Thursday, July 28, 2011

രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളിലെ ഇ-ടോയ്‌ലറ്റ് ഇന്നു തുറക്കും

: 29 Jul 2011
കൊച്ചി: രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ആദ്യ ഇ-ടോയ്‌ലറ്റിന്റെ ഉദ്ഘാടനം എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളിയാഴ്ച ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ നിര്‍വഹിക്കും. എറണാകുളം ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നടപ്പാക്കുന്ന സമഗ്ര ശുചിത്വ പദ്ധതിയുടെ ആദ്യഘട്ടമായി അഞ്ച് ടോയ്‌ലറ്റുകളാണ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ചിരിക്കുന്നത്.

പി.രാജീവ് എം.പിയുടെ വികസന ഫണ്ടും കൊച്ചിന്‍ റിഫൈനറിയുടെ ഫണ്ടും ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ജില്ലയിലെ 25 ഹൈസ്‌കൂളുകളെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായി പി. രാജീവ് എം.പി. പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒന്നര ലക്ഷത്തോളം രൂപയാണ് ഒരു യൂണിറ്റിന് ചെലവ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെല്‍ട്രോണും തിരുവനന്തപുരത്തെ ഇറാം സയന്റിഫിക് സൊല്യൂഷന്‍സും ചേര്‍ന്നാണ് ഇ-ടോയ്‌ലറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പത്രസമ്മേളനത്തില്‍ ഇറാം സയന്റിഫിക് ഡയറക്ടര്‍ മനോഹറും പങ്കെടുത്തു.
-

ഉത്തരവ് കൈപ്പറ്റാന്‍ അധ്യാപകര്‍ വിസമ്മതിച്ചു; ബി.പി.എല്‍ സര്‍വെ അവതാളത്തിലേക്ക്

അരീക്കോട്: ജില്ലാ കളക്ടര്‍ നിയമിച്ച അധ്യാപകര്‍ ചുമതല ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്നതുമൂലം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ കണ്ടെത്തുന്നതിനുള്ള സര്‍വേ അവതാളത്തിലേക്ക്. ആഗസ്ത് 16നകം സര്‍വേ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യം.

2009ല്‍ നടന്ന ബി.പി.എല്‍ സര്‍വേപ്രകാരം തയ്യാറാക്കിയ ലിസ്റ്റിനെക്കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ലിസ്റ്റ് പരിശോധിച്ച് പിഴവുകള്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന് ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതനുസരിച്ച് 22ന് കളക്ടര്‍ ഇറക്കിയ നിയമന ഉത്തരവുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബ്ലോക്ക് ഉദ്യോഗസ്ഥര്‍മുഖേന അധ്യാപകര്‍ക്ക് എത്തിച്ചിരുന്നു. ബ്ലോക്ക് ഉദ്യോഗസ്ഥര്‍ ഒരു വിദ്യാലയത്തിലെ മുഴുവന്‍ അധ്യാപകരുടെയും നിയമനരേഖകള്‍ ഒന്നിച്ച് പ്രധാനാധ്യാപകനെ ഏല്പിക്കുകയാണ് ചെയ്തത്. പ്രധാനാധ്യാപകരില്‍നിന്ന് ഇത് സ്വീകരിക്കാന്‍ അധ്യാപകര്‍ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം.

പ്രധാനാധ്യാപകര്‍ നിയമനരേഖകള്‍ തിരിച്ചേല്‍പ്പിക്കാന്‍ അരീക്കോട് ബ്ലോക്ക് ഓഫീസിലെത്തിയപ്പോള്‍ നിയമനരേഖകള്‍ തിരികെ സ്വീകരിക്കാന്‍ ബി.ഡി.ഒ തയ്യാറായില്ല. വിവരം ജില്ലാ കളക്ടറെ ഫാക്‌സ് മുഖേന അറിയിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

സര്‍വേയുടെ ചുമതല നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇടതുപക്ഷ അധ്യാപകസംഘടനയായ കെ.എസ്.ടി.എ സര്‍വേ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അനുകൂലസംഘടനയായ ജി.എസ്.ടി.യു.വിന്റെയും ലീഗ് അനുകൂല സംഘടനയായ കെ.എസ്.ടി.യു.വിന്റെയും അറബി അധ്യാപകസംഘടനയായ കെ.എ.ടി.എഫിന്റെയും അംഗങ്ങളും സര്‍വേ ഉത്തരവ് കൈപ്പറ്റാന്‍ വിസമ്മതിച്ചിട്ടുണ്ട്.

ടീച്ചേഴ്‌സ് ബാങ്കിലേക്ക് അപേക്ഷിക്കാം


പത്തനാപുരം: പട്ടാഴി ഗ്രാമപ്പഞ്ചായത്തില്‍ 'ടീച്ചേഴ്‌സ് ബാങ്കി'ലേക്ക് ദിവസവേതനവ്യവസ്ഥയില്‍ അധ്യാപകരെ ആവശ്യമുണ്ട്. ടി.ടി.സി.പാസായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അഭിമുഖം ആഗസ്ത് ഒന്നിന് പട്ടാഴി പഞ്ചായത്ത് ഓഫീസില്‍ നടക്കും.
-

പ്ലസ്ടു പാഠഭാഗത്തിന് ഓട്ടന്‍തുള്ളലിലൂടെ ദൃശ്യാവിഷ്‌കരണം

Posted on: 29 Jul 2011പറവൂര്‍: നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃത ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സാമ്പത്തിക ശാസ്ത്രം പാഠഭാഗത്തിന് ഓട്ടന്‍തുള്ളല്‍ ദൃശ്യാവിഷ്‌കാരം നടത്തി.

സാമ്പത്തിക ശാസ്ത്രാധ്യാപകന്‍ പ്രമോദ് മാല്യങ്കരയാണ് ഓട്ടന്‍തുള്ളല്‍ ചിട്ടപ്പെടുത്തിയത്. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും ഓട്ടന്‍തുള്ളല്‍ കലാകാരനുമായ അരുണ്‍ ആര്‍. കുമാര്‍ തുള്ളല്‍ കഥ അവതരിപ്പിച്ചു. കലാമണ്ഡലം പ്രഭാകരന്‍ പിന്‍പാട്ട് പാടി.
-
-

ശ്രദ്ധേയമായി മാതൃകാ പാര്‍ലമെന്റ്‌മട്ടന്നൂര്‍: വിദ്യാര്‍ഥികളില്‍ ജനാധിപത്യബോധം വളര്‍ത്താനായി സര്‍ക്കാറിന്റെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാര്‍ലമെന്ററി കാര്യസമിതി മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച മോഡല്‍ പാര്‍ലമെന്റ് കുട്ടികളുടെ സാന്നിധ്യവും കഴിവുംകൊണ്ട് ശ്രദ്ധേയമായി.

പ്രതീകാത്മക പാര്‍ലമെന്റും നടപടിക്രമങ്ങളും ജനാധിപത്യ സംവിധാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അറിവ്പകരുന്ന തരത്തിലായിരുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെയാണ് നടപടിക്രമങ്ങള്‍ ആരംഭിച്ചത്.

ഭരണപക്ഷത്ത് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ 34 പേരും പ്രതിപക്ഷത്ത് 24പേരും ഉണ്ടായിരുന്നു. ഇതിന് പുറമെ സ്​പീക്കറും ഡെപ്യൂട്ടി സ്​പീക്കറും ഉണ്ട്.

പാര്‍ലമെന്റ് സംവിധാനത്തില്‍ ഉയര്‍ന്നവേദിയില്‍ സ്​പീക്കര്‍ക്ക് പ്രത്യേക ഇരിപ്പിടവും താഴെ സെക്രട്ടറി ജനറലിനുവേണ്ടി പ്രത്യേക ഇരിപ്പിടവും തയ്യാറാക്കിയിരുന്നു.

രാഷ്ട്രീയ കുതിരക്കച്ചവടവും അഴിമതിയും പെട്രോള്‍ വില വര്‍ദ്ധനവും കണ്ണൂര്‍ വിമാനത്താവളവും സംബന്ധിച്ച ചോദ്യങ്ങള്‍ അംഗങ്ങള്‍ ഉന്നയിച്ചു. മന്ത്രിമാര്‍ മറുപടിയും പറഞ്ഞു. പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ അടിയന്തര പ്രമേയത്തിന് അനുമതിനിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയം 21നെതിരെ 30 വോട്ടുകള്‍ക്ക് തള്ളുകയുംചെയ്ത് സഭ താത്കാലികമായി പിരിയുകയും ചെയ്തതോടെയാണ് പാര്‍ലമെന്റ് നടപടികള്‍ അവസാനിച്ചത്.

ചന്തക്കടവ് ജി.എം.യു.പി. സ്‌കൂളില്‍ 'എന്റെ മാമ്പഴക്കാല'ത്തിന് തുടക്കമായി

നഷ്ടപ്പെട്ട മാമ്പഴക്കാലത്തെ വീണ്ടെടുക്കാനൊരുങ്ങുകയാണ് ഫറോക്ക് ചന്തക്കടവ് ഗവ. മാപ്പിള യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍. സ്‌കൂള്‍ മുറ്റത്ത് വിവിധയിനം മാവിന്‍തൈകള്‍ നട്ടുവളര്‍ത്തി. വീണ്ടുമൊരു മാമ്പഴക്കാലത്തെ സ്വാഗതം ചെയ്യുകയാണിവിടെ. സ്‌കൂള്‍ പി.ടി.എ.യും പരിസ്ഥിതി ക്ലബ്ബും ചേര്‍ന്നാണ് 'എന്റെ മാമ്പഴ'ക്കാലം പദ്ധതി നടപ്പാക്കുന്നത്. വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്നാണ് ഇതിനായി മാവിന്‍തൈകള്‍ ശേഖരിക്കുന്നത്. നൂറിലധികം മാവിന്‍തൈകള്‍ ഇതിനകം സ്‌കൂള്‍ വളപ്പില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു.

നാടന്‍ ഇനങ്ങള്‍ക്ക് പുറമേ ഒട്ടുമാവിന്‍തൈകളും ഇക്കൂട്ടത്തിലുണ്ട്. നാട്ടിന്‍പുറങ്ങളില്‍നിന്നുപോലും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നാടന്‍ മാമ്പഴങ്ങളെ സംരക്ഷിക്കാമെന്നതും പദ്ധതിയുടെ നേട്ടമാണ്. ഒളോര്‍, സേലം, കോമാവ് തുടങ്ങി ഒട്ടേറേയിനം മാവിന്‍തൈകള്‍ നട്ടുപിടിപ്പിക്കുന്നതായി സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് ജംഷീദ് അമ്പലപ്പുറം പറഞ്ഞു. അന്താരാഷ്ട്ര വനവര്‍ഷത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പ്രധാന അധ്യാപകന്‍ എ.അച്യുതന്‍, പി.ടി.എ. വൈസ് പ്രസിഡന്റ് സി.ഹംസക്കോയ, സീനിയര്‍ അധ്യാപിക പുഷ്പലത, പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ എ.എം.ബിജു എന്നിവര്‍ മാവിന്‍തൈകള്‍ കുഴിച്ചിടുന്നതിന് നേതൃത്വം നല്കി. അടുത്തവര്‍ഷം വിവിധയിനം പ്ലാവുകള്‍ സ്‌കൂള്‍ പരിസരത്ത് കുഴിച്ചിടാനും പദ്ധതിയുണ്ട്.
-
അക്ഷരലോകം ഇനി വിരല്‍ത്തുമ്പില്‍
Posted on: 28-Jul-2011 11:55 PM
തിരൂരങ്ങാടി: ഇവര്‍ക്കിനി പുസ്തകങ്ങള്‍ തേടി അലയേണ്ടതില്ല, വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലുണ്ട്. മൗസിലൊന്ന്് ക്ലിക്ക്ചെയ്താല്‍ പുസ്തകശേഖരങ്ങള്‍ തിരൂരങ്ങാടി പിഎസ്എംഒ കോളേജ് ലൈബ്രറിയിലെത്തും. പഠന-ഗവേഷണ മേഖലയില്‍ വന്‍ മുന്നേറ്റത്തിനുതകുന്ന ഡിജിറ്റല്‍ ലൈബ്രറി സംവിധാനം വെള്ളിയാഴ്ച മുതല്‍ കോളേജില്‍ ലഭ്യമാകും. ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ലഭ്യമായ ലോകത്തിലെ വിവിധ ഭാഗങ്ങളിലെ പ്രശസ്ത ലൈബ്രറികളിലുള്ള പുസ്തകങ്ങളെല്ലാം കോളേജ് ലൈബ്രറിയിലിരുന്ന് വായിക്കാനാവും. മറ്റ് സര്‍വകലാശാലകളിലെ അക്കാദമിക് പ്രവര്‍ത്തനങ്ങളെ ബന്ധിപ്പിക്കാനും ഉപയോഗപ്പെടുത്താനും ഡിജിറ്റല്‍ ലൈബ്രറി അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സഹായകമാവും. എന്‍ - ലിസ്സിലെ 50,000 പുസ്തകങ്ങളും 2000 ജേണലും ലഭ്യമാകും. ഐബിഎമ്മിന്റെ നൂതന സാങ്കേതിക വിദ്യയാണ് ഇതിനുപയോഗിക്കുന്നത്. ഒരേസമയം 40 കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാം. ഡി സ്പേസ് ഗ്രീന്‍ സ്റ്റോണ്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. അമൂല്യ ഗ്രന്ഥങ്ങളും പുതിയ പുസ്തകങ്ങളും അപ്പപ്പോള്‍ ലഭ്യമാകും. സാധാരണ പുസ്തകവായനപോലെ പേജുകള്‍ മറിച്ച് വായിക്കാനാകും എന്നതും ഇതിന്റെ സവിശേഷതയാണ്. ആദ്യഘട്ടത്തില്‍ അധ്യാപകര്‍ക്കും ഗവേഷക വിദ്യാര്‍ഥികള്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതിന് പ്രത്യേക പാസ്വേഡ് നല്‍കും. കോളേജ് സമയത്തിന് പുറമെയും ലൈബ്രറി പ്രയോജനപ്പെടുത്താം. ഇതോടൊപ്പം ലാംഗ്വേജ് ലാബും ഒരുക്കുന്നുണ്ട്. പിഎസ്എംഒ കോളേജിലെ അലുമ്നി അസോസിയേഷന്‍ ജിദ്ദാ ചാപ്റ്ററാണ് 25 ലക്ഷം രൂപ ചെലവില്‍ ഡിജിറ്റല്‍ ലൈബ്രറി ഒരുക്കിയത്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വെള്ളിയാഴ്ച ഡിജിറ്റല്‍ ലൈബ്രറിയും വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് ലാംഗ്വേജ് ലാബും ഉദ്ഘാടനംചെയ്യും. രാവിലെ 10നാണ് പരിപാടി.


No comments: