Wednesday, December 28, 2011

വിദ്യാഭ്യാസരംഗം സാമുദായിക ശക്തികളുടെ പിടിയില്‍ : വി എസ്


 28-Dec-2011

കഴക്കൂട്ടം: പാഠപുസ്തകത്തില്‍ എന്തു ചേര്‍ക്കണമെന്നും എന്തു പഠിക്കണമെന്നും സാമുദായികശക്തികള്‍ തീരുമാനിക്കുന്ന ഗുരുതരമായ സാഹചര്യം സംജാതമായിരിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തോന്നയ്ക്കല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സുവര്‍ണജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കരിക്കുലം കമ്മിറ്റിയുടെ ഘടന നാളിതുവരെ ജനാധിപത്യപരമായിരുന്നു. വൈദഗ്ധ്യവും പരിചയവുമായിരുന്നു അതിലെ അംഗത്വത്തിന്റെ മാനദണ്ഡം. എന്നാല്‍ , ആ കമ്മിറ്റി പുനസംഘടിപ്പിച്ചതെങ്ങനെയെന്ന് നമുക്കറിയാം. ഏതൊരു മലയാളിയും ലജ്ജിച്ച് തലതാഴ്ത്തേണ്ട അവസ്ഥയാണ് ഇക്കാര്യത്തിലുണ്ടായിട്ടുള്ളത്. പൊതുവിദ്യാഭ്യാസത്തില്‍ ആളുകള്‍ക്ക് വിശ്വാസം നഷ്ടപ്പെടാനാണ് ഇപ്പോഴത്തെ കരിക്കുലം കമ്മിറ്റിയുടെ ഘടന സഹായിക്കുക. പതിനേഴ് നോമിനേറ്റഡ് അംഗങ്ങളില്‍ പത്തും വകുപ്പുമന്ത്രിയുടെ പാര്‍ടിക്കാരാണ്. അതില്‍ എട്ടും ഒരു ജില്ലക്കാര്‍ . കരിക്കുലം നല്ല കരിക്കുലമാക്കാന്‍ മറ്റെന്താണ് വേണ്ടതെന്നും വി എസ് ചോദിച്ചു. എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമാക്കുന്നതിനുള്ള ഉത്തരവ് നടപ്പാക്കാന്‍ ജനകീയസമ്മര്‍ദമുണ്ടാകണം. സര്‍വകലാശാലകളുടെ ജനാധിപത്യ ഭരണസംവിധാനം അട്ടിമറിക്കപ്പെടുകയാണ്. ആദ്യം കേരള, കാലിക്കറ്റ് സര്‍വകലാശാലകളുടെ സിന്‍ഡിക്കറ്റില്‍ കൃത്രിമ ഭൂരിപക്ഷമുണ്ടാക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. ഇപ്പോള്‍ എംജി, കണ്ണൂര്‍ , കുസാറ്റ്, സംസ്കൃത സര്‍വകലാശാലകളുടെ സിന്‍ഡിക്കറ്റുകള്‍ പിടിച്ചടക്കാനും ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരിക്കുകയാണ്. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശവും തകര്‍ക്കുകയാണ്. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ പ്രതിനിധിയെ സിന്‍ഡിക്കറ്റില്‍ ഉള്‍പ്പെടുത്തി പ്രധാന സ്ഥാനം നല്‍കണമെന്ന് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നു. കേരളത്തിലെ പൊതുവിദ്യാഭ്യാസം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. ദേശീയ വിദ്യാഭ്യാസാവകാശനിയമത്തെപ്പോലും നോക്കുകുത്തിയാക്കി യഥേഷ്ടം സിബിഎസ്ഇ സ്കൂളുകള്‍ അനുവദിക്കുന്നു. ഒരുഭാഗത്ത് ശമ്പളമില്ലാത്ത അധ്യാപകരെ രക്ഷിക്കാനും പ്രൊട്ടക്ഷന്‍ പ്രശ്നം പരിഹരിക്കാനുമെന്ന പേരില്‍ അധ്യാപക പാക്കേജ് കൊണ്ടുവരിക, അതേസമയം വീണ്ടും പതിനായിരക്കണക്കിന് അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടുത്തുന്ന വിധത്തില്‍ അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അനുമതി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും വി എസ് പറഞ്ഞു.

1 comment:

ഇ.എ.സജിം തട്ടത്തുമല said...

ആദ്യം പൊതു വിദ്യാലയങ്ങളിലെ കെ.എസ്.റ്റി.എ ക്കാർ അടക്കമുള്ള അദ്ധ്യാപകരുടെ മക്കളേ പൊതു വിദ്യാലയത്തിൽ അയച്ച് അവർ മാതൃക കാണിക്കട്ടെ!ഒപ്പം നമ്മുടെ പാർട്ടി നേതാക്കൾ (എന്റെ പാർട്ടിതന്നെ!) അവരുടെ മക്കളെ പൊതുവിദ്യാലയത്തിൽ അയച്ച് മാതൃക കാട്ടട്ടെ!