Thursday, January 12, 2012

ഒന്നില്‍ ചേരാന്‍ ഈ വര്‍ഷം അഞ്ചര വയസ് നിര്‍ബന്ധം


13 Jan 2012
  • അടുത്ത വര്‍ഷം മുതല്‍ ആറു വയസ്
  • എല്ലാ വിഭാഗം സ്‌കൂളുകള്‍ക്കും ബാധകം
  • വ്യവസ്ഥ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം
  • സര്‍ക്കാര്‍ ഉത്തരവിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിഭാഗം സ്‌കൂളുകളിലും അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒന്നാംക്ലാസില്‍ ചേരാനുള്ള പ്രായം ആറ് വയസാക്കി നിജപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ആദ്യവര്‍ഷമായതിനാല്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ആറ് മാസം ഇക്കുറി ഇളവ് നല്‍കാം. എന്നാല്‍ തുടര്‍ വര്‍ഷങ്ങളില്‍ ഒന്നില്‍ ചേരുന്നതിനുള്ള പ്രായം ആറു വയസ് തന്നെയായിരിക്കും.
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും കേന്ദ്ര സിലബസ് അനുവര്‍ത്തിക്കുന്ന സി.ബി.എസ്. ഇ, ഐ.സി.എസ്.ഇ, മറ്റ് കേന്ദ്ര വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഒന്നില്‍ ചേരുന്നതിനുള്ള പ്രായം ആറു വയസായിരിക്കും. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലെ രണ്ടാം സെക്ഷനിലെ ഒന്നുമുതല്‍ നാല് വരെയുള്ള ഉപവകുപ്പുകളില്‍ പ്രതിപാദിക്കുന്ന എല്ലാ വിഭാഗം സ്‌കൂളുകള്‍ക്കും ഈ തീരുമാനം ബാധകമാണെന്നാണ് ഉത്തരവില്‍ പറയുന്നത്. പൊതു വിദ്യാഭ്യാസ സെക്രട്ടറി എം.ശിവശങ്കര്‍ ജനവരി ഒമ്പതിനാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഒന്നില്‍ ചേരുന്നതിനുള്ള പ്രായം ആറു വയസാക്കി സര്‍ക്കാര്‍ നിശ്ചയിച്ചത്. വിദ്യാഭ്യാസ അവകാശ നിയമം 2013 മാര്‍ച്ച് 31 ഓടെ പുര്‍ണമായി നടപ്പാക്കണമെന്നാണ് ചട്ടം. കേന്ദ്ര നിയമത്തിലെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഒന്നില്‍ ചേരുന്നതിനുള്ള പ്രായം ആറാക്കുന്നത്. ഇതോടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ആറാം വയസിലേ ഒന്നില്‍ ചേരാനാകൂ.


കേരളത്തില്‍ അഞ്ചാം വയസില്‍ ഒന്നില്‍ ചേരുന്ന പതിവാണ് നിലനില്‍ക്കുന്നത്. ഇതിനനുസൃതമായി എല്‍.കെ.ജിയിലും യു.കെ.ജിയിലും ചേര്‍ക്കുന്ന രീതിയാണ് കേരളത്തിലുള്ളത്. അടുത്ത അധ്യയനവര്‍ഷം ഒന്നില്‍ ചേര്‍ക്കണമെന്ന ഉദ്ദേശ്യത്തോടെ നേരത്തെ പ്രീ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി വരുന്ന വിദ്യാര്‍ഥികളില്‍ നല്ലൊരുഭാഗത്തിന് അഞ്ചര വയസ് തികയില്ല. ഇങ്ങനെയുള്ള കുട്ടികള്‍ അടുത്ത വര്‍ഷം യു.കെ.ജിയില്‍ തന്നെ തുടര്‍ന്നും ഇരിക്കേണ്ടിവരും.


ജൂണില്‍ തുടങ്ങുന്ന അധ്യയന വര്‍ഷത്തേക്ക് ഡിസംബറില്‍ തന്നെ പല സ്വകാര്യ സ്‌കൂളുകളിലും പ്രവേശനം ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രത്യേകിച്ചും കേന്ദ്ര സിലബസ് സ്‌കൂളുകളില്‍. അഡ്മിഷന്‍ നേടിയവരാണെങ്കിലും ജൂണ്‍ ഒന്നിന് അഞ്ചര വയസെങ്കിലും ഇല്ലാത്തവര്‍ക്ക് ഒന്നില്‍ പഠിക്കാനാകില്ല. ജൂണ്‍ ഒന്ന് അടിസ്ഥാനമാക്കിയാണ് വയസ് കണക്കാക്കുക. ആറ് വയസാണ് നിശ്ചയിച്ചതെങ്കിലും ചുരുങ്ങിയ ദിവസങ്ങളുടെ വ്യത്യാസം ഉള്ളവര്‍ക്ക് ഒരു വര്‍ഷം നഷ്ടപ്പെടാതിരിക്കാനാണ് ആറ് മാസത്തെ ഇളവ് നല്‍കുന്നത്. കേന്ദ്ര നിയമത്തിലെ വ്യവസ്ഥയായതിനാല്‍ ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി ഉണ്ടാകാം. മാത്രമല്ല പത്താംക്ലാസിലെയും മറ്റും പൊതുപരീക്ഷ വരുമ്പോള്‍ കൂടുതല്‍ ബുദ്ധിമുട്ടുകളുമുണ്ടാകും. mathrun bhoomi
അടുത്ത പ്രവേശനോത്സവത്തില്‍ പുതിയ യൂണിഫോമുകള്‍ ധരിച്ച്...
തിരുവനന്തപുരം: ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ അധ്യാപക സമൂഹം യത്‌നിക്കണമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. എസ്.എസ്.എ. കേരളയുടെ വാര്‍ഷിക പദ്ധതി രൂപവത്കരണ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്ത പ്രവേശനോത്സവത്തില്‍ പുതിയ യൂണിഫോമുകള്‍ ധരിച്ച് സ്‌കൂളുകളില്‍ എത്താന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന രീതിയില്‍ യൂണിഫോം വിതരണം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് എസ്.എസ്.എ. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. കെ.എം. രാമാനന്ദന്‍ എല്ലാ ജില്ലാ പ്രോജക്ട് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ഡി. ഇ.ഒ മാര്‍, എ.ഇ.ഒ മാര്‍, സര്‍വശിക്ഷാ അഭിയാന്‍ ജില്ലാ പ്രതിനിധികള്‍, സംസ്ഥാന പ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഏകദിന ശില്പശാലയില്‍ പങ്കെടുത്തു.

No comments: