്‍ശനവസ്തുക്കളുടെ നിര്‍മാണം, ഹാം റേഡിയോ കോഴ്‌സ്, അസ്‌ട്രോണമി കോഴ്‌സ്, അസ്‌ട്രോണമി ഗ്യാലറി എന്നിവ ആരംഭിക്കും.
 • കേരള ശാസ്ത്ര-സാങ്കേതിക മ്യൂസിയത്തിലെ വാനനിരീക്ഷണശാലയില്‍ അത്യാധുനിക ടെലിസ്‌കോപ്പുകള്‍ സ്ഥാപിക്കും. ശാസ്ത്ര-സാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ ലക്ഷദ്വീപിലെ കവരത്തിയില്‍ സയന്‍സ് സെന്റര്‍ സ്ഥാപിക്കും

മരങ്ങള്‍ നട്ട് മനുഷ്യരാവാന്‍...

മരങ്ങള്‍ നട്ട മനുഷ്യന്റെ മാതൃക പിന്തുടരാന്‍' വായനയിലൂടെ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുകയാണ് കുട്ടനെല്ലൂരിലെ അക്ഷരസ്‌നേഹ സമിതി.

പുഴയും മണ്ണും മരവും വിഷലിപ്തമാക്കുന്ന സംസ്‌കാരം നാള്‍ക്കുനാള്‍ നാടിനെ ഊഷരമാക്കിക്കൊണ്ടിരിക്കുന്ന കാലത്ത് വിഖ്യാത ഫ്രഞ്ച് എഴുത്തുകാരനായ ജീന്‍ ഗിയാനോയുടെ 'മരങ്ങള്‍ നട്ട മനുഷ്യന്‍' എന്ന നോവലിന്റെ കോപ്പികള്‍ ക്ലാസ്മുറികളില്‍ എത്തിക്കുകയാണിവര്‍. വായനയുടെ പ്രസക്തി നിലനിര്‍ത്തി പരിസ്ഥിതി സംരക്ഷണ ബോധത്തിലേക്ക് കുട്ടികളെ നയിക്കുവാനാണ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്. അസംതുലിത വികസനം നന്മകള്‍ തണല്‍ വിരിക്കുന്ന പച്ചപ്പിനെയും നാട്ടിടവഴികളെയും തൊടികളെയുമെല്ലാം വിഴുങ്ങുമ്പോള്‍ വിദ്യാര്‍ഥികള്‍ ക്ലാസ്മുറികളില്‍ ഒതുങ്ങിക്കൂടേണ്ടവരല്ലെന്നും അവരില്‍ വായനയ്‌ക്കൊപ്പം പരിസ്ഥിതി സംരക്ഷിക്കാനുള്ള ബാധ്യത കൂടിയുണ്ടെന്നും ഈ നോവലില്‍ വെളിപ്പെടുത്തുന്നു.

മൊട്ടക്കുന്നുകളുടെ പ്രാന്തപ്രദേശത്ത് താമസിക്കുന്ന ഒരാള്‍ അയാളുടെ ജീവിതം മുഴുവന്‍ വൃക്ഷത്തൈകളും ചെടികളും വെച്ചുപിടിപ്പിച്ചും വിത്തുപാകിയുമൊക്കെ നടന്നുനീങ്ങുന്നു. ആരോടും സംസാരിക്കാതെ തന്റെ പ്രവൃത്തിയില്‍ മാത്രം ശ്രദ്ധയൂന്നി കാലങ്ങള്‍ പിന്നിടുമ്പോള്‍ അവിടം മുഴുവന്‍ നിബിഡവനമായി പരിണമിച്ചതിന്റെ കാര്യം തിരക്കാന്‍ ഭരണകര്‍ത്താക്കള്‍ എത്തുന്നു. ഏറെ അന്വേഷണങ്ങള്‍ക്ക് ശേഷം മരങ്ങള്‍ നട്ട മനുഷ്യനെ കണ്ടെത്തുന്നു. നോവലിലെ ഗുണപാഠം സന്ദേശമാക്കി പ്രചരിപ്പിക്കുന്നതിനും വൃക്ഷങ്ങളോടും മണ്ണിനോടും പരിസ്ഥിതിയോടും കൂട്ടുകൂടുന്നതിനും വേണ്ടിയുള്ള ഉദ്യമമാണ് അക്ഷരസ്‌നേഹ സമിതി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഒല്ലൂര്‍ പ്രദേശത്തെയും നടത്തറ, പുത്തൂര്‍ പഞ്ചായത്തുകളിലെയും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് നോവലിന്റെ കോപ്പികള്‍ വിതരണം ചെയ്തത്. ഒപ്പം വൃക്ഷത്തൈകളും വിതരണം ചെയ്തു. മനുഷ്യന്‍ വരുത്തിവെച്ച ഭൂമിയുടെ മുറിവുണക്കാന്‍ പച്ചപ്പുകള്‍ കൊണ്ട് കഴിയുമെന്ന സന്ദേശവും ഇതോടൊപ്പം പങ്കുവെയ്ക്കുന്നു.

ഈ നോവലിനെക്കുറിച്ച് മികച്ച ആസ്വാദനക്കുറിപ്പുകള്‍ തയ്യാറാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഒല്ലൂര്‍ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഇതിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്.
ഡോ. കെ. അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. പ്രേമകുമാരി അധ്യക്ഷത വഹിച്ചു. ഗിരീശന്‍ മാസ്റ്റര്‍ വിഷയാവതരണം നടത്തി. കൗണ്‍സിലര്‍ ജയ മുത്തിപ്പീടിക, ചെറിയാന്‍ ഇ. ജോര്‍ജ്, അഗസ്റ്റിന്‍ കുട്ടനെല്ലൂര്‍, അലക്‌സ് ജെ. ഇമ്മട്ടി, സുരേന്ദ്രന്‍ പെരിഞ്ചേരി, എ.എ. ജോസ് എന്നിവര്‍ പ്രസംഗിച്ചു.

Wednesday, July 20, 2011

വികസന വിഷയത്തില്‍ വിദ്യാര്‍ഥി 'ഇടപെടല്‍' ബജറ്റ് ചര്‍ച്ചയില്‍ തീ പാറി

: 21 Jul 2011

ചേര്‍ത്തല നാടിന്റെ വികസന വിഷയങ്ങളിലും വിദ്യാര്‍ഥികള്‍ക്കു ശ്രദ്ധ. സംസ്ഥാന ബജറ്റ് തീരദേശത്തില്‍ അനുകൂലമോ പ്രതികൂലമോ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വിദ്യാര്‍ഥി സംവാദത്തില്‍ തീ പാറി.

അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസ്സീസി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരന്നു സംവാദം സംഘടിപ്പിച്ചത്. ചര്‍ച്ചയില്‍ തീരദേശത്തെ അവഗണിച്ചു എന്ന വാദമുഖത്തിനായിരുന്നു മുന്‍തൂക്കം. കടല്‍ഭിത്തി നിര്‍മാണം, അര്‍ത്തുങ്കല്‍, ചെത്തി ഉള്‍പ്പെടെയുള്ള ഫിഷിങ് ഹാര്‍ബറുകളുടെ നിര്‍മാണം, തുടങ്ങിയ അടിസ്ഥാന മേഖലയില്‍പ്പോലും അവഗണന നേരിട്ടു. തീരദേശ വികസന അതോറിറ്റിക്ക് നാമമാത്രമായ അഞ്ചുകോടി രൂപയുടെ പദ്ധതി മാത്രം വിഭാവന ചെയ്തതും തീരദേശ അവഗണനയുടെ വ്യക്തമായ സൂചനയാണെന്നും വാദിച്ചു. ജില്ലയ്ക്കു പൊതുവേ ആരോഗ്യ പാക്കേജ് ഇല്ലാത്തത് ജില്ലയോട് പൊതുവിലുള്ള അവഗണനയാണെന്ന് ചര്‍ച്ചയില്‍ വിലയിരുത്തപ്പെട്ടു.

റിട്ട. താലൂക്ക് ഇന്‍ഡസ്ട്രിയല്‍ ഓഫീസറും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. പീറ്റര്‍ ജെ.കുരിശിങ്കല്‍ മോഡറേറ്ററായിരുന്നു. ലാല്‍ കോയില്‍ പറമ്പില്‍ സംവാദം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ പി.സി. റാഫേല്‍, അധ്യാപകരായ പി.. ജാക്‌സണ്‍, ലിറ്റി അഗസ്റ്റിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അധ്യാപകരായ ലിസമ്മ കാര്‍ഡോസ്, മോളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


ഒന്നാംഭാഷ മലയാളം: പഠനസമയംമാറ്റും

: 21 Jul 2011

തിരുവനന്തപുരം: മലയാളം നിര്‍ബന്ധവിഷയമാക്കിയതിനെ തുടര്‍ന്ന് ഇതിന് പീരീഡ് സൃഷ്ടിക്കാന്‍ മൊത്തം പീരീഡുകളുടെ ദൈര്‍ഘ്യത്തില്‍ ക്രമീകരണം നടത്തുമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് നിയമസഭയെ അറിയിച്ചു. ഇതുമൂലം സ്‌കൂളുകളിലെ പഠനസമയത്തില്‍ മാറ്റമുണ്ടാകുമെന്ന് എളമരം കരീം, പി.കെ.ഗുരുദാസന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് മന്ത്രി മറുപടി നല്‍കി. പുതുതായി മലയാളം അധ്യാപകരുടെ തസ്തിക സൃഷ്ടിക്കാതെയാകും ക്രമീകരണം നടത്തുകയെന്ന് മന്ത്രി അറിയിച്ചു.

തഴക്കര പഞ്ചായത്തിലെ സ്‌കൂളുകളില്‍ 'കൃഷിപാഠം'


മാവേലിക്കര: സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ കൃഷിയോടുള്ള ആഭിമുഖ്യം വളര്‍ത്താന്‍ തഴക്കര പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളിലും 'കൃഷിപാഠം' തുടങ്ങുന്നു. ഓരോ സ്‌കൂളിലും സ്ഥലത്തിന്റെ ലഭ്യതയ്ക്കനുസരിച്ച് വാഴ, ചേന, ചേമ്പ്, കാച്ചില്‍, പച്ചക്കറികള്‍ എന്നിവയാണ് കൃഷി ചെയ്യുന്നത്. സ്ഥലം ഒട്ടും ലഭ്യമല്ലാത്ത സ്‌കൂളുകളില്‍ ചട്ടിയിലോ ചാക്കിലോ മണ്ണുനിറച്ച് കൃഷി ചെയ്യാം. കൃഷിപാഠം പദ്ധതിയ്ക്കാവശ്യമായ വിത്തും വളവും ജനകീയാസൂത്രണത്തില്‍ ഉള്‍പ്പെടുത്തി ലഭ്യമാക്കും. മറ്റ് സാങ്കേതിക സഹായങ്ങള്‍ തഴക്കര കൃഷിഭവന്‍ നല്‍കും.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളിലും ഒരേപോലെ ഇത്തരം പദ്ധതി നടപ്പിലാക്കുന്നതെന്ന് തഴക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കോശി എം.കോശിയും കൃഷി ഓഫീസര്‍ അഭിലാഷ് കരിമുളയ്ക്കലും പറഞ്ഞു. പഞ്ചായത്തില്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലായി 20 സ്‌കൂളുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി എല്ലാ സ്‌കൂളുകളിലെയും പ്രഥമാധ്യാപകരുടെയും പി.ടി.എ. പ്രസിഡന്റുമാരുടെയും യോഗം പഞ്ചായത്ത് വിളിച്ചു ചേര്‍ത്തിരുന്നു. പദ്ധതിയ്ക്കാവശ്യമായ പച്ചക്കറി വിത്തുകള്‍ ജില്ലാ കൃഷിത്തോട്ടത്തില്‍നിന്ന് വാഴക്കന്നുകള്‍ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ വഴിയുമാണ് ലഭ്യമാക്കിയത്.

കൃഷിപാഠം പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനത്തിന്റെ ഭാഗമായി ഇറവങ്കര ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വളപ്പില്‍ 101വിദ്യാര്‍ഥികള്‍ 101 വാഴക്കന്നുകള്‍ നട്ടു. തഴക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ .കോശി എം.കോശി പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എം.ഓമനക്കുട്ടിയമ്മ, അഡ്വ. ഇറവങ്കര വിശ്വനാഥന്‍, മുരളി വൃന്ദാവനം, വി.മാത്തുണ്ണി, കൃഷി ഓഫീസര്‍ അഭിലാഷ് കരിമുളയ്ക്കല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സ്‌കൂള്‍ വളപ്പില്‍ വിദ്യാര്‍ഥികള്‍ നടുന്ന വാഴയും പച്ചക്കറിയും അവരവര്‍ തന്നെയാണ് പരിചരിക്കേണ്ടത്. അധ്യയന വര്‍ഷം തീരുന്നതിന് മുമ്പായി കൃഷിയുടെ വിളവെടുപ്പ് നടക്കും. ഏറ്റവും നല്ല വിളവ് നേടുന്ന സ്‌കൂളിനും വിദ്യാര്‍ഥിയ്ക്കും പ്രത്യേകം അവാര്‍ഡ് നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

വായനയുടെ വാതായനം തുറന്ന് പുസ്തകോത്സവം

കായംകുളം: വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്താന്‍ ലക്ഷ്യമിട്ട് പത്തിയൂര്‍ പഞ്ചായത്ത് ഹൈസ്‌കൂളില്‍ പുസ്തകോത്സവം നടന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ചാണ് സംസ്ഥാന സാംസ്‌ക്കാരിക വകുപ്പിന്റെ കീഴിലുള്ള ബുക്ക് മാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസത്തെ പുസ്തകപ്രദര്‍ശനവും വില്‍പനയും സംഘടിപ്പിച്ചത്. കുട്ടികള്‍ക്കുള്ള ആയിരത്തിലധികംപുസ്തകങ്ങളായിരുന്നു മേളയിലെ ആകര്‍ഷണം. നോവല്‍, ചെറുകഥ, കവിത, നാടകം, ലേഖന സമാഹാരം തുടങ്ങി വിവിധ സാഹിത്യശാഖകളില്‍പ്പെട്ട പുസ്തകങ്ങളും പ്രദര്‍ശനത്തിനൊരുക്കി.

വായനയും പുസ്തകങ്ങളോടുള്ള ആഭിമുഖ്യവും പുതിയ തലമുറയില്‍ കുറയുന്നില്ല എന്ന് പുത്സകോത്സവത്തിന്റെ വിജയം തെളിയിക്കുന്നതായി സംഘാടകര്‍ പറഞ്ഞു. വിശ്വോത്തര ഗ്രന്ഥങ്ങള്‍ പരിചയപ്പെടാനും വാങ്ങാനും വിദ്യാര്‍ഥികള്‍ പുത്സകമേള പ്രയോജനപ്പെടുത്തുകയും ചെയ്തു.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവര്‍ത്തനോദ്ഘാടനവും പുസ്തകമേളയുടെ ഉദ്ഘാടനവും ഹെഡ്മാസ്റ്റര്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു. കലാവേദി കണ്‍വീനര്‍ എന്‍.മുരാശിശംഭു അധ്യക്ഷത വഹിച്ചു. അബ്ദുള്‍ വാഹിദ് പ്രസംഗിച്ചു.

കൗതുകത്തില്‍വിരിഞ്ഞ പരീക്ഷണം; 'കുട്ടിശാസ്ത്രജ്ഞര്‍' വിസ്മയിപ്പിച്ചു


വിദ്യാര്‍ഥികള്‍ നിത്യ ജീവിതത്തിലെ ശാസ്ത്രം എന്ന വിഷയത്തിലൂന്നി നടത്തിയ പരീക്ഷണങ്ങള്‍ വിസ്മയകാഴ്ചയൊരുക്കി. കൗതുകത്തില്‍ നിന്ന് വിരിഞ്ഞ പരീക്ഷണങ്ങള്‍ വിശദീകരിച്ചും പ്രവര്‍ത്തിപ്പിച്ചും കൈയ്യടി നേടിയപ്പോള്‍ അധ്യാപകര്‍ക്കും രക്ഷിതാക്കാള്‍ക്കും അഭിമാന നിമിഷങ്ങളായി. രസതന്ത്ര വര്‍ഷാഘോഷത്തിന്റെ ഭാഗമായി പറയകാട് ഗവ. യു.പി.സ്‌കൂള്‍ ഹാളിലാണ് വിദ്യാര്‍ഥികള്‍ ശാസ്ത്ര കൗതുകത്തിന്റെ മഴവില്ലുവിരിയിച്ചത്.

വിദ്യാര്‍ഥികളായ നിഥിന്‍, അഖില്‍, സ്വാതികൃഷ്ണ, സല്‍മാന്‍ സിറാജ്, അക്ഷര, സുദര്‍ശന, ശരണ്യ, നസിയ, അഞ്ജുമോള്‍ തുടങ്ങിയവര്‍ കൊച്ചുപരീക്ഷണങ്ങള്‍ അവതരിപ്പിച്ചു. കെ.ബി. സജീവ്, ഹെഡ്മിസ്ട്രസ് കെ.ജി. ശ്രീദേവി എന്നിവര്‍ കുട്ടിശാസ്ത്രജ്ഞരെ അനുമോദിച്ചു. അധ്യാപകരായ എസ്. സീമ, സന്ധ്യ വി.പ്രഭു, കെ.എസ്. ശ്രീലത, കെ.കെ. തിലകദാസ്, വി.പി. മുരളീധരന്‍, എന്‍.എ. മനോജ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.സ്‌കൂള്‍ ടൈം പഠിക്കാം, പണവും സമ്പാദിക്കാം

: 21 Jul 2011

ചെങ്ങന്നൂര്‍: സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി പഠനത്തോടൊപ്പം പണവും സമ്പാദിക്കാം. ചെങ്ങന്നൂരിലെ ജില്ലാ വിദ്യാഭ്യാസപരിശീലന കേന്ദ്ര(ഡയറ്റ്)മാണ് ഇതിനുള്ള പദ്ധതി നടപ്പാക്കുന്നത്. പഠനത്തിനുശേഷം വീണുകിട്ടുന്ന ഒഴിവുസമയങ്ങളില്‍ ചന്ദനത്തിരി, കടലാസുബാഗുകള്‍ എന്നിവയുടെ നിര്‍മാണത്തിലൂടെയും സ്‌ക്രീന്‍ പ്രിന്റിങ്ങിലൂടെയും പണം സമ്പാദിക്കാന്‍ സഹായിക്കുന്നതാണ് പദ്ധതി.

ഡയറ്റിലെ അധ്യാപകവിദ്യാര്‍ഥികള്‍ക്കിടയില്‍ ഇത് നടപ്പാക്കിക്കഴിഞ്ഞു. ഇവര്‍ നിര്‍മിച്ച 16 കിലോ കവര്‍ ഒരുകിലോയ്ക്ക് 14 രൂപ നിരക്കില്‍ വിറ്റു.

ഒഴിവുസമയങ്ങളില്‍ നിര്‍മിച്ച ചന്ദനത്തിരി സമീപസ്‌കൂളുകളിലെ അധ്യാപകര്‍ക്കും വിറ്റു. രാവിലെയും ഉച്ചയ്ക്കും അരമണിക്കൂറും വൈകീട്ട് അഞ്ചിനുശേഷം ഒരു മണിക്കൂറുമാണ് നിര്‍മാണജോലികള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. ആഴ്ചയില്‍ 300 രൂപമുതല്‍ 500 രൂപവരെ ഓരോ വിദ്യാര്‍ഥിക്കും സമ്പാദിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

കണ്ടറിവ്, കേട്ടറിവ്, ചെയ്തറിവ് എന്നിവയുടെ സമന്വയമാണ് പുതിയ പാഠ്യപദ്ധതി. ഒരു കവര്‍ നിര്‍മിക്കുമ്പോള്‍ കുട്ടികള്‍ 'ചെയ്തറിവി'ലൂടെ പല കാര്യങ്ങളും മനസ്സിലാക്കും. വഴികാട്ടാന്‍ അധ്യാപകര്‍ ഒപ്പമുണ്ട്. കവറുണ്ടാക്കാന്‍ കടലാസ് മുറിക്കുമ്പോള്‍ ജ്യാമിതീയരൂപങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധമുണ്ടാകുന്നു.

സ്‌ക്രീന്‍പ്രിന്റിങ്ങിലൂടെ തലയണക്കവര്‍, സാരി, കിടക്കവിരി, മേശവിരി എന്നിവ തയ്യാറാക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ക്കും അധ്യാപകവിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്കി. ജില്ലയിലെ 12 ഉപജില്ലകളില്‍നിന്നുള്ള 76 അധ്യാപകര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്കിയത്. ചെങ്ങന്നൂര്‍ ഉപജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 20 വിദ്യാലയങ്ങളിലാണ് പഠനത്തോടൊപ്പം പണവും സമ്പാദിക്കാനുള്ള പദ്ധതി ഉടനെ തുടങ്ങുന്നത്. 'ഡയറ്റ്' പ്രിന്‍സിപ്പല്‍ വി.മോഹനചന്ദ്രന്‍, പ്രീസര്‍വീസ് വിഭാഗം ഹെഡ് കെ.ജി.രാജന്‍, സീനിയര്‍ ലക്ചറര്‍ ടി.പി.സതികുമാരി, ലക്ചറര്‍ കെ.സന്തോഷ്‌കുമാര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.
കുട്ടികളുടെ ബോധവത്കരണം


ആയക്കാട്: മഴക്കാലരോഗങ്ങളെ പ്രതിരോധിക്കാനുള്ള മുന്‍കരുതലും രോഗലക്ഷണങ്ങളെപ്പറ്റിയും ആയക്കാട് സി.എ.എല്‍.പി.സ്‌കൂളിലെ കുട്ടികളുടെ നേതൃത്വത്തില്‍ ബോധവത്കരണം നടത്തി. വീടുകളിലെത്തി ലഘുലേഖകള്‍ വിതരണംചെയ്തു. കബ്മാസ്റ്റര്‍ സി.സി.സുഹാസ് നേതൃത്വം നല്കി.
സ്കൂളില്‍ ഇരുനുറിലേറെ കുട്ടികള്‍ കടലാസില്‍ മാത്രം

: 21-Jul-2011 12:35 AM
കണ്ണൂര്‍ : ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇരുനൂറിലേറെ വിദ്യാര്‍ഥികള്‍ കടലാസില്‍ മാത്രം. മട്ടന്നൂര്‍ തില്ലങ്കേരി കാവുംപടി സി എച്ച് മുഹമ്മദ്കോയ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ സി എച്ച് എം ഹയര്‍സെക്കന്‍ഡറി സ്കൂളാണ് രേഖകളില്‍ കൃത്രിമംകാട്ടി വിദ്യാഭ്യാസവകുപ്പിനെ കബളിപ്പിക്കുന്നത്. സ്കൂളിലുളള 708 കുട്ടികളില്‍ 217 പേര്‍ യഥാര്‍ഥത്തില്‍ ഈ സ്കൂള്‍തന്നെ കാണാത്തവര്‍ . ഇവരില്‍ പലരും സിബിഎസ്ഇ സിലബസുള്ള മറ്റു സ്കൂളുകളില്‍ പഠിക്കുന്നവരാണ്.മറ്റുചിലരാകട്ടെ, പഠനം ഉപേക്ഷിച്ച് ബംഗളൂരുവിലും മറ്റും ജോലി ചെയ്യുന്നു. പുതിയ അധ്യയനവര്‍ഷം "ചേര്‍ന്ന" 103 വിദ്യാര്‍ഥികള്‍ വ്യാജന്മാരാണ്്. വ്യാജ ടിസിയുണ്ടാക്കി വിദ്യാഭ്യാസവകുപ്പിനെ കബളിപ്പിക്കുന്ന സ്കൂള്‍ അധികൃതര്‍ പാഠപുസ്തകം, സ്കോളര്‍ഷിപ്പ്, മെയിന്റന്‍സ് ഗ്രാന്റ് തുടങ്ങിയവയൊക്കെ ഇല്ലാത്ത കുട്ടികളുടെ പേരില്‍ കൈപ്പറ്റുന്നുണ്ട്. അധ്യാപകനിയമനത്തിനുള്ള കോഴയായും ലക്ഷങ്ങള്‍ സ്വീകരിക്കുന്നതായി ആക്ഷേപമുണ്ട്. ഇല്ലാത്ത കുട്ടികളുടെ പഠനത്തിന് സൗജന്യമായി ലഭിക്കുന്ന പാഠപുസ്തകങ്ങള്‍ കത്തിച്ചുകളയുകയാണ്. മുസ്ലിംലീഗ് നേതാവും ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ പി പി മഹമ്മൂദാണ് സ്കൂള്‍ മാനേജര്‍ . മുസ്ലിംലീഗിന്റെ ജില്ലാ പ്രസിഡന്റാണ് ട്രസ്റ്റിന്റെ പ്രസിഡന്റ്. ലീഗുമായി ബന്ധമുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ നിന്ന് ഏഴാംക്ലാസ് പാസാവുന്ന കുട്ടികളുടെ പേരിലുളള ടിസി രക്ഷിതാക്കളും വിദ്യാര്‍ഥികളും അറിയാതെ വ്യാജമായി നിര്‍മിച്ച് കാവുംപടി സി എച്ച് എമ്മില്‍ ചേര്‍ന്നതായി കാണിച്ചാണ് തട്ടിപ്പ്. രേഖകളില്‍ മാത്രമാണ് ഇവരുടെ പേരുണ്ടാവുക. ഉദാഹരണത്തിന്: ക്രമനമ്പര്‍ - 5189 കെ അല്‍ത്താഫ്, 5177- അയൂബ് നൗഫല്‍ തുടങ്ങിയവര്‍ സി എച്ച് എമ്മിലെ വിദ്യാര്‍ഥികളെന്നാണ് രേഖകളില്‍ . എന്നാല്‍ , ഈ കുട്ടികള്‍ സ്കൂളിലില്ല. തലയെണ്ണല്‍ അടക്കമുള്ള വിദ്യാഭ്യാസവകുപ്പിന്റെ പരിശോധന സ്കൂള്‍ അധികൃതര്‍ സമര്‍ഥമായാണ് മറികടക്കുന്നത്. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് താല്‍പര്യമുള്ള അധ്യാപകരെയും ഉദ്യോഗസ്ഥരെയുമാണ് തലയെണ്ണല്‍ ഉള്‍പ്പെടെയുള്ള നടപടിക്ക് ഇവിടേക്ക് കൊണ്ടുവരാറ്. മട്ടന്നൂര്‍ പാലോട്ടുപള്ളിക്കടുത്ത ഒരു സ്കൂളിലെ ഇരുപതോളം കുട്ടികള്‍ സി എച്ച് എമ്മില്‍ "പഠിക്കുന്ന"തായി രേഖയുണ്ട്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് നല്‍കിയ അരി മറിച്ചുവിറ്റുവെന്ന വിവാദവും നേരത്തെ സ്കൂളിനെതിരെ ഉയര്‍ന്നിരുന്നു. 1995-ല്‍ ആരംഭിച്ച സ്കൂളില്‍ എട്ടുമുതല്‍ പത്തുവരെ 22 ഡിവിഷനാണ് വ്യാജന്മാരെ നിരത്തി നിലനിര്‍ത്തുന്നത്.(ദേശാഭിമാനി)

ഇല്ലായ്മയുടെ കഥകളേറെ പഠനം കഠിനം
Posted on: 20-Jul-2011 11:57 PM
മലപ്പുറം: മേല്‍ക്കൂരയുടെ സിമന്റുതേപ്പടര്‍ന്ന് താനൂര്‍ ഫിഷറീസ് സ്കൂളിലെ വിദ്യാര്‍ഥിയുടെ തലയ്ക്ക് പരിക്കേറ്റത് ഒരുമാസം മുമ്പ്. ക്ലാസ്റൂം വേണമെന്നാവശ്യപ്പെട്ട് ഒതുക്കുങ്ങല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത് കഴിഞ്ഞ ദിവസം. ലേഡീസ് ഫ്രണ്ട്ലി ടോയ്ലറ്റ് നിര്‍മിക്കാത്ത ഒരുപിടി സ്കൂളുകള്‍ . ജില്ലയിലെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഏകദേശ ചിത്രമാണിത്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ജില്ലയിലെ പല സ്കൂളുകളും ഇപ്പോഴും പിന്നിലാണ്. ഫണ്ടനുവദിക്കുന്നതിലുള്ള അപര്യാപ്തതയും വിനിയോഗത്തിലെ വീഴ്ചയുമാണ് കാരണം. കഴിഞ്ഞ വര്‍ഷം സ്കൂളുകളില്‍നടന്ന വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലാപഞ്ചായത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രധാനാധ്യാപകര്‍ക്കും പിടിഎ പ്രസിഡന്റുമാര്‍ക്കും പറയാനുള്ളതും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയെക്കുറിച്ച്. താനൂര്‍ ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആരംഭിച്ചിട്ട് വര്‍ഷം ഏറെയായെങ്കിലും ഇതുവരെയും അടിസ്ഥാന സൗകര്യങ്ങളില്ല. റസിഡന്‍ഷ്യല്‍ സ്കൂളായ ഇവിടെ ലാബടക്കം പ്രവര്‍ത്തിക്കുന്നത് വിദ്യാര്‍ഥി ഹോസ്റ്റലിലാണ്. മിക്കയിടത്തും മൂത്രപ്പുര, ലൈബ്രറി-ലാബ് സൗകര്യങ്ങള്‍ , കഞ്ഞിപ്പുര, ചുറ്റുമതില്‍ തുടങ്ങിയവ ഒരുക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ട്. ലേഡീസ് ഫ്രണ്ട്ലി ടോയ്ലറ്റുകളുടെ കുറവാണ് യോഗത്തില്‍ പ്രധാനമായും ഉയര്‍ന്നത്. സ്കൂളുകളില്‍ ലേഡീസ് ഫ്രണ്ട്ലി ടോയ്ലറ്റുകള്‍ നിര്‍മിക്കാന്‍ ഫണ്ടനുവദിച്ചിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങളുടെ പേരില്‍ പല സ്കൂളുകളിലും പദ്ധതി മുടങ്ങിക്കിടക്കയാണ്. എല്ലാ സ്കൂളുകളിലും ലേഡീസ് ഫ്രണ്ട്ലി ടോയ്ലറ്റുകള്‍ വേണമെന്ന കോടതി നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് ജില്ലയിലെ സ്കൂളുകളില്‍ ഇപ്പോഴും നിര്‍മാണം പാതിവഴിയിലായത്. കഞ്ഞിപ്പുര, പെണ്‍കുട്ടികള്‍ക്കുള്ള വിശ്രമമുറി, ചുറ്റുമതില്‍ എന്നിവയുടെ നിര്‍മാണത്തിനുള്ള പണം പൂര്‍ണമായി കിട്ടാത്തിനാലാണ് പണി പൂര്‍ത്തികരിക്കാത്തതെന്നാണ് അധികൃതരുടെ ഭാഷ്യം. ജില്ലാപഞ്ചായത്തിലും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും ഫയലുകള്‍ താമസിക്കുന്നതും പ്രവര്‍ത്തനങ്ങള്‍ വൈകാന്‍ കാരണമായി ആരോപണമുണ്ട്. സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് അനുവദിച്ച പുതിയ പ്ലസ്ടു ബാച്ചുകൂടി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ക്ലാസ്റൂമുകള്‍ ഇല്ലാത്ത പ്രശ്നം ഇനിയും രൂക്ഷമാകുമെന്ന്് അധ്യാപകരും പിടിഎ ഭാരവാഹികളും ആശങ്കപ്പെടുന്നു.