Saturday, July 23, 2011

പഠനനിലവാരം: ആദിവാസിമേഖലയെക്കാള്‍ പിന്നില്‍ കാര്‍ഷികമേഖല

24 Jul 2011
പാലക്കാട്: വിദ്യാഭ്യാസനിലവാരത്തില്‍ ആദിവാസിമേഖലയായ അട്ടപ്പാടിയെക്കാള്‍ പിന്നിലാണ് കാര്‍ഷികമേഖലയെന്ന് ഇതുസംബന്ധിച്ച് ജില്ലാതലത്തില്‍ നടന്ന ഗവേഷണറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജില്ലയിലെ കാര്‍ഷികമേഖലയും ഭാഷാന്യൂനപക്ഷദേശങ്ങളും ഉള്‍പ്പെടുന്ന ആലത്തൂര്‍, കുഴല്‍മന്ദം, കൊല്ലങ്കോട്, ചിറ്റൂര്‍ പ്രദേശങ്ങളിലെ കുട്ടികള്‍ പഠനത്തില്‍ അട്ടപ്പാടിയിലെ ആദിവാസിക്കുട്ടികളെക്കാള്‍ പിന്നാക്കമാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ജില്ലയിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ച് 'യൂണിസെഫി'ന്റെ സഹകരണത്തോടെ പാലക്കാട് ഡയറ്റാണ് ഗവേഷണ പഠനം നടത്തിയത്.

ഇതിന്റെ തുടര്‍ച്ചയായി ജില്ലയിലെ പഠനനിലവാരം ഉയര്‍ത്താന്‍ ഒരു പ്രചാരണശില്പശാല ജൂലായ് 27ന് രാവിലെ 9.30ന് ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

'റീച്ചിങ് അണ്‍റീച്ച്ഡ്' എന്ന് പേരിട്ട ഗവേഷണ പഠനത്തില്‍ ജില്ലയിലെ നാല്, ഏഴ് ക്ലാസുകളിലെ കുട്ടികളെയാണ് ഉള്‍പ്പെടുത്തിയത്. 2010 ഡിസംബര്‍ മുതല്‍ 2011 ജൂണ്‍ വരെയായിരുന്നു ഗവേഷണം. ആദിവാസി-ഭാഷാന്യൂനപക്ഷ-കാര്‍ഷിക മേഖലകളിലെ തിരഞ്ഞെടുത്ത 30 സ്‌കൂളിലായിരുന്നുപഠനം. പ്രൈമറി-അപ്പര്‍പ്രൈമറി വിഭാഗങ്ങളില്‍ 225 വീതം കുട്ടികളെയും അത്രതന്നെ രക്ഷിതാക്കളെയും നേരില്‍ക്കണ്ടാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. കൂടാതെ 15 പ്രൈമറിസ്‌കൂള്‍ അധ്യാപകരില്‍നിന്നും 60 യു.പി.സ്‌കൂള്‍ അധ്യാപകരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

കുട്ടികളുടെ കുടുംബപശ്ചാത്തലം, സാമൂഹികചുറ്റുപാട്, ക്ലാസ്‌റൂം അന്തരീക്ഷം, സ്‌കൂളിലെ സാഹചര്യങ്ങള്‍ എന്നിവയാണ് പഠനവിധേയമാക്കിയത്. ഡയറ്റ് അധ്യാപകര്‍, ബി.ആര്‍.സി. പരിശീലകര്‍, പരിശീലനം നേടിയ ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ എന്നിവരാണ് വിവരശേഖരണം നടത്തിയത്.

ഇതിന്റെ തുടര്‍ച്ചയായി ജൂലായ് 27ന് നടക്കുന്ന സെമിനാര്‍ എം.ബി.രാജേഷ് എം.പി. ഉദ്ഘാടനംചെയ്യും. ഷാഫി പറമ്പില്‍ എം.എല്‍.. ഗവേഷണറിപ്പോര്‍ട്ട് പ്രകാശനംചെയ്യും. യൂണിസെഫിന്റെ ചീഫ് കണ്‍സള്‍ട്ടന്റ് അരുണാരത്‌നം മുഖ്യാതിഥിയാവും.

ശില്പശാലയെക്കുറിച്ച് വിശദീകരിക്കാന്‍ചേര്‍ന്ന പത്രസമ്മേളനത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍.കണ്ടമുത്തന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്‍ എസ്.അബ്ദുള്‍റഹിമാന്‍, പാലക്കാട് ഡയറ്റ് പ്രിന്‍സിപ്പല്‍ സി.ബാബു, സീനിയര്‍ ലക്ചറര്‍ .രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

പഠിപ്പിക്കാന്‍ താല്‍ക്കാലിക അധ്യാപകര്‍ മാത്രം; ബെല്ലടിക്കാനും

തൃശ്ശൂര്‍: ഇങ്ങനെയുമുണ്ടോ ഒരു സ്‌കൂള്‍ എന്ന് ആരും ചോദിച്ചുപോകും പെരുവല്ലൂര്‍ എളവള്ളി സര്‍ക്കാര്‍ സ്‌കൂളിന്റെ സ്ഥിതികണ്ടാല്‍. ഇവിടെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ആകെയുള്ളത് 12 താല്‍ക്കാലിക അധ്യാപകര്‍. ഇവര്‍ക്കാര്‍ക്കും ഒരു വര്‍ഷമായി ശമ്പളവുമില്ല. പ്രിന്‍സിപ്പലോ, സ്ഥിരം അധ്യാപകരോ ഇല്ലെന്നതു പോകട്ടെ; ഒരു പ്യൂണ്‍ പോലുമില്ല ഇവിടെ. ഗേറ്റ് തുറക്കുന്നതും ബെല്ലടിക്കുന്നതുമെല്ലാം അധ്യാപകര്‍ തന്നെ.

പെരുവല്ലൂര്‍ എളവള്ളി സര്‍ക്കാര്‍ വിദ്യാലയത്തിലെ താല്‍ക്കാലിക അധ്യാപകരാണ് അധ്യാപനം അക്ഷരാര്‍ത്ഥത്തില്‍ സേവനമാക്കുന്നത്. ബെല്ലടിക്കുന്നതും ഓഫീസ് ജോലികള്‍ ചെയ്യുന്നതും ക്ലാസ് മുറികള്‍ പൂട്ടുന്നതുമെല്ലാം താല്‍ക്കാലിക അധ്യാപകര്‍ തന്നെയാണ്.

2010-11 അദ്ധ്യയനവര്‍ഷത്തിലാണ് വിദ്യാലയത്തെ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തിയത്. സ്ഥിരം അധ്യാപകരെയൊന്നും നിയമിക്കാത്തതിനാല്‍ മുഴുവന്‍ തസ്തികകളിലും താല്‍ക്കാലിക ജീവനക്കാരാണ്.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ താല്‍ക്കാലിക അധ്യാപകര്‍ക്ക് ഒരു ദിവസം മുന്നൂറു രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ബാച്ചിന് അംഗീകാരം കിട്ടിയെങ്കിലും അധ്യാപക തസ്തികകള്‍ക്ക് അംഗീകാരം ലഭിക്കാത്തതാണ് ശമ്പളം ലഭിക്കാത്തതിനു കാരണം. താല്‍ക്കാലിക അധ്യാപകന്റെ സേവനം അധ്യയനവര്‍ഷത്തിന്റെ അവസാനത്തോടെ തീരുകയും പുതിയ അധ്യയന വര്‍ഷത്തില്‍ വീണ്ടും കൂടിക്കാഴ്ചകളിലൂടെ നിയമിക്കുകയുമാണ് പതിവ്. എന്നാല്‍ എളവള്ളി വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനം നടത്തുന്നതും താല്‍ക്കാലിക അധ്യാപകരാണ്.

ഇരുനൂറിലധികം വിദ്യാര്‍ത്ഥികളാണിവിടെ പഠിക്കുന്നത്. ഒരു വിദ്യാലയത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെയില്ല. ലാബ് സൗകര്യങ്ങള്‍ അപൂര്‍ണമാണ്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ വരാന്തയില്‍ മഴയേല്‍ക്കുന്ന സ്ഥലത്ത് ഒരു വിദ്യാലയത്തിലെ മുഴുവന്‍ താല്‍ക്കാലിക അധ്യാപകരും ശമ്പളം ലഭിക്കാതെ ജോലി ചെയ്യുന്ന വിവരം എം.എല്‍.. യെ ധരിപ്പിച്ചെങ്കിലും ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ല.
--

പാഠപുസ്തക വിവാദം വീണ്ടും: 10-ാംക്ലാസിലെ സാമൂഹ്യപാഠം വെബ്‌സൈറ്റില്‍ തിരുത്തും

തിരുവനന്തപുരം: പാഠപുസ്തകങ്ങളെച്ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല. പത്താംക്ലാസിലെ സാമൂഹ്യശാസ്ത്രം പുസ്തകത്തിനു പിന്നാലെ .സി.എസ്. സിലബസിലെ ഏഴാം ക്ലാസ് മലയാളം പാഠപുസ്തകത്തിലെ ഒരധ്യായത്തെപ്പറ്റിയും പരാതി ഉയര്‍ന്നുകഴിഞ്ഞു.

സംസ്ഥാന സിലബസിലെ പത്താംക്ലാസിലെ വിവാദഭാഗം തിരുത്താന്‍ എസ്.സി..ആര്‍.ടി സംസ്ഥാന സര്‍ക്കാരിന്റെ അനുവാദം തേടിയിട്ടുണ്ട്. കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പരാതി പ്രകാരം സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് പാഠഭാഗം തിരുത്തുന്നത്. തിരുത്തിയ പാഠഭാഗം എസ്.സി..ആര്‍.ടിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അധ്യാപകര്‍ വെബ്‌സൈറ്റില്‍ നിന്നെടുത്ത് ഇത് പഠിപ്പിക്കണം. വിദ്യാര്‍ഥികള്‍ക്ക് തിരുത്തിയ പാഠഭാഗം പ്രത്യേകമായി അച്ചടിച്ചു നല്‍കുന്നതുവഴിയുള്ള അസൗകര്യം ഒഴിവാക്കാനാണ് തീരുമാനം. സര്‍ക്കാരിന്റെ അനുമതി കിട്ടിയാലുടന്‍ തിരുത്തല്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനാണ് എസ്.സി.. ആര്‍.ടിയുടെ തീരുമാനം. എന്നാല്‍ തിരുത്തിയ പാഠഭാഗം പഠിപ്പിക്കില്ലെന്ന നിലപാടിലാണ് ഇടതുപക്ഷ അധ്യാപക സംഘടനയായ കെ.എസ്.ടി..

പത്താംക്ലാസ് സാമൂഹ്യപാഠത്തിലെ 'ആധുനിക സമൂഹത്തിന്റെ ഉദയം' എന്ന തലക്കെട്ടില്‍ യൂറോപ്പിലെ നവോത്ഥാനത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കത്തോലിക്കാ സഭാവിരുദ്ധമാണെന്നായിരുന്നു പരാതി.
--

ക്ലാസ് മുറിയില്‍ ക്ഷേത്രകലകളുടെ രംഗാവതരണം

ചാവക്കാട്: ക്ഷേത്രകലാരൂപങ്ങളായ ചാക്യാര്‍കൂത്തും കഥകളിയും ക്ലാസ് മുറിയിലെ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ അരങ്ങേറിയത് കുട്ടികള്‍ക്ക് നവ്യാനുഭവമായി. 10-ാം ക്ലാസിലെ പാഠ്യപദ്ധതിയുടെ ഭാഗമായാണ് ചാവക്കാട് എം.ആര്‍.ആര്‍.എം. ഹൈസ്‌കൂളിലെ വിദ്യാരംഗം സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ചാക്യാര്‍കൂത്തും കഥകളിയും അവതരിപ്പിച്ചത്. മുരിങ്ങ ഉപ്പേരിയും ചോറും എന്ന പാഠത്തെ ആസ്പദമാക്കിയാണ് ചാക്യാര്‍കൂത്ത് അവതരിപ്പിച്ചത്.

കലാമണ്ഡലം കനകകുമാറും സംഘവുമാണ് ചാക്യാര്‍കൂത്തും കഥകളിയും അവതരിപ്പിച്ചത്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം പി.ടി.. പ്രസിഡന്റ് ഫിറോസ് പി. തൈപ്പറമ്പില്‍ നിര്‍വഹിച്ചു.

No comments: