Friday, August 12, 2011

പഠനം നടത്താതെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ അനുവദിക്കരുത്

13 Aug 2011

കോഴിക്കോട്: വിശദമായ പഠനം നടത്തിയശേഷമേ പുതിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും ബാച്ചുകളും അനുവദിക്കാവൂ എന്ന് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ ശമ്പള പരിഷ്‌കരണത്തിലെ അപാകം പരിഹരിക്കുക. ജൂനിയര്‍ അധ്യാപകരുടെ സര്‍വീസ് അനിശ്ചിതത്വം പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ആഗസ്ത് 20-ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ധര്‍ണ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ടി. പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. ഷാജു പുതൂര്‍, ഡോ. ജോര്‍ജ് കെ. ജോസഫ്, മോഹന്‍കുമാര്‍, ഫ്രാന്‍സിസ് ജോര്‍ജ്, ജിജി മാത്യു സ്‌കറിയ, സിബി ജോസഫ്, എസ്. മനോജ്, കെ.പി. അബ്ദുള്‍നാസര്‍, കെ.ബി. രവികുമാര്‍, എന്‍. രാജഗോപാല്‍, ജോസ് പോള്‍, അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
-
കാടിന്റെ നൊമ്പരമായി "ഈ കിളിമരച്ചോട്ടില്‍"

കോഴിക്കോട്: കാടിന്റെ ഉള്ളറകളിലേക്ക് കടന്നുകയറാനുള്ള മനുഷ്യന്റെ ദുരാഗ്രഹത്തിന്റെയും ആര്‍ത്തിയുടെയും കഥ പറയുകയാണ് ആഴ്ചവട്ടം ഗവ. ഹൈസ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച "ഈ കിളിമരച്ചോട്ടില്‍" സംഗീത നാടകം. 45 മിനുട്ട് ദൈര്‍ഘ്യമുള്ള നാടകത്തില്‍ പ്രകൃതിയുടെ ആവാസ വ്യവസ്ഥയില്‍ മനുഷ്യന്റെ നുഴഞ്ഞുകയറ്റം സൃഷ്ടിക്കുന്ന ഫലങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. അന്താരാഷ്ട്ര വനവര്‍ഷ ദിനാചരണത്തോടനുബന്ധിച്ച് റീജണല്‍ സയന്‍സ് സെന്റര്‍ ആന്‍ഡ് പ്ലാനിറ്റേറിയം സംഘടിപ്പിച്ച "വനവും ജൈവവൈവിധ്യവും" സെമിനാറിന്റെ ഭാഗമായാണ് നാടകം അവതരിപ്പിച്ചത്. അബദ്ധത്തില്‍ കാട്ടില്‍നിന്ന് നാട്ടിലെത്തിയ കുട്ടിയാനക്കൊപ്പം കാട് കയറിയ ഗൗതമന്‍ എന്ന കുട്ടി കാട്ടിലെ ജീവജാലങ്ങളോടൊപ്പം കഴിയുന്നതും അതിനിടയിലുണ്ടാകുന്ന സംഭവങ്ങളുമാണ് ഇതിവൃത്തം. മണ്ണും മനുഷ്യനും മൃഗങ്ങളും ഒരുമിച്ച് കഴിഞ്ഞിരുന്ന കാലത്തെ വിവരിച്ചുകൊണ്ടാണ് നാടകം ആരംഭിക്കുന്നത്. ഗൗതമന് കാടിന്റെ വൈവിധ്യങ്ങള്‍ ആദ്യം ഭയവും പിന്നീട് ആഹ്ലാദവും നല്‍കുന്നു. പുലി, ആമ, മുയല്‍ , ചിതശലഭം, ആന എന്നീ മൃഗങ്ങളോടൊപ്പം ഗൗതമന്‍ പെട്ടെന്ന് ഇണങ്ങുന്നു. അവര്‍ക്കിടയിലേക്ക് എത്തുന്ന ദേശാടനക്കിളികള്‍ മനുഷ്യന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരുത്തുന്ന നാശങ്ങളെക്കുറിച്ച് വിവരിക്കുന്നു. മഞ്ഞുരുകി പുഴകള്‍ നിറയുന്നതും മഞ്ഞുകട്ടകള്‍ ഇല്ലാതാകുന്നതും കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനവും മനുഷ്യന്റെ ഇടപെടലുകളുടെ രൂക്ഷത വെളിവാക്കുന്നതായി. ദേശാടനത്തിനിടെ വിഷമയമായ വെള്ളം കുടിച്ചതിനാല്‍ തിരിച്ച് പറക്കാന്‍ പോലും കഴിയാതെ അവയും എരിഞ്ഞടങ്ങുന്നു. ശേഷിച്ച വനം കൂടി പിടിച്ചടക്കുന്ന മനുഷ്യനെ കാടിന്റെ മക്കള്‍ പാഠം പഠിപ്പിക്കുന്നതോടെ നാടകം അവസാനിക്കുന്നു. മനോജ് നാരായണനാണ് സംവിധാനം നിര്‍വഹിച്ചത്. രചന എ അബൂബക്കര്‍ . സംഗീതം പി മനോഹരന്‍ . ബിനോയ് വിശ്വം പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളില്‍ ക്ലാസുകളുമുണ്ടായി.
പഠിപ്പിക്കാന്‍ സമയം കിട്ടുന്നില്ല; മലയാളം അധ്യാപകര്‍ കുഴങ്ങുന്നു

അരൂര്‍: പുതിയ പാഠപുസ്തകങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കാന്‍ അധികസമയം കണ്ടെത്താനാകാതെ മലയാളം അധ്യാപകര്‍ കുഴങ്ങുന്നു. മലയാളം ഒന്നാം ഭാഷയാകുമെന്നും ആഴ്ചയില്‍ രണ്ടുപിരിയഡ് അധികം ലഭിക്കുമെന്നുമുള്ള പ്രതീക്ഷയില്‍ രണ്ട് ആധികാരിക പാഠസുപ്തകങ്ങളാണ് പത്താം തരത്തിന് നല്‍കിയിരുന്നത്. എന്നാല്‍ മുമ്പ് വിഭാവന ചെയ്തിരുന്നതുപോലെ മലയാളം ഒന്നാംഭാഷയാകാത്തതിനാല്‍ അധിക പിരിയഡുകള്‍ ലഭിച്ചില്ല. സ്‌കൂള്‍തുറന്ന് ഒന്നാം ടേം അവസാനിക്കാറായതോടെ 20 പിരിയഡുകളെങ്കിലും മലയാളത്തിന് നഷ്ടമായെന്നാണ് അധ്യാപകര്‍ പറയുന്നത്. നേരത്തെ പത്താം ക്ലാസ്സിലെ മലയാളം പാഠപുസ്തകമായി ഒരു ആധികാരിക ടെക്സ്റ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാം പേപ്പര്‍ വിശദമായി പഠിപ്പിക്കേണ്ടാത്ത പുസ്തകമായിരുന്നു. ഇപ്പോള്‍ കേരള പാഠാവലി അടിസ്ഥാനപാഠാവലി എന്നിങ്ങനെ വിശദമായി പഠിപ്പിക്കേണ്ട രണ്ട്ആധികാരിക പുസ്തകങ്ങളാണുള്ളതെന്നും ഇത് പഠിപ്പിക്കാന്‍ ആകെ ലഭിക്കുന്നത് ആഴ്ചയില്‍ അഞ്ച് പിരിയഡുകളാണെന്നും അധ്യാപകര്‍ പറയുന്നു.
സ്‌പെഷല്‍ ക്ലാസ്സ് നടത്തിയാണ് അധ്യാപകര്‍ പാഠഭാഗങ്ങള്‍ കുറെയെങ്കിലും പഠിപ്പിച്ചു തീര്‍ത്തത്. എന്നാല്‍ അധിക പരിശീലനം നല്‍കാനുള്ള സയമം കണ്ടെത്താനാകുന്നിലെന്നാണ് അധ്യാപകര്‍ പറയുന്നത്. മിക്കസ്‌കൂളുകളിലും രാവിലെയും വൈകീട്ടും ഓരോ മണിക്കൂര്‍ വീതം എസ്.എസ്.എല്‍.സി.വിദ്യാര്‍ഥികള്‍ക്ക് അധിക ക്ലാസ്സ് ഉണ്ട്. ശനിയാഴ്ചകളും മലയാളം അധ്യാപകര്‍ക്കായി കിട്ടാറില്ലെന്ന് പറയുന്നു.
ടൈംടേബിള്‍ പ്രകാരം മലയാളത്തിന് പിരിയഡ് അനുവദിച്ചില്ലെങ്കില്‍ ഭാഷാപഠനം ആകെ അവതാളത്തിലാകുമെന്നും പഴയനിലവാരത്തേക്കാള്‍ മലയാളപഠനം താഴേക്ക് പോകുമെന്നുമാണ് അധ്യാപകര്‍ ആശങ്കപ്പെടുന്നത്.
വിദ്യാര്‍ഥിക്കൂട്ടായ്മയില്‍ സ്വരൂപിച്ചത് 1,32,000 രൂപവളാഞ്ചേരി: അപൂര്‍വ രോഗം പിടിപെട്ട് ചികിത്സയില്‍ കഴിയുന്ന അക്ഷയ്ദാസിന് ഇരിമ്പിളിയം എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി കൂട്ടായ്മയില്‍നിന്ന് ലഭിച്ചത് ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി ഇരുനൂറ്റി നാല്പത്തിയഞ്ച് രൂപ. വെള്ളിയാഴ്ച സ്‌കൂള്‍ അസംബ്ലിയില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ പാര്‍ലമെന്റ് അംഗങ്ങളായ അനിരുദ്ധ്, സ്‌കൂള്‍ ലീഡര്‍ ദിവ്യ, കെ. മന്‍സൂര്‍, വി.ടി. ഫായിസ, എം.കെ. ഷാക്കീറലി, കെ.ടി. ഫയാസ് എന്നിവര്‍ അക്ഷയ്ദാസ് ചികിത്സാ സഹായ നിധി ചെയര്‍മാന്‍ സി.പി. അബ്ദു, കണ്‍വീനര്‍ കെ.പി. വേലായുധന്‍ എന്നിവര്‍ക്ക് തുക കൈമാറി. പ്രധാനാധ്യാപകന്‍ അഷറഫലി കാളിയത്ത്, പ്രിന്‍സിപ്പല്‍ കെ.എസ്. കൃഷ്ണകുമാര്‍, ടി. അന്‍വര്‍, സി.പി. നജ്മുദ്ദീന്‍, കെ. ദിലീപ്, കെ. ദേവി, ഷീന.ആര്‍. ചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

പൂക്കാട്ടിരിയിലെ കൊഴക്കോട്ടില്‍ ദാസന്റെ രണ്ടാമത്തെ മകനായ അക്ഷയ്ദാസ് എടയൂര്‍ കെ.എം.യു.പി സ്‌കൂളില്‍ രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ്. തലാസീമിയ മേജര്‍ എന്ന രോഗമാണ് അക്ഷയ്ദാസിന്. മജ്ജ മാറ്റിവെക്കുകയല്ലാതെ മറ്റൊരു ചികിത്സയും ഈ രോഗത്തിന് പ്രതിവിധിയായിട്ടില്ല. ഇതിന് 15 ലക്ഷം രൂപ ചെലവുവരും. പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജിലാണ് ഇപ്പോള്‍ ചികിത്സ നടക്കുന്നത്.

കൂലിപ്പണിക്കാരനായ ദാസന്‍ മകന്റെ രോഗവിവരം അറിഞ്ഞതുമുതല്‍ മാനസികമായി തകര്‍ന്ന നിലയിലാണ്. അക്ഷയ്ദാസിന്റെ ജ്യേഷ്ഠനും ഇതുപോലെ രോഗംബാധിച്ച് ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ മരിച്ചിരുന്നു.

അക്ഷയ്ദാസിന്റെ രോഗവും ചികിത്സാസഹായനിധി രൂപവത്കരിച്ചതും മാതൃഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

അക്ഷയ്ദാസ് ചികിത്സാ നിധിയിലേക്ക് ധനസഹായം നല്‍കാനാഗ്രഹിക്കുന്നവര്‍ സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെ വളാഞ്ചേരി ശാഖയില്‍ 31753675068 എന്ന നമ്പറില്‍ നിക്ഷേപിച്ചാല്‍ മതി.
 
വിദ്യാഭ്യാസ അവകാശനിയമം കര്‍ശനമാക്കണം


പത്തനംതിട്ട: പ്രൈമറി വിദ്യാഭ്യാസം അയല്‍പക്ക സ്‌കൂളുകളിലൂടെ സൗജന്യമായി നല്‍കണമെന്ന വിദ്യാഭ്യാസ അവകാശനിയമം സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കണമെന്ന് മാര്‍ത്തോമ സ്‌കൂള്‍സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ പത്തനംതിട്ട മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. 

തലയെണ്ണലില്‍ ഒരു സ്‌കൂളില്‍ തര്‍ക്കം

കോന്നി:വിദ്യാഭ്യാസ വകുപ്പിലെ അവസാന തലയെണ്ണല്‍ കഴിഞ്ഞപ്പോള്‍ ഒരു സ്‌കൂളില്‍ കുരുക്ക്.

കുമ്പഴയിലുള്ള ഹൈസ്‌കൂളിലെ കുട്ടികളുടെ അധിക എണ്ണമാണ് തര്‍ക്കത്തിലായത്. ഏകദിന പരിശോധനക്കെത്തിയപ്പോള്‍ കുട്ടികള്‍ കൂടുതലുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ നടത്തിയ പുനഃപരിശോധനയില്‍ കുട്ടികള്‍ കുറവുണ്ടെന്ന് തെളിഞ്ഞു. പനി കാരണം കുട്ടികള്‍ കുറഞ്ഞതായിട്ടാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. ഇതുസംബന്ധിച്ചുള്ള തുടര്‍ നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചു തുടങ്ങി.
 
കുട്ടികള്‍ പായ്‌വഞ്ചികളില്‍ കൊച്ചിയില്‍ നിന്ന് വൈക്കത്തേക്ക്

വൈക്കം: വേമ്പനാട്ടുകായലിനെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി 18 കുട്ടികള്‍ വേമ്പനാട്ടുകായലിലൂടെ പായ്‌വഞ്ചികളില്‍ (യാട്ടിങ്) കൊച്ചിയില്‍ നിന്ന് വൈക്കത്ത് എത്തുന്നു. കേരള വാട്ടര്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് സെയിലിങ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് ഈ സാഹസിക കായല്‍ യാത്ര സംഘടിപ്പിച്ചിട്ടുള്ളത്.

13 ന് കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന സംഘം 14 ന് പത്തു മണിക്ക് വൈക്കത്തെ പുതിയ ബോട്ട് ജെട്ടിയില്‍ എത്തും. ഏഴു മുതല്‍ 15 വരെ പ്രായത്തിലുള്ള കുട്ടികളാണ് പായ്‌വഞ്ചികളില്‍ സാഹസികയാത്ര നടത്തുന്നത്. ജോളിതോമസാണ് സംഘത്തിന്റെ ക്യാപ്റ്റന്‍. വൈക്കം നഗരസഭയും കോട്ടയം വാട്ടര്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് സെയിലിങ് ഓര്‍ഗനൈസേഷനും ചേര്‍ന്ന് വൈക്കം ബോട്ടു ജെട്ടിമൈതാനത്ത് സാഹസിക യാത്രാ സംഘത്തിന് ഉജ്ജ്വല സ്വീകരണം നല്‍കും. തുടര്‍ന്ന് വൈക്കം കായലില്‍ കുട്ടികള്‍ യാട്ടിങ് പ്രദര്‍ശനം നടത്തും.

വൈക്കത്തെ വിദ്യാലയങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 കുട്ടികള്‍ക്ക് യാട്ടിങ്ങിന് അവസരം നല്‍കും. 15 ന് വൈകീട്ട് നാലു മണിക്ക് പായ് വഞ്ചികളില്‍ സംഘം കൊച്ചിക്ക് മടങ്ങും.

സ്വീകരണ- സമാപന സമ്മേളനങ്ങളില്‍ ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി. ജോസഫ്, കായിക വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍, ജോസ് കെ.മാണി എം.പി, എം.എല്‍.എ. മാരായ കെ. അജിത്ത്, മോന്‍സ് ജോസഫ്, വൈക്കം നഗരസഭാധ്യക്ഷ ശ്രീലത ബാലചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. അപ്പച്ചന്‍, തുടങ്ങിയവര്‍ പങ്കെടുക്കും.

പരിപാടിയുടെ നടത്തിപ്പിന് കെ. അജിത്ത് എം.എല്‍.എ. (രക്ഷാധികാരി), കെ.എ. അപ്പച്ചന്‍ (ചെയര്‍മാന്‍), കെ. വിജയന്‍ (വൈ. ചെയര്‍.), ശ്രീലത ബാലചന്ദ്രന്‍ (ജന. കണ്‍.), സി.പി. ലെനിന്‍ (കണ്‍.), തുടങ്ങിയവര്‍ ഉള്‍പ്പെട്ട സ്വാഗതസംഘം രൂപവല്‍ക്കരിച്ചു.
യുദ്ധവിരുദ്ധ നാടകവുമായി വിദ്യാര്‍ത്ഥികള്‍


കാലടി: ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്ന സന്ദേശം പൊതുസമൂഹത്തിലെത്തിക്കുന്നതിന്റെ ഭാഗമായി ശ്രീമൂലനഗരം അകവൂര്‍ ഹൈസ്‌കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തില്‍ തെരുവു നാടകം അവതരിപ്പിച്ചു.ഹെഡ്മാസ്റ്റര്‍ പി.മധുസൂദനന്‍ രചിച്ച കവിതയെ ആസ്​പദമാക്കിയായിരുന്നു നാടകാവതരണം. ഹിരോഷിമയില്‍ ആറ്റംബോംബില്‍ നിന്ന് രക്ഷപ്പെട്ട രണ്ടു വയസ്സുകാരി സഡാക്കോയുടെ ദാരുണ കഥയായിരുന്നു ഇതിവൃത്തം. ശ്രീമൂലനഗരം കവലയിലാണ് നാടകം അവതരിപ്പിച്ചത്. റൈസണ്‍, അനന്തു, വിവേക്, കീര്‍ത്തന, സുല്‍ഫത്ത്, സ്വാതി, ഗണേഷ്, അഖില്‍, മിഥുന്‍ എന്നിവര്‍ അഭിനേതാക്കളായി. ഹെഡ്മാസ്റ്റര്‍ പി.മധുസൂദനന്‍, ഡോ. പി.കെ.ശങ്കരനാരായണന്‍, ജിഷ, പ്രീതി, രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 
മണിത്തറ സ്‌കൂളില്‍ ഇനി കാറ്റുള്ള ക്ലാസ് മുറികള്‍

മുളങ്കുന്നത്തുകാവ്: മണിത്തറ എ.എന്‍.എം. യു.പി. സ്‌കൂളിലെ ക്ലാസ്മുറികളിലിരുന്ന് ഇനി വിദ്യാര്‍ഥികള്‍ വിയര്‍ക്കുകയില്ല. കാറ്റുകൊണ്ട് ഇനി വിദ്യാര്‍ഥികള്‍ക്ക് പഠനം നടത്താം. ക്ലാസ്മുറികളിലെല്ലാം ഇനി ഫാന്‍ ഉണ്ടാകും. മണിത്തറ യു.പി. സ്‌കൂളിലെ ക്ലാസ്മുറികള്‍ ഇനി കുട്ടികള്‍ക്ക് ആകര്‍ഷകമാകും.

എസ്.ബി.ഐ. ബ്രാഞ്ച് മാനേജര്‍ ദീപ ശിവദാസന്‍, സ്‌കൂള്‍മാനേജര്‍ അച്യുതന് ഫാനുകള്‍ കൈമാറി. ബ്രാഞ്ചിലെ ജീവനക്കാരായ എസ്. ലത, ശ്രുതി എന്നിവര്‍ പ്രസംഗിച്ചു.
 
സ്‌കൂളില്‍ ഫാന്‍ വിതരണംചെയ്തു


ചെരണ്ടത്തൂര്‍: എസ്.ബി.ടി.യുടെ സഹകരണത്തോടെ ചെരണ്ടത്തൂര്‍ എല്‍.പി.സ്‌കൂളിലെ മുഴുവന്‍ ക്ലാസുകളും വൈദ്യുതീകരിക്കുകയും ഫാന്‍ വിതരണം ചെയ്യുകയും ചെയ്തു.

ബാങ്കിന്റെ കമ്യൂണിറ്റി ഡവലപ്പ്‌മെന്റ് ഫണ്ട് ഉപയോഗിച്ചാണിത്. ബ്രാഞ്ച് മാനേജര്‍ സുരേന്ദ്രബാബു, പ്രധാനാധ്യാപിക പി.പി. അനിതയ്ക്ക് ഫാന്‍ കൈമാറി. പി.പി. അജയന്‍ അധ്യക്ഷതവഹിച്ചു. ടി.എം.സി. അന്‍വര്‍ സാദത്ത്, പി.എം. അഷറഫ്, വിജയകുമാര്‍, ടി.കെ. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
ഇ-ലേണിങ് അവലോകനയോഗം 16ന്

ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയെക്കുറിച്ചും ഇ-ലേണിങ് പദ്ധതിയെക്കുറിച്ചും ചൊവ്വാഴ്ച 12ന് മുതുവട്ടൂര്‍ ശിക്ഷക്‌സദനില്‍ ചര്‍ച്ച നടക്കും. എല്‍.പി, യു.പി., ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ പ്രധാനാധ്യാപകരും ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരും യോഗത്തില്‍ പങ്കെടുക്കണമെന്ന് കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. അറിയിച്ചു.
 
ഏകാധ്യാപകവിദ്യാലയങ്ങള്‍ നിലനിര്‍ത്താന്‍ ഉത്തരവ്


പാലക്കാട്: സംസ്ഥാനത്തെ ഏകാധ്യാപകവിദ്യാലയങ്ങള്‍ ഈവര്‍ഷംകൂടി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ഉത്തരവായി. ഏകാധ്യാപകര്‍ക്ക് നാലുമാസമായി മുടങ്ങിക്കിടക്കുന്ന ശമ്പളംനല്‍കാനും തീരുമാനമായി. ഇതോടെ ആഗസ്ത് ഒന്നുമുതല്‍ തുടര്‍ന്നുവന്ന പണിമുടക്കുസമരം അധ്യാപകര്‍ പിന്‍വലിച്ചു.

സംസ്ഥാനത്തെ 446 ഏകാധ്യാപകര്‍ക്കുള്ള ഫണ്ട് ഏപ്രില്‍ ഒന്നുമുതല്‍ എസ്.എസ്.എ. നിര്‍ത്തിയിരുന്നു. ഇതോടെ അധ്യാപകരുടെ ശമ്പളം മുടങ്ങി. 12,000 ത്തോളം കുട്ടികളുടെ പഠനവും.

ആദിവാസിമേഖലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലുമാണ് ഏകാധ്യാപകവിദ്യാലയങ്ങളുള്ളത്. സ്‌കൂളി ല്ലാത്തിടത്ത് ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലെ കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്ന പദ്ധതിയാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം ഭിന്നതല പഠനകേന്ദ്രങ്ങളുണ്ടായിരുന്നെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ ഒരുവര്‍ഷംമുമ്പേ ഇവ സര്‍ക്കാര്‍ സ്‌കൂളുകളാക്കുകയും അധ്യാപകരെ സ്ഥിരപ്പെടുത്തുകയും ചെയ്തിരുന്നു. 3,000 രൂപയാണ് അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത്. ഇത് വര്‍ധിപ്പിക്കണമെന്നും ജോലിസ്ഥിരത ഉറപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ഇ.പി. ജയരാജന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ആള്‍ട്ടര്‍നേറ്റീവ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (എ.എസ്.ടി.എ.) നേതാക്കള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം.
ബദല്‍ സ്‌കൂളുകള്‍ പുതിയ ഉണര്‍വില്‍


നിലമ്പൂര്‍: ബദല്‍ സ്‌കൂളുകളുടെ 2011-12 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ തുക വകയിരുത്തിയതോടെ അനിശ്ചിതത്വത്തിലായിരുന്ന സ്‌കൂളുകള്‍ക്ക് പുതിയ ഉണര്‍വായി. 3,43,65,000 രൂപയാണ് പുതിയതായി സര്‍ക്കാര്‍ അനുവദിച്ചത്.

2010 വരെ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയുടെ കീഴിലാണ് ബദല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഫണ്ട് നിര്‍ത്തലാക്കിയതോടെ സംസ്ഥാനത്തെ ബദല്‍ സ്‌കൂളുകള്‍ പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ ഒരുവര്‍ഷത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് പ്രഖ്യാപിച്ചതോടെ താത്കാലികമായെങ്കിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിരിക്കയാണ്. മുഖ്യമന്ത്രി, ഊര്‍ജമന്ത്രി, വിദ്യാഭ്യാസമന്ത്രി തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് നടപടിയുണ്ടായത്.
 
ആദിവാസികുട്ടികളെ ബാലവേലക്കുപയോഗിക്കുന്നത് തടയണം: എകെഎസ്

കല്‍പ്പറ്റ: സ്കൂള്‍ വിദ്യാര്‍ഥികളായ ആദിവാസി കുട്ടികളെ അയല്‍ സംസ്ഥാനങ്ങളിലേക്ക് കൃഷിപ്പണിക്ക് കൊണ്ടുപോകുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആദിവാസി ക്ഷേമസമിതി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിലെ ആദിവാസി മേഖലയിലെ സ്കൂളുകളിലൊന്നും കുട്ടികള്‍ കൃത്യമായി ക്ലാസില്‍ വരാറില്ല. ഏജന്റുമാരുടെ നിര്‍ബന്ധത്തിന്വഴങ്ങി പഠനം പോലും ഉപേക്ഷിച്ച് കര്‍ണാടകയിലെ ഇഞ്ചിപ്പാടങ്ങളില്‍ നിരവധി കുട്ടികള്‍ ജോലിയെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുയകാണ്. നൂല്‍പ്പുഴ മാതമംഗലം തുണ്ടി പണിയ കോളനി, പയ്യമ്പള്ളി 20ാം നമ്പര്‍ പണിയകോളനി, ബവലി അടിയകോളനി തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ സ്കൂളുകളില്‍ പോയിക്കൊണ്ടിരുന്ന കുട്ടികളെ കര്‍ണാടകയിലേക്ക് കടത്തിയതായി വ്യക്തമാണ്. പല സ്കൂളുകളിലും ആദിവാസി വിഭാഗത്തിലുള്ള കുട്ടികളുടെ ഭീമമായ കൊഴിഞ്ഞുപോക്ക് കാരണവും മറ്റൊന്നുമല്ല. ഈ സാഹചര്യത്തില്‍ കുട്ടികളെ പ്രലോഭിപ്പിച്ച് ബാലവേല ചെയ്യാന്‍ നിര്‍ബിധിക്കുന്ന ഏജന്റുമാര്‍ക്കെതിരെ കര്‍ശന നടപടിവേണം. ഇത്തരം തെറ്റായ പ്രവണയില്‍ നിന്നും കുട്ടികളെ രക്ഷിക്കന്‍ ശക്തമായ സംവിധാനങ്ങളും ജാഗ്രതയും അധികൃതരുടെ ഭാഗത്ത്നിന്നും ഉണ്ടാവണമെന്നും സെക്രട്ടറി വാസുദേവന്‍ , പ്രസിഡന്റ് സീതാബാലന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. 
 
ക്ലാസുകള്‍ക്ക് അവധിനല്‍കി സ്കൂളില്‍ തൊഴിലാളിസംഗമം
Posted on: 12-Aug-2011 11:35 PM
തേഞ്ഞിപ്പലം: തൊഴിലാളിസംഗമം നടത്താന്‍ സ്കൂളിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കി. ചേലേമ്പ്ര ഇടിമുഴിക്കല്‍ എഎല്‍പി സ്കൂളിലാണ് വെള്ളിയാഴ്ച തൊഴിലുറപ്പ് പദ്ധതി അംഗങ്ങളുടെ സംഗമം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും നിര്‍ദേശമനുസരിച്ച് സംഗമം നടത്താന്‍ സ്കൂള്‍കെട്ടിടം അനുവദിക്കുകയായിരുന്നു. ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ അവധി ദിവസങ്ങളുണ്ടായിട്ടും വെള്ളിയാഴ്ചതന്നെ തൊഴിലാളിസംഗമം നടത്താന്‍ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും സ്കൂള്‍ കെട്ടിടം ആവശ്യപ്പെട്ടത് വിവാദമായി. തൊഴിലാളിസംഗമത്തിന് ക്ലാസുകള്‍ക്ക് അവധി നല്‍കാന്‍ മുന്‍കൂട്ടി അനുമതിയില്ലെന്ന് പരപ്പനങ്ങാടി എഇഒ പറഞ്ഞു. എന്നാല്‍ ഇതിനുമുമ്പും ക്ലാസുകള്‍ക്ക് അവധി നല്‍കി സ്കൂളില്‍ ഇത്തരം പരിപാടികള്‍ നടത്തിയിട്ടുണ്ടെന്നാണ് പ്രധാനാധ്യാപികയുടെ വിശദീകരണം. സ്കൂളുകളുടെ അടിസ്ഥാന വികസന കാര്യങ്ങളിലല്ലാതെ അക്കാദമിക് തലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇടപെടാന്‍ അധികാരമില്ലെന്നാണ് ചട്ടം. ഇത് ലംഘിച്ചാണ് ക്ലാസുകള്‍ക്ക് അവധി നല്‍കിയത്. ഇതിനെതിരെ എഇഒക്ക് പരാതി നല്‍കാനാണ് രക്ഷിതാക്കളുടെ നീക്കം. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. പഞ്ചായത്ത് ഹാളില്‍ സൗകര്യമില്ലാത്തതുകൊണ്ടാണ് തൊഴിലാളിസംഗമം സ്കൂളില്‍ നടത്തിയതെന്നും അവധി നല്‍കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയില്ലെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. തൊഴിലാളിസംഗമം പഞ്ചായത്ത് പ്രസിഡന്റ് കെ പി ഷാഹിന ഉദ്ഘാടനംചെയ്തു.
 

No comments: