Friday, January 20, 2012

എയ്ഡഡ് സ്കൂളുകളെ ഒഴിവാക്കിയത് 20 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി


കല്‍പ്പറ്റ: വിദ്യാഭ്യാസ അവകാശനിയമപ്രകാരം സ്കൂള്‍ കുട്ടികള്‍ക്ക് യൂണിഫോം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍നിന്ന് എയ്ഡഡ് സ്കൂളുകളെ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി സംസ്ഥാനത്തെ 20 ലക്ഷം കുട്ടികള്‍ക്ക് തിരിച്ചടിയാകും. രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും മത-സാമുദായിക-സാമ്പത്തിക-ലിംഗ പരിഗണനകളില്ലാതെ യൂനിഫോം, യാത്രാസൗകര്യം, സ്കൂളുകളിലെത്തിക്കാനുള്ള സംവിധാനം എന്നിവ ഒരുക്കണമെന്ന് നിയമം അനുശാസിക്കുന്നു. എന്നാല്‍ നിയമം നടപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേരളത്തിന് അനുയോജ്യമായ രീതിയില്‍ തയ്യാറാക്കാത്തതാണ് വിനയാകുന്നത്.

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തില്‍ മാത്രമാണ് എയ്ഡഡ് മേഖലയില്‍ കൂടുതല്‍ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നിയമം നടപ്പാകുന്നതോടെ മുഴുവന്‍ കുട്ടികള്‍ക്കും എട്ടാംക്ലാസ് വരെ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന പ്രഖ്യാപനമാണ് പൊളിയുന്നത്. സര്‍ക്കാര്‍ സ്കൂളുകളിലെ പെണ്‍കുട്ടികള്‍ , പട്ടികവിഭാഗ വിദ്യാര്‍ഥികള്‍ , ബിപിഎല്‍ ആണ്‍കുട്ടികള്‍ എന്നിവര്‍ക്ക് മാത്രം രണ്ട് ജോഡി യൂണിഫോം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ സ്കൂളുകളിലെ എപിഎല്‍ വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്കും ആനുകൂല്യം ലഭിക്കില്ല. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍വശിക്ഷ അഭിയാന്‍ സംസ്ഥാന പ്രോജക്ട് ഓഫീസില്‍നിന്നും ജില്ലാ പ്രോജക്ട് ഓഫീസുകളിലേക്ക് അയച്ചു. ഈ മാര്‍ഗനിര്‍ദേശപ്രകാരം ജില്ലകളില്‍ അടുത്ത അധ്യയനവര്‍ഷം നടപ്പാക്കേണ്ട എസ്എസ്എ പദ്ധതിരൂപീകരണ ചര്‍ച്ചകളും ശില്‍പ്പശാലകളും നടന്നുവരികയാണ്.

അണ്‍എയ്ഡഡ് ഉള്‍പ്പെടെ ആകെ 12,312 സ്കൂളുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 7305 സ്കൂളും എയ്ഡഡ് മേഖലയിലാണ്. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ ആകെയുള്ള 30 ലക്ഷം കുട്ടികളില്‍ 20 ലക്ഷവും എയ്ഡഡ് സ്കൂളുകളിലാണ്. പിന്നോക്ക-ന്യൂനപക്ഷ ജില്ലകളായ വയനാട്, മലപ്പുറം, ഇടുക്കി, കാസര്‍കോട് എന്നിവിടങ്ങളില്‍ അധികവും എയ്ഡഡ് സ്കൂളുകളാണ്. ആദിവാസികളും തോട്ടംതൊഴിലാളികളും മറ്റ് പിന്നോക്ക വിഭാഗങ്ങളും ഏറെയുള്ള വയനാട്ടില്‍ 308 സ്കൂളുകളില്‍ 115ഉം എയ്ഡഡ് മേഖലയിലാണ്. 56,403 കുട്ടികള്‍ ഈ സ്കൂളുകളില്‍ പഠിക്കുന്നു. കാര്‍ഷിക പ്രതിസന്ധിമൂലം ദുരിതം പേറുന്ന വയനാട്ടിലെ ആയിരക്കണക്കിന് കര്‍ഷകരുടെ മക്കള്‍ക്ക് പ്രയോജനപ്രദമാകുന്ന തീരുമാനമാണ് സര്‍ക്കാര്‍ നടപടി മൂലം അട്ടിമറിക്കപ്പെടുന്നത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ 2011 മെയ് ആറിനാണ് ആറ് മാസത്തിനകം നടപ്പാക്കണമെന്ന വ്യവസ്ഥയോടെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തുടര്‍ നടപടികള്‍ തടസ്സപ്പെട്ടു. പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ നിയമം നടപ്പാക്കുന്നതില്‍ താല്‍പ്പര്യം കാട്ടിയില്ല. സ്കൂളുകളില്‍ പ്രധാനാധ്യാപകരെയും അധ്യാപകരെയും അധികമായി നിയമിക്കാനും പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കാനും കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം അനുവദിച്ച 150 കോടി രൂപ പാഴാവുമ്പോഴാണ് പാവപ്പെട്ട കുട്ടികള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത്.

(പി ഒ ഷീജ0deshabhimani)

സ്കൂള്‍ പ്രഭാത- ഉച്ചഭക്ഷണം നിലയ്ക്കുന്നു


കല്‍പ്പറ്റ: ജില്ലയിലെ വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം പദ്ധതികള്‍ പ്രതിസന്ധിയിലേക്ക്. സംസ്ഥാന സര്‍ക്കാരും പദ്ധതി നടപ്പാക്കാന്‍ ബാധ്യതപ്പെട്ട ജില്ലാപഞ്ചായത്തും തുടരുന്ന കടുത്ത അലംഭാവവും അവഗണനയുമാണ് പദ്ധതി നിലയ്ക്കാന്‍ ഇടയാക്കുന്നത്. നിലവില്‍ സ്കൂള്‍ പിടിഎും പ്രധാനാധ്യാപകരും വന്‍തുക മുന്‍കൂര്‍ മുടക്കിയാണ് പദ്ധതി മുടങ്ങാതെ നോക്കുന്നത്. ഭാരിച്ച സാമ്പത്തികബാധ്യതമൂലം പദ്ധതി ഇനിയും തുടരാനാകാത്ത സ്ഥിതിയിലാണ് പിടിഎയും അധ്യാപകരും. ചില വിദ്യാലയങ്ങള്‍ ഇതിനകം കോഴിമുട്ടയും പാലും നിര്‍ത്തി. ആദിവാസികളും പിന്നോക്ക വിഭാഗക്കാരും കൂടുതലുള്ള ജില്ലയില്‍ വിദ്യാര്‍ഥികള്‍ കൃത്യമായി സ്കൂളിലെത്താന്‍ ഈ പദ്ധതി ഏറെ പ്രയോജനപ്പെട്ടിരുന്നു. ജില്ലാപഞ്ചായത്ത് പദ്ധതിപ്രകാരം പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് നൂറുദിവസം പ്രഭാതഭക്ഷണം വിതരണംചെയ്യുന്ന പരിപാടിയാണ് ഏറെ അവഗണന നേരിടുന്നത്. ഈ ഇനത്തില്‍ ഒരുരൂപപോലും നല്‍കിയിടില്ല. തുക നല്‍കാത്തതിന് പരസ്പരം പഴിചാരി രക്ഷപ്പെടാനാണ് ജില്ലാ പഞ്ചായത്തും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രമിക്കുന്നത്. കഴിഞ്ഞവര്‍ഷംവരെ നൂറ്റമ്പതു ദിവസമായിരുന്നു പദ്ധതി. പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠനനിലവാരം ഉയര്‍ത്തുന്നതിനും പ്രയോജനപ്പെടുന പദ്ധതിക്ക് മതിയായ തുക നീക്കിവെക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഭക്ഷണം നല്‍കുന്ന ദിവസം നൂറായി വെട്ടിച്ചുരുക്കി. സാധനങ്ങളുടെ വില പയഫലമടങ്ങായി വര്‍ധിച്ചിട്ടും ഒരുദിവസത്തെ ഭക്ഷണത്തിന് കുട്ടിക്ക് അഞ്ചുരൂപ മാത്രമാണ് നീക്കിവെച്ചത്. അതുപോലും കൃത്യമായി നല്‍കുന്നില്ല. സംസ്ഥാനസര്‍ക്കാര്‍ ഫണ്ട് അനുവദിക്കേണ്ട ഉച്ചഭക്ഷണം, കോഴിമുട്ട വിതരണം എന്നിവയുടെ തുക നല്‍കുന്നതും നേരത്തേതില്‍നിന്ന് വ്യത്യസ്തമായി കാലതാമസം നേരിടുകയാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി അതത്സമയം തുക നല്‍കുന്നതിന് നടപടിയെടുത്തിരുന്നു. ഈ അധ്യയനവര്‍ഷം ആഗസ്ത് വരെ വിതരണംചെയ്ത കോഴിമുട്ടയുടെ തുക മാത്രമാണ് ഇതുവരെ നല്‍കിയത്. പാല്‍വിതരണത്തിന് വിറകിനും പഞ്ചാസാരയ്ക്കുമായുള്ള തുകയും നല്‍കിയിട്ടില്ല. പാല്‍ വിദ്യാലയങ്ങളില്‍ എത്തിക്കാന്‍ തുക നല്‍കാത്തതും പ്രയാസങ്ങള്‍ ഉണ്ടാക്കുന്നു. വിദ്യാലയാധികൃതര്‍ മുന്‍കൂര്‍ മുടക്കിയ തുക എന്ന് നല്‍കുമെന്ന് പറയാനും സാധിക്കുന്നില്ല. സാധനങ്ങളുടെയും പാചക സാമഗ്രികളുടെയും തുക കാലാനുസൃതമായി വര്‍ധിപ്പിച്ചു നല്‍കാത്തതും ബുദ്ധിമുട്ടാകുന്നതായി പിടിഎ ഭാരവാഹികള്‍ പറയുന്നു.

ഉണ്ണിയുടെ കരവിരുതില്‍ ബഷീറിന് ജന്മദിന സ്മാരകം

പയ്യന്നൂര്‍ : മനുഷ്യജീവിതത്തിന്റെയും കാലദേശങ്ങളുടെയും അനുഭവങ്ങള്‍ പകര്‍ത്തിയ അതുല്യകഥാകാരന് ജന്മദിനത്തില്‍ നിത്യസ്മാരകം. ഏറ്റുകുടുക്ക എ യുപി സ്കൂളിലെ മലയാള ഭാഷാസമിതിക്കുവേണ്ടി ശില്‍പി ഉണ്ണി കാനായിയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവന്‍ തുടിക്കുന്ന ശില്‍പം നിര്‍മിച്ചത്. മുണ്ടും ജുബ്ബയുമിട്ട് വരമീശയുംവച്ച് കഥകളുടെ അനന്തലോകത്തേക്ക് കണ്ണും നട്ടിരിക്കുന്ന ശില്‍പത്തിന്റെ ഉയരം നാലരടിയാണ്. കളിമണ്ണിലാണ് ശില്‍പം. പ്രജില്‍ , അനൂപ് എന്നിവര്‍ നിര്‍മാണ സഹായികളായി. ബഷീറിന്റെ സ്മരണയ്ക്ക് ഏറ്റുകുടുക്ക എ യുപി സ്കൂളില്‍വച്ചുപിടിപ്പിച്ച മാങ്കോസ്റ്റിന്‍ മരത്തണലില്‍ ശില്‍പം സ്ഥാപിക്കും. സ്കൂള്‍ അധ്യാപകന്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ മാങ്കോസ്റ്റിന് ചുറ്റും ബഷീര്‍ കഥാപാത്രങ്ങളായ എട്ടുകാലി മമ്മുഞ്ഞി, ആനവാരി രാമന്‍നായര്‍ , പാത്തുമ്മയും ആടും, പഴുതാരയും വവ്വാലും ശില്‍പരൂപത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇതിന്റ നടുവില്‍ ഇനി ബഷീര്‍ ശില്‍പവും. ഫെബ്രുവരിയില്‍ ബഷീറിന്റെ ഭാര്യ ഫാബി ബഷീറും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന ചടങ്ങില്‍ ശില്‍പം സ്കൂളിന് സമര്‍പ്പിക്കും. കേരളത്തിനകത്തും പുറത്തും നിരവധി ശില്‍പങ്ങള്‍ നിര്‍മിച്ച ഉണ്ണി കാനായി കോഴിക്കോട് മ്യൂസിയത്തിലേക്ക് ബഷീറിന്റെ പൂര്‍ണകായ പ്രതിമ നിര്‍മിക്കുന്നുണ്ട്. കാനായിയിലെ പരേതനായ ഇരുട്ടന്‍ പത്മനാഭന്റയും അക്കാളത്ത് ജാനകിയുടെയും മകനാണ്. ഭാര്യ: പി കെ രസ്ന. മകന്‍ : അര്‍ജുന്‍ .

No comments: