Tuesday, November 8, 2011

അധ്യാപക പാക്കേജ്: ക്രമക്കേട് കണ്ടാല്‍ ഹെഡ്മാസ്റ്റര്‍ക്കും മാനേജര്‍ക്കുമെതിരെ നടപടി

 09 Nov 2011
തിരുവനന്തപുരം : അധ്യാപക പാക്കേജിന്റെ ഭാഗമായി രൂപവത്കരിക്കുന്ന ടീച്ചേഴ്‌സ് ബാങ്കില്‍ പുറത്തുനിന്നുള്ളവരെ തിരുകിക്കയറ്റാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കും കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിക്കുന്നതിനുമെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നു. തെറ്റായ വിവരങ്ങള്‍ നല്‍കുന്ന ഹെഡ്മാസ്റ്റര്‍മാര്‍ക്കെതിരെയും അതത് മാനേജര്‍മാര്‍ക്കെതിരെയും നടപടിയെടുക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. തെറ്റായ വിവരങ്ങള്‍ നല്‍കുന്ന ഹെഡ്മാസ്റ്റര്‍മാര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ നടപടിയുണ്ടാകും. മാനേജര്‍മാര്‍ക്കെതിരെ അയോഗ്യതാ നടപടിയുമുണ്ടാകും.

ബാങ്കില്‍ അനര്‍ഹരായ അധ്യാപകരെ തിരുകി കയറ്റുന്നതിനെക്കുറിച്ച് സ്‌കൂളുകളില്‍ സൂപ്പര്‍ ചെക്ക് സംഘം എത്തി പരിശോധിക്കും. കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിക്കുന്നതായി സംശയമുള്ള സ്‌കൂളുകളില്‍ യു.ഐ.ഡി പ്രകാരം കുട്ടികളുടെ തിരിച്ചറിയല്‍ ഉടന്‍ നടത്തും.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിതരായവരെയും ഇല്ലാത്ത തസ്തികയില്‍ കയറി പിന്നീട് ജോലി ഉപേക്ഷിച്ച് പോയവരെയും ടീച്ചേഴ്‌സ് ബാങ്കില്‍ ഉള്‍പ്പെടുത്താന്‍ ജില്ലകളില്‍ നിന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ നടത്തുന്ന ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്. മലപ്പുറം, കൊല്ലം , കണ്ണൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടത്. ഇതുകൂടാതെ പല ജില്ലകളില്‍ നിന്ന് നല്‍കിയ കണക്കുകളിലും ക്രമക്കേടുണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞു.

മുമ്പ് വിദ്യാര്‍ഥികളുടെ കണക്കെടുപ്പിലെ ക്രമക്കേടുകള്‍ പരിശോധിച്ചിരുന്ന ഡി.പി.ഐ ഓഫീസിലെ സൂപ്പര്‍ ചെക്ക് സെല്‍ സംശയമുയരുന്ന സ്‌കൂളുകളിലെത്തി അധ്യാപകരെ സംബന്ധിച്ച രണ്ടാം പരിശോധന തുടങ്ങി. മുമ്പ് മാനേജര്‍ നിയമിച്ചെന്നും അംഗീകാരത്തിന് ഡി.ഇ. ഒ. ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചതാണെന്നും തെറ്റിദ്ധരിപ്പിച്ച് ചില സ്‌കൂളുകളില്‍ അധ്യാപകരെ ബാങ്കില്‍ ഉള്‍പ്പെടുത്താന്‍ കണക്ക് നല്‍കിയിരുന്നു. സൂപ്പര്‍ ചെക്ക് സെല്‍ സ്‌കൂളുകളിലെത്തി ഇതിന്റെ സത്യാവസ്ഥയാണ് പരിശോധിക്കുന്നത്. ഇത്തരം കേസുകളില്‍ നിയമനം സംബന്ധിച്ച രേഖകളും മറ്റും വിശദമായി പരിശോധിക്കാനാണ് പരിശോധകര്‍ക്ക്‌നല്‍കിയിരിക്കുന്ന നിര്‍ദേശം.

ശമ്പളമില്ലാതെ പഠിപ്പിക്കുന്നവര്‍ - 3967, പ്രൊട്ടക്ടഡ് അധ്യാപകര്‍ - 2780 , ഡിവിഷന്‍ ഇല്ലാതായി സര്‍വീസില്‍ നിന്ന് പുറത്തുപോയവര്‍ - 4500 എന്നിങ്ങനെ 10500 ലേറെ അധ്യാപകരെയാണ് ബാങ്കില്‍ ഉള്‍പ്പെടുത്തേണ്ടിവരുമെന്ന് സര്‍ക്കാര്‍ കരുതിയത്. എന്നാല്‍ പുറത്തുപോയവരുടെ എണ്ണം പരമാവധി 1700 വരും. ഈ വിഭാഗത്തില്‍വന്ന 3000-ഓളം പേരുടെ കുറവിലാണ് ക്രമക്കേടുകള്‍ നടക്കുന്നത്.

വിദ്യാര്‍ഥികളുടെ എണ്ണത്തിലും ക്രമക്കേട് നടക്കുന്നുണ്ടെന്ന് കണ്ടെത്തി. തലയെണ്ണല്‍ നടത്തിയപ്പോഴും ഏകദിന പരിശോധനയിലും ലഭിച്ച കണക്കില്‍നിന്ന് ഏറെ വ്യത്യസ്തമല്ലാത്ത രീതിയിലാണ് കുട്ടികളുടെ എണ്ണം സ്‌കൂളുകളില്‍നിന്ന് നല്‍കിയിരിക്കുന്നത്. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ചെറിയ വ്യത്യാസങ്ങളല്ലാതെ കുട്ടികളുടെ എണ്ണത്തില്‍ മാറ്റം വരുത്താന്‍ ഹെഡ്മാസ്റ്റര്‍മാര്‍ തയ്യാറായിട്ടില്ല. മാനേജ്‌മെന്റുകളുടെ സമ്മര്‍ദമാണ് ഇതിനുപിന്നിലെന്ന് സര്‍ക്കാര്‍ കരുതുന്നു. ഇതേത്തുടര്‍ന്ന് മാര്‍ച്ചിനുമുമ്പ് യു.ഐ.ഡി പ്രകാരം തിരിച്ചറിയില്‍ നടത്താനാണ് ആദ്യം ഉദ്ദേശിച്ചതെങ്കിലും സംശയമുള്ള സ്‌കൂളുകളില്‍ ഉടനടി അത് നടത്താന്‍ അധികൃതര്‍ ലക്ഷ്യമിടുന്നു.

കൃത്യമായ കണക്ക് നല്‍കിയില്ലെങ്കില്‍ പാക്കേജ് ഫലപ്രദമായി നടപ്പാക്കാന്‍ കഴിയാതെ വരും. നവംബര്‍ 15 ന് കുറച്ച് ജില്ലകളിലെങ്കിലും പാക്കേജ് നടപ്പാക്കി തുടങ്ങണമെന്നാണ് ലക്ഷ്യമിടുന്നത്. ശമ്പളമില്ലാതെ ജോലി ചെയ്യുന്നവരെയും പ്രൊട്ടക്ടഡ് അധ്യാപകരെയും ബാങ്കില്‍ ഉള്‍പ്പെടുത്തിയായിരിക്കും പാക്കേജ് നടപ്പാക്കിത്തുടങ്ങുക. പുറത്തുപോയ അധ്യാപകരെ പരിശീലനം തുടങ്ങുന്ന മുറയ്ക്കായിരിക്കും ബാങ്കില്‍ ഉള്‍പ്പെടുത്തുക. ജനവരി മുതലാണ് പരിശീലനം തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്.mathrubhumi
സ്‌കൂള്‍വിദ്യാര്‍ഥികള്‍ക്കായി ബിഎസ്എന്‍എല്ലിന്റെ 'ഓണ്‍ലൈന്‍ ട്യൂഷന്‍'
കൊച്ചി: ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ പഠനത്തിന് സഹായകമാകുന്ന 'ഓണ്‍ലൈന്‍ ട്യൂട്ടോറിയല്‍' പദ്ധതിയുമായി ബിഎസ്എന്‍എല്‍ 'ടോപ്പര്‍ ലേണിങ്' പ്ലാന്‍. ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കാണ് ഇത് ലഭ്യമാകുക. ഐസിഎസ്‌സി, സിബിഎസ്ഇ, സംസ്ഥാന സിലബസുകളിലെ ഒന്‍പത് മുതല്‍ 12 വരെ ക്ലാസിലെ സയന്‍സ്, മാത്‌സ് വിഷയങ്ങള്‍ സംബന്ധിയായ, പ്രഗല്ഭരായ അധ്യാപകരുടെ ക്ലാസുകള്‍ ത്രീഡിയില്‍ ഇതില്‍ ലഭ്യമാകും. ഒപ്പം മുന്‍ വര്‍ഷങ്ങളിലെ ചോദ്യക്കടലാസുകളും ചോദ്യോത്തരങ്ങളും ലഭ്യമാകും. കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിന് സഹായിക്കുന്ന ഈ പ്ലാനിന്റെ സൗജന്യമായ ട്രയല്‍ 15 ദിവസം എല്ലാ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കും ലഭ്യമാകും. മാസം 150 രൂപയാണ് 'ടോപ്പര്‍ ലേണിങ്ങി'ന്റെ നിരക്ക്. ഇതിന്റെ ഉപയോഗം സാധാരണ ബ്രോഡ്ബാന്‍ഡ് ഡൗണ്‍ലോഡ്, ബ്രാസിങ് ചാര്‍ജിനൊപ്പം പരിഗണിക്കില്ല എന്ന പ്രത്യേകതയുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.bsnltopperlearning.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.
രക്ഷിതാക്കള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ് നല്‍കും

കൊണ്ടോട്ടി: പഞ്ചായത്ത് പരിധിയില്‍ നാല് മുതല്‍ ഏഴുവരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ് നല്‍കാന്‍ വിദ്യാഭ്യാസ സമിതി തീരുമാനിച്ചു. എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷാര്‍ഥികള്‍ക്ക് പരിശീലനം തുല്യതാപരീക്ഷയെഴുതുന്നവര്‍ക്ക് സഹായം തുടങ്ങിയവയും നല്‍കും. പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയോഗം പ്രസിഡന്റ് സി.ഫാത്തിമബീവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മഠത്തില്‍ മുഹമ്മദ്കുട്ടി അധ്യക്ഷതവഹിച്ചു. എ.ഇ.ഒ കെ.പി.ഉണ്ണി, ബി.പി.ഒ സിദ്ദീഖ്, ഇ.എം.ഉമ്മര്‍, ഷരീഫ, മഹ്ബൂബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
 
കുഞ്ഞുമനസുകള്‍ നീന്തിത്തുടിച്ചു മീന്‍ കുഞ്ഞുങ്ങളെപ്പോല്‍

തുറവൂര്‍ : മനംനിറയെ കാണാനും മീനുകളുടെ ഭംഗിയില്‍ ലയിക്കാനും മത്സ്യകൃഷിയിലൂടെ സമ്പാദനത്തിനും ശ്രമിക്കുകയാണ് ഈ കുരുന്നുകള്‍ . അന്ധകാരനഴി ബിബിഎംഎല്‍പി സ്കൂളിലെ കുട്ടികളാണ് മത്സ്യകൃഷിയില്‍ പുതിയ വിജയഗാഥ രചിക്കാന്‍ ശ്രമിക്കുന്നത്. ബാലശാസ്ത്രകോണ്‍ഗ്രസിന്റെ മുന്നൊരുക്കമായി ആലപ്പുഴ രൂപത സ്കൂളുകളില്‍ 11, 12 തീയതികളിലായി അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ശാസ്ത്രകോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന പ്രോജക്ടിന്റെ തുടര്‍പ്രവര്‍ത്തനമായാണ് കുരുന്നുകളുടെ മത്സ്യകൃഷി. "കരയിലെ വിഭവങ്ങള്‍ - ഐശ്വര്യപൂര്‍ണമായ ഭാവിക്കായി കരുതലോടെ ഉപയോഗിക്കാം, കാത്തുസൂക്ഷിക്കാം" എന്നതാണ് വിഷയം. രണ്ടരമാസത്തെ പ്രോജക്ട് പ്രവര്‍ത്തനത്തിന്റെ ഭാഗമായി മത്സ്യകര്‍ഷകര്‍ , ഫാമുകള്‍ , ഹാച്ചറികള്‍ , മത്സ്യബന്ധനതുറമുഖം, തൊഴിലാളികള്‍ എന്നിവ സന്ദര്‍ശിച്ച് വിവരം ശേഖരിച്ച് മത്സ്യഅറിവുകള്‍ പങ്കുവയ്ക്കുന്ന 12 പുസ്തകങ്ങള്‍ പഠനവിഷയമാക്കി. തുടര്‍പ്രവര്‍ത്തനത്തിനായി സ്കൂള്‍ സമീപത്തെ കുളം വൃത്തിയാക്കി പട്ടണക്കാട് പഞ്ചായത്തിന്റെ മത്സ്യകേരളം പദ്ധതിയുമായി സഹകരിച്ച് മത്സ്യകുഞ്ഞുങ്ങളെ കണ്ടെത്തി. രോഹു, കട്ല, മൃഗാള്‍ , കണമ്പ് തുടങ്ങിയ മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് തീറ്റ നല്‍കുന്നതുള്‍പ്പെടെയുള്ള സംരക്ഷണചുമതല പ്രോജക്ട് ലീഡര്‍ അശ്വിന്‍ ആന്‍ഡ്രൂസിനും സച്ചുജോസഫ്, ത്രേസ്യാമ്മ ഇഗ്നേഷ്യസ്, ഷാന്‍ട്രിയ ഷിജി, അക്ഷയ ഷിബു എന്നീ ടീമംഗങ്ങള്‍ക്കാണ്. ശാസ്ത്രാധ്യാപിക എല്‍സാമോള്‍ എസ്ടി പ്രോജക്ട് ഗൈഡായി പ്രവര്‍ത്തിക്കുന്നു. 
ഡിഡിഇയുടെ ക്രമക്കേട്; ഓഫീസില്‍ തെളിവെടുപ്പ് തുടങ്ങി
മലപ്പുറം: അധ്യാപക പാക്കേജില്‍ ക്രമക്കേട് നടന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും തെളിവെടുപ്പ് കോട്ടപ്പടി ഡിഡിഇ ഓഫീസില്‍ ആരംഭിച്ചു. അധ്യാപക പാക്കേജിലെ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഡിഡിഇ കെ സി ഗോപി ഗുരുതര വീഴ്ച വരുത്തിയത് സംബന്ധിച്ച് വിശദമായ തെളിവെടുപ്പിനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരത്തുനിന്ന് ഉദ്യോഗസ്ഥ സംഘമെത്തിയത്. എസ്എസ്എ സംസ്ഥാന പ്രോജക്ട് അഡീഷണല്‍ ഡയറക്ടര്‍ എല്‍ രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെ എഇഒമാര്‍ , വിദ്യാഭ്യാസ വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരില്‍നിന്ന് തെളിവെടുക്കുന്നത്. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച തെളിവെടുപ്പ് രാത്രിയും തുടര്‍ന്നു. സംശയം തോന്നുന്ന കാര്യങ്ങള്‍ സംബന്ധിച്ചും വരുംദിവസങ്ങളില്‍ തെളിവെടുപ്പ് തുടരുമെന്ന് രാജന്‍ "ദേശാഭിമാനി"യോട് പറഞ്ഞു. പാക്കേജില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയില്ലാത്ത 261 പേരെ വിവിധ വിഭാഗങ്ങളിലായി ഡിഡിഇ തിരുകിക്കയറ്റിയെന്നാണ് ആക്ഷേപം. അധ്യാപകരുടെ വിഭാഗത്തില്‍ 181 പേരെയും സംരക്ഷിത അധ്യാപക വിഭാഗത്തില്‍ 19 പേരെയും സര്‍വീസില്‍നിന്നും പറുത്തുപോകുന്നവരുടെ വിഭാഗത്തില്‍ 61 പേരെയുമാണ് അനര്‍ഹമായി ഉള്‍പ്പെടുത്തിയത്. ക്രമക്കേട് കണ്ടെത്തിയതോടെ ഡിഡിഇയെ സസ്പെന്‍ഡ് ചെയ്യാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയെങ്കിലും വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് ഇടപെട്ട് നടപടി തടഞ്ഞു. ക്രമക്കേട് സംബന്ധിച്ച് കൂടുതല്‍ തെളിവ് ശേഖരിച്ച ശേഷമേ നടപടി സ്വീകരിക്കാവൂ എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്. അധ്യാപികമാരുള്‍പ്പെടെയുള്ളവരെ അന്യായമായി സ്ഥലം മാറ്റിയ വിവാദപുരുഷനാണ് ഡിഡിഇ കെ സി ഗോപി. പ്രാദേശിക ലീഗ് നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങി വകുപ്പില്‍ ഏകാധിപതിയെപ്പോലെ പ്രവര്‍ത്തിച്ച ഡിഡിഇക്കെതിരെ കെഎസ്ടിഎയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടന്നുവരികയാണ്. ഇതിനിടയിലാണ് ഇദ്ദേഹത്തിനെതിരെ ക്രമക്കേട് കണ്ടെത്തിയത്. ഭരണസ്വാധീനം ഉപയോഗിച്ച് ഇദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ മുസ്ലിംലീഗിലെ ഒരു വിഭാഗം ശ്രമമാരംഭിച്ചതായാണ് വിവരം.deshabhimani
  ഒമ്പതാം ക്ലാസുകാരന്റെ ആത്മഹത്യ പ്രേരണ കുറ്റത്തിന് പ്രിന്‍സിപ്പലിനെതിരെ കേസ്
കോഴിക്കോട്്: അശ്ലീല സിഡി മറ്റൊരു വിദ്യാര്‍ഥിക്ക് കൈമാറിയെന്ന കുറ്റത്തിന് ഒമ്പതാം ക്ലാസുകാരനെ മാനസികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് നയിച്ച കുറ്റത്തിന് സ്കൂള്‍ പ്രിന്‍സിപ്പലിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു. മലാപ്പറമ്പ് വേദവ്യാസ വിദ്യാലയം സീനിയര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ എ ചെന്താമരാക്ഷനെതിരെയാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 305-ാം വകുപ്പനുസരിച്ച് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ മാനസികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് നയിക്കുന്നത് സംബന്ധിച്ച വകുപ്പാണ് പ്രിന്‍സിപ്പലിനെതിരെ ചുമത്തിയത്. ഈ വകുപ്പ് പ്രകാരമുള്ള കുറ്റത്തിന് വധശിക്ഷയോ, ജീവപര്യന്തം കഠിനതടവോ, പത്തുവര്‍ഷം തടവോ ശിക്ഷ ലഭിക്കാം. തിങ്കളാഴ്ചയാണ് ഇതനുസരിച്ചുള്ള പ്രഥമ വിവര റിപ്പോര്‍ട്ട് കുന്നമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്കുമുമ്പാകെ ഹാജരാക്കിയതെന്ന് സിഐ പ്രേംദാസ് പറഞ്ഞു. എന്നാല്‍ ഇതുവരെയും പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യാന്‍ പെലീസിന് കഴിഞ്ഞിട്ടില്ല. മുന്‍കൂര്‍ ജാമ്യത്തിന് പൊലീസ് അവസരമൊരുക്കിക്കൊടുക്കുകയാണെന്നും സംശയിക്കുന്നു. കുട്ടി ആത്മഹത്യചെയ്ത സംഭവത്തില്‍ നേരത്തെ അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തത്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് 305-ാം വകുപ്പ് ചേര്‍ത്ത് കേസെടുത്തത്. സ്കൂളില്‍നിന്ന് ടിസി നല്‍കാന്‍ തിരുമാനിക്കുകയും രക്ഷിതാക്കളുടെ മുന്നിലിട്ട് പ്രിന്‍സിപ്പല്‍ പരിഹസിക്കുകയും ചെയ്തതില്‍ മനംനൊന്താണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന സുബിന്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. സംഭവം കേസും വിവാദവുമാവാതിരിക്കാന്‍ സുബിന്റെ രണ്ട് സഹോദരങ്ങളുടെയും തുടര്‍ വിദ്യാഭ്യാസം സൗജന്യമാക്കാമെന്ന വാഗ്ദാനവുമായി സ്കൂള്‍ അധികൃതര്‍ രംഗത്ത് എത്തിയിരുന്നു. കൂട്ടുകാരന് അശ്ലീല സിഡി നല്‍കിയതിനാണ് കുന്നുമ്മല്‍ത്തറയില്‍ സുബിനെ സ്കൂളില്‍നിന്നും പുറത്താക്കാന്‍ പ്രിന്‍സിപ്പല്‍ തീരുമാനിച്ചത്. തനിക്ക് സിഡി തന്നത് വീടിനടുത്തുള്ള മറ്റൊരു കുട്ടിയാണെന്നും തെറ്റ് ആവര്‍ത്തിക്കില്ലെന്നും ഉറപ്പുനല്‍കിയെങ്കിലും ടി സി നല്‍കാനായിരുന്നു പ്രിന്‍സിപ്പലിന്റെ തീരുമാനം. പിറ്റേന്ന് രാവിലെ പ്രിന്‍സിപ്പലിനെ കാണാന്‍ രക്ഷിതാക്കള്‍ സ്കൂളില്‍പോയ സമയത്താണ് വിദ്യാര്‍ഥി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്

No comments: