Wednesday, December 28, 2011

വിദ്യാഭ്യാസരംഗം സാമുദായിക ശക്തികളുടെ പിടിയില്‍ : വി എസ്


 28-Dec-2011

കഴക്കൂട്ടം: പാഠപുസ്തകത്തില്‍ എന്തു ചേര്‍ക്കണമെന്നും എന്തു പഠിക്കണമെന്നും സാമുദായികശക്തികള്‍ തീരുമാനിക്കുന്ന ഗുരുതരമായ സാഹചര്യം സംജാതമായിരിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തോന്നയ്ക്കല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സുവര്‍ണജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കരിക്കുലം കമ്മിറ്റിയുടെ ഘടന നാളിതുവരെ ജനാധിപത്യപരമായിരുന്നു. വൈദഗ്ധ്യവും പരിചയവുമായിരുന്നു അതിലെ അംഗത്വത്തിന്റെ മാനദണ്ഡം. എന്നാല്‍ , ആ കമ്മിറ്റി പുനസംഘടിപ്പിച്ചതെങ്ങനെയെന്ന് നമുക്കറിയാം. ഏതൊരു മലയാളിയും ലജ്ജിച്ച് തലതാഴ്ത്തേണ്ട അവസ്ഥയാണ് ഇക്കാര്യത്തിലുണ്ടായിട്ടുള്ളത്. പൊതുവിദ്യാഭ്യാസത്തില്‍ ആളുകള്‍ക്ക് വിശ്വാസം നഷ്ടപ്പെടാനാണ് ഇപ്പോഴത്തെ കരിക്കുലം കമ്മിറ്റിയുടെ ഘടന സഹായിക്കുക. പതിനേഴ് നോമിനേറ്റഡ് അംഗങ്ങളില്‍ പത്തും വകുപ്പുമന്ത്രിയുടെ പാര്‍ടിക്കാരാണ്. അതില്‍ എട്ടും ഒരു ജില്ലക്കാര്‍ . കരിക്കുലം നല്ല കരിക്കുലമാക്കാന്‍ മറ്റെന്താണ് വേണ്ടതെന്നും വി എസ് ചോദിച്ചു. എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമാക്കുന്നതിനുള്ള ഉത്തരവ് നടപ്പാക്കാന്‍ ജനകീയസമ്മര്‍ദമുണ്ടാകണം. സര്‍വകലാശാലകളുടെ ജനാധിപത്യ ഭരണസംവിധാനം അട്ടിമറിക്കപ്പെടുകയാണ്. ആദ്യം കേരള, കാലിക്കറ്റ് സര്‍വകലാശാലകളുടെ സിന്‍ഡിക്കറ്റില്‍ കൃത്രിമ ഭൂരിപക്ഷമുണ്ടാക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. ഇപ്പോള്‍ എംജി, കണ്ണൂര്‍ , കുസാറ്റ്, സംസ്കൃത സര്‍വകലാശാലകളുടെ സിന്‍ഡിക്കറ്റുകള്‍ പിടിച്ചടക്കാനും ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരിക്കുകയാണ്. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശവും തകര്‍ക്കുകയാണ്. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ പ്രതിനിധിയെ സിന്‍ഡിക്കറ്റില്‍ ഉള്‍പ്പെടുത്തി പ്രധാന സ്ഥാനം നല്‍കണമെന്ന് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നു. കേരളത്തിലെ പൊതുവിദ്യാഭ്യാസം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. ദേശീയ വിദ്യാഭ്യാസാവകാശനിയമത്തെപ്പോലും നോക്കുകുത്തിയാക്കി യഥേഷ്ടം സിബിഎസ്ഇ സ്കൂളുകള്‍ അനുവദിക്കുന്നു. ഒരുഭാഗത്ത് ശമ്പളമില്ലാത്ത അധ്യാപകരെ രക്ഷിക്കാനും പ്രൊട്ടക്ഷന്‍ പ്രശ്നം പരിഹരിക്കാനുമെന്ന പേരില്‍ അധ്യാപക പാക്കേജ് കൊണ്ടുവരിക, അതേസമയം വീണ്ടും പതിനായിരക്കണക്കിന് അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടുത്തുന്ന വിധത്തില്‍ അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അനുമതി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും വി എസ് പറഞ്ഞു.

Monday, December 26, 2011

വിദഗ്ധ സമിതികളും സംഘപരിവാറും


 • -വി കാര്‍ത്തികേയന്‍നായര്‍ (chintha varika)
 • കേരളത്തിലെ പത്താംക്ലാസിലെ സാമൂഹിക ശാസ്ത്രം പാഠപുസ്തകത്തിലെ ചില ചരിത്രപാഠങ്ങളെ സംബന്ധിച്ച് ഉയര്‍ന്നുവന്ന ചില പരാതിളെയും അവ പരിശോധിക്കാനായി രണ്ട് വിദഗ്ദ്ധ സമിതികളെ നിയോഗിച്ചതിനെയുംപറ്റി ഇതിനോടകം പലരും അഭിപ്രായം പ്രകടിപ്പിച്ചു കഴിഞ്ഞു. ആദ്യത്തെ പരാതി കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഉന്നയിച്ചതായിരുന്നു. മദ്ധ്യകാല യൂറോപ്പില്‍ റോമന്‍ കത്തോലിക്കാ സഭ നടപ്പിലാക്കിയിരുന്ന ചില അധാര്‍മ്മികവും വിജ്ഞാന വിരുദ്ധവുമായ നടപടികളെ പ്രതിപാദിക്കുന്ന പാഠഭാഗങ്ങള്‍ കേരളത്തിലെ മെത്രാന്‍സമിതിക്ക് ആക്ഷേപകരമായതിനാല്‍ അത്തരം പ്രതിപാദ്യങ്ങള്‍ പാഠപുസ്തകത്തില്‍നിന്നു നീക്കം ചെയ്യണമെന്നായിരുന്നു പരാതി. പരാതിയെപ്പറ്റി അന്വേഷിക്കാന്‍ ഡോ. ബാബുപോള്‍ അദ്ധ്യക്ഷനായ രണ്ടംഗസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. സമിതിയിലെ രണ്ടംഗങ്ങളും കൃസ്ത്യാനികളായതിനാല്‍ മെത്രാന്‍ സമിതിക്ക് സന്തോഷം. ആ സന്തോഷം സമിതിയുടെ റിപ്പോര്‍ട്ടു പുറത്തുവന്നപ്പോള്‍ ഇരട്ടിച്ചു. മെത്രാന്‍സമിതി ആഗ്രഹിച്ചതിനേക്കാള്‍ ഭംഗിയായി മദ്ധ്യകാല കത്തോലിക്കാസഭയ്ക്ക് വിശുദ്ധി കല്‍പിച്ച് ബാബുപോള്‍ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കി. പ്രസ്തുത റിപ്പോര്‍ട്ട് പാഠപുസ്തകങ്ങള്‍ അംഗീകരിക്കാന്‍ ചട്ടപ്രകാരം അധികാരപ്പെട്ട, വിദ്യാഭ്യാസ മന്ത്രി അദ്ധ്യക്ഷനായ കരിക്കുലം കമ്മിറ്റിയെ കാണിക്കാതെ പാഠപുസ്തകത്തില്‍ തിരുകിക്കേറ്റി പഠിപ്പിക്കാന്‍ മന്ത്രി ഉത്തരവിട്ടു. ആ നടപടിയിലെ അധാര്‍മികതയേയും ചട്ടലംഘനത്തേയും പലരും ചൂണ്ടിക്കാട്ടിയെങ്കിലും മന്ത്രിയും സര്‍ക്കാരും കുലുങ്ങിയില്ല. അവര്‍ക്കു കുലുങ്ങാന്‍ പറ്റില്ല. എന്തെന്നാല്‍ വെറ്റിലക്കനത്തിെന്‍റ ഭൂരിപക്ഷത്തില്‍ മാത്രം ഭരിക്കുന്ന യുഡിഎഫ് മന്ത്രിസഭയ്ക്ക് കത്തോലിക്കാ മെത്രാന്‍ സമിതിയെ എന്നല്ല ജാതി - മത വിഭാഗങ്ങളെ ഒന്നിനേയും പിണക്കാന്‍ കഴിയില്ല. ഈ ദൗര്‍ബല്യം നല്ലവണ്ണം അറിയാവുന്നവര്‍ സര്‍ക്കാരിനെ ബ്ലാക്ക്മെയില്‍ ചെയ്യുന്നു.

  മെത്രാന്‍ സമിതിക്ക് ഹിതകാരിയായ റിപ്പോര്‍ട്ടെഴുതിയ ബാബുപോള്‍ കമ്മിറ്റിയിലെ രണ്ടാമത്തെ അംഗത്തെ പൈതൃകസംരക്ഷണമെന്ന ഒരു പുതിയ സ്ഥാപനമുണ്ടാക്കി അതിെന്‍റ ഡയറക്ടര്‍ ആക്കി. ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ. ബാബുപോള്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്തുകൊണ്ടാണ് കരിക്കുലം കമ്മിറ്റി പരിശോധിക്കാതെ പാഠപുസ്തകത്തിെന്‍റ ഭാഗമാക്കാന്‍ തീരുമാനിച്ചത്? ഇന്ത്യയിലും കേരളത്തിലും പാശ്ചാത്യ വിദ്യാഭ്യാസം ആരംഭിക്കുകയും യൂറോപ്യന്‍ ചരിത്രം പഠിപ്പിച്ചു തുടങ്ങുകയും ചെയ്ത കാലം മുതല്‍ "മതനവീകരണം" എന്ന പേരില്‍ പഠിപ്പിച്ചുവരുന്നതാണ് കത്തോലിക്കാസഭയുടെ അധാര്‍മ്മിക പ്രവൃത്തികള്‍ . കത്തോലിക്കാ സഭയുടെ ഇത്തരം പ്രവൃത്തികളോട് പ്രതിഷേധിച്ചവരാണ് പ്രൊട്ടസ്റ്റന്‍റുകാര്‍ . പ്രൊട്ടസ്റ്റന്‍റ് മിഷണറിമാരുടെ സംഘമായ എല്‍എംഎസ്സും, സിഎംഎസ്സും, ബിഇഎമ്മും ആണ് കേരളത്തില്‍ ആധുനിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. പ്രൊട്ടസ്റ്റന്‍റ് സഭയുടെ ജനനത്തിന് കാരണമായ മതനവീകരണത്തിനിടയാക്കിയ സംഭവങ്ങളെയാണ് കേരള മെത്രാന്‍ സമിതി എതിര്‍ക്കുന്നത്. അതായത് പ്രൊട്ടസ്റ്റന്‍റ് സഭയുടെ ഉദയം തന്നെ അനാവശ്യമായിരുന്നു എന്നാണ് മെത്രാന്‍ സമിതി വാദിക്കുന്നത്. ആ വാദഗതി അംഗീകരിക്കുന്നതാണ് ബാബുപോള്‍ സമിതിയുടെ റിപ്പോര്‍ട്ട്. ആ റിപ്പോര്‍ട്ട് അതേപടി പാഠപുസ്തകത്തിലാക്കിയതിെന്‍റ ലക്ഷ്യം മറ്റൊന്നുമല്ല, പിറവം ഉപതെരഞ്ഞെടുപ്പാണ്. കരിക്കുലം കമ്മിറ്റിയുടെ പിറവം റോഡാണ് ബാബുപോള്‍ സമിതിയുടെ റിപ്പോര്‍ട്ട്. യുഡിഎഫിെന്‍റ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തെരഞ്ഞെടുപ്പ് പ്രചരണത്തിലും അദൃശ്യവും എന്നാല്‍ സജീവവുമായ സാന്നിദ്ധ്യമായി നില്‍ക്കുന്നത് ക്രൈസ്തവ സഭയാണ്.

  ലോല വായുവില്‍ ആടി ഉലയുന്ന ഭൂരിപക്ഷവുമായി നില്‍ക്കുന്ന യുഡിഎഫിന് പാഠപുസ്തകത്തിെന്‍റ ഉള്ളടക്കത്തേക്കാള്‍ പ്രധാനം അധികാരത്തില്‍ തുടരാന്‍ , ആരുടേതായാലും കുഴപ്പമില്ല പാദശുശ്രൂഷ ചെയ്യുക എന്നുള്ളതാണ്. പത്താം ക്ലാസിലെ സാമൂഹികശാസ്ത്രം പാഠപുസ്തകത്തെ സംബന്ധിച്ചും സ്കൂള്‍ ക്ലാസുകളിലെ ചരിത്ര പാഠങ്ങളെ സംബന്ധിച്ചും ആകെ ലഭിച്ച നാലു പരാതികളില്‍ ഒന്നിനെപ്പറ്റിയാണ് മുകളില്‍ പ്രസ്താവിച്ചത്. മറ്റു മൂന്നു പരാതികള്‍ നല്‍കിയിരിക്കുന്നത് കേരള വിദ്യാഭ്യാസ സംരക്ഷണ സമിതി, ഈഴവ മഹാസഭ എന്നീ രണ്ടു സംഘടനകളും ഡോ. എം എസ് ജയപ്രകാശ്, ഡോ. സുവര്‍ണകുമാര്‍ എന്നീ വ്യക്തികളുമാണ്. ഡോ. എം എസ് ജയപ്രകാശ് തെന്‍റ പരാതിയില്‍ ഇനി ഉറച്ചുനില്‍ക്കുമെന്ന് തോന്നുന്നില്ല. എന്തെന്നാല്‍ അദ്ദേഹത്തെ ഉന്നത വിദ്യാഭ്യാസ സമിതിയില്‍ അംഗമായും ആ നിലയില്‍ കേരള - സംസ്കൃത സര്‍വകലാശാലാ സിന്‍ഡിക്കേറ്റുകളില്‍ അംഗമായും സര്‍ക്കാര്‍ നോമിനേറ്റു ചെയ്തു. പദവി ലഭിച്ചു കഴിഞ്ഞാല്‍ പരാതി ഒടുങ്ങണമല്ലോ. ഇതില്‍ ഗൗരവമേറിയ പരാതി ഉന്നയിച്ചിരിക്കുന്നത് കോഴിക്കോടു പ്രവര്‍ത്തിക്കുന്ന കേരള വിദ്യാഭ്യാസ സംരക്ഷണ സമിതിയാണ്. അവരുടെ പരാതിയെ സംക്ഷിപ്തമായി ഇങ്ങിനെ അവതരിപ്പിക്കാം: - ഹ കമ്യൂണിസ്റ്റ് സമരങ്ങളെ മഹത്വവല്‍ക്കരിച്ചിരിക്കുന്നു. ഹ ഭാരതത്തിെന്‍റ പൗരാണികമായ ദേശീയ അസ്തിത്വത്തേയും പ്രഖ്യാപിത നയങ്ങളേയും വെല്ലുവിളിക്കുന്നു. ഹ ടിപ്പു സുല്‍ത്താനെ അനാവശ്യമായി മഹത്വവല്‍ക്കരിക്കുന്നു. ഹ മുസ്ലീംലീഗിെന്‍റ ദ്വിരാഷ്ട്ര വാദത്തേയും ഭാരത വിഭജനത്തേയും വെള്ള പൂശുന്നു. ഹ മലബാറിലെ മാപ്പിള കലാപങ്ങളെ കര്‍ഷക സമരങ്ങളായും സ്വാതന്ത്ര്യ സമരമായും അവതരിപ്പിച്ചിരിക്കുന്നു. ഈ പരാതികളെല്ലാം തന്നെ അഞ്ചു മുതല്‍ പത്തുവരെ ക്ലാസുകളിലെ ചരിത്രപാഠഭാഗങ്ങളെ മൊത്തത്തില്‍ പരിശോധിച്ചതിനുശേഷം തയ്യാറാക്കിയതാണ്. അതില്‍ത്തന്നെ ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തെപ്പറ്റിയാണ് ഏറെ പരാതികളുള്ളത്. അവരുടെ പരാതിയില്‍ ഇങ്ങിനെ പറയുന്നു:

  ൗ ഭാരതത്തിെന്‍റയും കേരളത്തിെന്‍റയും യഥാര്‍ത്ഥ ചരിത്രം മനപൂര്‍വ്വം അവഗണിക്കാനും ഹിന്ദുമതത്തേയും അതിെന്‍റ വേരായ വൈദിക പാരമ്പര്യത്തേയും അവഹേളിക്കാനും മനഃപൂര്‍വം ശ്രമിച്ചിരിക്കുന്നു. ൗ ചരിത്രാതീത കാലഘട്ടം മുതല്‍ 21-ാം നൂറ്റാണ്ടുവരെയുള്ള ചരിത്രം യൂറോപ്യന്‍ കേന്ദ്രീകൃത ചരിത്രരചനയെ അതേപടി സ്വീകരിക്കുകയും ഭാരതത്തിെന്‍റ മഹത്തായ കലാ സാംസ്കാരിക - ശാസ്ത്ര സംഭാവനകളെ അവമതിക്കുകയും ചരിത്രം വികലവും കുട്ടികള്‍ക്ക് പ്രേരണദായകവുമല്ലാതേയും ആക്കിയിരിക്കുന്നു. ഇതേപ്പറ്റി പരിശോധിക്കാനായി എസ്സിഇആര്‍ടി ഡയറക്ടര്‍ ഡോ. ശോഭനന്‍ അദ്ധ്യക്ഷനായ ഒരു മൂന്നംഗസമിതിയെ നിയോഗിക്കുകയുണ്ടായി. സമിതിയിലെ മൂന്നംഗങ്ങളും ചരിത്ര പ്രൊഫസര്‍മാരായിരുന്നു. പോര, വകുപ്പദ്ധ്യക്ഷന്മാരായിരുന്നു. അതിനാല്‍ അവരുടെ റിപ്പോര്‍ട്ട് ആധികാരികമാകാതിരിക്കാന്‍ തരമില്ലല്ലോ. കമ്മിറ്റിയുടെ റിപ്പോര്‍ട്ടിെന്‍റ പ്രസക്ത ഭാഗങ്ങള്‍ അതേ രൂപത്തില്‍ ചുവടെ ചേര്‍ക്കുന്നു:

  "ഈ പാഠഭാഗങ്ങള്‍ പൂര്‍ണമായും പരിഷ്കരിക്കുവാന്‍ സത്വര നടപടികള്‍ സ്വീകരിക്കേണ്ടതാണ്. വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പരാതി പ്രധാനമായും പാഠപുസ്തകത്തിെന്‍റ രചനയില്‍ അവലംബിച്ചിരിക്കുന്ന രീതിയെക്കുറിച്ചാണ്. മാര്‍ക്സിയന്‍ രീതിയില്‍ വിദ്യാഭ്യാസത്തിെന്‍റ ഉള്ളടക്കം രൂപകല്‍പന ചെയ്യുന്നത് ശരിയല്ല. അവര്‍ ആവശ്യപ്പെടുന്നത് ദേശീയ ചരിത്ര രചനാരീതി സ്വീകരിക്കണമെന്നാണ്. ഒരു പാഠപുസ്തകം മുഴുവനും ഒരു പ്രത്യയശാസ്ത്രമനുസരിച്ച് രചിക്കുമ്പോഴുണ്ടാകുന്ന എല്ലാ കുറവുകളും സ്റ്റാന്‍ഡേര്‍ഡ് 9ലെ സാമൂഹ്യശാസ്ത്രം-1നുണ്ട്". വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പരാതിയുടെ ഉള്ളടക്കം പരിശോധിച്ചാലറിയാം ആരാണ് പരാതിക്കാരെന്ന്. അത് വിദ്യാഭ്യാസ സംരക്ഷണ സമിതിയെന്ന ആട്ടിന്‍തോലിട്ട സംഘപരിവാര്‍ എന്ന ചെന്നായ്ക്കളാണ്. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഗുജറാത്തിലും പാഠപുസ്തകങ്ങള്‍ മാറ്റിയെഴുതിയതുപോലെ കേരളത്തിലും മാറ്റണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. എങ്കില്‍ മാത്രമേ ഈ പാഠപുസ്തകങ്ങള്‍ പഠിക്കുന്ന ബാലികാബാലന്മാര്‍ യുവതീയുവാക്കളായി വളരുമ്പോള്‍ വംശഹത്യകളും അഭിമാന കൊലകളും (വീിീൗൃ സശഹഹശിഴെ) ഉന്മൂലന സമരങ്ങളും നടത്തുന്നവരായി മാറുകയുള്ളൂ. കേന്ദ്രത്തില്‍ സംഘപരിവാര്‍ അധികാരത്തിലിരുന്നപ്പോഴും നിരോധിച്ചത് ചരിത്രപാഠപുസ്തകങ്ങളെയായിരുന്നു. അവര്‍ ചരിത്രപഠനത്തെ ഭയപ്പെടുന്നു.

  സംഘപരിവാര്‍ വര്‍ഗശത്രുക്കളായിക്കണ്ട് അഖിലേന്ത്യാതലത്തില്‍ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്ന മുസ്ലീങ്ങളുടെ കേരളത്തിലെ രാഷ്ട്രീയ സംഘടനയായ മുസ്ലീംലീഗിെന്‍റ വിദ്യാഭ്യാസ മന്ത്രിയുടെ അജ്ഞതയെ മുതലാക്കി തങ്ങളുടെ ചരിത്രവീക്ഷണം പാഠപുസ്തകത്തില്‍ തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞുവെന്ന് അവര്‍ക്കഭിമാനിക്കാന്‍ കഴിയുമായിരുന്നു. അഞ്ചുവര്‍ഷക്കാലം കേരളം ഭരിച്ച ഇടതുമുന്നണിയുടെ കാലത്ത് ചെയ്യാന്‍ കഴിയാതിരുന്ന കാര്യം യുഡിഎഫ് ഭരണത്തില്‍ നടപ്പാക്കാന്‍ സംഘപരിവാറിന് കഴിഞ്ഞത് ലീഗിെന്‍റ അന്ധമായ മാര്‍ക്സിസ്റ്റ് വിരോധംമൂലമായിരുന്നു. പുസ്തകമെഴുതിയത് മാര്‍ക്സിസ്റ്റ് രീതിയിലായിരുന്നുവെന്ന് ലീഗിനെ ധരിപ്പിച്ചതിനുശേഷം രാഷ്ട്രീയമായി അവര്‍ക്കു ദോഷം വരുന്ന കാര്യം കുട്ടികളെ പഠിപ്പിക്കാന്‍ അവരെത്തന്നെ ഉപകരണമാക്കുന്ന രാഷ്ട്രീയ സൃഗാലതന്ത്രമാണ് സംഘപരിവാര്‍ പയറ്റിയത്. അതിനുള്ള ഉപകരണമായിരുന്നു ശോഭനന്‍ കമ്മിറ്റി. ശോഭനന്‍ കമ്മിറ്റി റിപ്പോര്‍ട്ടും ബാബുപോള്‍ കമ്മിറ്റി റിപ്പോര്‍ട്ടുപോലെ കരിക്കുലം കമ്മിറ്റിയില്‍ അവതരിപ്പിക്കാതെ പാഠപുസ്തകത്തില്‍ ചേര്‍ക്കാനായിരുന്നു മന്ത്രിയുടെയും എസ്സിഇആര്‍ടി ഡയറക്ടറുടെയും തീരുമാനം. എന്നാല്‍ അതേപ്പറ്റി പ്രതിപക്ഷത്തുള്ള അദ്ധ്യാപക സംഘടനകള്‍ പ്രതിഷേധമുന്നയിച്ചപ്പോഴാണ് കരിക്കുലം കമ്മിറ്റി വിളിച്ചു ചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്. കേരളത്തില്‍ കരിക്കുലം കമ്മിറ്റി രൂപീകൃതമായതിനുശേഷം ഇതാദ്യമായാണ് ഇത്രയും വലിപ്പമുള്ള ഒന്ന് നിലവില്‍ വരുന്നത്. അംഗസംഖ്യ വലുതാണെങ്കിലും അക്കാദമികമായ മികവുള്ളവര്‍ നന്നേ വിരളം. തടിമിടുക്കുണ്ടെങ്കിലും തലയ്ക്കുവെളിവില്ലായെന്നു പറയുന്നതുപോലെ. പ്രതിപക്ഷ അദ്ധ്യാപക സംഘടനയില്‍നിന്ന് ഒരാള്‍ മാത്രം. അയാളുടെ ശക്തമായ എതിര്‍പ്പിേന്‍റയും വിയോജനക്കുറിപ്പിെന്‍റയും ഫലമായാണ് ശോഭനന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സൂക്ഷ്മപരിശോധനയ്ക്കായി സബ്കമ്മിറ്റിക്കുവിടാന്‍ തീരുമാനിച്ചത്. സബ്കമ്മിറ്റി മൂന്നുദിവസം തുടര്‍ച്ചയായി അഞ്ചുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ ചരിത്ര പാഠപുസ്തകങ്ങളും അതിനെതിരെയുള്ള പരാതികളും പരാതികളെപ്പറ്റി അന്വേഷിച്ച ശോഭനന്‍ കമ്മിറ്റി റിപ്പോര്‍ട്ടും സൂക്ഷ്മമായി പരിശോധിച്ചു. അതില്‍നിന്നും സബ്കമ്മിറ്റി എത്തിച്ചേര്‍ന്ന തീരുമാനം പരാതികളും പരാതികളെപ്പറ്റിയുള്ള ശോഭനന്‍ കമ്മിറ്റി റിപ്പോര്‍ട്ടും അംഗീകരിക്കാന്‍ പറ്റില്ലായെന്നാണ്. അതായത് പാഠപുസ്തകം നിലനില്‍ക്കണമെന്നാണ്.

  സബ്കമ്മിറ്റിയില്‍ പങ്കെടുത്ത ആറുപേരില്‍ ഒരാള്‍ മാത്രമേയുള്ളൂ പ്രതിപക്ഷത്തുനിന്ന്. ബാക്കി അഞ്ചുപേരില്‍ രണ്ടുപേര്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ചരിത്രം പഠിപ്പിക്കുന്നവരാണ്. അഞ്ചുപേരും കടുത്ത യുഡിഎഫ് പക്ഷക്കാര്‍ . എന്നിട്ടും അവര്‍ക്ക് പാഠപുസ്തകത്തെ അടച്ചാക്ഷേപിക്കാന്‍ കഴിഞ്ഞില്ല. ചില വാക്കുകള്‍ മാറ്റി. "അറേബ്യന്‍ കടലിനെ" "അറബിക്കടലാക്കി", "ജനമുന്നറ്റ പ്രദേശങ്ങള്‍" എന്നതിനെ "കാര്‍ഷിക കലാപ പ്രദേശങ്ങള്‍" എന്നാക്കി. സ്വാതന്ത്ര്യസമരത്തിെന്‍റ ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസസിനകത്തുണ്ടായിരുന്ന രണ്ടു ഗ്രൂപ്പുകളാണ് മിതവാദികളും തീവ്രവാദികളും (ങീറലൃമലേെ മിറ ഋഃേൃശാശെേെ). അതില്‍ തീവ്രവാദികളുടെ കൂട്ടത്തില്‍പ്പെട്ടയാളായിരുന്നു ബാലഗംഗാധര തിലകന്‍ . തീവ്രവാദം എന്ന പദപ്രയോഗം തെറ്റാണ് എന്നായിരുന്നു പരാതിക്കാരുടെ വാദം. ഋഃേൃശാശെേെ എന്ന ഇംഗ്ലീഷ് പദത്തിന് ഇന്നേവരെ നല്‍കിയിരുന്ന മലയാള പദം തീവ്രവാദി എന്നു തന്നെയായിരുന്നു. ഇതുമാറ്റണമെന്ന് ശോഭനന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചെങ്കിലും കരിക്കുലം സബ്കമ്മിറ്റിക്ക് ഉചിതമായ മലയാള പദം കണ്ടെത്താന്‍ കഴിഞ്ഞില്ല. കരിക്കുലം കമ്മിറ്റിയും സബ്കമ്മിറ്റിയും ചര്‍ച്ച ചെയ്യാതെ ശോഭനന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അതേപോലെ പാഠപുസ്തകത്തില്‍ ചേര്‍ത്തിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നുവെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. ബാബുപോള്‍ കമ്മിറ്റി റിപ്പോര്‍ട്ടും ഇതേപോലെ വിശദമായ പഠനത്തിന് വിധേയമാക്കിയിരുന്നുവെങ്കില്‍ അതിലെ പിഴവുകളും ഇസ്ലാമിക സംസ്കാരത്തെ തമസ്കരിക്കുന്നതുമായ ഭാഗങ്ങളും കണ്ടെത്തുവാന്‍ കഴിയുമായിരുന്നു. മെത്രാന്‍ സമിതിയുടെ പരാതി മദ്ധ്യകാലഘട്ടത്തില്‍ യൂറോപ്പിലെ റോമന്‍ കത്തോലിക്കാസഭ ചെയ്ത കാര്യങ്ങളെ വസ്തുതാപരമായി ശരിയാണെങ്കില്‍പ്പോലും പുസ്തകത്തില്‍ ചേര്‍ക്കരുത് എന്നായിരുന്നു.

  ആധുനികയുഗത്തിെന്‍റ ഉദയത്തിന് കാരണമായ ഒരു പ്രധാനപ്പെട്ട കാര്യം പൗരസ്ത്യ സംസ്കാരത്തിെന്‍റ - ഇസ്ലാമിക - ഭാരതീയ - ചൈനീസ് സംസ്കാരങ്ങള്‍ - സ്വാധീനമാണെന്നായിരുന്നു. മെത്രാന്‍ സമിതി അതിനെപ്പറ്റി പരാതിപ്പെട്ടിട്ടില്ലായിരുന്നു. എന്നിട്ടും ബാബുപോള്‍ കമ്മിറ്റി പാഠഭാഗത്തുനിന്നും ഒരു വാചകം മാറ്റി. നോക്കുക: "ഫ്യൂഡല്‍ കാലഘട്ടത്തില്‍ യൂറോപ്പില്‍ വിജ്ഞാന തൃഷ്ണയുടെയും യുക്തിചിന്തയുടെയുംമേല്‍ കത്തോലിക്കാസഭ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. എന്നാല ഇക്കാലത്ത് പൗരസ്ത്യദേശത്തെ ഇസ്ലാമിക രാഷ്ട്രങ്ങളിലും ഇന്ത്യയിലും ചൈനയിലും സാഹിത്യം, ഭൗതികശാസ്ത്രം, ഗണിതം, വൈദ്യശാസ്ത്രം തുടങ്ങിയ വിജ്ഞാനമേഖലകളില്‍ ഗണ്യമായ പുരോഗതിയുണ്ടായി". (പേജ് 10) ഈ വൈജ്ഞാനിക സമ്പത്ത് അറബികച്ചവടക്കാര്‍ യൂറോപ്പിലെത്തിച്ചുവെന്നാണ് തുടര്‍ന്ന് പുസ്തകത്തില്‍ പറഞ്ഞിരുന്നത്. ഇതില്‍ രണ്ടാമത്തെ വാചകം മാറ്റേണ്ട ആവശ്യമെന്തായിരുന്നു? കത്തോലിക്കാ പ്രീണനമെന്നപോലെതന്നെ ഇസ്ലാമിക വിരോധവും ബാബുപോള്‍ കമ്മിറ്റിയെ സ്വാധീനിച്ചിരുന്നോ? രണ്ടുമത സംഘടനകളാണ് ചരിത്ര പാഠഭാഗങ്ങളെപ്പറ്റി പരാതി ഉന്നയിച്ചവരില്‍ പ്രമുഖര്‍ . അവയെപ്പറ്റി അന്വേഷിക്കാന്‍ രണ്ടു കമ്മിറ്റികളെയും വച്ചു. രണ്ടു കമ്മിറ്റികളുടെയും റിപ്പോര്‍ട്ട് പരാതിക്കാര്‍ക്കനുകൂലമായിരുന്നു. എന്തെന്നാല്‍ അവര്‍ പരാതികള്‍ മാത്രമേ കണ്ടുള്ളൂ. പാഠപുസ്തകത്തിലെ സത്യം കാണാന്‍ അധികാരപ്രീണന തിമിരം ബാധിച്ച് അവരുടെ കണ്ണുകള്‍ക്കുകഴിഞ്ഞില്ല. അതേപോലെ തന്നെ പരാതിക്കാരുടെ യഥാര്‍ത്ഥ ഉദ്ദേശവും അവര്‍ക്കു കാണാന്‍ കഴിഞ്ഞില്ല. അതിനാല്‍ അവരുടെ പാണ്ഡിത്യം സോപ്പു കുമിളയായിരുന്നുവെന്ന് പറയേണ്ടിവരും. പാഠപുസ്തകമെഴുതിയവരെയോ (മുന്‍കാലങ്ങളിലേതില്‍നിന്നു വ്യത്യസ്തമായി എല്ലാവരുടെ പേരും പാഠപുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്).

  എസ്സിഇആര്‍ടിയിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെയോ, പുസ്തകം പഠിപ്പിക്കുന്ന അദ്ധ്യാപകരെയോ വിളിച്ചുവരുത്തി അഭിപ്രായം തേടാനുള്ള ജനാധിപത്യബോധവും കമ്മിറ്റിക്കാര്‍ക്കില്ലാതെപോയി. ഇത് 2008ല്‍ "മതമില്ലാത്ത ജീവന്‍" എന്ന പാഠത്തെപ്പറ്റി പരാതി ഉയര്‍ന്നപ്പോള്‍ അതേപ്പറ്റി പഠിക്കാന്‍ നിയുക്തമായ ഡോ. കെ എന്‍ പണിക്കര്‍ കമ്മിറ്റിയുടെ സമീപനത്തില്‍നിന്നും തികച്ചും വ്യത്യസ്തമാണ്. നന്നേ ന്യൂനപക്ഷമാണെങ്കില്‍പ്പോലും കരിക്കുലം കമ്മിറ്റിയില്‍ വിവേകമുള്ളവരുണ്ടായിരുന്നതുകൊണ്ട് ഭാവി തലമുറ രക്ഷപ്പെട്ടുവെന്ന് പറയാം. പരാതിയാണെങ്കില്‍പ്പോലും വരികള്‍ക്കിടയില്‍ വായിക്കാനുള്ള വൈഭവം വേണമെന്നുള്ളത് വകുപ്പുമന്ത്രിക്കുണ്ടാവേണ്ടതും ആവശ്യമാണെന്ന് അദ്ദേഹത്തിനും തോന്നണം. ഒരഭ്യര്‍ത്ഥനയേയുള്ളൂ. മാര്‍ക്സിസ്റ്റ് വിരോധത്തിെന്‍റ പേരില്‍ കാര്‍ക്കിച്ചു തുപ്പുമ്പോള്‍ അത് മലര്‍ന്നുകിടന്നാവരുത്

Thursday, December 22, 2011

ഒന്നാംക്ലാസില്‍ ചേരാനുള്ള പ്രായം ആറ് വയസ്സാക്കുന്നു

23 Dec 2011

ആദ്യവര്‍ഷം ആറ് മാസം ഇളവ്

തിരുവനന്തപുരം : അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒന്നാംക്ലാസില്‍ ചേരാനുള്ള പ്രായം ആറ് വയസ്സായി നിജപ്പെടുത്തുന്നു. നിലവില്‍ അഞ്ച് വയസ്സാണ് ഒന്നാം ക്ലാസില്‍ ചേരാനുള്ള പ്രായം. സ്‌കൂളില്‍ ചേരാനുള്ള പ്രായം ഒരു വര്‍ഷം കൊണ്ട് ആറ് വയസ്സാക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കാന്‍ ആദ്യവര്‍ഷമെന്ന നിലയില്‍ ആറ് മാസത്തെ ഇളവ് ഹെഡ്മാസ്റ്റര്‍ക്ക് നല്‍കാം. ഇതോടെ അടുത്ത അധ്യയനവര്‍ഷം ഒന്നാംക്ലാസില്‍ ചേരാനുള്ള പ്രായം അഞ്ചര വയസ്സായിരിക്കും.


വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായാണ് ഒന്നില്‍ ചേരാനുള്ള പ്രായം ആറാക്കികൃത്യപ്പെടുത്തുന്നത്. ദേശീയ തലത്തില്‍ സ്‌കൂള്‍ അധ്യയനം തുടങ്ങുന്നതിനുള്ള പ്രായം ആറ് വയസ്സായി ഏകീകരിക്കുകയാണ്. വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നതിനാല്‍ ഒന്നാംക്ലാസില്‍ ചേരാന്‍ ആറ് വയസ്സാകണമെന്ന നിബന്ധന കേരളത്തിന് മാത്രമായി ഒഴിവാക്കാനാകില്ല.


എന്നാല്‍ നിയമം നടപ്പാക്കുന്നതിന് ചട്ടം രൂപവത്കരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഈ സ്വാതന്ത്ര്യം ഉപയോഗിച്ചാണ് പ്രായോഗിക നിലപാടെന്ന നിലയില്‍ ആദ്യവര്‍ഷം ആറ് മാസത്തെ ഇളവ് നല്‍കുക. അടുത്ത പടിയായി ഒന്നാം ക്ലാസില്‍ ചേരാന്‍ ആറ് വയസ്സാകണമെന്ന നിബന്ധന കര്‍ക്കശമാക്കും.


ജൂണില്‍ തുടങ്ങുന്ന അധ്യയന വര്‍ഷത്തിലേക്ക് സ്വകാര്യ സ്‌കൂളുകളിലും മറ്റും ഇപ്പോള്‍ പ്രവേശനം നടന്നുവരികയാണ്. ജനവരിയില്‍ത്തന്നെ മിക്ക സ്‌കൂളുകളിലും അഡ്മിഷന്‍ പൂര്‍ത്തിയാക്കും. വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഒന്നാം ക്ലാസില്‍ ചേരാന്‍ ആറ് വയസ്സാകണമെന്ന നിബന്ധനയുള്ളതിനാല്‍ ഇത് സംബന്ധിച്ച വ്യക്തതയ്ക്കായി സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും വിദ്യാഭ്യാസ വകുപ്പില്‍ അന്വേഷണം നടത്തിവരികയായിരുന്നു. അടിയന്തര പ്രാധാന്യമുള്ളതിനാല്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തിലുള്ള ശുപാര്‍ശ വകുപ്പ് മന്ത്രിയുടെ തീരുമാനത്തിനായി സമര്‍പ്പിച്ചിരിക്കയാണെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍ പറഞ്ഞു.


ജൂണ്‍ ഒന്നിന് ആറ് വയസ്സാകണമെന്നാണ് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുമായി ആലോചിച്ച് ഹെഡ്മാസ്റ്റര്‍ക്ക് ആറ് മാസത്തെ ഇളവ് നല്‍കാമെന്നാണ് ശുപാര്‍ശയിലെ ഉള്ളടക്കം.


ഒരു വര്‍ഷം നാല് ലക്ഷത്തോളം കുട്ടികളാണ് ഒന്നാം ക്ലാസില്‍ ചേര്‍ന്നുവരുന്നത്. ഇക്കുറി ആറില്‍ നിന്ന് അഞ്ചര വയസ്സിലേക്ക് പ്രായം കുറയ്ക്കുന്നതോടെ മൂന്നിലൊന്ന് കുട്ടികളെങ്കിലും അടുത്ത വര്‍ഷം ഒന്നില്‍ കുറയുമെന്നാണ് കരുതുന്നത്. ഒന്നുരണ്ട് വര്‍ഷങ്ങളിലൂടെയേ ഈ രീതി മാറി പൂര്‍വസ്ഥിതിയിലാകൂ. മുന്‍ വര്‍ഷംതന്നെ ഒന്നില്‍ ചേരാനുള്ള പ്രായം ആറ് വയസ്സാക്കാന്‍ മുന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ കുട്ടികളില്‍ ഉണ്ടാകുന്ന കുറവ് അധ്യാപക തസ്തികയെയും ബാധിക്കുമെന്നതിനാല്‍ തീരുമാനം നീട്ടുകയായിരുന്നു. അതേസമയം അധ്യാപക പാക്കേജ് പ്രഖ്യാപിച്ചതിനാല്‍ ഈ വര്‍ഷം കുട്ടികളില്‍ ഉണ്ടാകുന്ന കുറവ് അധ്യാപകരുടെ ജോലിയെ ബാധിക്കില്ല.


മുന്‍വര്‍ഷം വരെ സര്‍വീസില്‍ ഉള്ളവരെ ഉള്‍പ്പെടുത്തി അധ്യാപക ബാങ്ക് രൂപവത്കരിച്ചതിനാല്‍ ബാങ്കില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജോലി നഷ്ടമാകില്ല. ഈ സാഹചര്യംകൂടി കണക്കിലെടുത്താണ് ഒന്നാംക്ലാസില്‍ ചേരാനുള്ള പ്രായം ആറ് വയസ്സാക്കി നിഷ്‌കര്‍ഷിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുക്കുന്നത്.
 
കുട്ടിക്കൂട്ടായ്മയില്‍ ഗ്രാമംമുഴുവന്‍ ക്രിസ്മസ് നക്ഷത്രംഅരീക്കോട്: ഊര്‍ങ്ങാട്ടിരി കുത്തുപറമ്പ് ഗ്രാമത്തിലെങ്ങും വ്യാഴാഴ്ച ക്രിസ്മസ് നക്ഷത്രമുയര്‍ന്നു. കേട്ടാല്‍ഞെട്ടുന്ന വിലകൊടുത്ത് നാട്ടുകാര്‍ നക്ഷത്രങ്ങള്‍വാങ്ങി തൂക്കുകയായിരുന്നില്ല. മറിച്ച് ഗ്രാമത്തിലെ വിദ്യാര്‍ഥികള്‍തന്നെ നിര്‍മിച്ച നക്ഷത്രങ്ങളാണ് നാടിന് ക്രിസ്മസ് ശോഭയേറ്റിയത്. കുത്തുപറമ്പ് ജി.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഈ പുതിയ പരീക്ഷണത്തിന് നേതൃത്വം നല്‍കിയത്.


ഡിസംബറിലെ തൊഴില്‍പരിശീലനത്തിന്റെ ഭാഗമായി പഴയ പത്രത്താളുകള്‍ ഉപയോഗിച്ച് അധ്യാപിക എം. ലിനിതകുമാരിയാണ് കുട്ടികളെ നക്ഷത്രനിര്‍മാണം പരിശീലിപ്പിച്ചത്. മൂന്ന്, നാല് ക്ലാസിലെ കുട്ടികള്‍ക്കായിരുന്നു പരിശീലനം. എന്നാല്‍ മറ്റ് കുട്ടികള്‍ക്കും ക്രിസ്മസ് നക്ഷത്രം നിര്‍മിച്ചുനല്‍കാന്‍ പരിശീലനം ലഭിച്ചവര്‍ തയ്യാറായി. ഇതോടെ സ്‌കൂളിലെ ഓരോ കുട്ടിക്കും വിദ്യാര്‍ഥികള്‍തന്നെ നിര്‍മിച്ച ക്രിസ്മസ് നക്ഷത്രം ഓരോ വീടുകളിലുമെത്തിക്കാന്‍ അവസരം ലഭിച്ചു. അങ്ങനെയാണ് കുത്തുപറമ്പ് ഗ്രാമം മുഴുവന്‍ ക്രിസ്മസ് നക്ഷത്രങ്ങളാല്‍ അലംകൃതമായത്.


ഓണം, റംസാന്‍ തുടങ്ങി വിവിധ ആഘോഷങ്ങള്‍ക്ക് വേദിയായിട്ടുള്ള വിദ്യാലയത്തില്‍ ആദ്യമായാണ് ഇത്രയും വിപുലമായി ക്രിസ്മസ് ആഘോഷിക്കുന്നത്. അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് നക്ഷത്രമൊരുക്കിയപ്പോള്‍ പി.ടി.എ വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ കേക്കുകള്‍ നല്‍കി ആഘോഷത്തിന് മാറ്റുകൂട്ടി. ആഘോഷച്ചടങ്ങുകള്‍ക്ക് അധ്യാപകരായ എം.ടി. ഇബ്രാഹിം, എം. ലിനിതകുമാരി, കെ. അബ്ദുനാസര്‍, രഞ്ജിത് കരുമരക്കാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി
സഹവാസ ക്യാമ്പ് ശ്രദ്ധേയമായി


ബന്തടുക്ക: മായിപ്പാടി ഡയറ്റിലെ അധ്യാപകവിദ്യാര്‍ഥികള്‍ നടത്തിയ ദ്വിദിന സഹവാസ ക്യാമ്പ് ശ്രദ്ധേയമായി. മുന്നാട് എ.യു.പി.സ്‌കൂളിലാണ് അധ്യാപകവിദ്യാര്‍ഥികള്‍ ക്യാമ്പിനായി ഒത്തുചേര്‍ന്നത്. മുന്നാട് എ.യു.പി.സ്‌കൂളിലെ നാലാം തരത്തിലെ 33 വിദ്യാര്‍ഥികളും ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് പരിചയപ്പെടല്‍, ഇന്ത്യ ഓസ്‌ട്രേലിയ കളി, പെട്ടിയ്ക്കകത്ത് എന്ത്, പൂവ് നിര്‍മാണം, നാടന്‍പാട്ട് രചനയും അവതരണവും, കണക്കിലെ കളികള്‍എന്നീ പരിപാടികള്‍ ചെറിയ വിദ്യാര്‍ഥികള്‍ക്ക് ഏറെ പുതുമയുള്ളതായി മാറി. ആകൃതിക്കളി, നക്ഷത്ര നിര്‍മാണം, നിധി കണ്ടുപിടിക്കാമോ, കായിക പരിശീലനം, പ്രാര്‍ഥന, സിനിമ പ്രദര്‍ശനം, ക്യാമ്പ് ഫയര്‍ എന്നീ പരിപാടികള്‍ ആദ്യദിനം നടത്തി.


രണ്ടാംദിനം കായികപരിശീലനമാണ്. ശാസ്ത്രപരീക്ഷണങ്ങള്‍, അന്താരാഷ്ട്ര വനവര്‍ഷ ക്ലാസ്, ഇംഗ്ലീഷ് ക്ലാസ്, നാടക നിര്‍മാണവും അവതരണവും എന്നിവയുമുണ്ടാകും. അധ്യാപകവിദ്യാര്‍ത്ഥികളായ സുജീഷ്‌കുമാര്‍, വിനോദ് കുമാര്‍, ജയപ്രകാശ്, കെ.രേഷ്മ, കെ.ബീന, ഹെന്ന നിസ്‌നിന്‍, റാബിയ, ആയിഷ, സാറ, സ്റ്റെനി, സന്ധ്യ, രശ്മി എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.


ബേഡഡുക്ക ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.അനന്തന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വി.സി.മധു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ ടി.എം.ജോണി സ്വാഗതവും, സുജീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
മണ്ണിന്റെ മക്കളെ അടുത്തറിയാന്‍ വിദ്യാര്‍ഥികളുടെ യാത്ര

നീലേശ്വരം: ചായ്യോത്ത് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍ ആദിവാസി ജീവിതം അടുത്തറിയുന്നതിനായി പാലക്കാട് ജില്ലയിലെ അട്ടപ്പാടി ആദിവാസി ഊരുകളില്‍ പഠനയാത്ര നടത്തി. അട്ടപ്പാടി ബ്ലോക്കിലെ താഴെമുള്ളി, മേലെ മുള്ളി എന്നിവിടങ്ങളിലെ ഇരുള, മുദുഗ, കുറുമ്പ വിഭാഗക്കാരുടെ ആദിവാസി ഊരുകളാണ് വിദ്യാര്‍ഥികള്‍ പഠനത്തിന്റെ ഭാഗമായി സന്ദര്‍ശിച്ചത്.


ആദിവാസികളുടെ ജീവിതം നേരിട്ട് കാണുകയും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. പാഠപുസ്തകങ്ങളില്‍ നിന്ന് മനസ്സിലാക്കിയ ആദിവാസി ജീവിതത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ അറിവുകളാണ് നേര്‍ക്കാഴ്ചയില്‍ തങ്ങള്‍ക്ക് ലഭിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. 50 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരും ആദിവാസികളുടെ ആതിഥ്യം സ്വീകരിച്ച് ഊരില്‍ താമസിക്കുകയും അവരുടെ തനത് കലാരൂപമായ ഇരുള നൃത്തത്തില്‍ പങ്കാളികളാവുകയും ചെയ്തു. ഗോത്രഭൂമി ചീഫ് എഡിറ്റര്‍ രാജേന്ദ്രപ്രസാദ്, ആദിവാസി നേതാക്കളായ രാമു കോട്ടത്തറ, മുരുഗന്‍, ശിവാള്‍, പണലി, എന്‍.എസ്.എസ്. പ്രോഗ്രോം ഓഫീസര്‍ എം.ജയചന്ദ്രന്‍, അധ്യാപകരായ പി.ഹരീഷ്‌കുമാര്‍, അനൂപ് പെരിയാല്‍, കെ.റീത്ത, എം.ഗീത, വളണ്ടിയര്‍ ക്യപ്റ്റന്‍മാരായ ടി.പ്രവീണ്‍ രാജ്, എ.വി.ശ്രീവിദ്യ എന്നിവര്‍ നേതൃത്വം നല്‍കി.Wednesday, December 21, 2011

ഡാംഭീതി' കുട്ടികളില്‍ മാനസികസംഭ്രമം വളര്‍ത്തി; പരിഹാരത്തിന് പ്രത്യേകപദ്ധതി


 22 Dec 2011
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഏതുസമയവും പൊട്ടുമെന്ന ഭീതിയും തുടര്‍ച്ചയായുണ്ടാകുന്ന ഭൂചലനങ്ങളും സ്‌കൂള്‍ കുട്ടികളില്‍ വലിയതോതില്‍ മാനസികപിരിമുറുക്കവും പരിഭ്രമവും സൃഷ്ടിച്ചതായി വിദ്യാഭ്യാസവകുപ്പിന്റെ റിപ്പോര്‍ട്ട്. കുട്ടികളിലെ മാനസികസമ്മര്‍ദം ലഘൂകരിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഇടുക്കി ജില്ലയിലെ സ്‌കൂളുകളില്‍ പ്രത്യേക സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നു. പലയിടത്തും സ്‌കൂള്‍ അധികാരികള്‍ കുട്ടികളെ സമരരംഗത്തിറക്കിയത് അവരില്‍ ഭീതി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് കുട്ടികളുടെ സ്വഭാവത്തില്‍ മാറ്റമുണ്ടാക്കിയതായാണ് കണ്ടെത്തല്‍.

വലിയതോതിലുള്ള സമ്മര്‍ദം, ഉറക്കമില്ലായ്മ, ഭയം, ആകാംക്ഷ എന്നിവ കുട്ടികളില്‍ രൂപപ്പെട്ടിട്ടുണ്ട്. കുട്ടികളില്‍ പലരും സ്‌കൂളില്‍പോക്കുതന്നെ നിര്‍ത്തി. അണക്കെട്ട് പൊട്ടുമെന്നഭീതിയില്‍ രക്ഷാകര്‍ത്താക്കള്‍തന്നെ കുട്ടികള്‍ സ്‌കൂളുകളില്‍ പോകുന്നത് വിലക്കിയ സംഭവങ്ങളുണ്ട്. ഭൂരിപക്ഷം വിദ്യാലയങ്ങളിലും ഹാജര്‍നില പകുതിയായിക്കുറഞ്ഞു.


മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകള്‍ക്കിടയിലുള്ള ആറ് ഗ്രാമപ്പഞ്ചായത്തുകളിലെ സ്‌കൂള്‍ കുട്ടികളിലാണ് പ്രധാനമായും പെരുമാറ്റവൈകല്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, കുമളി, ഏലപ്പാറ, ഉപ്പുതറ, വണ്ടിപ്പെരിയാര്‍ പഞ്ചായത്തുകളിലുള്ള 46 വിദ്യാലയങ്ങളിലെ കുട്ടികളില്‍ മാനസിക-സാമൂഹികാരോഗ്യം വീണ്ടെടുക്കാന്‍ മൂന്നുമാസത്തെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഡിസംബറില്‍ തുടങ്ങി മാര്‍ച്ച് 15ന് തീരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് 5.75 ലക്ഷം രൂപ വകയിരുത്തി.


മനശ്ശാസ്ത്രജ്ഞരെയും കൗണ്‍സിലര്‍മാരെയും നിയോഗിച്ച് കുട്ടികളിലെ മാനസികസമ്മര്‍ദം ഒഴിവാക്കാന്‍ കൗണ്‍സലിങ് നടത്തും. പ്രവര്‍ത്തനം മൂന്നു മാസത്തേക്കാണെങ്കിലും കുട്ടികള്‍ ഭീതിയില്‍നിന്ന് പൂര്‍ണമായും മുക്തരാകുന്നതുവരെ ഇത് തുടരും. സാമൂഹികക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 18 കൗണ്‍സിലര്‍മാരുടെ സേവനം പൂര്‍ണമായും ഇതിന് ഉപയോഗപ്പെടുത്തും.


 • സ്‌കൂളുകളില്‍ സുരക്ഷാക്ലബ്ബുകളും ദുരന്തനിവാരണ സംഘവും രൂപവത്കരിക്കും. 
 • ദുരന്തങ്ങളെ നേരിടാനുള്ള പരിശീലനം നല്കും. 
 • സ്ഥിരമായി മോക്ക്ഡ്രില്ലും സ്‌കൂളുകളില്‍ ഒരുക്കും. 
 • പ്രഥമശുശ്രൂഷ നല്കുന്നത് പരിശീലിപ്പിക്കും. 
അധ്യാപകപരിശീലനവും ഇതിനൊപ്പം നടത്തും. വണ്ടിപ്പെരിയാര്‍-12, ഉപ്പുതറ-11, ഏലപ്പാറ-6, അയ്യപ്പന്‍കോവില്‍-6, കാഞ്ചിയാര്‍-1, കുമളി-10 എന്നിങ്ങനെയാണ് ദുരന്തഭീഷണിയുള്ള പഞ്ചായത്തുകളിലെ സ്‌കൂളുകള്‍. സ്വകാര്യ സ്‌കൂളുകള്‍കൂടി ഉള്‍പ്പെടുത്തുന്നതോടെ എണ്ണം കൂടും. 
-mathrubhoomi 

ജാതി സെന്‍സസ് വിദ്യാര്‍ഥികളുടെ പഠനം അവതാളത്തിലാക്കും

പാലക്കാട്: ജാതി സെന്‍സസിന് സര്‍ക്കര്‍ -എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരെ കൂട്ടത്തോടെ നിയോഗിക്കുന്നത് പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ പഠനം അവതാളത്തിലാക്കും. 40 ദിവസം നീണ്ടുനില്‍ക്കുന സെന്‍സസിന് ഹൈസ്കൂള്‍ , ഹയര്‍സെക്കന്‍ഡറി വിഭാഗം അധ്യാപകരെയാണ് നിയോഗിക്കുന്നത്. ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി 12 വരെയാണ് സെന്‍സസ്. ഈ സമയം പരീക്ഷയ്ക്ക് വിദ്യാര്‍ഥികളെ തയ്യാറാക്കേണ്ട അവസാന ദിവസങ്ങളാണ്. പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് രാത്രികാല ക്ലാസ്, പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക കോച്ചിങ് ക്ലാസ്, പഠിച്ച പാഠങ്ങളുടെ റിവ്യൂ എന്നിവ നടത്തേണ്ടസമയത്ത് അധ്യാപകരെ സ്കൂളില്‍നിന്ന് പിന്‍വലിക്കുന്നത് പൊതുവിദ്യാഭ്യാസം തകര്‍ക്കാനേ ഇടവരുത്തൂ. സര്‍ക്കാര്‍ മേഖലയിലുള്ള സ്കൂളുകളില്‍ പഠനനിലവാരം തകര്‍ക്കാന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണെന്ന് ഇതിനകം ആക്ഷേപം ഉയര്‍ന്നു. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും പ്ലസ്ടുകാര്‍ക്കും പരീക്ഷാസമയമാകുമ്പോഴേക്കും പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നാല്‍ പരീക്ഷാഫലത്തിലും അത് പ്രത്യാഘാതമുണ്ടാക്കും. സര്‍ക്കാര്‍ സ്കൂളുകളുടെ നിലവാരം തകര്‍ന്നുവെന്ന് വരുത്തി സ്വകാര്യ സ്കൂളുകളെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ചില സ്കൂളുകളില്‍നിന്ന് അധ്യാപകരെ കൂട്ടത്തോടെ സെന്‍സസിന് നിയോഗിച്ചിട്ടുണ്ട്. സെന്‍സസ് ജോലി സ്കൂള്‍ അവധിക്കാലത്ത് നടത്തണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചു. ഇക്കാലത്ത് സെന്‍സസിന് അധ്യാപകരെ നിയോഗിച്ചാല്‍ അവര്‍ക്ക് സറണ്ടര്‍ ആനുകൂല്യം നല്‍കേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് സാമ്പത്തിക നഷ്ടംവരുത്തുമെന്ന് പറഞ്ഞ് തലയൂരാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. സാമ്പത്തിക നഷ്ടത്തിന്റെ പേരില്‍ വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയില്‍ താല്‍പ്പര്യമില്ലാതെയാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്നും അധ്യാപക സംഘടനകള്‍ പറയുന്നു. ബ്ലോക്ക്തല ഉദ്യോഗസ്ഥരാണ് സെന്‍സസ് ജോലിക്ക് അധ്യാപകരെ നിശ്ചയിക്കുന്നത്. ചിലയിടങ്ങളില്‍ മാനദണ്ഡം പാലിക്കാതെയാണ് നിയോഗിച്ചിരിക്കുന്നതെന്നും ആക്ഷേപമുണ്ട്. അധ്യാപകരോടൊപ്പം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററും ഉണ്ടാകും. ഇവരില്‍ യുവതികളുമുണ്ടാകും. ഈ സാഹചര്യത്തില്‍ ഇവരുമായി ബൈക്കില്‍ സഞ്ചരിക്കാന്‍ കഴിയില്ല. വാഹനമില്ലാതെ സെന്‍സസ് ജോലി നടത്തിയാല്‍ ഒരു ദിവസം 12 വീടുകളിലെ വിവരങ്ങള്‍ മാത്രമേ ശേഖരിക്കാന്‍ കഴിയൂവെന്നും അധ്യാപകര്‍ പറയുന്നു. 
-deshabhimani 
മുല്ലപ്പെരിയാര്‍ : "നെറ്റ്"പരീക്ഷ എഴുതുന്നവരും ആശങ്കയില്‍

ചിറ്റൂര്‍ : മുല്ലപ്പെരിയാര്‍ ഡാം പ്രശ്നം "നെറ്റ്" പരീക്ഷയെയും ബാധിക്കുന്നു. 24ന് നടക്കുന്ന നെറ്റ് പരീക്ഷയ്ക്ക് കേന്ദ്രങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളത് കോഴിക്കോടും കോയമ്പത്തൂരുമാണ്. കോയമ്പത്തൂര്‍ കേന്ദ്രങ്ങളായി തെരഞ്ഞെടുത്തവരാണ് ദുരിതത്തിലായത്. ജില്ലയിലുള്ളവരില്‍ പരീക്ഷയെഴുതുന്ന ഭൂരിഭാഗംപേരുംകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ളത് കോയമ്പത്തൂരാണ്. മുല്ലപ്പെരിയാര്‍പ്രശ്നവുമായി ബന്ധപ്പെട്ട് കേരളത്തില്‍നിന്ന് തമിഴ്നാട്ടിലേക്കു വരുന്ന എല്ലാ വാഹനങ്ങളെയും തടയുമെന്ന് തമിഴ്നാട്ടിലെ രാഷ്ട്രീയപാര്‍ടികള്‍ പ്രഖ്യാപിച്ചതോടെ കോയമ്പത്തൂരില്‍ പരീക്ഷയെഴുതാന്‍ പോകാന്‍ കഴിയാത്ത സ്ഥിതിയായിരിക്കുകയാണ്. ചിറ്റൂര്‍ ഗവ. കോളേജില്‍നിന്നുമാത്രം മുപ്പതോളം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. ഇവരില്‍ മൂന്നുപേര്‍ മാത്രമേ പരീക്ഷയെഴുതാന്‍ തയ്യാറായിട്ടുള്ളു.

Tuesday, December 6, 2011

"അവകാശ"മില്ലാത്ത കുട്ടികളുടെ നാട്

2-Dec-2011
ന്യൂഡല്‍ഹി: കുട്ടികളുടെ അവകാശലംഘനം ഇന്ത്യയില്‍ വര്‍ധിച്ചുവരുന്നതായി 20 സംഘടനകള്‍ നടത്തിയ പഠനം കണ്ടെത്തി. സ്വാതന്ത്ര്യം നേടി 60 വര്‍ഷം കഴിഞ്ഞിട്ടും ഭരണഘടനയനുസരിച്ച് കുട്ടികള്‍ക്ക് ഉറപ്പാക്കേണ്ട അവകാശങ്ങള്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്നുമാത്രമല്ല 20 വര്‍ഷം മുമ്പ് നടന്ന കുട്ടികളുടെ അവകാശം സംബന്ധിച്ച കണ്‍വന്‍ഷനില്‍ (കണ്‍വെന്‍ഷന്‍ ഓണ്‍ ദി റൈറ്റ്സ് ഓഫ് ചൈല്‍ഡ്-സിആര്‍സി) എടുത്ത തീരുമാനങ്ങള്‍പോലും നടപ്പാക്കാന്‍ കഴിഞ്ഞില്ല. പ്രത്യക്ഷത്തില്‍ ചെയ്യാവുന്ന നടപടികള്‍പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സിആര്‍സിയുടെ 20 വര്‍ഷം- ഒരു ബാക്കിപത്രം എന്ന പേരിലുള്ള പഠനം പറയുന്നത്. ജനന, മരണ, വിവാഹ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതിന് നിശ്ചയിച്ച സമയപരിധി 2010 ആയിരുന്നു. പല സംസ്ഥാനങ്ങളും ഇപ്പോഴും ഇത് നടപ്പാക്കിയിട്ടില്ല. കുട്ടികളുടെ എണ്ണമെടുക്കാനും അവരില്‍ സഹായം ആവശ്യമുള്ളവരെ കണ്ടെത്തി സഹായിക്കാനുമാണ് കണക്കെടുപ്പ് നിര്‍ബന്ധമാക്കിയത്. എന്നാല്‍ , ഇന്നും കൃത്യമായ കണക്കെടുപ്പ് സാധിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ബാലവേല നിയന്ത്രിക്കാനോ കേസുകളില്‍ കുറ്റക്കാരെ ശിക്ഷിക്കാനോ കഴിയുന്നില്ല. ബാലവേല സംബന്ധിച്ച 2,792 കേസുകള്‍ എടുത്തെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് മനുഷ്യാവകാശ കമീഷന്‍ അംഗം ബി സി പട്ടേല്‍ പറഞ്ഞു. 25 വര്‍ഷം പൂര്‍ത്തിയായ ചൈല്‍ഡ് ലേബര്‍ പ്രൊഹിബിഷന്‍ ആക്ട് പൊളിച്ചെഴുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികളുടെ അവകാശം സംരക്ഷിക്കാനും തൊഴിലെടുപ്പിക്കുന്നതും ലൈംഗികദുരുപയോഗവും തടയാനും സംസ്ഥാനതലത്തില്‍ കമീഷനുകള്‍ സ്ഥാപിക്കണമെന്നാണ് പുതിയ നിര്‍ദേശം. സേവനമേഖലയില്‍നിന്ന് സര്‍ക്കാരിന്റെ തുടര്‍ച്ചയായ പിന്മാറ്റവും സ്വകാര്യമേഖലയ്ക്ക് നല്‍കുന്ന പ്രാധാന്യവും മറ്റും കുട്ടികളെ സംരക്ഷിക്കാനാവശ്യമായ ഫണ്ട് നാള്‍ക്കുനാള്‍ കുറയ്ക്കുന്നതും കുട്ടികളുടെ അവകാശലംഘനത്തിന് ഇടയാക്കുന്നു. റേഷന്‍കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങി അടിസ്ഥാനരേഖകളില്ലാത്തതിനാല്‍ കുട്ടികള്‍ക്കുള്ള സൗജന്യഭക്ഷണം പോലും കിട്ടാത്ത കുടുംബങ്ങളുമുണ്ട്. ലോകഫോറങ്ങളിലെല്ലാം ഇന്ത്യയുടെ നാണംകെടുത്തുംവിധമാണ് തൊഴിലെടുക്കുന്ന കുട്ടികളുടെ എണ്ണവും ആരോഗ്യമില്ലാത്ത കുട്ടികളുടെ എണ്ണവും വര്‍ധിക്കുന്നത്. അടുത്തിടെ ജനീവയില്‍ ചേര്‍ന്ന അന്താരാഷ്ട്ര തൊഴില്‍സമ്മേളനത്തില്‍ (ഐഎല്‍ഒ) ഇന്ത്യയുടെ ഔദ്യോഗികപ്രതിനിധി തന്നെ ഇക്കാര്യം സമ്മതിച്ചിരുന്നു. രാജ്യത്ത് 14 വയസ്സില്‍ താഴെയുള്ള 50 ലക്ഷം കുട്ടികള്‍ തൊഴിലെടുക്കുന്നതായാണ് പുതിയ കണക്ക്. ഇതില്‍ ഏറ്റവും കൂടുതല്‍ തലസ്ഥാനമായ ഡല്‍ഹിയിലും. 14 വയസ്സിനു താഴെയുള്ളവരെ തൊഴിലെടുപ്പിക്കുന്നത് കുറ്റകരമാക്കി ഇന്ത്യ 2006ല്‍ നിയമം പാസാക്കിയെങ്കിലും അത് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.-deshabhimani
പാഠ്യപദ്ധതി: പുതിയ നീക്കം പ്രതിഷേധാര്‍ഹം
കോഴിക്കോട്: സംസ്ഥാനത്തെ പാഠ്യപദ്ധതിക്കും പാഠപുസ്തകങ്ങള്‍ക്കും പകരം എന്‍സിഇആര്‍ടി, സിബിഎസ്ഇ പാഠപുസ്തകങ്ങളുടെ പകര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത് പൊതു വിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചക്ക് വഴിയൊരുക്കുമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി മോഹനന്‍ മണലിലും പ്രസിഡന്റ് ഡോ. ഡി കെ ബാബുവും പറഞ്ഞു. സിബിഎസ്ഇ വിദ്യാലയങ്ങള്‍ ആരംഭിക്കുന്നതിന് നിലവിലുള്ള സ്കൂള്‍ തമ്മിലുള്ള ദൂരപരിധി ഒഴിവാക്കിയതും പ്രതിഷേധാര്‍ഹമാണ്. മലയാള പഠനം നിര്‍ബന്ധമല്ലാതാക്കിയതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഇരുവരും പറഞ്ഞു. 
പ്രച്ഛന്നവേഷത്തില്‍ പ്രശ്നാവതരണം

കോഴിക്കോട്: മന്ത്രിക്ക് മുന്നില്‍ പ്രച്ഛന്നവേഷമണിഞ്ഞെത്തി മാലന്യപ്രശ്നം അവതരിപ്പിച്ചു. ജലായനം ജലസുരക്ഷ പരിപാടി ഉദ്ഘാടനം നിര്‍വഹിച്ച് മടങ്ങാനിരുന്ന മന്ത്രിയെ കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് പ്രച്ഛന്നവേഷത്തില്‍ സമീപിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാലിന്യങ്ങളും മറ്റും മായനാട് പ്രദേശത്ത് നിക്ഷേപിക്കുന്നതിനാല്‍ കുടിവെള്ളം മലിനമാവുന്ന സാഹചര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് വയോധികരുടെ വേഷത്തില്‍ വിദ്യാര്‍ഥികള്‍ വേദിയിലേക്ക് കയറിയത്. കുടിവെള്ളം മലിനമാവുന്നത് നാടകീയമായി അവതരിപ്പിച്ച കുട്ടിക്കലാകാരന്മാര്‍ക്ക് പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പു നല്‍കിയാണ് മന്ത്രി മടങ്ങിയത്.

Sunday, December 4, 2011

അധ്യാപക പാക്കേജ്: സ്പെഷലിസ്റ്റ് അധ്യാപകരുടെ പ്രശ്നത്തില്‍ തീരുമാനം വൈകുന്നു

മലപ്പുറം: അധ്യാപക പാക്കേജ് വിവിധ ജില്ലകളില്‍ നടപ്പാക്കി തുടങ്ങിയിട്ടും സ്പെഷലിസ്റ്റ് അധ്യാപകരുടെ നിയമനം സംബന്ധിച്ച് അനിശ്ചിതത്വം ബാക്കി. അധ്യാപകബാങ്കില്‍ ഉള്‍പ്പെടുത്തിയ ഭാഷാ അധ്യാപകര്‍ക്ക് 15 ദിവസത്തെ തീവ്രപരിശീലനം നല്‍കി സ്പെഷലിസ്റ്റ് അധ്യാപകരാക്കാനും നിലവിലെ സ്പെഷലിസ്റ്റ് അധ്യാപകരെ സ്കൂളുകളില്‍ നിന്ന് പിന്‍വലിച്ച് ഡി.ഇ.ഒമാരുടെ കീഴിലുള്ള അധ്യാപകബാങ്കില്‍ ഉള്‍പ്പെടുത്താനുമുള്ള നീക്കത്തിനെതിരെയാണ് ഇവര്‍ പ്രതിഷേധമറിയിച്ച് തീരുമാനം കാത്തിരിക്കുന്നത്.പ്രശ്നത്തില്‍ ചര്‍ച്ചയാവാമെന്ന് മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും ഓഫിസുകള്‍ രേഖാമൂലം അറിയിച്ചിരുന്നെങ്കിലും നടപടിയായിട്ടില്ല. ചിത്രരചന, സംഗീതം, പ്രവൃത്തിപരിചയം തുടങ്ങിയ വിഭാഗങ്ങളിലാണ് സ്കൂളുകളില്‍ സ്പെഷലിസ്റ്റ് അധ്യാപകര്‍ ജോലി ചെയ്യുന്നത്. സ്പെഷലിസ്റ്റ് അധ്യാപക നിയമനത്തിന് നിയന്ത്രണമേര്‍പ്പെടുത്തി 1979ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവാണ് ഇവര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിനയായത്. ഇതുപ്രകാരം വിരമിച്ച ഒഴിവുകളിലേക്കുള്ള നിയമനം തടയപ്പെട്ടു.

ഈ തസ്തികകള്‍ സ്കൂളുകളില്‍ നിന്ന് പതിയെ അപ്രത്യക്ഷമായി തുടങ്ങുകയും ചെയ്തു. 2005ല്‍ സംസ്ഥാനത്ത് 7000ല്‍ പരം സ്പെഷലിസ്റ്റ് അധ്യാപകരുണ്ടായിരുന്നത് 2011ല്‍ എത്തിയപ്പോഴേക്കും 3200 ആയി ചുരുങ്ങി. ഇതിനിടെ 1995ല്‍ ഹൈസ്കൂളുകളില്‍ സ്പെഷലിസ്റ്റ് അധ്യാപകരുടെ വിഷയങ്ങള്‍ ഒറ്റ ഗ്രൂപ്പാക്കി ഒരു അധ്യാപകനെ നിയമിച്ചാല്‍ മതിയെന്ന ഉത്തരവും പുറത്തുവന്നു. രണ്ടാമത്തെ തസ്തിക വേണമെങ്കില്‍ അതിന് ആഴ്ചയില്‍ 26ല്‍ കൂടുതല്‍ പിരീയഡുകള്‍ അധികം വേണമെന്ന വ്യവസ്ഥയും വെച്ചു. ഒട്ടേറെ സ്കൂളുകളില്‍ വിരമിച്ച തസ്തികകളില്‍ നിയമനം നേടിയിട്ടും നിയമനാംഗീകാരം ലഭിക്കാത്ത സ്പെഷലിസ്റ്റ് അധ്യാപകരുണ്ട്.വിദ്യാഭ്യാസ അവകാശ നിയമം വന്നപ്പോള്‍ യു.പി തലം മുതല്‍ ചിത്രരചന, സംഗീതം, പ്രവൃത്തിപരിചയം എന്നിവക്ക് ഓരോ അധ്യാപകരെ വീതം നിയമിക്കണമെന്ന വ്യവസ്ഥ നിലവില്‍ വന്നു. നേരത്തെ വിരമിച്ച തസ്തികകളില്‍ നിയമനാംഗീകാരം ലഭിക്കാത്ത അധ്യപകരില്‍ ചിലര്‍ കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. ഇതിനിടെയാണ് സംസ്ഥാനത്ത് അധ്യാപക പാക്കേജ് നടപ്പാക്കുന്നത്. സ്പെഷലിസറ്റ് അധ്യാപകരെ സ്കൂളുകളില്‍ നിന്ന് പിന്‍വലിച്ച് ഡി.ഇ.ഒയുടെ കീഴിലെ അധ്യാപകബാങ്കിലേക്ക് മാറ്റാനായിരുന്നു പാക്കേജ് മുന്നോട്ടുവെച്ച നിര്‍ദേശം. ഇത് ജോലി അസ്ഥിരപ്പെടുത്തുന്നതാണെന്ന് കാണിച്ച് അധ്യാപകര്‍ രംഗത്തുവന്നു.
ഇതിനിടെയാണ് അധ്യാപക ബാങ്കിലുള്ള ഭാഷാ അധ്യാപകരെക്കൂടി പരിശീലനം നല്‍കി സ്പെഷലിസ്റ്റ് അധ്യാപകരാക്കാനുള്ള നിര്‍ദേശവുമുണ്ടായത്. ഇതിന് ഭാഷാ അധ്യാപകരുടെ ഭാഗത്ത് നിന്ന് എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. മന്ത്രിതലത്തിലുള്ള ചര്‍ച്ചകൂടി ഫലം കണ്ടില്ളെങ്കില്‍ പ്രക്ഷോഭത്തിറങ്ങാനാണ് സ്പെഷലിസ്റ്റ് അധ്യാപകരുടെ തീരുമാനം. സ്കൂളുകളിലെ കലാമേഖലയെ പ്രോല്‍സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍.എം.എസ്.എ പദ്ധതിപ്രകാരം 44 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ സ്കൂളുകളില്‍ ഈ ഗണത്തില്‍ അധ്യാപകരില്ലാത്തതിനാല്‍ തുക ചെലവഴിക്കാനുമാകുന്നില്ല.

madhyamam.

Saturday, December 3, 2011

അക്കാദമിക് രംഗത്തെ അപകടസൂചനകള്‍


ഇന്ത്യയുടെ അക്കാദമിക് രംഗത്തേക്ക് അസഹിഷ്ണുതയോടെ വര്‍ഗീയ ജാതിമതശക്തികള്‍ നടത്തുന്ന കടന്നുകയറ്റം ആശങ്കാജനകമാണ്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ ഭരണഘടനാപരമായി ചുമതലപ്പെട്ട ഭരണാധികാരികളാകട്ടെ, വര്‍ഗീയശക്തികളുടെ കല്‍പ്പനകള്‍ക്ക് നിരുപാധികം കീഴടങ്ങി അക്കാദമിക് രംഗത്തെ മതനിരപേക്ഷസ്വഭാവം നിരന്തരം ചോര്‍ത്തുന്നു. ചെറുക്കപ്പെടേണ്ട വിപത്താണിത്. കേരളത്തിലെ സ്കൂള്‍ സിലബസിന്റെ രംഗംതൊട്ട് ഡല്‍ഹി സര്‍വകലാശാലയിലെ സിലബസ് രംഗംവരെ ഈ വിപത്തിന്റെ കരിനിഴല്‍ പടര്‍ന്നുനില്‍ക്കുകയാണ്. എ കെ രാമാനുജന്റെ "മുന്നൂറ് രാമായണങ്ങള്‍ : അഞ്ച് ഉദാഹരണങ്ങളും പരിഭാഷയെക്കുറിച്ചുള്ള മൂന്ന് ചിന്തകളും" എന്ന ലേഖനം ഡല്‍ഹി സര്‍വകലാശാലയിലെ ബിരുദപഠനത്തിനുള്ള സിലബസില്‍നിന്ന് നീക്കംചെയ്യാന്‍ അക്കാദമിക് കൗണ്‍സില്‍ നിശ്ചയിച്ചത് വര്‍ഗീയശക്തികള്‍ക്ക് കീഴടങ്ങിയാണ്. ഒരു സംഘം വര്‍ഗീയവാദികളാണ് ഈ ലേഖനത്തിനെതിരായി അസഹിഷ്ണുത പടര്‍ത്തിയത്. അവര്‍ പ്രക്ഷോഭമാരംഭിച്ചു. ഡല്‍ഹി സര്‍വകലാശാലയിലെ ചരിത്രവിഭാഗം മേധാവി എസ് ഇസഡ് എച്ച് ജാഫ്രിയെ മര്‍ദിച്ചു. ചരിത്രവിഭാഗത്തില്‍ കടന്നുകയറി കണ്ണില്‍ കണ്ടതൊക്കെ തല്ലിത്തകര്‍ത്തു. ഇവരുടെ ഭീഷണിക്കുവഴങ്ങി എ കെ രാമാനുജന്റെ മൗലികസമീപനങ്ങളും ആര്‍ജവത്വമുള്ള നിലപാടുകളുംകൊണ്ട് ശ്രദ്ധേയമായ ലേഖനം അധികൃതര്‍ പഠനവിഷയത്തില്‍നിന്ന് നീക്കി.

ഏകശിലാരൂപത്തിലുള്ള സംസ്കാരമല്ല, മറിച്ച് വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളുടെ ബഹുവര്‍ണശബളാഭമായ സമന്വയമാണ് ഇന്ത്യക്കുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ വ്യത്യസ്തങ്ങളായ രാമായണങ്ങളും അവയുടെ വ്യത്യസ്തങ്ങളായ പാരായണ സമ്പ്രദായങ്ങളുമുണ്ടായി. വാല്‍മീകിയുടെ രാമായണത്തില്‍നിന്ന് ഭിന്നമാണ് കമ്പരുടെ രാമായണം. ജൈനസംസ്കാരധാരയിലുള്ള രാമായണത്തില്‍നിന്ന് വ്യത്യസ്തമാണ് ബുദ്ധമതസംസ്കാരത്തിന്റെ ധാരയിലുള്ള രാമായണം. സംസ്കൃതത്തില്‍ മാത്രമല്ല, പാലിയിലും പ്രാകൃതിലും രാമായണമുണ്ട്. ഇന്ത്യയില്‍ മാത്രമല്ല, കമ്പോഡിയയിലും മലേഷ്യയിലും ചൈനീസ് ഭാഷയിലും രാമായണമുണ്ട്. ഇവയില്‍ ഒന്നും മറ്റൊന്നിനോട് പൂര്‍ണ സാദൃശ്യമുള്ളതല്ല. രാമനും സീതയും സഹോദരങ്ങളാണെന്നുപറയുന്ന രാമായണമുണ്ട്; സീത രാവണന്റെ പുത്രിയാണെന്നുപറയുന്ന രാമായണവുമുണ്ട്. സീത രാവണപുത്രിയാണെന്ന നിലപാട് പ്രതിഫലിക്കുന്ന ഒരു കവിത മലയാളഭാഷയില്‍ വയലാറിന്റേതായിട്ടുണ്ടുതാനും. ചുരുക്കംപറഞ്ഞാല്‍ വൈവിധ്യപൂര്‍ണമാണ് രാമായണലോകം. മുന്നൂറ് രാമായണങ്ങള്‍ കാമില്‍ബുല്‍ക്കെ കണ്ടെത്തിയിട്ടുണ്ട്. റോമിലാ ഥാപ്പറെപോലുള്ളവര്‍ ഈ വൈവിധ്യത്തെ അപഗ്രഥിച്ച് അവതരിപ്പിച്ചിട്ടുണ്ട്. ചുരുക്കംപറഞ്ഞാല്‍ ഏകശിലാരൂപത്തിലുള്ളതല്ല രാമകഥ എന്നത് വ്യക്തം. ഇക്കാര്യം മാത്രമേ എ കെ രാമാനുജന്‍ തന്റെ രാമായണലേഖനത്തില്‍ പറഞ്ഞിട്ടുള്ളൂ. അതിനെതിരായ അസഹിഷ്ണുതയാണ് ആ ലേഖനം പിന്‍വലിപ്പിക്കുന്നിടത്ത് എത്തിനില്‍ക്കുന്നത്.

സംഘടിതശക്തികൊണ്ട് ചരിത്രത്തെ തിരുത്തിക്കുന്ന ഈ രീതി അപകടകരമാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. റോഹിന്‍ടണ്‍ മിസ്ട്രിയുടെ വിഖ്യാതമായ "സച്ച് എ ലോങ് ജേര്‍ണി" മുംബൈ സര്‍വകലാശാലയെക്കൊണ്ട് പിന്‍വലിപ്പിച്ചു. മറാത്താവികാരത്തെ പുസ്തകം മുറിവേല്‍പ്പിക്കുന്നുവെന്ന ആരോപണവുമായി ശിവസേനാനേതാവ് ബാല്‍താക്കറെയുടെ പൗത്രന്‍ പ്രക്ഷോഭം കൂട്ടിയതിനെത്തുടര്‍ന്നായിരുന്നു അത്. സമാനമായ അവസ്ഥ ഇപ്പോള്‍ കേരളത്തിലും ഉണ്ടാകുന്നു. സ്കൂള്‍ സിലബസ് ജാതിമത താല്‍പ്പര്യങ്ങള്‍ക്ക് കീഴടങ്ങി തിരുത്തുകയാണിവിടെ. മതനിരപേക്ഷമായ ഉള്ളടക്കത്തോടുകൂടിയ പാഠ്യപദ്ധതി അട്ടിമറിച്ച് വര്‍ഗീയസ്വഭാവമുള്ള ഉള്ളടക്കം ഉള്ള കരിക്കുലം കൊണ്ട് പകരംവയ്ക്കാനുള്ള പദ്ധതിയാണ് അരങ്ങേറുന്നത്. 5, 7, 8, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ തിരുത്തുന്നു. ഒമ്പതാംക്ലാസിലെ ചരിത്രപാഠം അപ്പാടെ മാറ്റുന്നു. ചില ജാതിമതസംഘടനകളുടെ നിവേദനം കിട്ടി എന്നുപറഞ്ഞാണ് കരിക്കുലം കമ്മിറ്റിയെപോലും മറികടന്ന് സര്‍ക്കാര്‍ ഇത് ചെയ്യുന്നത്. കരിക്കുലം കമ്മിറ്റിക്കല്ലാതെ സര്‍ക്കാരിന് ഇതിന് അധികാരമില്ല. എന്നിട്ടും സര്‍ക്കാര്‍ ഉത്തരവിലൂടെ പാഠങ്ങള്‍ ഭേദഗതിപ്പെടുത്തുകയാണിവിടെ. കഴിഞ്ഞ ഏപ്രിലില്‍ എസ്സിഇആര്‍ടി, എന്‍സിഇആര്‍ടി പ്രതിനിധികളുടെ സെമിനാറില്‍ ഇന്ത്യക്കാകെ മാതൃകയാകുന്ന കരിക്കുലമാണിവിടെയുള്ളത് എന്ന് വിലയിരുത്തപ്പെട്ടതാണ്. പാഠങ്ങളുടെ മതനിരപേക്ഷസ്വഭാവം വാഴ്ത്തപ്പെട്ടതാണ്. ഇന്ത്യയിലെ ഏറ്റവും മികച്ചതെന്ന് വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള അക്കാദമിക് വിദഗ്ധര്‍ വിലയിരുത്തിയ പാഠപുസ്തകത്തിനാണിപ്പോള്‍ ഈ ദുര്‍ഗതി. നവംബറില്‍ പഠിപ്പിച്ചതൊക്കെ തെറ്റാണെന്നുപറഞ്ഞ് ഡിസംബറില്‍ അധ്യാപകര്‍ മറ്റൊന്നുപഠിപ്പിക്കണം എന്നതാണ് അവസ്ഥ. ഒ എന്‍ വി, ഡോ. കെ പി ശങ്കരന്‍ , ഡോ. എം ആര്‍ രാഘവവാര്യര്‍ , പി വത്സല, അടൂര്‍ ഗോപാലകൃഷ്ണന്‍ , ഡോ. ആര്‍ വി ജി മേനോന്‍ എന്നിവരുള്‍പ്പെട്ട കരിക്കുലം കമ്മിറ്റി രൂപപ്പെടുത്തിയ പാഠങ്ങളാണ് സര്‍ക്കാര്‍ തിരുത്തിയത്. ഈ പ്രഗത്ഭമതികളിരുന്ന സമിതിക്കുപകരം കേരളസര്‍ക്കാര്‍ മറ്റൊരു കരിക്കുലം കമ്മിറ്റിയുണ്ടാക്കി. 44 പേരുള്ള കമ്മിറ്റിയില്‍ 11 പേര്‍ മുസ്ലിംലീഗുകാര്‍! ഈ കമ്മിറ്റിയില്‍ കേരളത്തിന്റെ പൊതുസമൂഹത്തിന് മനസ്സിലാകുന്ന ചുരുക്കം പേരേയുള്ളൂ. ഹൃദയകുമാരി, വി മധുസൂദനന്‍നായര്‍ , കെ പി രാമനുണ്ണി തുടങ്ങിയവര്‍ . ഇതില്‍ , ഹൃദയകുമാരി കരിക്കുലത്തില്‍ നടക്കാനിടയുള്ള അവിഹിതമായ വര്‍ഗീയ-രാഷ്ട്രീയ ഇടപെടലുകള്‍ മനസ്സിലായതോടെ രാജിവച്ചുപോയി. സ്കൂള്‍ ഉടമകളും അക്കാദമിക് പശ്ചാത്തലമില്ലാത്തവരും ഒക്കെയാണ് കമ്മിറ്റിയിലുള്ളത്. പത്താംക്ലാസിലെ "ആധുനികലോകത്തിന്റെ ഉദയം" എന്ന പാഠപുസ്തക അധ്യായം ഇടയ്ക്ക് ഒരു കമ്മിറ്റിയെവച്ച് സര്‍ക്കാര്‍ തിരുത്തിച്ചു. എം ജി എസ് നാരായണന്‍ അധ്യക്ഷനായ കമ്മിറ്റി.

അധ്യക്ഷന്‍ യോഗത്തില്‍ പങ്കെടുത്തില്ല. ചരിത്രപാഠം നിശ്ചയിച്ച കമ്മിറ്റിയില്‍ ഒരു ചരിത്രകാരന്‍പോലുമില്ലാത്ത അവസ്ഥ. ഇങ്ങനെ പാഠ്യപദ്ധതി അട്ടിമറിക്കുന്ന അവസ്ഥ അനുവദിക്കാനാകില്ല. പ്രബുദ്ധകേരളം എങ്ങനെ രൂപപ്പെട്ടുവെന്നതിന്റെ നേര്‍പാഠങ്ങള്‍ മനസ്സിലാക്കിയാണ് പുതിയ തലമുറ വളരേണ്ടത്. അവര്‍ക്ക് വികലപാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നത് വരുംതലമുറയോട് ചെയ്യുന്ന കുറ്റകൃത്യമാണ്. ഇങ്ങനെ വികലപാഠങ്ങള്‍ സൃഷ്ടിക്കുന്നതാകട്ടെ, ചില ജാതി-മത വര്‍ഗീയസംഘടനകളുടെ കല്‍പ്പന പ്രകാരമാണെന്നത് ഉല്‍ക്കണ്ഠപ്പെടുത്തുന്ന കാര്യമാണ്. മതനിരപേക്ഷത ഭരണഘടനാമൂല്യമാണെന്നതുപോലും വിസ്മരിച്ചാണ് സര്‍ക്കാര്‍ ഇടപെട്ട് മതനിരപേക്ഷമൂല്യങ്ങള്‍ പാഠപുസ്തകങ്ങളില്‍നിന്ന് ചോര്‍ത്തുന്നതും അവയെ മതനിരപേക്ഷവിരുദ്ധചിന്തകള്‍കൊണ്ട് പകരംവയ്ക്കുന്നതും. ഇതിലെ ആപത്ത് ജനങ്ങള്‍ തിരിച്ചറിയേണ്ടസമയം അതിക്രമിച്ചിരിക്കുന്നുവെന്നുമാത്രം ഇപ്പോള്‍ പറയട്ടെ.

സാംസ്കാരികരംഗത്തിനുനേര്‍ക്ക് നേരത്തേതന്നെ വര്‍ഗീയശക്തികള്‍ അസഹിഷ്ണുതയോടെ കടന്നാക്രമണം നടത്തിവന്നിരുന്നു. അതിന്റെ തുടര്‍ച്ച എന്ന നിലയ്ക്കുവേണം ഇന്നത്തെ പുതിയ നീക്കത്തെ കാണാന്‍ . എം എഫ് ഹുസൈന്റെ ചിത്രപ്രദര്‍ശനത്തിനുനേര്‍ക്ക്, ദീപാമേത്തയുടെ ചലച്ചിത്രത്തിനുനേര്‍ക്ക്, തസ്ലീമ നസ്റീന്റെ പത്രസമ്മേളനത്തിനുനേര്‍ക്ക്, ദിലീപ്കുമാറിന്റെ പുരസ്കാരലബ്ധിക്കുനേര്‍ക്ക്, അലീഷാ ചിനായിയുടെ പോപ്പ് കച്ചേരിയുടെ നേര്‍ക്ക്, ഇര്‍ഫാന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിനുനേര്‍ക്ക് ഒക്കെ കായിക ആക്രമണങ്ങള്‍ നടന്നത് മറക്കാറായിട്ടില്ല. ഏറ്റവുമൊടുവില്‍ ഇപ്പോള്‍ ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍നിന്ന് ഹുസൈന്റെ ഡോക്യുമെന്ററി പിന്‍വലിപ്പിക്കാന്‍ ഉണ്ടായ സമ്മര്‍ദം നമ്മെ ബോധ്യപ്പെടുത്തുന്നത് വര്‍ഗീയതയുടെ അസഹിഷ്ണുത അറുതിയില്ലാതെ തുടരുന്നുവെന്നാണ്. സാംസ്കാരികലോകത്തിന്റെയും രാഷ്ട്രീയസമൂഹത്തിന്റെയും ജാഗ്രത്തായ ഇടപെടലുകള്‍കൊണ്ടേ ഈ വിപത്തിനെ ഈ ഘട്ടത്തില്‍ത്തന്നെ നേരിടാനും അവസാനിപ്പിക്കാനുമാകൂ.

deshabhimani editorial- 02/1/211

Sunday, November 27, 2011

മലയാളം ഒന്നാം ഭാഷ: ഉത്തരവിറങ്ങി മാസം മൂന്നായിട്ടും നടപ്പായില്ല

  28 Nov 2011
കോഴിക്കോട്: മലയാളം ഒന്നാം ഭാഷയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ട് മൂന്നു മാസം പിന്നിട്ടെങ്കിലും ഇനിയും ഇത് സ്‌കൂളുകളില്‍ നടപ്പിലായില്ല.

പത്താം ക്ലാസ് വരെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ. ഉള്‍പ്പെടെ എല്ലാ വിദ്യാലയങ്ങളിലും മലയാളപഠനം നിര്‍ബന്ധമാക്കുന്ന ഉത്തരവ് സപ്തംബര്‍ ഒന്നിനാണ് ഇറക്കിയത്. കന്നഡ, തമിഴ്, ഗുജറാത്തി എന്നിവ മാതൃഭാഷയായുള്ള വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്. രാഷ്ടീയവ്യത്യാസമില്ലാതെ എല്ലാവരും സ്വാഗതം ചെയ്ത ഈ ഉത്തരവ് പക്ഷേ, നടപ്പാക്കാനുള്ള പ്രാരംഭനടപടി പോലും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അറബി, സംസ്‌കൃതം ഭാഷകള്‍ പഠിപ്പിക്കുന്ന സ്‌കൂളുകളിലും പാര്‍ട്ട് രണ്ടില്‍ രണ്ടാം പേപ്പറായി മലയാളം പഠിപ്പിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. നിലവില്‍ മലയാളം പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ മലയാളം പാര്‍ട്ട് രണ്ട് ഫലപ്രദമായി പഠിപ്പിക്കാന്‍ ആഴ്ചയില്‍ മൂന്ന് പീരിയഡ് വേണമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. നിലവില്‍ രണ്ട് പീരിയഡ് മാത്രമേയുള്ളൂ. ഇതിനായി ഒരു പീരിയഡ് കൂട്ടാന്‍ ചൊവ്വാഴ്ചകളില്‍ നിലവിലുള്ള ഏഴ് പീരിയഡ് എട്ടായി ഉയര്‍ത്തണമെന്ന് ഉത്തരവില്‍ നിഷ്‌കര്‍ഷിക്കുന്നു. ചെവ്വാഴ്ചകളില്‍ ഉച്ചവരെ 40 മിനിറ്റ് വീതം നാലും ഉച്ചയ്ക്കുശേഷം 35 മിനിറ്റ് വീതം നാലും പീരിയഡായി ക്രമീകരിക്കാനാണ് നിര്‍ദേശം.


അറബി, സംസ്‌കൃതം സ്‌കൂളുകളില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ എട്ട് പീരിയഡായി ക്രമീകരിച്ച് മൂന്നു പീരിയഡുകള്‍ അധികമായി കണ്ടെത്തി മലയാളം പഠിപ്പിക്കാനാണ് നിര്‍ദേശം. മലയാളം അധികമായി പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ ടീച്ചേഴ്‌സ് ബാങ്കില്‍നിന്നോ ദിവസവേതനാടിസ്ഥാനത്തിലോ അധ്യാപകരെ നിശ്ചയിക്കാന്‍ അനുവദിച്ചിട്ടുണ്ട്. ആദ്യം ഇറങ്ങിയ ഉത്തരവില്‍ പലകാര്യങ്ങളിലും അവ്യക്തത ഉണ്ടായതിനെത്തുടര്‍ന്നാണ് വിശദമായ മാര്‍ഗനിര്‍ദേശമടങ്ങിയ പുതിയ ഉത്തരവ് വന്നത്.


ഇത്രയുമായി മൂന്നുമാസം പിന്നിട്ടെങ്കിലും ഇത് നടപ്പാക്കാനുള്ള ശ്രമം ഇതുവരെ ഉണ്ടായിട്ടില്ല. മലയാളം നിര്‍ബന്ധമായി പഠിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് എല്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായി പറയുന്നുണ്ട്. ഡി.ഡി.ഇ.മാര്‍ ജില്ലകളില്‍ വിളിച്ചുചേര്‍ത്ത റിവ്യൂ യോഗത്തില്‍ ഇത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, പുതിയ ഉത്തരവ് പ്രകാരം പീരിയഡുകള്‍ ക്രമീകരിക്കാനോ പുതിയ അധ്യാപകനെ നിശ്ചയിക്കാനോ ഒരു സ്‌കൂളുകളും തയ്യാറായിട്ടില്ല. ഉത്തരവ് ഇറങ്ങിയെന്നല്ലാതെ ഇതുസംബന്ധിച്ച വിശദാംശം രേഖാമൂലം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പറയുന്നു. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കാന്‍ ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും ഇത്തരം സ്‌കൂളുകളുടെ അധികാരികളുടെ ശ്രദ്ധയില്‍ ഇക്കാര്യം പതിഞ്ഞിട്ടില്ലെന്നാണ് അവസ്ഥ

ഉച്ചഭക്ഷണദിനം ഇന്ന്; സ്‌കൂളുകളില്‍ പായസം കൂട്ടി സദ്യ

മല്ലപ്പള്ളി: നവംബര്‍ 28 ഉച്ചഭക്ഷണദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഉച്ചഭക്ഷണം വിതരണംചെയ്യുന്ന എല്ലാ സ്‌കൂളുകളിലും പായസം ഉള്‍പ്പെടെയുള്ള വിഭവസമൃദ്ധമായ സദ്യ നല്‍കാന്‍ ഡി.പി.ഐ. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

കുട്ടികള്‍ക്ക് പുറമെ, സ്‌കൂള്‍ അധ്യാപകരും മറ്റു ജീവനക്കാരും പി.ടി.എ അംഗങ്ങളും സദ്യയില്‍ പങ്കെടുക്കണം. അധികതുക ഇതിനായി പിന്നീട് അനുവദിക്കും.
വെള്ളമേഘങ്ങളെ തൊട്ട് ... കായല്‍ച്ചന്തം നുകര്‍ന്നൊരു വിമാനയാത്ര കൊച്ചി: ആകാശക്കാഴ്ചകളുടെ വിസ്മയങ്ങളിലൂടെ വട്ടമിട്ടുപറക്കുമ്പോള്‍ ആലുവയിലെ അന്ധവിദ്യാലയത്തിലെ മൂന്നാംക്ലാസുകാരി ഫാത്തിമയും താഴേക്കു വിരല്‍ചൂണ്ടി. അന്ധതയെയും മറികടക്കുന്ന ആവേശമായിരുന്നു ആദ്യ വിമാനയാത്ര അവള്‍ക്കേകിയത്. എയര്‍ ഇന്ത്യയുടെ താഴ്ന്നുപറന്ന എ-1 2011 നമ്പര്‍ ജംബോ വിമാനത്തിലിരുന്ന് ശാരീരികവൈകല്യമുള്ള മുന്നൂറ്റമ്പതോളം വിദ്യാര്‍ഥികള്‍ കന്യാകുമാരി വിവേകാനന്ദപ്പാറയും ത്രിവേണീസംഗമവും കണ്‍കുളിര്‍ക്കെ കണ്ടു. മേഘങ്ങളെ വകഞ്ഞുമാറ്റി കുതിച്ചുയര്‍ന്ന വിമാനത്തിനുംമുന്നേ ഇവരുടെ മനസ്സുകള്‍ ക്ലാസ്മുറികളുടെ ഇടുങ്ങിയ കാഴ്ചകളില്‍ നിന്ന് അനന്തവിഹായസ്സിലേക്കു പറന്നിരുന്നു. ജനപ്രതിനിധികളും സിനിമാതാരങ്ങളും ഈ യാത്രയില്‍ ഇവര്‍ക്കൊപ്പംചേര്‍ന്നു. വാര്‍ധക്യത്തിന്റെ ഒറ്റപ്പെടലുകള്‍ക്ക് അവധിനല്‍കി പാമ്പാടി അഭയഭവനിലെ അന്തേവാസികളും ഒപ്പമുണ്ടായിരുന്നു. എയര്‍ ഇന്ത്യയും കൊച്ചിന്‍ റോട്ടറി ക്ലബ്ബും ചേര്‍ന്നാണ് സ്പെഷ്യല്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി സൗജന്യ വിമാനയാത്ര ഒരുക്കിയത്. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഞായറാഴ്ച പകല്‍ 12.55ന് വിമാനം പറന്നുപൊങ്ങി. 2.25ന് ഇവിടെ തിരികെ ഇറങ്ങുന്നതുവരെ സ്വപ്നലോകത്തിലായിരുന്നു കുട്ടികള്‍ . നഗരക്കാഴ്ചകള്‍ക്കൊപ്പം കടലും കായലുകളും വിരുന്നായി. ഇടയ്ക്ക് എല്ലാം മറച്ച് ചുറ്റിലും വെളുത്ത മേഘങ്ങള്‍മാത്രം. പൊട്ടുപോലെ താഴെക്കണ്ട സ്ഥലങ്ങള്‍നോക്കി സ്വന്തം സ്കൂള്‍ കണ്ടുപിടിക്കാന്‍ മെനക്കെട്ടവരുമുണ്ടായിരുന്നു. റണ്‍വേയില്‍നിന്നുയരുമ്പോള്‍ കണ്ണടച്ചിരുന്നവര്‍ പീന്നീട് ഇമപൂട്ടിയില്ല. സാന്ത്വനം പബ്ലിക് സ്കൂളിലെ നിഷ മാത്യുവിന്റെ ഏഴാംജന്മദിനവും ആകാശയാത്രയില്‍ ആഘോഷിച്ചു. എറണാകുളം, ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍നിന്നുള്ള 33 സ്പെഷ്യല്‍ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളാണ് വിമാന യാത്രയിലുണ്ടായിരുന്നത്. പാമ്പാടി എംജിഎം അഭയഭവനിലെ 70 പിന്നിട്ട 17 പേരും ഇവരോടൊപ്പം വിമാനംകയറി. തുടര്‍ച്ചയായി ആറാമത്തെ വര്‍ഷമാണ് എയര്‍ ഇന്ത്യ ശാരീരികവൈകല്യമുള്ള കുട്ടികള്‍ക്കായി വിമാനയാത്ര ഒരുക്കിയത്. റോട്ടറി ക്ലബ്ബിനൊപ്പം ഐഒസി, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, സിയാല്‍ , സിയാല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ , കാസിനോ എയര്‍ ഫ്ളൈറ്റ് സര്‍വീസസ് എന്നിവരും സഹകരിച്ചു. എംഎല്‍മാരായ ജോസ് തെറ്റയില്‍ , അന്‍വര്‍ സാദത്ത്, ചലച്ചിത്രതാരങ്ങളായ കവിയൂര്‍ പൊന്നമ്മ, മീര നന്ദന്‍ , ടിനി ടോം, സിയാല്‍ എംഡി വി ജെ കുര്യന്‍ , റോട്ടറി പ്രസിഡന്റ് സ്കറിയ ഡി പാറയ്ക്കല്‍ , സെക്രട്ടറി സന്തോഷ് പൂവത്തിങ്കില്‍ , തോമസ് മാത്യു എന്നിവരും കുട്ടികള്‍ക്ക് ആവേശംപകരാനുണ്ടായി.