Thursday, January 5, 2012

മാനേജ്‌മെന്റ് മുന്‍കൂര്‍ അനുമതി വാങ്ങണം


06 Jan 2012

  • അധ്യാപക നിയമനം
  • കെ.ഇ.ആര്‍ .ഭേദഗതിക്ക് കരടായി
  • ഒന്നാം ക്ലാസില്‍ ചേരാനുള്ള പ്രായം 6 വയസ്സ്
  • അധ്യാപക-വിദ്യാര്‍ഥി അനുപാതം എല്‍.പി.യില്‍ 1:30ഉം യു.പി.യില്‍ 1:35ഉം
  • അധ്യാപകരുടെ പ്രവര്‍ത്തനം വിലയിരുത്തും
തിരുവനന്തപുരം: അധ്യാപക പാക്കേജിന്റെയടിസ്ഥാനത്തില്‍ കേരള വിദ്യാഭ്യാസ ചട്ടത്തിലെ (കെ.ഇ.ആര്‍.) ഭേദഗതിക്കുള്ള കരട് തയ്യാറായി. എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തിന് മാനേജ്‌മെന്റുകള്‍ സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ഒഴിവുകള്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുമെന്നതുമാണ് ഭേദഗതിയിലെ പ്രധാന നിര്‍ദേശം. ഭേദഗതി നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസമന്ത്രി അംഗീകരിച്ച് നിയമവകുപ്പിനയച്ചു. നിയമവശങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കി മന്ത്രിസഭയുടെ അംഗീകാരത്തോടെയായിരിക്കും ഭേദഗതികള്‍ നിലവില്‍ വരിക.
അധ്യാപക നിയമനത്തിനുള്ള മാനേജ്‌മെന്റിന്റെ അധികാരത്തില്‍ സര്‍ക്കാര്‍ കൈകടത്തുന്നില്ല. അതിനുള്ള അധികാരം തുടര്‍ന്നും മാനേജ്‌മെന്റുകളില്‍ തന്നെ നിക്ഷിപ്തമായിരിക്കും. എന്നാല്‍, ഓരോ വര്‍ഷവും ഉണ്ടാകുന്ന ഒഴിവുകള്‍ മാനേജ്‌മെന്റുകള്‍ തലേവര്‍ഷം തന്നെ സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് ചെയ്യണം. അതത് എ.ഇ.ഒ., ഡി.ഇ.ഒ. മാര്‍ക്കാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. സംസ്ഥാനതലത്തില്‍ ഓരോ സ്‌കൂളിനും ഓരോ വിഷയത്തിലും ഉണ്ടാകുന്ന ഒഴിവുകള്‍ ഡി.പി.ഐ. വിജ്ഞാപനം ചെയ്യും. താത്പര്യമുള്ളവര്‍ക്ക് അതത് മാനേജ്‌മെന്റിന് അപേക്ഷ നല്‍കി നിയമനം നേടാം. ഇല്ലാത്ത ഒഴിവുകളിലേക്ക് നിയമനം നടത്തുകയും പിന്നീട് നിയമപ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്ന പതിവ് അവസാനിപ്പിക്കുകയെന്നതാണ് ഈ പരിഷ്‌കാരത്തിന്റെ ലക്ഷ്യം.
ഒന്നാംക്ലാസില്‍ ചേരാനുള്ള പ്രായം ഭേദഗതിയിലൂടെ ആറു വയസ്സായി നിജപ്പെടുത്തുന്നു. നിലവില്‍ അഞ്ചുവയസ്സിലാണ് ഒന്നില്‍ ചേരുന്നത്. ഈ മാറ്റം ഉണ്ടാകുന്ന ആദ്യവര്‍ഷത്തില്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ആറു മാസം ഇളവ് നല്‍കാം. കുട്ടികളെ ആധാറില്‍ പങ്കെടുപ്പിച്ച് എല്ലാവരുടെയും കണക്കെടുക്കും. തലയെണ്ണല്‍ നിയമം മൂലം തന്നെ ഒഴിവാകും. ആധാര്‍ പ്രകാരമുള്ള യു.ഐ.ഡി.യായിരിക്കും ഇനി കുട്ടികളുടെ എണ്ണം കണക്കാക്കാനായി ഉപയോഗിക്കുക.

അധ്യാപക, വിദ്യാര്‍ഥി അനുപാതം എല്‍.പി.യില്‍ 1:30 ഉം യു.പി.യില്‍ 1:35 ഉം ആക്കും. എന്നാല്‍ രണ്ടാമത്തെ ഡിവിഷന്‍ അനുവദിക്കുന്നത് എത്ര കുട്ടികള്‍ ഉള്ളപ്പോള്‍ ആണെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. ഭേദഗതി നിര്‍ദേശങ്ങള്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് പോകുമ്പോഴേക്ക് ഇക്കാര്യം തീരുമാനിക്കും. എല്‍.പി.യില്‍ 150 ഉം യു.പി.യില്‍ 100 ലും കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാരെ അധ്യാപന ചുമതലയില്‍നിന്ന് ഒഴിവാക്കി. എയ്ഡഡ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരെ സെല്‍ഫ് ഡ്രോയിങ് ഓഫീസര്‍മാരാക്കി.

അധ്യാപകരുടെ പ്രവര്‍ത്തനം വിലയിരുത്തുമെന്നും നിയമഭേദഗതിയില്‍ പറയുന്നു. എന്നാല്‍, ഇതിന്റെ വിശദാംശങ്ങളായിട്ടില്ല. അധ്യാപക സംഘടനകളുമായി ചര്‍ച്ച ചെയ്തായിരിക്കും ഇതിനുള്ള സംവിധാനം ആവിഷ്‌കരിക്കുക. ടി.ടി.സി.ക്കും ബി.എഡിനും പുറമെ അധ്യാപക നിയമനത്തിനായി അഭിരുചി പരീക്ഷയും ഏര്‍പ്പെടുത്തും. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകള്‍കൂടി കണക്കിലെടുത്താണ് കെ.ഇ.ആറില്‍ മാറ്റങ്ങള്‍ വരുത്തുന്നത്.mathrubhumi
പഠനമികവിന്റെ പ്രദര്‍ശനം
Posted on: 06 Jan 2012


പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയുമായി വൊക്കേഷണല്‍ എക്‌സ്‌പോ ആകര്‍ഷകമായി.

പേട്ട ഗവ. വി. എച്ച്. എസ്. ഗേള്‍സ് ഹൈസ്‌കൂളിലാണ് പ്രദര്‍ശനം നടക്കുന്നത്. ഫിഷറീസ്, അഗ്രികള്‍ച്ചര്‍, എന്‍ജിനിയറിങ്, കോമേഴ്‌സ്, ഹോംസയന്‍സ്, ട്രാവല്‍ ആന്റ് ടൂറിസം, ഹോസ്​പിറ്റല്‍ മാനേജ്‌മെന്റ് എന്നീ വിഭാഗങ്ങളുടേതാണ് പ്രദര്‍ശനം.
ഇക്കോ ടൂറിസം കേരളത്തില്‍ വ്യാപകമാക്കാനുള്ള റിസോര്‍ട്ടുകളുടെ മാതൃകയുമായി സിറ്റി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രദര്‍ശനത്തിലെ ആകര്‍ഷകമായിട്ടുണ്ട്.

കര്‍ഷകന് വൈദ്യുതിബില്ല് ഇരുട്ടടിയാകാതിരിക്കാനായി സൈക്കിളും മോട്ടോറും ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് കൃഷിക്ക് വെള്ളം ഒഴിക്കുന്ന ലഘുയന്ത്രവും പ്രമേഹത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന ആന്റി ഡയബറ്റിക് വൃക്ഷങ്ങളും സന്ദര്‍ശകര്‍ക്ക് കൗതുകകരമായി. ഗതാഗത ക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന കൊല്ലം എസ്. എന്‍. കോളേജ് ജങ്ഷനില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഫ്‌ളൈഓവറിന്റെ മാതൃകയുമായി ഇരവിപുരം ഗവ. വി. എച്ച്. എസ്. എസിലെ വിദ്യാര്‍ഥികളും എക്‌സ്‌പോയില്‍ പങ്കാളികളായി.

കൊതുകിന്റെ കൂത്താടികളെ വളര്‍ത്തി മത്സ്യങ്ങള്‍ക്ക് നല്‍കി, മത്സ്യക്കൃഷിയും കൊതുകുനിവാരണ പദ്ധതിയുമായാണ് ചെറിയഴീക്കല്‍ വി. എച്ച്. എസ്. എസ്. എക്‌സ്‌പോയില്‍ പങ്കെടുക്കുന്നത്. പ്രദര്‍ശനം ഗതാഗത-ദേവസ്വം മന്ത്രി വി. എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. മേയര്‍ കെ. ചന്ദ്രിക, വി. എച്ച്. എസ്. ഇ. ഡയറക്ടര്‍ എം. അബ്ദുള്‍ റഹ്മാന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഒ. പുഷ്‌പേന്ദ്രന്‍, കെ. എസ്. ഷീല, ബി. ശ്രുതി, കൊല്ലം വി. എച്ച്. എസ്. ഇ. അസി. ഡയറക്ടര്‍ ടി. വി. അനില്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

എസ്എസ്എല്‍സി: "തിളക്കം" പദ്ധതി ഉപേക്ഷിച്ചു

തിരു: സംസ്ഥാനത്ത് പിന്നോക്കം നില്‍ക്കുന്ന ഹൈസ്കൂളുകളിലെ വിജയശതമാനം ഉയര്‍ത്തുന്നതിന് ആരംഭിച്ച "തിളക്കം" പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചു. 2006ലെ എസ്എസ്എല്‍സി പരീക്ഷയില്‍ 20 ശതമാനത്തില്‍ താഴെ വിജയശതമാനമുണ്ടായ 104 സ്കൂളിലാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിലൂടെ 19 സ്കൂളില്‍ 2011 ആയപ്പോള്‍ 100 ശതമാനമായി വിജയം. 54 സ്കൂളില്‍ വിജയശതമാനം 90ന് മുകളിലാണ്. ഇതടക്കം 86 സ്കൂളില്‍ 75 ശതമാനം വിജയം നേടി. ഈ വര്‍ഷം പത്താംക്ലാസില്‍ എല്ലാ വിഷയങ്ങളിലും പുതിയ പുസ്തകങ്ങളാണ്. പ്രത്യേക പരിശീലനം ഇല്ലാതെ ഈ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളെ ഉന്നതപഠനത്തിന് അര്‍ഹരാക്കാന്‍ കഴിയുമോ എന്ന് അധ്യാപകരും രക്ഷിതാക്കളും ആശങ്കപ്പെടുന്നു. "ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം" എന്ന സന്ദേശവുമായി ആരംഭിച്ച പദ്ധതി സര്‍ക്കാര്‍ അട്ടിമറിച്ചതോടെ നൂറുകണക്കിനു വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലായി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രാദേശിക ജനപ്രതിനിധികളുടെയും കൂട്ടായ്മയിലൂടെ സംസ്ഥാനത്തിന്റെയാകെ "തിളക്ക"മായി മാറിയ പദ്ധതിയില്‍നിന്നുള്ള സര്‍ക്കാരിന്റെ പിന്മാറ്റം പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയത്തിന്റെ തുടര്‍ച്ചയായി കണക്കാക്കുന്നു. ഇപ്പോള്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയായ എം ശിവശങ്കര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആയിരിക്കെയാണ് ഈ മാതൃകാ പദ്ധതിക്ക് രൂപം നല്‍കിയത്. പദ്ധതി അവതാളത്തില്‍ ആയതില്‍ സെക്രട്ടറിയും നിസ്സഹായാവസ്ഥ പ്രകടിപ്പിച്ചു. വിദ്യാഭ്യാസവകുപ്പ് പദ്ധതിക്ക് നീക്കിവച്ച ഒന്നരക്കോടി രൂപ ലാപ്സായി. മുന്‍വര്‍ഷത്തെപ്പോലെ പദ്ധതി നടപ്പാക്കുന്നതിന് ഈ വര്‍ഷവും പൊതുവിദ്യാഭ്യാസവകുപ്പ് സര്‍ക്കുലര്‍ ഇറക്കി. എന്നാല്‍ , ഈ സര്‍ക്കുലറില്‍ പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമായ ഒരുക്കങ്ങളെക്കുറിച്ച് പറയുന്നില്ല. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് ഡിപിഐയില്‍ രണ്ട് ഡിഡിഇമാരെ മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ചിരുന്നു. കാര്യമായ പണിയില്ലാത്ത നിലയിലാണ് ഇവര്‍ . പദ്ധതിയുടെ കേന്ദ്ര ബിന്ദു വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക പരിശീലനമാണ്. "ഒരുക്കം" എന്ന് പേരിട്ട ഈ പ്രവര്‍ത്തനം ഇപ്പോള്‍ നടക്കുന്നില്ല. "ഒരുക്ക"ത്തിനു മുന്നോടിയായി അധ്യാപകര്‍ക്ക് ഒക്ടോബറില്‍പരിശീലനം നല്‍കാറുണ്ട്. ഈ വര്‍ഷം പരിശീലനം നല്‍കിയിട്ടില്ല. പകരം ഒരു കുട്ടിക്ക് അഞ്ച് രൂപ തോതില്‍ ചാര്‍ട്ടും പേപ്പറും സ്കെച്ച്പെന്നും വാങ്ങാമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇതുകൊണ്ട് കുട്ടികള്‍ക്ക് ഒരു പ്രയോജനവുമില്ല. പദ്ധതി മോണിറ്റര്‍ചെയ്യാന്‍ അതതിടത്തെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാരെ കോ-ഓര്‍ഡിനേറ്റര്‍മാരാക്കിയിരുന്നു. കൂടാതെ സ്കൂളുകളില്‍ പ്രാദേശിക ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മോണിറ്ററിങ് കമ്മിറ്റിയും രൂപീകരിച്ചു. ഈ വര്‍ഷം ഇതിനൊന്നും സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല.
  DESHABHIMANI

No comments: