Saturday, November 26, 2011

വിദ്യാര്‍ഥികള്‍ ശേഖരിച്ചമരുന്നുകള്‍ കൈമാറി


 27 Nov 2011

നരിക്കുനി: എളേറ്റില്‍ എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍ രോഗികളെ സഹായിക്കാനായി നടപ്പാക്കുന്ന പദ്ധതികള്‍ ശ്രദ്ധേയമാകുന്നു.
'സ്‌കിപ്പ് എ ചോക്കലേറ്റ് ആന്‍ഡ് സേവ് ലൈഫ്' പദ്ധതിയിലൂടെ വിദ്യാര്‍ഥികള്‍ അനാവശ്യമായി ചെലവഴിക്കുന്ന പണം സ്വരൂപിച്ച് നരിക്കുനി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് കൈമാറുന്നു.
വീടുകളില്‍നിന്ന് മരുന്നുകള്‍ ശേഖരിച്ചുവരുന്നു. ഇതിന്റെ ഭാഗമായി സ്‌കൂള്‍ എന്‍.എസ്.എസ്. സ്റ്റുഡന്റ്‌സ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വിങ് രൂപവത്കരിച്ചു.
എന്‍.എസ്.എസ്. കുട്ടികള്‍ ഹോം കെയര്‍ യൂണിറ്റിനൊപ്പം വീടുകളില്‍ ചെന്ന് കിടപ്പിലായ രോഗികളെ പരിചരിക്കുന്നതിനെപ്പറ്റി അബ്ദുള്‍ മജീദ് ക്ലാസെടുത്തു.
സ്റ്റുഡന്റ്‌സ് വിങ് ഭാരവാഹികളായി എം.പി. അനുപമ, എ.ടി. ആഷിഫ, ആദില്‍ ഹുസൈന്‍ (കണ്‍വീനര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.
സഹവാസക്യാമ്പ്‌

വെള്ളൂര്‍:വെള്ളൂര്‍ ചന്തന്‍ മെമ്മോറിയല്‍ എല്‍.പി.സ്‌കൂളില്‍ ദ്വിദിന സഹവാസക്യാമ്പ് നടത്തി. വിവിധ വിഷയങ്ങളില്‍ വി.പി.ശശിധരന്‍, സുഭാഷ് അറുകര, എ.അനില്‍കുമാര്‍, രഞ്ജിത്ത് എടാട്ടുമ്മല്‍ എന്നിവര്‍ ക്ലാസെടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ സി.നളിനി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളന ഉദ്ഘാടനവും ഉപഹാര വിതരണവും പയ്യന്നൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.വാസന്തി നിര്‍വഹിച്ചു. ചടങ്ങില്‍ സി.ലസിത, പി.ജയചന്ദ്രന്‍, വി.യു.അഹമ്മദ് കുട്ടി, സി.നളിനി എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് എന്‍.വി.പദ്മാക്ഷി സ്വാഗതവും പെരിങ്ങോം ഹാരിസ് നന്ദിയും പറഞ്ഞു. 

സ്‌കൂളിന്റെ മേല്‍ക്കൂര നിലംപൊത്തി

വടകര: ചോറോട് ഈസ്റ്റിലെ ചോറോട് എല്‍.പി.സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. സ്‌കൂള്‍ അവധിയായതിനാല്‍ വന്‍ദുരന്തം ഒഴിവായി. ശനിയാഴ്ച ഉച്ചയ്ക്ക് 12മണിയോടെയാണ് സംഭവം. രണ്ട് ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്ന ഭാഗത്തെ മേല്‍ക്കൂരയാണ് പൂര്‍ണമായും നിലംപതിച്ചത്. ഒരു മാസം മുമ്പ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച കെട്ടിടമാണിത്. മേല്‍ക്കൂരയില്‍ ചെറിയതകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഏതാനും ദിവസമായി ഈ കെട്ടിടത്തില്‍ ക്ലാസുകള്‍ നടത്താറില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസവും ഈ കെട്ടിടത്തില്‍ ക്ലാസ് നടന്നതായി പി.ടി.എ. ഭാരവാഹികളും നാട്ടുകാരും വ്യക്തമാക്കി.

പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടമാണിത്. മേല്‍ക്കൂരയില്‍ തകരാര്‍ ഉള്ളതിനാല്‍ ഈ അധ്യയന വര്‍ഷം ആദ്യം എന്‍ജിനീയറിങ് വിഭാഗം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല. തുടര്‍ന്ന് പട്ടികകളും മറ്റും മാറ്റിയശേഷമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. എന്നിട്ടും കെട്ടിടം തകര്‍ന്നുവീണത് രക്ഷിതാക്കളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.


ഈ കെട്ടിടത്തിന്റെ തൊട്ടടുത്തുള്ള മറ്റൊരു കെട്ടിടത്തിലാണ് ഏതാനും ദിവസമായി സ്‌കൂള്‍ പ്രവര്‍ത്തിച്ചതെന്ന് മാനേജ്‌മെന്റ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല.


ഫിറ്റ്‌നസ് ഇല്ലാത്ത കെട്ടിടത്തില്‍ എങ്ങനെ ക്ലാസ്സുകള്‍ നടത്തി എന്നതും പ്രശ്‌നമാണ്. സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ സംഭവമുണ്ടായിട്ടും വിദ്യാഭ്യാസ വകുപ്പ് തികഞ്ഞ നിസ്സംഗത പാലിച്ചതായും ആരോപണമുണ്ട്. എ.ഇ.ഒ., ഡി.ഇ.ഒ. തുടങ്ങിയവരൊന്നും സ്ഥലത്തെത്തിയില്ല.

കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയ കൂടുതലെന്ന് വിദ്യാര്‍ഥികളുടെ പഠനം
എടപ്പാള്‍: ജല അതോറിറ്റി വഴി വിതരണംചെയ്യുന്ന കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണെന്ന് വിദ്യാര്‍ഥികളുടെ കണ്ടെത്തല്‍. കടകശ്ശേരി ഐഡിയല്‍ സ്‌കൂളിലെ പ്ലസ്‌വണ്‍ സയന്‍സ് വിദ്യാര്‍ഥികളായ ഐശ്വര്യആര്‍. നായരും സഞ്ജിദ് അബ്ദുള്‍ഖാദറും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കുടിവെള്ളത്തില്‍ അല്പംപോലും കാണാന്‍ പാടില്ലാത്ത കോളിഫോം ബാക്ടീരിയ 100 മില്ലിലിറ്റര്‍ വെള്ളത്തില്‍ 1100ല്‍ കൂടുതലാണ്. പൊന്നാനി നഗരസഭയിലെ കുടിവെള്ള ടാപ്പില്‍ നിന്നെടുത്ത സാമ്പിള്‍ വാട്ടര്‍ അതോറിറ്റിയുടെ മലപ്പുറത്തെ ഗുണനിലവാര പരിശോധന കേന്ദ്രത്തിലാണ് പരിശോധിച്ചത്. ഉപജില്ലാ ശാസ്ത്രമേളയില്‍ സമര്‍പ്പിച്ച പ്രൊജക്ടിന് എ പ്ലസ് ഗ്രേഡും ലഭിച്ചിരുന്നു. ഞായറാഴ്ച പൊന്നാനിയിലെത്തുന്ന ജലവിഭവ മന്ത്രി പി.ജെ. ജോസഫിന് പഠനറിപ്പോര്‍ട്ട് കൈമാറുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

തരിശുനിലങ്ങളെ ഹരിതാഭമാക്കാന്‍ ഇളമണ്ണൂര്‍ വി.എച്ച്.എസ്. വിദ്യാര്‍ഥികള്‍


ഇളമണ്ണൂര്‍: ''നെല്‍കൃഷിക്കായ് പാടത്തേക്ക് ഒത്തൊരുമിച്ച് നാളേക്കായ്'' പദ്ധതിയുടെ ഭാഗമായി ഇളമണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ തരിശുനിലങ്ങളില്‍ ഞാറ് നട്ടു.

മുതിര്‍ന്ന കര്‍ഷകരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേട്ട ഉദ്ഘാടകനായ ആരോഗ്യവകുപ്പുമന്ത്രി അടൂര്‍ പ്രകാശും ഞാറ് കൈയിലെടുത്ത് കര്‍ഷകനായി മാറി. നൂറുമേനി വിളവ് നല്‍കാന്‍ പ്രാര്‍ഥിച്ച് കിഴക്ക് ദര്‍ശനത്തിലാണ് കൊയ്ത്തുപാട്ടിന്റെ അകമ്പടിയോടെ ഇളമണ്ണൂര്‍ മതേറ, മുല്ലമ്പൂര്‍ ഏലാകളില്‍ മന്ത്രി ഞാറ് നട്ടത്. പാഠ്യപദ്ധതിയ്‌ക്കൊപ്പം ഒരു കാര്‍ഷിക സംസ്‌കാരവും കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന് മന്ത്രി പറഞ്ഞു. കുട്ടികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും നാട്ടുകാരും നിറഞ്ഞ മനസ്സോടെയാണ് സ്‌കൂളിന്റെ പുതിയ സംരംഭത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയത്.


നെല്‍കൃഷി അന്യംനിന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം ഉണ്ടാക്കാനാണ് സീഡ് ക്ലബ്ബും ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് തരിശുനിലങ്ങളില്‍ നെല്‍കൃഷി നടപ്പിലാക്കുന്നത്.


ഒരു പുതിയ കാര്‍ഷിക സംസ്‌കാരത്തിന് തുടക്കം കുറിച്ചതിനൊപ്പം ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്തിലെ ഏറ്റവും പ്രായംചെന്ന കര്‍ഷകനെ ആദരിക്കാനും ഈ ചടങ്ങിലൂടെ മാതൃഭൂമി സീഡ് ക്ലബ്ബിനും ഹരിതസേനയ്ക്കും കഴിഞ്ഞു.


കര്‍ഷകരെ പൊന്നാടയണിയിച്ച് ആദരിച്ചതിനൊപ്പം കുട്ടികളുടെയും അധ്യാപകരുടെയും ജന്മദിനത്തില്‍ സ്‌കൂളിലും പ്രദേശത്തും ഒരു വൃക്ഷം നടാനും സ്‌കൂള്‍ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സംഭാവന ചെയ്യാനുമുള്ള പദ്ധതി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. പ്രഖ്യാപിച്ചു. മാതൃഭൂമി സീഡ് ക്ലബ്ബാണ് ഈ പദ്ധതി നടപ്പിലാക്കുക.


ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജി മാരൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വിജയമ്മ, സജിത, സജിനി സുകു, അരുണ്‍രാജ്, മിനി അലക്‌സാണ്ടര്‍, ടി.എം.ആന്റണി, ആര്‍.രാമചന്ദ്രന്‍ ഉണ്ണിത്താന്‍, സി.ഭാനുദേവന്‍, കെ.കെ.ചന്ദ്രന്‍, റജി പൂവത്തൂര്‍, കെ.സന്ധ്യ, എസ്.സുനിത, സാറാമ്മ ഉണ്ണൂണ്ണി, കെ.സോമന്‍, രാജേന്ദ്രന്‍നായര്‍, അജു പി.തോമസ്, എസ്.ശ്രീകുമാര്‍, സ്മിത എന്നിവര്‍ പ്രസംഗിച്ചു.


സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്.കൃഷ്ണകുമാരി കുഞ്ഞമ്മ ആമുഖപ്രഭാഷണം നടത്തി. മാനേജര്‍ അഡ്വ.കെ.ആര്‍.രാധാകൃഷ്ണന്‍നായര്‍ സ്വാഗതവും മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍ ദിലീപ്കുമാര്‍ നന്ദിയും പറഞ്ഞു.
ചരിത്രാന്വേഷണത്തിന്റെ സങ്കേതങ്ങള്‍ തേടി വിദ്യാര്‍ഥി കൂട്ടായ്മ

കല്‍പ്പറ്റ: ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന ഉണര്‍വും ഉയര്‍ച്ചയും സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍ അന്വേഷണക്കൂട്ടം പരിപാടിയുടെ ഭാഗമായി ജില്ലാ സാമൂഹ്യശാസ്ത്ര കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ചൂരല്‍മലയില്‍ വെള്ളാര്‍മല ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ചരിത്രാന്വേഷണ ക്യാമ്പ് സംഘടിപ്പിച്ചു. പുത്തന്‍ചരിത്രാന്വേഷണ സങ്കേതങ്ങളുടെ സാധ്യതകളും വൈവിധ്യവും കൊണ്ട് വിദ്യാര്‍ഥികള്‍ക്ക് ഹൃദ്യമായ വിജ്ഞാനവിരുന്നായി. ജില്ലയിലെ വിവിധ ഹൈസ്കൂളുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 104 പേര്‍ പങ്കെടുത്തു. ജില്ലാപഞ്ചായത്തംഗം പ്രകാശ്ചോമാടി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ്ബഷീര്‍ ഉദ്ഘാടനം ചെയ്തു. സി കെ പവിത്രനെ നസീര്‍ആലക്കല്‍ പൊന്നാടയണിയിച്ചു. ഡിഇഒ എന്‍ കെ രാമചന്ദ്രന്‍ പ്രഭാഷണം നടത്തി. തേയിലഫാക്ടറി സന്ദര്‍ശനം, സീതമ്മക്കുണ്ട്, സൂചിപ്പാറ വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്കുള്ള സന്ദര്‍ശനവും സംഘടിപ്പിച്ചു. വനംവന്യജീവി, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളില്‍ വനസംരക്ഷണ സമിതി ട്രഷറര്‍ പിവി രാജഗോപാലന്‍ , ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ അനൂപ് എന്നിവര്‍ ക്ലാസെടുത്തു. ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ ചൂരല്‍മലയുടെ പ്രാദേശിക ചരിത്രമുള്‍ക്കൊള്ളുന്ന ചരിത്രമാഗസിനും തയ്യാറാക്കി. സമാപന ചടങ്ങില്‍ മെലാനിമാത്യു, കെ വി രാജേന്ദ്രന്‍ , ഇ അനില്‍ , ആഷിഖ്അബൂബക്കര്‍ , മെര്‍ലിന്‍തോമസ്, മുഹമ്മദ് റിഷാല്‍ , തേജസ് കെ സുരേഷ് എന്നിവര്‍ സംസാരിച്ചു. 
തൊണ്ടിമ്മല്‍ ഗവ. എല്‍പി സട്കൂളിനെതിരെ സംഘടിത നീക്കം

മുക്കം: നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്കൂളിനെ സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തിന്റെ പേരില്‍ തകര്‍ക്കാന്‍ നീക്കം. തിരുവമ്പാടി പഞ്ചായത്തിലെ തൊണ്ടിമ്മല്‍ ഗവ. എല്‍ പി സ്കൂളിനെതിരെ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്താണ് രംഗത്തിറങ്ങിയിരിക്കുന്നത്. നേരത്തെ ഇല്ലാത്ത അഴിമതി ആരോപണവുമായി രംഗത്തിറങ്ങി "വഷളായ" യുഡിഎഫും ബിജെപിയും ഇപ്പോള്‍ സ്കൂളിലേക്ക് ഡിവൈഎഫ്ഐ നല്‍കിയ പുസ്തകങ്ങളില്‍നിന്നും സാധനസാമഗ്രികളില്‍നിന്നും സംഘടനയുടെ പേര് നീക്കണമെന്ന വാദവുമായി രംഗത്ത്. എംഎല്‍എയും സ്കൂള്‍ സംരക്ഷിക്കേണ്ട പഞ്ചായത്ത് ഭരണസമിതിയും ഇക്കാര്യത്തില്‍ സ്കൂളിന് എതിര് നില്‍ക്കുകയാണെന്ന് പരക്കേ ആരോപണമുണ്ട്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് "ലാഭകരമല്ലാത്തതിനാല്‍" അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട പൊതുവിദ്യാലയമാണിത്. അന്ന് 37 കുട്ടികള്‍ മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. പിന്നീട് എല്‍ഡിഎഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയും പിടിഎയും ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള സംഘടനകളും നാട്ടുകാരും ആത്മാര്‍ഥമായി ശ്രമിച്ചതിന്റെ ഭാഗമായാണ് സ്കൂള്‍ നല്ലനിലയിലേക്കുയര്‍ന്നത്. ഇന്ന് മുക്കം ഉപജില്ലക്ക് കീഴിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണിത്. "ഹരിതവിദ്യാലയം" പരിപാടിയുള്‍പ്പെടെ മികവ് തെളിയിച്ച വിദ്യാലയമാണിത്. സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഡിവൈഎഫ്ഐ തൊണ്ടിമ്മല്‍ യൂണിറ്റ് വര്‍ഷംതോറും സ്കൂളിന് പഠനസാമഗ്രികളും സൈക്കിളുകളും പുസ്തകങ്ങളും മറ്റും നല്‍കാറുണ്ട്. ഈ അധ്യയനവര്‍ഷം കളിയൂഞ്ഞാലാണ് ഡിവൈഎഫ്ഐ നല്‍കിയത്. ഒക്ടോബര്‍ ഒമ്പതിന് ജില്ലാ സെക്രട്ടറി പി എ മുഹമ്മദ്റിയാസാണ് കളിയൂഞ്ഞാല്‍ ഉദ്ഘാടനം ചെയ്തത്. ഇതിന്റെ മുകളില്‍ സംഘടനയുടെ പേര് എഴുതിയതാണ് കോണ്‍ഗ്രസ് - ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചത്. പുസ്തകങ്ങള്‍ , സൈക്കിളുകള്‍ എന്നിവ മുമ്പ് നല്‍കിയപ്പോഴും സ്പോണ്‍സര്‍ ചെയ്ത സംഘടനയുടെ പേര് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അന്നൊന്നുമില്ലാത്ത പരാതിയാണ് സംസ്ഥാനത്തെ ഭരണമാറ്റത്തിന്റെ സാഹചര്യത്തില്‍ ഇവര്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത്. സംഘടനയുടെ പേര് എഴുതിയ കളിയൂഞ്ഞാല്‍ എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് രംഗത്തിറങ്ങിയവര്‍ നിത്യവും ഉഞ്ഞാലാടി രസിക്കുന്ന നിഷ്കളങ്കരായ പിഞ്ചുകുഞ്ഞുങ്ങളോടാണ് യുദ്ധപ്രഖ്യാപനം നടത്തുന്നത്. സംഘടനയുടെ പേരെഴുതിയ കളിയൂഞ്ഞാല്‍ ശനിയാഴ്ച ഉച്ചക്ക് മുമ്പ് മാറ്റണമെന്ന് എംഎല്‍എ സി മോയിന്‍കുട്ടി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുക്കം എഇഒ ഓഫീസില്‍ ഉള്‍പ്പെടെ നിരവധി സംഘടനകള്‍ പേരെഴുതി സ്പോണ്‍സര്‍ ചെയ്ത സാധനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ തൊണ്ടിമ്മല്‍ സ്കൂളില്‍ മാത്രം ഇത് പാടില്ലെന്ന് പറയുന്നത് സങ്കുചിത രാഷ്ട്രീയ താല്‍പര്യമാണെന്നാണ് പൊതുവെ അഭിപ്രായം. എംഎല്‍എയുടെ ഒത്താശയോടെ തൊണ്ടിമ്മല്‍ ഗവ. എല്‍ പി സ്കൂളിനെ തകര്‍ക്കാനുള്ള നീക്കത്തില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. 

No comments: