Tuesday, July 12, 2011

കുമ്പസാരിക്കാത്തതിന് ഒമ്പതുകാരിയുടെ കരണത്തടിച്ചതിന് വടൂക്കര പള്ളി വികാരിക്കെതിരെ കേസ്

13 Jul 2011തൃശ്ശൂര്‍: ഒമ്പതുവയസ്സുള്ള പെണ്‍കുട്ടിയുടെ കരണത്തടിച്ചതിന്റെ പേരില്‍ വടൂക്കര ലിറ്റില്‍ ഫ്‌ളവര്‍ പള്ളി വികാരി പോള്‍ പുലിക്കോട്ടിലിനെതിരെ നെടുപുഴ പോലീസ് കേസെടുത്തു. വടൂക്കര ഗുരുമന്ദിരം റോഡില്‍ പുത്തന്‍വീട്ടില്‍ ബൈജുവിന്റെ മകള്‍ ലെന ബൈജു (9) വിനെ കരണത്തടിച്ചുവെന്നാണ് പരാതി.

കുമ്പസാരിച്ചില്ലെന്ന കാരണം പറഞ്ഞാണ് വികാരി ലെനയെ അടിച്ചതെന്ന് പരാതിയില്‍ പറയുന്നു. ലെനയെ ജില്ലാ ആസ്​പത്രിയില്‍ ചികിത്സയ്ക്കുശേഷം വിട്ടയച്ചു. ലെനയുടെ പിതാവ് ബൈജു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നീതി ലഭ്യമാക്കാനുള്ള ചട്ടം 23 പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. തുടര്‍നടപടികള്‍ നടന്നുവരികയാണെന്ന് നെടുപുഴ എസ്.ഐ. റഹിം പറഞ്ഞു.

പാഠപുസ്തകം കിട്ടാക്കനി
: 13-Jul-2011
കോഴിക്കോട്: സ്കൂള്‍ തുറന്ന് ഒന്നരമാസമായിട്ടും ജില്ലയിലെ പല സ്കൂളുകളിലും പാഠപുസ്തകങ്ങള്‍ കിട്ടിയില്ല. പുസ്തക വിതരണം ജൂലൈ അഞ്ചിന് മുമ്പ് പൂര്‍ത്തിയാക്കുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ 25 ശതമാനം സ്കൂളില്‍ പുസ്തകവിതരണം നടന്നിട്ടില്ല. ആറിന് ഡിഡിഇ ഇന്‍ ചാര്‍ജുള്ള ഉദ്യോഗസ്ഥനോട് വീഡിയോ കോണ്‍ഫ്രന്‍സില്‍ പാഠപുസ്തകവിതരണത്തിന്റെ അവസ്ഥ മന്ത്രി പി കെ അബ്ദുറബ്ബ് അന്വേഷിച്ചിരുന്നു. കാസര്‍കോട്, മഞ്ചേശ്വരം ഭാഗത്തേക്ക് പോകേണ്ട കന്നട പുസ്തകങ്ങള്‍ വടകര മണിയൂര്‍ സ്കൂളില്‍ ഇറക്കിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന്് ഡിപിഐ ഇടപെട്ട് പുസ്തകമെത്തിക്കാന്‍ കയറ്റിറക്ക് കൂലിയും വണ്ടി വാടകയും നല്‍കുമെന്ന് ഡിഡിഇയെ അറിയിച്ചു. ഓരോ സ്കൂളിനും ആവശ്യമായ എണ്ണത്തിന് അനുസരിച്ച് പാഠപുസ്തകങ്ങള്‍ ഇറക്കാത്തതാണ് പ്രശ്നത്തിന് കാരണമായത്.കൊറിയര്‍ സര്‍വീസുകാര്‍ പുസ്തകങ്ങള്‍ കിട്ടുന്ന മുറക്ക് സ്കൂളുകളില്‍ എത്തിക്കുകയായിരുന്നു. ചില സ്കൂളുകളില്‍ ആവശ്യത്തില്‍ അധികം പുസ്തകങ്ങള്‍ ഇറക്കിയതാണ് വിതരണം താളംതെറ്റാനിടയാക്കിയെതന്നാണ് അധ്യാപകര്‍ പറയുന്നത്. കുറവുള്ള പുസ്തകത്തെക്കുറിച്ച് സ്കൂള്‍ അധികൃതര്‍ എഇഒമാരെ അറിയിക്കുന്ന സമയത്തും വിതരണം നടക്കുന്നുണ്ട്. ഇതുപ്രകാരം കൃത്യമായി പുസ്തകങ്ങളുടെ കണക്ക് എടുക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ . അതിനാല്‍ ഓണാവധിവരെ പുസ്തകമില്ലാതെ പഠിക്കേണ്ട അവസ്ഥയിലാകും വിദ്യാര്‍ഥികളിലേറെയും.
സ്കൂളുകളില്‍ തലയെണ്ണല്‍ പൂര്‍ത്തിയായി
Posted on: 12-Jul-2011 11:44 PM
മലപ്പുറം: ജില്ലയിലെ സ്കൂളുകളില്‍ ഏകദിന പരിശോധന നടന്നു. വണ്ടൂര്‍ , തിരൂര്‍ , മലപ്പുറം വിദ്യാഭ്യാസ ജില്ലകളിലായി 1841 അധ്യാപകരെയാണ് വിദ്യാര്‍ഥികളുടെ എണ്ണം എടുക്കുന്നതിനായി നിയോഗിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ തലയെണ്ണല്‍ വൈകിട്ടോടെ പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ അതത് ഡിഇഒ ഓഫീസുകളില്‍ സമര്‍പ്പിച്ചു. എല്‍പി സ്കൂളിലെ വിദ്യാര്‍ഥികളുടെ എണ്ണം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലാണ് നല്‍കിയത്. വിദ്യാര്‍ഥികളുടെ എണ്ണം സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ഡിഇഒമാര്‍ ബുധനാഴ്ച വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് കൈമാറും. ആണ്‍ -പെണ്‍ , ഉപഭാഷ പഠിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം എന്നിവ തിരിച്ചാണ് കണക്കെടുപ്പ് നടന്നത്. ചൊവ്വാഴ്ച ജില്ലയില്‍ നടന്ന ബസ് പണിമുടക്കുകള്‍ പരിശോധനയെ ബാധിച്ചു. പലയിടത്തും പരിശോധന തുടങ്ങുന്നത് വൈകാന്‍ ഇത് കാരണമായതായി പരിശോധനക്ക് നിയോഗിക്കപ്പെട്ട അധ്യാപകര്‍ പരാതിപ്പെട്ടു.
പ്രയാറിന്റെ സ്കൂളില്‍ തലയെണ്ണലില്‍ കൃത്രിമം; പതിഷേധവുമായി യൂത്ത് കോണ്‍ഗ്രസുകാര്‍
Posted on: 13-Jul-2011 12:09 AM
കടയ്ക്കല്‍ : കെപിസിസി അംഗത്തിന്റെ ഉടമസ്ഥതയിലുള്ള സ്കൂളില്‍ കുട്ടികളുടെ തലയെണ്ണലില്‍ ക്രമക്കേട്. തോവിന്റെ സ്കൂളില്‍ എണ്ണം തികയ്ക്കാന്‍ അണ്‍ എയ്ഡഡ് സ്കൂളില്‍നിന്ന് കുട്ടികളെ കൊണ്ടുവന്നത് യൂത്ത് കോണ്‍ഗ്രസുകാര്‍ തടഞ്ഞു. കെപിസിസി അംഗവും മുന്‍ എംഎല്‍എയുമായ പ്രയാര്‍ ഗോപാലകൃഷ്ണന്റെ ചിതറ ഐരക്കുഴി യുപി സ്കൂളിലാണ് ചൊവ്വാഴ്ച നടന്ന വണ്‍ഡേ വെരിഫിക്കേഷനില്‍ ക്രിത്രിമം കാട്ടാന്‍ ശ്രമം നടന്നത്. വിദ്യാര്‍ഥികള്‍ കുറവായ സ്കൂളില്‍ എണ്ണം തികയ്ക്കാന്‍ മടത്തറയിലെ സ്വകാര്യ സ്കൂളില്‍നിന്ന് കുട്ടികളെ ഇറക്കുമതി ചെയ്യാനായിരുന്നു നീക്കം. പരിശോധനയ്ക്ക് രാവിലെ ഉദ്യോഗസ്ഥര്‍ എത്തുംമുമ്പ് കുട്ടികളുമായെത്തിയ വാഹനം യൂത്ത് കോണഗ്രസുകാര്‍ തടഞ്ഞു. എന്നാലിത് നേരത്തെ മണത്തറിഞ്ഞ കോണ്‍ഗ്രസ് നേതാവും അനുയായികളും പേഴുംമൂട്ടിലെ അണ്‍ എയിഡഡ് സ്കൂളില്‍നിന്ന് മറ്റൊരു വഴിയെ സ്കൂളില്‍ കുട്ടികളെ എത്തിച്ചിരുന്നു. ഇതറിഞ്ഞ യൂത്ത് കോണ്‍ഗ്രസുകാര്‍ ഐരക്കുഴി സ്കൂളിലെത്തി. കുട്ടികളുടെ എണ്ണമെടുക്കാനെത്തിയ അധ്യാപകന്റെ മുന്നില്‍ യൂത്ത് കോണ്‍ഗ്രസുകാരും സ്കൂള്‍ ജീവനക്കാരും തമ്മില്‍ വാക്കേറ്റംനടന്നു. ക്രമക്കേട് കാട്ടിയ സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണ ആവശ്യത്തില്‍ യൂത്തുകാര്‍ ഉറച്ചുനിന്നു. ക്രമക്കേട് കണ്ടെത്തിയതോടെ സ്കൂളില്‍ ഒരു ഡിവിഷന്‍ കുറയാനാണ് സാധ്യത. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമാണ് സ്കൂളില്‍ നടന്ന പ്രതിഷേധമെന്ന ആക്ഷേപവും ഉയര്‍ന്നു. വിശാല ഐ ഗ്രൂപ്പുകാരാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രശ്നമുണ്ടാക്കാനെത്തിയതെന്ന് പ്രയാറിന്റെ അനുയായികള്‍ പറഞ്ഞു. തലയെണ്ണല്‍ ചിതറയിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തമാക്കിയിട്ടുണ്ട്.
മീശയുള്ള വിദ്യാര്‍ഥികളെ ക്ലാസില്‍ കയറ്റില്ല
Posted on: 13-Jul-2011 06:11 AM
തിരു: മീശയുള്ള വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്നു പുറത്താക്കുന്നു. നഗരത്തിലെ പ്രമുഖ വിദ്യാലയമായ മുക്കോലയ്ക്കല്‍ സെന്റ് തോമസ് സ്കൂളിലാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് പുതിയ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത്. പ്ലസ്വണ്‍ , പ്ലസ്ടു വിദ്യാര്‍ഥികള്‍ ക്ലീന്‍ഷേവ് ചെയ്ത് ക്ലാസില്‍ എത്തണമെന്ന ഉത്തരവ് പുതിയ പ്രിന്‍സിപ്പല്‍ വന്നതോടെയാണ് നടപ്പാക്കുന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു. ക്ലീന്‍ഷേവ് ചെയ്യാതെ എത്തിയ നിരവധി വിദ്യാര്‍ഥികള്‍ക്ക് ഇതിനകം ക്ലാസ് മുടങ്ങി. പിറ്റേന്ന് ക്ലീന്‍ഷേവ് ചെയ്ത് എത്തിയാല്‍ മാത്രമേ ക്ലാസില്‍ കയറാന്‍ പറ്റൂ. അച്ചടക്കം ഉറപ്പാക്കാനാണ് ഈ നിലപാടെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും വിദ്യാര്‍ഥികളുടെ മേല്‍ ഇത്തരം ശാസനകള്‍ അടിച്ചേല്‍പ്പിക്കുന്നത് മൗലികാവകാശത്തെ ചോദ്യം ചെയ്യലാണെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ മുഹമ്മദ് സഹീര്‍ ദേശാഭിമാനിയോട് പറഞ്ഞു.

കേരള വിദ്യാഭ്യാസ സമിതി രൂപവത്കരിച്ചു-കെ.എസ്.ടി.എ.

Posted on: 13 Jul 2011തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളും പൊതുവിദ്യാഭ്യാസവും സംരക്ഷിക്കുന്നതിനും സ്വാശ്രയവിദ്യാഭ്യാസ കച്ചവടത്തെ പ്രതിരോധിക്കുന്നതിനുമായി കേരള വിദ്യാഭ്യാസസമിതി രൂപവത്കരിച്ചു. അധ്യാപക-വിദ്യാര്‍ഥി-യുവജന സര്‍വീസ്-ട്രേഡ് യൂണിയന്‍ സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച ജനകീയ വിദ്യാഭ്യാസ കണ്‍വെന്‍ഷനിലാണ് സമിതി രൂപവത്കരിച്ചത്. ജനകീയ കൂട്ടായ്മ ഒ.എന്‍.വി. കുറുപ്പ് ഉദ്ഘാടനംചെയ്തു. ഡോ. നൈനാന്‍കോശി അധ്യക്ഷത വഹിച്ചു. ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത മുഖ്യ പ്രഭാഷണം നടത്തി. എം.എ. ബേബി എം.എല്‍.എ, ഡോ.മൃദുല്‍ഈപ്പന്‍, ഡോ.ജി.ബാലമോഹന്‍തമ്പി, ഡോ.ബി.ഇക്ബാല്‍, പന്ന്യന്‍ രവീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എന്‍.കെ.പ്രേമചന്ദ്രന്‍, എ.കെ.ശശി, എം.ഷാജഹാന്‍, എന്‍.ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

സമിതിയുടെ ചെയര്‍മാനായി ഡോ.നൈനാന്‍കോശിയെയും കണ്‍വീനര്‍മാരായി എം.ഷാജഹാന്‍ (കെ.എസ്.ടി.എ. ജനറല്‍സെക്രട്ടറി), എന്‍.ശ്രീകുമാര്‍ (എ.കെ.എസ്.ടി.യു. ജനറല്‍സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.

വിദ്യാലയങ്ങളെ വിപണന കേന്ദ്രങ്ങളാക്കരുത്

13 Jul 2011തിരുവനന്തപുരം: കൈകഴുകലിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിന്റെ പേരില്‍ പൊതുവിദ്യാലയങ്ങളില്‍ നടക്കുന്ന സോപ്പിന്റെയും ഹാന്‍ഡ്‌വാഷിന്റെയും പ്രചാരണ-വിപണന പരിപാടികള്‍ അവസാനിപ്പിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിവേദനം നല്‍കി.

കേരള ശുചിത്വമിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്തത്തില്‍ 'തെളിമ' എന്ന ശുചിത്വ-ആരോഗ്യ വിദ്യാഭ്യാസ പരിപാടി വിദ്യാലയങ്ങളില്‍ നടക്കുന്നതിനിടയിലാണ് 'ദി സ്‌കൂള്‍ ഫൈവ്' എന്ന പേരില്‍ വിപണന പരിപാടികള്‍ അരങ്ങേറുന്നത്.

സ്വാശ്രയ പ്രശ്‌നം: അവഹേളിക്കപ്പെടുന്നത് ക്രൈസ്തവ മിഷനറിമാര്‍

Posted on: 13 Jul 2011കൊച്ചി: കത്തോലിക്കാ സംഘടനകളുടെയും വിശ്വാസികളുടെയും എതിര്‍പ്പും പ്രതിഷേധവും അവഗണിച്ചുകൊണ്ട് മെത്രാന്മാര്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ എന്ന കവര്‍ സംഘടനയുടെ മറവില്‍ഒരു കൊള്ള സംഘത്തെപ്പോലെ സ്വാശ്രയ കച്ചവടതാല്പര്യത്തിനായി സര്‍ക്കാരിനെ വെല്ലുവിളിക്കുമ്പോള്‍ അവഹേളിക്കപ്പെടുന്നത് കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയിട്ടുള്ള മുന്‍കാല ക്രൈസ്തവ മിഷനറിമാരാണെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ യോഗം അഭിപ്രായപ്പെട്ടു. തൃശ്ശൂരില്‍ നടന്ന ന്യൂനപക്ഷ അവകാശ സംരക്ഷണ സമ്മേളനത്തില്‍ കേരള കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് പ്രസിഡണ്ട് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിച്ചുകൊണ്ടാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. കേരളത്തിലെ മെത്രാന്മാരുടെയും പുരോഹിതരുടെയും പ്രധാന കടമ ഇവിടെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലാഭകരമായി നടത്തി കോടികള്‍ ഉണ്ടാക്കി ദൈവത്തെ പ്രീതിപ്പെടുത്തുകയല്ല, മറിച്ച് വിശ്വാസികളുടെ ആദ്ധ്യാത്മിക ജീവിതത്തെ പരിപോഷിപ്പിക്കുകയാണ്.

അമൃതാ മെഡിക്കല്‍ കോളേജ് കല്പിത സര്‍വകലാശാല പദവിയുടെ മറവില്‍ മുഴുവന്‍ സീറ്റുകളും കൈവശപ്പെടുത്തിയതിനെ വിമര്‍ശിക്കുന്ന മാര്‍ ആന്‍ഡ്രൂസ് താഴത്ത് സ്വന്തം സ്ഥാപനമായ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിലെ പകുതി സീറ്റ് സര്‍ക്കാരിന് നല്‍കി മാതൃക കാണിക്കുകയാണ് വേണ്ടതെന്നും യോഗം ചൂണ്ടിക്കാട്ടി.

പ്രസിഡണ്ട് ലാലന്‍ തരകന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് പ്രസിഡണ്ട് ജോസഫ് വെളിവില്‍, ജനറല്‍ സെക്രട്ടറി ജോയ് പോള്‍ പുതുശ്ശേരി, ഫെലിക്‌സ് ജെ. പുല്ലൂടന്‍, ആന്‍േറാ കോക്കാട്ട്, അഡ്വ. വര്‍ഗീസ് പറമ്പില്‍, മാത്യു തകടിയേല്‍, ജോര്‍ജ് മൂലേച്ചാലില്‍, ജോര്‍ജ് ജോസഫ്, വി.കെ. ജോയ്, റെന്‍സന്‍ മാര്‍ക്കോസ്, ജോഷി ആന്റണി, ജെറോം പുതുശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.
എസ്എസ്എ ഓഫീസ് ഉപരോധിച്ചു
Posted on: 12-Jul-2011 11:35 PM
കാസര്‍കോട്: ബദല്‍ വിദ്യാലയങ്ങള്‍ സംരക്ഷിക്കുക, വിദ്യാര്‍ഥികളുടെ പഠനാവസരങ്ങള്‍ നിഷേധിക്കാതിരിക്കുക, അധ്യാപകര്‍ക്ക് വേതനം അനുവദിക്കുക, അധ്യാപകരുടെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അള്‍ട്ടര്‍നേറ്റ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (എഎസ്ടിഎ) ജില്ലാകമ്മിറ്റി എസ്എസ്എ ഓഫീസ് ഉപരോധിച്ചു. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം കെ വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. എം രവീന്ദ്ര അധ്യക്ഷനായി. ഇ എം ഷാന്റി, ബാലകൃഷ്ണന്‍ , സദാനന്ദന്‍ പോള, ലത്തീഫ് കളത്തൂര്‍ , സിന്ധു കൊടിയമ്മ, എം പ്രസീത എന്നിവര്‍ സംസാരിച്ചു. കെ അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു.

1 comment:

Manoj മനോജ് said...

തങ്ങള്‍ക്ക് വെയ്ക്കുവാന്‍ പറ്റാത്ത മീശ പിള്ളാര്‍ വെച്ച് കാണുമ്പോള്‍ ഉണ്ടാകുന്ന അസൂയ :)