Saturday, July 30, 2011

പച്ചപ്പിനെ പുണര്‍ന്ന്, അമ്പത് വേദികള്‍

കോട്ടക്കല്‍ : ദുര മൂത്ത മനുഷ്യന്‍ വനനശീകരണം തുടരുമ്പോള്‍ ബോധവല്‍ക്കരണവുമായി "മരവും കുട്ടിയും". കോട്ടക്കല്‍ രാജാസ് ഹൈസ്കൂളിലെ ഹരിതസേനയുടെ സംഗീതശില്‍പ്പമായ "മരവും കുട്ടിയും" അമ്പത് വേദികള്‍ പിന്നിട്ടു.
അന്താരാഷ്ട്ര വനവര്‍ഷത്തിന്റെ ഭാഗമായാണ് സംഗീതശില്‍പ്പം ഒരുക്കിയത്. ഭൂമിയുടെ വികസനത്തില്‍ വനങ്ങള്‍ക്കുള്ള പ്രാധാന്യം, ശോഷിക്കുന്ന വനസമ്പത്ത് സംരക്ഷിക്കുക എന്നീ സന്ദേശമാണ് സംഗീതശില്‍പ്പം നല്‍കുന്നത്. മരങ്ങളെ സ്നേഹിക്കാന്‍ ഒത്തുചേരാം, ഹരിതാഭകാലം തിരികെ ചേര്‍ക്കാം എന്ന വലിയ ഉദ്യമത്തിന് ചെറിയ ചുവടാണ് സംഗീതശില്‍പ്പം.
കരിവള്ളൂര്‍ മുരളി രചനയും കോട്ടക്കല്‍ മുരളി സംവിധാനവും നിര്‍വഹിച്ച സംഗീതശില്‍പ്പത്തിന്റെ നൃത്തസംവിധാനം സ്കൂളിലെ അധ്യാപിക പി കെ ജയശ്രീയാണ്. ഗാനങ്ങള്‍ അധ്യാപിക ചന്ദ്രിക, വിദ്യാര്‍ഥികളായ വാണി, ശ്വേത, ഗ്രീഷ്മ, വിവേക്, അര്‍ജുന്‍ എന്നിവര്‍ ആലപിക്കുന്നു. അഭയ് കൃഷ്ണന്‍ , ഫാക്കിറ, റാഷിദ, അംജദ ഷെറിന്‍ , കെ ആരതി, ആതിര, അവിഷ്ണ, ഗ്രീഷ്മ, പ്രജിത്ത്, ആര്യ, ശ്രീലക്ഷ്മി, നീരജ, ആദിത്യ, ഗ്രീഷ്മ, ഐശ്വര്യ, ആബിദ്ഉമര്‍ എന്നീ വിദ്യാര്‍ഥികളാണ് അഭിനേതാക്കള്‍ . അധ്യാപകനായ കെ മുജീബ് റഹ്മാനും സ്കൂളില്‍നിന്ന് വിരമിച്ച ഡ്രോയിങ് അധ്യാപകന്‍ മൊയ്തുട്ടിയും കുട്ടികള്‍ക്കൊപ്പമുണ്ട്. "മരവും കുട്ടിയും" സംഗീതശില്‍പ്പം ഇതിനകം മലപ്പുറം, കണ്ണൂര്‍ , കോഴിക്കോട് ജില്ലകളിലെ സ്കൂളുകളിലും പൊതുവേദികളിലും അവതരിപ്പിച്ചിട്ടുണ്ട്. അമ്പത് വേദികള്‍ പിന്നിട്ടതിന്റെ ആഘോഷം വനംവകുപ്പ് മന്ത്രിയെ പങ്കെടുപ്പിച്ച് നടത്താനാണ് ഹരിതസേനയുടെ തീരുമാനം. 
-
ചിത്രപ്രദര്‍ശനമൊരുക്കി വാന്‍ഗോഗിന്റെ ചരമദിനം ആചരിച്ചു
Posted on: 31-Jul-2011 12:27 AM
മൂലമറ്റം: കലാപഠനത്തില്‍ പുത്തന്‍ അവബോധം കുട്ടികള്‍ക്ക്് നല്‍കി വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തില്‍ പൂമാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ലോക പ്രശസ്ത ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ഗോഗിന്റെ 121-ാം ചരമദിനം ആചരിച്ചു. 1853 മുതല്‍ 1890വരെയാണ് വാന്‍ഗോഗ് ജീവിച്ചിരുന്നത്. 37-ാം വയസില്‍ ആത്മഹത്യചെയ്യുകയായിരുന്നു. പട്ടിണിയില്‍ ജീവിച്ച വാന്‍ഗോഗ് കര്‍ഷകദുരിതങ്ങളുടെ നൊമ്പരങ്ങള്‍ ഒപ്പിയെടുക്കുന്ന ചിത്രരചനക്കാണ് മുന്‍തൂക്കം നല്‍കിയിരുന്നത്. പൊട്ടറ്റോ ഈറ്റേഴ്സ്, വേദനിക്കുന്ന വൃക്ഷങ്ങള്‍ തുടങ്ങിയ 40 ചിത്രങ്ങളും മൈക്കല്‍ ആഞ്ചലോ, ലിയനാര്‍ഡോ ഡാവിഞ്ചി, പാബ്ലോ പിക്കാസോ, രാജാ രവിവര്‍മ, കെസിഎസ് പണിക്കര്‍ തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. സ്കൂളിലെ കുട്ടികള്‍ വരച്ച ചിത്രങ്ങളും ഇതോടൊപ്പം പ്രദര്‍ശിപ്പിച്ചു. പത്താംക്ലാസിലെ ആര്‍ട് അറ്റാക്ക് എന്ന പാഠത്തിലെ പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികളില്‍ ചിത്രകലാരചനയുടെ വിവിധ വശങ്ങള്‍ പരിചയപ്പെടുത്തുന്നതിനും കലാമൂല്യ ശോഷണത്തെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഐടി കോ-ഓര്‍ഡിനേറ്റര്‍ അധ്യാപകന്‍ വി വി ഷാജി പറഞ്ഞു. സ്കൂളിലെ വിവിധ ക്ലബ്ബുകളില്‍നിന്നും തെരഞ്ഞെടുത്ത കുട്ടികളാണ് ചിത്രരചനയില്‍ പങ്കെടുത്തത്. പ്രദര്‍ശനവും വാന്‍ഗോഗ്് അനുസ്മരണവും ചിത്രകാരന്‍ പി ജി മോഹനന്‍ ഉദ്ഘാടനം ചെയ്തു. പി എന്‍ വിശ്വനാഥന്‍ , അബ്ദുള്‍ നിസാര്‍ എന്നിവര്‍ സംസാരിച്ചു. ഇ എന്‍ ഓമന അധ്യക്ഷയായി. പി എന്‍ സന്തോഷ് സ്വാഗതവും പി വി രാധിക നന്ദിയും പറഞ്ഞു. 
-

No comments: