Monday, November 7, 2011

പഠിക്കാന്‍ സ്‌കൂളില്ല, കുടിക്കാന്‍ വെള്ളമില്ല ഇത് വൊര്‍ക്കാടി ഗ്രാമം

 08 Nov 2011

കാസര്‍കോട്: അതിര്‍ത്തിഗ്രാമമായ വൊര്‍ക്കാടിയെ കൃത്യമായി വിദ്യാഭ്യാസസൗകര്യം പോലും ഒരുക്കാതെ സര്‍ക്കാര്‍ തഴയുന്നതായി ആക്ഷേപം. ഒരൊറ്റ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍പോലും ഇല്ലാത്ത പഞ്ചായത്ത്, കുടിവെള്ളമില്ല, സര്‍ക്കാര്‍പദ്ധതികള്‍ പലതും എത്തുന്നില്ല തുടങ്ങി വൊര്‍ക്കാടിക്ക് പറയാനുള്ളത് ദുരിതകഥകള്‍ മാത്രം.

കേരളത്തിന്റെ അതിര്‍ത്തിയിലാണ് കന്നട ഭൂരിപക്ഷമുള്ള വൊര്‍ക്കാടി. വിദ്യാഭ്യാസ സൗകര്യത്തിനായി മുറവിളികൂട്ടാന്‍ തുടങ്ങിയിട്ട് ഏറെനാളായെങ്കിലും അധികാരികള്‍ കണ്ണടച്ചിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. പഞ്ചായത്തില്‍ ആകെയുള്ളത് രണ്ട് സര്‍ക്കാര്‍ സ്‌കൂളുകളാണ്. അതുതന്നെ എല്‍.പി. സ്‌കൂളുകള്‍. ഒരേയൊരു എയ്ഡഡ് സ്‌കൂളാണ് ഇവിടെയുള്ളത്. എല്ലാ സ്‌കൂളുകളും കന്നട മീഡിയത്തിലാണ്. ഭൂരിഭാഗവും കന്നടവിദ്യാര്‍ഥികള്‍ ആണ് ഉള്ളത്. മലയാളംപഠിക്കാന്‍ കുട്ടികള്‍ ഇല്ലാത്തതും പ്രശ്‌നമാണ്. ഒന്നാംഭാഷ മലയാളമായി പ്രഖ്യാപിച്ചിട്ടും മലയാളം പഠിക്കാനുള്ള സൗകര്യങ്ങള്‍ ഇല്ലെന്നത് വാസ്തവം. പത്താംതരം കഴിഞ്ഞാല്‍ ഹയര്‍സെക്കന്‍ഡറി പഠനത്തിന് മംഗലാപുരത്തെയാണ് ഇവര്‍ ആശ്രയിക്കുന്നത്.

പ്രാഥമിക ആവശ്യമായ കുടിവെള്ളംപോലും കിട്ടുന്നില്ലെന്ന് ജനങ്ങള്‍പറയുന്നു. കോടിക്കണക്കിന് രൂപയുടെ കുടിവെള്ളപദ്ധതികള്‍ പോലും അധികൃതരുടെ അനാസ്ഥമൂലം പാഴായിപ്പോവുകയാണ്. ജലസേചനവകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ 14 കോടി രൂപ ചെലവിട്ടാണ് കുടിവെള്ളപദ്ധതി തുടങ്ങിയത്. ആനക്കല്‍ പുഴയില്‍നിന്ന് മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ കോളേജിന് അടുത്തുള്ള ടാങ്കിലേക്ക് വെള്ളമെത്തിച്ച് കുടിവെള്ളസൗകര്യം ഒരുക്കാനായിരുന്നു പദ്ധതി. വൊര്‍ക്കാടി പഞ്ചായത്തിലേക്കും ഈ പദ്ധതിവഴി വെള്ളമെത്തിക്കാനായിരുന്നു തീരുമാനം. അതിനായി മോര്‍ത്തണ അരിങ്കുളയിലും ടാങ്ക് സ്ഥാപിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഉദ്ഘാടനമല്ലാതെ വെള്ളം എത്തിക്കുന്ന കാര്യത്തില്‍ ഒരുത്തരവാദിത്വവും അധികൃതര്‍ കാട്ടിയില്ലെന്ന് പഞ്ചായത്തധികൃതരും നാട്ടുകാരും ആരോപിക്കുന്നു. അരിയും സാധനങ്ങളും വാങ്ങാന്‍ സപ്ലൈകോയുടെ ഒരു സ്റ്റോര്‍പോലും ഇവിടെ ഇല്ല. സാധനങ്ങളുമായി ആഴ്ചയിലൊരിക്കല്‍ എത്തുന്ന സര്‍ക്കാര്‍വണ്ടിയാണ് ഇവരുടെ ആശ്രയം.

മഞ്ചേശ്വരം എം.എല്‍.എ.യുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പ്രശ്‌നങ്ങള്‍ അറിയിച്ചിരുന്നതായി പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും പഞ്ചായത്തും.
അധ്യാപക പാക്കേജ് ക്രമക്കേട്: പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് പരിശോധനയ്ക്ക് എത്തുന്നു

മലപ്പുറം: ജില്ലയിലെ അധ്യാപക പാക്കേജിലെ ക്രമക്കേടും ഡി.ഡി.ഇയുടെ സസ്‌പെന്‍ഷനും വിവാദമായ പശ്ചാത്തലത്തില്‍ സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നേരിട്ട് പാക്കേജ് സംബന്ധിച്ച കണക്കുകള്‍ പരിശോധിക്കാന്‍ ചൊവ്വാഴ്ച ജില്ലയില്‍ എത്തുന്നു. എല്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരോടും കണക്കുകളും ബന്ധപ്പെട്ട രേഖകളുമായി ചൊവ്വാഴ്ച രാവിലെ ഡി.ഡി.ഇ ഓഫീസില്‍ എത്താന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

പാക്കേജിലെ ക്രമക്കേട് സംബന്ധിച്ച് ഉയര്‍ന്ന കാര്യങ്ങള്‍ ഡി.പി.ഐ പരിശോധിക്കുമെന്നറിയുന്നു. പാക്കേജില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയില്ലാത്ത 261 പേരെ വിവിധ വിഭാഗങ്ങളിലായി മലപ്പുറം ഡി.ഡി.ഇ തിരുകിക്കയറ്റിയെന്നായിരുന്നു പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശം. അധ്യാപകരുടെ വിഭാഗത്തില്‍ 181 പേരെയും സംരക്ഷിത അധ്യാപക വിഭാഗത്തില്‍ 19 പേരെയും സര്‍വീസില്‍ നിന്ന് പുറത്തുപോകുന്നവരുടെ വിഭാഗത്തില്‍ 61 പേരെയും അനര്‍ഹമായി ഉള്‍പ്പെടുത്തി എന്നാണ് ആരോപണം. ഇതേത്തുടര്‍ന്നാണ് ഡി.ഡി.ഇ കെ.സി. ഗോപിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിറങ്ങിയത്. ഇത് പിന്നീട് വിദ്യാഭ്യാസമന്ത്രി ഇടപെട്ട് നടപ്പാക്കുന്നത് മാറ്റിവെച്ചു.

ക്രമക്കേട് നടന്നു എന്ന വിലയിരുത്തല്‍ ശരിയാണോ എന്ന് സൂക്ഷ്മപരിശോധന നടത്തിയശേഷം സസ്‌പെന്‍ഷന്‍ നടപ്പാക്കണമോ എന്ന് തീരുമാനിക്കാന്‍ കൂടിയാണ് ചൊവ്വാഴ്ചത്തെ എ.ഇ.ഒമാരുടെ യോഗം എന്ന് കരുതുന്നു.


No comments: