Thursday, November 24, 2011

നാളെയുടെ നിലവിളിക്ക് അരങ്ങിന്റെ സാക്ഷ്യം


 24-Nov-2011


തലശേരി: പാഠപുസ്തകം കാതോടുചേര്‍ത്തുവയ്ക്കുമ്പോള്‍ കേള്‍ക്കാം, കടപുഴകിയ മരത്തിന്റെ വിലാപമെന്ന് ഓര്‍മിപ്പിക്കുന്നു ശാസ്ത്രനാടക അരങ്ങ്. മുതിര്‍ന്നവര്‍ കേള്‍ക്കാതെപോയ പ്രകൃതിയുടെ നിലവിളികളെ ഏറ്റുവാങ്ങുന്നവരാണ് കുട്ടികള്‍ . പരിസ്ഥിതിക്ക് ജീവതാളം നഷ്ടമാവുമ്പോള്‍ കുട്ടികളാണ് ആദ്യത്തെ ഇരകളെന്നും അരങ്ങ് പറയുന്നു. സാങ്കേതിക വിദ്യയുടെ ഭ്രമാത്മക ലോകത്ത് വിവേകത്തെ വലിച്ചെറിയുന്ന മനുഷ്യര്‍ക്ക് നേരെ വിരല്‍ ചൂണ്ടിയാണ് ശാസ്ത്രനാടക തിരശീല താഴ്ന്നത്. 15 നാടകം ബിഇഎംപി ഹയര്‍സെക്കന്‍ഡറിയിലെ ശാസ്ത്രനാടകമത്സരത്തില്‍ അവതരിപ്പിച്ചു. "ശാസ്ത്രവും മനുഷ്യനും" എന്നതായിരുന്നു പ്രമേയം. ആവാസവ്യവസ്ഥയെന്ന നിലയില്‍ കാട്ടിലെ സഹവര്‍ത്തിത്വവും സ്നേഹവും ചിത്രീകരിക്കുന്നതായിരുന്നു "മരമായിരുന്നു ഞാന്‍". കണ്ണാടിപ്പറമ്പ് ഗവ. ഹയര്‍സക്കന്‍ഡറി സ്കൂളാണ് അവതരിപ്പിച്ചത്. വയലാറിന്റെ വൃക്ഷം എന്ന കവിത കഥാപാത്രമായി അരങ്ങില്‍ നിറഞ്ഞ നാടകം പ്രമേയ കരുത്താല്‍ സമ്പുഷ്ടം. രാജേഷ് പി കീഴത്തൂരാണ് സംവിധാനം. ഭൂമിയുടെ അവകാശികളെ ഇറക്കിവിട്ട് ആധിപത്യം സ്ഥാപിക്കുന്ന മനുഷ്യരാശിയെ ചിത്രീകരിക്കുന്ന നാടകവും ശ്രദ്ധിക്കപ്പെട്ടു. വൈക്കം മുഹമ്മദ് ബഷീറിന്റെ "ഭൂമിയുടെ അവകാശികള്‍" എന്ന കഥയുടെ സാരാംശമാണ് അവതരിപ്പിച്ചത്. ബഷീര്‍ നാടകത്തില്‍ ഉടനീളം നിറഞ്ഞു. ജനിതകവിത്ത് വിതച്ച് ദുരന്തം കൊയ്യുന്ന കര്‍ഷകരുടെ ദൈന്യത പറശ്ശിനിക്കടവ് ഹൈസ്കൂള്‍ അരങ്ങില്‍ എത്തിച്ചു. ജിജു ഒറപ്പടിയാണ് സംവിധാനം. മാഡം ക്യൂറി ഉള്‍പ്പെടെയുള്ള ശാസ്ത്രകാരന്മാരുടെ ജീവിതവും അന്വേഷണങ്ങളും നാടകങ്ങളില്‍ അവതരിപ്പിക്കപ്പെട്ടു. എന്‍ഡോസള്‍ഫാന്‍പോലുള്ള സമകാലിക വിഷയങ്ങളും പ്രമേയമായി. 
$ഈരാറ്റുപേട്ടയില്‍ സ്കൂളുകള്‍ക്ക് അവധി ഭൂകമ്പം ജോര്‍ജ് വക; അധികൃതര്‍ കിടുങ്ങി 

കോട്ടയം: ഈരാറ്റുപേട്ടയില്‍ വ്യാഴാഴ്ച ഭൂചലനമുണ്ടാകുമെന്ന് പ്രവചിച്ച ആശാരിപ്പണിക്കാരന്റെ വാക്കുകേട്ട് മുന്‍കരുതലെടുക്കാന്‍ സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജിന്റെ ആഹ്വാനം. "മനോരമ" പത്രത്തിലൂടെ ചീഫ്വിപ്പ് നടത്തിയ ആഹ്വാനത്തെ തുടര്‍ന്ന് ഈരാറ്റുപേട്ടയില്‍ ജനങ്ങള്‍ പരിഭ്രാന്തിയിലായി. ചീഫ്വിപ്പിന്റെ നിര്‍ദേശപ്രകാരം വ്യാഴാഴ്ച ഉച്ചവരെ ഈരാറ്റുപേട്ട സബ്ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു. പൊലീസിനും ജാഗ്രതാനിര്‍ദേശം നല്‍കി. കലക്ടറുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇതെന്ന് ജില്ലാ പൊലീസ് ചീഫ് സി രാജഗോപാല്‍ അറിയിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയായ ആശാരിപ്പണിക്കാരന്‍ ശിവനുണ്ണിയാണ് വ്യാഴാഴ്ച രാവിലെ എട്ടിനും 11നുമിടയില്‍ ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് ഭൂചലനമുണ്ടാകുമെന്ന് പ്രവചിച്ചത്. ഈ പ്രവചനം വിശ്വസിച്ച് ജോര്‍ജ് മുന്‍കരുതലിന് ബുധനാഴ്ച "മനോരമ"യിലൂടെ ആഹ്വാനം നല്‍കി. വാര്‍ത്ത വായിച്ചതോടെ ഈരാറ്റുപേട്ടയില്‍ മാത്രമല്ല, കോട്ടയം ജില്ലയിലെങ്ങും ആശങ്കയായി. പത്രസ്ഥാപനങ്ങളിലേക്ക് നിരവധി ഫോണ്‍ കോളുകളെത്തി. ഇതിനിടെ ചീഫ് വിപ്പ് കോട്ടയം ഡിഡിഇ ജെസി ജോസഫിനെ ഫോണില്‍ ബന്ധപ്പെട്ട് വ്യാഴാഴ്ച അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. ഇവര്‍ കലക്ടര്‍ മിനി ആന്റണിയെ വിവരങ്ങള്‍ ധരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചത്. പ്രാദേശികസാഹചര്യം അനുസരിച്ച് അതതു സ്കൂള്‍ മാനേജുമെന്റുകള്‍ക്ക് തീരുമാനമെടുക്കാമെന്നാണ് ഡിഡിഇ യെ അറിയിച്ചതെന്നാണ് പിന്നീട് കലക്ടര്‍ "ദേശാഭിമാനി"യോടു പറഞ്ഞത്. ഭൂചലനം സംബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. എന്നാല്‍ , ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് അടക്കം ഉച്ചവരെ അവധി നല്‍കിയിട്ടുണ്ടെന്നാണ് ഡിഡിഇ പറഞ്ഞത്. നേരത്തെ താന്‍ പ്രവചിച്ച ഭൂചലനങ്ങള്‍ സംഭവിച്ചതായി ശിവനുണ്ണി അവകാശപ്പെട്ടു. വ്യാഴാഴ്ച ഉണ്ടാകുന്ന ഭൂചലനത്തിന്റെ തീവ്രത നേരിയതായിരിക്കുമെന്നും ഇയാള്‍ പറയുന്നു.
 

No comments: