Monday, August 1, 2011

അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനംതിരുവനന്തപുരം: വിവരവിനിമയ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ ഒരു ലക്ഷത്തിലേറെ അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കും. സര്‍വശിക്ഷാ അഭിയാന്‍ പദ്ധതി നടപ്പിലാക്കുന്ന ഹെല്‍പ്പ് സെഡ്കിന്റെ ഭാഗമായി ഐ.ടി. അറ്റ് സ്‌കൂള്‍, കേരള മഹിളാ സമഖ്യ സൊസൈറ്റി എന്നിവയുമായി സഹകരിച്ച് രണ്ടു ഘട്ടങ്ങളിലായാണ് ദശദിന പരിശീലനം നല്‍കുന്നത്. താത്പര്യമുള്ള രക്ഷിതാക്കള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം.

ആഗസ്ത് 2,3,4,8,9 തീയതികളിലാണ് ആദ്യഘട്ട പരിശീലനം. സംസ്ഥാനത്തെ 14 സാറ്റലൈറ്റ് ഇന്ററാക്ടീവ് ടെര്‍മിനലുകളിലൂടെ അധ്യാപകരും രക്ഷിതാക്കളും അതത് വിദ്യാലയങ്ങളില്‍ ഇരുന്ന് പരിശീലനത്തില്‍ പങ്കാളികളാകും. ടെലിഫോണ്‍, ഇ-മെയില്‍ എന്നീ സംവിധാനങ്ങളിലൂടെ സംശയങ്ങള്‍ ദൂരീകരിക്കാനും അവസരമുണ്ട്.

വിക്‌ടേഴ്‌സ് ചാനലിലൂടെ നടത്തുന്ന പരിശീലനത്തില്‍ ഡോക്ടര്‍മാര്‍, കൗണ്‍സിലര്‍മാര്‍, മനശാസ്ത്രജ്ഞര്‍, അക്കാദമിക് വിദഗ്ദ്ധര്‍ എന്നിവര്‍ പങ്കെടുക്കും. എസ്.എസ്.എ. വിദ്യാലയങ്ങളില്‍ വിതരണം ചെയ്ത 'എന്റെ കുട്ടികളും ഞാനും' എന്ന പുസ്തകത്തിന്റെ ഉള്ളടക്കം അധ്യാപകരിലെത്തിക്കുകയാണ് പരിശീലന ലക്ഷ്യം.

സംസ്ഥാനത്തെ ആറായിരത്തോളം വിദ്യാലയങ്ങളിലെ അഞ്ച് മുതല്‍ എട്ട് വരെ ക്ലാസുകളിലെ അധ്യാപകര്‍, താത്പര്യമുള്ള രക്ഷിതാക്കള്‍ എന്നിവര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനത്തില്‍ പങ്കെടുക്കാം. ഓണ്‍ലൈന്‍ പരിശീലനത്തില്‍ ഒരു ലക്ഷം അധ്യാപകര്‍ ഒരേ സമയം പങ്കെടുക്കുന്നത് വിദ്യാഭ്യാസ ചരിത്രത്തിലാദ്യമാണെന്ന് എസ്.എസ്.എ. സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍ ഡോ.കെ.എം. രാമാനന്ദന്‍ അറിയിച്ചു. ആഗസ്ത് 2ന് ഉച്ചക്ക് ഒന്നിന് വിദ്യാഭ്യാസ മന്ത്രി ന്ത്രി പി.കെ.അബ്ദുറബ്ബ്, വിക്‌ടേഴ്‌സ് ചാനലിന്റെ തിരുവനന്തപുരം സ്റ്റുഡിയോയില്‍ പരിശീലനം ഉദ്ഘാടനം ചെയ്യും.

സൗഹൃദ ദിനത്തിന്റെ വരപ്രസാദം ഹൃദയപൂര്‍വം പങ്കുവച്ച് വിദ്യാര്‍ഥികള്‍
''നാളെതന്‍ വാഗ്ദാനമാകേണ്ട നമ്മള്‍
കരളില്‍ കരുതുക വിലപ്പെട്ട സൗഹൃദം . . .''

സൗഹൃദദിനത്തിന്റെ സന്ദേശം ആയിരം കണ്ഠങ്ങളേറ്റുപാടി. മുതിര്‍ന്ന തലമുറ നെല്ലിക്കയും പുളിങ്കുരുവും പങ്കിട്ട പഴയകാലേെത്ത ഓര്‍മപ്പെടുത്തി സുഹൃത്തുക്കള്‍ മിഠായികള്‍ കൈമാറി. സ്‌കൂളിലെ ഔഷധസസ്യ ഉദ്യാനത്തിലിരുന്ന് അവര്‍ ഉച്ചയൂണ് പങ്കുവച്ചു.

പാറത്തോട് സെന്റ് ജോര്‍ജസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇത്തവണത്തെ സൗഹൃദദിനം അവിസ്മരണീയമാക്കിയത്. അമേരിക്കയിലെയും ജപ്പാനിലെയും ധന്യസൗഹൃദങ്ങളുടെ ചരിത്രസ്മരണകള്‍ കുട്ടികളുമായി അധ്യാപകര്‍ പങ്കുവച്ചു.

'ഞാന്‍ മഴയെക്കുറിച്ചു പാടിയപ്പോള്‍ അവന്‍ മഴയുടെ ഈറനണിഞ്ഞു. ഞാന്‍ മലയെക്കുറിച്ച് പാടിയപ്പോള്‍ അവന്‍ കാറ്റിന്റെ സുഗന്ധമറിഞ്ഞു.' കേട്ടുകൊണ്ടിരുന്ന സുഹൃത്ത് മരിച്ചപ്പോള്‍ പാടിയ സുഹൃത്ത് ഗിറ്റാറിന്റെ കമ്പികള്‍ പൊട്ടിച്ച് ദുഃഖം താങ്ങാനാവാതെ കരഞ്ഞു. ജപ്പാന്‍ കഥ കുട്ടികളുടെ മനസ്സില്‍ വെളിച്ചം നിറച്ചു. നന്മ ചെയ്യാന്‍ നല്ല സുഹൃത്തുക്കളാകണമെന്ന തീരുമാനം ഹൃദയത്തില്‍ നിറച്ചാണ് കുട്ടികള്‍ സൗഹൃദദിനാചരണം നടത്തിയത്.
-
അക്ഷരഗ്രാമം; ചെപ്ര എസ്.എ.ബി.സ്‌കൂള്‍ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു
ഓയൂര്‍:വായനയുടെയും പുസ്തകങ്ങളുടെയും ലോകത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്ന 'അക്ഷരഗ്രാമം' പരിപാടി സംഘടിപ്പിച്ചുകൊണ്ട് ഓടനാവട്ടം ചെപ്ര എസ്.എ.ബി.യു.പി.സ്‌കൂള്‍ അറിവിന്റെ വഴിയില്‍ ശ്രദ്ധേയമാകുന്നു. കുട്ടികളില്‍ വായനാശീലവും പുസ്തകപരിചയവും വളര്‍ത്തുന്നതിനുള്ള, സ്‌കൂള്‍ അധ്യാപകരുടെയും പുസ്തകപ്രേമികളുടെയും കൂട്ടായ്മയാണ് അക്ഷരഗ്രാമം പരിപാടി.

സ്‌കൂളിലെ മുഴുവന്‍ കുട്ടികളും അവരവരുടെ പ്രദേശത്തെ വായനശാലകളില്‍ അംഗങ്ങളാവുകയും വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് കുറിപ്പുകള്‍ തയ്യാറാക്കുകയും വേണം. സ്‌കൂളിന്റെ പൂര്‍ണമായ മേല്‍നോട്ടത്തില്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് പ്രവര്‍ത്തനം നടക്കുന്നത്. പരിപാടിയുടെ തുടക്കമായി പാറങ്കോട് പ്രദേശത്തെ അമ്പതോളം കുട്ടികളെ പാറങ്കോട് വായനശാലയില്‍ അംഗങ്ങളാക്കിയതായി സ്‌കൂള്‍ അധ്യാപകന്‍ ഷാജു കുമാര്‍ പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എന്‍.വേലപ്പന്‍ നിര്‍വഹിച്ചു. പാറങ്കോട് വായനശാല പ്രസിഡന്റ് ശിവശങ്കരപ്പിള്ള അധ്യക്ഷത വഹിച്ചു. ആര്‍.മുരളീധരന്‍, ജി.ഗിരിജാകുമാരി, എസ്.മണിയമ്മ, പി.എസ്.രാധാകൃഷ്ണപിള്ള, മുരളീധരന്‍ പിള്ള, രാമചന്ദ്രന്‍, കെ.എസ്.ഷിജു കുമാര്‍, പ്രവീണ്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ നടന്നു.
-
ബിപിഎല്‍ സര്‍വെ: അധ്യാപകര്‍ പരിശീലന ക്ലാസ് ബഹിഷ്കരിച്ചു
Posted on: 01-Aug-2011 11:46 PM
മലപ്പുറം: ബിപിഎല്‍ സര്‍വെയ്ക്ക് മുന്നോടിയായുള്ള പരീശീലനക്ലാസ് അധ്യാപകര്‍ ബഹിഷ്കരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ബ്ലോക്ക്തല പരിശീലന ക്ലാസുകളാണ് ബഹിഷ്കരിച്ചത്. പരിശീലന കേന്ദ്രങ്ങള്‍ക്കുമുന്നില്‍ അധ്യാപകര്‍ പ്രകടനം നടത്തി. സര്‍വെയില്‍നിന്ന് അധ്യാപകരെ ഒഴിവാക്കണമെന്ന് കെഎസ്ടിഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പാഠ്യേതര ജോലികളായ സെന്‍സസ്, ഇലക്ഷന്‍ എന്നിവയില്‍ മാത്രമേ അധ്യാപകര്‍ പങ്കെടുക്കാവൂവെന്നാണ് വിദ്യാഭ്യാസ അവകാശനിയമത്തിലെ വ്യവസ്ഥ. ഇത് മറികടന്നാണ് സര്‍ക്കാര്‍ അധ്യാപകരെ സര്‍വെയ്ക്ക് നിയോഗിച്ചത്. അധ്യാപകരെ സര്‍വെയ്ക്ക് നിയമിച്ചത് സ്കൂളുകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നതിന് ഇടയാക്കുമെന്ന ആശങ്കയും ഉയര്‍ന്നു. സര്‍വെയില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ ബിഡിഒമാര്‍ മുഖാന്തരം അയച്ച നിയമന ഉത്തരവ് അധ്യാപകര്‍ കൈപ്പറ്റിയിരുന്നില്ല. അധ്യാപകരുടെ എതിര്‍പ്പ് മറികടന്നും സര്‍വെ സംഘടിപ്പിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് അധ്യാപകര്‍ ബ്ലോക്ക്തല പരിശീലന ക്ലാസുകള്‍ നടന്ന കേന്ദ്രങ്ങള്‍ക്കു മുന്നില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. മറ്റ് അധ്യാപക സംഘടനകളും സര്‍വെ നടപടികളുമായി സഹകരിച്ചിട്ടില്ല. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ജിഎസ്ടിയു, ലീഗ് അനുകൂല സംഘടനയായ കെഎസ്ടിയു, അറബി അധ്യാപക സംഘടനയായ കെഎടിഎഫ് എന്നിവയും പരിശീലന പരിപാടിയില്‍ നിന്ന് വിട്ടുനിന്നു. പലയിടത്തും വിരലിലെണ്ണാവുന്ന അധ്യാപകരാണ് ക്ലാസില്‍ പങ്കെടുത്തത്. 2009ലെ ബിപിഎല്‍ സര്‍വെയില്‍ കടന്നുകൂടിയ പാകപ്പിഴ ഒഴിവാക്കാനും പുതിയ അംഗങ്ങളെ ചേര്‍ക്കാനും ലക്ഷ്യമിട്ടാണ് സര്‍വെ നടത്തുന്നത്. 16നകം സര്‍വെ അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. അധ്യാപകര്‍ ചുമതല ഏറ്റെടുക്കാന്‍ തയ്യാറാകാത്തതിനാല്‍ സംസ്ഥാനത്തെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ കണ്ടെത്താനുള്ള സര്‍വെ അനിശ്ചിതത്വത്തിലാകും. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിലെ പരിശീലനക്ലാസിന് മുന്നില്‍ നടന്ന ധര്‍ണയില്‍ പി പരമേശ്വരന്‍ , കെ ടി കൃഷ്ണന്‍ നമ്പൂതിരി, വി പി മുഹമ്മദ്, കെ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. കൊണ്ടോട്ടിയില്‍ കെ മുഹമ്മദ്, എം പ്രഹ്ലാദ്കുമാര്‍ , എം എസ് അമീനകുമാരി എന്നിവര്‍ സംസാരിച്ചു.
-
വാവടുക്കം ഗവ. എല്‍പി സ്കൂളില്‍ കഥ പറയും ചുമരുകള്‍

ബേഡകം: പഠനം പാല്‍പായസം പോലെ മധുരതരമാക്കാന്‍ പാഠഭാഗങ്ങള്‍ വര്‍ണ ചിത്രങ്ങളായി ക്ലാസ് മുറികളുടെ ചുമരുകളില്‍ . ഭക്ഷണം ദുരുപയോഗം ചെയ്യുന്നതിനെതിരെയും വൃത്തിയുടെ പ്രാധാന്യം ആസ്വാദ്യമായി പകരുന്ന ചിത്രങ്ങളുമായി ഭക്ഷണ ശാലയുടെ ചുമരുകള്‍ . ടോയ്ലറ്റുകളുടെ ചുമരുകളിലാണെങ്കില്‍ ശുചിത്വ ബോധവല്‍കരണ ചിത്രങ്ങള്‍ ... വാവടുക്കം ഗവ. എല്‍പി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനവും സ്കൂളലേക്കുള്ള വരവും ആഘോഷ തിമിര്‍പ്പാണ്. വിദ്യാര്‍ഥികള്‍ക്ക് ദിവസം മുഴുവന്‍ ഉന്മേഷം പകരുന്ന സ്കൂള്‍ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എസ്എസ്എയുടെ സഹായത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ സ്കൂളുകളുടെ പളപളപ്പിനുമുമ്പില്‍ നിഷ്പ്രഭമായിപ്പോകുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ഥികളെ തിരിച്ചുകൊണ്ടുവരാനുള്ള ചുവടുവെപ്പുമാകും. ഭാഷാ, പഠന പ്രവര്‍ത്തനങ്ങള്‍ ആസ്വാദ്യകരമാക്കുക, ശിശു സൗഹൃദ പഠനാന്തരീക്ഷമുണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സ്കൂള്‍ ചുമരുകള്‍ക്ക് ആകര്‍ഷകമായ കഥകളും കവിതകളും കൊണ്ട് വര്‍ണമിട്ടത്. കുട്ടികളെ ചിരിക്കാനും ചിന്തിപ്പിക്കാനും സഹായിക്കുന്ന തൊപ്പിക്കാരനും കുരങ്ങുകളും, ആപ്പിലായ കുരങ്ങന്‍ , കിട്ടാത്ത മുന്തിരി പുളിക്കും, പ്രാവും ഉറുമ്പും, ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു, പൊന്‍മുട്ടയിടുന്ന താറാവ്, കൂട്ടുകാരെ രക്ഷിച്ച ഞണ്ട്, ആമയും മുയലും, ചതിയന്‍ ചെന്നായ, നീലിയും പീലിയും, ദാഹിച്ചുവലഞ്ഞ കാക്ക തുടങ്ങിയ കഥകളാണ് ചുമരുകളെ വര്‍ണ്ണാഭമാക്കുന്നത്. ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലെ ചുമരുകള്‍ക്ക് മലയാളം, ഇംഗ്ലീഷ്, കണക്ക് പാഠഭാഗങ്ങളും ആരോഗ്യ ശുചിത്വ ബോധവല്‍കരണ സന്ദേശങ്ങളുമാണ് വര്‍ണമേകുന്നത്. എസ്എസ്എയുടെ മെയിന്റനന്‍സ് ഗ്രാന്‍ഡ്, സ്കൂള്‍ ഗ്രാന്‍ഡ് എന്നിവയ്ക്ക്് പുറമെ നാട്ടുകാരുടെ സഹായവും ചേര്‍ത്താണ് പണം കണ്ടെത്തിയത്. അധ്യാപകനായ സാജന്‍ ബിരിക്കുളമാണ് രണ്ടാഴ്ച കൊണ്ട് ചിത്രരചന പൂര്‍ത്തീകരിച്ചത്. ഹെഡ്മാസ്റ്റര്‍ എ ടി ഫിലിപ്പ്, അധ്യാപകരായ സുമംഗല, കെ കെ സിന്ധു, കെ പ്രീത, സുനിത, കെ രവീന്ദ്രന്‍ , കെ വി അനിത എന്നിവരുടെ നേതൃത്വത്തിലുള്ള പിടിഎയും സജീവമായി പ്രവര്‍ത്തിച്ചു. ചിത്രത്തൂണുകളുടെ സമര്‍പ്പണവും കംപ്യുട്ടര്‍ ലാബ് ഉദ്ഘാടനവും ചൊവ്വാഴ്ച പകല്‍ 11ന് കെ കുഞ്ഞിരാമന്‍ എംഎല്‍എ നിര്‍വഹിക്കും. എസ്എസ്എ ജില്ലാ പ്രോജക്ട്് ഓഫീസര്‍ ഡോ. പി രാജന്‍ ചിത്രത്തൂണുകള്‍ സമര്‍പ്പിക്കും. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് സി കാര്‍ത്യായണി അധ്യക്ഷയാകും. വൈസ് പ്രസിഡന്റ് എം അനന്തന്‍ യൂണിഫോം വിതരണം ചെയ്യും.

No comments: