Monday, November 21, 2011

പരിയാരം യുപി സ്കൂള്‍ കെട്ടിടം തകര്‍ന്നുഒഴിവായത് വന്‍ ദുരന്തംമട്ടന്നൂര്‍ : പരിയാരം യുപി സ്കൂളില്‍ ക്ലാസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം തകര്‍ന്നു. അഞ്ചാം ക്ലാസ് ബി ഡിവിഷന്റെ ഓടിട്ട കെട്ടിടമാണ് തകര്‍ന്നത്. ഭിത്തിയും കഴുക്കോലും ഉള്‍പ്പെടെ പൂര്‍ണമായും തകരുകയായിരുന്നു. അവധി ദിവസമായതിനാല്‍ ദുരന്തം ഒഴിവായി. പഴകി ദ്രവിച്ച കഴുക്കോലും ബലമില്ലാത്ത തൂണുകളുമാണ് ബലക്ഷയത്തിന് കാരണം. വിദ്യാഭ്യാസ വകുപ്പ് അധികൃതരും പൊലീസും സ്ഥലത്തെത്തി. അപകടാവസ്ഥയിലുള്ള കെട്ടിടത്തില്‍ അധ്യയനം നടത്തരുതെന്നും പകരം സംവിധാനമുണ്ടാക്കണമെന്നും എഇഒ കെ വി ജോസ് പ്രധാനാധ്യാപകനോടും മാനേജരോടും നിര്‍ദേശിച്ചു. സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് സ്കൂളിന്റെ ശോച്യാവസ്ഥക്കിടയാക്കിയത്. സ്കൂളിലെ മുന്‍ പ്രധാനാധ്യാപകന്‍കൂടിയായ ടി വി അരവിന്ദാക്ഷനില്‍നിന്ന് സഹോദരിയും മുന്‍ അധ്യാപികയുമായ ടി വി വത്സലകുമാരി മാനേജര്‍ സ്ഥാനം കോടതിവിധിയിലൂടെ നേടിയിരുന്നു. മാനേജര്‍ സ്ഥാനത്തേക്കുള്ള അവകാശത്തര്‍ക്കം കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ സ്കൂളിന്റെ അറ്റകുറ്റപ്രവൃത്തി നിലച്ചുവെന്ന് നാട്ടുകാരും രക്ഷിതാക്കളും പറയുന്നു. അപകടാവസ്ഥയിലായ സ്കൂള്‍ കെട്ടിടത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പിടിഎ പ്രസിഡന്റ് എം പുരുഷോത്തമന്‍ ആവശ്യപ്പെട്ടു. അഞ്ഞൂറിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളിന്റെ അപകടാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കണ്ടാലേ കുട്ടികളെ സ്കൂളിലേക്ക് അയക്കൂ എന്ന് രക്ഷിതാക്കള്‍ പറഞ്ഞു. തകര്‍ന്ന കെട്ടിടം പുനര്‍നിര്‍മിക്കാനും അറ്റകുറ്റപ്പണി നടത്താനും അടിയന്തര നടപടി സ്വീകരിക്കുമെന്ന് മാനേജര്‍ ടി വി വത്സലകുമാരി അറിയിച്ചു. തിങ്കളാഴ്ച സ്കൂളിന് അവധി നല്‍കി. പിടിഎ ജനറല്‍ബോഡി പകല്‍ 2.30ന് ചേരും. 
കാനത്തൂര്‍ യുപിയില്‍ "കഥപറയും ചുമരുകള്‍"

കാനത്തൂര്‍ : കുട്ടികളുടെ സര്‍ഗശേഷി ഉയര്‍ത്താന്‍ വരച്ച കഥപറയുന്ന ചുമരുകള്‍ പൂര്‍ത്തിയായി. കാനത്തൂര്‍ ഗുണമേന്മയിലേക്ക് കരുതലോടെ എന്ന ആശയത്തിന്റെ ഭാഗമായി കാനത്തൂര്‍ ഗവ. യുപി സ്കൂളിന്റെ ചുമരുകളിലാണ് കുട്ടികളോട് വിവിധങ്ങളായ കഥപറയുന്ന ചിത്രങ്ങള്‍ വരച്ചത്. കുട്ടികളുടെ കഴിവുകള്‍ പുറത്ത് കൊണ്ടുവരുന്ന നൂതന പാഠ്യപദ്ധതിയിലൂന്നിയാണ് ചിത്രരചന. സ്കൂള്‍ സൗന്ദര്യവല്‍ക്കരണത്തിനും കുട്ടികളെ പഠനത്തില്‍ കൂടുതല്‍ താല്‍പര്യമുണര്‍ത്തുന്നതിനുമാണ് പിടിഎയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെ ചുമര്‍ ചിത്രരചന പൂര്‍ത്തിയാക്കിയത്. ആമയുടെയും മുയലിന്റെയും, കുറുക്കന്റെയും കോഴിയുടെയും, ദാഹിച്ച് വലഞ്ഞ കാക്ക വെള്ളം കുടിക്കാന്‍ കണ്ടെത്തിയ സൂത്രത്തിന്റെയും കഥ ചുമര്‍ ചിത്രങ്ങളിലൂടെ കുട്ടികളുമായി സംവദിക്കുന്നു. ഭാഷാപഠനത്തിന് പുറമെ ഗണിത പഠനത്തിനും ശാസ്ത്ര പഠനത്തിനും സഹായകമാകുന്ന ചിത്രങ്ങള്‍ വരച്ചത് ദേവദാസ് പെരിയയാണ്. കഥ പറയുന്ന ചുമര്‍ ചിത്രങ്ങളുടെ സമര്‍പണവും രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സിന്റെ ഉദ്ഘാടനവും പ്രസ്ക്ലബ് പ്രസിഡന്റ് കെ വിനോദ് ചന്ദ്രന്‍ നിര്‍വഹിച്ചു. ഇ മണികണ്ഠന്‍ അധ്യക്ഷനായി. സി കുഞ്ഞമ്പുനായര്‍ ദേവദാസ് പെരിയക്ക് ഉപഹാരം നല്‍കി. പിടിഎ പ്രസിഡന്റ് ഗംഗാധരന്‍ , വി നിര്‍മല എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ എ ബാലകൃഷ്ണന്‍ നായര്‍ സ്വാഗതവും സതീദേവി നന്ദിയും പറഞ്ഞു. ബോധവല്‍ക്കരണ ക്ലാസില്‍ പി സരിത, എന്‍ ശാന്ത എന്നിവര്‍ ക്ലാസ്സെടുത്തു.
 

No comments: