Sunday, August 21, 2011

ഒന്നാംഭാഷ ഉത്തരവ് പാഴ്വാക്കായി

22-Aug-2011
മലപ്പുറം: മലയാളം ഒന്നാംഭാഷയാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ഒരാഴ്ചക്കുള്ളില്‍ ഉത്തരവിറക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായി. അറബി, സംസ്കൃതം ഓറിയന്റല്‍ സ്കൂളുകളില്‍ ഓണപ്പരീക്ഷയായിട്ടും പഠനം തുടങ്ങിയിട്ടില്ല. ഓണപ്പരീക്ഷ പുനഃസ്ഥാപിച്ച സര്‍ക്കാര്‍ അതില്‍ എല്ലാ കുട്ടികള്‍ക്കും മലയാളം പരീക്ഷ നിശ്ചയിച്ചിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാരാണ് എല്ലാ സ്കൂളുകളിലും മലയാളം ഒന്നാംഭാഷയാക്കി ഉത്തരവ് ഇറക്കിയത്. മെയ് ആറിന് പുറപ്പെടുവിച്ച 103/11 ഉത്തരവുപ്രകാരം ഐടി തിയറിക്കുവേണ്ടിയുള്ള രണ്ട് പിര്യേഡുകളില്‍ ഒന്ന് മലയാളത്തിന് കൈമാറാനാണ് പറഞ്ഞിരുന്നത്. നേരത്തെ ഐടിക്കായി മലയാളം രണ്ടാംഭാഷയുടെ പീരിയഡുകളില്‍നിന്ന് ഒന്നെടുത്തിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ജൂണ്‍ 27ലെ 148/11 ഉത്തരവില്‍ മലയാളം ഒന്നാംഭാഷക്കുള്ള സമയം എങ്ങനെ കണ്ടെത്തണമെന്ന് വ്യക്തമാക്കിയില്ല. സ്കൂള്‍സമയത്തിന് പുറത്ത് അധിക സമയം കണ്ടെത്തി പഠിപ്പിക്കാന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍ ആദ്യം തലയൂരി. എന്നാല്‍ ഇതുസംബന്ധിച്ച വിമര്‍ശമുയര്‍ന്നപ്പോള്‍ ഒരാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു. അതിനിടെ എല്ലാ പീരിയഡില്‍നിന്നും അഞ്ചുമിനുട്ട് വീതമെടുത്ത് മലയാളം പഠിപ്പിക്കുമെന്ന് പ്രഖ്യാപനം നടത്തി മുഖം രക്ഷിച്ചു. മലയാളം ഒന്നാംഭാഷയായി പഠിപ്പിക്കേണ്ടത് സംബന്ധിച്ച് പതിനഞ്ച് നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി മന്ത്രിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു. ഓറിയന്റല്‍ സ്കൂളുകള്‍ക്ക് മൂന്നും മറ്റ് സ്കൂളുകള്‍ക്ക് ഒരു പീരിയഡുവീതവും നീക്കിവെക്കാനാണ് നിര്‍ദേശിച്ചിരുന്നത്. ഇതുവരെ മലയാളം നിര്‍ബന്ധമല്ലാതിരുന്ന സ്കൂളുകളില്‍ സ്പെഷ്യല്‍ ഇംഗ്ലീഷ് നിര്‍ത്തലാക്കി നിര്‍ബന്ധമായും മലയാളം പഠിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഇത് ഈ വര്‍ഷംതന്നെ നടപ്പാക്കണമെന്നും നിര്‍ദേശമുണ്ടായി. ഒരാഴ്ചക്കുള്ളില്‍ പുതിയ ഉത്തരവ് ഇറക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും ഒരുമാസം കഴിഞ്ഞിട്ടും നടപ്പായില്ല. മുമ്പ് ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും അതില്‍ ഭേദഗതി വരുത്താന്‍ മാറ്റിവച്ചിരിക്കയാണെന്ന് മന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു. എന്തായാലും സെപ്തംബര്‍ ഒന്ന് മുതല്‍ മലയാളം ഒന്നാംഭാഷയായി പഠിപ്പിക്കേണ്ടിവരും. ഓണപ്പരീക്ഷക്ക് മലയാളം ഒന്നാംഭാഷയായി ചോദ്യപേപ്പര്‍ തയ്യാറാക്കുമോ എന്ന ചോദ്യത്തിന് അത് കൃത്യമായി പറയാനാവില്ലെന്നും പഠിപ്പിച്ച എല്ലാ വിഷയങ്ങള്‍ക്കും പരീക്ഷയുണ്ടാവുമെന്നുമാണ് മന്ത്രിയുടെ മറുപടി.
 
ഓണപ്പരീക്ഷ ബഹിഷ്കരിച്ചാല്‍ നടപടി: മന്ത്രി
 22-Aug-2011
മലപ്പുറം: ഓണപ്പരീക്ഷ ബഹിഷ്കരിച്ച് സമരം നടത്തുന്ന അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പാക്കേജിന് രൂപംനല്‍കിവരികയാണ്. ഓണപ്പരീക്ഷ പൊളിക്കാനുള്ള ശ്രമങ്ങളാണ് ചിലര്‍ നടത്തുന്നത്. പരീക്ഷ നിര്‍ബന്ധമായും നടത്തുമെന്നും ഇക്കാര്യത്തില്‍ ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മലബാര്‍ മേഖലയില്‍ അനുവദിച്ച എയ്ഡഡ് പ്ലസ്ടു സ്കൂളുകളിലെ അധ്യാപകരാണ് സമരരംഗത്തുള്ളത്. പുതിയ തസ്തിക സൃഷ്ടിച്ച് ജോലിസ്ഥിരത ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ അനിശ്ചിതകാല സമരത്തിലാണ്. സമരം രാഷ്ട്രീയപ്രേരിതമാണെന്ന മന്ത്രിയുടെ പ്രസ്താവന പ്രശ്നം വഴിതിരിച്ചുവിടാനാണെന്നും സമരവുമായി മുന്നോട്ടുപോകുമെന്നും അധ്യാപക സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. സംസ്ഥാനത്ത് കെട്ടിട നിര്‍മാണത്തിന് സൗകര്യമുള്ള 248 ബദല്‍സ്കൂളുകളെ എല്‍പി സ്കൂളുകളാക്കി ഉയര്‍ത്തുമെന്നും ഈ വിദ്യാലയങ്ങളിലെ അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 
 
-
ഓണപ്പരീക്ഷ നാളെ ഒരുക്കം പൂര്‍ത്തിയാകാതെ അധ്യാപകര്‍ വലയുന്നു
Posted on: 21-Aug-2011 11:20 PM
പാലക്കാട്: ചൊവ്വാഴ്ച ഓണപ്പരീക്ഷ ആരംഭിക്കാനിരിക്കെ ആശങ്ക ഒഴിയാതെ അധ്യാപകര്‍ . പരീക്ഷയ്ക്കുള്ള ചോദ്യപേപ്പറുകള്‍ വ്യാഴാഴ്ച വൈകിട്ടാണ് എസ്ഇആര്‍ടിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ചോദ്യം തെരഞ്ഞെടുക്കുന്നതും നല്‍കുന്നതും അതത് സ്കൂളുകളാണ്. സര്‍ക്കാരിനോ വിദ്യാഭ്യാസവകുപ്പിനോ ഉത്തരവാദിത്തമില്ല. പരീക്ഷാനടത്തിപ്പില്‍ വരുന്ന എല്ലാ കുഴപ്പങ്ങള്‍ക്കും അതത് സ്കൂളുകളാണ് പ്രതിയാക്കപ്പെടുക. എസ്സിഇആര്‍ടി ഡയറക്ടര്‍ വ്യാഴാഴ്ച വൈകിട്ടാണ് ചോദ്യപേപ്പറുകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതായി അറിയിച്ചത്. ഓരോന്നിന്റേയും നാലു യൂണിറ്റ് ചോദ്യങ്ങളാണ് കൊടുത്തിരിക്കുന്നത്. അതില്‍നിന്ന് ഇഷ്ടമുള്ള ചോദ്യങ്ങള്‍ സ്കൂളുകള്‍ക്ക് തെരഞ്ഞെടുക്കാം. എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളുടെ പ്രത്യേകം ലിങ്കുകളാണ്. ഇവ ഓരോന്നിനും യൂസര്‍നെയിമും പാസ്വേഡുമുണ്ട്. ഇത് അതത് സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് നല്‍കുകയും ചെയ്തു. ഇത് ഉപയോഗിച്ച് ആര്‍ക്കുവേണമെങ്കിലും ചോദ്യങ്ങള്‍ പരിശോധിക്കന്‍ കഴിയും. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന പരാതിയില്‍നിന്ന് സര്‍ക്കാരിന് തലയൂരാനും ഇതിലൂടെ സാധിക്കും. തിങ്കളാഴ്ച നടക്കാനിരുന്ന പരീക്ഷ ഒരുക്കംപൂര്‍ത്തിയാകാത്തതിനാല്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. നൂറില്‍താഴെ കുട്ടികള്‍ പഠനം നടത്തുന്ന സ്കൂളുകളില്‍ ചോദ്യപേപ്പര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് നല്‍കണമെന്നും അതില്‍ കൂടുതലുള്ളവര്‍ പ്രിന്റു ചെയ്ത് നല്‍കണമെന്നുമാണ് നിര്‍ദ്ദേശം. ഇതുതന്നെ വലിയ സാമ്പത്തികബാധ്യതയുണ്ടാക്കും. ഓരോ ക്ലാസിനും ആവശ്യമായ ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയശേഷം പ്രിന്റ്ചെയ്യാന്‍ കൊടുത്തവര്‍ക്ക് ഇനിയും ലഭിച്ചിട്ടില്ല. ഇത് കിട്ടിയില്ലെങ്കില്‍ ഫോട്ടോസ്റ്റാറ്റെടുത്ത് നല്‍കണം. വെബ്സൈറ്റില്‍നിന്ന് ലഭിക്കുന്ന ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് രണ്ടു ഷീറ്റിലാക്കുകയെന്നത് തന്നെ ശ്രമകരമാണ്. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത ഭൂരിഭാഗം സ്കൂളുകളിലും ചോദ്യപേപ്പര്‍ തയ്യാറാക്കിക്കഴിഞ്ഞിട്ടില്ല. ഇന്റര്‍നെറ്റ് കഫേകളില്‍നിന്ന് ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തതിനാല്‍ അത് മാര്‍ക്കറ്റില്‍ സുലഭമാകാന്‍ തുടങ്ങി. ഇതും വലിയ കുഴപ്പങ്ങള്‍ക്കാണ് ഇടയാക്കിയത്. ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് മാറ്റിയെഴുതി വീണ്ടും ഡിടിപി എടുത്താണ് ഫോട്ടോസ്റ്റാറ്റിനായി നല്‍കുന്നത്. ഈ പ്രക്രിയ ഇനിയും പൂര്‍ത്തിയാക്കാന്‍ പല സ്കൂളുകള്‍ക്കും കഴിഞ്ഞിട്ടില്ല. വീടുകളില്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ള അധ്യാപകര്‍ സ്വന്തം കംപ്യൂട്ടറില്‍നിന്ന് ചോദ്യങ്ങള്‍ തയ്യാറാക്കി നല്‍കിയിട്ടുണ്ട്. ഇവയും ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ കഴിഞ്ഞിട്ടില്ല. നൂറില്‍ കൂടുതല്‍ കുട്ടികളുള്ള സ്കൂളുകളില്‍ ചോദ്യപേപ്പര്‍ പ്രിന്റ ചെയ്ത് നല്‍കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഒരു ചോദ്യപേപ്പറിന് 30പൈസയാണ് എസ്എസ്എ നല്‍കുമെന്ന് പറയുന്നത്. ഈ തുകയ്ക്ക് ചോദ്യപേപ്പര്‍ അച്ചടിച്ചുനല്‍കാന്‍ കേരളത്തിലെ ഒരു പ്രസ്സുകാരും തയ്യാറാകുന്നില്ല. ഫോട്ടോസ്റ്റാറ്റ് എടുക്കണമെങ്കില്‍ ആദ്യം ഡിടിപി എടുക്കണം. ഓരോ ക്ലാസ്സിനും ഇത്തരത്തില്‍ തയ്യാറാക്കി ഫോട്ടോസ്റ്റാറ്റ്എടുക്കല്‍ ശ്രമകരമാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടക്കാലപ്പരീക്ഷ ഒഴിവാക്കിയത് അധ്യയനദിവസങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനായിരുന്നു. വാര്‍ഷികപ്പരീക്ഷയ്ക്കുമുമ്പ് ഒക്ടോബറില്‍ പരീക്ഷ നടത്തിയിരുന്നു. ഇതിന് ചോദ്യപേപ്പര്‍ തയ്യാറാക്കിയിരുന്നത് ഡയറ്റാണ്. അച്ചടിയുടെ ചുമതലയും വിതരണവും അധ്യാപകസംഘടനകള്‍ ഏറ്റെടുത്തിരുന്നു. കേരളത്തിലാകെ ഏകീകൃത ചോദ്യപേപ്പറുമാണ്. മാത്രമല്ല, ചോദ്യപേപ്പര്‍ അച്ചടിച്ചിരുന്നത് സര്‍ക്കാര്‍ , സഹകരണപ്രസ്സുകളിലുമായിരുന്നു. ഒരു പേപ്പറിന് 18 പൈസ എന്ന തോതിലായിരുന്നു മുന്‍ സര്‍ക്കാരിന്റെ കാലത്ത് ചെലവുവന്നിരുന്നത്. ചോദ്യപേപ്പറുകള്‍ കൃത്യമായി സ്കൂളുകളിലേക്ക് എത്തിക്കുകയും പരീക്ഷയുടെ രഹസ്യസ്വഭാവം നിലനിര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ , അത് 30 പൈസയാക്കി വര്‍ധിപ്പിച്ചുവെന്നു മാത്രമല്ല, ചെറിയ പ്രസ്സുകളിലും ഫോട്ടോസ്റ്റാറ്റ് കടകളിലുംവരെ അടുത്ത സ്കൂളുകളിലെ ചോദ്യപേപ്പറുകള്‍ യഥേഷ്ടം ലഭിക്കുമെന്ന സ്ഥിതിയും യുഡിഎഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസനയം സൃഷ്ടിച്ചു. ഓരോ സ്കൂളിനും വ്യത്യസ്ത ചോദ്യപേപ്പറുകളാണ് ഇത്തവണത്തെ ഓണപ്പരീക്ഷയ്ക്ക്. ഇവയാകട്ടെ സ്കൂള്‍പരിസരത്ത് വില്‍പ്പനയ്ക്ക് വച്ചിട്ടുമുണ്ട്. ഓണപ്പരീക്ഷ പ്രഖ്യാപിച്ച് സര്‍ക്കാര്‍ തലയൂരിയതില്‍ അധ്യാപകരും രക്ഷിതാക്കളും 
-
പാരിസ്ഥിതിക സന്ദേശം നല്കി സൗഹൃദ സ്‌കൂള്‍ബാഗ്
സുല്‍ത്താന്‍ബത്തേരി: കുരുന്ന് മനസ്സുകളില്‍ പാരിസ്ഥിതിക സന്ദേശം ഉണര്‍ത്തി പൂമല ഗവ.എല്‍.പി.സ്‌കൂളിലെ കുട്ടികള്‍ നിര്‍മിച്ച പാരിസ്ഥിതിക സൗഹൃദ സ്‌കൂള്‍ബാഗ് ശ്രദ്ധ പിടിച്ചുപറ്റുന്നു. മിന്നിത്തിളങ്ങുന്ന പ്ലാസ്റ്റിക്‌കൊണ്ടും മറ്റും നിര്‍മിക്കുന്ന ബാഗുമായി വരാന്‍ താത്പര്യമുള്ള പുതു തലമുറയ്ക്ക് പ്രകൃതിയുമായി അടുക്കാനുള്ള വഴിയൊരുക്കുകയാണ് പൂമല ഗവ.എല്‍.പി.സ്‌കൂളിലെ കുട്ടികള്‍.

ഇവരെ സഹായിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും രംഗത്തുണ്ട്. ഈ വര്‍ഷം കുട്ടികള്‍ക്കാവശ്യമായ മുഴുവന്‍ ബാഗും സ്‌കൂളില്‍തന്നെ നിര്‍മിച്ചു. കഴിഞ്ഞ അവധിക്കാലത്ത് തന്നെ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. തയ്യല്‍ മെഷീന്‍ അധ്യാപകരുടെ വീടുകളില്‍ നിന്ന് കൊണ്ടു വന്നു. ചണമാണ് ബാഗിന്റെ പ്രധാന നിര്‍മാണവസ്തു. കുറഞ്ഞ ചെലവില്‍ തന്നെ ബാഗിന്റെ പണിപൂര്‍ത്തിയാക്കി ചിത്രങ്ങള്‍ കൂടി വരച്ചതോടെ ഏറെ മനോഹരമായി.


കുട്ടികള്‍ക്കെന്നപോലെ മുതിര്‍ന്നവര്‍ക്കുപോലും ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലാണ് നിര്‍മാണം.ബാഗിന്റെ ഉപയോഗം കഴിഞ്ഞ് വലിച്ചെറിഞ്ഞാല്‍ മണ്ണില്‍തന്നെ ലയിച്ച് ചേരും. പാരിസ്ഥിതിക സന്ദേശ സൗഹൃദ സ്‌കൂള്‍ബാഗുകള്‍ കാണാന്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. സ്‌കൂളിലെത്തി. കുട്ടികളുടെയും അധ്യാപകരുടേയും രക്ഷിതാക്കളുടേയും സംരംഭത്തെ എം.എല്‍.എ.അഭിനന്ദിച്ചു.
-
ചോദ്യപേപ്പര്‍ സ്‌കൂള്‍ തലത്തില്‍ തയ്യാറാക്കാന്‍ അനുമതിവേണംമലപ്പുറം: പുനഃസ്ഥാപിച്ച ഓണപ്പരീക്ഷ സുഗമമായി നടത്തുന്നതിന് ആവശ്യമായ ചോദ്യപേപ്പറുകള്‍ സ്‌കൂള്‍ തലത്തിലുണ്ടാക്കി മൂല്യനിര്‍ണയം നടത്താന്‍ അനുവദിക്കണമെന്ന് കെ.പി.പി.എച്ച്.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഇന്റര്‍നെറ്റില്‍നിന്ന് മാതൃകാ ചോദ്യപേപ്പറുകളുടെ ഫോട്ടോകോപ്പി എടുത്ത് പരീക്ഷനടത്തുക എന്നത് അപ്രായോഗികവും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുമാണ്. ഫോട്ടോ കോപ്പി ഇനത്തിലും സ്‌കൂളുകള്‍ക്ക് ഭാരിച്ച സംഖ്യ ചെലവുവരും-യോഗം ചൂണ്ടിക്കാട്ടി.

ജില്ലാ പ്രസിഡന്റ് പി.എ. ഉബൈദ് അധ്യക്ഷത വഹിച്ചു. പി. സൈതലവി, കെ. അബ്ദുല്ലത്തീഫ്, എന്‍.കെ. അബ്ദുള്ള, ഉമ്മര്‍ പാലഞ്ചേരി, സി. അബ്ദുള്‍റസാഖ്, കെ. മൊയ്തീന്‍, കെ. മുഹമ്മദലി, എം. അബ്ദുസമദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
-
പുഴക്കാട്ടിരിയിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി 'വിദ്യാദീപം' തെളിയുന്നു


കൊളത്തൂര്‍: പുഴക്കാട്ടിരി ഗ്രാമപ്പഞ്ചായത്ത് 'വിദ്യാദീപം' സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നു. ട്യൂഷന്‍ ക്ലാസ്സുകള്‍ക്ക് പോകാന്‍ സാധിക്കാത്ത എസ്.സി കോളനികളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ട്യൂഷന്‍ നല്‍കുന്നതാണ് പദ്ധതി. പഞ്ചായത്തിലെ 17 കോളനികളിലെ ഒന്നുമുതല്‍ എസ്.എസ്.എല്‍.സി, കോളേജ് തലം വരെയുള്ള 400ഓളം വിദ്യാര്‍ഥികള്‍ക്കാണ് ട്യൂഷന്‍ നല്‍കുന്നത്. ഇതിനായി പ്രത്യേക പരിശീലനം നല്‍കിയ അധ്യാപകരെ നിയമിച്ചിട്ടുണ്ട്.

വൈകുന്നേരങ്ങളില്‍ ആറ് മുതല്‍ എട്ടുവരെ കോളനികളിലെ വീട്ടുമുറ്റത്ത് എല്ലാ കുട്ടികളെയും ഒരുമിച്ചിരുത്തിയാണ് ട്യൂഷന്‍ നല്‍കുന്നത്. ഈ പദ്ധതിക്കായി പഞ്ചായത്ത് രണ്ടുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും നല്‍കുന്നുണ്ട്. ക്ലാസ്സുകള്‍ എല്ലാ കോളനികളിലും തുടങ്ങിയതായി പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് കക്കാട്ടില്‍ സുബൈദ അറിയിച്ചു.

പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം അടുത്തമാസം വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് നിര്‍വ്വഹിക്കും. കോളനികള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ഈ വിദ്യാഭ്യാസ പദ്ധതി കേരളത്തില്‍ ആദ്യത്തെതാണെന്ന് പദ്ധതി കോ ഓര്‍ഡിനേറ്റര്‍ നെല്ലിശ്ശേരി മൂസക്കുട്ടി പറഞ്ഞു.
-
അപാകം പരിശോധിക്കണം -കെ.പി.എസ്.ടി.യു.


പാലക്കാട്: അധ്യാപകരുടെ ക്ലസ്റ്റര്‍ പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് നല്‍കിയ പ്രതിഫലത്തിലെ അപാകം പരിശോധിക്കണമെന്ന് കേരള പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂണിയന്‍ (കെ.പി.എസ്.ടി.യു.) ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. കെ.പി.എസ്.ടി.യു. സംസ്ഥാനസെക്രട്ടറി എ. ഗോപിനാഥന്‍ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ബി. സുനില്‍കുമാര്‍ അധ്യക്ഷനായി. ജില്ലാപ്രസിഡന്റ് കെ. രാമനാഥന്‍, ആര്‍. രാധാകൃഷ്ണന്‍, എം. ശശികുമാര്‍, വി. സുകുമാരന്‍, എന്‍. അശോകന്‍, സി. ഹരിദാസ്, എന്‍. ജയപ്രകാശ്, വി. രാജീവ്, പി.എസ്. മുരളീധരന്‍, എ. ശശിധരന്‍, പ്രഭുല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

-
ഓണപ്പരീക്ഷ പ്രഹസനമാകും: കെഎസ്ടിഎ


പിറവം: ചോദ്യപേപ്പര്‍ പോലും തയ്യാറാക്കാതെ അവ്യക്തത നിലനില്‍ക്കുന്ന ഓണപ്പരീക്ഷ പ്രഹസനമായി മാറുമെന്ന് കെഎസ്ടിഎ പിറവം ഉപജില്ലാ സമിതി യോഗം അഭിപ്രായപ്പെട്ടു.

പ്രതിദിന മൂല്യനിര്‍ണയവും മാസാന്ത്യമൂല്യനിര്‍ണയവുമായി വളരെ ശാസ്ത്രീയമായി നടന്നുവരുന്ന സംവിധാനങ്ങളെ തകിടം മറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി. യോഗത്തില്‍ ഉപജില്ലാ പ്രസിഡന്റ് ഷാജി ജോര്‍ജ് അധ്യക്ഷനായി. സെക്രട്ടറി ടി.സി. ചന്ദ്രന്‍, ഏലിയാസ് മാത്യു, വി.എസ്.സുരേന്ദ്രന്‍, എല്‍. മാഗി, കെ. ജയകുമാര്‍, സജോയ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

No comments: