Tuesday, December 6, 2011

"അവകാശ"മില്ലാത്ത കുട്ടികളുടെ നാട്

2-Dec-2011
ന്യൂഡല്‍ഹി: കുട്ടികളുടെ അവകാശലംഘനം ഇന്ത്യയില്‍ വര്‍ധിച്ചുവരുന്നതായി 20 സംഘടനകള്‍ നടത്തിയ പഠനം കണ്ടെത്തി. സ്വാതന്ത്ര്യം നേടി 60 വര്‍ഷം കഴിഞ്ഞിട്ടും ഭരണഘടനയനുസരിച്ച് കുട്ടികള്‍ക്ക് ഉറപ്പാക്കേണ്ട അവകാശങ്ങള്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്നുമാത്രമല്ല 20 വര്‍ഷം മുമ്പ് നടന്ന കുട്ടികളുടെ അവകാശം സംബന്ധിച്ച കണ്‍വന്‍ഷനില്‍ (കണ്‍വെന്‍ഷന്‍ ഓണ്‍ ദി റൈറ്റ്സ് ഓഫ് ചൈല്‍ഡ്-സിആര്‍സി) എടുത്ത തീരുമാനങ്ങള്‍പോലും നടപ്പാക്കാന്‍ കഴിഞ്ഞില്ല. പ്രത്യക്ഷത്തില്‍ ചെയ്യാവുന്ന നടപടികള്‍പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സിആര്‍സിയുടെ 20 വര്‍ഷം- ഒരു ബാക്കിപത്രം എന്ന പേരിലുള്ള പഠനം പറയുന്നത്. ജനന, മരണ, വിവാഹ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതിന് നിശ്ചയിച്ച സമയപരിധി 2010 ആയിരുന്നു. പല സംസ്ഥാനങ്ങളും ഇപ്പോഴും ഇത് നടപ്പാക്കിയിട്ടില്ല. കുട്ടികളുടെ എണ്ണമെടുക്കാനും അവരില്‍ സഹായം ആവശ്യമുള്ളവരെ കണ്ടെത്തി സഹായിക്കാനുമാണ് കണക്കെടുപ്പ് നിര്‍ബന്ധമാക്കിയത്. എന്നാല്‍ , ഇന്നും കൃത്യമായ കണക്കെടുപ്പ് സാധിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ബാലവേല നിയന്ത്രിക്കാനോ കേസുകളില്‍ കുറ്റക്കാരെ ശിക്ഷിക്കാനോ കഴിയുന്നില്ല. ബാലവേല സംബന്ധിച്ച 2,792 കേസുകള്‍ എടുത്തെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് മനുഷ്യാവകാശ കമീഷന്‍ അംഗം ബി സി പട്ടേല്‍ പറഞ്ഞു. 25 വര്‍ഷം പൂര്‍ത്തിയായ ചൈല്‍ഡ് ലേബര്‍ പ്രൊഹിബിഷന്‍ ആക്ട് പൊളിച്ചെഴുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികളുടെ അവകാശം സംരക്ഷിക്കാനും തൊഴിലെടുപ്പിക്കുന്നതും ലൈംഗികദുരുപയോഗവും തടയാനും സംസ്ഥാനതലത്തില്‍ കമീഷനുകള്‍ സ്ഥാപിക്കണമെന്നാണ് പുതിയ നിര്‍ദേശം. സേവനമേഖലയില്‍നിന്ന് സര്‍ക്കാരിന്റെ തുടര്‍ച്ചയായ പിന്മാറ്റവും സ്വകാര്യമേഖലയ്ക്ക് നല്‍കുന്ന പ്രാധാന്യവും മറ്റും കുട്ടികളെ സംരക്ഷിക്കാനാവശ്യമായ ഫണ്ട് നാള്‍ക്കുനാള്‍ കുറയ്ക്കുന്നതും കുട്ടികളുടെ അവകാശലംഘനത്തിന് ഇടയാക്കുന്നു. റേഷന്‍കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങി അടിസ്ഥാനരേഖകളില്ലാത്തതിനാല്‍ കുട്ടികള്‍ക്കുള്ള സൗജന്യഭക്ഷണം പോലും കിട്ടാത്ത കുടുംബങ്ങളുമുണ്ട്. ലോകഫോറങ്ങളിലെല്ലാം ഇന്ത്യയുടെ നാണംകെടുത്തുംവിധമാണ് തൊഴിലെടുക്കുന്ന കുട്ടികളുടെ എണ്ണവും ആരോഗ്യമില്ലാത്ത കുട്ടികളുടെ എണ്ണവും വര്‍ധിക്കുന്നത്. അടുത്തിടെ ജനീവയില്‍ ചേര്‍ന്ന അന്താരാഷ്ട്ര തൊഴില്‍സമ്മേളനത്തില്‍ (ഐഎല്‍ഒ) ഇന്ത്യയുടെ ഔദ്യോഗികപ്രതിനിധി തന്നെ ഇക്കാര്യം സമ്മതിച്ചിരുന്നു. രാജ്യത്ത് 14 വയസ്സില്‍ താഴെയുള്ള 50 ലക്ഷം കുട്ടികള്‍ തൊഴിലെടുക്കുന്നതായാണ് പുതിയ കണക്ക്. ഇതില്‍ ഏറ്റവും കൂടുതല്‍ തലസ്ഥാനമായ ഡല്‍ഹിയിലും. 14 വയസ്സിനു താഴെയുള്ളവരെ തൊഴിലെടുപ്പിക്കുന്നത് കുറ്റകരമാക്കി ഇന്ത്യ 2006ല്‍ നിയമം പാസാക്കിയെങ്കിലും അത് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.-deshabhimani
പാഠ്യപദ്ധതി: പുതിയ നീക്കം പ്രതിഷേധാര്‍ഹം
കോഴിക്കോട്: സംസ്ഥാനത്തെ പാഠ്യപദ്ധതിക്കും പാഠപുസ്തകങ്ങള്‍ക്കും പകരം എന്‍സിഇആര്‍ടി, സിബിഎസ്ഇ പാഠപുസ്തകങ്ങളുടെ പകര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത് പൊതു വിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചക്ക് വഴിയൊരുക്കുമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി മോഹനന്‍ മണലിലും പ്രസിഡന്റ് ഡോ. ഡി കെ ബാബുവും പറഞ്ഞു. സിബിഎസ്ഇ വിദ്യാലയങ്ങള്‍ ആരംഭിക്കുന്നതിന് നിലവിലുള്ള സ്കൂള്‍ തമ്മിലുള്ള ദൂരപരിധി ഒഴിവാക്കിയതും പ്രതിഷേധാര്‍ഹമാണ്. മലയാള പഠനം നിര്‍ബന്ധമല്ലാതാക്കിയതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഇരുവരും പറഞ്ഞു. 
പ്രച്ഛന്നവേഷത്തില്‍ പ്രശ്നാവതരണം

കോഴിക്കോട്: മന്ത്രിക്ക് മുന്നില്‍ പ്രച്ഛന്നവേഷമണിഞ്ഞെത്തി മാലന്യപ്രശ്നം അവതരിപ്പിച്ചു. ജലായനം ജലസുരക്ഷ പരിപാടി ഉദ്ഘാടനം നിര്‍വഹിച്ച് മടങ്ങാനിരുന്ന മന്ത്രിയെ കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് പ്രച്ഛന്നവേഷത്തില്‍ സമീപിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാലിന്യങ്ങളും മറ്റും മായനാട് പ്രദേശത്ത് നിക്ഷേപിക്കുന്നതിനാല്‍ കുടിവെള്ളം മലിനമാവുന്ന സാഹചര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് വയോധികരുടെ വേഷത്തില്‍ വിദ്യാര്‍ഥികള്‍ വേദിയിലേക്ക് കയറിയത്. കുടിവെള്ളം മലിനമാവുന്നത് നാടകീയമായി അവതരിപ്പിച്ച കുട്ടിക്കലാകാരന്മാര്‍ക്ക് പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പു നല്‍കിയാണ് മന്ത്രി മടങ്ങിയത്.

No comments: