Saturday, November 26, 2011

ഉച്ചഭക്ഷണപദ്ധതി ഫലപ്രദമാക്കണം


സ്‌കൂളുകളില്‍ പത്താം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം, എല്ലാനിലയ്ക്കും സ്വാഗതാര്‍ഹമാണ്. ദാരിദ്ര്യം, പോഷകാഹാരക്കുറവ് എന്നിവ മൂലം വിഷമിക്കുന്ന കുട്ടികള്‍ ഒട്ടേറെയുള്ള നമ്മുടെ രാജ്യത്ത് ഇത്തരം വിപുലമായ പദ്ധതികള്‍ കൂടിയേ കഴിയൂ. ദരിദ്രവിഭാഗങ്ങളിലെ പാലൂട്ടുന്ന അമ്മമാര്‍ക്ക് ധനസഹായം നല്‍കുന്നത് വിപുലീകരിക്കാനും തീരുമാനമായിട്ടുണ്ട്. 'ജനനി സുരക്ഷായോജന' എന്ന ഈ പദ്ധതി ആരോഗ്യമന്ത്രാലയവും ഉച്ചഭക്ഷണപദ്ധതി മാനവശേഷി മന്ത്രാലയവും നടപ്പാക്കും. നിര്‍ദിഷ്ട ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമാക്കിയാണ് ഉച്ചഭക്ഷണം പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കും നല്‍കാന്‍ ഉദ്ദേശിക്കുന്നത്. പദ്ധതി വേണ്ടവിധം പ്രാവര്‍ത്തികമാക്കാനായാല്‍ ഒട്ടേറെ കുട്ടികള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കും. ആറിനും പതിന്നാലിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്കെല്ലാം സൗജന്യമായി ഉച്ചഭക്ഷണം നല്‍കണമെന്നാണ് ഇതുസംബന്ധിച്ചുള്ള കരട് ബില്ലിലെ നിര്‍ദേശം. ഓരോ കുട്ടിയുടെയും ക്ഷേമം ഉറപ്പാക്കല്‍ ഭരണകൂടത്തിന്റെ പ്രധാന ചുമതലകളില്‍ ഒന്നാണ്. സ്വാതന്ത്ര്യം നേടി ആറു ദശകങ്ങളിലേറെ പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ ഇന്ത്യയിലെ സ്ഥിതി തൃപ്തികരമല്ല. പതിന്നാലു വയസ്സുവരെയുള്ള കുട്ടികളില്‍ വലിയൊരു വിഭാഗം ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നവരാണ്. പഠിച്ചും കളിച്ചും കഴിയേണ്ട പ്രായത്തില്‍ ക്ലേശമേറിയ ജോലികള്‍ ചെയ്യാന്‍ ഇവരില്‍ പലരും നിര്‍ബദ്ധരാകുന്നു. സ്‌കൂളുകളില്‍ ചേര്‍ന്നാല്‍ത്തന്നെ ഇടയ്ക്കുവെച്ചു പഠനം നിര്‍ത്തിപ്പോകുന്നവരും ഏറെയുണ്ട്.

ദാരിദ്ര്യനിര്‍മാര്‍ജനത്തിനുള്ള പദ്ധതികള്‍ വേണ്ടത്ര ഫലപ്രദമാകാത്തതാണ് വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്കിനുള്ള പ്രധാനകാരണങ്ങളിലൊന്നെന്ന് ഇതിനെക്കുറിച്ചു പഠനം നടത്തിയ പല വിദഗ്ധരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആനിലയ്ക്ക്, സ്‌കൂളുകളിലെ ഉച്ചഭക്ഷണപദ്ധതി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ആശ്വാസമേകാന്‍ മാത്രമല്ല കൂടുതല്‍ പേര്‍ വിദ്യാലയങ്ങളില്‍ എത്താനും കൊഴിഞ്ഞുപോക്ക് തടയാനും ഉതകും. ഭക്ഷണത്തിന്റെ കലോറിമൂല്യം, അതിലടങ്ങിയ മാംസ്യത്തിന്റെ അളവ് എന്നിവ ഉയര്‍ത്താനുള്ള നിര്‍ദേശം നടപ്പാകുന്നതോടെ, കുട്ടികളിലെ പോഷകാഹാരക്കുറവിനും വലിയൊരു പരിധിവരെ പരിഹാരമാകും. അടുത്തകാലത്താണ് വിദ്യാഭ്യാസ അവകാശനിയമം പ്രാബല്യത്തിലായത്. എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് അതിന്റെ ലക്ഷ്യം. അത് നേടണമെങ്കില്‍, ഉച്ചഭക്ഷണം നല്‍കുന്നതടക്കമുള്ള പദ്ധതി കൂടുതല്‍ വിപുലമാക്കിയേ മതിയാകൂ. ബാലവേല തടയുന്നതിനുള്ള ശ്രമങ്ങളുടെ വിജയവും ഇത്തരം പദ്ധതികളുടെ വൈപുല്യത്തെ ആശ്രയിച്ചിരിക്കുന്നു. പദ്ധതി ലക്ഷ്യം സാധിക്കുന്നതിനുതകുംവിധം നടപ്പാക്കണമെങ്കില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെയും സ്‌കൂള്‍ അധികൃതരുടെയും ആര്‍ജവത്തോടെയുള്ള പരിശ്രമം വേണ്ടിവരും. ഉച്ചഭക്ഷണപദ്ധതി നടപ്പാക്കുന്നതില്‍ പലേടത്തും ഉണ്ടാകുന്ന വീഴ്ചകളെ സുപ്രീംകോടതി മുന്‍പ് നിശിതമായി വിമര്‍ശിച്ചിരുന്നു.


കേരളത്തിലേതില്‍നിന്ന് വ്യത്യസ്തമാണ് പല സംസ്ഥാനങ്ങളിലെയും സ്ഥിതി. സ്‌കൂളുകളില്‍ ചേരാത്തവരും ഇടയ്ക്കു പഠനം നിര്‍ത്തിയവരുമായ കുട്ടികളെ എന്തുചെയ്യുമെന്നത് പല സംസ്ഥാന ഭരണകൂടങ്ങള്‍ക്കും വലിയ പ്രശ്‌നമായിരിക്കുന്നു. കേരളത്തില്‍ ജോലി ചെയ്യുന്ന കുട്ടികളില്‍ ബഹുഭൂരിപക്ഷവും അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഈ സാഹചര്യത്തില്‍, രാജ്യമെങ്ങും ആരോഗ്യവും അറിവുമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ അനിവാര്യമായതെന്ന നിലയ്ക്ക് ഉച്ചഭക്ഷണപദ്ധതിയുടെ കാര്യത്തില്‍ സവിശേഷതാത്പര്യം ബന്ധപ്പെട്ടവര്‍ക്കെല്ലാം ഉണ്ടാകണം. വിദ്യാഭ്യാസാവകാശനിയമം, ലക്ഷ്യം നേടണമെങ്കില്‍ ഉച്ചഭക്ഷണത്തിനു പുറമെ മറ്റ് ആനുകൂല്യങ്ങളും പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ടിവരും. സ്‌കൂള്‍ വിദ്യാഭ്യാസകാലത്തെങ്കിലും അത്തരക്കാരുടെ പൂര്‍ണസംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കുകയാണു വേണ്ടത്.

No comments: