Wednesday, July 20, 2011

വികസന വിഷയത്തില്‍ വിദ്യാര്‍ഥി 'ഇടപെടല്‍' ബജറ്റ് ചര്‍ച്ചയില്‍ തീ പാറി

: 21 Jul 2011

ചേര്‍ത്തല നാടിന്റെ വികസന വിഷയങ്ങളിലും വിദ്യാര്‍ഥികള്‍ക്കു ശ്രദ്ധ. സംസ്ഥാന ബജറ്റ് തീരദേശത്തില്‍ അനുകൂലമോ പ്രതികൂലമോ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വിദ്യാര്‍ഥി സംവാദത്തില്‍ തീ പാറി.

അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസ്സീസി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരന്നു സംവാദം സംഘടിപ്പിച്ചത്. ചര്‍ച്ചയില്‍ തീരദേശത്തെ അവഗണിച്ചു എന്ന വാദമുഖത്തിനായിരുന്നു മുന്‍തൂക്കം. കടല്‍ഭിത്തി നിര്‍മാണം, അര്‍ത്തുങ്കല്‍, ചെത്തി ഉള്‍പ്പെടെയുള്ള ഫിഷിങ് ഹാര്‍ബറുകളുടെ നിര്‍മാണം, തുടങ്ങിയ അടിസ്ഥാന മേഖലയില്‍പ്പോലും അവഗണന നേരിട്ടു. തീരദേശ വികസന അതോറിറ്റിക്ക് നാമമാത്രമായ അഞ്ചുകോടി രൂപയുടെ പദ്ധതി മാത്രം വിഭാവന ചെയ്തതും തീരദേശ അവഗണനയുടെ വ്യക്തമായ സൂചനയാണെന്നും വാദിച്ചു. ജില്ലയ്ക്കു പൊതുവേ ആരോഗ്യ പാക്കേജ് ഇല്ലാത്തത് ജില്ലയോട് പൊതുവിലുള്ള അവഗണനയാണെന്ന് ചര്‍ച്ചയില്‍ വിലയിരുത്തപ്പെട്ടു.

റിട്ട. താലൂക്ക് ഇന്‍ഡസ്ട്രിയല്‍ ഓഫീസറും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. പീറ്റര്‍ ജെ.കുരിശിങ്കല്‍ മോഡറേറ്ററായിരുന്നു. ലാല്‍ കോയില്‍ പറമ്പില്‍ സംവാദം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ പി.സി. റാഫേല്‍, അധ്യാപകരായ പി.. ജാക്‌സണ്‍, ലിറ്റി അഗസ്റ്റിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അധ്യാപകരായ ലിസമ്മ കാര്‍ഡോസ്, മോളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


ഒന്നാംഭാഷ മലയാളം: പഠനസമയംമാറ്റും

: 21 Jul 2011

തിരുവനന്തപുരം: മലയാളം നിര്‍ബന്ധവിഷയമാക്കിയതിനെ തുടര്‍ന്ന് ഇതിന് പീരീഡ് സൃഷ്ടിക്കാന്‍ മൊത്തം പീരീഡുകളുടെ ദൈര്‍ഘ്യത്തില്‍ ക്രമീകരണം നടത്തുമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് നിയമസഭയെ അറിയിച്ചു. ഇതുമൂലം സ്‌കൂളുകളിലെ പഠനസമയത്തില്‍ മാറ്റമുണ്ടാകുമെന്ന് എളമരം കരീം, പി.കെ.ഗുരുദാസന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് മന്ത്രി മറുപടി നല്‍കി. പുതുതായി മലയാളം അധ്യാപകരുടെ തസ്തിക സൃഷ്ടിക്കാതെയാകും ക്രമീകരണം നടത്തുകയെന്ന് മന്ത്രി അറിയിച്ചു.

തഴക്കര പഞ്ചായത്തിലെ സ്‌കൂളുകളില്‍ 'കൃഷിപാഠം'


മാവേലിക്കര: സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ കൃഷിയോടുള്ള ആഭിമുഖ്യം വളര്‍ത്താന്‍ തഴക്കര പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളിലും 'കൃഷിപാഠം' തുടങ്ങുന്നു. ഓരോ സ്‌കൂളിലും സ്ഥലത്തിന്റെ ലഭ്യതയ്ക്കനുസരിച്ച് വാഴ, ചേന, ചേമ്പ്, കാച്ചില്‍, പച്ചക്കറികള്‍ എന്നിവയാണ് കൃഷി ചെയ്യുന്നത്. സ്ഥലം ഒട്ടും ലഭ്യമല്ലാത്ത സ്‌കൂളുകളില്‍ ചട്ടിയിലോ ചാക്കിലോ മണ്ണുനിറച്ച് കൃഷി ചെയ്യാം. കൃഷിപാഠം പദ്ധതിയ്ക്കാവശ്യമായ വിത്തും വളവും ജനകീയാസൂത്രണത്തില്‍ ഉള്‍പ്പെടുത്തി ലഭ്യമാക്കും. മറ്റ് സാങ്കേതിക സഹായങ്ങള്‍ തഴക്കര കൃഷിഭവന്‍ നല്‍കും.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളിലും ഒരേപോലെ ഇത്തരം പദ്ധതി നടപ്പിലാക്കുന്നതെന്ന് തഴക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കോശി എം.കോശിയും കൃഷി ഓഫീസര്‍ അഭിലാഷ് കരിമുളയ്ക്കലും പറഞ്ഞു. പഞ്ചായത്തില്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലായി 20 സ്‌കൂളുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി എല്ലാ സ്‌കൂളുകളിലെയും പ്രഥമാധ്യാപകരുടെയും പി.ടി.എ. പ്രസിഡന്റുമാരുടെയും യോഗം പഞ്ചായത്ത് വിളിച്ചു ചേര്‍ത്തിരുന്നു. പദ്ധതിയ്ക്കാവശ്യമായ പച്ചക്കറി വിത്തുകള്‍ ജില്ലാ കൃഷിത്തോട്ടത്തില്‍നിന്ന് വാഴക്കന്നുകള്‍ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ വഴിയുമാണ് ലഭ്യമാക്കിയത്.

കൃഷിപാഠം പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനത്തിന്റെ ഭാഗമായി ഇറവങ്കര ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വളപ്പില്‍ 101വിദ്യാര്‍ഥികള്‍ 101 വാഴക്കന്നുകള്‍ നട്ടു. തഴക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ .കോശി എം.കോശി പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എം.ഓമനക്കുട്ടിയമ്മ, അഡ്വ. ഇറവങ്കര വിശ്വനാഥന്‍, മുരളി വൃന്ദാവനം, വി.മാത്തുണ്ണി, കൃഷി ഓഫീസര്‍ അഭിലാഷ് കരിമുളയ്ക്കല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സ്‌കൂള്‍ വളപ്പില്‍ വിദ്യാര്‍ഥികള്‍ നടുന്ന വാഴയും പച്ചക്കറിയും അവരവര്‍ തന്നെയാണ് പരിചരിക്കേണ്ടത്. അധ്യയന വര്‍ഷം തീരുന്നതിന് മുമ്പായി കൃഷിയുടെ വിളവെടുപ്പ് നടക്കും. ഏറ്റവും നല്ല വിളവ് നേടുന്ന സ്‌കൂളിനും വിദ്യാര്‍ഥിയ്ക്കും പ്രത്യേകം അവാര്‍ഡ് നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

വായനയുടെ വാതായനം തുറന്ന് പുസ്തകോത്സവം

കായംകുളം: വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്താന്‍ ലക്ഷ്യമിട്ട് പത്തിയൂര്‍ പഞ്ചായത്ത് ഹൈസ്‌കൂളില്‍ പുസ്തകോത്സവം നടന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ചാണ് സംസ്ഥാന സാംസ്‌ക്കാരിക വകുപ്പിന്റെ കീഴിലുള്ള ബുക്ക് മാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസത്തെ പുസ്തകപ്രദര്‍ശനവും വില്‍പനയും സംഘടിപ്പിച്ചത്. കുട്ടികള്‍ക്കുള്ള ആയിരത്തിലധികംപുസ്തകങ്ങളായിരുന്നു മേളയിലെ ആകര്‍ഷണം. നോവല്‍, ചെറുകഥ, കവിത, നാടകം, ലേഖന സമാഹാരം തുടങ്ങി വിവിധ സാഹിത്യശാഖകളില്‍പ്പെട്ട പുസ്തകങ്ങളും പ്രദര്‍ശനത്തിനൊരുക്കി.

വായനയും പുസ്തകങ്ങളോടുള്ള ആഭിമുഖ്യവും പുതിയ തലമുറയില്‍ കുറയുന്നില്ല എന്ന് പുത്സകോത്സവത്തിന്റെ വിജയം തെളിയിക്കുന്നതായി സംഘാടകര്‍ പറഞ്ഞു. വിശ്വോത്തര ഗ്രന്ഥങ്ങള്‍ പരിചയപ്പെടാനും വാങ്ങാനും വിദ്യാര്‍ഥികള്‍ പുത്സകമേള പ്രയോജനപ്പെടുത്തുകയും ചെയ്തു.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവര്‍ത്തനോദ്ഘാടനവും പുസ്തകമേളയുടെ ഉദ്ഘാടനവും ഹെഡ്മാസ്റ്റര്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു. കലാവേദി കണ്‍വീനര്‍ എന്‍.മുരാശിശംഭു അധ്യക്ഷത വഹിച്ചു. അബ്ദുള്‍ വാഹിദ് പ്രസംഗിച്ചു.

കൗതുകത്തില്‍വിരിഞ്ഞ പരീക്ഷണം; 'കുട്ടിശാസ്ത്രജ്ഞര്‍' വിസ്മയിപ്പിച്ചു


വിദ്യാര്‍ഥികള്‍ നിത്യ ജീവിതത്തിലെ ശാസ്ത്രം എന്ന വിഷയത്തിലൂന്നി നടത്തിയ പരീക്ഷണങ്ങള്‍ വിസ്മയകാഴ്ചയൊരുക്കി. കൗതുകത്തില്‍ നിന്ന് വിരിഞ്ഞ പരീക്ഷണങ്ങള്‍ വിശദീകരിച്ചും പ്രവര്‍ത്തിപ്പിച്ചും കൈയ്യടി നേടിയപ്പോള്‍ അധ്യാപകര്‍ക്കും രക്ഷിതാക്കാള്‍ക്കും അഭിമാന നിമിഷങ്ങളായി. രസതന്ത്ര വര്‍ഷാഘോഷത്തിന്റെ ഭാഗമായി പറയകാട് ഗവ. യു.പി.സ്‌കൂള്‍ ഹാളിലാണ് വിദ്യാര്‍ഥികള്‍ ശാസ്ത്ര കൗതുകത്തിന്റെ മഴവില്ലുവിരിയിച്ചത്.

വിദ്യാര്‍ഥികളായ നിഥിന്‍, അഖില്‍, സ്വാതികൃഷ്ണ, സല്‍മാന്‍ സിറാജ്, അക്ഷര, സുദര്‍ശന, ശരണ്യ, നസിയ, അഞ്ജുമോള്‍ തുടങ്ങിയവര്‍ കൊച്ചുപരീക്ഷണങ്ങള്‍ അവതരിപ്പിച്ചു. കെ.ബി. സജീവ്, ഹെഡ്മിസ്ട്രസ് കെ.ജി. ശ്രീദേവി എന്നിവര്‍ കുട്ടിശാസ്ത്രജ്ഞരെ അനുമോദിച്ചു. അധ്യാപകരായ എസ്. സീമ, സന്ധ്യ വി.പ്രഭു, കെ.എസ്. ശ്രീലത, കെ.കെ. തിലകദാസ്, വി.പി. മുരളീധരന്‍, എന്‍.എ. മനോജ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.സ്‌കൂള്‍ ടൈം പഠിക്കാം, പണവും സമ്പാദിക്കാം

: 21 Jul 2011

ചെങ്ങന്നൂര്‍: സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി പഠനത്തോടൊപ്പം പണവും സമ്പാദിക്കാം. ചെങ്ങന്നൂരിലെ ജില്ലാ വിദ്യാഭ്യാസപരിശീലന കേന്ദ്ര(ഡയറ്റ്)മാണ് ഇതിനുള്ള പദ്ധതി നടപ്പാക്കുന്നത്. പഠനത്തിനുശേഷം വീണുകിട്ടുന്ന ഒഴിവുസമയങ്ങളില്‍ ചന്ദനത്തിരി, കടലാസുബാഗുകള്‍ എന്നിവയുടെ നിര്‍മാണത്തിലൂടെയും സ്‌ക്രീന്‍ പ്രിന്റിങ്ങിലൂടെയും പണം സമ്പാദിക്കാന്‍ സഹായിക്കുന്നതാണ് പദ്ധതി.

ഡയറ്റിലെ അധ്യാപകവിദ്യാര്‍ഥികള്‍ക്കിടയില്‍ ഇത് നടപ്പാക്കിക്കഴിഞ്ഞു. ഇവര്‍ നിര്‍മിച്ച 16 കിലോ കവര്‍ ഒരുകിലോയ്ക്ക് 14 രൂപ നിരക്കില്‍ വിറ്റു.

ഒഴിവുസമയങ്ങളില്‍ നിര്‍മിച്ച ചന്ദനത്തിരി സമീപസ്‌കൂളുകളിലെ അധ്യാപകര്‍ക്കും വിറ്റു. രാവിലെയും ഉച്ചയ്ക്കും അരമണിക്കൂറും വൈകീട്ട് അഞ്ചിനുശേഷം ഒരു മണിക്കൂറുമാണ് നിര്‍മാണജോലികള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. ആഴ്ചയില്‍ 300 രൂപമുതല്‍ 500 രൂപവരെ ഓരോ വിദ്യാര്‍ഥിക്കും സമ്പാദിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

കണ്ടറിവ്, കേട്ടറിവ്, ചെയ്തറിവ് എന്നിവയുടെ സമന്വയമാണ് പുതിയ പാഠ്യപദ്ധതി. ഒരു കവര്‍ നിര്‍മിക്കുമ്പോള്‍ കുട്ടികള്‍ 'ചെയ്തറിവി'ലൂടെ പല കാര്യങ്ങളും മനസ്സിലാക്കും. വഴികാട്ടാന്‍ അധ്യാപകര്‍ ഒപ്പമുണ്ട്. കവറുണ്ടാക്കാന്‍ കടലാസ് മുറിക്കുമ്പോള്‍ ജ്യാമിതീയരൂപങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധമുണ്ടാകുന്നു.

സ്‌ക്രീന്‍പ്രിന്റിങ്ങിലൂടെ തലയണക്കവര്‍, സാരി, കിടക്കവിരി, മേശവിരി എന്നിവ തയ്യാറാക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ക്കും അധ്യാപകവിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്കി. ജില്ലയിലെ 12 ഉപജില്ലകളില്‍നിന്നുള്ള 76 അധ്യാപകര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്കിയത്. ചെങ്ങന്നൂര്‍ ഉപജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 20 വിദ്യാലയങ്ങളിലാണ് പഠനത്തോടൊപ്പം പണവും സമ്പാദിക്കാനുള്ള പദ്ധതി ഉടനെ തുടങ്ങുന്നത്. 'ഡയറ്റ്' പ്രിന്‍സിപ്പല്‍ വി.മോഹനചന്ദ്രന്‍, പ്രീസര്‍വീസ് വിഭാഗം ഹെഡ് കെ.ജി.രാജന്‍, സീനിയര്‍ ലക്ചറര്‍ ടി.പി.സതികുമാരി, ലക്ചറര്‍ കെ.സന്തോഷ്‌കുമാര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.
കുട്ടികളുടെ ബോധവത്കരണം


ആയക്കാട്: മഴക്കാലരോഗങ്ങളെ പ്രതിരോധിക്കാനുള്ള മുന്‍കരുതലും രോഗലക്ഷണങ്ങളെപ്പറ്റിയും ആയക്കാട് സി.എ.എല്‍.പി.സ്‌കൂളിലെ കുട്ടികളുടെ നേതൃത്വത്തില്‍ ബോധവത്കരണം നടത്തി. വീടുകളിലെത്തി ലഘുലേഖകള്‍ വിതരണംചെയ്തു. കബ്മാസ്റ്റര്‍ സി.സി.സുഹാസ് നേതൃത്വം നല്കി.
സ്കൂളില്‍ ഇരുനുറിലേറെ കുട്ടികള്‍ കടലാസില്‍ മാത്രം

: 21-Jul-2011 12:35 AM
കണ്ണൂര്‍ : ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇരുനൂറിലേറെ വിദ്യാര്‍ഥികള്‍ കടലാസില്‍ മാത്രം. മട്ടന്നൂര്‍ തില്ലങ്കേരി കാവുംപടി സി എച്ച് മുഹമ്മദ്കോയ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ സി എച്ച് എം ഹയര്‍സെക്കന്‍ഡറി സ്കൂളാണ് രേഖകളില്‍ കൃത്രിമംകാട്ടി വിദ്യാഭ്യാസവകുപ്പിനെ കബളിപ്പിക്കുന്നത്. സ്കൂളിലുളള 708 കുട്ടികളില്‍ 217 പേര്‍ യഥാര്‍ഥത്തില്‍ ഈ സ്കൂള്‍തന്നെ കാണാത്തവര്‍ . ഇവരില്‍ പലരും സിബിഎസ്ഇ സിലബസുള്ള മറ്റു സ്കൂളുകളില്‍ പഠിക്കുന്നവരാണ്.മറ്റുചിലരാകട്ടെ, പഠനം ഉപേക്ഷിച്ച് ബംഗളൂരുവിലും മറ്റും ജോലി ചെയ്യുന്നു. പുതിയ അധ്യയനവര്‍ഷം "ചേര്‍ന്ന" 103 വിദ്യാര്‍ഥികള്‍ വ്യാജന്മാരാണ്്. വ്യാജ ടിസിയുണ്ടാക്കി വിദ്യാഭ്യാസവകുപ്പിനെ കബളിപ്പിക്കുന്ന സ്കൂള്‍ അധികൃതര്‍ പാഠപുസ്തകം, സ്കോളര്‍ഷിപ്പ്, മെയിന്റന്‍സ് ഗ്രാന്റ് തുടങ്ങിയവയൊക്കെ ഇല്ലാത്ത കുട്ടികളുടെ പേരില്‍ കൈപ്പറ്റുന്നുണ്ട്. അധ്യാപകനിയമനത്തിനുള്ള കോഴയായും ലക്ഷങ്ങള്‍ സ്വീകരിക്കുന്നതായി ആക്ഷേപമുണ്ട്. ഇല്ലാത്ത കുട്ടികളുടെ പഠനത്തിന് സൗജന്യമായി ലഭിക്കുന്ന പാഠപുസ്തകങ്ങള്‍ കത്തിച്ചുകളയുകയാണ്. മുസ്ലിംലീഗ് നേതാവും ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ പി പി മഹമ്മൂദാണ് സ്കൂള്‍ മാനേജര്‍ . മുസ്ലിംലീഗിന്റെ ജില്ലാ പ്രസിഡന്റാണ് ട്രസ്റ്റിന്റെ പ്രസിഡന്റ്. ലീഗുമായി ബന്ധമുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ നിന്ന് ഏഴാംക്ലാസ് പാസാവുന്ന കുട്ടികളുടെ പേരിലുളള ടിസി രക്ഷിതാക്കളും വിദ്യാര്‍ഥികളും അറിയാതെ വ്യാജമായി നിര്‍മിച്ച് കാവുംപടി സി എച്ച് എമ്മില്‍ ചേര്‍ന്നതായി കാണിച്ചാണ് തട്ടിപ്പ്. രേഖകളില്‍ മാത്രമാണ് ഇവരുടെ പേരുണ്ടാവുക. ഉദാഹരണത്തിന്: ക്രമനമ്പര്‍ - 5189 കെ അല്‍ത്താഫ്, 5177- അയൂബ് നൗഫല്‍ തുടങ്ങിയവര്‍ സി എച്ച് എമ്മിലെ വിദ്യാര്‍ഥികളെന്നാണ് രേഖകളില്‍ . എന്നാല്‍ , ഈ കുട്ടികള്‍ സ്കൂളിലില്ല. തലയെണ്ണല്‍ അടക്കമുള്ള വിദ്യാഭ്യാസവകുപ്പിന്റെ പരിശോധന സ്കൂള്‍ അധികൃതര്‍ സമര്‍ഥമായാണ് മറികടക്കുന്നത്. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് താല്‍പര്യമുള്ള അധ്യാപകരെയും ഉദ്യോഗസ്ഥരെയുമാണ് തലയെണ്ണല്‍ ഉള്‍പ്പെടെയുള്ള നടപടിക്ക് ഇവിടേക്ക് കൊണ്ടുവരാറ്. മട്ടന്നൂര്‍ പാലോട്ടുപള്ളിക്കടുത്ത ഒരു സ്കൂളിലെ ഇരുപതോളം കുട്ടികള്‍ സി എച്ച് എമ്മില്‍ "പഠിക്കുന്ന"തായി രേഖയുണ്ട്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് നല്‍കിയ അരി മറിച്ചുവിറ്റുവെന്ന വിവാദവും നേരത്തെ സ്കൂളിനെതിരെ ഉയര്‍ന്നിരുന്നു. 1995-ല്‍ ആരംഭിച്ച സ്കൂളില്‍ എട്ടുമുതല്‍ പത്തുവരെ 22 ഡിവിഷനാണ് വ്യാജന്മാരെ നിരത്തി നിലനിര്‍ത്തുന്നത്.(ദേശാഭിമാനി)

ഇല്ലായ്മയുടെ കഥകളേറെ പഠനം കഠിനം
Posted on: 20-Jul-2011 11:57 PM
മലപ്പുറം: മേല്‍ക്കൂരയുടെ സിമന്റുതേപ്പടര്‍ന്ന് താനൂര്‍ ഫിഷറീസ് സ്കൂളിലെ വിദ്യാര്‍ഥിയുടെ തലയ്ക്ക് പരിക്കേറ്റത് ഒരുമാസം മുമ്പ്. ക്ലാസ്റൂം വേണമെന്നാവശ്യപ്പെട്ട് ഒതുക്കുങ്ങല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത് കഴിഞ്ഞ ദിവസം. ലേഡീസ് ഫ്രണ്ട്ലി ടോയ്ലറ്റ് നിര്‍മിക്കാത്ത ഒരുപിടി സ്കൂളുകള്‍ . ജില്ലയിലെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഏകദേശ ചിത്രമാണിത്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ജില്ലയിലെ പല സ്കൂളുകളും ഇപ്പോഴും പിന്നിലാണ്. ഫണ്ടനുവദിക്കുന്നതിലുള്ള അപര്യാപ്തതയും വിനിയോഗത്തിലെ വീഴ്ചയുമാണ് കാരണം. കഴിഞ്ഞ വര്‍ഷം സ്കൂളുകളില്‍നടന്ന വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലാപഞ്ചായത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രധാനാധ്യാപകര്‍ക്കും പിടിഎ പ്രസിഡന്റുമാര്‍ക്കും പറയാനുള്ളതും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയെക്കുറിച്ച്. താനൂര്‍ ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആരംഭിച്ചിട്ട് വര്‍ഷം ഏറെയായെങ്കിലും ഇതുവരെയും അടിസ്ഥാന സൗകര്യങ്ങളില്ല. റസിഡന്‍ഷ്യല്‍ സ്കൂളായ ഇവിടെ ലാബടക്കം പ്രവര്‍ത്തിക്കുന്നത് വിദ്യാര്‍ഥി ഹോസ്റ്റലിലാണ്. മിക്കയിടത്തും മൂത്രപ്പുര, ലൈബ്രറി-ലാബ് സൗകര്യങ്ങള്‍ , കഞ്ഞിപ്പുര, ചുറ്റുമതില്‍ തുടങ്ങിയവ ഒരുക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ട്. ലേഡീസ് ഫ്രണ്ട്ലി ടോയ്ലറ്റുകളുടെ കുറവാണ് യോഗത്തില്‍ പ്രധാനമായും ഉയര്‍ന്നത്. സ്കൂളുകളില്‍ ലേഡീസ് ഫ്രണ്ട്ലി ടോയ്ലറ്റുകള്‍ നിര്‍മിക്കാന്‍ ഫണ്ടനുവദിച്ചിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങളുടെ പേരില്‍ പല സ്കൂളുകളിലും പദ്ധതി മുടങ്ങിക്കിടക്കയാണ്. എല്ലാ സ്കൂളുകളിലും ലേഡീസ് ഫ്രണ്ട്ലി ടോയ്ലറ്റുകള്‍ വേണമെന്ന കോടതി നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് ജില്ലയിലെ സ്കൂളുകളില്‍ ഇപ്പോഴും നിര്‍മാണം പാതിവഴിയിലായത്. കഞ്ഞിപ്പുര, പെണ്‍കുട്ടികള്‍ക്കുള്ള വിശ്രമമുറി, ചുറ്റുമതില്‍ എന്നിവയുടെ നിര്‍മാണത്തിനുള്ള പണം പൂര്‍ണമായി കിട്ടാത്തിനാലാണ് പണി പൂര്‍ത്തികരിക്കാത്തതെന്നാണ് അധികൃതരുടെ ഭാഷ്യം. ജില്ലാപഞ്ചായത്തിലും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും ഫയലുകള്‍ താമസിക്കുന്നതും പ്രവര്‍ത്തനങ്ങള്‍ വൈകാന്‍ കാരണമായി ആരോപണമുണ്ട്. സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് അനുവദിച്ച പുതിയ പ്ലസ്ടു ബാച്ചുകൂടി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ക്ലാസ്റൂമുകള്‍ ഇല്ലാത്ത പ്രശ്നം ഇനിയും രൂക്ഷമാകുമെന്ന്് അധ്യാപകരും പിടിഎ ഭാരവാഹികളും ആശങ്കപ്പെടുന്നു.

No comments: