Sunday, August 7, 2011

സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തില്‍ ചരിത്രം വളച്ചൊടിച്ചു-ഗുരുധര്‍മ്മ പ്രചാരണസഭ

 08 Aug 2011

വര്‍ക്കല: ഈ വര്‍ഷത്തെ പത്താംക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തില്‍ 'കേരളപ്പുതുമ' എന്ന പാഠത്തില്‍ ശ്രീനാരായണ ഗുരുദേവനെ ചട്ടമ്പിസ്വാമികളുടേയും വൈകുണ്ഠസ്വാമികളുടേയും അനുകര്‍ത്താവായി ചിത്രീകരിക്കുന്ന ഭാഗം നീക്കം ചെയ്യണമെന്ന് ശിവഗിരിമഠത്തില്‍ കൂടിയ ഗുരുധര്‍മ്മ പ്രചാരണസഭ കേന്ദ്രസമിതി അംഗങ്ങളുടേയും ജില്ലാ ഭാരവാഹികളുടേയും യോഗം മുഖ്യമന്ത്രിയോടും വിദ്യാഭ്യാസ മന്ത്രിയോടും ആവശ്യപ്പെടാന്‍ തീരുമാനിച്ചു. ഇത് ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ടുള്ള ദുര്‍വ്യാഖ്യാനമാണ്. ഇത് ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ മനസ്സില്‍ ശ്രീനാരായണ ഗുരുദേവനെക്കുറിച്ച് തെറ്റായ ധാരണകള്‍ പരത്താന്‍ ഇടയാക്കും. ഇതിനെക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ഗുരുധര്‍മ്മ പ്രചാരണസഭ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സ്വാമി സച്ചിദാനന്ദ, രജിസ്ട്രാര്‍ എം.വി. മനോഹരന്‍, വൈസ് പ്രസിഡന്റ് കൊടപ്പുള്ളി പുരുഷോത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
-
അണ്‍-എയ്ഡഡ് ഫീസ് നിയന്ത്രണം എടുത്തുകളഞ്ഞത് പ്രതിഷേധാര്‍ഹം - കെ.എസ്.ടി.എ.

തിരുവനന്തപുരം: അണ്‍ - എയ്ഡഡ് സ്‌കൂളൂകളിലെ ഫീസ് നിയന്ത്രണം എടുത്തുകളഞ്ഞത് കോര്‍പ്പറേറ്റുകള്‍ക്ക് പരവതാനി വിരിക്കാനാണെന്ന് കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. സി.ബി.എസ്.ഇ. സ്‌കൂളുകളിലും അണ്‍-എയ്ഡഡ് സ്‌കൂളുകളിലും മുന്‍ സര്‍ക്കാര്‍ ഫീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ബഹുരാഷ്ട്ര കമ്പനികള്‍ ആരംഭിക്കുന്ന സ്‌കൂളുകളില്‍ തങ്ങളുടെ ഇഷ്ടമനുസരിച്ച് ഫീസ് പിരിക്കാന്‍ അനുവദിക്കുക വഴി സ്‌കൂള്‍ മേഖലയിലും വിദ്യാഭ്യാസ കച്ചവടത്തിനുള്ള വഴി തുറന്നുകൊടുത്തിരിക്കുകയാണ്. ഡല്‍ഹിയിലും മറ്റും നിലവിലുള്ള പതിനായിരത്തിലധികം രൂപ പ്രതിമാസ ഫീസ് നല്‍കുന്ന രീതി ഇതോടെ കേരളത്തിലും നിലവില്‍ വരുമെന്നും കെ.എസ്.ടി.എ. ജനറല്‍ സെക്രട്ടറി എം.ഷാജഹാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

വെച്ചൂര്‍ ഗവ. ഹൈസ്‌കൂളില്‍ അയല്‍പക്ക പഠനകേന്ദ്രം തുടങ്ങിവൈക്കം: വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കാന്‍ വെച്ചൂര്‍ ഗവ. ഹൈസ്‌കൂളില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നടപ്പാക്കുന്ന അയല്‍പക്ക പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ. ആര്‍. ചന്ദ്രമോഹന്‍ നിര്‍വ്വഹിച്ചു.

പ്രഥമാധ്യാപിക എം.കെ. വത്സല അദ്ധ്യക്ഷയായിരുന്നു. താലൂക്ക് ലൈബ്രറി കമ്മിറ്റി ജോയിന്റ് സെക്രട്ടറി കെ.സി. കുമാരന്‍, സെക്രട്ടറി വി.കെ. സുകുമാരന്‍, ബി.എം. ബാഷി, പി.ടി.എ. പ്രസിഡന്റ് വി.എം. ഷാജി, വി.ഡി. രമണന്‍, തലയാഴം ഗ്രാമപ്പഞ്ചായത്തംഗം ഭൈമി വിജയന്‍, ഡി. രമേശന്‍, കെ.എസ്. വിജയകുമാര്‍, വി.എസ്. ശശിധരന്‍, കെ.ജി. ശിവമണി എന്നിവര്‍ പ്രസംഗിച്ചു.
ഓണപ്പരീക്ഷ പുനഃസ്ഥാപനം സ്വാഗതാര്‍ഹം-കെ.എസ്.ടി.എഫ്. 08 Aug 2011
മാനന്തവാടി: എല്‍.ഡി.എഫ്. സര്‍ക്കാര്‍ നിര്‍ത്തലാക്കിയ ഓണപ്പരീക്ഷ പുനഃസ്ഥാപിച്ച സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

വിദ്യാര്‍ഥികളോടും അധ്യാപകരോടും രക്ഷിതാക്കളോടുമുള്ള നീതിപൂര്‍വകമായ സമീപനമാണിത്. വര്‍ഷങ്ങളായി നിയമനാംഗീകാരം കാത്തുനില്‍ക്കുന്ന അധ്യാപകര്‍ക്ക് ഓണത്തിനുമുമ്പുതന്നെ അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കേന്ദ്ര വിദ്യാഭ്യാസ നിയമം കേരളത്തില്‍ നടപ്പാവുന്നതോടെ കേന്ദ്രപാരിറ്റിയും ഏകീകൃത സിലബസും എന്ന സംഘടനയുടെ ആവശ്യവും അംഗീകരിക്കണം.

ജില്ലാ പ്രസിഡന്റ് ടോമി ഇലവുങ്കല്‍ അധ്യക്ഷത വഹിച്ചു.

No comments: