Thursday, July 14, 2011

'കുട്ടി ലൈബ്രേറിയന്മാര്‍'ക്ക് പരിശീലനം തുടങ്ങി

Posted on: 15 Jul 2011
ഏലൂര്‍: കുട്ടികളെ പുസ്തകങ്ങളിലേക്ക് അടുപ്പിക്കുക, വായനയുടെ ലോകത്തേക്ക് അവരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഏലൂര്‍ എംഇഎസ് ഈസ്റ്റേണ്‍ യുപി സ്‌കൂളില്‍ പുസ്തകസഞ്ചി വിതരണവും കുട്ടികളായ ലൈബ്രേറിയന്മാര്‍ക്ക് പരിശീലനവും തുടങ്ങി. പ്രീപ്രൈമറി ക്ലാസ് മുതല്‍ അഞ്ചാം ക്ലാസു വരെ ഇനിയെന്നും ഓരോ ക്ലാസ്സിലും ദിവസവും ഉച്ചയ്ക്ക് ഒന്നേകാല്‍ മുതല്‍ രണ്ട് മണിവരെ കുട്ടി ലൈബ്രേറിയന്മാര്‍ പുസ്തകസഞ്ചിയുമായെത്തും. ഓരോ സഞ്ചിയിലും 50 പുസ്തകവും ഒരു ദിനപ്പത്രവും ഒരു വിതരണരജിസ്റ്ററും ഉണ്ടാകും. കുട്ടികള്‍ക്കാവശ്യമായ പുസ്തകം അവര്‍ക്ക് തിരഞ്ഞെടുക്കാം. കുട്ടികളെടുക്കുന്ന പുസ്തകവിവരം ലൈബ്രേറിയന്‍ വിതരണ രജിസ്റ്ററിലും കാര്‍ഡിലും രേഖപ്പെടുത്തും.

ഒരുവര്‍ഷം ഒരു കുട്ടി 50 പുസ്തകമെങ്കിലും വായിക്കണമെന്നാണ് ലക്ഷ്യം. വായിച്ച പുസ്തകത്തെക്കുറിച്ച് ലഘുകുറിപ്പ് തയ്യാറാക്കണം.
ക്ലാസധ്യാപകന്‍ ആഴ്ചയിലൊരിക്കല്‍ ഇവ പരിശോധിച്ച് ഗ്രേഡ് നല്‍കും. വായിച്ച പുസ്തകത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിന് സ്‌കൂള്‍ അസംബ്ലിയില്‍ അവസരമൊരുക്കും. 2011-12 അധ്യയനവര്‍ഷത്തെ പഠന പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സ്വതന്ത്രവായനയ്ക്ക് അവസരമൊരുക്കല്‍. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇപ്രാവശ്യം അധ്യാപക പരിശീലനം നടത്തിയത്.
വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും സ്വതന്ത്ര വായനയിലേക്ക് നയിക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

ഓരോ ക്ലാസ്സിലെയും കുട്ടികളുടെ നിലവാരത്തിനനുസരിച്ച് പുസ്തകങ്ങള്‍ അതതുക്ലാസ്സുകളില്‍ നിന്നും കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കുകയാണ് ഈ പദ്ധതിവഴി നടപ്പിലാക്കുന്നത്. രക്ഷിതാക്കളുടെ പൂര്‍ണസഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് ബിനാനി സിങ്കിന്റെ സഹായസഹകരണവുമുണ്ട്.

പദ്ധതിയുടെ ഉദ്ഘാടനം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ബിനാനി സിങ്ക് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ എ.എസ്.സുരേഷ്‌കുമാര്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് മോഹന്‍ദാസ് അധ്യക്ഷനായി. കെ.കെ. സ്മിത പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് ഷീബ ബര്‍ണാഡ്, ഏലൂര്‍ നഗരസഭ വികസനകാര്യസമിതി ചെയര്‍മാന്‍ കെ.എം. മുഹമ്മദാലി, കൗണ്‍സിലര്‍മാരായ കെ.എന്‍. വേലായുധന്‍, അബ്ദുള്‍ റസാഖ്, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി വി.വി. പ്രിയകുമാരി, സീനിയര്‍ അസിസ്റ്റന്റ് എ.കെ. വാസന്തി, ജെ. രജനി എന്നിവര്‍ സംസാരിച്ചു

വിദ്യാഭ്യാസ അവകാശനിയമം: പ്രശ്‌നങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍കൊണ്ടുവരും -മന്ത്രി

Posted on: 15 Jul 2011തിരുവനന്തപുരം: വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ഗ്രാമവികസനമന്ത്രി കെ.സി.ജോസഫ് പറഞ്ഞു. വിദ്യാഭ്യാസ അവകാശനിയമം സംബന്ധിച്ച് പാര്‍ലമെന്ററി കാര്യ ഇന്‍സ്റ്റിട്യൂട്ട് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിയമത്തിന് ഉപോദ്ബലകമായ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ ഇതുവരെ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല.

ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയമുണ്ടാകാത്തതിലാണിത്. വിദ്യാഭ്യാസ അവകാശനിയമപ്രകാരമുള്ള സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ ന്യൂനപക്ഷ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന ആരോപണം, ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറുവയസ്സായി നിജപ്പെടുത്തല്‍, വിദ്യാര്‍ഥി-അധ്യാപക അനുപാതം തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാനത്തിന്റെ സവിശേഷസാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ നടപ്പാക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

കെ.ശിവദാസന്‍നായര്‍ എം.എല്‍.എ., മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ ഡോ. എ.സുകുമാരന്‍നായര്‍, പാര്‍ലമെന്ററി കാര്യ ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടര്‍ ഡോ. ടി.വര്‍ഗീസ്, നയതന്ത്ര വിദഗ്ധന്‍ ടി.പി.ശ്രീനിവാസന്‍, എ.ഡി.ജി.പി. ഡോ. അലക്‌സാണ്ടര്‍ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.

സ്‌കൂളില്‍ പാമ്പുകടിയേറ്റ് കുട്ടി മരിച്ചതിന് നഷ്ടപരിഹാരം 4,90,000 രൂപ

Posted on: 15 Jul 2011തിരുവനന്തപുരം: ഏഴര വയസ്സുകാരനായബാലന്‍ പാമ്പുകടിയേറ്റ് മരിച്ച കേസ്സില്‍ അനാസ്ഥ കാട്ടിയ സ്‌കൂള്‍ അധികൃതര്‍ 4,90,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍ അംഗം എം.വി. വിശ്വനാഥന്‍, എം.കെ. അബ്ദുള്ളസോന എന്നിവര ടങ്ങുന്ന ബഞ്ചിന്‍േറതാണ് ഉത്തരവ്.

വയനാട് മാനന്തവാടി ക്രൈസ്റ്റ്കിങ് കോണ്‍വെന്റ് സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥി സന്ദീപിന് സ്‌കൂളില്‍ കളിക്കവേയാണ് പാമ്പുകടിയേറ്റത്. സ്‌കൂള്‍ അധികൃതരുടെ അനാസ്ഥ കൊണ്ടാണ് മരണം സംഭവിച്ചതെന്നുകാണിച്ച് കുട്ടിയുടെ അച്ഛന്‍ വയനാട് ജില്ലാ ഫോറത്തില്‍ പരാതി കൊടുത്തു. പരാതി അനുവദിക്കുകയും ചെയ്തു. എന്നാല്‍ നഷ്ടപരിഹാരം കുറവാണെന്ന് കാണിച്ചാണ് സംസ്ഥാന ഉപഭോക്തൃ കമ്മീഷനില്‍ അപ്പീല്‍ നല്‍കിയത്.

പാമ്പു കടിച്ച കുട്ടിയെ ഒരു കിലോമീറ്റര്‍ അകലെയുള്ള ഡോക്ടറുടെ അടുത്തേക്ക് നടത്തിക്കൊണ്ടു പോയതായും സ്‌കൂള്‍ ബസ്സ് ഉണ്ടായിട്ടും അത് ഉപയോഗിച്ചില്ലെന്നും കമ്മീഷന്‍ കണ്ടെത്തി. ഇത് സ്‌കൂള്‍ അധികൃതരുടെ സേവനത്തിലെ വീഴ്ചയാണെന്ന് കോടതി വിലയിരുത്തി. പാമ്പു കടിച്ചതിന് തെളിവില്ല എന്ന സ്‌കൂള്‍ അധികൃതരുടെ വാദം കമ്മീഷന്‍ തള്ളുകയായിരുന്നു.
--

അധ്യാപകര്‍ക്കായി പ്രകൃതിപഠന ക്ലാസ്

Posted on: 15 Jul 2011കൊച്ചി: കേരള സംസ്ഥാന വനംവകുപ്പും ഗ്രീന്‍ ഡോക്ടേഴ്‌സും സംയുക്തമായി സ്‌കൂള്‍ അധ്യാപകര്‍ക്കായി പ്രകൃതിപഠന ക്യാമ്പ് നടത്തും. പരിസ്ഥിതി പഠനം, പരിസ്ഥിതി സൗഹാര്‍ദ ജീവിതം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സുകള്‍, പ്രശസ്തരായ പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി മുഖാമുഖം എന്നിവ ഇതോടൊപ്പമുണ്ടാകും.

ജൂലായ് 28, 29 തീയതികളില്‍ എറണാകുളം മംഗളവനം പക്ഷിസങ്കേതത്തിലാണ് പരിപാടി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമായി നടപ്പിലാക്കാന്‍ അധ്യാപകരെ പ്രാപ്തരാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഔഷധ, പച്ചക്കറി തോട്ടം നിര്‍മാണം, കേരളത്തിലെ ജൈവവൈവിധ്യം, ഔഷധച്ചെടികളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ നയിക്കുന്ന ക്ലാസ്സുകളും ഉണ്ടാവും. പങ്കെടുക്കുന്നതിന് ഫീസില്ല. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 അധ്യാപകര്‍ക്ക് പ്രവേശനമുണ്ടാവും.

സ്‌കൂളുകള്‍ക്ക് അധ്യാപകരുടെ പൂര്‍ണവിവരങ്ങള്‍ സഹിതം ഗ്രീന്‍ ഡോക്ടേഴ്‌സ് ഓഫീസുമായി ബന്ധപ്പെടാം. ശാസ്ത്രഭവന്‍, ടവര്‍ ബി, നാലാം നില, മേത്തര്‍ സ്‌ക്വയര്‍, ടൗണ്‍ റെയില്‍വേ സ്റ്റേഷന്‍ റോഡ്, കൊച്ചി-682018, ഫോണ്‍: വി.കെ. ഗോപി -9946138337.
--

കൊണ്ണിയൂര്‍ സ്‌കൂളില്‍ ഭക്ഷ്യവിഷബാധ;വിദ്യാര്‍ഥികള്‍ കുഴഞ്ഞുവീണു

Posted on: 15 Jul 2011
കാട്ടാക്കട: പൂവച്ചല്‍ കൊണ്ണിയൂര്‍ സെന്റ് ത്രേസ്യാസ് യു.പി. സ്‌കൂളില്‍ ഉച്ചക്കഞ്ഞി കഴിച്ച 125-ഓളം വിദ്യാര്‍ഥികള്‍ കുഴഞ്ഞുവീണു. കുട്ടികളെ ആസ്​പത്രിയിലാക്കാതെ സ്‌കൂളില്‍ ശുശ്രൂഷിക്കാന്‍ അധികൃതര്‍ ശ്രമിച്ചതായി ആരോപിച്ച് രക്ഷിതാക്കളും നാട്ടുകാരും ബഹളംവെച്ചു.

വ്യാഴാഴ്ച ഉച്ചക്കഞ്ഞി കഴിച്ച് അരമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് കുട്ടികള്‍ തളര്‍ന്നുവീണുതുടങ്ങിയത്. കുറേ കുട്ടികള്‍ ഛര്‍ദ്ദിച്ചു. ഇവരെയൊക്കെ ഒരു മുറിയിലേക്ക് മാറ്റി പ്രഥമ ശുശ്രൂഷ നല്‍കുന്നതിനിടെയാണ് വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ കുട്ടികളെ ആസ്​പത്രിയിലാക്കണമെന്നാവശ്യപ്പെട്ട് ബഹളംവെച്ചത്.

തുടര്‍ന്ന് 125-ഓളം കുട്ടികളെ രക്ഷിതാക്കളുംനാട്ടുകാരും ചേര്‍ന്ന് വെള്ളനാട് കമ്യൂണിറ്റി ആസ്​പത്രിയിലും സമീപത്തെ സ്വകാര്യ ആസ്​പത്രികളിലുമായി പ്രവേശിപ്പിച്ചു. വെള്ളനാട് ആസ്​പത്രിയില്‍ മരുന്നും സൗകര്യവുമില്ലാത്തതിനാല്‍ അവശരായ 14 വിദ്യാര്‍ഥികളെ എസ്.എ.ടി. ആസ്​പത്രിയിലേക്ക് മാറ്റി. കൂടുതലും എല്‍.കെ.ജിയിലെ കുട്ടികളാണ്. ആരുടെയും നില ഗുരുതരമല്ല. എസ്.എ.ടിയില്‍ 11 കുട്ടികള്‍ നിരീക്ഷണത്തിലാണ്. ബാക്കിയുള്ളവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി തിരിച്ചയച്ചതായി ആസ്​പത്രി അധികൃതര്‍ പറഞ്ഞു.

കുട്ടികളെ ആസ്​പത്രിയില്‍ എത്തിക്കാന്‍ സ്‌കൂള്‍ ബസ് വിട്ടുകൊടുക്കാത്തതിന്റെ പേരില്‍ നാട്ടുകാര്‍ സ്‌കൂള്‍ ഓഫീസിനുള്ളില്‍ പ്രഥമാധ്യാപിക ഉള്‍പ്പെടെയുള്ളവരെ തടഞ്ഞുവെച്ചു.

സംഭവമറിഞ്ഞ് കാട്ടാക്കട സി.ഐ. വിദ്യാധരന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘര്‍ഷാവസ്ഥ ഒഴിവാക്കി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വിശ്വലത, ആര്‍.ഡി.ഒ. സുധീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘവും സ്‌കൂളിലെത്തി. പാചകപ്പുര, ഉച്ചക്കഞ്ഞി, വെള്ളം എന്നിവയുടെ സാമ്പിള്‍ പരിശോധനയ്‌ക്കെടുത്തു. ഭക്ഷ്യവിഷബാധയേറ്റ് ആസ്​പത്രിയിലായിരുന്ന വിദ്യാര്‍ഥികളെ സ്​പീക്കര്‍ ജി. കാര്‍ത്തികേയന്‍, ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് എന്നിവര്‍

സന്ദര്‍ശിച്ചു.


വഴിയോരത്ത് തണല്‍വിരിക്കാന്‍ കുട്ടിക്കൂട്ടം


ചാരുംമൂട്: നാടിന് തണലേകാന്‍ വഴിയോരത്ത് വേപ്പുമരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ വിദ്യാര്‍ഥിക്കൂട്ടമിറങ്ങി. അന്താരാഷ്ട്ര വനവര്‍ഷാചരണത്തിന്റെ ഭാഗമായി താമരക്കുളം വി.വി.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് വഴിയോരതണല്‍മരം പദ്ധതിക്ക് തുടക്കമിട്ടത്. സ്‌കൂളിലെ പരിസ്ഥിതിക്ലബ്ബിന്റെ നേതൃത്വത്തില്‍ ചാരുംമൂട് മുതല്‍ വെട്ടിക്കോടുവരെ കെ.പി.റോഡിന്റെ വശങ്ങളിലായാണ് 50 വേപ്പുമരങ്ങള്‍ വച്ചുപിടിപ്പിക്കുക. നൂറോളം വിദ്യാര്‍ഥികളാണ് ഈ കൂട്ടായ്മയില്‍ അണിചേര്‍ന്നത്.

സസ്യങ്ങളുടെ പ്രാധാന്യവും അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികളെ ബോധവത്കരിക്കാനുംപദ്ധതി ലക്ഷ്യമിടുന്നു. ഇതിനായി കശുമാവ്, കൂവളം, ചന്ദനം, ചാമ്പ തുടങ്ങിയ പേരുകളും നല്കി.

മരങ്ങള്‍ നടുന്നതിന്റെ ഉദ്ഘാടനം താമരക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു നിര്‍വഹിച്ചു. പ്രധാനാധ്യാപിക ജെ.വിമലകുമാരി, പ്രിന്‍സിപ്പല്‍ ജിജി എച്ച്. നായര്‍, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ഡി.ശ്രീദേവി, പി.ടി.എ. പ്രസിഡന്റ് ജി.സാം, വൈസ് പ്രസിഡന്റ് ഡി.തമ്പാന്‍, സ്റ്റാഫ് സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ.ഫസല്‍ അലിഖാന്‍, ഫോറസ്റ്റര്‍ വി.വിജയന്‍, റാഫി രാമനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു

No comments: