Tuesday, October 25, 2011

വൈപ്പിനില്‍ "വെളിച്ചം" പദ്ധതി ഇന്നു തുടങ്ങും

  26-Oct-2011 01:
കൊച്ചി: വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍ , എയ്ഡഡ് സ്കൂളുകളുടെ സംരക്ഷണത്തിനും വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്താനും ലക്ഷ്യമിട്ട് എസ് ശര്‍മ എംഎല്‍എ ആവിഷ്കരിച്ച സമഗ്ര വിദ്യാഭ്യാസപദ്ധതി "വെളിച്ചം" ബുധനാഴ്ച മിഴിതുറക്കും. വൈകിട്ട് നാലിന് ചെറായി ഗൗരീശ്വരം ഓഡിറ്റോറിയത്തില്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് പദ്ധതി ഉദ്ഘാടനംചെയ്യും. എസ് ശര്‍മ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി കെ വി തോമസ് ഉദ്ഘാടനം ചെയ്യും.
കുട്ടികളുടെ വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുന്നതോടൊപ്പം മല്‍സരശേഷിയും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയില്‍ കംപ്യൂട്ടര്‍ , ലാപ്ടോപ്പ്, സിലബസിനു പുറമേയുള്ള പുസ്തകങ്ങള്‍ , മറ്റ് പഠനോപകരണങ്ങള്‍ എന്നിവ വിതരണംചെയ്യും. ഈവര്‍ഷം 200 കംപ്യൂട്ടറും 20 ലാപ്ടോപ്പും നല്‍കും. 
ഒന്നുമുതല്‍ പ്ലസ്ടുവരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അമ്മമാര്‍ വച്ചുവിളമ്പുന്ന വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ഉറപ്പാക്കുന്ന അമ്മതന്‍ ഭക്ഷണം പദ്ധതിക്ക് നവംബര്‍ ഒന്നിന് തുടക്കമാകും. മാതൃസംഗമം വിളിച്ചുചേര്‍ത്ത് അമ്മമാരെ ഓരോ ദിവസത്തേക്കും തിരിച്ചായിരിക്കും പങ്കാളിത്തം ഉറപ്പുവരുത്തുക. 
മണ്ഡലത്തിലെ കടമക്കുടി, എളങ്കുന്നപ്പുഴ, മുളവുകാട്, ഞാറക്കല്‍ , നായരമ്പലം, കുഴുപ്പിള്ളി, പള്ളിപ്പുറം, എടവനക്കാട് എന്നിങ്ങനെ എട്ടു പഞ്ചായത്തുകളിലെ 70 സര്‍ക്കാര്‍ , എയ്ഡഡ് സ്കൂളുകള്‍ പദ്ധതിയുടെ ഭാഗമാണ്്. 10,532 ആണ്‍കുട്ടികളും 9761 പെണ്‍കുട്ടികള്‍ക്കും ഉള്‍പ്പെടെ 20,293 കുട്ടികള്‍ക്ക് വെളിച്ചം പദ്ധതി അനുഗ്രഹമാകും. 
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വിദ്യാഭ്യാസവിദഗ്ധര്‍ തയ്യാറാക്കുന്ന റഫറന്‍സ് പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് സൗജന്യമായി വിതരണംചെയ്യും. ഓരോ ക്ലാസിലെയും സിലബസ് അനുസരിച്ച് തയ്യാറാക്കുന്ന പുസ്തകത്തില്‍ 80 ശതമാനം സിലബസ് കേന്ദ്രീകരിച്ചും 20 ശതമാനം പൊതുവിജ്ഞാനം കേന്ദ്രീകരിച്ചുമായിരിക്കും. ഈ പുസ്തകത്തെ ആധാരമാക്കി നവംബറില്‍ പരീക്ഷ നടക്കും. 
കുട്ടികളുടെ പ്രശ്നപരിഹാരത്തിന് കൗണ്‍സലിങ്ങും ഏര്‍പ്പെടുത്തും. 
മികച്ച സ്കൂള്‍ , അധ്യാപകന്‍ , പിടിഎ, മാതൃസംഘം എന്നിവയ്ക്ക് എംഎല്‍എ ഫണ്ടില്‍നിന്ന് ഉയര്‍ന്ന തുക സമ്മാനമായി നല്‍കും. ഡിഇഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ തെരഞ്ഞെടുക്കുക. ഈവര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തി മാര്‍ച്ചില്‍ പുരസ്കാരങ്ങള്‍ നല്‍കും. തുടര്‍ന്ന് പുരസ്കാരജേതാക്കളായ സ്കൂളുകള്‍ സമര്‍പ്പിക്കുന്ന പദ്ധതിക്ക് എംഎല്‍എ ഫണ്ടില്‍നിന്ന് തുക അനുവദിക്കും. 
ഭക്ഷണവുമായി ബന്ധപ്പെട്ട പദ്ധതി ഗോശ്രീ ദ്വീപ് വികസന അതോറിറ്റി വഴി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ആരോഗ്യവികസനം, രോഗപ്രതിരോധം, പോഷകാഹാരം എന്നിവയ്ക്കു പദ്ധതിയുണ്ടാകും. കുട്ടികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കും. 
കലക്ടര്‍ ജനറല്‍ കണ്‍വീനറായ സമിതി വര്‍ഷംതോറും പദ്ധതിയുടെ ഓഡിറ്റിങ് നടത്തും. നിയോജകമണ്ഡലം, പഞ്ചായത്ത്തലം, സ്കൂള്‍തലം എന്നിങ്ങനെ മൂന്നു തലങ്ങളിലായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റികളായിരിക്കും പദ്ധതിയുടെ നടത്തിപ്പിന് ചുക്കാന്‍പിടിക്കുക. 
മുഴുവന്‍ സ്കൂളുകളിലും റേഡിയോ മാറ്റൊലി ക്ലബുകള്‍ രൂപീകരിക്കും
കല്‍പ്പറ്റ: വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ദ്വാരകയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി റേഡിയോ യുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലും റേഡിയോ മാറ്റൊലി ക്ലബുകള്‍ രൂപീകരിക്കുമെന്ന് സ്റ്റേഷന്‍ ഡയറക്ടര്‍ ഡോ. ഫാ.ജോസഫ് തേരകം മാനേജിങ് കമ്മറ്റി അംഗങ്ങളായ എം സുരേന്ദ്രന്‍ , മാര്‍ഗരറ്റ് തോമസ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ 93 സ്കൂളുകളിലാണ് ഇപ്പോള്‍ മാറ്റൊലി ക്ലബുകള്‍ ഉള്ളത്. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് എഡ്യുക്കേഷണല്‍ ടെക്നോളജി തയ്യാറാക്കിയ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പഠന പരിപാടിയുടെ പ്രക്ഷേപണം നവംബറില്‍ ആരംഭിക്കും. രണ്ടര വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച റേഡിയോ മാറ്റൊലിക്ക് ജില്ലയില്‍ ആറ് ലക്ഷം ശ്രോതാക്കളുണ്ടെന്ന് സര്‍വേയില്‍ കണ്ടെത്തിയതായി സംഘാടകര്‍ അറിയിച്ചു. രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെയുള്ള പ്രക്ഷേപണത്തിന് നൂറിലേറെ അണിയറ പ്രവര്‍ത്തകരുണ്ട്. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്ന പ്രോജക്ട് ഫണ്ട് ഉപയോഗിച്ചാണ് റേഡിയോ മാറ്റൊലി പ്രവര്‍ത്തിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.
 

അധ്യാപക നിയമനത്തില്‍ കച്ചവടമെന്ന് സാമാജികര്‍


അധ്യാപക നിയമനത്തില്‍  കച്ചവടമെന്ന് സാമാജികര്‍
തിരുവനന്തപുരം : സ്വകാര്യ എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനത്തില്‍  കച്ചവടമാണ് നടക്കുന്നതെന്ന് നിയമസഭാ സാമാജികര്‍ .എയ്ഡഡ് സ്കൂളില്‍ അധ്യാപക നിയമനത്തല്‍ കച്ചവടമാണ് നടക്കുന്നതെന്ന് മുസ്ലിം ലീഗിലെ കെ.എം ഷാജി  പറഞ്ഞത് സഭയില്‍ ചര്‍ച്ചക്കിടയാക്കി. വിദ്യഭ്യാസ കച്ചവടം മാത്രമല്ല , ന്യുനപക്ഷ വിഭാഗങ്ങള്‍ക്ക്  അര്‍ഹതപ്പെട്ട സീറ്റുകള്‍ പോലും വില്‍ക്കുകയാണെന്നും ഷാജി പറഞ്ഞു.
അധ്യാപക നിയമനത്തില്‍ കച്ചവടം നടക്കുന്നത് ഈ സര്‍ക്കാരിന്‍െറ കാലത്ത് മാത്രം നടക്കുന്നതല്ളെന്ന് വിദ്യഭ്യാസ മന്ത്രി പി.കെ അബ്ദുറബ് മറുപടി നല്‍കി. നിയമനാധികാരം സ്കൂള്‍ മാനേജര്‍മാര്‍ക്കാണ്. സ്വകാര്യ എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനം പി.എസി.ക്ക് വിടണമെന്ന  ആവശ്യത്തില്‍  ഇടതു സര്‍ക്കാര്‍ പോലും തീരുമാനമെടുത്തിട്ടില്ലന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സ്വകാര്യ എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനം മാനേജര്‍മാര്‍ക്ക് അനുവദിച്ച് കൊടുത്തത് സുപ്രീംകോടതിയാണ് ചീഫ്വിപ്പ് പി.സി ജോര്‍ജ് പറഞ്ഞു. എന്നാല്‍, ആര്‍ . ശങ്കര്‍ സര്‍ക്കാറാണ് ഇതിനനുമതി നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പി.സി ജോര്‍ജിനെ തിരുത്തി
രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍' ഇംഗ്ലീഷ് അധ്യാപകനിയമനം നടത്തുന്നില്ല


കല്പറ്റ: രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍പ്രകാരം അപ്‌ഗ്രേഡ് ചെയ്ത സ്‌കൂളുകളില്‍ ഇംഗ്ലീഷ് ഭാഷാധ്യാപകര്‍ക്ക് നിയമനം നടത്തുന്നില്ല.

സംസ്ഥാന പിന്നാക്കമേഖലകളിലുള്ള വിദ്യാര്‍ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ആര്‍.എം.എസ്.എ. പദ്ധതി തുടങ്ങിയത്. എന്നാല്‍ ഇതുവരെ പദ്ധതിപ്രകാരം ഇംഗ്ലീഷ് അധ്യാപകനിയമനം നടത്തിയില്ല. കാസര്‍കോട്, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് പദ്ധതി പ്രകാരം 60 സ്‌കൂളുകള്‍ തുടങ്ങിയത്. 360 അധ്യാപക തസ്തികകള്‍ അനുവദിക്കപ്പെട്ടതില്‍ 240 എച്ച്.എസ്.എ. കോര്‍ സബ്ജറ്റും 120 ഭാഷാ അധ്യാപകരും ഉണ്ട്. ഇതില്‍ മലയാളം, ഹിന്ദി എന്നീ അധ്യാപകതസ്തികകള്‍ ഉത്തരവില്‍ പറയുന്നു. അതേസമയം ഇംഗ്ലീഷ് മാത്രം ഉള്‍പ്പെടുത്തിയിട്ടില്ല.

വയനാട്ടില്‍ 12 വിദ്യാലയങ്ങളാണ് ആര്‍.എം.എസ്.എ. പദ്ധതിയിലുള്ളത്. 3000 വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നു. ഇംഗ്ലീഷ് അധ്യാപകരുടെ അഭാവം നികത്താന്‍ പ്രധാനാധ്യാപകരും പി.ടി.എ. ഭാരവാഹികളും പാടുപെടുകയാണ്. മിക്കയിടത്തും ഇംഗ്ലീഷ് ക്ലാസുകള്‍ നടക്കുന്നില്ല. എച്ച്.എസ്.എ. ഇംഗ്ലീഷ് ജില്ലാ റാങ്ക് ഹോള്‍ഡേഴ്‌സ് ഭാരവാഹികള്‍ അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടും പരിഹാരമായിട്ടില്ല.
കുട്ടികള്‍ ക്യൂവിലാണ്; മൂത്രപ്പുരയ്ക്ക് മുന്നില്‍ ഉള്ളത് വൃത്തികേടായി; പുതിയത് പണിയാന്‍ സ്ഥലമില്ല


തിരൂരങ്ങാടി: സ്‌കൂളിന് സ്വന്തമായി സ്ഥലമില്ലാത്തതുകാരണം തൃക്കുളം ജി.ഡബ്ല്യു.യു.പി സ്‌കൂളില്‍ ആവശ്യത്തിന് മൂത്രപ്പുരകളും കക്കൂസ്സുകളും നിര്‍മ്മിക്കാനാകുന്നില്ല. 527 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന് 10 സെന്റ് സ്ഥലം മാത്രമേ സ്വന്തമായുള്ളൂ. 12 ക്ലാസ്മുറികള്‍ വാടകയ്ക്കാണ് പ്രവര്‍ത്തിക്കുന്നത്. സ്ഥലമില്ലാത്തതുകാരണം പ്രാഥമിക സൗകര്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യവുമില്ല. ഇപ്പോള്‍ ആണ്‍കുട്ടികള്‍ക്ക് ഒരു ശൗചാലയവും മൂന്നുപേര്‍ക്ക് ഉപയോഗിക്കാവുന്ന മൂത്രപ്പുരയും മാത്രമേയുള്ളൂ. പെണ്‍കുട്ടികള്‍ക്കും ഇതേക്രമത്തില്‍ തന്നെയാണ് സൗകര്യം.

മുമ്പ് പഞ്ചായത്ത് നിര്‍മ്മിച്ചുനല്‍കിയ മൂത്രപ്പുര വൃത്തിഹീനമായതുകരണം ഉപയോഗ ശൂന്യമായി കിടക്കുന്നുണ്ട്. ഇടവേള സമയത്ത് ആവശ്യക്കാര്‍ക്കെല്ലാം മൂത്രപ്പുര ഉപയോഗിക്കാന്‍ കിട്ടുന്നില്ലെന്നതാണ് ആക്ഷേപം. സ്‌കൂളിലെ 20ഓളം ജീവനക്കാര്‍ക്കായി ഒരു ശൗചാലയം മാത്രമേയുള്ളൂ.

പുതിയ മൂത്രപ്പുര നിര്‍മ്മിക്കാന്‍ പഞ്ചായത്ത് തുക വകയിരുത്തിയിട്ടുണ്ടെന്നും ഇത് ലഭിച്ചാല്‍ ഉടന്‍ നിര്‍മ്മാണം തുടങ്ങുമെന്നും പ്രധാനാധ്യാപിക പറഞ്ഞു. പ്രദേശത്തെ എയ്ഡഡ് സ്‌കൂളുകളിലും വൃത്തിയുള്ളതും ആവശ്യത്തിന് സൗകര്യമുള്ളതുമായ മൂത്രപ്പുരകള്‍ ഇല്ലെന്ന ആക്ഷേപമുണ്ട്. അടിസ്ഥാന സൗകര്യങ്ങളില്‍ പ്രഥമ പരിഗണന നല്‍കേണ്ട ഇവയ്ക്കായി പണം മുടക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാകുന്നില്ലെന്നതാണ് പരാതി.

തിരൂരങ്ങാടി: കെട്ടിടങ്ങള്‍ ഉടമ പൊളിച്ചുനീക്കിയതിന്റെപേരില്‍ പഠനംപോലും കഷ്ടത്തിലായ കക്കാടംപുറം ജി.യു.പി സ്‌കൂളിലും മൂത്രപ്പുര സൗകര്യം കുറവാണ്. സ്‌കൂളിനുള്ള കെട്ടിടം നന്നാക്കാന്‍ അധ്യാപകരും രക്ഷിതാക്കളും കഷ്ടപ്പെടുമ്പോള്‍ ഇക്കാര്യത്തിന് വേണ്ട ശ്രദ്ധ കൊടുക്കാനാകുന്നില്ല. 200ലേറെ കുട്ടികളും 12ഓളം ജീവനക്കാരുമുള്ള സ്‌കൂളില്‍ ഒരു ശൗചാലയവും ആറ് മൂത്രപ്പുരകളും മാത്രമേയുള്ളൂ.
കൈനിറയെ ഏടാകൂടങ്ങളുമായി ശ്രീധരന്‍ മാഷ്

മലപ്പുറം: കൈനിറയെ ഏടാകൂടങ്ങളും ഊരാക്കുടുക്കുകളുമായാണ് കൊണ്ടോട്ടി ജി.എം.യു.പി സ്‌കൂളിലെ ഉറുദു അധ്യാപകന്‍ ശ്രീധരന്‍ മാഷിന്റെ നടപ്പ്. മരക്കഷ്ണങ്ങള്‍ മാത്രം ഉപയോഗിച്ച് നിര്‍മിച്ച പഴയകാല വിനോദോപാധികളാണ് ഏടാകൂടങ്ങളും ഊരാക്കുടുക്കുകളും. കണ്ടാല്‍ മരക്കഷ്ണങ്ങള്‍ പലരീതിയില്‍ കൂട്ടിയോജിപ്പിച്ച ലളിതമായ ഉപകരണം. അഴിച്ചെടുക്കാന്‍ വലിയ പ്രയാസവുമില്ല. എന്നാല്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ ശ്രമിക്കുമ്പോഴാണ് ബുദ്ധിമുട്ട്. അസാമാന്യക്ഷമയും ബുദ്ധിയും വേണം ഇതിന്. ഇപ്പോഴത്തെ ജിഗ്‌സോ പസിലിന്റെ പ്രാകൃത രൂപമാണ് ഏടാകൂടങ്ങള്‍. അഴിക്കാന്‍ ബുദ്ധിമുട്ടുള്ള കുരുക്കുകള്‍ ഉള്ള ഉപകരണമാണ് ഊരാക്കുടുക്കുകള്‍. പത്ത് ചതുരക്കട്ടകള്‍ ഉപയോഗിച്ചുള്ള 'ഖജനാവും കാവല്‍ക്കാരനും' കളി ചെസ്സിനോട് സാമ്യമുള്ളതാണ്. ചാട്ടയും കുരുക്കും, വട്ടക്കുരുക്ക്, ചക്രം കളി എന്നിങ്ങനെ നൂറോളം കളിപ്പാട്ട ഉപകരണങ്ങളുടെ സ്വന്തക്കാരനാണ് കോഴിക്കോട് മുക്കം സ്വദേശിയായ ശ്രീധരന്‍ മാഷ്.

ഇരുപത് വര്‍ഷത്തോളമായി ഇദ്ദേഹം ഈ ശേഖരണം തുടങ്ങിയിട്ട്. കേരളത്തിനകത്തും പുറത്തും പലയിടങ്ങളില്‍ നിന്നായാണ് ഉപകരണങ്ങള്‍ ശേഖരിച്ചത്. പണ്ട് ക്ഷേത്രങ്ങളുടെയും പള്ളികളുടെയും ഇല്ലങ്ങളുടെയും മോന്തായം ഏടാകൂടങ്ങളുടെ പ്രവര്‍ത്തന മാതൃകയിലായിരുന്നു യോജിപ്പിച്ചത്.

ജാപ്പനീസ് കലയായ ഒറിഗാമിയിലും വിദഗ്ധനാണ് ഇദ്ദേഹം. ഹൈദരാബാദ് ആസ്ഥാനമായുള്ള സി.സി.ആര്‍.ടിയില്‍ ഒറിഗാമിയുടെ റിസോഴ്‌സ് പേഴ്‌സണ്‍ ആണ്. എല്‍.പി തലം മുതല്‍ ബി.എഡ്, ടി.ടി.സി വിദ്യാര്‍ഥികള്‍ക്കും ഇദ്ദേഹം ഒറിഗാമിയില്‍ പരിശീലനം നല്‍കുന്നുണ്ട്. തോള്‍സഞ്ചി നിറയെ ഏടാകൂടങ്ങളും ഊരാക്കുടുക്കുകളും കരവിരുതിന്റെ കൗതുകക്കാഴ്ചകളുമായി ശ്രീധരന്‍ മാഷ് നടപ്പ് തുടരുകയാണ്.
കൊണ്ടോട്ടി ഉപജില്ലയിലെ മൂന്ന് സ്‌കൂളുകളില്‍ പ്രാഥമിക സൗകര്യം അപര്യാപ്തം

കൊണ്ടോട്ടി: ഉപജില്ലയിലെ മൂന്ന് സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസൃതമായി പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് സൗകര്യങ്ങളില്ല.

വാഴക്കാട് പഞ്ചായത്തിലെ പണിക്കരപുറായ ജി.എല്‍.പി സ്‌കൂള്‍, നെടിയിരുപ്പിലെ ജി.എല്‍.പി സ്‌കൂള്‍, ജി.എം.എല്‍.പി സ്‌കൂള്‍ എന്നിവയിലാണ് വേണ്ടത്ര സൗകര്യങ്ങളില്ലാത്തത്. വാടകക്കെട്ടിടത്തിലാണ് മൂന്ന് സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നത്.

എല്‍.പി. വിഭാഗത്തില്‍ 100ഉം പ്രീ പ്രൈമറിയില്‍ 22ഉം കുട്ടികള്‍ പണിക്കരപുറായ സ്‌കൂളിലുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഓരോ മൂത്രപ്പുരകളാണ് സ്‌കൂളിലുള്ളത്. ആകെ ഒരു ശൗചാലയവും. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് വാടകക്കെട്ടിടത്തിലായതിനാല്‍ എസ്.എസ്.എ ഫണ്ടടക്കം ഒരു സഹായവും ലഭിക്കുന്നില്ല.

അഞ്ച് അധ്യാപകരും ഒരു അനധ്യാപകനുമടക്കം ആറ് ജീവനക്കാര്‍ സ്‌കൂളിലുണ്ട്. വേണ്ടത്ര മൂത്രപ്പുരകളും ശൗചാലയങ്ങളും ഇല്ലാത്തത് ഇവര്‍ക്കും ബുദ്ധിമുട്ടാകുന്നു. സ്‌കൂളിന് സ്ഥലം കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഒരു പോര്‍ട്ടബിള്‍ ടോയ്‌ലറ്റ് അടക്കം രണ്ട് ശൗചാലയങ്ങളും രണ്ട് മൂത്രപ്പുരകളുമാണ് നെടിയിരുപ്പ് ജി.എല്‍.പി സ്‌കൂളിലുള്ളത്. പ്രീ പ്രൈമറിയിലടക്കം 102 കുട്ടികള്‍ ഇവിടെയുണ്ട്. ഒമ്പത് ജീവനക്കാരുണ്ട്. കഴിഞ്ഞ വര്‍ഷമാണ് പോര്‍ട്ടബിള്‍ ടോയ്‌ലറ്റ് സ്ഥാപിച്ചത്.

നൂറിലേറെ വര്‍ഷത്തെ പാരമ്പര്യമുള്ള നെടിയിരുപ്പ് ജി.എം.എല്‍.പി സ്‌കൂളില്‍ പ്രീ പ്രൈമറിയിലടക്കം 98 കുട്ടികളുണ്ട്, അഞ്ച് അധ്യാപകരും. ഡി.പി.ഇ.പി പദ്ധതിക്കാലയളവില്‍ നിര്‍മ്മിച്ച ഒരു ശൗചാലയം മാത്രമാണ് സ്‌കൂളിലുള്ളത്. പി.ടി.എയുടെ നേതൃത്വത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും താത്കാലികമായി മൂത്രപ്പുരയുണ്ടാക്കിയിട്ടുണ്ട്. സ്‌കൂള്‍ നില്‍ക്കുന്ന സ്ഥലത്തെ സംബന്ധിച്ച് കേസ് നിലവിലുണ്ട്.

സ്വന്തമായി ഭൂമിയില്ലാത്തതാണ് ഈ സ്‌കൂളുകള്‍ നേരിടുന്ന പ്രധാന പ്രശ്‌നം.

No comments: