26 Jul 2011
പാലക്കാട്: പെണ്‍കുട്ടികള്‍ നേരിടുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് അത് പരിഹരിക്കാന്‍ അവരെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ സര്‍വശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ സ്കൂളുകളില്‍ ഹെല്‍പ്ഡസ്കുക്കള്‍ സ്ഥാപിക്കുന്നു.
അഞ്ച്, ആറ്, ഏഴ്, എട്ട് ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിദ്യാലയങ്ങളിലും ഹെല്പ്ഡസ്ക് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ ലീലാമ്മ വര്‍ഗീസ്, പ്രോഗ്രാംഓഫീസര്‍ കെ.ജി. ബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി സ്കൂളുകളില്‍ സാന്ത്വനപ്പെട്ടികള്‍ സ്ഥാപിക്കും. കുട്ടികള്‍ക്ക് പ്രയാസങ്ങളും പ്രശ്നങ്ങളും ആരുമറിയാതെ ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ഇതിലൂടെ കഴിയും. സാന്ത്വനപ്പെട്ടി സ്ഥാപിക്കാന്‍ 500 രൂപയും ഹെല്പ്ഡസ്ക് സേവനങ്ങള്‍ വിശദീകരിക്കുന്ന ബോര്‍ഡ് വെക്കാന്‍ 250 രൂപയും സ്കൂളുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്. മുഴുവന്‍ അധ്യാപകര്‍ക്കും ഇതുമായി ബന്ധപ്പെട്ട കൈപ്പുസ്തകങ്ങള്‍ നല്കി.
ഓരോസ്കൂളിലും ഓരോ അധ്യാപകര്‍ക്ക് ഹെല്‍പ്ഡസ്കിന്റെ ഉത്തരവാദിത്വം നല്‍കും. ഇതിനുപുറമെ പഞ്ചായത്ത് വാര്‍ഡ്മെമ്പറോ നഗരസഭാ വാര്‍ഡ്കൗണ്‍സിലറോ അധ്യക്ഷനും പ്രധാനാധ്യാപകന് കണ്‍വീനറുമായി ഒമ്പതംഗ സ്കൂള്‍തല സമിതിയും രൂപവത്കരിക്കും. പി.ടി.എ. പ്രതിനിധികളായി ഒരു പുരുഷനും സ്ത്രീയും സമിതിയിലുണ്ടാകും. ഇതിനുപുറമെ അധ്യാപക, വിദ്യാര്‍ഥി പ്രതിനിധികളും ഈ അനുപാതത്തില്‍ അംഗങ്ങളാകും.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടര്‍ കണ്‍വീനറും എസ്.എസ്.എ. ജില്ലാ പ്രോജക്ട്ഓഫീസര്‍ ജോയന്റ് കണ്‍വീനറും ഡയറ്റ് പ്രിന്‍സിപ്പല്‍ കോ-ഓര്‍ഡിനേറ്ററുമായി ജില്ലാതല മേല്‍നോട്ടസമിതിയുമുണ്ട്. ജില്ലാ സാമൂഹികക്ഷേമ ഓഫീസര്‍, ജില്ലാ മഹിളാ സമഖ്യ കോ-ഓര്‍ഡിനേറ്റര്‍, പെണ്‍കുട്ടികളുടെ ചാര്‍ജുള്ള എസ്.എസ്.എ. പ്രോഗ്രാംഓഫീസര്‍, ഡി.ഇ.ഒ.മാര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും.
ഹെല്‍പ്ഡസ്കിന്റെ ജില്ലാതല ഉദ്ഘാടനം ആഗസ്ത് രണ്ടിന് ഒറ്റപ്പാലം ഈസ്റ്റ് ഹൈസ്കൂളില്‍ നടക്കും. അതേദിവസം എല്ലാ ബി.ആര്.സി.കളിലും പഞ്ചായത്ത് തലത്തിലും സ്കൂള്‍തലത്തിലും ഉദ്ഘാടനം നടക്കും. മുഴുവന്‍ പ്രധാനാധ്യാപകര്‍ക്കും ട്രെയ്നര്‍മാര്‍ക്കും കണ്‍വീനര്‍മാര്‍ക്കും പരിശീലനം പൂര്‍ത്തിയാക്കിയതായും എസ്.എസ്.എ. പ്രോജക്ട്ഓഫീസര്‍ അറിയിച്ചു.
No comments:
Post a Comment