Wednesday, October 19, 2011

ക്ലസ്റ്റര്‍ പരിശീലനത്തിന് ഇനി പ്രധാനാധ്യാപകരും


20 Oct 2011

കരിപ്പൂര്‍: പ്രധാനാധ്യാപരെകൂടി ഉള്‍പ്പെടുത്തി അധ്യാപകപരിശീലനം വിപുലപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സമീപനരേഖ എല്ലാ ജില്ലാ ഓഫീസുകള്‍ക്കും ബി.ആര്‍.സികള്‍ക്കും അയച്ചുകൊടുത്തിട്ടുണ്ട്. ക്ലസ്റ്റര്‍ റിസോഴ്‌സ് സെന്റര്‍ കണ്‍വീനര്‍, ക്ലസ്റ്റര്‍ കേന്ദ്രങ്ങളിലെ പ്രധാനാധ്യാപകര്‍, പഞ്ചായത്ത് ചുമതലയുള്ള ബി.ആര്‍.സി ട്രെയിനര്‍ എന്നിവര്‍ക്ക് ചുമതലകള്‍ വിഭജിച്ചുനല്‍കുമെന്ന് രൂപരേഖ പറയുന്നു.

പരിശീലനത്തിന്റെ ഒന്നാംഘട്ട ആശയ രൂപവത്കരണ ശില്പശാല ഡി.ഡി.ഇ, ഡയറ്റ് പ്രിന്‍സിപ്പല്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍, സി.ഇ.ഒ, എ.ഇ.ഒമാര്‍, ഡയറ്റ് അധ്യാപകര്‍, എസ്.എസ്.എ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന യോഗത്തിലാണ് നടക്കുക. സ്‌കൂള്‍ മോണിറ്ററിങ് റിപ്പോര്‍ട്ടുകള്‍, പഠന റിപ്പോര്‍ട്ടുകള്‍, സ്‌കൂള്‍ തല ഫീഡ് ബാക്കുകള്‍, ഒ.എസ്.എസ് അനുഭവങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ എല്‍.പി, യു.പി തല വിഷയാടിസ്ഥാനത്തില്‍ നടക്കേണ്ട ക്ലസ്റ്റര്‍ തല കൂടിയിരിപ്പിന്റെ രൂപരേഖ തയ്യാറാക്കും.

മൊഡ്യൂള്‍ ഫ്രെയിം, ക്ലസ്റ്റര്‍തല അധ്യാപക കൂടിയിരിക്കലിന്റെ സംഘാടനവും മാര്‍ഗനിര്‍ദേശവും ജില്ലാതല പരിശീലനകേന്ദ്രങ്ങളുടെ ചുമതല, പങ്കുവെക്കല്‍, ഏകദിന അധ്യാപക പരിശീലനം, രീതി, തിയ്യതി തീരുമാനിക്കല്‍, ക്ലസ്റ്റര്‍ റിസോഴ്‌സ് സെന്റര്‍ കണ്‍വീനറര്‍മാരുടെ യോഗം, ഉള്ളടക്കം, രീതി, തിയ്യതി, മോണിറ്ററിങ് രീതി, തിയ്യതി നിശ്ചയിക്കല്‍ എന്നിവ ഈയോഗമാണ് തീരുമാനിക്കുക. നിലവില്‍ ജില്ലയിലെ മികച്ച റിസോഴ്‌സ് അധ്യാപകരെയും ഡയറ്റ്, എസ്.എസ്.എ അംഗങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് നടക്കുന്ന ശില്‍പ്പശാല ഇല്ലാതാവും. പരിശീലനത്തിന്റെ ഉള്ളടക്കവും ആവശ്യമായ തന്ത്രങ്ങളും ഉപകരണങ്ങളും കൈത്താങ്ങുകളും ജില്ലാതലത്തില്‍ രൂപവത്കരിക്കുന്ന രീതിയും ഇല്ലാതാകും.

ജില്ലാതലത്തില്‍ രണ്ടുദിവസമായി നടക്കുന്ന പരിശീലനത്തില്‍ ബി.ആര്‍.സി. ട്രെയിനര്‍മാര്‍, ക്ലസ്റ്റര്‍ യോഗത്തിന്റെ കണ്‍വീനര്‍മാര്‍, ക്ലസ്റ്റര്‍ ട്രെയിനിങ്ങിന്‌നേതൃത്വം കൊടുക്കേണ്ട അധ്യാപകര്‍, പ്രതിനിധികള്‍, ഡയറ്റ് ഫാക്കല്‍റ്റി, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവരും പങ്കെടുക്കും. വിഷയ, ക്ലാസ് അടിസ്ഥാനത്തിലായിരിക്കും ശില്പശാല. ക്ലസ്റ്റര്‍തല കൂടിയിരിപ്പിന്റെ രൂപരേഖ പരിചയപ്പെടുത്തലും അനുബന്ധ സാമഗ്രികള്‍ വികസിപ്പിക്കലും ഇതില്‍ നടക്കും. ഫീഡ്ബാക്ക് രീതി, പ്രധാനാധ്യാപക പരിശീലന മൊഡ്യൂള്‍ തയ്യാറാക്കല്‍, ക്ലസ്റ്റര്‍ കൂടിയിരിപ്പിന് നേതൃത്വം നല്‍കുന്നവരുടെ ശാക്തീകരണ പ്രവൃത്തി എന്നിവ നടക്കും.

മൂന്നാംഘട്ടത്തില്‍ എ.ഇ.ഒ, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍, ട്രെയിനര്‍, റിസോഴ്‌സ് അധ്യാപകര്‍ എന്നിവര്‍ ബി.ആര്‍.സി തലത്തില്‍ ചേര്‍ന്നിരിക്കും. ഇതിലാണ് ക്ലസ്റ്റര്‍ തല പരിശീലനത്തിന്റെ രൂപരേഖയ്ക്ക് അന്തിമ രൂപം നല്‍കുക. ഇത് ചര്‍ച്ചചെയ്ത് മെച്ചപ്പെടുത്തുകയും അനുബന്ധ സാമഗ്രികള്‍ വികസിപ്പിക്കുകയുംചെയ്യും. ഇതിനുശേഷമായിരിക്കും പ്രധാനാധ്യാപക പരിശീലനവും യോഗവും ചേരുക. ഇതില്‍ ക്ലസ്റ്റര്‍ തല കൂടിയിരിപ്പിന്റെ സംഘാടനം, പരിശീലനത്തില്‍ എസ്.ആര്‍.ജി യോഗത്തിന്റെ ആവശ്യകത, മോണിറ്ററിങ് എന്നീ കാര്യങ്ങള്‍ തീരുമാനിക്കും. ഇതിനുശേഷമാണ് പഞ്ചായത്ത് തലത്തില്‍ അധ്യാപക പരിശീലനം നടക്കുക.

എല്‍.പി വിഭാഗം പഞ്ചായത്ത് തലത്തിലും യു.പി വിഷയങ്ങളില്‍ സി.ആര്‍.സികള്‍ കൂട്ടിച്ചേര്‍ത്തും പരിശീലനം നടത്താം. ബി.ആര്‍.സി തലത്തിലുള്ള പരിശീലനം ഇതോടെ ഇല്ലാതാകും.

ഇപ്പോള്‍ നടക്കുന്ന പരിശീലത്തില്‍ നിന്ന് വ്യത്യസ്തമായി പ്രധാനാധ്യാപകര്‍ക്കും പരിശീലനത്തില്‍ പങ്കാളിത്തം വരും. സംസ്ഥാനതലത്തില്‍ തയ്യാറാക്കുന്ന പരിശീലന രൂപരേഖ ജില്ലാതലത്തില്‍ വികസിപ്പിക്കുകയും അതിനാവശ്യമായ ഉപകരണങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്യുകയും ചെയ്യുന്ന രീതി ഇല്ലാതാകും. ബി.ആര്‍.സി തലത്തില്‍ മാത്രമാവും പരിശീലന മൊഡ്യൂളുകള്‍ രൂപവത്കൃതമാവുക. ബി.ആര്‍.സി തലത്തില്‍ നടക്കുന്ന അധ്യാപക പരിശീലനം ഇനിമുതല്‍ പഞ്ചായത്ത് ക്ലസ്റ്റര്‍ റിസോഴ്‌സ് സെന്റര്‍ കേന്ദ്രീകരിച്ചാവും.
സ്‌കൂളുകള്‍ക്ക് ബസ് വാങ്ങാന്‍ എം.പി.ഫണ്ട്
കാസര്‍കോട്:ജില്ലയിലെ മൂന്നു സ്‌കൂളുകള്‍ക്ക് ബസ്സുകള്‍ വാങ്ങാന്‍ പി.കരുണാകരന്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നു 30,75,572 രൂപ അനുവദിച്ചു. ചായ്യോത്ത് ജി.എച്ച്.എസ്.എസ്., മടിക്കൈ ജി.എച്ച്.എസ്.എസ്. എന്നിവയ്ക്ക് 10ലക്ഷം രൂപ വീതവും കയ്യൂര്‍ ജി.വി.എച്ച്.എസ്.എസിനു 10,75,572 രൂപയുമാണ് അനുവദിച്ചത്. 32 സീറ്റ് കപ്പാസിറ്റിയുള്ള ടാറ്റാ മോഡല്‍ സ്റ്റാര്‍ ബസ്സുകളാണ് വാങ്ങുന്നത്. മടിക്കൈ ചായ്യോത്ത് സ്‌കൂള്‍ പി.ടി.എ. ബസ് വാങ്ങുന്നതിന് 75,572 രൂപവീതം സ്‌കൂള്‍ വിഹിതമായി നല്‍കും.

അധ്യാപക സംഘടനകളുടെ പദവിതര്‍ക്കത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഇറങ്ങിപ്പോയി

പത്തിരിപ്പാല: പത്തിരിപ്പാല ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിസ്‌കൂളില്‍ നടക്കുന്ന പറളി ഉപജില്ലാ ശാസ്ത്രമേളയുടെ സ്വാഗതസംഘം രൂപവത്കരണയോഗം അലങ്കോലമായി.


സി.പി.എം.-കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള അധ്യാപകസംഘടനാ പ്രതിനിധികള്‍തമ്മില്‍ പ്രോഗ്രാം കണ്‍വീനര്‍ സ്ഥാനം ആര് വഹിക്കണമെന്നതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം.


അധ്യാപകസംഘടനാ പ്രതിനിധികള്‍ വീതംവെപ്പില്‍ വിട്ടുവിഴ്ച കാണിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാരാണ് ആദ്യം യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയത്. അധികാരമത്സരം നടത്തുന്ന സംഘടനാപ്രതിനിധികള്‍ നേതൃത്വംനല്‍കുന്ന ശാസ്ത്രമേള തങ്ങള്‍ ബഹിഷ്‌കരിക്കയാണെന്ന് നാട്ടുകാര്‍ അറിയിച്ചു.


പറളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ കൂട്ടാക്കിയില്ല.


ഇതിനിടെ സയന്‍സ്‌ക്ലബ്ബ് അസോസിയേഷന്‍ സബ് ജില്ലാ കണ്‍വീനര്‍ കൂടിയായ പി. പ്രകാശ്‌നാരായണനെ പ്രോഗ്രാം കണ്‍വീനറാക്കിയതായി എ.ഇ.ഒ. വിജയന്‍ യോഗത്തെ അറിയിച്ചു. എ.ഇ.ഒ.യുടെ തീരുമാനം ഏകപക്ഷീയമാണെന്നാരോപിച്ച് കോണ്‍ഗ്രസ് അനുകൂല സംഘടനയായ കെ.പി.എസ്.ടി.യു. പ്രതിനിധികള്‍ യോഗത്തില്‍നിന്നിറങ്ങിയതോടെ അലങ്കോലമായി.


ബുധനാഴ്ചരാവിലെ 10മുതല്‍ ഉച്ചയ്ക്ക് 2വരെ എ.ഇ.ഒ. വിവിധ അധ്യാപകസംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. സംഘടനാ പ്രതിനിധികളുമായി സമവായത്തിലെത്താതെ ഉച്ചയ്ക്ക് 2ന് നാട്ടുകാരെ വിളിച്ചുകൂട്ടി യോഗംതുടങ്ങിയതാണ് പ്രശ്‌നമായത്. യോഗംതുടങ്ങിയ ഉടന്‍ വാദപ്രതിവാദങ്ങള്‍ ശക്തമായതോടെ നാട്ടുകാര്‍ യോഗം ബഹിഷ്‌കരിക്കയായിരുന്നു.


കെ.എസ്.ടി.എ, നേതാവിനെയാണ് എ.ഇ.ഒ. കണ്‍വീനറാക്കിയത്. എ.ഇ.ഒ.യുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസവകുപ്പുമന്ത്രി, ഡി.ഡി. എന്നിവര്‍ക്ക് പരാതിനല്‍കുമെന്ന് കെ.പി.എസ്.ടി.യു. പറളി ഉപജില്ലാ സെക്രട്ടറി സി. വിനയന്‍, പി. രാജീവ് എന്നിവര്‍ പറഞ്ഞു. തീരുമാനത്തെ അംഗീകരിക്കുന്നില്ലെന്ന് കെ.എ.ടി.എഫ്. റവന്യുജില്ല വൈസ് പ്രസിഡന്റ് കെ.എസ്. അനീഷും അറിയിച്ചു.


എന്നാല്‍, തുറന്നചര്‍ച്ച നടത്തിയാണ് കണ്‍വീനറെ തിരഞ്ഞെടുത്തതെന്ന് കെ.എസ്.ടി.എ. ഉപജില്ലാ സെക്രട്ടറി ആറുമുഖന്‍ പറഞ്ഞു.

ബഷീറിന്റെ ലോകത്തെ അടുത്തറിയാന്‍ കുട്ടികള്‍ തലയോലപ്പറമ്പില്‍

തലയോലപ്പറമ്പ്: സാഹിത്യത്തിലെ സുല്‍ത്താനായ ബഷീറിന്റെ ലോകത്തെ അടുത്തറിയാന്‍ കോട്ടയം വെസ്റ്റ് ഉപവിദ്യാഭ്യാസ ജില്ലയിലെ വിദ്യാരംഭം കലാസാഹിത്യവേദി അംഗങ്ങളായ 57 കുട്ടികളും അധ്യാപകരും തലയോലപ്പറമ്പിലെത്തി. ബഷീര്‍ കഥകള്‍ക്ക് പശ്ചാത്തലമൊരുക്കിയ പാലാംകടവിലെ മുവാറ്റുപുഴ ആറിന്റെ തീരം, ബഷീര്‍ സ്മാരക പാലം, മാര്‍ക്കറ്റ് റോഡ്, പാത്തുമ്മയുടെ ആടുകളുടെ പുതുതലമുറ, ബഷീര്‍ സ്മാരകസ്‌കൂള്‍ ഇവയൊക്കെ കുട്ടികളില്‍ ആവേശമുണര്‍ത്തി.

ബഷീറിന്റെ കഥാപാത്രം കൂടിയായ സഹോദരന്‍ കുട്ടികളോട് തന്റെ ഓര്‍മകള്‍ പങ്കുവച്ചു.


വിദ്യാഭ്യാരംഭം കലാസാഹിത്യവേദി കണ്‍വീനര്‍ ഷാജി, ജോയിന്റ് കണ്‍വീനര്‍ ലേഖ, ധന്യ, കല, മോളി ജേക്കബ് എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ എത്തിയത്.

സര്‍ക്കാര്‍ വാക്കുപാലിച്ചില്ല ബദല്‍ സ്കൂള്‍ അധ്യാപകര്‍ വീണ്ടും സമരത്തിലേക്ക്
കല്‍പ്പറ്റ: സമരം ചെയ്തപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പൂര്‍ണമായും പാലിക്കാത്തതിനാല്‍ ബദല്‍ സ്കൂളുകളിലെ അധ്യാപകര്‍ക്ക് വീണ്ടും ശമ്പളം മുടങ്ങി. തൊഴില്‍ ചെയ്തതിന്റെ കൂലിക്കുവേണ്ടി വീണ്ടും സമരരംഗത്തിറങ്ങേണ്ട അവസ്ഥയിലെത്തി അധ്യാപകര്‍ . സര്‍ക്കാര്‍ പ്രഖ്യാപനം വാക്കുകളില്‍ ഒതുങ്ങിയതാണ് കാരണം. കഴിഞ്ഞ അധ്യയനവര്‍ഷം സ്കൂള്‍ അടച്ചുപൂട്ടാതിരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യമായ ഫണ്ട് വകയിരുത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് നിര്‍ത്തലാക്കിയപ്പോഴായിരുന്നു ഇത്. എന്നാല്‍ യുഡിഎഫ് അധികാരത്തിലെത്തിയതോടെ പിന്നോക്കമേഖലയിലുള്ള ആദിവാസി വിദ്യാര്‍ഥികളുടെ പഠനാവസരം ഉറപ്പുവരുത്താനുള്ള ഏകാധ്യാപക വിദ്യാലയങ്ങളോട് നിഷേധാത്മകമായ സമീപനമാണ് സ്വീകരിച്ചത്. ഏപ്രില്‍ മുതല്‍ ശമ്പളം ലഭിക്കാത്തതിനെത്തുടന്ന് സ്കൂളുകള്‍ അടച്ചുപൂട്ടപ്പെടുമെന്ന അവസ്ഥ വന്നപ്പോള്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒന്നടങ്കം തെരുവിലിറങ്ങി. തുടര്‍ന്ന് സര്‍ക്കാര്‍ ഫണ്ട് വകയിരുത്തുമെന്നും മുടങ്ങിയ ശമ്പളം നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനങ്ങള്‍ നടപ്പായില്ല. മുടങ്ങിക്കിടന്ന വേതനം പോലും പൂര്‍ണമായും ലഭിച്ചില്ല. വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ ഉച്ചഭക്ഷണം ഉള്‍പ്പെടെയുള്ള ബാധ്യത അധ്യാപകരാണ് നിര്‍വഹിക്കുന്നത്. ആദിവാസി കുട്ടികള്‍ക്ക് പഠനാവകാശം ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിയോട് സര്‍ക്കാരും മന്ത്രിയും മുഖംതിരിഞ്ഞുനില്‍ക്കുന്നതായാണ് ആക്ഷേപം. സര്‍ക്കാര്‍ ഉടന്‍ ഇടപെട്ടില്ലെങ്കില്‍ വീണ്ടും സമരത്തിനിറങ്ങുമെന്ന് ആള്‍ട്ടര്‍നേറ്റീവ് സ്കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി അറിയിച്ചു. യോഗത്തില്‍ എ ഭാര്‍ഗവി അധ്യക്ഷയായി. സംസ്ഥാനസെക്രട്ടറി ടി ജെ ശാലിനി, ജില്ലാസെക്രട്ടറി ടി സി സുകുമാരന്‍ , ബീന സിബി, വി എം ബിന്ദു, കെ ലാലി, റീന സുകുമാരന്‍ , രശ്മി, പി ജിനീഷ് എന്നിവര്‍ സംസാരിച്ചു.


No comments: