Thursday, November 3, 2011

എയ്ഡഡ് അധ്യാപക നിയമനം: സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എന്‍.എസ്.എസ്സിന്റെ ഹര്‍ജി

04 Nov 2011


കൊച്ചി: എയ്ഡഡ് അധ്യാപക നിയമനവും നിയോഗിക്കലും സംബന്ധിച്ച അധികാരം മാനേജ്‌മെന്റുകള്‍ക്ക് നഷ്ടമാകും വിധമുള്ള സര്‍ക്കാരിന്റെ ഉത്തരവിനെതിരെ എന്‍.എസ്.എസ്. ഹൈക്കോടതിയെ സമീപിച്ചു. അധ്യാപക നിയമനാധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്ന 2011 ഒക്ടോബര്‍ 1-ലെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് കാണിച്ച് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സമര്‍പ്പിച്ച ഹര്‍ജി വെള്ളിയാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വന്നേക്കും. സ്‌കൂള്‍ മാനേജര്‍മാരുടെ അധികാരം ഇല്ലാതാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് കേരള വിദ്യാഭ്യാസ നിയമത്തിനും ചട്ടത്തിനും എതിരാണ് എന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.


കൃത്രിമം കാട്ടി സ്‌കൂളില്‍ പുതിയ ഡിവിഷന്‍ പ്രിന്‍സിപ്പലിനും മാനേജര്‍ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
കരുനാഗപ്പള്ളി:വ്യാജരേഖകള്‍ ചമച്ച് സ്‌കൂളില്‍ നിയമവിരുദ്ധമായി ഓരോ ക്ലാസ് ഡിവിഷന്‍ വീതം സൃഷ്ടിച്ച് സര്‍ക്കാരിന് വലിയ സാമ്പത്തികനഷ്ടം വരുത്തിയെന്ന പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനും മാനേജര്‍ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര ജോണ്‍ എഫ്.കെന്നഡി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ എസ്.രമാകുമാരി, സ്‌കൂള്‍ മാനേജര്‍ കെ.ആര്‍.ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തിരുവനന്തപുരം എന്‍ക്വയറി കമ്മീഷണര്‍ ആന്‍ഡ് സ്‌പെഷല്‍ ജഡ്ജ് എസ്.ജഗദീഷ് ഉത്തരവിട്ടത്.

2001-02 അധ്യയനവര്‍ഷംമുതല്‍ കൃത്രിമമായി ടി.സി.യും മറ്റും നിര്‍മ്മിച്ച് ഒരു ഡിവിഷന്‍ വീതം സ്‌കൂള്‍ രേഖകളില്‍ ഉണ്ടാക്കുകയും അത് സര്‍ക്കാരിലേക്കും വിദ്യാഭ്യാസ വകുപ്പിലേക്കും റിപ്പോര്‍ട്ട് ചെയ്ത് അധ്യാപക അനധ്യാപക ഒഴിവുകള്‍ സൃഷ്ടിച്ച് നിയമനത്തിനായി വന്‍ തുക കോഴവാങ്ങിയെന്നാരോപിച്ച് മാവേലിക്കര താമരക്കുളം കുഴിവേലില്‍ കളീക്കല്‍ ജി.ശങ്കരപ്പിള്ള നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് പ്രാഥമിക അന്വേഷണം നടത്തിയതിന്‍ പ്രകാരം കേസെടുക്കാന്‍ ഉത്തരവായത്. ഉത്തരവിന്‍ പ്രകാരം കേസ് പ്രാഥമികമായി അന്വേഷിച്ച വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈ.എസ്.പി. എസ്.അനില്‍കുമാര്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ 2004 ല്‍ സ്‌കൂളിലെ 5-ാം ക്ലാസ് സി ഡിവിഷനില്‍ മരുത്തൂര്‍ കുളങ്ങര എസ്.എന്‍.യു.പി.എസില്‍നിന്ന് 15 കുട്ടികള്‍ ടി.സി.വാങ്ങി ചേര്‍ന്നതായും എന്നാല്‍ ആ സ്‌കൂളില്‍ അന്വേഷിച്ചപ്പോള്‍ അവിടെനിന്ന് ടി.സി.കൊടുത്തിട്ടില്ലെന്നും കണ്ടെത്തിയിരുന്നു.

കൂടാതെ കരുനാഗപ്പള്ളി ഗവ.യു.പി.സ്‌കൂള്‍, താമരക്കുളം വി.വി.എച്ച്.എസ്.എസ്. എന്നീ സ്‌കൂളുകളില്‍ നിന്നും 26 കുട്ടികള്‍ ടി.സി.വാങ്ങി ചേര്‍ന്നതായുള്ള രേഖകള്‍ പ്രകാരം ഈ സ്‌കൂളുകളില്‍ അന്വേഷണം നടത്തിയപ്പോള്‍ അവിടെനിന്ന് ഇത്തരത്തില്‍ ടി.സി.വിതരണം ചെയ്തിട്ടില്ലെന്ന് വിജിലന്‍സ് കണ്ടെത്തി.

താമരക്കുളം വി.വി.എച്ച്.എസ്.എസിലെയും കരുനാഗപ്പള്ളി ഗവ.യു.പി.എസിലെയും മരുത്തൂര്‍കുളങ്ങര എസ്.എന്‍.യു.പി.എസിലെയും അധികാരികളുടേതായുള്ള വ്യാജ സീലുകളും ഒപ്പുകളും ഉപയോഗിച്ചാണ് ടി.സി. ചമച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. 2001 മുതല്‍ 2010 വരെയുള്ള കാലയളവില്‍ കൃത്രിമമായി 10 വര്‍ഷം സൃഷ്ടിച്ച ഡിവിഷനുകളടെ പിന്‍ബലത്തില്‍ 2 എച്ച്.എസ്.എ.മാര്‍, 6 യു.പി.എസ്.എ.മാര്‍, 1 ക്ലര്‍ക്ക്, 2 പ്യൂണ്‍, ഒരു എഫ്.ടി.എം. എന്നീ തസ്തികകളിലേക്ക് അനധികൃത നിയമനം നടത്തിയതായും കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ജില്ലാ പഞ്ചായത്ത് വക 12 പദ്ധതികള്‍

കൊല്ലം: ജില്ലയിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച 12 പദ്ധതികളുടെ അന്തിമ രൂപരേഖ തയ്യാറായി. ഈ മാസംമുതല്‍ പദ്ധതികള്‍ നടപ്പാക്കിത്തുടങ്ങും. വ്യാഴാഴ്ച ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ശില്പശാലയില്‍ പദ്ധതികള്‍ ചര്‍ച്ചചെയ്തു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍:

പുലരി


ജില്ലാ പഞ്ചായത്തിന്റെ അധികാര പരിധിയില്‍വരുന്ന 70 സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലെ ഒമ്പത്, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്ന പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി 20,000 കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം ഒരു നേന്ത്രപ്പഴവും 125 മില്ലീലിറ്റര്‍ പാലും നല്‍കും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 17ന് രാവിലെ 10.30ന് അഞ്ചാലുംമൂട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് നിര്‍വഹിക്കും.വിജയസോപാനം


എസ്.എസ്.എല്‍.സി. പരീക്ഷയുടെ വിജയശതമാനം വര്‍ധിപ്പിക്കുന്നതിന് നിരവധി വര്‍ഷങ്ങളായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതി. ഇതിന്റെ ഭാഗമായി ഇംഗ്ലീഷ്, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷങ്ങളുടെ പഠനസഹായി ഡിസംബര്‍ 31 നകം വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നല്‍കും.വിജയോത്സവ മികവ്


ജില്ലാ പഞ്ചായത്തിന്റെ അധികാര പരിധിയില്‍ വരുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടപ്പാക്കുന്ന പദ്ധതിയാണിത്. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി സ്‌കൂള്‍ സമയത്തിനുശേഷം പ്രത്യേക ക്ലാസും ലഘുഭക്ഷണവും നല്‍കി പഠിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യം. നവംബര്‍ 15 മുതലുള്ള 60 പ്രവൃത്തിദിനങ്ങളില്‍ വിജയോത്സവ മികവ് ക്ലാസ് നടത്തും.രക്ഷിതാവറിയാന്‍


കുട്ടികളുടെ പ്രശ്‌നങ്ങളെ എങ്ങനെ സമീപിക്കണമെന്ന് രക്ഷാകര്‍ത്താക്കള്‍ക്ക് പരിശീലനം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി മാതാപിതാക്കളെ സ്‌കൂളില്‍ വിളിച്ചുവരുത്തി പരിശീലനവും കൗണ്‍സലിങ്ങും കൈപ്പുസ്തകവും നല്‍കും.കലാഗ്രാമം


ജില്ലയിലെ എട്ട്, ഒമ്പത് ക്ലാസുകളിലെ തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് സംഗീതം, ചിത്രരചന, നാടകം എന്നിവയില്‍ പരിശീലനം നല്‍കുന്ന പദ്ധതി. പുനലൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ സംഗീതവും കൊട്ടാരക്കരയില്‍ ചിത്രരചനയും കൊല്ലത്ത് നാടകവും പരിശീലിപ്പിക്കും. ഈ മൂന്നുകേന്ദ്രങ്ങളിലായി കുട്ടികളെ തിരഞ്ഞെടുക്കുന്നതിന് നവംബര്‍ 10ന് ശില്പശാല നടത്തും.ഹൈസ്‌കൂള്‍ ലൈബ്രറി നവീകരണം


ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് സര്‍ക്കാര്‍ സ്‌കൂളുകളിലെ ലൈബ്രറി കമ്പ്യൂട്ടര്‍ വത്കരിക്കുന്ന പദ്ധതി. ഇന്റര്‍നെറ്റ് സൗകര്യം ഉള്‍പ്പെടെ ലഭ്യമാക്കി ലൈബ്രറി പൂര്‍ണമായും ആധുനികവത്കരിക്കും.ജാലകം


ജില്ലയിലെ 115 ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുഴുവന്‍ പ്ലസ് ടു വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി നടത്തുന്ന വ്യക്തിത്വ വികസനാധിഷ്ഠിത കരിയര്‍ ഗൈഡന്‍സ് പദ്ധതി.ശിശുമാനസികാരോഗ്യ നിര്‍ണയ പ്രോജക്ട്


ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള ഹൈസ്‌കൂളിനോട് ചേര്‍ന്ന അപ്പര്‍ പ്രൈമറി വിഭാഗത്തിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥികളുടെ പഠന വൈകല്യം കണ്ടെത്തി പരിഹരിക്കുന്ന പദ്ധതി.കായിക പരിശീലനം


ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികളെ നാല് വിഭാഗമായി തിരിച്ച് നീന്തല്‍ പരിശീലനം, അത്‌ലറ്റിക് പരിശീലനം എന്നിവ നല്‍കുന്ന പരിപാടി.ഫര്‍ണിച്ചര്‍


ജില്ലയിലെ തിരഞ്ഞെടുത്ത 40 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഫര്‍ണിച്ചര്‍ വാങ്ങുന്നതിന് 75,000 രൂപ വീതം നല്‍കും.വിഷന്‍ ഇന്ത്യ പദ്ധതി


സ്‌പോര്‍ട്ട്‌സ് കൗണ്‍സിലിന്റെ നിര്‍ദേശാനുസരണം കഴിഞ്ഞവര്‍ഷം നടപ്പാക്കിയ പദ്ധതി. ചവറ ഗവ. എച്ച്.എസ്.എസ്, ഭൂതക്കുളം ഗവ. എച്ച്.എസ്.എസ്. എന്നീ സ്‌കൂളുകള്‍ക്ക് ലഘുഭക്ഷണത്തിന് തുക നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.സ്റ്റുഡന്റ് പോലീസ് കേഡറ്റ്


സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയില്‍ ഉള്‍പ്പെട്ട ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള അഞ്ച് സ്‌കൂളുകള്‍ക്ക് 50,000 രൂപ വീതം നല്‍കുന്ന പദ്ധതി.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍.ഗോപാലകൃഷ്ണപിള്ള ശില്പശാല ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ എസ്.എല്‍.സജികുമാര്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി.രവീന്ദ്രന്‍, ഡി.ഇ.ഒ. മാര്‍, പ്രഥമാധ്യാപകര്‍, പി.ടി.എ. ഭാരവാഹികള്‍ തുടങ്ങിയവര്‍ ശില്പശാലയില്‍ പങ്കെടുത്തു.

വില്ലൂര്‍ സ്‌കൂളില്‍ 'കാരണവക്കൂട്ടം'

കോട്ടയ്ക്കല്‍: കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി വില്ലൂര്‍ എ.എം.എല്‍.പി.സ്‌കൂള്‍ പ്രദേശത്തെ മുതിര്‍ന്ന പൗരന്മാരെ പങ്കെടുപ്പിച്ച് 'കാരണവക്കൂട്ടം' സംഘടിപ്പിച്ചു. പഴയകാലത്തെ കാര്‍ഷിക, ഭക്ഷണ രീതികളെയും ആചാരങ്ങളെയും സാമൂഹിക ജീവിതത്തെയും കുറിച്ചൊക്കെ കുട്ടികള്‍ ചോദിച്ചറിഞ്ഞു. കാരണവന്മാരില്‍നിന്ന് കുട്ടികള്‍ ഓലമെടയലും പരിശീലിച്ചു.

മലപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.പി. മുഹമ്മദ്ബഷീര്‍ ഉദ്ഘാടനംചെയ്തു.പി.ടി.എ പ്രസിഡന്റ് ടി.പി. ഇബ്രാഹിംകുട്ടി അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ ജോസഫ്, കെ.വി. ഹംസ ഹാജി, ചീരങ്ങന്‍ സൈതലവി, മണിയമ്മ, മുഹമ്മദ് അഷ്‌റഫ്, സി. നാരായണി, വി.പി. അംബുജാക്ഷി, സുമയ്യ, താഹിറ, സിദിന്‍ ടി.സി എന്നിവര്‍ പ്രസംഗിച്ചു.

ആയിരം കുരുന്നുകള്‍ തെങ്ങിന്‍ തൈകളേന്തി; വിസ്മയത്തോടെ നഗരംതൊടുപുഴ: 'കേരംതിങ്ങും കേരളം' യാഥാര്‍ഥ്യമാക്കാനുള്ള ആദ്യ ചുവടുവയ്പ് തൊടുപുഴയില്‍നിന്ന്. കുരുന്നുകളുടെ സ്‌നേഹസ്​പര്‍ശത്താല്‍ അഞ്ഞൂറിലേറെ തെങ്ങിന്‍തൈകള്‍ മണ്ണില്‍ വേരോടി.'മാതൃഭൂമി' സീഡ് പദ്ധതിയുടെ പ്രചോദനം ഉള്‍ക്കൊണ്ട് തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യു.പി. സ്‌കൂളാണ് നാടിന് മുഴുവന്‍ മാതൃകയായത്. 'ഒരു വീടിന് ഒരു ഇളനീര്‍ തെങ്ങ്' എന്ന പദ്ധതിക്ക് വ്യാഴാഴ്ച സ്‌കൂളിലെ എല്ലാ കുട്ടികളും കൈകോര്‍ത്തു. കുരുന്നുകരങ്ങളില്‍ ഉയര്‍ത്തിപ്പിടിച്ച തെങ്ങിന്‍തൈകളുമായി നടത്തിയ വിളംബരറാലി തൊടുപുഴ നഗരം വിസ്മയത്തോടെയാണ് നോക്കിനിന്നത്. റാലി നഗരഹൃദയത്തിലെത്തിയപ്പോള്‍ തെങ്ങിന്റെ മാഹാത്മ്യം ഗാനശില്പമായി കുട്ടികള്‍ അവതരിപ്പിച്ചു.

തെങ്ങിന്‍തൈ നട്ടുവളര്‍ത്തുന്നതിലൂടെ പരിസരശുചീകരണം, ജൈവവളനിര്‍മ്മാണം, ഇളനീര്‍ ഉല്പാദനം, സാമ്പത്തികനേട്ടം എന്നീ ലക്ഷ്യങ്ങള്‍കൂടി സാക്ഷാത്കരിക്കാന്‍ കഴിയുന്ന കര്‍മപദ്ധതിക്കാണ് തുടക്കമായത്. 'മാതൃഭൂമി'-വിദ്യയും നാളികേര വികസനബോര്‍ഡും ചേര്‍ന്ന് നടപ്പാക്കുന്ന 'എന്റെ തെങ്ങ്' പദ്ധതിയാണ് സ്‌കൂളില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും തെങ്ങ് നല്‍കാനുള്ള പദ്ധതിക്ക് പ്രചോദനമായത്.വിദ്യാര്‍ഥിപ്രതിനിധികള്‍ക്ക് തെങ്ങിന്‍തൈ നല്‍കി തൊടുപുഴ നഗരസഭാധ്യക്ഷന്‍ ടി.ജെ.ജോസഫ് പദ്ധതി ഉദ്ഘാടനംചെയ്തു. സംസ്ഥാന കൃഷിവകുപ്പുമായി ചേര്‍ന്ന് മാതൃഭൂമി സ്‌കൂളുകളില്‍ നടത്തുന്ന പച്ചക്കറിക്കൃഷിവ്യാപന പദ്ധതിക്കുള്ള വിത്തുകള്‍ നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ അഡ്വ.ഷിബിലി സാഹിബില്‍നിന്ന് പ്രഥമാധ്യാപിക സിസ്റ്റര്‍ ആന്‍സിലെറ്റ് ഏറ്റുവാങ്ങി. സ്‌കൂള്‍ മാനേജര്‍ ഫാ.ജോസ് മോനിപ്പിള്ളിയുടെ അധ്യക്ഷതയില്‍ സ്റ്റാഫ് സെക്രട്ടറി ആന്റണി കണ്ടിരിക്കല്‍ പദ്ധതി വിശദീകരിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.ജോസഫ് ജോണ്‍ മുഖ്യപ്രഭാഷണം നടത്തി.


സ്‌കൂളിലെ എല്ലാ വിദ്യാര്‍ഥികളുടെയും വീടിന്റെ മുറ്റത്ത് നാലടി സമചതുരത്തിലും അത്രയുംതന്നെ ആഴത്തിലും കുഴിയെടുത്ത് തെങ്ങിന്‍തൈ നടുകയാണ് ആദ്യപടി.


നാളികേര വികസന ബോര്‍ഡ് നല്‍കുന്ന തെങ്ങിന്‍തൈകള്‍ മൂന്നുവര്‍ഷം കഴിയുമ്പോള്‍ കായ്ചുതുടങ്ങും.

തൈകള്‍ക്ക് വളമായി ഉപയോഗിക്കുന്നത് ഓരോ വീട്ടിലെയും അടുക്കളയില്‍നിന്നുള്ള ജൈവമാലിന്യമാണ്. തെങ്ങിന്‍കുഴിയില്‍ ഇത് നിക്ഷേപിക്കുന്നതിലൂടെ പൊതുസ്ഥലത്തെ മാലിന്യവും നിയന്ത്രിക്കാം. 40 രൂപയുടെ തെങ്ങിന്‍തൈകള്‍ പകുതി വിലയ്ക്കാണ് കുട്ടികള്‍ക്ക് നല്‍കിയത്. 800 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ സ്വന്തമായി സ്ഥലമുള്ള 500 കുട്ടികള്‍ പദ്ധതിയില്‍ അണിചേര്‍ന്നു.
 

No comments: