Friday, July 15, 2011

വിദ്യാഭ്യാസമേഖലയില്‍ സാമൂഹികനിയന്ത്രണം ഏര്‍പ്പെടുത്തണം:

ഡോ. പ്രഭാത് പട്‌നായിക്

Posted on: 16 Jul 2011



എ.ഐ.എസ്.എഫ്. സംസ്ഥാന സമ്മേളനം



കോട്ടയം: വിദ്യാഭ്യാസക്കച്ചവടം നിയന്ത്രിക്കാന്‍ വിദ്യാഭ്യാസമേഖലയില്‍ സാമൂഹിക നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആസൂത്രണ ബോര്‍ഡ് മുന്‍ ഉപാധ്യക്ഷന്‍ ഡോ.പ്രഭാത് പട്‌നായിക് അഭിപ്രായപ്പെട്ടു. എ.ഐ.എസ്.എഫ്. സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് കോട്ടയത്ത് നടന്ന വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . വിദ്യാഭ്യാസരംഗത്തെ കച്ചവടതാല്പര്യങ്ങള്‍ ഒഴിവാക്കാന്‍ നിയമനിര്‍മ്മാണം വേണമെന്നും ഇതിന് കേന്ദ്രം മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

  • ഇന്നത്തെ വിദ്യാഭ്യാസരീതിയില്‍ സമഗ്രപഠനത്തിന് പകരം ക്യാപ്‌സൂള്‍രൂപത്തിലുള്ള പാക്കേജുകളാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. ഇത് കുട്ടികളുടെ ചിന്തയെയും സൃഷ്ടിപരമായ കഴിവുകളെയും നൈസര്‍ഗികതയെയും തകര്‍ക്കുന്നു. രാഷ്ട്രനിര്‍മാണമെന്ന കടമയില്‍നിന്ന് കുട്ടികളെ അകറ്റുന്നു. പണം നല്‍കി നല്ല വിദ്യാഭ്യാസം നേടുന്നവര്‍ നല്ല ശമ്പളം തേടി വിദേശങ്ങളില്‍ പോകുന്നു. ആഗോളകുത്തകകള്‍ ഇങ്ങനെയാണ് തുടര്‍ച്ചയായി വിജയിച്ചുകൊണ്ടിരിക്കുന്നത്.

  • കേരളത്തില്‍ പട്ടികജാതി, വര്‍ഗ്ഗങ്ങള്‍ക്ക് വിദ്യാഭ്യാസരംഗത്ത് സംവരണമുണ്ട്. എന്നാല്‍, സാമ്പത്തികമായി പിന്നാക്കം നില്‍കുന്ന ഒരുകൂട്ടം ആള്‍ക്കാര്‍ക്ക് പണമില്ലാത്തതിന്റെ പേരില്‍ മികച്ച വിദ്യാഭ്യാസം കിട്ടുന്നില്ല. ഇത്തരമൊരു സംവിധാനത്തിലേക്ക് നയിച്ചത് രാജ്യത്തിന്റെ പുത്തന്‍ സാമ്പത്തികനയങ്ങളാണ്.
  • ഇത്തരം തെറ്റായ പ്രവണതകള്‍കൊണ്ട് ഒരു നല്ല ശാസ്ത്രജ്ഞന്‍പോലും രാജ്യത്തുണ്ടാവുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

  • വിദ്യാഭ്യാസരംഗത്തുള്‍പ്പെടെ പൊതു സ്വകാര്യ പങ്കാളിത്തം ഏര്‍പ്പെടുത്തുകയാണ് കേന്ദ്രനയം. ആഗോള കുത്തകകള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ സ്ഥലമുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിലും ഇത്തരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിലുമാണ് കേന്ദ്രശ്രദ്ധ. മികവിനെപ്പറ്റി എപ്പോഴും സംസാരിക്കുന്ന പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ യാന്ത്രികസമൂഹത്തെയാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ സി.പി.ഐ സംസ്ഥാനസമിതി അംഗം അഡ്വ.വി.ബി.ബിനു അധ്യക്ഷനായിരുന്നു. സി.പി.ഐ. ദേശീയ കൗണ്‍സില്‍ അംഗം പന്ന്യന്‍ രവീന്ദ്രന്‍ , ഡോ.ബി.ഇക്ബാല്‍ , വി.പി.ഉണ്ണികൃഷ്ണന്‍, ഡോ.വി.പത്മകുമാര്‍, കാനം രാജേന്ദ്രന്‍, ടി.പ്രദീപ് കുമാര്‍, ടി.ടി.ജിസ്‌മോന്‍, പി.കെ.കൃഷ്ണന്‍, സി.കെ.ശശിധരന്‍, ജി.കൃഷ്ണപ്രസാദ് , കെ.രാജന്‍, കെ.അജിത്ത് എം.എല്‍.എ, ജോണ്‍ വി.ജോസഫ്, എസ്.പി.സുജിത്ത് എന്നിവര്‍ സംസാരിച്ചു..

"ഞാറു മുതല്‍ ചോറുവരെ" പദ്ധതി തുടങ്ങി
Posted on: 16-Jul-2011 12:00 AM
ആലക്കോട്: കൂവേരി ഗവ. എല്‍പി സ്കൂളില്‍ "ഞാറു മുതല്‍ ചോറുവരെ" പദ്ധതിക്ക് തുടക്കമായി. ഞാറുനടീല്‍ പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അന്യംനിന്നുപോയ 18 ഇനം നെല്‍വിത്തുകളുടെ പ്രദര്‍ശനവും നടന്നു. പിടിഎയുടെ സഹകരണത്തോടെ മുണ്ടോന്‍ വയലിലാണ് നെല്‍കൃഷി. 25 വര്‍ഷമായി തരിശിട്ട സ്ഥലത്താണ് ഉത്സവാന്തരീക്ഷത്തില്‍ ഞാറുനടീല്‍ നടന്നത്. വി വി റീത്ത, അലി മംഗര, കൃഷി അസിസ്റ്റന്റ് പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക ആര്‍ ശ്യാമളാദേവി സ്വാഗതവും പിടിഎ പ്രസിഡന്റ് എ വി രമേശന്‍ നന്ദിയും പറഞ്ഞു

No comments: