Monday, July 11, 2011

സ്കൂളുകളില്‍ തലയെണ്ണല്‍ ഇന്ന്: കുട്ടികള്‍ പനിക്കിടക്കയില്‍ ; അധ്യാപകര്‍ക്ക് ആശങ്ക

വടകര: വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ അനുവദിക്കാനുള്ള ഏകദിന വെരിഫിക്കേഷന്‍ ചൊവ്വാഴ്ച നടക്കും. താലൂക്കില്‍ പനി വ്യാപകമായതിനാല്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ കിടപ്പിലും ആശുപത്രിയില്‍ ചികിത്സയിലുമാണ്. കുട്ടികളുടെ കുറവ് കാരണം പ്രതിസന്ധിയിലായ വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കാണ് ആശങ്ക. ആറാമത് പ്രവൃത്തി ദിവസമാണ് പ്രധാനാധ്യാപകര്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് ക്ലാസ് അടിസ്ഥാനത്തില്‍ കുട്ടികളുടെ എണ്ണം നല്‍കുന്നത്. ഇതിന്റെ പരിശോധനയാണ് ഏകദിന വെരിഫിക്കേഷന്‍ ലക്ഷ്യമാക്കുന്നത്. വിദ്യാലയങ്ങളില്‍ നിന്ന് മറ്റ് വിദ്യാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നതടക്കമുള്ള കൃത്രിമം തടയാന്‍ ഏകദിന വെരിഫിക്കേഷന്‍ കൊണ്ട് കഴിയുമെന്നാണ് അധികൃതരുടെ വിശ്വാസം. തലയെണ്ണുമ്പോള്‍ ക്ലാസുകളില്‍ ഹാജരുള്ള കുട്ടികളുടെ എണ്ണം മാത്രമാണ് പരിശോധകന്‍ രേഖപ്പെടുത്തുക. പനി കാരണം കുട്ടികള്‍ വന്നിട്ടില്ലെന്ന് വ്യക്തമാക്കിയായും കാര്യമില്ല. പൊതു വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ ചേരുന്ന കുട്ടികളുടെ എണ്ണം വര്‍ഷം തോറും കുറഞ്ഞ് വരികയാണ്. നൂറ് കുട്ടികള്‍ ഇല്ലെങ്കില്‍ എല്‍പി സ്കൂളുകള്‍ അനദായകരം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശേഷണം. കുട്ടികളുടെ കുറവ് കാരണം വിദ്യാലയങ്ങള്‍ അനാദായകരമാകുകയും അധ്യാപക നിയമനം നടക്കാതിരിക്കുകയും ചെയ്യുന്നു. പ്രൊട്ടക്ഷന്‍ ആനുകൂല്യം ഇല്ലാത്ത അധ്യാപകര്‍ പുറത്ത്പോകേണ്ടിവരുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അധ്യാപക വിദ്യാര്‍ഥി അനുപാതം 1:45 എന്നത് 1:40 ആക്കി വര്‍ഷം തോറും ഉത്തരവിറക്കി. പ്രൊട്ടക്ഷന്‍ ആനുകൂല്യം ഇല്ലാത്തത് കാരണം കുട്ടികളുടെ കുറവിനാല്‍ പുറത്ത് പോകേണ്ട അധ്യാപകരെ സംരക്ഷിക്കാന്‍ അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30 ആക്കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അണ്‍എക്കണോമിക് സ്കൂളുകളില്‍ അറുപത് കുട്ടികള്‍ ഉണ്ടെങ്കില്‍ അധ്യാപക നിയമനം നടത്താമെന്നും ധാരണയായിരുന്നു. സിബിഎസ്ഇ വിദ്യാലയങ്ങള്‍ക്ക് കൂട്ടത്തോടെ അനുമതി നല്‍കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തുടരുകയില്ലെന്ന് വ്യക്തമാണ്.
--
വിദ്യാഭ്യാസ കച്ചവടം മെത്രാന്‍മാര്‍ ക്രിസ്തു വചനങ്ങളെ നിരാകരിക്കുന്നു: കാത്തലിക് ഫെഡറേഷന്‍
തൃശൂര്‍ : അവകാശങ്ങള്‍ നേടാന്‍ മതത്തെ ഉപയോഗിക്കുകയും കടമകള്‍ നിഷേധിക്കാന്‍ നിയമത്തെ കൂട്ടുപിടിക്കുകയും ചെയ്യുന്ന കത്തോലിക്ക മെത്രാന്‍മാര്‍ ക്രിസ്തുവിന്റെ വചനങ്ങളെ നിരാകരിക്കുകയാണെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ യോഗം അഭിപ്രായപ്പെട്ടു. കേരളത്തിലെ ക്രൈസ്തവ മെത്രാന്‍മാരുടെയും പുരോഹിതരുടെയും ചുമതല വിശ്വാസികളുടെ ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്നതാണ്. ന്യൂനപക്ഷ അവകാശ സംരക്ഷണ യോഗത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നടത്തിയ പരാമര്‍ശങ്ങള്‍ അപലപനീയമാണ്. ലഭാകരമായ വ്യവസായമാണെന്ന് തിരിച്ചറിഞ്ഞാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ നടത്തുന്നത്. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കൗണ്‍സില്‍ അവഗണിക്കുകയാണ്. വിദ്യാഭ്യാസ മേഖലയിലെ കച്ചവട താല്‍പ്പര്യങ്ങള്‍ക്ക് ഭീഷണി നേരിടുമ്പോള്‍ മാത്രം അവകാശ സംരക്ഷണ സമ്മേളനങ്ങള്‍ നടത്തുന്ന കത്തോലിക്കാ മെത്രാന്‍മാരുടെ ഇരട്ടത്താപ്പ് തിരിച്ചറിയണം. കൊള്ളസംഘത്തെപ്പോലെ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സര്‍ക്കാരിനെയും ജനങ്ങളെയും വെല്ലുവിളിക്കുമ്പോള്‍ അവഹേളിക്കപ്പെടുന്നത് മുന്‍കാല ക്രൈസ്തവ മിഷനറിമാരാണ്. സംസ്ഥാന പ്രസിഡന്റ് ജോയ്പോള്‍ പുതുശേരി അധ്യക്ഷനായി. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റുമാരായ ആന്റോ കോക്കാട്ട്, ആന്റണി ചിറ്റാട്ടുകര, ജനറല്‍ സെക്രട്ടറി വി കെ ജോയ്, തോമസ് കുളങ്ങര, സി സി ജോസ്, സി എല്‍ ജോയ്, സി എ രാജന്‍ , സെബി ജോസഫ്, പോള്‍സണ്‍ കയ്പമംഗലം എന്നിവര്‍ സംസാരിച്ചു.

അധ്യാപക സമരപ്പന്തല്‍ വീണ്ടും തകര്‍ത്തു
Posted on: 12-Jul-2011 02:02 AM
അമ്പലപ്പുഴ: സ്കൂളിന് മുന്നിലെ അധ്യാപകരുടെ സമരപ്പന്തല്‍ വീണ്ടും തകര്‍ത്തു. പുന്നപ്ര കപ്പക്കട ജങ്ഷന് പടിഞ്ഞാറുള്ള ജ്യോതി നികേതന്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിന് മുന്നിലെ സമരപ്പന്തലാണ് തിങ്കളാഴ്ച പുലര്‍ച്ചെ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പന്തലുതകര്‍ത്തതിന് പിന്നില്‍ സ്കൂള്‍ മാനേജ്മെന്റാണെന്ന് അധ്യാപകര്‍ ആരോപിച്ചു. ശമ്പളം വര്‍ധിപ്പിച്ചുനല്‍കണമെന്ന ന്യായമായ ആവശ്യമുന്നയിച്ച് 15 ഓളം അധ്യാപകര്‍ സ്കൂളിന് മുന്നില്‍ 40 ദിവസത്തോളമായി സമരം നടത്തുകയാണ്. സ്കൂളില്‍ പ്രവേശിച്ച് ഒരുവര്‍ഷം മുതല്‍ എട്ടുവര്‍ഷം വരെയായ അധ്യാപകര്‍ക്ക് 600 മുതല്‍ 2880 രൂപ വരെയാണ് ശമ്പളം. ഒപ്പം പ്രോവിഡന്റ് ഫണ്ടിനത്തില്‍ ഇവരില്‍ നിന്ന് ഈടാക്കിയ പണവും മാനേജ്മെന്റ് അടച്ചിരുന്നില്ലെന്നും അധ്യാപകര്‍ പറഞ്ഞു. അധ്യാപകരില്‍ നിന്ന് തുകയെഴുതാത്ത ചെക്ക് എല്ലാമാസവും മാനേജ്മെന്റ് ഒപ്പിടുവിച്ച് വാങ്ങിയിരുന്നു. സ്കൂള്‍ മാനേജരുടെ സഹോദരിയാണ് ഈ തുക എസ്ബിടിയുടെ കോണ്‍വെന്റ് സ്ക്വയറിലെ ശാഖയില്‍ നിന്ന് മാറിയിരുന്നതെന്നും അധ്യാപകര്‍ വെളിപ്പെടുത്തി. എസ്ബിഎസ്ഇ അംഗീകാരം നേടിയെടുക്കാന്‍ മതിയായ ശമ്പളം നല്‍കുന്നുണ്ടെന്ന് വ്യാജരേഖ അധികൃതര്‍ ചമക്കുന്നതായും ആരോപണമുണ്ട്. സിഐടിയു യൂണിയന്‍ നേതാക്കള്‍ കൂടിയായ അധ്യാപകര്‍ ജാക്വലിന്‍ , ജിജി എന്നിവരെ കളളക്കേസില്‍ കുടുക്കി. പുറത്താക്കപ്പെട്ട അധ്യാപകര്‍ക്ക് പിന്തുണയുമായി മറ്റദ്ധ്യാപകര്‍ കൂടി രംഗത്തെത്തിയതോടെ സമരം ശക്തമായി. സമരപ്പന്തല്‍ പൊളിച്ചത് മാനേജ്മെന്റിന്റെ ഒത്താശയോടെയാണെന്ന് സമരസമിതി കണ്‍വീനര്‍ കെ പി സത്യകീര്‍ത്തി പറഞ്ഞു. സമരം കൂടുതല്‍ ശക്തമാക്കുമെന്ന് സമരസമിതി
--
ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ നിലപാട് അപമാനം: മോര്‍ മിലിത്തിയോസ്
11-Jul-2011
തൃശൂര്‍ : സ്വാശ്രയ വിദ്യാഭ്യാസവിഷയത്തില്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ നിലപാട് നാടിനും ക്രൈസ്തവസമുദായത്തിനും അപമാനമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപോലീത്ത പറഞ്ഞു. സേവനം എന്ന കാഴ്ചപ്പാടില്‍നിന്ന് വ്യതിചലിച്ച് വിദ്യാഭ്യാസത്തെ തനി കച്ചവടമാക്കുന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് സഭയുടെ പേര് ഭൂഷണമല്ല. വിശുദ്ധവസ്ത്രമണിഞ്ഞ് ക്രിസ്ത്യാനി എന്നു പറഞ്ഞ് മറ്റുള്ളവരുടെ മുന്നില്‍ നില്‍ക്കാനാവാത്ത വിധം കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയെ അഭിവന്ദ്യപിതാക്കന്മാര്‍ കച്ചവടവല്‍ക്കരിച്ചു. കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ "ദേശാഭിമാനി"യോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുമാസമായി വിദേശസന്ദര്‍ശനത്തിലായിരുന്നു താന്‍ . ഗള്‍ഫ്രാജ്യങ്ങളിലടക്കം നിരവധി ക്രൈസ്തവ സഹോദരന്മാര്‍ കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടവിഷയത്തില്‍ രോഷംകൊള്ളുന്നത് കാണാന്‍ കഴിഞ്ഞു. വിദ്യാഭ്യാസകാര്യത്തില്‍ ഒരിടത്തും ക്രിസ്തീയധാര്‍മികത കാണാത്തത് ഏറെ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനും വൈദ്യസഹായത്തിനും നിലകൊള്ളുന്നതാണ് ക്രൈസ്തവപാരമ്പര്യം. ഈ അടിസ്ഥാനതത്വത്തിലൂന്നിയുള്ള ദീര്‍ഘകാലത്തെ പ്രവര്‍ത്തനം കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ ക്രൈസ്തവസമുദായത്തിന് വലിയ സ്വാധീനം നേടിക്കൊടുത്തു. ന്യൂനപക്ഷ അവകാശം എന്നതിലുപരി പൊതുസമൂഹത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായിരുന്നു ഇത്. ഇതുവഴി വലിയ അംഗീകാരവും പ്രശംസയും സമുദായത്തിനുണ്ടായി. ഇ എം എസിനെപ്പോലെയും കെ ആര്‍ നാരായണനെപ്പോലെയുമുള്ള മഹാപ്രതിഭകള്‍ ക്രൈസ്തവസ്ഥാപനങ്ങളില്‍ പഠിച്ചവരാണ്. ഈ സല്‍പ്പേരിനെയെല്ലാം കളഞ്ഞുകുളിക്കുന്ന പ്രവണതയാണ് ഇന്നു കാണുന്നത്. ഇന്നത്തെ വിദ്യാഭ്യാസനയത്തില്‍ സാമൂഹികമായ പരിഷ്കരണലക്ഷ്യം ഇല്ലെന്നു മാത്രമല്ല, എംഇഎസിനെപ്പോലുള്ള മുസ്ലിം സ്ഥാപനങ്ങളുടെ ധാര്‍മികനിലവാരം പുലര്‍ത്താന്‍ ക്രൈസ്തവര്‍ക്കാവുന്നില്ല. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നാലു മെഡിക്കല്‍ കോളേജുകള്‍ സ്വന്തം ഇഷ്ടപ്രകാരം പ്രവേശനം നടത്തുന്നതും മറ്റു 11 കോളേജുകള്‍ 50 ശതമാനം സീറ്റ് സര്‍ക്കാരിനു വിട്ടുനല്‍കിയതും ഇക്കാര്യം വ്യക്തമാക്കുന്നു. എ കെ ആന്റണി മുന്നോട്ടുവച്ച 50:50 എന്ന മാനദണ്ഡത്തില്‍നിന്ന് സഭാമേധാവികള്‍ പിറകോട്ടുപോയതാണ് ഇന്നത്തെ പ്രശ്നങ്ങളുടെ അടിസ്ഥാനകാരണം. അന്ന് വാക്കാലുളള ധാരണ രേഖാമൂലം ഉണ്ടാക്കാത്തതിന്റെയും പിന്നീടു വന്ന ചില കോടതിവിധികളുടെയും ബലത്തിലാണ് ഇന്ന് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ മുന്നോട്ടുപോകുന്നത്. കോടതിവിധികളുടെ പിന്‍ബലമല്ല ക്രൈസ്തവസമൂഹം അവലംബമാക്കേണ്ടത്. "ചെറിയവനില്‍ ഒരാള്‍ക്ക് ചെയ്യുന്നത് ക്രിസ്തുവിനുവേണ്ടി ചെയ്യുകയാണ്" എന്ന ബൈബിള്‍വചനം പിതാക്കന്മാര്‍ ഓര്‍ക്കേണ്ടതാണ്. വൈകിയ വേളയിലെങ്കിലും തെറ്റുതിരുത്താന്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ തയ്യാറാകേണ്ടതാണ്. ന്യൂനപക്ഷ അവകാശത്തിന്റെ പേരുപറഞ്ഞ് ഇടതുപക്ഷത്തെ കുറ്റപ്പെടുത്തി മുന്നോട്ടുപോകുന്ന സമീപനം അധികകാലം സമൂഹത്തില്‍ വിലപ്പോവില്ലെന്നും മോര്‍ മിലിത്തിയോസ് ഓര്‍മപ്പെടുത്തി.

No comments: