05-Nov-2011

കോഴിക്കോട്: "എന്റെ പൊന്നുമോനെ കൊന്നവരുടെ ഒരൗദാര്യവും ഇനി ഞങ്ങള്‍ക്ക് വേണ്ട. പ്രിന്‍സിപ്പലും മാഷുമാരും ഒരിത്തിരി മനുഷ്യത്വം കാട്ടിയിരുന്നെങ്കില്‍ എന്റെ മോന് ഈ കടുംകൈ ചെയ്യുമായിരുന്നില്ല. സ്കൂളിന്റെ സെക്രട്ടറി കുഞ്ഞികൃഷ്ണന് നായരും നന്ദനന്മാസ്റ്ററും കഴിഞ്ഞ ദിവസം ഇവിടെ വന്നിരുന്നു. "ഒരു പാപം ചെയ്തുപോയി, ഞങ്ങള്‍ക്കതിനു പരിഹാരം ചെയ്യണം. മറ്റു രണ്ടുകുട്ടികളുടെയും പ്ലസ്ടു വരെയുള്ള പഠനം തീര്‍ത്തും സൗജന്യമായി ഏറ്റെടുക്കാം" എന്നായിരുന്നു അവര്‍ പറഞ്ഞത്. കണ്ണന്റെ സാറന്മാര് ആണല്ലോയെന്നു കരുതിയാണ് ഒന്നും പറയാതിരുന്നത്. ഇപ്പോള്‍ കാണിക്കുന്നതിന്റെ പത്തിലൊരംശം ദയ അന്നവര്‍ കാണിച്ചില്ല. കരഞ്ഞ് തല താഴ്ത്തിനിന്ന മോനെ ഞങ്ങളുടെ മുന്നിലിട്ട് അവര്‍ ഒന്നിച്ച് പരിഹസിച്ചു. സ്കൂളുകാരാണ് എന്റെ മോനെ കൊന്നത്...". കേള്‍ക്കുന്നവരുടെ ഉള്ള് പൊള്ളിക്കുന്ന വാക്കുകള്‍ . സുബിന് ആത്മഹത്യ ചെയ്തത് മുതല്‍ കരഞ്ഞ് തളര്‍ന്ന അമ്മ ബബിതയ്ക്കിപ്പോള്‍ കണ്ണുനീരില്ലാതായി. "കണ്ണന്റെ സ്കൂള്‍ ഡയറി ആര്‍ക്കും നോക്കാം. അവനെക്കുറിച്ചൊരു പരാതിയും ഇതുവരെയില്ല. ഒക്ടോബര്‍ 28ന്റെ തിയ്യതിയില്‍ മാത്രമാണ് ചുവന്ന മഷിയില്‍ ടീച്ചര്‍ എഴുതിയത്. "രക്ഷിതാവ് ശനിയാഴ്ച സ്കൂളില്‍ ഹാജരാവണമെന്ന്". പിന്നെയെന്തിനാണ് വെള്ളിയാഴ്ച വൈകിട്ട് തന്നെ എന്നെയും സുരേഷേട്ടനെയും സ്കൂളിലേക്ക് വിളിപ്പിച്ച് ഞങ്ങളുടെ മുന്നിലിട്ട് മകനെ ആക്ഷേപിച്ചത്. അധ്യാപകര്‍ ചോദ്യംചെയ്തപ്പോള്‍ അവന് പറഞ്ഞതെല്ലാം ഞങ്ങളുടെ മുന്നില്‍ ആവര്‍ത്തിച്ചപ്പോള്‍ എല്ലാം ഉള്ളിലൊതുക്കി മോന് കരയുകയായിരുന്നു. മറ്റൊരു കുട്ടി കൊടുക്കാന്‍ പറഞ്ഞേല്‍പ്പിച്ച സിഡി ആ കുട്ടിക്ക് കൈമാറുകയാണ് മോന് ചെയ്തത്. അന്ന് രാത്രിതന്നെ മോനെയും കൂട്ടി ഞങ്ങള്‍ ബന്ധപ്പെട്ട കുട്ടിയുടെ വീട്ടില്‍ പോയി മാപ്പ് പറഞ്ഞു. ആ കുട്ടിയുടെ അമ്മ സുബിനെ ആശ്വസിപ്പിച്ചു. രാത്രി ഒമ്പതോടെയാണ് അന്ന് വീട്ടിലെത്തിയത്. കണ്ണന് ഒന്നും കഴിച്ചിരുന്നില്ല. നിര്‍ബന്ധത്തിന് വഴങ്ങി ഒരുഗ്ലാസ് വെള്ളം മാത്രം കുടിച്ചു. മോന്റെ വിഷമം കണ്ട് സുരേട്ടന് കണ്ണനൊപ്പമാണ് കിടന്നത്. രാവിലെ എഴുന്നേറ്റിട്ടും ഒന്നും കഴിച്ചില്ല. ഞങ്ങള്‍ സ്കൂളില്‍ നിന്ന് വരുമ്പോഴേക്കും ഭക്ഷണമൊക്കെ കഴിക്കണമെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. സ്കൂളിലെ ആദ്യ മാതൃസമിതി പ്രസിഡന്റായ അഡ്വ. ഷീജാമണിയെയും കൂട്ടിയാണ് സ്കൂളിലെത്തിയത്. മകന് ടിസി നല്‍കരുതെന്ന് പലതവണ പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടെങ്കിലും അവനെ ഇവിടെ പഠിപ്പിക്കാന്‍ കഴിയില്ലെന്നു തീര്‍ത്തു പറയുകയായിരുന്നു-ബബിത പറഞ്ഞു. അടുക്കളയും കക്കൂസും അതിന് മുകളില്‍ ഒരു കിടപ്പുമുറിയും മാത്രമാണ് വീട്ടിലുള്ളത്. സ്ഥലമില്ലാത്തതിനാല്‍ ട്രെയിനിലെ ബര്‍ത്ത് പോലെയാണ് കട്ടില് ക്രമീകരിച്ചിട്ടുള്ളത്. ഇവിടെയാണ് സുബിനും 7-ാം ക്ലാസില്‍ പഠിക്കുന്ന സഹോദരി ശ്രീലക്ഷ്മിയും ഒന്നാംക്ലാസില്‍ പഠിക്കുന്ന സൂര്യദേവുമെല്ലാം പഠിക്കുന്നതും ഉറങ്ങുന്നതും.മകന് മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ അധ്യാപകര്‍ക്ക് വീടു കാണിച്ചു കൊടുത്തുകൊണ്ട് സുരേട്ടന് പറഞ്ഞു: "ഈ വീട്ടില്‍ എവിടെയാണ് സര് കണ്ണന് കളവുകാണിക്കാനുള്ള സ്വകാര്യത". ഞങ്ങളുടെ വാക്കുകള്‍ വിശ്വസിക്കാന്‍ അന്നവര്‍ തയ്യാറായില്ല. മകന് ടിസി കൊടുക്കാനായിരുന്നു താല്പര്യം. അപമാനം താങ്ങാനാവാതെയാണ് മോന് ഈ കടുംകൈ ചെയ്തത്"-deshabhimani

കോഴിക്കോട്: സ്കൂളില്‍നിന്ന് ടിസി നല്കാന് തിരുമാനിക്കുകയും രക്ഷിതാക്കളുടെ മുന്നിലിട്ട് പ്രിന്‍സിപ്പല്‍ പരിഹസിക്കുകയും ചെയ്തതില്‍ മനംനൊന്ത് ഒമ്പതാംക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. മലാപ്പറമ്പ് വേദവ്യാസ വിദ്യാലയം സീനിയര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സുബിനാണ് കഴിഞ്ഞ ശനിയാഴ്ച വീട്ടില്‍ തൂങ്ങിമരിച്ചത്. സംഭവം കേസാക്കി വിവാദമാവാതിരിക്കാന്‍ സുബിന്റെ രണ്ട് സഹോദരങ്ങളുടെയും തുടര്‍ വിദ്യാഭ്യാസം സൗജന്യമാക്കാമെന്ന വാഗ്ദാനവുമായി സ്കൂള്‍ അധികൃതര്‍ രംഗത്തിറങ്ങി. ഉന്നതങ്ങളിലെ ഇടപെടലിനെ തുടര്‍ന്ന് കേസ് ഒതുക്കാന്‍ പൊലീസും ശ്രമിക്കുന്നു. സ്കൂളിലെ ഒരു കൂട്ടുകാരന് നീലച്ചിത്രത്തിന്റെ സിഡി നല്‍കിയതിനാണ് സുബിനെ പുറത്താക്കാന്‍ പ്രിന്‍സിപ്പല്‍ ചെന്താമരാക്ഷന് തീരുമാനിച്ചത്. തൊണ്ടയാട് കുന്നുമ്മല്‍ത്തറയില്‍ സുരേഷ്ബാബുവിന്റെയും ബബിതയുടെയും മകനാണ് സുബിന് . കൂട്ടുകാരന്റെ രക്ഷിതാക്കളാണ് വെള്ളിയാഴ്ച സിഡി സ്കൂളില്‍ എത്തിച്ചത്. തുടര്‍ന്ന് അധ്യാപകരുടെ ചോദ്യംചെയ്യലില്‍ തന്നെ സുബിന് മാനസികമായി ഏറെ തളര്‍ന്നിരുന്നു. തനിക്ക് സിഡി തന്നത് വീടിനടുത്തുള്ള മറ്റൊരു കുട്ടിയാണെന്നും ഇനി ഈ തെറ്റ് ആവര്‍ത്തിക്കില്ലെന്നും സുബിന് ഉറപ്പുനല്‍കി. എന്നാല്‍ ടി സി നല്കാന് തന്നെയായിരുന്നു പ്രിന്‍സിപ്പലിന്റെ തീരുമാനം. വൈകിട്ട് സ്കൂളിലെത്തണമെന്ന് ക്ലാസ് ടീച്ചര്‍ രജനി സുബിന്റെ പിതാവിനെ അറിയിച്ചു. രക്ഷിതാക്കള്‍ക്ക് മുന്നിലിട്ടും പ്രിന്‍സിപ്പലും ചില അധ്യാപകരും കുട്ടിയെ ഏറെ പരിഹസിച്ചു. നീലച്ചിത്രം ടിവിയിലിട്ട് അച്ഛനും അമ്മയ്ക്കും കാണിച്ചുകൊടുക്കട്ടെടായെന്ന് ഭീഷണിയുടെ സ്വരത്തില്‍ പ്രിന്‍സിപ്പല്‍ ചോദിച്ചു. അപമാനഭാരംകൊണ്ട് തലതാഴ്ത്തി കരഞ്ഞ് "വേണ്ട സര്" എന്ന് കേണപേക്ഷിച്ചു. വൈകിട്ട് ഓഫീസ് അടച്ചതിനാല്‍ ഇന്ന് ടിസി തരാന്‍ പറ്റില്ല നാളെ രാവിലെയെത്തി ടിസി കൈപ്പറ്റണമെന്നും പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടു. ഇത്തവണ മാപ്പാക്കണമെന്ന രക്ഷിതാക്കളുടെ അപേക്ഷ പ്രിന്‍സിപ്പല്‍ അവഗണിച്ചു. അന്നുരാത്രി സുബിനെയും കൂട്ടി മാതാപിതാക്കള്‍ സിഡി കൈമാറിയ കുട്ടിയുടെ വീട്ടിലെത്തി മാപ്പുപറയുകയും ചെയ്തു. പിറ്റേന്ന് രാവിലെ സ്കൂളില്‍ എത്തിയ രക്ഷിതാക്കള്‍ വീണ്ടും പ്രിന്‍സിപ്പലിനെ കണ്ട് മാപ്പിരന്നു. എന്നാല്‍ ഒരു വിട്ടുവീഴ്ചക്കും അദ്ദേഹം തയ്യാറായില്ല. ഇന്ന് തനിക്ക് ഉച്ചയ്ക്കുള്ള ട്രെയിനില്‍ പോവാനുണ്ടെന്നും അടുത്തദിവസം വന്നാല്‍ ടിസി തരാമെന്നും പറഞ്ഞ് ഇവരെ മടക്കിയയക്കുകയായിരുന്നു. സ്കൂളിന്റെ ഗേറ്റ് കടക്കുമ്പോഴാണ് സുബിന് വീട്ടില്‍ തൂങ്ങിമരിച്ച വിവരം രക്ഷിതാക്കളെ തേടിയെത്തിയത്. സംഭവത്തെക്കുറിച്ച് സുരേഷ് ബാബു പറയുന്നതിങ്ങനെ: "വെള്ളിയാഴ്ച വൈകിട്ട് കണ്ണന്റെ ക്ലാസ് ടീച്ചര്‍ രജനിയാണ് ഉടനെ സ്കൂളിലെത്തണമെന്ന് ആവശ്യപ്പെട്ടത്. താന്‍ കക്കോടി പടിഞ്ഞാറ്റിന്‍മുറിയിലായിരുന്നു. മകന് എന്തോ അപകടം പറ്റി എന്നുകരുതി ഉടന്‍ സ്കൂളിലെത്താന്‍ ഭാര്യയോട് വിളിച്ചുപറഞ്ഞു. എന്നാല്‍ ബബിതയെത്തുന്നതിന് മുമ്പുതന്നെ താന്‍ സ്കൂളിലെത്തിയിരുന്നു. ഓഫീസ് വരാന്തയിലെ കസേരയില്‍ വിയര്‍ത്തു തളര്‍ന്നു മകനെ കണ്ടപ്പോള്‍ പനിയാണെന്നുകരുതി. കണ്ണന് പനിക്കുന്നുണ്ടോ എന്നുചോദിച്ചപ്പോള്‍ "അവന് വേറെ പനിയാണെന്നായിരുന്നു" ടീച്ചറുടെ മറുപടി. മകനെയും കൂട്ടി പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് ചെല്ലാന്‍ ടീച്ചര്‍ പറഞ്ഞു. "മകന് നീലച്ചിത്രങ്ങള്‍ വിതരണം ചെയ്യുന്ന പണിയാണിവിടെ, അത് കാണിച്ചുകൊടുക്കട്ടേടാ" എന്ന് മോനോട് ചോദിച്ചു. അവന് കരഞ്ഞുയാചിച്ച് വേണ്ടസര്‍ എന്നുപറഞ്ഞു. 2500 ഓളം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമാണിത്. അവിടെ ഇവനെ പോലുള്ള കുട്ടികള്‍ പറ്റില്ലെന്നും ടിസി വാങ്ങിപ്പോവണമെന്നും പറഞ്ഞു". ആ സമയം മുതല്‍ മകന് ഏറെ ദുഃഖിതനായിരുന്നുവെന്നും സുരേഷ്കുമാര്‍ പറഞ്ഞു. deshabhimani
അവര്‍ ഇത്തിരി മനുഷ്യത്വം കാട്ടിയിരുന്നെങ്കില്‍ ...

മനസ്സറിഞ്ഞ് "ഹെല്‍പ്പ് ഡെസ്ക്"
താനൂര്‍ : മാനസിക സമ്മര്‍ദങ്ങളില്ലാതെ ദേവധാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ . പഠനരംഗത്തോ ചുറ്റുപാടിലോ വീട്ടിലോ എവിടെയും വിദ്യാര്‍ഥിക്ക് പ്രശ്നമുണ്ടായാലും പരിഹാരവുമായെത്തുന്നത് വിദ്യാര്‍ഥികള്‍തന്നെ. സംസാരത്തിലൂടെ പ്രശ്നങ്ങളുള്ള വിദ്യാര്‍ഥികളെ കണ്ടെത്തും. ക്ലാസില്‍ പരിഹരിക്കാവുന്നവ ആണെങ്കില്‍ അവിടെവച്ചുതന്നെ തീര്‍ക്കും. ഇല്ലെങ്കില്‍ അധ്യാപക സമിതിക്ക് മുമ്പില്‍വയ്ക്കും. അഞ്ചുവര്‍ഷം മുമ്പ് തുടങ്ങിയ "ഫ്രന്‍ഡ്സ് സര്‍ക്കിള്‍" ആണ് ഇപ്പോള്‍ "ഹെല്‍പ്പ് ഡെസ്ക്" ആയി പ്രതിസന്ധികളില്‍ വിദ്യാര്‍ഥികള്‍ക്ക് കരുത്താവുന്നത്. ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് "ഹെല്‍പ്പ് ഡെസ്ക്" ആരംഭിച്ചത്. വിദ്യാര്‍ഥികള്‍ നേരിടുന്ന വൈകാരികവും സാമൂഹ്യവുമായ പ്രശ്നങ്ങളെയും പഠനപ്രതിസന്ധികളെയും കണ്ടെത്തി പരിഹാരങ്ങള്‍ നിര്‍ദേശിക്കും. കേരള മഹിളാ സമഖ്യയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അധ്യാപക സമിതിയുടെ മേല്‍നോട്ടത്തില്‍ പൂര്‍ണമായും വിദ്യാര്‍ഥികള്‍തന്നെയാണ് പദ്ധതിയുടെ പ്രയോക്താക്കള്‍ . പ്രശ്നങ്ങള്‍ മനസ്സിലാക്കി, തരംതിരിച്ച്, കാരണം കണ്ടെത്തി, പരിഹാരം കാണുന്നതുവരെ കൃത്യമായ ചട്ടക്കൂടിലൂടെയാണ് പ്രവര്‍ത്തനം. രഹസ്യസ്വഭാവം പുലര്‍ത്തേണ്ട സാഹചര്യത്തില്‍ കൃത്യമായി അത് പാലിക്കുംവിധമാണ് ഇതിന്റെ ഘടന. ഓരോ ക്ലാസുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവര്‍ക്ക് പ്രത്യേക പരിശീലനം വഴിയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്. കൗമാരപ്രായത്തില്‍ ഉണ്ടാകുന്ന ശാരീരിക-വൈകാരിക മാറ്റങ്ങള്‍ , രക്ഷിതാക്കളുടെയും അധ്യാപകരുടെയും അമിത പ്രതീക്ഷകള്‍ , ചുറ്റുപാടുകളില്‍നിന്നും നേരിടേണ്ടിവരുന്ന പീഡനങ്ങള്‍ , ഇവ വിദ്യാര്‍ഥികളില്‍ ഉണ്ടാക്കുന്ന സമ്മര്‍ദങ്ങള്‍ എന്നിവയെക്കുറിച്ചൊക്കെ ശില്പ്പശാലകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് അറിവ് ലഭിക്കും. ഇത്തരത്തില്‍ "എന്റെ കുട്ടികളും ഞാനും" എന്ന പേരില്‍ കഴിഞ്ഞദിവസം ശില്‍പ്പശാല നടത്തി.
സ്കൂള്‍ മേളകള്‍ക്കുവേണ്ടി നിര്‍ബന്ധ പിരിവ്
കരിപ്പൂര്‍: ഉപജില്ലാ കായിക-കലാ-ശാസ്ത്രമേളകള്‍ക്ക് വിദ്യാര്‍ഥികളില്‍നിന്ന് നിര്‍ബന്ധ പിരിവ് നടത്തണമെന്ന നിര്‍ദേശം പ്രധാനാധ്യാപകര്‍ക്ക് തലവേദനയാവുന്നു. മേളകള്‍ക്കായി വിദ്യാര്‍ഥികളില്‍ നിന്ന് പിരിവെടുക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവുള്ളതാണ്. ഇതിനെ മറികടന്നാണ് എ.ഇ.ഒ, ഡി.ഇ.ഒ തലത്തില്‍ വിദ്യാര്‍ഥികളോട് പണം അടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മേളകള്‍ക്ക് വരുന്ന കനത്ത ചെലവാണ് കാരണമായി പറഞ്ഞിരിക്കുന്നത്. എന്നാല്‍ വിദ്യാര്‍ഥികളില്‍ പലരും പണം നല്കാന് തയ്യാറാവുന്നില്ല. ഇതുമൂലം നിശ്ചിത തീയതിക്കകം വിദ്യാഭ്യാസ ഓഫീസുകളില്‍ പണമടയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് പ്രധാനാധ്യാപകര്‍.
എല്‍.പി സ്കൂളുകള്‍ ഒരുകുട്ടിക്ക് 5 രൂപയും യു.പി.യില്‍ 7 രൂപയും ഹൈസ്കൂളുകള്‍ക്ക് 12 രൂപയും ഹയര്‍സെക്കന്‍ഡറിക്കാര്‍ക്ക് 15 രൂപയും പിരിച്ചെടുത്ത് അടയ്ക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 10,000 രൂപമാത്രമാണ് വിദ്യാഭ്യാസ വകുപ്പ് ഒരു സബ് ജില്ലയ്ക്ക് നല്‍കുന്നത്. ഇത് ഉച്ചഭാഷിണിക്കുപോലും തികയില്ല. ബാക്കി തുക എങ്ങനെ കണ്ടെത്തണമെന്ന് പറയുന്നുമില്ല. സാധാരണഗതിയില്‍ ഒരു ഉപജില്ലാ മേളയ്ക്ക് ഒന്നരലക്ഷത്തിലധികം രൂപ ചെലവുവരും. ഇത് പരിഹരിക്കാനാണ് ഉപജില്ലാ വിദ്യാഭ്യാസ ജില്ലാ അധികൃതര്‍ സ്കൂളുകളില്‍നിന്ന് പിരിവ് നടത്താന്‍ തീരുമാനിച്ചത്.
വിദ്യാഭ്യാസ പാക്കേജ്: വ്യവസ്ഥകള്‍ക്കെതിരെ എന്‍.എസ്.എസ്
ചങ്ങനാശ്ശേരി: വിദ്യാഭ്യാസ പാക്കേജിന്റെ മറവില്‍ മാനേജ്മെന്റുകളുടെ നിയമനാവകാശം കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നതായി എന്‍.എസ്.എസ്. കുറ്റപ്പെടുത്തി. പാക്കേജിലെ എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്ന് എന്‍.എസ്.എസ് മുഖപത്രമായ 'സര്‍വ്വീസി'ന്റെ മുഖപ്രസംഗത്തില്‍ ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് കഴിഞ്ഞദിവസം എന്‍.എസ്.എസ്. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കോടതിയെ സമീപിക്കാനിടയായ സാഹചര്യം മുഖപ്രസംഗത്തില്‍ വിവരിച്ചിട്ടുണ്ട്. സ്കൂളുകളുടെ നടത്തിപ്പ്, ജീവനക്കാരുടെ നിയമനം എന്നിവ തമ്മില്‍ കഴിഞ്ഞ 50ല്‍പ്പരം വര്‍ഷമായി നിലനിന്നുവരുന്ന വ്യവസ്ഥകള്‍ക്കും ധാരണകള്‍ക്കും വിരുദ്ധവും നിയമസാധുതയില്ലാത്തതുമാണ് സര്‍ക്കാര്‍ ഉത്തരവ്.
യാതൊരു തത്വദീക്ഷയുമില്ലാതെ സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ച് നിയമനം നടത്തിയ മറ്റ് പല മാനേജുമെന്റുകള്‍ക്കും ഉത്തരവ് ഗുണകരമായി ഭവിക്കുമെന്ന് എന്‍.എസ്.എസ്. ചൂണ്ടിക്കാട്ടുന്നു. അതേസമയം, എന്‍.എസ്.എസ്. കോര്‍പ്പറേറ്റ് മാനേജ്മെന്റിന് വന്‍തോതില്‍ തസ്തികകള്‍ നഷ്ടമാകുന്ന സാഹചര്യമാണുള്ളത്.
ജോലി നഷ്ടപ്പെടുന്നവര്‍, ശമ്പളമില്ലാതെ ജോലി ചെയ്യുന്നവര്‍, എയ്ഡഡ് സ്കൂളുകളിലെ സംരക്ഷിത അധ്യാപകര്‍ എന്നിവരെ വിന്യസിക്കുന്നതിന് എന്ന വ്യാജേന പുറത്തിറക്കിയ ഉത്തരവ് ചിലരുടെ സ്ഥാപിതതാല്പര്യങ്ങളും ചില പ്രത്യേക വിഭാഗങ്ങളെ സഹായിക്കാനും ഉള്ള ഗൂഢലക്ഷ്യം ഉള്ളതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മുഖപ്രസംഗം പറയുന്നു.
സ്പെഷലിസ്റ്റ് അധ്യാപകരുടെ നിയമനം പി.എസ്.സി. വഴി നടത്തുമെന്ന ഉത്തരവ് മാനേജ്മെന്റ് അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. സ്പെഷലിസ്റ്റ് അധ്യാപകരെ വിന്യസിക്കുമ്പോഴുള്ള പുതിയ വേക്കന്‍സികള്‍ മാനേജ്മെന്റിന് അവകാശപ്പെട്ടതാണ്.
ഉദ്യോഗാര്‍ഥികള്‍ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് പാസ്സാകണമെന്ന നിയമത്തെയും എന്‍.എസ്.എസ്. ചോദ്യംചെയ്യുന്നു. ഇത്തരമൊരു ടെസ്റ്റ് നടത്താതെ വ്യവസ്ഥ കൊണ്ടുവന്നത് മാനേജ്മെന്റിന്റെ നിയമനാവകാശം തടസ്സപ്പെടുത്താനാണെന്ന് വ്യക്തമാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
അധ്യാപകരുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് ഓഡിറ്റ് കമ്മിറ്റി രൂപവത്കരിക്കും എന്ന് ഉത്തരവിലുണ്ട്.
എന്നാല്‍, കമ്മിറ്റിയുടെ ഘടന, ഉദ്ദേശ്യം എന്നിവ വ്യക്തമല്ല. വിദ്യാഭ്യാസ ഓഫീസര്മാരല്ലാത്തവരും മറ്റു മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും സ്ഥാപനത്തിന്റെ താല്പര്യങ്ങളെ ഹനിക്കുന്നവരും ഈ കമ്മിറ്റിയില്‍ വന്നാല്‍ അത് മാനേജ്മെന്റുകളുടെ ഭരണാവകാശങ്ങളെ ഹനിക്കുന്നതായിരിക്കുമെന്ന് എന്‍.എസ്.എസ്. മുഖപ്രസംഗത്തില്‍ പറയുന്നു
കെ.എസ്.ടി.എ ബഹിഷ്കരണം: ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവം നടന്നില്ല
പെരിന്തല്‍മണ്ണ: വെള്ളിയാഴ്ച തുടങ്ങാനിരുന്ന പെരിന്തല്‍മണ്ണ ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവം കെ.എസ്.ടി.എയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം അധ്യാപകര്‍ നടത്തിയ ബഹിഷ്കരണത്തെ തുടര്‍ന്ന് നടത്താനായില്ല. പെരിന്തല്‍മണ്ണ പ്രസന്േറഷന് സ്കൂളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ സാഹിത്യോത്സവം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി അധ്യാപകരെ സ്ഥലം മാറ്റുന്നതിനെതിരെ കെ.എസ്.ടി.എ നടത്തുന്ന ബഹിഷ്കരണത്തോടനുബന്ധിച്ചാണ് സാഹിത്യോത്സവ ബഹിഷ്കരണവുമുണ്ടായത്. പരിപാടി നടക്കാത്തതിനാല്‍ മത്സരങ്ങളില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥികള്‍ നിരാശരായി മടങ്ങി.
വിജയക്കൊടി പാറിച്ച് കടലുണ്ടി സ്കൂള്‍ ഓഫ് അത്ലറ്റിക്സ്

ജില്ലാ മിനി അമച്വര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം ചാമ്പ്യന്മാരായതാണ് എടുത്തുപറയുന്നത്. ഈ വര്‍ഷത്തെ സംസ്ഥാന അമച്വര്‍ മീറ്റിലും ഈ താരങ്ങള്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. കായികാഭിരുചിയുള്ള കുട്ടികളെ ചെറുപ്പത്തിലേ കണ്ടെത്തുക,പരിശീലനം നല്‍കുക, ഉയരങ്ങളില്‍ എത്തിക്കുക ഇതാണ് സ്കൂള്‍ ഓഫ് അത്ലറ്റിക്സിന്റെ ലക്ഷ്യമെന്ന് കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ശൈലജ പറഞ്ഞു. ഗ്രാമത്തിലെ മുഴുവന്‍ സ്കൂളുകളെയും പങ്കെടുപ്പിച്ച് നടത്തുന്ന കോംപ്ലക്സ് സ്പോര്‍ട്സിലൂടെയാണ് പരിശീലനത്തിനുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നത്. ഈ കുട്ടികളുടെ കായികാഭിരുചി വിലയിരുത്തിയശേഷം ആ ഇനത്തില്‍ സമ്പൂര്‍ണ പരിശീലനം നല്‍കുകയാണ് ചെയ്യുന്നത്. ഓട്ടം, ചാട്ടം, ഹര്‍ഡില്‍സ്, ത്രോയിങ് തുടങ്ങിയ ഇനങ്ങളിലാണ് പരിശീലനം നല്‍കുന്നത്. ഗ്രാമപ്പഞ്ചായത്തും പഞ്ചായത്തിന്റെ കായികസമിതിയുമാണ് പരിശീലനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. വിവിധ ക്ലാസ്സുകളിലായുള്ള 27 കുട്ടികളാണിപ്പോള്‍ പരിശീലനം നടത്തുന്നത്. 17 പേര് ആണ്‍കുട്ടികളാണ്. എല്‍.പി. മുതല്‍ ഹൈസ്കൂള്‍ വരെയുള്ളവരെയാണ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുന്നത്. ഗ്രാമപ്പഞ്ചായത്ത് നടത്തുന്ന കോംപ്ലക്സ് സ്പോര്‍ട്സിനു സ്കൂളുകളില്‍ മികവ് തെളിയിക്കുന്ന കുട്ടികളെയും തിരഞ്ഞെടുക്കാറുണ്ട്. ചാലിയം ഉമ്പിച്ചിഹാജി ഹൈസ്കൂള്‍ മൈതാനമാണ് പ്രധാന പരിശീലനക്കളരി. പഞ്ചായത്തും കായികസമിതിയും ചേര്‍ന്നാണ് പരിശീലകരെ ഏര്‍പ്പെടുത്തുന്നത്. ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലെ താരമായിരുന്ന കൊയിലാണ്ടി സ്വദേശി ഡി. വിപിനാണ് ഇപ്പോഴത്തെ പ്രധാന പരിശീലകന്. രാവിലെയും വൈകുന്നേരവും കുട്ടികളുടെ പഠനത്തെ ബാധിക്കാത്ത വിധമാണ് പരിശീലനം. സ്വഭാവരൂപീകരണത്തിനും ക്യാമ്പില്‍ പ്രാധാന്യം നല്കുന്നു. കായികക്ഷമത വര്‍ധിപ്പിക്കാനുള്ള ഭക്ഷണക്രമീകരണത്തിനും പ്രാമുഖ്യം നല്കുന്നു. വരുന്ന സ്കൂള്‍ കായികമേളയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ക്യാമ്പിലെ താരങ്ങളിപ്പോള്‍. വി. സെയ്തലവിയാണ് സ്കൂള്‍ അത്ലറ്റിക്സിന്റെ കണ്‍വീനര്‍, പൈക്ക ഇന്റര്‍ സ്റ്റേറ്റ് മീറ്റ്, ജില്ലാ മിനി അമച്വര്‍ അത്ലറ്റിക് മീറ്റ്, സംസ്ഥാന മിനി അമച്വര്‍ മീറ്റ് തുടങ്ങിയവയില്‍ കടലുണ്ടി സ്കൂള്‍ ഓഫ് അത്ലറ്റിക്സ് താരങ്ങള്‍ വാരിക്കൂട്ടിയ മെഡലുകളും ട്രോഫികളും പഞ്ചായത്തിന്റെ കായികമുന്നേറ്റത്തിനുള്ള അംഗീകാരമായി മാറുകയാണ്.
സ്വകാര്യ എന്‍ജി. കോളേജുകള്‍ നിലവാരത്തകര്‍ച്ചയില്‍
തൃശൂര്‍ : വന്‍തുക കോഴ വാങ്ങി പ്രവേശനം നടത്തുന്ന സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളിലെ വിദ്യാഭ്യാസ നിലവാരം ഏറെ ദയനീയം. ഭൂരിഭാഗം സ്വാശ്രയ കോളേജുകളുടെയും വിജയശതമാനം ശരാശരിയിലും താഴെ. സംസ്ഥാനത്തെ സ്വകാര്യ എന്‍ജിനിയറിങ് കോളേജുകളിലെ കഴിഞ്ഞ പത്തുവര്‍ഷത്തെ വിജയം ശരാശരി 20 മുതല്‍ 50 ശതമാനംവരെയാണ്. അതേസമയം, സര്‍ക്കാര്‍ കോളേജുകളില്‍ 80-90 ശതമാനമാണ്. യോഗ്യതയില്ലാത്ത അധ്യാപകരാണ് ഇതിനു പ്രധാനകാരണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച രാമചന്ദ്രന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ഓരോവര്‍ഷവും ലാഭം കുത്തനെ ഉയരുമ്പോഴും കോളേജ് മാനേജ്മെന്റുകള്‍ മികച്ച സേവനവേതനവ്യവസ്ഥകളില്‍ അധ്യാപകരെയും മറ്റു ജീവനക്കാരെയും നിയമിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. സര്‍ക്കാര്‍ കോളേജുകളിലെ അധ്യാപകര്‍ക്ക് 40,000 മുതല്‍ ഒരു ലക്ഷം രൂപവരെ ശമ്പളം ലഭിക്കുമ്പാള്‍ സ്വകാര്യ കോളേജുകളില്‍ ഇത് 12,000 മുതല്‍ 25,000 വരെയാണ്. അധ്യാപകര്‍ക്ക് എംടെക് വേണമെന്ന് ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍(എഐസിടിഇ) വ്യവസ്ഥയുണ്ടെങ്കിലും ഭൂരിപക്ഷം കോളേജുകളും പാലിക്കാറില്ല. ബിടെക്കുകാരാണ് മിക്കയിടത്തും പഠിപ്പിക്കുന്നത്. പരമാവധി 2-3 വര്‍ഷം മാത്രം പരിചയമുള്ളവരാണ് ഇതിലധികവും. എംടെക്കുകാരെ കിട്ടാനില്ലെന്നാണ് മാനേജ്മെന്റകളുടെ ന്യായീകരണം. അതേസമയം, എംടെക്കും പിഎച്ച്ഡിയുമുള്ളവര്‍ കേരളത്തിനു പുറത്തുള്ള സ്വാശ്രയ കോളേജുകളില്‍ ജോലി ചെയ്യുന്നുണ്ട്. മെച്ചപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളുമാണ് അവരെ അങ്ങോട്ട് ആകര്‍ഷിക്കുന്നത്. സ്വാശ്രയ കോളേജുകളിലെ ഈ അവസ്ഥ വിദ്യാഭ്യാസനിലവാരത്തെ ഗുരുതമായി ബാധിക്കുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു. സര്‍ക്കാരുമായി ധാരണയുള്ള കോളേജുകളില്‍പോലും 50 ശതമാനം മാനേജ്മെന്റ് സീറ്റുകളില്‍ 75,000 മുതല്‍ ഒന്നേകാല്‍ ലക്ഷം വരെയാണ് വാര്‍ഷികഫീസ്. എന്‍ആര്‍ഐ ക്വാട്ടയില്‍ 1,75,000 മുതല്‍ രണ്ടുലക്ഷംവരെയും. കൂടാതെ, തലവരിയായും ഡിപ്പോസിറ്റായും ലക്ഷങ്ങള്‍ വാങ്ങുന്നു. ആവശ്യക്കാരേറെയുള്ള ബ്രാഞ്ചുകള്‍ക്ക് അഞ്ചുലക്ഷംവരെയാണ് കോഴ. ആറു ബ്രാഞ്ചുള്ള കോളേജില്‍ 420 കുട്ടികളുണ്ടാവും. ഇവിടെ 132 അധ്യാപകര്‍ വേണമെങ്കിലും പലയിടത്തും അത്രയില്ല. ഒരു കോളേജിന് ഫീസ് ഇനത്തില്‍ പ്രതിവര്‍ഷം 10-15 കോടിയോളം രൂപ കിട്ടുന്നു. പരമാവധി അഞ്ചുകോടിയാണ് വാര്‍ഷികച്ചെലവ്. എന്നാല്‍ , നിലനില്‍പ്പ് അപകടത്തിലാണെന്നു പറഞ്ഞാണ് മാനേജ്മെന്റുകള്‍ ഫീസ് ഉയര്‍ത്തണമെന്ന് വാദിക്കുന്നത്. സംസ്ഥാനത്ത് 107 സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളുണ്ട്. എംടെക് ബിരുദമുള്ളവരെ അധ്യാപകരായി കിട്ടാനില്ലെന്ന് കേരള സെല്‍ഫ് ഫിനാന്‍സിങ് എന്‍ജിനിയറിങ് കോളേജ് അസോസിയേഷന് ചെയര്മാന് ജിപിസി നായര്‍ പറയുന്നു. പരിചയസമ്പന്നരായ അധ്യാപകരില്ലാതെ സ്വകാര്യ സ്വാശ്രയ കോളേജുകളുടെ നിലവാരം മെച്ചപ്പെടില്ലെന്ന് തൃശൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജിലെ ഇലക്ട്രിക്കല്‍ വിഭാഗം മുന്‍ മേധാവി പ്രൊഫ. ടി എം സുദര്ശനന് പറഞ്ഞു.
deshabhimani
deshabhimani
No comments:
Post a Comment