Tuesday, November 1, 2011

150 കോടി നഷ്ടമാകുന്നു


കല്‍പ്പറ്റ: വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി അധ്യാപകരെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ച 150 കോടി രൂപ പാഴാവുന്നു. സ്കൂളുകളില്‍ പ്രധാനാധ്യാപകരെയും അധ്യാപകരെയും കൂടുതല്‍ നിയമിക്കാനും കെട്ടിടം ഉള്‍പ്പെടെയുള്ളവ ഒരുക്കാനും കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം അനുവദിച്ച തുക ഇതുവരെ ചെലവഴിച്ചിട്ടില്ല. 2012 മാര്‍ച്ച് 31നകം ചെലവഴിച്ചില്ലെങ്കില്‍ പദ്ധതി ഫണ്ട് ലാപ്സാകും. അടുത്തവര്‍ഷം കേന്ദ്രം ഫണ്ട് അനുവദിക്കുകയുമില്ല. നൂറ് കുട്ടികളില്‍ കൂടുതലുള്ള എല്‍പി സ്കൂളുകളിലും 150 കുട്ടികളില്‍ കൂടുതലുള്ള യുപി സ്കൂളുകളിലും നിലവിലുള്ളതിന് പുറമെ ഓരോ പ്രധാനാധ്യാപകരെ കൂടി നിയമിക്കാനാണ് ഫണ്ട് അനുവദിച്ചത്. ആര്‍ട്ട്, വര്‍ക്ക് എക്സ്പീരിയന്‍സ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപകരെയും നിയമിക്കാം. ഒന്നുമുതല്‍ നാലുവരെ ക്ലാസുകളില്‍ 60 കുട്ടികള്‍ക്ക് രണ്ട് അധ്യാപകരും 90 കുട്ടികള്‍ക്ക് മൂന്ന് അധ്യാപകരും 200 കുട്ടികള്‍ക്ക് അഞ്ച് അധ്യാപകരും വേണമെന്നാണ് നിയമം. 2011 മെയ് 6 നാണ് വിദ്യാഭ്യാസ അവകാശ നിയമ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ആറ് മാസത്തിനകം നടപ്പാക്കണമെന്നാണ് വ്യവസ്ഥ. ഈ കാലാവധി നവംബര്‍ ആറിന് പൂര്‍ത്തിയാകും. രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ അവകാശങ്ങള്‍ ഉറപ്പാക്കുന്ന നിയമം നടപ്പാക്കാന്‍ ഇതുവരെ ഒരു നടപടിയും ആയിട്ടില്ല. നിയമം നിലവില്‍വന്ന് ആറ് മാസത്തിനകം തദ്ദേശഭരണ സ്ഥാപനങ്ങളുടെയും രക്ഷിതാക്കളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന് വ്യവസ്ഥയുണ്ട്. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാവുന്നതോടെ അഞ്ചാം ക്ലാസ് എല്‍പി സ്കൂളിലും എട്ടാംക്ലാസ് യുപിയിലും കൂട്ടിച്ചേര്‍ക്കും. എന്നാല്‍ ഈ അധ്യയനവര്‍ഷം ഈ നിര്‍ദ്ദേശം നടപ്പാകാന്‍ സാധ്യതയില്ല. വിവേചനവും വേര്‍തിരിവുമില്ലാതെ രാജ്യത്തെ ഓരോ കുട്ടിക്കും എട്ടാം ക്ലാസ് വരെയെങ്കിലും ഗുണനിലവാരമുള്ള വിദ്യാഭ്യാസം സൗജന്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നിയമത്തിന് ഇക്കാര്യത്തില്‍ ഏറെ മുന്നേറിയ കേരളത്തില്‍ പ്രസക്തി കുറവാണെങ്കിലും ഈയിനത്തില്‍ ലഭിക്കേണ്ട കോടികളാണ് പാഴാവുന്നത്. 
മാതൃഭാഷയുടെ പ്രഭചൊരിഞ്ഞ് ബാലകൈരളികള്‍

എസ്എല്‍ പുരം: മാതൃഭാഷാ മാധ്യമ വിദ്യാഭ്യാസത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് ബാലകൈരളികള്‍ കടലോരഗ്രാമത്തിന് അക്ഷരവെളിച്ചമേകുന്നു. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തില്‍ ബാലകൈരളികള്‍ 12 വര്‍ഷം പിന്നിടുമ്പോഴും ശാസ്ത്രീയ പ്രീ സ്കൂള്‍ വിദ്യാഭ്യാസത്തില്‍ വിട്ടുവീഴ്ചയുമില്ലെന്നത് സവിശേഷതയര്‍ഹിക്കുന്നു. ഏതൊരു അന്യഭാഷാ മാധ്യമ വിദ്യാഭ്യാസവും കുട്ടിയുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ മലയാളം തന്നെയായിരിക്കണം പഠനമാധ്യമം എന്ന തീരുമാനത്തോടെ 1999 മെയ് 25ന് കടമ്മനിട്ട രാമകൃഷ്ണനാണ് ബാലകൈരളിക്ക് തിരിതെളിച്ചത്. അന്ന് കൊളുത്തിയ ദീപം ഇന്നും ഈ ഗ്രാമത്തിലെ ആയിരങ്ങളുടെ മനസ്സിനെ പ്രകാശപൂര്‍ണമാക്കുന്നു. അധികാരവികേന്ദ്രീകരണത്തിലൂടെ ലഭ്യമായ അധികാരത്തെ ഫലപ്രദമായി വിനിയോഗിച്ച് സ്വന്തം കുട്ടികള്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പല കുടുംബങ്ങളിലെയും കുട്ടികള്‍ക്കും ഏറ്റവും മികച്ച പ്രീസ്കൂള്‍ വിദ്യാഭ്യാസം ഒരുക്കിയെടുത്ത മത്സ്യ-കയര്‍ -കാര്‍ഷിക തൊഴിലാളികളുടെ വിജയഗാഥകൂടിയാണ് ബാലകൈരളി നേഴ്സറി സ്കൂളുകളെന്ന് കണ്‍വീനര്‍ വി വി മോഹന്‍ദാസ് പറഞ്ഞു. 10 ബാലകൈരളികളിലായി 240 കുട്ടികള്‍ പഠിക്കുന്നു. 52 കുട്ടികള്‍വരെയുള്ള കേന്ദ്രമുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മക്കള്‍വരെ ബാലകൈരളിയില്‍ മലയാളത്തിന്റെ മാധുര്യം നുണയുന്നു. സമീപപഞ്ചായത്തുകളില്‍നിന്നും കുട്ടികളെ ബാലകൈരളിയിലേക്ക് കൊണ്ടുവരുന്നുവെന്നത് ഇവിടത്തെ പഠനമികവ് വിളിച്ചോതുന്നു. ബുദ്ധിപരമായ വികാസത്തിനുള്ള ക്രമീകരണങ്ങള്‍ ഒത്തിണക്കിക്കൊടുക്കുന്നു. പുത്തന്‍പാഠ്യപദ്ധതിയില്‍ ഒന്നാംക്ലാസില്‍ പ്രവേശിക്കുന്ന കുട്ടികള്‍ക്ക് 76 ഓളം ശേഷികളുണ്ടായിരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നു. അത് ബാലകൈരളിയില്‍നിന്നും ലഭിക്കുന്നു. 2000ല്‍പരം കളികളും പ്രവര്‍ത്തനങ്ങളും ഇവിടെ നടത്തുന്നു. ചുരുക്കത്തില്‍ കുട്ടികളുടെ വളര്‍ച്ചയ്ക്ക് ഹാനികരമാകുന്ന ഒന്നും അടിച്ചേല്‍പ്പിക്കുന്നില്ല. എല്ലാദിവസവും രാവിലെ 100 മില്ലിപാല്‍ , ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ മുട്ട അല്ലെങ്കില്‍ ഏത്തപ്പഴം, മറ്റുദിവസങ്ങളില്‍ ചെറുപയര്‍ പായസം എന്നിവ ഗ്രാമപഞ്ചായത്തിന്റെ ചെലവില്‍ കുട്ടികള്‍ക്ക് നല്‍കുന്നതായി പ്രസിഡന്റ് എന്‍ പി സ്നേഹജന്‍ പറഞ്ഞു. അമേരിക്ക, ജപ്പാന്‍ , ചൈന, ദക്ഷിണാഫ്രിക്ക, ജര്‍മനി തുടങ്ങിയ രാഷ്ട്രങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ബാലകൈരളികള്‍ സന്ദര്‍ശിച്ച് അഭിനന്ദനം രേഖപ്പെടുത്തി. "വളരാനും വികസിക്കാനും വേണ്ടതൊക്കെയും ഒരുക്കിയിരിക്കുന്ന നിങ്ങളുടെ സ്കൂള്‍ കണ്ടു. കുഞ്ഞുങ്ങളെ നിങ്ങള്‍ മഹാഭാഗ്യവാന്മാരാണ്"- ജപ്പാന്‍ പഠനസംഘത്തിന്റേതാണ് ഈ അഭിപ്രായം

2 comments:

Manoj മനോജ് said...

“നിയമം നിലവില്‍വന്ന് ആറ് മാസത്തിനകം തദ്ദേശഭരണ സ്ഥാപനങ്ങളുടെയും രക്ഷിതാക്കളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന് വ്യവസ്ഥയുണ്ട്. “

ഈ ഒരറ്റ പ്രശ്നത്തിന് മുന്നില്‍ എല്‍.ഡി.എഫ്. പോലും മത മാനേജ്മെന്റുകളുടെ പിടിവാശിക്ക് മുന്നില്‍ മുട്ട് മടക്കി പിന്നെയാണ് പുരോഹിത വര്‍ഗ്ഗത്തിന്റെ അരുമകളായ യു.ഡി.എഫ്. ചെയ്യുവാന്‍ പോകുന്നത്!!!! പ്രത്യേകിച്ച് ഉപതെരഞ്ഞെടുപ്പ് വരുമെന്നിരിക്കുമ്പോള്‍

drkaladharantp said...

മനോജ്‌
ഇവിട സ്കൂള്‍ മാനെജ്മെന്റ് കമ്മറ്റി ഒന്നും നടക്കില്ല
അവകാശ നിയമം ഏറ്റവും ദുരബലമായി നടപ്പാക്കുന്ന സംസ്ഥാനം ആയിരിക്കും കേരളം അതില്‍ പക്ഷം ഒന്നാ..