Sunday, November 13, 2011

സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളില്‍ വന്‍ തോല്‍വി

 13 Nov 2011
തിരുവനന്തപുരം: കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലെ സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളില്‍ 60 ശതമാനം മുതല്‍ 90 ശതമാനം വരെ വിദ്യാര്‍ഥികള്‍ പരാജയപ്പെട്ടു. കേരള സര്‍വകലാശാലയില്‍ 56 മുതല്‍ 81 ശതമാനംവരെയാണ് പരാജയ നിരക്ക്. അല്പം ഭേദം എം.ജിയില്‍ മാത്രമാണ്. ഇവിടത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളിലെ പരാജയം 36 ശതമാനംവരെ മാത്രമാണ്. എന്നാല്‍ 2004-2005 ല്‍ 11 ശതമാനംപേര്‍ മാത്രം പരാജയപ്പെട്ടിടത്തുനിന്നുമാണ് 2010-11ല്‍ 36 ശതമാനമായത്. കേരള സര്‍വകലാശാലയിലും ഓരോ വര്‍ഷവും തോല്‍ക്കുന്നവരുടെ എണ്ണം കൂടിവരികയാണ്.


സേവ് എഡ്യൂക്കേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എം.ഷാജിര്‍ഖാന്‍ വിവരാവകാശ നിയമപ്രകാരം വാങ്ങിയ രേഖകളിലാണ് ഈ കണക്കുകളുള്ളത്. മൂന്ന് സര്‍വകലാശാലകളില്‍ 2005 മുതല്‍ 2011 വരെയുള്ള സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ വിജയനിരക്കാണ് ലഭിച്ചത്.


കേരള സര്‍വകലാശാലയിലെ സ്വാശ്രയ കോളേജുകളില്‍ 2010-ല്‍ 28 ശതമാനം പേര്‍ മാത്രമാണ് ജയിച്ചത്. 2011-ല്‍ ഇത് 39.41 ആയി. കൊച്ചി സര്‍വകലാശാലയില്‍ അഫിലിയേറ്റ്‌ചെയ്ത കൊല്ലം ജില്ലയിലെ ഒരു സ്വാശ്രയ എന്‍ജിനീയറിങ്‌കോളേജില്‍ 2008-ല്‍ 13.16 ശതമാനം വിദ്യാര്‍ഥികള്‍ മാത്രമാണ് ജയിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഒരു കോളേജില്‍ 8.74 ശതമാനം മാത്രമായിരുന്നു ജയം. 2008-ല്‍ സര്‍വകലാശാലയിലെ സ്വാശ്രയ കോളേജുകളില്‍ മൊത്തം വിജയശതമാനം 33.56 ആയിരുന്നു.
കേരളയില്‍ 2007 മുതല്‍ 40 ശതമാനത്തില്‍ താഴെ മാത്രമാണ് വിജയം.


സംസ്ഥാനത്ത് ആകെയുള്ള 119 എന്‍ജിനീയറിങ് കോളേജുകളില്‍ 105-ഉം സ്വാശ്രയരംഗത്താണ്
 
ബാല ചലച്ചിത്രോത്സവം നാളെ മുതല്‍


കോഴിക്കോട്:സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യുക്കേഷണല്‍ ടെക്‌നോളജി സംഘടിപ്പിക്കുന്ന നാലാമത് ബാലചലച്ചിത്രോത്സവം നവംബര്‍ 14, 15, 16, 17 തിയ്യതികളില്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ചതും വിദ്യാര്‍ഥികള്‍ക്കുവേണ്ടി നിര്‍മിക്കപ്പെട്ടതുമായ ചലച്ചിത്രങ്ങളുടെ പ്രദര്‍ശനവും മത്സരവുമാണ് നടക്കുകയെന്ന് എസ്.ഐ.ഇ.ടി. ഡയറക്ടര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ പറഞ്ഞു.


തിരഞ്ഞെടുക്കപ്പെട്ട 138 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, അറബി എന്നീ ഭാഷകളില്‍ നിര്‍മിച്ചവയാണ് ചിത്രങ്ങള്‍. പ്രൈമറി, സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി, ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ എന്നീ നാലു വിഭാഗങ്ങളാക്കിയാണ് മത്സരം നടക്കുക.


കുട്ടികള്‍ നിര്‍മിച്ച 33 ചിത്രങ്ങളും കുട്ടികള്‍ക്കുവേണ്ടി വിവിധ സ്‌കൂളുകളും സ്ഥാപനങ്ങളും നിര്‍മിച്ച 105 ചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കുക.


എല്ലാ ദിവസവും രാവിലെ ഒമ്പതിന് പ്രദര്‍ശനം ആരംഭിക്കും. ചലച്ചിത്ര നിര്‍മാണ ശില്‍പ്പശാലയും സെമിനാറുമുണ്ടാകും. കോഴിക്കോട് ജില്ലയിലെ സിനിമാ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിക്കും. പ്രവേശനം സൗജന്യമാണ്. കുട്ടികള്‍ നിര്‍മിച്ച മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപയും ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിയും കുട്ടികള്‍ക്കുവേണ്ടി നിര്‍മിച്ച നല്ല ചിത്രത്തിന് അരലക്ഷം രൂപയും എഡ്യുക്കേഷന്‍ മിനിസ്റ്റേഴ്‌സ് ട്രോഫിയും പുരസ്‌കാരമായി നല്‍കും.


ഓരോ വിഭാഗത്തിലെയും മികച്ച ഒന്നാമത്തെ ചിത്രത്തിന് പതിനായിരം രൂപയും ശില്‍പ്പവും സര്‍ട്ടിഫിക്കറ്റുമാണ് നല്‍കുന്നത്. മികച്ച രണ്ടാമത്തെ ചിത്രത്തിനും തിരക്കഥാകൃത്തിനും ഛായാഗ്രാഹകനും അയ്യായിരം രൂപയും ശില്‍പ്പവും സര്‍ട്ടിഫിക്കറ്റുമുണ്ടാകും.


നവംബര്‍ 14 ന് വിദ്യാഭ്യാസമന്ത്രി പി. കെ. അബ്ദുറബ്ബ് ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വര്‍ഷത്തെ മികച്ച ബാലനടിക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം നേടിയ കൃഷ്ണ പദ്മകുമാര്‍ ഭദ്രദീപം തെളിയിക്കും. 17 ന് രാവിലെ 10 മണിക്ക് നടക്കുന്ന സമാപനസമ്മേളനം കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ആദാമിന്റെ മകന്‍ അബുവിന്റെ സംവിധായകന്‍ സലിം അഹമ്മദ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ഡി.ഡി.ഇ. കെ. കമലം, പി. അജിത്ത് കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു
പുതിയ പാക്കേജ് വിദ്യാഭ്യാസമേഖലയെ തകര്‍ക്കും: കെഎസ്ടിഎ
പത്തനംതിട്ട: സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ പാക്കേജിലെ നിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുമെന്ന് കെഎസ്ടിഎ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടീച്ചേഴ്സ് ബാങ്കിലേക്ക് മാറ്റുന്ന അധ്യാപകരെ എവിടെ നിയമിക്കുമെന്നോ ആര് ശമ്പളം നല്‍കുമെന്നോ പാക്കേജില്‍ വ്യക്തമല്ല. അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കുന്നതിലൂടെയുണ്ടാകുന്ന അധിക തസ്തികകള്‍ മാനേജര്‍ക്ക് നിയമിക്കാമെന്ന വ്യവസ്ഥ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. സ്പെഷ്യലിസ്റ്റ് അധ്യാപകരെ സ്വന്തം സ്കൂളില്‍നിന്ന് മാറ്റി ഒരോ ദിവസവും ഓരോസ്കൂളില്‍ നിയോഗിക്കുമെന്ന നിര്‍ദേശം പ്രായോഗികമല്ല. അടുത്ത വര്‍ഷം നടപ്പാക്കുന്ന സ്കൂള്‍ ഘടനാമാറ്റം ഇരുപതിനായിരം ഹൈസ്ക്കൂള്‍ അധ്യാപകരുടെ ജോലി നഷ്ടപ്പെടുത്തും. ഇവരെക്കുറിച്ച് പാക്കേജില്‍ ഒന്നും പറയുന്നില്ല. സര്‍ക്കാര്‍ നിയോഗിക്കുന്ന സമിതി അധ്യാപകരുടെ മൂല്യനിര്‍ണയം നടത്തി ഗ്രേഡ് നിശ്ചയിക്കുന്നത് അംഗീകരിക്കില്ല. സിബിഎസ്സി സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കാനുള്ള തീരുമാനം 2014ഓടെ പൊതുവിദ്യാഭ്യാസ മേഖല പൂര്‍ണമായും തര്‍ക്കും. സര്‍ക്കാറിന്റെ തെറ്റായ വിദ്യാഭ്യാസ നയത്തിനെതിരെ കെഎസ്ടിഎ നേതൃത്വത്തില്‍ 19ന് പൊതുവിദ്യാഭ്യാസ സംഗമവും 14, 15,16 തീയതികളില്‍ വാഹനജാഥയും നടത്തും. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, സിബിഎസ്സി, ഐസിഎസ്ഇ സ്കൂളുകള്‍ക്ക് നല്‍കിയ എന്‍ഒസി റദ്ദാക്കുക, നിയമനാംഗീകാരങ്ങള്‍ക്ക് നിയമന തീയതിമുതല്‍ പ്രാബല്യംനല്‍കുക, പിഎസ്സി നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ. 14ന് വൈകിട്ട് 4.30ന് മല്ലപ്പള്ളിയില്‍ ജാഥ ഉദ്ഘാടനം ചെയ്യും. 15ന് പരുമല, തിരുവല്ല, ഇരവിപേരൂര്‍ , വെണ്ണിക്കുളം, കോഴഞ്ചേരി, റാന്നി, വടശേരിക്കര, 16ന് കിടങ്ങന്നൂര്‍ , പന്തളം, അടൂര്‍ , പറക്കോട്, കൊടുമണ്‍ , ഓമല്ലൂര്‍ , പത്തനംതിട്ട, കോന്നി എന്നിവടങ്ങളില്‍ ജാഥ പര്യടനം നടത്തും. 19ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ പത്തനംതിട്ടയിലാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ സംഗമമെന്ന് കെസ്ടിഎ ജില്ലാ പ്രസിഡന്റ് ടൈറ്റസ് മാത്യു, സെക്രട്ടറി ജി മോഹനചന്ദ്രന്‍ , സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ ജെ ഹരികുമാര്‍ എന്നിവര്‍ പറഞ്ഞു. 
വിദ്യാലയങ്ങളില്‍ ആയുര്‍വേദ പഠനപദ്ധതി ഉദ്ഘാടനം നടന്നു


പുത്തൂര്‍: കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലുള്ള ആയുഷ് വകുപ്പിന്റെ സഹായത്തോടെ കേരള വളന്ററി ഹെല്‍ത്ത് സര്‍വ്വീസും ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസും ചേര്‍ന്ന് സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന ആയുര്‍വേദ പഠനപദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനം പുത്തൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.


ജില്ലാ പഞ്ചായത്തംഗം പാത്തല രാഘവന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ആയുര്‍വേദ പാഠ്യപദ്ധതി കുട്ടികളുടെ ആരോഗ്യസംരക്ഷണരംഗത്ത് വിപ്ലവകരമായ പുരോഗതിക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന ഔഷധസസ്യത്തോട്ടത്തിന്റെ നിര്‍മ്മാണോദ്ഘാടനവും പാത്തല രാഘവന്‍ നിര്‍വ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് രാധാകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷനായി.


എല്ലാ സ്‌കൂളുകളും ആയുര്‍വേദ ശീലങ്ങളുടെ നേഴ്‌സറി ആക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പദ്ധതി ജില്ലയിലെ രണ്ടു ബ്ലോക്ക് പഞ്ചായത്തുകളിലെ 50 സ്‌കൂളുകളിലാണ് ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്. ആയുര്‍വേദ ക്ലിനിക്കുകള്‍, പ്രഥമശുശ്രൂഷാ സംവിധാനം തുടങ്ങി സ്‌കൂളുകളിലെ ആരോഗ്യസംവിധാനം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. വെട്ടിക്കവല ബ്ലോക്കിലെ 17 സ്‌കൂളുകളില്‍നിന്ന് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷാകര്‍ത്താക്കളും പരിപാടിയില്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ ഉഷാകുമാരി, പ്രഥമാധ്യാപിക രാധാമണി, ഗ്രാമപ്പഞ്ചായത്തംഗം ആശ, അധ്യാപകരായ അനില്‍കുമാര്‍, മഹേഷ് എന്നിവര്‍ സംസാരിച്ചു. അനിത പി.ആര്‍. സ്വാഗതവും തുളസീഭായി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുളക്കട മെഡിക്കല്‍ ഓഫീസര്‍ രഞ്ജു ടി. യോഹന്നാന്‍ ക്ലാസ് നയിച്ചു.

No comments: