കാസര്‍കോട്: ഐടി അറ്റ് സ്കൂള്‍ പ്രോജക്ട് അവധിക്കാലത്ത് കുട്ടികള്‍ക്കായി സൗജന്യ സിനിമാ നിര്‍മാണ പരിശീലനം നല്‍കും. 47 കേന്ദ്രങ്ങളിലായി 1250 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ആനിമേഷന്‍ സിനിമാ നിര്‍മാണത്തില്‍ പരിശീലനം ലഭിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ , സ്കൂള്‍ ഐടി കോ- ഓര്‍ഡിനേറ്റര്‍മാര്‍ , ചിത്രകലാ അധ്യാപകര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. 5, 6, 7, 17 തീയതികളിലായാണ് പരിശീലനം. കാര്‍ട്ടൂണ്‍ സിനിമ നിര്‍മിക്കുന്നതിനുള്ള കഥ കണ്ടെത്തല്‍ , തിരക്കഥ രൂപപ്പെടുത്തല്‍ , സ്റ്റോറി ബോര്‍ഡ് തയ്യാറാക്കല്‍ , കഥാപാത്രങ്ങളെ വരച്ച് തിരക്കഥക്കനുസരിച്ച് ഓരോ സീനിലും അവക്ക് ചലനം നല്‍കി സിനിമയാക്കുക, കഥാപാത്രങ്ങള്‍ക്ക് ശബ്ദവും പശ്ചാത്തല സംഗീതവും നല്‍കി മോടിപിടിപ്പിക്കുക, സിനിമയുടെ ടൈറ്റിലുകള്‍ രൂപപ്പെടുത്തുക എന്നിവയില്‍ പരിശീലനം നല്‍കും. സ്വതന്ത്ര സോഫ്റ്റ്വെയറുകളായ കെ- ടൂണ്‍ , ജിമ്പ്, ഒഡാസിറ്റി, ഓപ്പണ്‍ ഷോട്ട് വീഡിയോ എഡിറ്റര്‍ എന്നിവയാണ് പരിശീലനത്തിന് ഉപയോഗിക്കുന്നത്. പരിശീലനത്തിന് ശേഷം കുട്ടികള്‍ നിര്‍മിച്ച കാര്‍ട്ടൂണ്‍ സിനിമകളുടെ പ്രദര്‍ശനം നടക്കും. ആനിമേഷന്‍ സിനിമാ രംഗത്തെ പ്രഗത്ഭര്‍ പരിശീലന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് നിര്‍ദേശം നല്‍കും. പരിശീലകരായി തെരഞ്ഞെടുത്തിട്ടുള്ള അധ്യാപകര്‍ക്കുള്ള ശില്‍പശാല മൂന്നിന് രാവിലെ പത്തിന് ഐടി അറ്റ് സ്കൂള്‍ ജില്ലാ ഓഫീസില്‍ ചേരും.
നാട്ടുപൂക്കളുടെ സമൃദ്ധിയില്‍ നടക്കാവ് എച്ച്എസ്എസില്‍ "പൂക്കാലം
കോഴിക്കോട്: മുറ്റത്ത് നാട്ടുപൂക്കള്‍ നിറഞ്ഞപ്പോള്‍ കുട്ടികളുടെ മുഖത്ത് വിരിഞ്ഞത് നൂറുപൂക്കള്‍ . തോട്ടുവക്കിലും പറമ്പിലുമായി കുട്ടികള്‍ കണ്ടെത്തിയത് 57 തരം നാട്ടുപൂക്കള്‍ . നടക്കാവ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് നാട്ടുപൂക്കള്‍ ശേഖരിച്ചത്. എട്ടു ക്ലാസുകള്‍ മത്സരത്തില്‍ പങ്കെടുത്തു. നങ്ങ്യാര്‍വട്ടം, കോളാമ്പി, അരളി, തുമ്പ, മുക്കുറ്റി, പാര്‍വതി പൂവ്, കൃഷ്ണകിരീടം, കാക്കപ്പൂവ്്, കാട്ടുചെത്തി തുടങ്ങി നാട്ടില്‍ വിരളമായി കാണുന്ന പൂക്കളുമായാണ് കുട്ടികള്‍ എത്തിയത്. അധ്യാപികമാരായ ഉഷാദേവി, റോസലിന്റ, രമണി എന്നിവരാണ് വിധി കര്‍ത്താക്കളായത്. പൂക്കളുടെ സമൃദ്ധി അവര്‍ക്കും അത്ഭുതമായി. വീട്ടിലെയും സമീപവീടുകളിലെയും പ്രായമായവരോട് ചോദിച്ചാണ് കുട്ടികള്‍ പല പൂക്കളുടെയും പേരുകള്‍ മനസ്സിലാക്കിയത്. ഒരുദിവസം മുമ്പ് മാത്രമാണ് നാട്ടുപൂക്കളുടെ മത്സരം നടത്തുന്നതായി അധ്യാപകര്‍ കുട്ടികളെ അറിയിച്ചത്. എന്നിട്ടുപോലും കുട്ടികള്‍ ഒരുക്കിയത് നല്ലൊരു "പൂക്കാലം". സ്കൂളിലെ എന്‍എസ്എസ് യൂണിറ്റാണ് "നാട്ടുപൂക്കളെ തേടി"യെന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. പി ടി എ പ്രസിഡന്റ് ടി പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
കോഴഞ്ചേരിക്ക് വേറിട്ട അനുഭവമായി മധുരോത്സവവും വര്‍ണവസന്തവും
Posted on: 03-Sep-2011 12:41 AM
സ്വന്തം ലേഖകന്‍ കോഴഞ്ചേരി: മധുരോത്സവവും വര്‍ണവസന്തവും കോഴഞ്ചേരി നഗരത്തിന് പുത്തന്‍ അനുഭവമായി. കോഴഞ്ചേരി സെന്റ് തോമസ് എച്ച്എസ്എസ് പിടിഎയും തിരുവിതാകൂര്‍ വികസന സമിതിയുംസംയുക്തമായി സംഘടിപ്പിച്ച വര്‍ണ്ണോത്സവം 2011 പ്രവര്‍ത്തന സവിശേഷത കൊണ്ട് വേറിട്ടതായി. കേരളത്തിന്റെ പാരമ്പര്യ രുചിക്കൂട്ടുകളെ സംഗമിപ്പിച്ച് സംഘടിപ്പിച്ച പായസമേളയില്‍ 12 ഇനങ്ങളുടെ നിര്‍മാണം, പ്രദര്‍ശനം, വിതരണം എന്നിവയായിരുന്നു മുഖ്യ ആകര്‍ഷണം. വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും വ്യത്യസ്ത ഇനം പായസങ്ങള്‍ ഉണ്ടാക്കുന്നത് പരിശീലിപ്പിക്കാനും മേളയിലൂടെ കഴിഞ്ഞു. മേള ചലച്ചിത്രതാരം ദേവി ചന്ദന ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂര്‍ വികസന സമിതി ചെയര്‍മാന്‍ പി എസ് നായര്‍ അധ്യക്ഷനായി. ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തി.
കഥകളികോപ്പുകളുടെയും ക്ലാസിക്കല്‍ കലകളുടെ വേഷവിധാനങ്ങളുടെയും പ്രദര്‍ശനം പ്രിന്‍സിപ്പല്‍ ജിജി ജോണ്‍സ് ഉദ്ഘാടനം ചെയ്തു.
സമാപനയോഗം ചലച്ചിത്ര സീരിയല്‍ നടന്‍ മനക്ഷ ഉദ്ഘാടനം ചെയ്തു. ഫോക്ലോര്‍ അക്കാദമി മുന്‍ചെയര്‍മാന്‍ സി ജെ കുട്ടപ്പന്‍ ഓണസന്ദേശം നല്‍കി.
. തുടര്‍ന്ന് കലാമണ്ഡലം വിദ്യാര്‍ഥിനി രേഷ്മ ഗോപിനാഥ്, എസ് ചിത്രരേഖ, നീരജ നരേന്ദ്രന്‍ എന്നിവര്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടിനൃത്തം എന്നിവയും തിരുവല്ല തായില്യം നാടന്‍ കലാസന്ധ്യയും അവതരിപ്പിച്ചു.
No comments:
Post a Comment