Friday, July 1, 2011

ന്യൂനപക്ഷസ്ഥാപനങ്ങള്‍ നിയന്ത്രണങ്ങള്‍ക്ക് അതീതമല്ല-കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

on: 02 Jul 2011
കോട്ടയം:ന്യൂനപക്ഷങ്ങളും അവരുടെ സ്ഥാപനങ്ങളും സാമൂഹിക നിയന്ത്രണങ്ങള്‍ക്കും പരിശോധനകള്‍ക്കും അതീതമല്ലെന്ന് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രോപ്പോലീത്ത. ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്‌മെന്റ് ഫെഡറേഷന്റെ നടപടികള്‍ സംസ്ഥാനത്തെ സാമൂഹിക അന്തരീക്ഷം മാത്രമല്ല ക്രമസമാധാനനിലയും തകര്‍ക്കുകയാണ്. ദൈവനീതിയും സ്‌നേഹവും ഉയര്‍ത്തിപ്പിടിക്കേണ്ട സഭാസ്ഥാപനങ്ങള്‍ പൊതുനിയമങ്ങളും സാമൂഹിക നിയന്ത്രണങ്ങളും നിരാകരിക്കുന്നതില്‍ ന്യായീകരണമില്ല. വിദ്യാഭ്യാസത്തിന്റെ ഗുണഭോക്താക്കള്‍ വിദ്യാര്‍ഥികള്‍ മാത്രമല്ല മുഴുവന്‍ സമൂഹവുമാണ്. വിദ്യാഭ്യാസത്തിന്റെ മുഴുവന്‍ ചെലവും വിദ്യാര്‍ഥികള്‍തന്നെ വഹിക്കണമെന്ന ചിന്ത സാമൂഹികനീതിക്കും പ്രതിബദ്ധതയ്ക്കും ചേര്‍ന്നതല്ല. സ്വാശ്രയമെന്നാല്‍ വിദ്യാര്‍ഥികളെ കടക്കാരാക്കുകയെന്നല്ലെന്നും മാര്‍ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത പ്രസ്താവനയില്‍ പറഞ്ഞു.
--

സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് സംഘടനയും

Posted on: 02 Jul 2011തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയുടെ പ്രതിഷേധവും അരങ്ങേറി. കേരള പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ നടത്തിയ ധര്‍ണ പാലോട് രവി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

സി.ബി.എസ്.ഇ- ഐ.സി.എസ്.ഇ വിദ്യാലയങ്ങള്‍ക്ക് എന്‍.ഒ.സി നല്‍കാനുള്ള നീക്കം പിന്‍വലിക്കുക, പൊതുവിദ്യാഭ്യാസസംരക്ഷണം ഉറപ്പുവരുത്തുക, ദേശീയപാഠ്യപദ്ധതി നടപ്പാക്കുക, അധ്യാപകര്‍ക്ക് ജോലി സ്ഥിരത നല്‍കുക, ശമ്പളപരിഷ്‌കരണത്തിലെ അപാകങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ.

സംസ്ഥാന പ്രസിഡന്റ് പി.ഹരിഗോവിന്ദന്‍, സെക്രട്ടറി എ.കെ.അബ്ദുള്‍സമദ്, ട്രഷറര്‍ സി.വിനോദ് കുമാര്‍, കമ്പറ നാരായണ്‍, സെറ്റോ ചെയര്‍മാന്‍ കോട്ടാത്തല മോഹനന്‍, സംയുക്ത സമരസമിതി കണ്‍വീനര്‍ എ.കെ സൈനുദ്ദീന്‍, സി.പ്രദീപ്, ജോര്‍ജ് കുളത്തൂര്‍, എം.സി പോളച്ചന്‍, പി.കെ. മുരളി, ജോസ് അമ്പലക്കര, അനില്‍വട്ടപ്പാറ, നെയ്യാറ്റിന്‍കര പ്രിന്‍സ്, പൂന്തുറ രാജു, ടി.കെ. വേണുഗോപാല്‍, രാജന്‍ വി.പൊഴിയൂര്‍, ജെ.ബിജുമോന്‍ എന്നിവര്‍ സംസാരിച്ചു
--


കേട്ടെഴുത്ത് തെറ്റിച്ചതിന് യു.കെ.ജി. വിദ്യാര്‍ഥിയെ മര്‍ദിച്ചു

Posted on: 02 Jul 2011

കാഞ്ഞങ്ങാട്: അധ്യാപികയുടെ മര്‍ദനമേറ്റ യു.കെ.ജി. വിദ്യാര്‍ഥിയെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മുക്കുഴി വടക്കേമുറി ജോസഫിന്റെ മകന്‍ ജോബി(4)നാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ എ ണ്ണപ്പാറ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപിക ലീനക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ക്ലാസ് മുറിയില്‍ കേട്ടെഴുത്ത് തെറ്റിച്ചതിനാണ് കുട്ടിയെ മര്‍ദിച്ചതെന്ന് രക്ഷിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. അധ്യാപികയെ സ്‌കൂള്‍ മാനേജര്‍ സസ്‌പെന്‍ഡ് ചെയ്തു.
--

ഇംഗ്ലീഷ് സ്‌കൂള്‍ ഉദ്ഘാടനംചെയ്തു

Posted on: 02 Jul 2011


വണ്ടൂര്‍: ചെറുകോട് എടപ്പുലം എ.എം.എല്‍.പി സ്‌കൂളിലെ ഇംഗ്ലീഷ്‌സ്‌കൂള്‍ ഉദ്ഘാടനവും എല്‍.സി.ഡി പ്രൊജക്ടര്‍ പ്രവര്‍ത്തന ഉദ്ഘാടനവും ടൂറിസം പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം. ശങ്കരന്‍ നമ്പൂതിരി അധ്യക്ഷതവഹിച്ചു. ബ്ലോക്ക്‌മെമ്പര്‍ മുജീബ്, കെ.കെ. വിജയരാജന്‍, സി.പി. ഉണ്ണിചാത്തന്‍, കെ. കൃഷ്ണജ്യോതി, സി.ടി. മാനു, വണ്ടൂര്‍ എ.ഇ.ഒ കെ.വി. കൃഷ്ണനുണ്ണി, ബി.പി.ഒ മാത്യു പി.തോമസ്, പി. ഫൈസല്‍, ഷേര്‍ളി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
--

വിദ്യാലയത്തില്‍ വിളക്കുമാടമായി വായനപ്പുര

Posted on: 02 Jul 2011


പത്തപ്പിരിയം: 'നല്ലവായന ഹൃദയത്തിന്റെ വളരുന്ന പൂന്തോപ്പാണ്'- പത്തപ്പിരിയം ജി.എം.എല്‍.പി. സ്‌കൂളിലെ വായനമുറിയിലെ വാചകമാണിത്. നല്ലവായനയ്ക്ക് സ്‌കൂളില്‍ ഒരു കൊച്ചുപുരയും ഉയര്‍ന്നു കഴിഞ്ഞു. മനോഹരമാണീ വായനപ്പുര. കവുങ്ങ്, പനയോല, മുള എന്നിവ ഉപയോഗിച്ച് അധ്യാപക രക്ഷാകര്‍ത്തൃസമിതിയാണ് വായനപ്പുരയൊരുക്കിയത്. ബാലമാസികകള്‍, പത്രങ്ങള്‍, പൊതുവിജ്ഞാനം ഉള്‍ക്കൊള്ളുന്ന ചാര്‍ട്ടുകള്‍, പത്രശേഖരങ്ങള്‍ തുടങ്ങിയവ ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികള്‍ തയ്യാറാക്കി പുറത്തിറക്കുന്ന മാസികകളും ലേഖനങ്ങളുമൊക്കെ വായിക്കാന്‍ രക്ഷിതാക്കള്‍ക്കും വായനപ്പുരയില്‍ ഇടമുണ്ട്. സ്‌കൂള്‍ വളപ്പിലെ വഴിയരികില്‍തന്നെയാണ് വഴിവിളക്കായി കൊച്ചുപുരയുള്ളത്. വായനപ്പുരയുടെ ഉദ്ഘാടനം സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ നിര്‍വഹിച്ചു
---
സ്വാശ്രയ മെഡിക്കല്‍ പിജി സര്‍ക്കാര്‍ഫീസ് അംഗീകരിക്കില്ലെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍
Posted on: 02-Jul-2011 02:37 AM

കൊച്ചി/തിരു: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പിജി കോഴ്സിന് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് അംഗീകരിക്കില്ലെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ . കൗണ്‍സിലിനുകീഴിലെ നാല് കോളേജിനും മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ച സര്‍ക്കാര്‍ഫീസ് സ്വീകാര്യമല്ലെന്ന് കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റ് ഫെഡറേഷന്‍ വക്താവ് ജോര്‍ജ് പോള്‍ പറഞ്ഞു. പിജിക്ക് നാലുലക്ഷംമുതല്‍ 16 ലക്ഷം രൂപവരെയാണ് മാനേജ്മെന്റ് നിശ്ചയിച്ച വാര്‍ഷികഫീസ്. സര്‍ക്കാര്‍ നിശ്ചയിച്ച ഫീസില്‍ പിജി കോഴ്സ് നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല. സര്‍ക്കാര്‍ഫീസിനെതിരെ അടുത്തയാഴ്ച കോടതിയെ സമീപിക്കും.

സര്‍ക്കാര്‍ ക്വോട്ടയില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളില്‍നിന്ന് ഇപ്പോള്‍ മുഹമ്മദ് കമ്മിറ്റി പറഞ്ഞ ഫീസ് മാത്രമേ വാങ്ങിയിട്ടുള്ളൂ. എന്നാല്‍ , കോടതിവിധിക്ക് അനുസരിച്ച് അധികഫീസ് നല്‍കുമെന്ന ഉറപ്പ് വിദ്യാര്‍ഥികളില്‍നിന്ന് എഴുതിവാങ്ങിയിട്ടുണ്ടെന്നും ജോര്‍ജ് പോള്‍ പറഞ്ഞു. മെഡിക്കല്‍ പിജി ക്ലിനിക്കല്‍ വിഭാഗത്തില്‍ അഞ്ചുലക്ഷം രൂപയും നോണ്‍ ക്ലിനിക്കല്‍ വിഭാഗത്തില്‍ രണ്ടുലക്ഷം രൂപയുമാണ് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ്. ഡിപ്ലോമയ്ക്ക് ക്ലിനിക്കല്‍ വിഭാഗത്തില്‍ 3,75,000 രൂപയും നോണ്‍ ക്ലിനിക്കല്‍ വിഭാഗത്തില്‍ 1,25,000 രൂപയുമാണ് ഫീസ്. മറ്റു ചില മാനേജ്മെന്റുകളും സര്‍ക്കാര്‍ഫീസില്‍ തൃപ്തരല്ല. ഒരുകോടി രൂപവരെ കച്ചവടമുറപ്പിച്ചാണ് മിക്ക സ്വകാര്യ മാനേജ്മെന്റും സര്‍ക്കാര്‍ ക്വോട്ട നിഷേധിച്ച് പിജി സീറ്റില്‍ പ്രവേശനം നല്‍കിയത്. അതുകൊണ്ടുതന്നെ നേരത്തെ പ്രവേശനം നല്‍കിയവരെ ഒഴിവാക്കില്ലെന്ന് മാനേജ്മെന്റുകള്‍ പറയുന്നു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അനുവദിച്ച സീറ്റില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ എടുക്കാനാകില്ല. ഈ സാഹചര്യത്തില്‍ ഒരു സീറ്റില്‍ രണ്ടുപേരെ പ്രവേശിപ്പിച്ചത് പ്രശ്നം സങ്കീര്‍ണമാക്കും.

മെറിറ്റ് ക്വോട്ടയില്‍ മാനേജ്മെന്റുകള്‍ തിരുകിക്കയറ്റിയ വിദ്യാര്‍ഥികളെക്കൊണ്ട് കേസ് ഫയല്‍ ചെയ്യിപ്പിച്ച് പ്രതിസന്ധി രൂക്ഷമാക്കാനാണ് ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ ശ്രമിക്കുന്നത്. അതിനിടെ, വ്യാഴാഴ്ച സുപ്രീംകോടതി വിധി വന്നശേഷം തുടങ്ങിയ പിജി അലോട്ട്മെന്റ് വെള്ളിയാഴ്ച രാവിലെ പൂര്‍ത്തിയായി. നോണ്‍ ക്ലിനിക്കല്‍ വിഭാഗത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ 18 സീറ്റിലും സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 13 സീറ്റിലും ആരും പ്രവേശനം തേടിയില്ല. ഈ സീറ്റുകള്‍ ഈവര്‍ഷം ഒഴിഞ്ഞുകിടക്കും. അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും എട്ട് സ്വകാര്യ സ്വാശ്രയ കോളേജിലും പരിയാരം മെഡിക്കല്‍ കോളേജിലുമാണ് പിജി കോഴ്സുള്ളത്. കാരക്കോണം സിഎസ്ഐ കോളേജില്‍ പിജി കോഴ്സിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം കിട്ടാത്തതിനാല്‍ അലോട്ട്മെന്റ് നടന്നില്ല. ഇവിടെ മെറിറ്റ് സീറ്റില്‍ ഉള്‍പ്പെടെ മാനേജ്മെന്റ് പ്രവേശനം നടത്തിയിരുന്നു. ഈ പ്രവേശനം അനിശ്ചിതത്വത്തിലാണ്. സര്‍ക്കാര്‍ ക്വോട്ടയില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് മാത്രമേ ഈടാക്കാന്‍ അനുവദിക്കൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആരോഗ്യമന്ത്രി അടൂര്‍ പ്രകാശും പറഞ്ഞു. സര്‍ക്കാര്‍ ഈ നിലപാടില്‍ ഉറച്ചുനില്‍ക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. അങ്ങനെയെങ്കില്‍ മാനേജ്മെന്റുകള്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കേണ്ടിവരും.

--

അധ്യയനം ഒരുമാസം പിന്നിട്ടു സ്കൂളില്‍ പാഠപുസ്തകം എത്തിയില്ല
Posted on: 01-Jul-2011 11:39 PM
കാസര്‍കോട്: സ്കൂള്‍ തുറന്ന് ഒരുമാസം പിന്നിട്ടിട്ടും ജില്ലയില്‍ പാഠപുസ്തക വിതരണം എങ്ങുമെത്തിയില്ല. മുന്‍ വര്‍ഷങ്ങളില്‍ മെയ് രണ്ടാമത്തെ ആഴ്ചയില്‍ പാഠപുസ്തകങ്ങള്‍ സ്കൂളുകളിലെത്തിയിരുന്നു. കൃത്യമായ മേല്‍നോട്ടം വഹിക്കാന്‍ ആളില്ലാത്തതിനാല്‍ ഇത്തവണ പാഠപുസ്തക വിതരണം പാടെ തകിടം മറിഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ എല്ലാ ജില്ലയിലും ഡിഡിഇയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി മോണിറ്ററിങ് കമ്മിറ്റി പ്രവര്‍ത്തിച്ചിരുന്നു. സംസ്ഥാന ഭരണം മാറിയതിനൊപ്പം വിദ്യാഭ്യാസ മേഖലയാകെ അവതാളത്തിലായി. രണ്ടാഴ്ച മുമ്പുവരെ ജില്ലയില്‍ ഡിഇഒ, എഇഒ തസ്തികകളില്‍ ആളില്ലാത്ത അവസ്ഥയായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ജില്ലയിലെ തലവനായ ഡിഡിഇയെ നിയമിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ചുമതലയേറ്റിട്ടില്ല. മുന്‍ വര്‍ഷങ്ങളില്‍ ഡിഡിഇയുടെ നേതൃത്വത്തില്‍ ഡിഇഒമാര്‍ , എഇഒമാര്‍ , ബിപിഒമാര്‍ , അധ്യാപക സംഘടനാ പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെയുള്ള മോണിറ്ററിങ് കമ്മിറ്റിയുടെ ശ്രമഫലമായി കുറ്റമറ്റ രീതിയില്‍ പുസ്തക വിതരണം നടത്തിയിരുന്നു. ഇത്തവണ സ്കൂള്‍ തുറന്ന് ഒരുമാസം കഴിഞ്ഞിട്ടും പുസ്തക വിതരണം കാര്യക്ഷമമാക്കാന്‍ കഴിഞ്ഞില്ല. പുസ്തക വിതരണം നടക്കാത്തതിനാല്‍ കെഎസ്ടിഎ, എസ്എഫ്ഐ തുടങ്ങി അധ്യാപക- വിദ്യാര്‍ഥി സംഘടനകള്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിരുന്നു. സമരം ശക്തമായതോടെ കുറച്ച് പുസ്തകങ്ങളെത്തിക്കാന്‍ അധികൃതര്‍ തയ്യാറായി. പാഠപുസ്തകങ്ങളുടെ കനം കുട്ടികള്‍ക്ക് എടുത്താല്‍ പൊങ്ങാത്ത വിധത്തിലായതിനാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പുസ്തകങ്ങള്‍ രണ്ട് ഭാഗങ്ങളിലാക്കിയിരുന്നു. ഈ പുസ്തകങ്ങള്‍ മുഴുവന്‍ കുട്ടികള്‍ക്കും കൃത്യസമയത്ത് ലഭിക്കാന്‍ പ്രത്യേക ശ്രദ്ധയും നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പും പുതിയ മന്ത്രിസഭയുടെ അധികാരമേല്‍ക്കലും കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കരുതെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്‍ മുഴുവന്‍ പുസ്തകങ്ങളുടെയും അച്ചടി ഏപ്രിലില്‍ പൂര്‍ത്തിയാക്കിയിരുന്നു. ഈ പുസ്തകങ്ങള്‍ സ്കൂളിലെത്തിക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ യുഡിഎഫ് സര്‍ക്കാരോ വിദ്യാഭ്യാസ വകുപ്പോ മുന്‍കൈയെടുത്തില്ല. കേരള പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിക്കാണ് ഇത്തവണ വിതരണ ചുമതല നല്‍കിയത്. ഏതാനും പുസ്തകങ്ങള്‍ ജില്ലയിലെത്തിയെങ്കിലും ഇതില്‍ ഭൂരിഭാഗവും രണ്ടാം ഭാഗത്തിലുള്ളതായിരുന്നു. ആദ്യഭാഗം പഠപ്പിക്കേണ്ട സമയത്ത് രണ്ടാംഭാഗം പുസ്തകവുമായി വിഷമ വൃത്തത്തിലായിരിക്കുകയാണ് അധ്യാപകര്‍ . ചില അധ്യാപകര്‍ ഇന്റര്‍നെറ്റില്‍നിന്ന് പാഠഭാഗങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്താണ് പഠിപ്പിക്കുന്നത്. എല്‍പി, യുപി വിഭാഗങ്ങളിലെ പുസ്തകങ്ങളാണ് ഇത്തവണ കിട്ടാത്തതില്‍ ഭൂരിഭാഗവും. രണ്ടാംതരം അറബിക്, നാലാംതരം കണക്ക്, അറബിക്, ബേസിക് സയന്‍സ് (കന്നട), കന്നട (ലാംഗ്വേജ്), അഞ്ചാംതരം മലയാളം, ഇംഗ്ലീഷ് മീഡിയം കണക്ക്, ബേസിക് സയന്‍സ്, ആറാംതരം ഹിന്ദി, ഏഴാംതരം സാമൂഹ്യശാസ്ത്രം (കന്നട), എട്ടാംതരം സാമൂഹ്യശാസ്ത്രം (കന്നട), ബേസിക് സയന്‍സ് (ഇംഗ്ലീഷ് മീഡിയം), ഹിന്ദി, മലയാളം (എടി), അറബിക്, ഒമ്പതാംതരം മലയാളം (ബിടി), പത്താംതരം സാമൂഹ്യശാസ്ത്രം (ഇംഗ്ലീഷ് മീഡിയം) പുസ്തകങ്ങള്‍ക്കൊപ്പം മിക്ക ക്ലാസ്സുകളിലേയും ഐടി പുസ്തങ്ങളും ഇതുവരെ വിതരണം ചെയ്തിട്ടില്ല.

--

No comments: