Friday, November 18, 2011

"അമ്മതന്‍ ഭക്ഷണം" പദ്ധതി തുടങ്ങി

 18-Nov-2011 കൊച്ചി: വൈപ്പിന്‍മണ്ഡലത്തിലെ സര്‍ക്കാര്‍ , എയ്ഡഡ് സ്കൂളുകളിലെ കാല്‍ലക്ഷം വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന "അമ്മതന്‍ ഭക്ഷണം" പോഷകസമൃദ്ധമായ ഉച്ചയൂണ് പദ്ധതിക്ക് വല്ലാര്‍പാടം സെന്റ് മേരീസ് ഹൈസ്കൂളില്‍ തുടക്കമായി. മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസരംഗത്തെ മുന്നേറ്റത്തിനു വഴിയൊരുക്കുന്നതിന് എസ് ശര്‍മ എംഎല്‍എ ആവിഷ്കരിച്ച "വെളിച്ചം" തീവ്രവിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായാണ് "അമ്മതന്‍ ഭക്ഷണം" പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം വരാപ്പുഴ അതിരൂപതാ മെത്രാപോലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ വികസനത്തിലൂടെ മാത്രമേ സമൂഹത്തിന്റെ പുരോഗതി സാധ്യമാകൂവെന്നു മനസ്സിലാക്കി ആവിഷ്കരിച്ച പദ്ധതി പിന്നോക്കംനില്‍ക്കുന്ന വൈപ്പിനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുമെന്ന് കല്ലറയ്ക്കല്‍ പറഞ്ഞു. എസ് ശര്‍മ എംഎല്‍എ അധ്യക്ഷനായി. വിദ്യാര്‍ഥികളെ പഠനത്തിനു സഹായിക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളുടെ ഭൗതികവളര്‍ച്ച, പശ്ചാത്തലസൗകര്യ വികസനം, ആരോഗ്യകരമായ സംരക്ഷണം എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജനകീയമായും സുതാര്യവുമായി നടപ്പാക്കുന്ന അമ്മതന്‍ ഭക്ഷണം പദ്ധതിയില്‍ മാസത്തിലൊരു ദിവസം അമ്മമാര്‍ നേരിട്ടെത്തി വിദ്യാര്‍ഥികള്‍ക്കായി ഭക്ഷണം പാകംചെയ്യും. മാതൃസംഗമം വിളിച്ചുചേര്‍ത്ത് അമ്മമാരുടെ പങ്കാളിത്തം ഉറപ്പുവരുത്തും. വിദ്യാര്‍ഥികള്‍ക്ക് ശരിയായ ദിശാബോധം നല്‍കി വളര്‍ത്തിയെടുക്കുന്ന തരത്തിലാണ് പദ്ധതിയെന്നും ശര്‍മ പറഞ്ഞു. നിലവിലുള്ള ഉച്ചഭക്ഷണത്തിനു പുറമെ പയര്‍വര്‍ഗങ്ങളും ഇലക്കറികളും മറ്റു പോഷകഘടകങ്ങളും ഉള്‍പ്പെടുത്തും. അമ്മമാരും കുട്ടികളും അധ്യാപകരും ഉള്‍പ്പെടുന്ന പദ്ധതി സ്കൂളുകളില്‍ കുടുബാന്തരീക്ഷം സൃഷ്ടിക്കും. മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലെ 78 സര്‍ക്കാര്‍ , എയ്ഡഡ് സ്കൂളുകളിലെ 24,960 വിദ്യാര്‍ഥികളാണ് അമ്മതന്‍ ഭക്ഷണം പദ്ധതിയുടെ ഭാഗമായത്. നാലുകോടി രൂപ മുടക്കിയാണ് വെളിച്ചം പദ്ധതി ആവിഷ്കരിച്ചത്. അമ്മതന്‍ ഭക്ഷണം പദ്ധതിയുടെ ആദ്യഗഡുവിന്റെ ചെക്ക് 78 സ്കൂളുകള്‍ക്ക് ചടങ്ങില്‍ വിതരണംചെയ്തു. അടിസ്ഥാനസൗകര്യം, വിവരസാങ്കേതിക സൗകര്യം എന്നിവയുടെ വിതരണം കലക്ടര്‍ പി ഐ ഷേഖ് പരീത് നിര്‍വഹിച്ചു. വെളിച്ചം പദ്ധതിയുടെ ഭാഗമായി മൂന്ന് സ്കൂളുകളില്‍ വാഹനസൗകര്യം ഏര്‍പ്പെടുത്താനുള്ള സമ്മതരേഖയും വിതരണംചെയ്തു. സിപ്പി പള്ളിപ്പുറം പദ്ധതി അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം ജെ ടോമി, എ കെ ദിനകരന്‍ , എ വി മണിയപ്പന്‍ , മാര്‍ഗ്രറ്റ്, ശിവദാസ് നായരമ്പലം, കെ എസ് പുരുഷന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം ഡി മുരളി സ്വാഗതവും ഫാ. തോമസ് പുളിക്കല്‍ നന്ദിയും പറഞ്ഞു
ഉച്ചക്കഞ്ഞി വിതരണത്തില്‍ അപാകമെന്ന് കേന്ദ്രസംഘം
19-Nov-2011 
മലപ്പുറം: സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തില്‍ അപാകമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ദൗത്യസംഘം കണ്ടെത്തി. 
ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പ് അന്വേഷിക്കാനോ വിലയിരുത്താനോ സംവിധാനമില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം ചുമതലപ്പെടുത്തിയ സംഘമാണ് മൂന്നുദിവസത്തെ പരിശോധനക്കുശേഷം ഈ വിലയിരുത്തലില്‍ എത്തിയത്. എട്ട് സംസ്ഥാനങ്ങളില്‍ നടത്തുന്ന പഠനത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ സംഘം എറണാകുളം, ഇടുക്കി ജില്ലകളിലെ 34 സ്കൂള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. എറണാകുളത്തെ 22 സ്കൂളിലും ഇടുക്കിയിലെ 12 സ്കൂളിലുമാണ് സംഘമെത്തിയത്. 
ഉച്ചഭക്ഷണവിതരണം മിക്കയിടത്തും നടക്കുന്നുണ്ടെങ്കിലും ഇതൊരു അനിവാര്യ ഘടകമായി ഇനിയും ഏറ്റെടുത്തിട്ടില്ലെന്നാണ് വിലയിരുത്തല്‍ . ഉച്ചഭക്ഷണം വേണമെന്ന കാര്യത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും നിര്‍ബന്ധമുണ്ട്. എന്നാല്‍ ,ഇക്കാര്യം ഗൗരവമുള്ള പ്രശ്നമായി ഇനിയും കണ്ടിട്ടില്ലെന്ന വിമര്‍ശമുണ്ട്. ഭക്ഷണം പാകംചെയ്യുന്ന അടുക്കളയും മറ്റ് ഭൗതിക സാഹചര്യങ്ങളും മെച്ചപ്പെടേണ്ടതുണ്ടെന്നാണ്് നിര്‍ദേശം. ഫണ്ട് കണ്ടെത്തുന്നതിലും പോരായ്മയുണ്ട്. മാനവവിഭവശേഷി വികസന മന്ത്രാലയം ഡയരക്ടര്‍ ഗയപ്രസാദ്, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ കെ എസ് കൃഷ്ണന്‍ , സുപ്രീംകോടതി കമീഷണറുടെ പ്രതിനിധി വി മനോജ്, സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിലെ പ്രൊഫ. സി ഗാസ്പര്‍ , കെ അശോക്റാവു, കെ കെ ശര്‍മ എന്നിവരാണ് സംഘത്തിലുള്ളത്. 

വിദ്യാലയങ്ങളില്‍ ഉച്ചക്കഞ്ഞി വിതരണം നിലച്ചു

 19-Nov-2011

വടകര: താലൂക്കില്‍ പലയിടത്തും വിദ്യാലയങ്ങളിലെ ഉച്ചക്കഞ്ഞി വിതരണം നിലച്ചു. സിവില്‍ സപ്ലൈസില്‍ നിന്നും അരി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഉച്ചക്കഞ്ഞി വിതരണം നിലച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സപ്ലൈകോ ഡിപ്പോവില്‍ അരിക്കെത്തുന്ന പ്രധാനാധ്യാപകര്‍ അരി ലഭിക്കാതെ തിരിച്ച് പോകുന്നതായി പരാതിയുണ്ട്. വടകര മുനിസിപ്പാലിറ്റിയിലും മണിയൂര്‍ , വില്ല്യാപ്പള്ളി, ചോറോട് പഞ്ചായത്തുകളിലും അരി വിതരണം ചെയ്യുന്ന വടകര ജെടി റോഡിലെ സപ്ലൈകോ ഡിപ്പോവില്‍ ഏതാനും ദിവസങ്ങളായി വിദ്യാലയങ്ങളിലേക്കുള്ള അരി വിതരണം ചെയ്യുന്നില്ല. അഴിയൂര്‍ മാവേലി സ്റ്റോറില്‍ നിന്നും അരി വിതരണം നടക്കാത്തതിനാല്‍ മാസങ്ങളായി ചോമ്പാല ഉപജില്ലയിലെ പല വിദ്യാലയങ്ങളിലും ഉച്ചക്കഞ്ഞി വിതരണം നിലച്ചിരിക്കയാണ്. ഓണത്തിന് വിതരണം ചെയ്യേണ്ട അരി പല വിദ്യാലയങ്ങളിലും കഴിഞ്ഞ ആഴ്ചയാണ് നല്‍കിയത്. കഴിഞ്ഞ മാസം വിദ്യാലയങ്ങളില്‍ വിതരണം ചെയ്ത അരിയുടെ ബില്‍ തുക വിദ്യാഭ്യാസ വകുപ്പ് നല്‍കാത്തതുകൊണ്ടാണ് അരി വിതരണം നിലച്ചതെന്ന് സപ്ലൈകോ അധികൃതര്‍ പറഞ്ഞു.

എസ്എസ്എ പ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്നു


കല്‍പ്പറ്റ: ആവശ്യത്തിന് ബിആര്‍സി പരിശീലകരില്ലാത്തതിനാല്‍ എസ്എസ്എ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു.എസ്എസ്എയുടെ ഫലപ്രദമായ നടത്തിപ്പിനും പരിശീലനത്തിനും ഏറ്റവും അത്യാവശ്യമായ പരിശീലകരെ ഇതുവരെ നിയമിക്കാത്തതാണ് പദ്ധതി അവതാളത്തിലാക്കുന്നത്. ജില്ലയില്‍ ആകെ 38ബിആര്‍സി പരിശീലകര്‍ വേണ്ടിടത്ത് പതിനാല് പേരാണുള്ളത്. പതിനെട്ട് സ്കൂളുകള്‍ക്ക് ഒരാള്‍ വീതം ട്രെയിനര്‍മാരായി വേണം. കൂടാതെ ഓരോ വിഷയത്തിനും ആറ് പേര്‍ വീതം വേറെയും ആവശ്യമാണ്. പഠനവൈകല്യമുള്ളതും പ്രത്യേക പരിഗണന അര്‍ഹിക്കുന്നതുമായ കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ റിസോഴ്സ് അധ്യാപകരെ ആവശ്യമുണ്ടെങ്കിലും ഇതുവരെ നിയമനം നടന്നിട്ടില്ല. എന്തിനേറെ എസ്എസ്എക്ക് സ്വന്തമായി ഒരു പ്രോഗ്രാം ഓഫീസര്‍ പോലുമില്ലെന്നതില്‍ നിന്ന് ജില്ലയിലെ വിദ്യാഭ്യാസ സംവിധാനത്തിന്റ പരിതാപകരമായ അവസ്ഥ വ്യക്തമാകും. പരിശീലകരില്ലാത്തതിനാല്‍ എസ്എസ്എ പാഠ്യപദ്ധതി പ്രകാരമുള്ള അധ്യയനം ഫലപ്രദമാകുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. പുതിയ പാഠ്യ പദ്ധതി സംബന്ധിച്ച് സംശയങ്ങള്‍ ദുരീകരിക്കാന്‍അധ്യാപകര്‍ സമീപിക്കേണ്ടത് ബിആര്‍സി പരിശീലകരേയാണ്. ബ്ലോക്ക് തലത്തിലും പഞ്ചായത്ത് തലത്തിലും സ്കൂള്‍ തലത്തിലും അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയാണ് പുതിയ പാഠ്യപദ്ധതി വിദ്യാര്‍ത്ഥികളിലത്തിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദുരീകരിക്കാന്‍ കഴിയാത്തതിനാല്‍ അധ്യാപകര്‍ തങ്ങളുടെ കാഴ്ചപ്പാട് അനുസരിച്ചാണ് പഠിപ്പിക്കുന്നത്. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കാന്‍ എല്ലാ പഞ്ചായത്തുകളിലും സര്‍വ സജ്ജീകരണങ്ങളോടെയുമുള്ള റിസോഴ്സ് റൂമുകളുണ്ട്.ഇവിടെ റിസോഴ്സ് അധ്യാപകരെ നിയമിക്കാത്തതിനാല്‍ ഈ വിദ്യാര്‍ത്ഥികളുടെ പഠനവും മുടങ്ങുന്നുണ്ട്. പഠനവൈകല്യമുള്ള രക്ഷിതാക്കള്‍ക്കുള്ള പരിശീലനവും ഇപ്പോള്‍ നടക്കുന്നില്ല. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെയും പഠനവൈകല്യമുള്ള വിദ്യാര്‍ത്ഥികളേയും സഹായിക്കാന്‍ എല്ലാ പഞ്ചായത്തുകളിലും റിസോഴ്സ് സെന്ററുകളുണ്ട്. ഈ സെന്ററുകളില്‍ പരിശീലകരെ നിയമിക്കാത്തതിനാല്‍ ഈ കുട്ടികള്‍ക്കുള്ള പരിശീലനവും മുടങ്ങുന്നു. പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി വിവിധ ക്യാമ്പുകളും മറ്റ് പാഠ്യേതര പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കേണ്ടതുണ്ട്. പെണ്‍കുട്ടികള്‍ക്കുള്ള നീന്തല്‍ ക്യാമ്പ് കരാട്ടെ,ആദിവാസി കുട്ടികള്‍ക്കുള്ള പ്രത്യേക പരിശീലനങ്ങള്‍ എന്നിവയെല്ലാം അധ്യാപകരുടെ കുറവ് മൂലം മുടങ്ങുകയാണ്.പരിശീലകരെ നിയമിക്കാനുള്ള ഫണ്ട് ചെലവഴിക്കാതെ കെട്ടി കിടക്കുകയാണ്. വിദ്യാഭ്യാസ അവകാശ നിയമം വഴി അധ്യാപകരെ നിയമിക്കാനും സ്കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും അനുവദിച്ച ആറ് കോടിയും ഇതുവരെ ചെലവഴിച്ചിട്ടില്ല. ഈ തുക ചെലവഴിക്കാതെ ലാപ്സായാല്‍ കേന്ദ്ര മാനവശേഷി വിഭവ വികസനമന്ത്രാലയം അടുത്ത വര്‍ഷം സംസ്ഥാനത്തിന് ഫണ്ട് അനുവദിക്കില്ല.
പൊതുവിദ്യാഭ്യാസം വെല്ലുവിളി നേരിടുന്നു: വി എസ്

വര്‍ക്കല: കേരളത്തിലെ പൊതുവിദ്യാഭ്യാസം ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കെഎസ്ടിഎ വര്‍ക്കല ഉപജില്ലാ ഓഫീസ് മന്ദിരം ഉദ്ഘാടനംചെയ്യുകയായിരുന്ന അദ്ദേഹം. ദേശീയ വിദ്യാഭ്യാസാവകാശ നിയമത്തെപ്പോലും നോക്കുകുത്തിയാക്കി യഥേഷ്ടം സിബിഎസ്ഇ സ്കൂളുകള്‍ അനുവദിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ . ഒരുഭാഗത്ത് ശമ്പളമില്ലാത്ത അധ്യാപകരെ രക്ഷിക്കാനും പ്രൊട്ടക്ഷന്‍ പ്രശ്നം പരിഹരിക്കാനുമെന്ന പേരില്‍ അധ്യാപക പാക്കേജ് കൊണ്ടുവരിക, അതേസമയം പതിനായിരക്കണക്കിന് അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടുത്തുന്ന വിധത്തില്‍ അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അനുമതി നല്‍കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത്. സ്വകാര്യ വിദ്യാഭ്യാസമേഖലയില്‍ ഏറെയും സാമുദായികശക്തികളുടെ പിടിയിലാണ്. അവരുടെ നിക്ഷിപ്ത താല്‍പ്പര്യം സംരക്ഷിക്കാന്‍ വിദ്യാഭ്യാസമേഖല തുറന്നിട്ടിരിക്കുകയാണ്. പാഠപുസ്തകത്തില്‍ എന്ത് ചേര്‍ക്കണമെന്നും കുട്ടികള്‍ എന്ത് പഠിക്കണമെന്നും സാമുദായികശക്തികള്‍ തീരുമാനിക്കുന്ന ഗുരുതരമായ സാഹചര്യം സംജാതമായിരിക്കുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോട്ടോ അനാച്ഛാദനം എ സമ്പത്ത് എംപി നിര്‍വഹിച്ചു. കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആര്‍ മുരളി സമ്മാനവിതരണം നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. എസ് ഷാജഹാന്‍ അധ്യക്ഷനായി.

No comments: