Friday, July 29, 2011

നര്‍മ്മത്തിന്റെ മേമ്പൊടി ചാലിച്ച് നവ്യാനുഭവമായി 'കൂത്തരങ്ങ്'

30 Jul 2011



ശാസ്താംകോട്ട: നടനഭാവങ്ങളിലും വാക്‌ധോരണിയിലും നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിച്ച ചാക്യാര്‍കൂത്ത് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പുത്തന്‍ അനുഭവമായി.

പത്താംതരം വിദ്യാര്‍ഥികളുടെ പാഠഭാഗമായ 'മുരിഞ്ഞപ്പേരീം ചോറും' എന്നതുമായി ബന്ധപ്പെട്ട് ചാക്യാര്‍കൂത്ത് അനുഭവവേദ്യമാക്കുന്നതിനാണ് കൂത്തരങ്ങ് സംഘടിപ്പിച്ചത്. മൈനാഗപ്പള്ളി മിലാദെ ഷെരീഫ് ഗേള്‍സ്, ബോയ്‌സ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായാണ് ചാക്യാര്‍കൂത്ത് അവതരിപ്പിച്ചത്. വിദ്യാരംഗം കലാസാഹിത്യവേദിയാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. വരികളിലൂടെ വായിച്ചറിഞ്ഞ നര്‍മ്മം തുളുമ്പുന്ന ചാക്യാര്‍കൂത്ത് ഉദാത്തഭാവത്തോടെ കണ്‍മുമ്പില്‍ അവതരിപ്പിച്ചപ്പോള്‍ കുട്ടികള്‍ക്ക് ഏറെ ആസ്വാദ്യമായി. രണ്ട് സ്‌കൂളുകളില്‍ നിന്നുമായി മുന്നൂറോളം കുട്ടികള്‍ ആസ്വാദനക്ലാസില്‍ പങ്കെടുത്തു. കലാമണ്ഡലം ജിഷ്ണു പ്രതാപ്, രാഹുല്‍ അരവിന്ദ് എന്നിവരാണ് അവതരണത്തിന് നേതൃത്വം നല്‍കിയത്. കൂത്ത് അവതരിപ്പിച്ചശേഷം ഇതുമായി ബന്ധപ്പെട്ട് സംവാദവും ഉണ്ടായിരുന്നു.

പ്രിന്‍സിപ്പല്‍ അബ്ദുല്‍സലാംകുട്ടി, ഷാജി തോമസ്, ചന്ദ്രികയമ്മ, കല്ലട ഗിരീഷ്, എബി പാപ്പച്ചന്‍, വി.രാധാകൃഷ്ണന്‍, ശ്രീകുമാര്‍, ഐ.ഷാഹിദ, ജലജകുമാരി, അനസ് എന്നിവര്‍ സംസാരിച്ചു.
--
സ്‌കൂളുകളില്‍ ശുചിത്വമുള്ള ടോയ്‌ലറ്റുകളില്ല; അധ്യാപികമാര്‍ രോഗികളാവുന്നു
30 Jul 2011
കൊല്ലം: ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ശുചിത്വമുള്ള ടോയ്‌ലറ്റുകളില്ലാത്തത് അധ്യാപികമാരിലും വിദ്യാര്‍ഥിനികളിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായി പരാതി. അധ്യാപനസമയത്ത് പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ കഴിയാത്തതിനാല്‍ മൂത്രത്തിലെ അണുബാധയടക്കം പല രോഗങ്ങളും ബാധിക്കുന്ന അധ്യാപികമാരുടെ എണ്ണം കൂടുന്നതായി ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാണ്ടുന്നു.

കൊല്ലം, കൊട്ടാരക്കര, പുനലൂര്‍ വിദ്യാഭ്യാസജില്ലകളിലെ മിക്ക സ്‌കൂളുകളിലും ശുചിത്വമുള്ള ടോയ്‌ലറ്റ് സംവിധാനം ഇല്ലാത്തതാണ് സ്ഥിതി സങ്കീര്‍ണമാക്കുന്നത്. മിക്ക സ്‌കൂളുകളിലും ടോയ്‌ലറ്റ് സംവിധാനം ഉണ്ടെങ്കിലും അതെല്ലാം 'പേരില്‍മാത്ര'മാണെന്നതാണ് വാസ്തവം. സര്‍ക്കാര്‍ സ്‌കൂളുകളിലെ ടോയ്‌ലറ്റുകളുടെ സ്ഥിതിയാണ് ഏറെ ദയനീയം. മിക്കവയും പൊട്ടിപ്പൊളിഞ്ഞ് കാടുമൂടിക്കിടക്കുകയാണ്. ദുര്‍ഗന്ധം കാരണം അവയുടെ അടുത്തുപോലും അധ്യാപകരും വിദ്യാര്‍ഥികളും പോകാറില്ല.

സ്വകാര്യ സ്‌കൂളുകളിലെ മൂത്രപ്പുരകളില്‍ ചിലത് വിറകുപുരയായും പാഴ്‌വസ്തുക്കളിടാനുള്ള സ്ഥലമായും മാറിയിട്ടുണ്ട്. ടോയ്‌ലറ്റുകള്‍ വൃത്തിയാക്കാന്‍ ആളുകളെ നിയോഗിച്ചിട്ടുണ്ടെങ്കിലും യഥാസമയം അത് ചെയ്യാറില്ലെന്നു മാത്രം. ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ അധികൃതര്‍ക്ക് നല്‍കിയിട്ടും ഒരു ഫലവും ഉണ്ടാകുന്നില്ലെന്ന് അധ്യാപികമാരും വിദ്യാര്‍ഥിനികളും പറയുന്നു.

കൃത്യസമയത്ത് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കാത്തത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലും രോഗാവസ്ഥയിലും കൊണ്ടുചെന്നെത്തിക്കുമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായം.

''മുതിര്‍ന്ന ഒരാള്‍ ജോലിസമയത്ത് ചുരുങ്ങിയത് മൂന്നുതവണയെങ്കിലും മൂത്രം ഒഴിക്കേണ്ടതുണ്ട്. അത് ചെയ്യാതെ പിടിച്ചുവച്ചാല്‍ മൂത്രത്തില്‍ അണുബാധയുണ്ടാകാനും വൃക്കയില്‍ കല്ലുണ്ടാകാനും സാധ്യത വളരെക്കൂടുതലാണെന്ന് കൊല്ലം ജില്ലാ ആസ്​പത്രിയിലെ യൂറോളജിസ്റ്റ് ഡോ.മുരളീധരന്‍ ചൂണ്ടിക്കാട്ടുന്നു.

എം.പി.ഫണ്ട് ഉപയോഗിച്ച് എറണാകുളം ജില്ലയില്‍ നടപ്പിലാക്കിയ ഇ-ടോയ്‌ലറ്റ് സംവിധാനം കൊല്ലം ജില്ലയിലെ സ്‌കൂളുകളിലും നടപ്പാക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം. ഇന്ത്യയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ആദ്യ ഇ-ടോയ്‌ലറ്റിന്റെ ഉദ്ഘാടനമാണ് കഴിഞ്ഞദിവസം കൊച്ചിയില്‍ നടന്നത്. പൂര്‍ണമായും ഓട്ടോമാറ്റിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇ-ടോയ്‌ലറ്റില്‍ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശിക്കാനാവും. ശുചിത്വത്തിന്റെ കാര്യത്തിലും ആശങ്കപ്പെടേണ്ടതില്ല. എത്ര സമയം ഒരാള്‍ അവിടെ ചെലവഴിക്കുന്നുവോ അതിനനുസരിച്ചുള്ള ജലം മാത്രമേ ഈ സംവിധാനത്തിലൂടെ ഉപയോഗിക്കാനാവൂ. ഏതെങ്കിലും ഒരാള്‍ ഫ്‌ളഷ് ചെയ്യാതെ പോയിട്ടുണ്ടെങ്കിലും ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ശുചിയാക്കല്‍ നടക്കും.

ജില്ലയിലെ സ്‌കൂളുകളിലും ഇ-ടോയ്‌ലറ്റുകള്‍ സ്ഥാപിക്കാന്‍ എം.പി.മാരും എം.എല്‍.എ.മാരും വിദ്യാഭ്യാസവകുപ്പ് അധികൃതരും മുന്‍കൈ എടുക്കണമെന്നാണ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആവശ്യം.

എസ്.എസ്.എ.യുടെ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വൃത്തിയുള്ള ടോയ്‌ലറ്റുകള്‍ നിര്‍മിച്ചു നല്‍കിവരികയാണെന്ന് കൊല്ലം വിദ്യാഭ്യാസജില്ല ഡെപ്യൂട്ടി ഡയറക്ടര്‍ വി.രവീന്ദ്രന്‍ അറിയിച്ചു. രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാന്‍ പ്രകാരം പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്‌ലറ്റുകള്‍ സ്‌കൂളുകളില്‍ നിര്‍മ്മിക്കാനും പെണ്‍കുട്ടികള്‍ക്ക് സേഫ്റ്റി നാപ്കിന്‍ നല്‍കാനുമുള്ള സംവിധാനം നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
--
സ്‌കൂള്‍കുട്ടികള്‍ക്കുള്ള പാല്‍വിതരണം മുടങ്ങി
പത്തനംതിട്ട: സ്‌കൂള്‍കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം നല്‍കേണ്ട പാലിന്റെ വിതരണം മുടങ്ങി. സ്‌കൂള്‍ തുറന്ന് രണ്ടുമാസം കഴിഞ്ഞിട്ടും ആഴ്ചയില്‍ ഒരുതവണ പോലും പാല്‍ വിതരണം നടത്താന്‍ കഴിയാത്ത സ്‌കൂളുകള്‍ ജില്ലയിലുണ്ട്.

ക്ഷീരസംഘങ്ങള്‍ സ്‌കൂളുകളില്‍ നിന്ന് ദൂരെയായതും രാവിലെ 8 മണിക്കു മുന്‍പ് പ്രഥമാധ്യാപകര്‍ ക്ഷീരസംഘങ്ങളിലെത്തി പാല്‍ വാങ്ങണമെന്നുള്ള നിബന്ധനയുമാണ് സ്‌കൂളുകളില്‍ പാല്‍ വിതരണം ചെയ്യുന്നതിന് തടസമായി നില്‍ക്കുന്നത്. അതത് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് വേണ്ട പാല്‍ ക്ഷീരസംഘങ്ങളില്‍ നേരിട്ടെത്തിവാങ്ങണമെന്നാണ് വ്യവസ്ഥ.

കര്‍ഷകരില്‍ നിന്ന് ലഭിക്കുന്ന പാലിന്റെ അളവ് കുറയുമ്പോള്‍ സ്‌കൂളുകള്‍ക്ക് പാല്‍ നല്‍കാന്‍ സംഘങ്ങള്‍ തയ്യാറാകില്ല. പലദിവസവും സ്‌കൂളുകളില്‍ നിന്ന് പാലിനുപോയി കിട്ടാതെ മടങ്ങേണ്ടിവന്നിട്ടുണ്ട്.

പന്തളം എ.ഇ.ഒ.യുടെ പരിധിയിലുള്ള സ്‌കൂളുകളില്‍ മാത്രമേ ജില്ലയില്‍ പാല്‍വിതരണം പൂര്‍ണമായി നടക്കുന്നുള്ളൂ. പതിനൊന്ന് എ.ഇ.ഒ. മാര്‍ ഉള്ള ജില്ലയില്‍ മറ്റിടങ്ങളിലെല്ലാം ഭാഗികമായി മാത്രമാണ് പാല്‍ വിതരണം. അടൂര്‍ ഏ.ഇ.ഒ. യുടെ കീഴില്‍ മൂന്നു സ്‌കൂളില്‍ പാല്‍ വിതരണം നടക്കുന്നില്ല. കുന്നിട ഗവ. യു.പി.എസ്., ഇളംഗമംഗലം ഗവ. എല്‍.പി.എസ്., മൂന്നാളം ഗവ. എല്‍.പി.എസ്. എന്നിവിടങ്ങളില്‍ ക്ഷീരസംഘങ്ങള്‍ ദൂരെയായതിനാല്‍ പാല്‍ എടുക്കുന്നില്ല.

കോഴഞ്ചേരി ഏ.ഇ.ഒ. യുടെ പരിധിയില്‍ ഏഴുസ്‌കൂളിലും തിരുവല്ലയില്‍ രണ്ടു സ്‌കൂളിലും റാന്നിയില്‍ പത്തു സ്‌കൂളിലും കോന്നിയില്‍ രണ്ടു സ്‌കൂളിലും പാല്‍ വിതരണം മുടങ്ങിക്കിടക്കുകയാണ്. റാന്നിയില്‍ പാല്‍ കിട്ടാത്തതിനാല്‍ ക്ഷീരസംഘങ്ങള്‍ മാറ്റുന്നതിനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. കോന്നിയില്‍ സ്‌കൂളുകള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന സൊസൈറ്റികളില്‍ ആവശ്യത്തിന് പാലില്ലെന്ന് അറിയിച്ചിട്ടുണ്ട്.

പൂര്‍ണമായും കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് സ്‌കൂളുകളില്‍ പാല്‍ വിതരണമെങ്കിലും പാല്‍ കൊണ്ടുവരാനായി ഒരുകുട്ടിക്ക് 40 പൈസ മാത്രമേ ചെലവാക്കാനാകൂ. ഇതുമൂലം കുറച്ചുകുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകാര്‍ക്ക് ദൂരെയുള്ള ക്ഷീരസംഘങ്ങളില്‍ പോയി പാല്‍ എടുത്തുകൊണ്ടുവരുന്നതിനുള്ള സാമ്പത്തികബാധ്യത ഏറെയാണ്. അധ്യാപകരുടെ കൈയില്‍നിന്ന് പണം മുടക്കി പാല്‍ എടുക്കേണ്ടിവരുന്നതിനാല്‍ മിക്ക അധ്യാപകരും പിന്മാറുന്നുമുണ്ട്.

കഴിഞ്ഞവര്‍ഷമാണ് സംസ്ഥാനത്തെ സ്‌കൂള്‍കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസത്തെ സൗജന്യ പാല്‍ വിതരണം തുടങ്ങിയത്. സ്‌കൂളുകളില്‍ നിന്ന് ഉച്ചക്കഞ്ഞി കുടിക്കുന്ന ഒരു കുട്ടിക്ക് ആഴ്ചയില്‍ രണ്ടു ദിവസം 150 മില്ലി ലിറ്റര്‍ വീതം പാല്‍ നല്‍കുന്നതാണ് പദ്ധതി. മില്‍മ നിശ്ചയിക്കുന്ന രണ്ടു ദിവസം അടുത്തുള്ള ക്ഷീരോല്‍പ്പാദക സംഘങ്ങളിലെത്തി സ്‌കൂള്‍ അധികൃതര്‍ പാല്‍ വാങ്ങണം. തട്ടതോലൂഴത്ത് പ്രവര്‍ത്തിക്കുന്ന മില്‍മ പ്ലാന്റിന്റെ നിയന്ത്രണത്തിലാണ് ജില്ലയിലെ സ്‌കൂളുകളില്‍ പാല്‍ വിതരണം നടക്കുന്നത്. പ്രീപ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കാണ് പാല്‍ വിതരണം.

പത്തനംതിട്ട ജില്ലയില്‍ പദ്ധതി തുടങ്ങിയത് കഴിഞ്ഞ വര്‍ഷം ജനവരിയിലാണ്. മറ്റ് ജില്ലകളില്‍ മില്‍മയുടെ കവര്‍പാല്‍ നല്‍കിയപ്പോള്‍ ജില്ലയില്‍ ഇതിന്റെ ലഭ്യത ക്കുറവുകാരണം സഹകരണ സംഘങ്ങളില്‍ നിന്ന് പാല്‍ നല്‍കാനാണ് തീരുമാനമുണ്ടായത്. സ്‌കൂള്‍ അധികൃതര്‍ സംഘങ്ങളില്‍നിന്ന് നേരിട്ട് പാല്‍ ഏറ്റെടുക്കണമെന്ന നിര്‍ദ്ദേശം അന്നേ എതിര്‍പ്പുണ്ടാക്കിയിരുന്നു
--
കേന്ദ്ര പാഠ്യപദ്ധതിയിലും മലയാളം നിര്‍ബന്ധമാക്കണം'
തിരുവല്ല:കേരളത്തിലെ സി.ബി.എസ്.ഇ. ഉള്‍പ്പെടെയുള്ള കേന്ദ്ര പാഠ്യപദ്ധതി സ്‌കൂളുകളില്‍ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ആര്‍.പ്രതാപചന്ദ്രവര്‍മ്മ ആവശ്യപ്പെട്ടു. കേരള സിലബസില്‍ മലയാളം ഒന്നാം ഭാഷയാക്കാന്‍ വിദ്യാഭ്യാസ വുകുപ്പ് ആത്മാര്‍ത്ഥത കാട്ടുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
--
ദുരിതവഴികള്‍ താണ്ടി വെളിച്ചത്തിലേക്ക്.......
എരുമേലി: സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് അകന്നുനില്ക്കുന്നവര്‍ക്കു പോലും അറിവിന്റെ വെളിച്ചമെത്തിക്കാന്‍ യത്‌നിക്കുന്നതിലൂടെ വിദ്യാലയങ്ങള്‍ക്കെല്ലാം മാതൃകയാവുകയാണ് എരുമേലി ഇടകടത്തി ടി. കെ. എം എം. യു. പി. സ്‌കൂള്‍. ചാലക്കയം, പമ്പ, അട്ടത്തോട് വനമേഖലയില്‍ കഴിഞ്ഞിരുന്ന ആദിവാസി കുട്ടികള്‍ രണ്ടുവര്‍ഷമായി സ്‌കൂളില്‍ പഠിക്കുന്നു. ഭക്ഷണമുള്‍പ്പടെ അവര്‍ക്കാവശ്യമായതെല്ലാം അധ്യാപകരും മാനേജ്‌മെന്റും നല്‍കുകയും ചെയ്യുന്നു.

സ്‌കൂള്‍ അധികൃതര്‍ ഒരിക്കല്‍ വനത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് യാദൃച്ഛികമായി കുട്ടികളെ കാണുന്നത്. ഉള്‍വനങ്ങളില്‍ച്ചെന്ന് തേനും കുന്തിരിക്കവും മറ്റും ശേഖരിച്ച്, അതില്‍ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കുന്ന കുടുംബങ്ങളില്‍പ്പെട്ടവരായിരുന്നു അവര്‍. പട്ടിണിയും രോഗവും കൊണ്ട് വലഞ്ഞിരുന്ന കുട്ടികളെ കൂട്ടിക്കൊണ്ടുവന്ന് പഠിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചു. ഒരു വര്‍ഷം മുമ്പാണത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലാം തിയ്യതിയാണ് കുട്ടികളെ ഇടകടത്തിയിലേക്ക് കൊണ്ടുവന്നത്. ഇരുപതോളം കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. മുടിയും നഖവും വെട്ടിച്ച്, നല്ല വസ്ത്രങ്ങള്‍ അണിയിച്ച് അവരെ ക്ലാസ്സിലിരുത്തി പഠിപ്പിക്കാന്‍ തുടങ്ങി. അവരെസ്‌കൂളിനടുത്തുതന്നെ താമസിപ്പിച്ചു. കുട്ടികളുടെ ഊരില്‍ നിന്നുതന്നെയുള്ള ഒരമ്മയെ ഒപ്പം താമസിപ്പിച്ചു. വളര്‍ന്ന ചുറ്റുപാടും ശീലങ്ങളും മറ്റും അറിഞ്ഞ് കുട്ടികളെ താമസിപ്പിക്കാനായിരുന്നു അത്. ഇവരുടെ കാര്യങ്ങള്‍ നോക്കാന്‍ പാചകക്കാരി ഉള്‍പ്പെടെ മൂന്ന് പേരെ സ്‌കൂള്‍ അധികൃതര്‍ ചുമതലപ്പെടുത്തുകയും ചെയ്തു. കെട്ടിടവാടക, ഭക്ഷണം, മരുന്ന്, വാഹനസൗകര്യം, പാചകക്കാരിയുടെ ശമ്പളം എന്നിവ ഉള്‍പ്പെടെ പതിനേഴായിരത്തോളം രൂപയാണ് പ്രതിമാസം ചെലവ് വന്നത്. കുട്ടികള്‍ അവരുടെ കഴിവിനനുസരിച്ച് പഠിക്കുകയും കൃത്യനിഷ്ഠയും അനുസരണയും ശീലിക്കുകയും ചെയ്യുന്നു.

ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് സ്ഥിരമായി ഊരില്‍ താമസിക്കേണ്ടിവന്നതു കാരണം ഈ അധ്യയനവര്‍ഷം കുട്ടികള്‍ വന്നുപോയി പഠിക്കുകയാണ്. എല്ലാ അധ്യയന ദിവസങ്ങളിലും അവരെ ഊരില്‍ നിന്ന് വാഹനത്തില്‍ കൊണ്ടുവരികയും പഠനം കഴിഞ്ഞ് വാഹനത്തില്‍ത്തന്നെ തിരിച്ചെത്തിക്കുകയും ചെയ്യുകയാണിപ്പോള്‍.
--
അറിവിന്റെ അരങ്ങുണര്‍ത്തി നാടകശില്‌പശാല

ആലുവ: നാടകരചന, അഭിനയം, രംഗസംവിധാനം തുടങ്ങിയ മേഖലകളില്‍ കുട്ടികള്‍ക്ക് അറിവു പകര്‍ന്ന് ഏകദിന നാടകശില്പശാല സംഘടിപ്പിച്ചു.

ആലുവ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരിക ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പ്രശസ്ത നാടകരചയിതാവ് കൂടല്‍ ശോഭന്റെ നേതൃത്വത്തില്‍ നാടകശില്പശാല നടത്തിയത്. ആലുവ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് എല്‍.പി.സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം കവി കടുങ്ങല്ലൂര്‍ നാരായണന്‍ നിര്‍വഹിച്ചു.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.ജെ. ലീന അധ്യക്ഷത വഹിച്ചു.

മുനിസിപ്പല്‍ ചെയര്‍മാന്‍എം.ടി. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.

കുട്ടികളെ അറിഞ്ഞ് 'വീട്ടുകൂട്ടം'
സുല്‍ത്താന്‍ബത്തേരി: ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് കൊളഗപ്പാറ ഗവ. യു.പി. സ്‌കൂള്‍ നടപ്പാക്കുന്ന 'വീട്ടുകൂട്ടം' പരിപാടി മീനങ്ങാടി പഞ്ചായത്ത് അംഗം സിന്ധു രാജന്‍ ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് കുട്ടികളുടെ പ്രശ്‌നങ്ങള്‍, മികവുകള്‍ എന്നിവയെക്കുറിച്ച് വീട്ടുകൂട്ടത്തില്‍ ചര്‍ച്ച ചെയ്തു. അരിവയല്‍ രാമന്‍കുട്ടിയുടെ വീട്ടില്‍ നടന്ന യോഗത്തില്‍ സി.വി. രാജന്‍ അധ്യക്ഷതവഹിച്ചു. 'രസതന്ത്രം അടുക്കളയില്‍ നിന്ന്' എന്ന വിഷയത്തില്‍ എം.കെ. സുന്ദര്‍ലാല്‍ ക്ലാസെടുത്തു. പ്രധാനാധ്യാപകന്‍ ആര്‍ ബാബു, ബിജോ പോള്‍, എന്‍. സിദിഷ, വിനിഷ എന്നിവര്‍ പ്രസംഗിച്ചു.
-

No comments: