Tuesday, July 26, 2011

ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് ഇനി റസിഡന്‍ഷ്യല്‍ പരിശീലന പദ്ധതി

27 Jul ൨൦൧൧

ന്യൂഡല്‍ഹി: നിലവാരം മെച്ചപ്പെടുത്താനായി കേരളത്തിലെ ഹൈസ്‌കൂള്‍ അധ്യാപകരെ ഒരിടത്ത് താമസിപ്പിച്ചുള്ള പരിശീലന പദ്ധതിക്ക് കേന്ദ്രസര്‍ക്കാറിന്റെ അനുമതി. ഒമ്പത്, പത്ത് ക്ലാസുകളിലെ അധ്യാപകരെയാണ് പദ്ധതിയില്‍ പങ്കെടുപ്പിക്കുക. ആറു വര്‍ഷത്തിനുള്ളില്‍ അരലക്ഷത്തോളം ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.പി. മുഹമ്മദ് ഹനീഷ് 'മാതൃഭൂമി'യോടു പറഞ്ഞു.

  • ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് 15 ദിവസത്തെ റസിഡന്‍ഷ്യല്‍ പരിശീലനമാണ് നല്‍കുക. ഇതു സംബന്ധിച്ച പദ്ധതിനിര്‍ദേശം കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം തിരുപ്പതിയില്‍ സംഘടിപ്പിച്ച ദക്ഷിണ മേഖലാ അവലോകനയോഗത്തില്‍ സമര്‍പ്പിച്ച് അംഗീകാരം നേടിയിരുന്നു. എന്‍.സി..ആര്‍.ടി.യുടെ സഹകരണത്തോടെ പരിശീലനപരിപാടിക്ക് അന്തിമരൂപം നല്‍കും. എന്തായാലും കേരളത്തിന്റെ നിര്‍ദേശം തത്ത്വത്തില്‍ കേന്ദ്രം അംഗീകരിച്ചു. -മുഹമ്മദ് ഹനീഷ് പറഞ്ഞു.
  • രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (ആര്‍.എം.എസ്. .) പദ്ധതിയനുസരിച്ച് ഹൈസ്‌കൂളുകളുടെ അടിസ്ഥാനസൗകര്യവികസനത്തിനായി സംസ്ഥാനത്തിന് 345 കോടി രൂപയുടെ കേന്ദ്രസഹായധനം ലഭിക്കും.
  • വര്‍ഷം 200 കോടി രൂപയ്ക്ക് കമ്പ്യൂട്ടര്‍ പരിശീലനം, ലാബുകള്‍ സജ്ജമാക്കല്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുക. ആര്‍.എം.എസ്..യില്‍ ഉള്‍പ്പെടുത്തിയാണ് അധ്യാപക പരിശീലനത്തിനും തുക വകയിരുത്തുക.
  • ആദ്യഘട്ടത്തില്‍ കണക്ക്, ഊര്‍ജതന്ത്രം എന്നീ വിഷയങ്ങളിലാണ് പരിശീലനം നല്‍കുന്നത്. വിദ്യാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ പരാജയപ്പെടുന്നത് വിഷയങ്ങളിലാണ്. കണക്കില്‍ നൂറില്‍ ശരാശരി അമ്പതു മാര്‍ക്കും ഊര്‍ജതന്ത്രത്തില്‍ 52 മാര്‍ക്കുമായാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിജയം. രസതന്ത്രം, സാമൂഹികശാസ്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങളിലും അധ്യാപകര്‍ക്ക് പരിശീലനം നല്‍കാന്‍ സംസ്ഥാനം പദ്ധതി നിര്‍ദേശം സമര്‍പ്പിച്ചിരുന്നു.
  • ന്യൂനപക്ഷങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ പത്ത് സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച കേന്ദ്രം 4.32 കോടി രൂപ സഹായധനം അനുവദിച്ചു. മുസ്‌ലിം സമുദായം നടത്തുന്ന ആറു സ്‌കൂളുകള്‍ക്കും ക്രിസ്ത്യന്‍ സമുദായം നടത്തുന്ന നാലു സ്‌കൂളുകള്‍ക്കും സഹായധനം ലഭിക്കും. കൊണ്ടോട്ടി .എം...ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോഴിക്കോട് കടമേരി ആര്‍..സി.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മലപ്പുറം കടക്കാശ്ശേരി ഐഡിയല്‍ ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഈരാറ്റുപേട്ട മുസ്‌ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാലക്കാട് പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്‌കൂള്‍, കാസര്‍കോട് പള്ളിക്കര ഇസ്‌ലാമിക് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊല്ലം കൊട്ടിയം എന്‍.എസ്.എം.ജി.എച്ച്.എസ്, കിഴക്കമ്പലം സെന്റ് ജോസഫ് എച്ച്.എസ്., ഉടുമ്പഞ്ചോല ചെമ്മണ്ണൂര്‍ സെന്റ് സേവ്യേഴ്‌സ് എച്ച്.എസ്.എസ്. എന്നിവയാണ് സഹായധനത്തിന് അര്‍ഹത നേടിയ സ്‌കൂളുകള്‍.
-മാതൃഭൂമി

ഞാറു നട്ട്, പാട്ടുപാടി കുട്ടിക്ലാസ്‌

മുള്ളേരിയ:മുള്ളേരിയ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒരുകൂട്ടം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ ഞാറു നടാന്‍ നാട്ടിപ്പാട്ടിന്റെ ഈണവുമായി പാടത്തിറങ്ങി. സ്‌കൂളിലെ സീഡ് ക്ലബ് അംഗങ്ങളും എന്‍.എസ്.എസ്. വളന്റിയര്‍മാരും ചേര്‍ന്ന് നടപ്പാക്കുന്ന 'മണ്ണിന്റെ മനസ്സറിയാന്‍' പരിപാടിയുടെ ഭാഗമായാണ് കുട്ടികള്‍ ചേറ്റിലിറങ്ങിയത്.

നെല്‍കൃഷിയെ നെഞ്ചേറ്റിയ കാര്‍ളെയിലെ കര്‍ഷകന്‍ വിശ്വനാഥ ഷെട്ടിയുടെ പാടത്താണ് കുട്ടിക്കര്‍ഷകര്‍ ഞാറുനട്ടത്. രാവിലെ മുതല്‍ വൈകിട്ട് വരെ കൃഷിപാഠങ്ങളറിഞ്ഞ് കുട്ടികള്‍ പാടത്ത് പണിതു. വൈകിട്ട് പാടത്തുനിന്ന് കയറിയ കുട്ടികള്‍ വിശ്വനാഥ ഷെട്ടിയുമായി അഭിമുഖം നടത്തി. മണ്ണിന്റെ മനസ്സറിയാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലായിരുന്നു കുട്ടികള്‍. സീഡ് കോ ഓര്‍ഡിനേറ്റര്‍ ഷാഹുല്‍ ഹമീദ്, പ്രിന്‍സിപ്പല്‍ കെ.ഗംഗാധര, പി.ടി.എ. പ്രസിഡന്റ് കെ.മാധവ ഭട്ട്, സീനിയര്‍ അസിസ്റ്റന്റ് പി.നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ പാടത്തിറങ്ങിയത്.

പരവനടുക്കം:ചെമ്മനാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ നാട്ടിക്കൃഷിയെക്കുറിച്ചറിയാന്‍ പരവനടുക്കം കോട്ടരുവം പാടത്തിറങ്ങി. വിത്തിടുന്നത് മുതല്‍ കൊയ്യുന്നത് വരെയുള്ള വിവിധ ഘട്ടങ്ങളെപ്പറ്റി കുട്ടികള്‍ മനസ്സിലാക്കി. ഓരോസമയത്ത് നടത്തുന്ന നഞ്ച, പുഞ്ച, കൊള്‍ക്ക തുടങ്ങിയ കൃഷിയെക്കുറിച്ച് സീഡ് കോ ഓര്‍ഡിനേറ്റര്‍ ശ്രീനിവാസന്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു. തുടര്‍ന്ന് കുട്ടികള്‍ നാട്ടിപ്പാട്ട് പാടി ഞാറുനട്ടു.
--
ഖാദിവസ്ത്ര പ്രചാരകരായി കൂത്താട്ടുകുളം ഗവ. യുപി സ്‌കൂള്‍

കൂത്താട്ടുകുളം: ആഴ്ചയില്‍ ഒരുദിവസം ഖാദിവസ്ത്രം ഉപയോഗിക്കുക എന്ന സന്ദേശവുമായി കൂത്താട്ടുകുളം ഗവ. യുപി സ്‌കൂള്‍ പ്രവര്‍ത്തന പരിപാടികളാരംഭിച്ചു. വിദ്യാലയത്തിലെ 504 കുട്ടികളും മുഴുവന്‍ അധ്യാപകരും ഖാദിവസ്ത്രത്തിന്റെ പ്രാധാന്യമറിയിച്ചുകൊണ്ട് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. സാമൂഹ്യ-സാംസ്‌കാരിക സംഘടനകള്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, സന്നദ്ധ സംഘടനകള്‍, ഓട്ടോറിക്ഷാ തൊഴിലാളി സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങളെന്ന് പ്രധാന അധ്യാപകന്‍ കെ.വി. ബാലചന്ദ്രന്‍ പറഞ്ഞു.

എല്ലാ ബുധനാഴ്ചയും കുട്ടികളും അധ്യാപകരും ഖാദി വസ്ത്രങ്ങളണിയും. കൂത്താട്ടുകുളം ഫിലിപ്പ് ജോര്‍ജ് സ്മാരക സാംസ്‌കാരിക സമിതിയില്‍ നിന്ന് യൂണിഫോം തുണി ഏറ്റുവാങ്ങി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. സമിതി ഭാരവാഹികളായ അനില്‍ പെരുന്താനത്ത്, ബിജു പള്ളിത്താഴത്ത് എന്നിവര്‍ കുട്ടികള്‍ക്കുള്ള യൂണിഫോം നല്‍കി, പ്രധാന അധ്യാപകന്‍ കെ.വി. ബാലചന്ദ്രന്‍, സി.പി. രാജശേഖരന്‍, കെ.വി. മനോജ്, ആര്‍. വത്സലാദേവി എന്നിവര്‍ പ്രസംഗിച്ചു.
--


No comments: