Tuesday, August 23, 2011

വായനയ്ക്ക് ഐടി മുഖവുമായി കോട്ടണ്‍ഹില്‍ സ്കൂള്‍


24-Aug-2011
തിരു: വായന മരിക്കുന്നെന്ന പതിവ് പല്ലവിയോ പുതുതലമുറ പുസ്തകവിരോധികളാണെന്ന മുന്‍വിധിയോ ഇല്ല. വിദ്യാര്‍ഥികളെ പുസ്തകങ്ങളുമായി അടുപ്പിക്കുന്നത് മികച്ച ലൈബ്രറിയും വഴികാട്ടികളായ അധ്യാപകരുമാണെന്ന തിരിച്ചറിവില്‍ വായനസംസ്കാരത്തിന്റെ പുതിയ പടവു ചവിട്ടുകയാണ് പ്ലാറ്റിനംജൂബിലി വര്‍ഷത്തില്‍ കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ . ഐടി അധിഷ്ഠിതമായി നവീകരിച്ച സ്കൂള്‍ ലൈബ്രറി സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. നൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് ഒരുമിച്ചിരുന്ന് വായിക്കാവുന്ന ശീതീകരിച്ച വായനഹാളും ഒരുക്കിയിട്ടുണ്ട്. ഏഴു ഭാഷയിലുള്ള പുസ്തകങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അതതു ഭാഷകളില്‍ ലഭ്യമാക്കുന്ന സംവിധാനമാണ് ലൈബ്രറിയുടെ പ്രധാന സവിശേഷത. എല്‍എംഎസ് മീര എന്ന സോഫ്റ്റ്വെയറാണ് ഇതിനുപയോഗിച്ചിരിക്കുന്നത്. 1973 മുതല്‍ 2000 വരെയുള്ള മലയാള പുസ്തകങ്ങള്‍ ഇതിനകം കാറ്റലോഗ് ചെയ്തുകഴിഞ്ഞു. അഞ്ചാംക്ലാസുമുതല്‍ പത്തുവരെയുള്ള 90 ഡിവിഷനിലെ വിദ്യാര്‍ഥിനികള്‍ക്ക് വിതരണം ചെയ്തവ കൂടാതെ ഇരുപതിനായിരത്തിലധികം പുസ്തകമുണ്ട് ലൈബ്രറിയില്‍ ഇപ്പോള്‍ . മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം തുടങ്ങിയ ഭാഷകളിലുള്ള പുസ്തകങ്ങള്‍ അനായാസം തെരഞ്ഞെടുക്കാന്‍ സോഫ്റ്റ് വെയര്‍ സംവിധാനത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് കഴിയും. ഐടി അറ്റ് സ്കൂളും വിക്ടേഴ്സ് ചാനലും സംയുക്തമായി നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ മൂന്നാംസ്ഥാനം നേടിയതിലൂടെ ലഭിച്ച മൂന്നരലക്ഷം രൂപയും പിടിഎ ഫണ്ടുമുപയോഗിച്ചാണ് ലൈബ്രറി നവീകരിച്ചത്. ജെ സുഷമയുടെ നേതൃത്വത്തിലുള്ള ആറംഗ അധ്യാപക സമിതിയാണ് ലൈബ്രറിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

No comments: