Monday, July 4, 2011

ശാസ്ത്രദിനം: വേറിട്ട പരീക്ഷണവുമായി വിദ്യാര്‍ഥികള്‍


Posted on: 04-Jul-2011 11:37 PM
മലപ്പുറം: ലഹരിവസ്തുക്കളുടെ ദൂഷ്യം ബോധവല്‍ക്കരണ ക്ലാസുകള്‍ക്കപ്പുറം നേരിട്ടനുഭവിച്ചറിയുകയായിരുന്നു മലപ്പുറം എയുപി സ്കൂള്‍ വിദ്യാര്‍ഥികള്‍ . പുകവലി ശരീരത്തെ എത്രമാത്രം ബാധിക്കുമെന്ന് തെളിവുസഹിതം ബോധ്യമായപ്പോള്‍ ആദ്യം അവരൊന്നമ്പരന്നു. പിന്നെ ഉറപ്പിച്ചു വീട്ടിലും നാട്ടിലും ഏവരെയും ഞങ്ങളിത് കാണിച്ചുകൊടുത്ത് ബോധ്യപ്പെടുത്തും. രസതന്ത്രവര്‍ഷത്തോടനുബന്ധിച്ച് മാഡം ക്യൂറി ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് മലപ്പുറം എയുപി സ്കൂള്‍ കുട്ടികളാണ് ശാസ്ത്രസത്യം പരീക്ഷണത്തിലൂടെ പഠിച്ചത്. നാന്നൂറോളം കുട്ടികള്‍ പരീക്ഷണത്തില്‍ പങ്കാളികളായി. ഏഴാംതരം വിദ്യാര്‍ഥിനി അസ്ന പരീക്ഷണത്തിന് നേതൃത്വം നല്‍കി. ഏഴിലെ ബേസില്‍ ബിജു മാഡം ക്യൂറി അനുസ്മരണ പ്രഭാഷണം നടത്തി.
--
സമര ചരിത്ര പാഠങ്ങളുമായി കെ എം പഠന മുറിയില്‍
Posted on: 04-Jul-2011 11:30 PM
കാഞ്ഞിരപ്പൊയില്‍ : മണ്ണില്‍ പൊന്ന് വിളയിക്കുന്ന കര്‍ഷകരുടെ അവകാശങ്ങള്‍ മാനിക്കാതെ ജന്മിനാടുവാഴിത്തം കല്‍പ്പിച്ച തിട്ടൂരങ്ങള്‍ വകവെക്കാതെ പാവപ്പെട്ടവര്‍ക്ക് ജീവിക്കാന്‍ അവസരമൊരുക്കിയ സ്വാതന്ത്ര്യ സമരപോരാളി സാമൂഹ്യശാസ്ത്ര അധ്യാപകനായി ക്ലാസ്മുറിയില്‍ എത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ആവേശം. മണ്ണിനെ പൊന്നാക്കാം എന്ന ഏഴാംക്ലാസ് പാഠഭാഗത്തിലെ ജന്മി നാടുവാഴിത്ത വ്യവസ്ഥ, കാര്‍ഷികബന്ധ ബില്‍ , കര്‍ഷകസമരം എന്നി വിഷയങ്ങളില്‍ കാഞ്ഞിരപ്പൊയില്‍ ഗവ. യുപി സ്കൂളില്‍ സംഘടിപ്പിച്ച പഠനമുറിയിലേക്കാണ് 94 കാരനായ കെ എം കുഞ്ഞിക്കണ്ണന്‍ എത്തിയത്. വാശി, നുരി, വെച്ചുകാണല്‍ , ശീലക്കാശ്, മുക്കാല്‍ , കങ്കാണി തുടങ്ങിയ അന്യായ പിരിവുകളിലൂടെ കര്‍ഷകന് അധ്വാന മിച്ചം നഷ്ടമാക്കുന്ന അവസ്ഥയെ പ്രതിരോധിച്ച് സാധാരണക്കാര്‍ക്ക് ധൈര്യസമേതം ജീവിക്കാന്‍ അവസരമൊരുക്കിയ സമര ചരിത്രം അദ്ദേഹം കുട്ടികളോട് വിവരിച്ചു. ഏച്ചിക്കാനം തറവാടിന്റെയും വാഴുന്നവരുടെയും കൈകളിലായിരുന്ന മടിക്കൈയിലെ കൃഷിഭൂമി യോജിച്ച പ്രക്ഷോഭത്തിലൂടെ വീണ്ടെടുത്ത് കര്‍ഷകര്‍ക്ക് നല്‍കി ചരിത്രവും പറഞ്ഞുകൊടുത്തു. ഇ എം എസ്, എ കെ ജി, ഇ കെ നായനാര്‍ , ടി എസ് തിരുമുമ്പ്, എ സി കണ്ണന്‍നായര്‍ , കെ മാധവന്‍ തുടങ്ങിയ ദേശീയ സ്വാതന്ത്ര്യ സമരപ്രസ്ഥാനങ്ങളിലെ നായകന്മാര്‍ മടിക്കൈയുടെ കര്‍ഷകപ്രസ്ഥാനത്തിന് വേണ്ടി നടത്തിയ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവരിച്ചു. വിവിധ സമുദായങ്ങളിലെ വീടുകള്‍ക്ക് ഇല്ലം, കൂലോം, മഠം, പട്ടം, ചാള എന്നിങ്ങനെ പേരുകളിടുന്നതിനെക്കുറിച്ച് വിവരിച്ചപ്പോള്‍ കുട്ടികള്‍ക്ക് കൗതുകമായി. സ്കൂളിലെത്തിയ കെ എമ്മിനെ സ്കൂള്‍ ലീഡര്‍ സൂരജ് പൊന്നാടയണിച്ച് സ്വീകരിച്ചു. ഹെഡ്മാസ്റ്റര്‍ കൊടക്കാട് നാരായണന്‍ അധ്യക്ഷനായി. കെ വിജയന്‍ സംസാരിച്ചു. എ സി നന്ദകുമാര്‍ സ്വാഗതവും ഹര്‍ഷ നന്ദിയും പറഞ്ഞു.
--
പുസ്തക വണ്ടിയിലേക്ക് പുസ്തക പ്രവാഹം
Posted on: 04-Jul-2011 11:29 PM
ചെറുവത്തൂര്‍ : അറിവിന്റെ നെന്മണി നിറയ്ക്കാന്‍ പുസ്തക പത്തായം എന്ന സന്ദേശവുമായി കാഞ്ഞിരപ്പൊയില്‍ ഗവ. എല്‍പി സ്കൂള്‍ ആവിഷ്കരിച്ച പുസ്തക വണ്ടിയിലേക്ക് പുസ്തകങ്ങള്‍ പ്രവഹിക്കുന്നു. പുസ്തക വണ്ടിയെ കുറിച്ചുള്ള ദേശാഭിമാനി വാര്‍ത്തയെ തുടര്‍ന്ന് ചെറുവത്തൂര്‍ റോട്ടറി ക്ലബ് കഴിഞ്ഞ ദിവസം ഏഴായിരത്തിലധികം രൂപയുടെ പുസ്തകങ്ങള്‍ സംഭാവന ചെയ്തു ചടങ്ങില്‍ ജില്ലാ ഡയറക്ടര്‍ എം വി ബാലകൃഷ്ണന്‍ പ്രധാനധ്യാപകന്‍ കൊടക്കാട് നാരായണന് പുസ്തകം കൈമാറി. പി പി സജീവ് അധ്യക്ഷനായി. പി കെ ജയകൃഷ്ണന്‍ , സി കെ മോഹന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഗൃഹ സന്ദര്‍ശനത്തിലൂടെ അപൂര്‍വങ്ങളായ നൂറ്റിയമ്പതോളം പുസ്തകങ്ങള്‍ ശേഖരിച്ചു. ലൈബ്രറിയിലേക്ക് ആയിരത്തിലേറെ പുസ്തകങ്ങള്‍ സമാഹരിക്കുക എന്നതാണ് പുസ്തക വണ്ടിയുടെ ലക്ഷ്യം.
--
അധ്യാപിക കുഴഞ്ഞുവീണ സംഭവം: സ്കൂളിലേക്ക് യുവജന മാര്‍ച്ച്
Posted on: 04-Jul-2011 11:42 PM
മട്ടന്നൂര്‍ : അധ്യാപികയെ മാനസികമായി പീഡിപ്പിച്ച കുന്നോത്ത് യുപി സ്കൂളിലെ സഹാധ്യാപകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്കൂളിലേക്ക് മാര്‍ച്ച് നടത്തി. അധ്യാപിക സി സി ചന്ദ്രമതിയെ സഹാധ്യാപകര്‍ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചും കുറ്റക്കാര്‍ക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ടുമായിരുന്നു സമരം. കൊടോളിപ്രം വായനശാലക്ക് സമീപത്തുനിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് സ്കൂള്‍ ഗേറ്റില്‍ പൊലീസ് തടഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം സീന ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. കെ ദിവാകരന്‍ , വി കെ രാധാകൃഷ്ണന്‍ എന്നവര്‍ സംസാരിച്ചു. കഴിഞ്ഞ ദിവസം അധ്യാപകരുടെ ഭീഷണിയെതുടര്‍ന്ന് കുഴഞ്ഞുവീണ അധ്യാപിക ചികിത്സയിലാണ്. ചന്ദ്രമതി കുഴഞ്ഞുവീഴാനിടയായ സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കുന്നോത്ത് യുപി സ്കൂള്‍ അധ്യാപിക സി സി ചന്ദ്രമതിയുടെ പരാതിയില്‍ പ്രധാനാധ്യാപിക കെ വത്സലകുമാരി, അധ്യാപകരായ ജനാര്‍ദനന്‍ , പി വി ഹരിദാസന്‍ , പി വി രാജേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. അതേസമയം സജീവപ്രവര്‍ത്തകയും കോണ്‍ഗ്രസ് അനുഭാവിയുമായ ചന്ദ്രമതിയെ തള്ളിപ്പറഞ്ഞ് പ്രതികളെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിയു പരസ്യമായി രംഗത്തിറങ്ങി. യുണിയന്‍ മട്ടന്നൂര്‍ ഉപജില്ലാ കമ്മിറ്റിയാണ് അക്രമത്തിനിരയായ ചന്ദ്രമതിയെ തള്ളിപ്പറഞ്ഞത്. ഒപ്പം കേസില്‍ പ്രതികളായ അധ്യാപകരെ രക്ഷിക്കാന്‍ യൂണിയന്‍ പരസ്യമായി രംഗത്തിറങ്ങുകയും ചെയ്തു. സഹാധ്യാപകരില്‍നിന്നുണ്ടായ അക്രമം ചന്ദ്രമതി ആദ്യം യൂണിയന്‍ നേതാക്കളെയാണ് അറിയിച്ചത്.
--
സ്വാശ്രയനയത്തിന് ധാരണ; ഇന്നുമുതല്‍ മാനേജ്മെന്റുകളുമായി ചര്‍ച്ച
Posted on: 05-Jul-2011 01:58 AM
തിരു: സാമൂഹ്യനീതിയും മെറിറ്റും ഉറപ്പാക്കി സ്വാശ്രയനയം നടപ്പാക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ ധാരണ. ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തുമെന്ന് സര്‍വകക്ഷി യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തിയശേഷം വിവരങ്ങള്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെയും മുന്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി എംഎല്‍എയെയും അറിയിക്കും. അവരുമായി ചര്‍ച്ച നടത്തി മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈവര്‍ഷം നിലവിലുള്ള സ്ഥിതിയെങ്കിലും തുടരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. മാനേജ്മെന്റുകള്‍ അതില്‍നിന്നു പിറകോട്ടു പോയ സാഹചര്യത്തില്‍ ഇതെത്രത്തോളം ഫലപ്രദമാകുമെന്നാണ് നോക്കുന്നത്. സര്‍വകക്ഷിയോഗത്തിന്റെ വികാരവും കേരളത്തിന്റെ പൊതുവികാരവും എല്ലാവരും ഉള്‍ക്കൊള്ളുമെന്ന് കരുതുന്നു. യോഗത്തില്‍ പ്രതിപക്ഷം ഉന്നയിച്ച വിമര്‍ശങ്ങളെ നല്ല അര്‍ഥത്തില്‍ സ്വീകരിക്കുന്നു. സര്‍ക്കാരിനെ ചീത്തവിളിക്കാന്‍ പ്രതിപക്ഷം മനഃപൂര്‍വം ഇറങ്ങിയതാണെന്നു കരുതുന്നില്ലെന്ന് വിദ്യാര്‍ഥി സമരത്തെക്കുറിച്ചു പ്രതികരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. രണ്ട് സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന യുഡിഎഫിന്റെ പ്രഖ്യാപിത നയം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും കക്ഷിനേതാക്കളും യോഗത്തില്‍ ആവശ്യപ്പെട്ടു. യുഡിഎഫിന്റെ ഈ നയം 2001-06 കാലയളവില്‍ ഒരിക്കല്‍ പോലും യുഡിഎഫ് നടപ്പാക്കിയില്ല. മാനേജ്മെന്റുകള്‍ പറ്റിച്ചെന്നാണ് അന്ന് ആന്റണിയും ഉമ്മന്‍ചാണ്ടിയും പറഞ്ഞത്. എന്നാല്‍ , എല്‍ഡിഎഫ് സര്‍ക്കാറിന്റെ ആദ്യവര്‍ഷം എല്ലാ സ്വാശ്രയ കോളേജുകളും 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസും മെറിറ്റും സംവരണവും പാലിച്ച് പ്രവേശനം നടത്തി. ഈ വിദ്യാര്‍ഥികള്‍ അഞ്ചു വര്‍ഷവും സര്‍ക്കാര്‍ ഫീസില്‍ പഠിച്ചു. പിന്നീട് എല്‍ഡിഎഫ് വിരുദ്ധ ശക്തികളുമായി ഒത്തുകളിച്ച് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഈ ധാരണയില്‍ നിന്നു പിന്മാറി. എങ്കിലും ഭൂരിപക്ഷം സ്വാശ്രയ മെഡിക്കല്‍ -എന്‍ജിനിയറിങ് കോളേജുകള്‍ സര്‍ക്കാരുമായി ധാരണ തുടരുകയും മെറിറ്റും സാമൂഹ്യനീതിയും ഉറപ്പുവരുത്തി കുറഞ്ഞ ഫീസില്‍ കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു. ഈ സ്ഥിതി പുനഃസ്ഥാപിക്കുന്നതോടൊപ്പം രണ്ട് സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന നയം നടപ്പാക്കാന്‍ യുഡിഎഫ് തയ്യാറായാല്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. അതേസമയം, ഈ ആവശ്യങ്ങളുന്നയിച്ച് സമരം നടത്തിയ വിദ്യാര്‍ഥികളുടെ തല തല്ലിപ്പൊളിച്ചതുള്‍പ്പെടെയുള്ള ക്രൂരമര്‍ദനത്തെക്കുറിച്ച് അന്വേഷിക്കണമെന്നും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് താന്‍ നേരിട്ട് അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി, പി കെ അബ്ദുറബ്ബ്, അടൂര്‍ പ്രകാശ്, കെ സി ജോസഫ് എന്നിവരും പ്രതിപക്ഷത്തെ പ്രതിനിധാനംചെയ്ത് എം എ ബേബി, സി ദിവാകരന്‍ , മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍ , എന്‍ കെ പ്രേമചന്ദ്രന്‍ , രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.




No comments: