Tuesday, October 18, 2011

പുതിയ മാനദണ്ഡങ്ങള്‍ക്കെതിരെ മാനേജ്‌മെന്റ് അസോസിയേഷന്‍ കോടതിയെ സമീപിക്കും


കൊച്ചി: സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങളില്‍ അനധികൃതമായി ഇടപെടുകയും ബാധ്യതകള്‍ വരുത്തിവെയ്ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മാനദണ്ഡങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കാനും ശക്തമായ പ്രതിഷേധ പരിപാടികള്‍ ആവിഷ്‌കരിക്കാനും ടോക്-എച്ച് പബ്ലിക് സ്‌കൂളില്‍ ചേര്‍ന്ന സിബിഎസ്ഇ സ്‌കൂള്‍സ് മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹക സമിതി തീരുമാനിച്ചു.

സിബിഎസ്ഇ നിയമങ്ങളില്‍ പോലുമില്ലാത്ത മാനദണ്ഡങ്ങളും വ്യവസ്ഥകളുമുള്‍പ്പെടുത്തി വിദ്യാഭ്യാസ അവകാശ ചട്ടങ്ങളുണ്ടാക്കാന്‍ സംസ്ഥാന ഗവണ്‍മെന്റിന് അധികാരമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി.പി.എം. ഇബ്രാഹിംഖാന്‍ പറഞ്ഞു.

യോഗത്തില്‍ വര്‍ക്കിങ് പ്രസിഡന്റ് ഡോ. കെ. വര്‍ഗീസ്, സെക്രട്ടറി ഇന്ദിര രാജന്‍, ട്രഷറര്‍ എബ്രഹാം തോമസ്, ഓര്‍ഗനൈസിങ് സെക്രട്ടറി ആദര്‍ശ് കാവുങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.-mathrubhumi

അധ്യാപക പാക്കേജ്: വിജ്ഞാപനത്തിന് മുമ്പ് നിയമനക്കച്ചവടം

തിരുവനന്തപുരം: അധ്യാപക പാക്കേജില്‍ വന്‍തോതില്‍ ഒഴിവുകളുണ്ടാകുമെന്ന് പ്രചരിപ്പിച്ച് സ്കൂള്‍ മാനേജര്‍മാര്‍ നിയമനത്തിന് പണം വാങ്ങുന്നു. പല ജില്ലകളിലും  ഉദ്യോഗാര്‍ഥികളില്‍നിന്ന് ചില മാനേജര്‍മാര്‍ പണം വാങ്ങുന്നതായി വിദ്യാഭ്യാസവകുപ്പ് ഉന്നതര്‍ക്ക് വിവരം ലഭിച്ചു.
പണം നല്‍കുന്നതിന് മുമ്പ് തസ്തിaക ഉറപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പുമായി പലരും ബന്ധപ്പെട്ടിരുന്നു. കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് ഇത് കൂടുതല്‍.
എന്നാല്‍ പ്രചരിപ്പിക്കപ്പെടുംവിധം തസ്തികകള്‍ സൃഷ്ടിക്കപ്പെടില്ളെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍െറ വിലയിരുത്തല്‍. അതിനാല്‍ ഒഴിവ് സംബന്ധിച്ച് വിജ്ഞാപനമിറക്കുംമുമ്പ് പണം നല്‍കുന്നവര്‍ കബളിപ്പിക്കപ്പെട്ടേക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
പാക്കേജ് പ്രകാരം പുതുതായുണ്ടാകുന്ന ഒഴിവുകളില്‍ നിയമനത്തിന് വ്യവസ്ഥ വെച്ചിട്ടുണ്ട്. തസ്തിക സര്‍ക്കാര്‍ അംഗീകരിച്ച ശേഷംമാത്രമേ നിയമനം നടത്താവൂ എന്നാണ് പ്രധാനവ്യവസ്ഥ.
കുട്ടികളുടെ എണ്ണമനുസരിച്ച് പുതിയ തസ്തിക വേണമെങ്കില്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. വിദ്യാഭ്യാസവകുപ്പ് അത് പരിശോധിച്ച് ഉറപ്പാക്കിയ ശേഷം 48 മണിക്കൂറിനകം തസ്തിക അംഗീകരിക്കും. ഇതുവരെ, നിയമിക്കപ്പെട്ടശേഷമാണ് സര്‍ക്കാര്‍ തസ്തിക അംഗീകരിച്ചിരുന്നത്.
ഈ രീതിയില്‍തന്നെ പണം വാങ്ങി തസ്തിക വാഗ്ദാനം ചെയ്യുകയാണ് ഇപ്പോള്‍ മാനേജര്‍മാര്‍.
വിജ്ഞാപനം ചെയ്യുന്ന രീതി നിലവില്‍വന്നാല്‍ പണപ്പിരിവ് നടക്കില്ളെന്ന് മുന്നില്‍ കണ്ടാണ് ഇത് ചെയ്യുന്നതെന്നാണ് ആക്ഷേപം. എന്നാല്‍ മുന്‍കൂര്‍ അംഗീകരിക്കാത്ത തസ്തികകളില്‍ ഇക്കൊല്ലം നടത്തുന്ന ഒരു നിയമനവും ഇനി അംഗീകരിക്കില്ല. ഇക്കാര്യം അറിയാത്ത പലരും പണം നല്‍കിക്കഴിഞ്ഞു. സിംഗിള്‍ മാനേജ്മെന്‍റുകള്‍ക്കെതിരെയാണ് കൂടുതല്‍ പരാതി.
അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30/1:35 ആക്കി കുറക്കുന്നതോടെ വന്‍തോതില്‍ തസ്തികകള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രചാരണം. എന്നാല്‍ ഇതിന് സാധ്യത കുറവാണെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ എണ്ണം യു.ഐ.ഡി വഴി കണക്കാക്കിയാണ് ഇനി തസ്തികകള്‍ നിര്‍ണയിക്കുക.
അതിനാല്‍ പരിമിതമായ രീതിയില്‍ മാത്രമേ തസ്തികകളുണ്ടാകൂ.
ഇതില്‍തന്നെ ആദ്യ തസ്തിക നിയമനം അധ്യാപക ബാങ്കില്‍നിന്നായിരിക്കണം. ക്ളെയിമുള്ളവരെ നിയമിക്കണം. സംരക്ഷിതരുണ്ടെങ്കില്‍ അവരെയും നിയമിക്കണം. ഇത്രയും കഴിഞ്ഞാല്‍ പുതിയ നിയമന സാധ്യത തീരെ കുറവായിരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നു.-madhyamam

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണം - കെ.പി.എസ്.ടി.യു.

പാലക്കാട്: സര്‍ക്കാര്‍നടപ്പാക്കിയ വിദ്യാഭ്യാസപാക്കേജിന്റെ വ്യക്തമായ ഉത്തരവ് പുറത്തിറങ്ങിയിട്ടും ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് ആശങ്കകള്‍ സൃഷ്ടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കെ.പി.എസ്.ടി.യു. ആവശ്യപ്പെട്ടു. യോഗത്തില്‍ സംസ്ഥാനപ്രസിഡന്റ് പി.ഹരിഗോവിന്ദന്‍, സംസ്ഥാന ജനറല്‍സെക്രട്ടറി എ.കെ.അബ്ദുള്‍സമദ്, ഖജാന്‍ജി സി.വിനോദ്കുമാര്‍, എ.ഗോപിനാഥന്‍, കെ.ബാലകൃഷ്ണന്‍, കെ.രാമനാഥന്‍, കെ.ആര്‍.മോഹന്‍ദാസ്, പി.എസ്.മുരളീധരന്‍, അശോകന്‍ എന്നിവര്‍ സംസാരിച്ചു.

പരിശീലനം പഞ്ചായത്ത് തലത്തിലേക്ക് അധ്യാപക പരിശീലനത്തില്‍ അടിമുടി മാറ്റംവരുന്നു

കരിപ്പൂര്‍: സംസ്ഥാനത്തെ അധ്യാപക പരിശീലനത്തില്‍ അടിമുടി മാറ്റംവരുത്താന്‍ പദ്ധതി തയ്യാറായി. ബ്ലോക്ക് തലത്തില്‍ നിന്ന് പഞ്ചായത്ത് തലത്തിലേക്ക് പരിശീലനം മാറ്റാനാണ് പദ്ധതി. ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനോന്മുഖ അധ്യാപക പരിശീലനം വട്ടമേശ സമ്മേളനമാക്കി മാറ്റാനാണ് തീരുമാനം. ഓരോ പഞ്ചായത്തിലേയും അതതുവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ പഞ്ചായത്തടിസ്ഥാനത്തില്‍ കൂടിയിരുന്ന് പാഠാസൂത്രണം നടത്താനാണ് ശുപാര്‍ശ. ഇതോടെ റിസോഴ്‌സ് പേഴ്‌സണ്‍, മറ്റ് ഭൗതിക സാഹചര്യങ്ങള്‍ എന്നിവ ഇല്ലാതാവും. അതേസമയം എസ്.എസ്.എ പരിശീലകരുടെ ജോലിഭാരം ഇരട്ടിക്കുകയുംചെയ്യും. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കൂടുതല്‍ ചര്‍ച്ചയ്ക്കായി അടുത്തദിവസം തന്നെ ബി.ആര്‍.സികള്‍ക്ക് കൈമാറും.

പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതോടെയാണ് പരിശീലനപരിപാടിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഏറണാകുളത്ത് സംസ്ഥാനത്തെ പ്രോഗ്രാം ഓഫീസര്‍മാരെ വിളിച്ചുവരുത്തി തീരുമാനം അറിയിക്കുകയും ചെയ്തിരുന്നു.

പുതിയ നിര്‍ദേശപ്രകാരം ഇപ്പോള്‍ നടക്കുന്ന സംസ്ഥാനതല പരിശീലനവും ജില്ലാതല പരിശീലനങ്ങളും ഇല്ലാതാവും. സംസ്ഥാനത്ത് ഏകീകൃത പരിശീലന മെഡ്യൂളോ മറ്റ് കാര്യങ്ങളോ ഇല്ലാതാകും. ഒരു പഞ്ചായത്തില്‍ എല്‍.പി വിഭാഗത്തില്‍ ക്ലാസടിസ്ഥാനത്തിലും യു.പി, എച്ച്.എസ്തലത്തില്‍ വിഷയാടിസ്ഥാനത്തിലും അധ്യാപകര്‍ യോഗംചേരും. പാഠാസൂത്രണവും ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്യുകയുംചെയ്യും. സ്‌കൂള്‍തല എസ്.ആര്‍.ജികളില്‍ പരിഹാരം കാണാനാകാത്ത മേഖലകള്‍ ഇവിടെ ചര്‍ച്ചയ്ക്ക്‌വരും. ബി.ആര്‍.സി തലത്തില്‍ നിയമിക്കപ്പെട്ട ട്രെയിനര്‍മാര്‍ സഹായികളായിട്ടുണ്ടാവും.

പുതിയ തീരുമാനം നടപ്പാകുന്നതോടെ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ലഭ്യമായിരുന്ന വിഭവബാങ്ക് ഇല്ലാതാവും. മുസ്‌ലിംസ്‌കൂളുകള്‍, ജനറല്‍ സ്‌കൂള്‍ എന്നിവയ്ക്ക് തീരുമാനം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. mathrubhumi
ഈ വര്‍ഷംമുതല്‍ സ്‌കൂള്‍ മേളകളുടെ നടപടിക്രമങ്ങള്‍ ഓണ്‍ലൈനില്‍


കോട്ടയം: കേരളത്തില്‍ സ്‌കൂളുകളില്‍ പ്രൈമറിതലംമുതല്‍ ഹയര്‍ സെക്കന്‍ഡറിതലംവരെ നടക്കുന്ന എല്ലാ പ്രധാനമത്സരങ്ങളുടെയും നടപടിക്രമങ്ങള്‍ ഓണ്‍ലൈനില്‍ നടത്താന്‍ സംവിധാനമായി. ഐ.ടി. അറ്റ് സ്‌കൂളിന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള സോഫ്റ്റ്‌വെയറുകള്‍ തയാറാക്കിയത്.

സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് ഇതിന് ഉപയോഗിക്കുന്നത്. സബ്ജില്ലാതലംമുതല്‍ സംസ്ഥാനതലംവരെയുള്ള കലാകായിക ഗണിതശാസ്ത്ര പ്രവൃത്തിപരിചയ ഐ.ടി.മേളകളാണ് ഈ വര്‍ഷം മുതല്‍ കംപ്യൂട്ടര്‍ അധിഷ്ഠിതമായി നടത്തുന്നത്. 2010-11ല്‍ സ്‌കൂള്‍ കലോത്സവങ്ങളും കായിക മത്സരങ്ങളും സോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമായി നടത്തിയിരുന്നു.

സ്‌കൂള്‍തലത്തിലെ മുഴുവന്‍ മത്സരങ്ങളും നടത്തുന്നതിനുള്ള സോഫ്റ്റ്‌വെയറുകള്‍ തയ്യാറാക്കി നല്‍കിക്കഴിഞ്ഞു. സ്‌കൂളുകളില്‍നിന്ന് സബ് ജില്ലാതലത്തില്‍ മത്സരിക്കുന്ന കുട്ടികളുടെ വിവരങ്ങളും ഫോട്ടോയും ഓണ്‍ലൈനായി നല്‍കണം. കലോത്സവത്തില്‍ മത്സരിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ www.schoolkalolsavam.in/kalolsavam2011 എന്ന സൈറ്റിലും കായിക മത്സരങ്ങളുടെ വിവരങ്ങള്‍ www.schoolsports.in എന്ന സൈറ്റിലും ശാസ്ത്രമേളയിലെ കുട്ടികളുടെ വിവരങ്ങള്‍ www.schoolsasthrolsavam.in എന്ന സൈറ്റിലും നല്‍കണം.

ഓരോ സ്‌കൂളുകള്‍ക്കുമുള്ള പാസ് വേഡുകള്‍ എ.ഇ.ഒ. ഓഫീസില്‍ നിന്ന് ലഭിക്കും. മത്സരിക്കുന്ന മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ ഇപ്രകാരം ഓണ്‍ലൈനായി നല്‍കുമ്പോള്‍ സംസ്ഥാനതലംവരെയുള്ള മത്സരങ്ങള്‍ ഈ ഡാറ്റ ഉപയോഗിച്ച് നടത്താനാവുമെന്ന് ഐ.ടി. അറ്റ് സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. കുട്ടികളുടെ മത്സര റിസള്‍ട്ടുകളുടെ ഫോട്ടോ പതിച്ച സര്‍ട്ടിഫിക്കറ്റുകള്‍ തത്സമയം നല്‍കാനാവും
ഹയര്‍സെക്കന്‍ഡറിക്ക് പ്രത്യേക കര്‍മ്മപദ്ധതി വേണം- ജി.എസ്.ടി.യു.


കോട്ടയം:ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസമേഖലയ്ക്ക് പ്രത്യേക കര്‍മ്മപദ്ധതി ആവശ്യമാണെന്ന് ഗവ. സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (ജി.എസ്.ടി.യു). ഇതിന്റെ ഭാഗമായി ഇരുപതിന നിര്‍ദ്ദേശങ്ങളടങ്ങിയ കര്‍മ്മപദ്ധതി യൂണിയന്‍ സംസ്ഥാന സമിതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.

പ്രിന്‍സിപ്പല്‍മാരെ ക്ലാസ് ചാര്‍ജ്ജില്‍ നിന്നൊഴിവാക്കുക, ഹയര്‍സെക്കന്‍ഡറിക്ക് മാത്രമായുള്ള ശനിയാഴ്ചത്തെ പ്രവൃത്തിദിനം ഒഴിവാക്കുക, ഹയര്‍സെക്കന്‍ഡറിക്ക് ജില്ലാതല ഓഫീസുകള്‍ ആരംഭിക്കുക തുടങ്ങി ഇരുപതിന നിര്‍ദ്ദേശങ്ങളടങ്ങിയ പദ്ധതിയാണ് സമര്‍പ്പിച്ചിട്ടുള്ളത്.

പ്രസിഡന്റ് ജെ.ശശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജി.എസ്.ടി.യു സംസ്ഥാനക്കമ്മിറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി എം.സലാഹുദ്ദീന്‍ ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. പ്രൈമറി, സെക്കന്‍ഡറി മേഖലക്ക് പ്രത്യേക പാക്കേജ് അനുവദിച്ച സര്‍ക്കാര്‍, ഹയര്‍സെക്കന്‍ഡറിക്കും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിക്കും കൂടി അതനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

സ്പെഷലിസ്റ്റ് അധ്യാപക പുനര്‍വിന്യാസം തുടങ്ങി; ഡി.ഡി.ഇ ഓഫിസുകളില്‍ അധ്യാപക ബാങ്ക്

കല്‍പറ്റ: സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ സ്പെഷലിസ്റ്റ് അധ്യാപകരെ പുനര്‍വിന്യസിക്കാന്‍ നടപടി തുടങ്ങി. വിദ്യാഭ്യാസ അവകാശ നിയമത്തിന്‍െറയും   ഹൈകോടതി വിധിയുടെയും പശ്ചാത്തലത്തിലാണ് പുനര്‍വിന്യാസം. ഇതിനായി ഡി.ഡി.ഇ ഓഫിസുകളില്‍ ‘അധ്യാപക ബാങ്കുകള്‍’ സ്ഥാപിക്കും. ഓരോ ജില്ലയിലെയും സ്പെഷലിസ്റ്റ് അധ്യാപകരെ ഇതില്‍ പൂള്‍ ചെയ്യും. പിന്നീട്  വിദ്യാലയങ്ങളിലേക്ക് വിന്യസിക്കും. അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ കായികം, സംഗീതം, പ്രവൃത്തി പരിചയം, ഡ്രോയിങ്  അധ്യാപകരുടെ സേവനം വിവിധ സ്കൂളുകളില്‍ ലഭ്യമാക്കാനാണിത്.
സ്കൂളില്‍ സ്പെഷലിസ്റ്റ് അധ്യാപക തസ്തിക ഇനിയുണ്ടാവില്ല. മാനേജുമെന്‍റുകളും കോര്‍പറേറ്റ് മാനേജ്മെന്‍റുകളും ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തല്ല.
അധ്യാപകര്‍ തികയാത്ത ജില്ലകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്താനാണ് തീരുമാനം.
പാര്‍ട്ട് ടൈം ഇന്‍സ്ട്രക്ടര്‍ എന്ന പേരില്‍ 14,440 രൂപ വേതനത്തിന് സ്പെഷല്‍  അസിസ്റ്റന്‍റുമാരെ നിയമിക്കും.
 സ്കൂളുകളില്‍ ആഴ്ചയില്‍ ഒന്നോ, രണ്ടോ ദിവസം സ്പെഷലിസ്റ്റ് അധ്യാപകരുടെ സാന്നിധ്യമുണ്ടാവും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫിസില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരമായിരിക്കും അധ്യാപകര്‍ എത്തുക. ഇതോടെ അധിക സമയ പരിശീലനവും ഇല്ലാതായേക്കും.
ഇപ്പോള്‍ പലയിടത്തും സ്പെഷലിസ്റ്റ് അധ്യാപകര്‍ക്കാണ് ഉച്ചഭക്ഷണം, സൊസൈറ്റി, അച്ചടക്കം  മറ്റ് പൊതുകാര്യങ്ങള്‍ എന്നിവയുടെ ചുമതല.  ഇത് ഫലത്തില്‍ ഇല്ലാതാവും.
വയനാട് ജില്ലയില്‍ യു.പി 76, ഹൈസ്കൂള്‍ 76 എന്നിങ്ങനെയാണ് സ്പെഷലിസ്റ്റ് അധ്യാപകര്‍. ഇവരുടെ സേവനം മറ്റ് സ്കൂളുകളിലേക്കും വ്യാപിപ്പിക്കും. വിദ്യാര്‍ഥികളുടെ കുറവ് മൂലം വിവിധ സ്കൂളുകളില്‍ ഇപ്പോള്‍ സ്പെഷലിസ്റ്റ് അധ്യാപക തസ്തികകളില്ല. ഇവിടങ്ങളിലും പുനര്‍വ്യന്യാസത്തിലൂടെ അധ്യാപകരെത്തും madhyamamNo comments: