: 26-Sep-2011
ഇരവിപേരൂര്‍ : ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂള്‍ കലോത്സവവും കായികമേളയും ഫണ്ടില്ലാത്തതിനാല്‍ പ്രതിസന്ധിയിലായി. വിദ്യാര്‍ഥികളില്‍നിന്ന് ഫണ്ട് പിരിക്കുന്നത് തടഞ്ഞ് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. പകരം ഫണ്ട് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മറ്റ് തീരുമാനമൊന്നും പ്രഖ്യാപിച്ചിട്ടുമില്ല. ആഗസ്്ത് 24ലെ വിദ്യാഭ്യാസ ഡയറക്ടറുടെ സ്പോര്‍ട്സ് (1) 40450/11/നമ്പര്‍ സര്‍ക്കുലറും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മെയ് 26ലെ 124/11 നമ്പര്‍ ഉത്തരവും പ്രകാരമാണ് സ്കൂളുകളിലെ പണപ്പിരിവ് തടഞ്ഞത്. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിനാല്‍ അഞ്ചാംതരം മുതല്‍ എട്ടാം തരം വരെയുള്ള വിദ്യാര്‍ഥികളില്‍നിന്ന് സ്പെഷ്യല്‍ ഫീസ്, അത്ലറ്റിക് ഫീസ്, ഫെസ്റ്റിവല്‍ ഫീസ് എന്നിവയും എല്ലാവിധ കൂപ്പണ്‍ പിരിവുകളും നിര്‍ത്തിയതായാണ് ഉത്തരവ്. ഒക്ടോബര്‍ 15നുമുമ്പ് സ്കൂള്‍ തലത്തിലും നവംബര്‍ 30നു മുമ്പ് ഉപജില്ലാ തലത്തിലും ഡിസംബര്‍ 31നു മുമ്പ് ജില്ലാ തലത്തിലും കലാമത്സരങ്ങള്‍ നടത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് കലണ്ടറില്‍ പറയുന്നുണ്ട്. വിവിധ തലങ്ങളിലെ മത്സര നടത്തിപ്പിന് ഈ മാസംതന്നെ സംഘാടകസമിതിയും സബ്കമ്മിറ്റികളും പ്രവര്‍ത്തനം ആരംഭിക്കേണ്ടതായിരുന്നു. ഇത്തവണ മേളയുടെ ആലോചനായോഗം പോലും നടത്താന്‍ ഭൂരിപക്ഷം ഉപജില്ലകളിലും കഴിഞ്ഞിട്ടില്ല. ആലോചന നടന്ന ചില സ്ഥലങ്ങളില്‍ അധ്യാപകര്‍ പണം മുന്‍കൂര്‍ നല്‍കി മേള നടത്തണമെന്നാണ് ഓഫീസര്‍മാര്‍ നിര്‍ദേശിച്ചത്. പണം തിരികെ കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാല്‍ അതിന് അധ്യാപകര്‍ തയാറല്ല. കലാ കായികമേളകള്‍ക്ക് ആവശ്യമായ ഫണ്ട് അഞ്ചാം തരംമുതലുള്ള വിദ്യാര്‍ഥികളില്‍നിന്ന് ഫെസ്റ്റിവല്‍ ഫീസ്, അത്ലറ്റിക് ഫീസ് എന്നീ ഇനങ്ങളില്‍ ജൂണ്‍മാസം സ്പെഷ്യല്‍ ഫീസിനൊപ്പം സമാഹരിക്കുകയാണ് പതിവ്. ഈ ഫണ്ടില്‍നിന്ന് കുറഞ്ഞത് 10,000 രൂപ വീതം ഉപജില്ലകള്‍ക്കും ഒരുലക്ഷം രൂപ വീതം ജില്ലകള്‍ക്കും മത്സര നടത്തിപ്പിനായി വിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കും. ഇത്തരത്തില്‍ കായികമേളയ്ക്കും ശാസ്ത്ര-പ്രവൃത്തിപരിചയ മേളകള്‍ക്കും വിഹിതം അനുവദിക്കും. ഉപജില്ലകളില്‍ ഒരുലക്ഷം രൂപയും ജില്ലകളില്‍ എട്ടുലക്ഷം രൂപയും കലോത്സവങ്ങള്‍ക്കു മാത്രം ചെലവാകുമെന്ന് മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഹയര്‍ സെക്കന്‍ഡറിവരെ സൗജന്യ വിദ്യാഭ്യാസത്തിന് ജസ്റ്റിസ് കൃഷ്ണയ്യര്‍ കമ്മീഷന്‍ ശുപാര്‍ശ
കൊച്ചി: ഹയര്‍ സെക്കന്‍ഡറിതലംവരെയുള്ള വിദ്യാഭ്യാസം സൗജന്യമായിരിക്കണമെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ കമ്മീഷന്‍ സര്‍ക്കാരിന് ശുപാര്‍ശനല്‍കി. കുട്ടികളുടെയും സ്ത്രീകളുടെയും ക്ഷേമം സംരക്ഷിക്കുന്നതിനുള്ള ശുപാര്‍ശയാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ മുന്നോട്ടുവച്ചത്. കഴിഞ്ഞദിവസം കൊച്ചിയില്‍ വച്ച് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു.
പ്രസ്തുതതലംവരെ വിദ്യാഭ്യാസം നിര്‍ബന്ധമാക്കുകയും വേണം. ഈ ലക്ഷ്യം നിറവേറ്റുന്നതിനായി കൂടുതല്‍ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ വേണം. ഈ അധ്യയനവര്‍ഷത്തില്‍ 200 പ്രവൃത്തിദിനങ്ങളെങ്കിലും വേണം. അനൗപചാരിക വിദ്യാഭ്യാസത്തിന്കൂടി പ്രാമുഖ്യം നല്‍കണം. സ്‌കൂളുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുകൂടി പങ്കാളിത്തം വേണം. സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന സ്‌കൂളുകള്‍ക്ക് ഉണ്ടാകുന്ന സാമ്പത്തിക ചെലവുകള്‍ സര്‍ക്കാര്‍ തിരിച്ചുനല്‍കണം. സ്‌കൂള്‍പ്രവേശനത്തിനായി സംഭാവന ഈടാക്കരുത്. സ്‌കൂളുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് സര്‍ക്കാരിന് ചട്ടങ്ങള്‍ രൂപവത്കരിക്കാവുന്നതാണ്.
പൂച്ചെടി-വിത്ത ് പ്രദര്‍ശനം
തലപ്പുഴ: തലപ്പുഴ ഗവ. യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍ ഒരുക്കുന്ന "ഉദ്യാനത്തില്‍ ഒരു വിദ്യാലയം" പരിപാടിക്ക് ശേഖരിച്ച ചെടികളുടെയും വിത്തുകളുടെയും പ്രദര്‍ശനം സംഘടിപ്പിച്ചു. "ഊഴം കാക്കുന്നവര്‍" എന്ന പേരിട്ട പ്രദര്‍ശനം തലപ്പുഴ കെഎസ്ഇബി സബ് എന്‍ജിനീയര്‍ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എം എസ് വിഷ്ണു സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ , ഗിരീഷ്കട്ടക്കളം, ഹെഡ്മാസ്റ്റര്‍ സി വി മാധവന്‍ , സ്റ്റാഫ് സെക്രട്ടറി കെ ജെ മോളി എന്നിവര്‍ സംസാരിച്ചു. തീമാറ്റിക് ഫ്ളോര്‍ അക്വേറിയം തവളയുടെ സ്റ്റില്‍മോഡല്‍ , കുട്ടികള്‍ പേരിട്ട പന്ത്രണ്ടോളം ചെടിചേമ്പുകള്‍ എന്നിവ പ്രദര്‍ശനത്തിലുണ്ടായിരുന്നു. പ്ലാസ്റ്റിക് ഉപയോഗിക്കാതെ പ്രത്യേക രീതിയില്‍ വേര് പിടിപ്പെിച്ചെടുത്ത പൂച്ചെടികള്‍ , 4000 ഡ്രൈലില്ലി വിത്തുകള്‍ , 1600 ചേമ്പ് വിത്തുകള്‍ എന്നിവ മുഖ്യ ഇനങ്ങളായിരുന്നു. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന പരിശ്രമത്തിന്റെ ഫലമായാണ് പ്രദര്‍ശനം ഒരുക്കിയത്.
No comments:
Post a Comment