Sunday, January 1, 2012

അനിശ്ചിതത്വത്തിനിടെ സ്‌കൂളുകളിലും 'ആധാര്‍ ' വിവരശേഖരണം തുടങ്ങുന്നു

2 Jan 2012
കോഴിക്കോട്: എതിര്‍പ്പുകള്‍ നിലനില്‍ക്കെത്തന്നെ ഈ മാസം സംസ്ഥാനത്തെ സ്‌കൂളുകളില്‍ ആധാര്‍ പദ്ധതി പ്രവര്‍ത്തനം തുടങ്ങുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്ന് 'ആധാര്‍' ഫോമില്‍ വിവരങ്ങള്‍ ശേഖരിച്ചശേഷം ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ നല്‍കാനാണ് പദ്ധതി. മാര്‍ച്ചോടെ മുഴുവന്‍ കുട്ടികള്‍ക്കും ഏകീകൃതതിരിച്ചറിയല്‍ നമ്പര്‍ നല്‍കും.

ആധാര്‍ പദ്ധതിയുടെ ചുവടുപിടിച്ച് നേരത്തേ 'സമ്പൂര്‍ണ' എന്ന പേരില്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന പദ്ധതി വിവാദമായിരുന്നു. ആധാര്‍ പ്രകാരം വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള നിയമം പാര്‍ലമെന്റ് പാസാക്കുന്നതിനുമുമ്പ് കേരളത്തില്‍ പദ്ധതിപ്രവര്‍ത്തനം സജീവമായി നടത്തുന്നതിനെതിരെ പലകോണുകളില്‍ നിന്നും വിമര്‍ശനമുണ്ടായിട്ടുണ്ട്. ഇതിനിടയിലാണ് സ്‌കൂള്‍ കുട്ടികള്‍ക്കിടയിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത്.

'സമ്പൂര്‍ണ' പദ്ധതി സംബന്ധിച്ച പരാതികളെത്തുടര്‍ന്ന് നേരത്തേ കുട്ടികളുടെ അവകാശസംരക്ഷണത്തിനുള്ള ദേശീയ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിന് നോട്ടീസ് അയച്ചിരുന്നു. പ്രായപൂര്‍ത്തിയാവുമ്പോള്‍ അതുവരെ തന്നെ സംബന്ധിച്ചുള്ള ഏല്ലാ വിവരങ്ങളും നശിപ്പിക്കാന്‍ പൗരനവകാശമുണ്ട്. ഇത് ലംഘിച്ച സാഹചര്യത്തിലായിരുന്നു കമ്മീഷന്റെ ഇടപെടല്‍.

വിദ്യാര്‍ഥികളില്‍ നിന്ന് ആധാര്‍ ഫോമില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ എന്റോള്‍മെന്റ് ഏജന്‍സി ക്ലാസ് ഡിവിഷന്‍ തിരിച്ച് സ്‌കൂളുകള്‍ക്ക് നല്‍കണം. ഇതു പിന്നീട് 'സമ്പൂര്‍ണ' പദ്ധതിയില്‍ ഉള്‍പ്പെടുത്താനായി സ്‌കൂളുകള്‍ സൂക്ഷിച്ചുവെക്കണമെന്ന് പൊതുവിദ്യാഭ്യസ ഡയറക്ടര്‍ ഒക്ടോബര്‍ 12-ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നുണ്ട്. സ്‌കൂളുകളില്‍ യു.ഐ.ഡി. നമ്പര്‍ നല്‍കുന്നതിന്റെ എന്റോള്‍മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള ചുമതല അക്ഷയ, കെല്‍ട്രോണ്‍ തുടങ്ങിയ ഏജന്‍സികള്‍ക്കാണ്. ഐ.ടി. അറ്റ് സ്‌കൂളിനാണ് ഏകോപനചുമതല.

എന്നാല്‍, കുട്ടികളുടെ വിവരങ്ങളുടെ സ്വകാര്യത സൂക്ഷിക്കാനാവുമോയെന്ന കാര്യത്തില്‍ വിദ്യാഭ്യാസവകുപ്പിന് ഉറപ്പില്ല. ആധാറിനായി ശേഖരിക്കുന്ന വിവരം യു.ഐ.ഡി. അതോറിറ്റിയുടെ സെര്‍വറില്‍ അപ്‌ലോഡ് ചെയ്യാനും വിദ്യാഭ്യാസവകുപ്പ് നിഷ്‌കര്‍ഷിക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമല്ലാതെ മറ്റൊന്നിനും ഉപയോഗിക്കില്ല എന്നത് ബന്ധപ്പെട്ട ഏജന്‍സികള്‍ ഉറപ്പുവരുത്തണമെന്ന് ഉത്തരവില്‍ പറയുന്നു. കുട്ടികളുടെ സ്വകാര്യത പൂര്‍ണമായും സംരക്ഷിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഉത്തരവില്‍ മുന്നറിയിപ്പുനല്‍കുന്നു. അതായത് വിവരങ്ങള്‍ പുറത്തുപോവില്ലെന്ന് വിദ്യാഭ്യാസവകുപ്പിനും സര്‍ക്കാറിനും ഒരുറപ്പുമില്ലെന്ന് വ്യക്തം.

ആധാര്‍ പദ്ധതിവഴി ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള ഒരു വ്യവസ്ഥയും നിലവില്ലാത്തതാണ് പല സംസ്ഥാനങ്ങളിലും എതിര്‍പ്പുയരാന്‍ പ്രധാനകാരണം. സ്വകാര്യ ഏജന്‍സികളും പദ്ധതിക്കുവേണ്ടി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ആഭ്യന്തര വകുപ്പ് എതിര്‍ക്കുകയും ആധാര്‍ നമ്പറിന് നിയമസാധുത നല്കാനുള്ള ദേശീയ തിരിച്ചറിയല്‍ അതോറിറ്റിയുടെ കരടുബില്‍ പാര്‍ലമെന്റ് സമിതി തള്ളുകയും ചെയ്തതോടെ പദ്ധതി രാജ്യത്ത് അനിശ്ചിതത്വത്തിലാണ്. പത്തുവര്‍ഷത്തിലൊരിക്കല്‍ സെന്‍സസ് നടത്തുമ്പോള്‍ ആധാര്‍ പദ്ധതി എന്തിനാണെന്ന കാര്യത്തിലും വ്യക്തതയുണ്ടായിട്ടില്ല-mathrubhumi

No comments: